റെയില്‍വേ സ്റ്റേഷനില്‍ വെച്ച് കൈക്കൂലി വാങ്ങി; കെഎസ്ഇബി ഉദ്യോഗസ്ഥയെ കൈയോടെ പൊക്കി വിജിലന്‍സ്

റെയില്‍വേ സ്റ്റേഷനില്‍ വെച്ച് കൈക്കൂലി വാങ്ങി; കെഎസ്ഇബി ഉദ്യോഗസ്ഥയെ കൈയോടെ പൊക്കി വിജിലന്‍സ്

കണ്ണൂര്‍: തലശേരി റെയില്‍വെ സ്റ്റേഷനില്‍ കൈക്കൂലി വാങ്ങുന്നതിനിടെ കെഎസ്ഇബി ഉദ്യോഗസ്ഥ വിജിലന്‍സിന്റെ പിടിയിലായി. തിരുവനന്തപുരം ഇലക്ട്രിക്കല്‍ ഇന്‍സ്‌പെക്ടറേറ്റ് ജീവനക്കാരി ചെണ്ടയാട് സ്വദേശിനി മഞ്ജിമ പി രാജുവാണ് പിടിയിലായത്. പറശ്ശിനിക്കടവ് സ്വദേശിയുടെ പരാതിയെ തുടര്‍ന്നായിരുന്നു അറസ്റ്റ്.

തലശ്ശേരി റെയില്‍വേ സ്റ്റേഷനില്‍ വെച്ച് 6000 രൂപ കൈക്കൂലിയായി വാങ്ങുന്നതിനിടെയിലാണ് ഇവരെ വിജിലന്‍സ് പിടികൂടിയത്. പരാതിക്കാരന്‍ ലൈസന്‍സിനായി ഓണ്‍ലൈനായി നല്‍കിയ അപേക്ഷയില്‍ ഫയല്‍ വേഗത്തില്‍ നീക്കാന്‍ ഇവര്‍ കൈക്കൂലി ആവശ്യപ്പെടുകയായിരുന്നുവെന്നാണ് പരാതിയില്‍ പറയുന്നത്.

പരാതിക്കാരന്‍ വിജിലന്‍സിനെ സമീപിച്ചതിനെ തുടര്‍ന്ന് വിജിലന്‍സ് നല്‍കിയ നിര്‍ദ്ദേശത്തിന്റെ അടിസ്ഥാനത്തില്‍ നാഫ്തലിന്‍ പുരട്ടിയ കറന്‍സികള്‍ കൈക്കൂലിയായി കൈമാറുന്നതിനിടെയാണ് ഉദ്യോഗസ്ഥയെ കയ്യോടെ പിടികൂടിയത്. തിരുവനന്തപുരത്ത് നിന്നും ക്രിസ്മസ് അവധിക്ക് വീട്ടിലെത്താന്‍ ട്രെയിന്‍ യാത്ര കഴിഞ്ഞ് വരികയായിരുന്നു കെഎസ്ഇബി ഉദ്യോഗസ്ഥ.

തലശേരി റെയില്‍വെ സ്റ്റേഷനില്‍ ബുധനാഴ്ച്ച രാവിലെ ട്രെയിനിറങ്ങിയ ഇവര്‍ പറശിനി കടവ് സ്വദേശിയോട് കൈക്കൂലി തുകയുമായി സ്റ്റേഷനില്‍ എത്താന്‍ ആവശ്യപ്പെടുകയായിരുന്നു. ഇവരുടെ ഫോണ്‍ കോളുകളും വിജിലന്‍സ് ശേഖരിച്ചിട്ടുണ്ട്. നിയമ നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം ഇവരെ കോടതിയില്‍ ഹാജരാക്കും.

അമ്മത്തൊട്ടിലില്‍ ഒരാണ്‍കുഞ്ഞ് കൂടി

അമ്മത്തൊട്ടിലില്‍ ഒരാണ്‍കുഞ്ഞ് കൂടി

തിരുവനന്തപുരം: തിരുവനന്തപുരത്തെ സംസ്ഥാന ശിശുക്ഷേമ സമിതിയുടെ അമ്മത്തൊട്ടിലില്‍ ഒരു കുഞ്ഞ് കൂടി. അഞ്ചു ദിവസം പ്രായമുള്ള ആണ്‍കുട്ടിയാണ് ഞായറാഴ്ച രാത്രി 9.40ന് അമ്മത്തൊട്ടിലില്‍ എത്തിയത്. തണുപ്പേല്‍ക്കാതിരിക്കാന്‍ കമ്പിളി ചുറ്റി സുരക്ഷിതനാക്കിയ നിലയിലായിരുന്നു കുഞ്ഞ് ഉണ്ടായിരുന്നത്.

തിരുപ്പിറവിയുടെ ആഘോഷമായ ക്രിസ്മസ് രാവുകളിലൊന്നില്‍ ലഭിച്ച പുതിയ അതിഥിയ്ക്ക് ലിയോ എന്ന് പേരിട്ടതായി സംസ്ഥാന ശിശുക്ഷേമ സമിതി ജനറല്‍ സെക്രട്ടറി അഡ്വ. ജി എല്‍ അരുണ്‍ ഗോപി വാര്‍ത്താകുറിപ്പില്‍ അറിയിച്ചു. 3.245 കിഗ്രാം ഭാരമാണ് കുഞ്ഞിനുണ്ടായിരുന്നത്. ദത്തെടുക്കല്‍ കേന്ദ്രത്തിലെ ജീവനക്കാര്‍ കുട്ടിയെ ശിശുപരിചരണ കേന്ദ്രത്തിലെത്തിച്ച് പ്രാഥമിക പരിശോധനകള്‍ നടത്തിയതിനുശേഷം തൈക്കാട് സര്‍ക്കാര്‍ കുട്ടികളുടെയും സ്ത്രീകളുടെയും ആശുപത്രിയില്‍ എത്തിച്ചു. ഡോക്ടര്‍മാരുടെ പരിശോധനയില്‍ പൂര്‍ണ്ണ ആരോഗ്യവാനാണ് ലിയോ.

കുട്ടിയുടെ ദത്തെടുക്കല്‍ നടപടികള്‍ ആരംഭിക്കേണ്ടതിനാല്‍ അവകാശികള്‍ ആരെങ്കിലും ഉണ്ടെങ്കില്‍ സമിതിയുമായി അടിയന്തിരമായി ബന്ധപ്പെടണമെന്ന് സമിതി ജനറല്‍ സെക്രട്ടറി അറിയിച്ചു. ഒക്ടോബര്‍ നവംബര്‍ ഡിസംബര്‍ മാസങ്ങളിലായി തിരുവനന്തപുരത്ത് 10 കുട്ടികളെയാണ് ലഭിച്ചത്. ഇതില്‍ ആറ് ആണ്‍കുട്ടികളും നാല് പെണ്‍കുട്ടികളും ഉള്‍പ്പെടുന്നു.

ഋഗ്വേദും മരണത്തിനു കീഴടങ്ങി, നാടിന് നോവായി നിവേദയും മക്കളും

ഋഗ്വേദും മരണത്തിനു കീഴടങ്ങി, നാടിന് നോവായി നിവേദയും മക്കളും

കണ്ണൂര്‍: എടയന്നൂരില്‍ വാഹനാപകടത്തില്‍ പരിക്കേറ്റ പതിനൊന്നുകാരനും മരിച്ചു. മട്ടന്നൂര്‍ – ചാലോട് റോഡിലെ എടയന്നൂര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന് മുന്‍പിലുണ്ടായ ദാരുണമായ വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഋഗ്വേദും (11) മരിച്ചത്. ചൊവ്വാഴ്ച ഉച്ചയ്ക്ക് രണ്ടരയോടെ ഉണ്ടായ അപകടത്തില്‍ ഋഗ്വേദിന്റെ അമ്മ നെല്ലൂന്നി ലോട്ടസ് ഗാര്‍ഡനില്‍ നിവേദ (46), അനുജന്‍ സാത്വിക് (9) എന്നിവര്‍ ചികിത്സയിലിരിക്കെ ചൊവ്വാഴ്ച്ച ഉച്ചയ്ക്ക് മരണമടഞ്ഞിരുന്നു. ചൊവ്വാഴ്ച്ച രാത്രി 9.45ഓടെ ചാല മിംസ് ആശുപത്രിയില്‍ വെച്ചായിരുന്നു ഋഗ്വേദിന്റെ അന്ത്യം.

കുറ്റിയാട്ടൂര്‍ മുച്ചിലോട്ട് കാവില്‍ തെയ്യം കണ്ട് മടങ്ങുകയായിരുന്ന നിവേദയും മക്കളും സഞ്ചരിച്ച സ്‌കൂട്ടറില്‍ എതിര്‍ദിശയില്‍ നിന്നെത്തിയ കാര്‍ നിയന്ത്രണം വിട്ട് ഇടിച്ചായിരുന്നു അപകടം ഉണ്ടായത്. മൃതദേഹങ്ങള്‍ പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ക്ക് ശേഷം ഇന്ന് നെല്ലൂന്നി ഗ്രാമദീപം വായനശാല പരിസരത്തും തുടര്‍ന്ന് വീട്ടിലും പൊതുദര്‍ശനത്തിന് വെക്കും. ഉച്ചയ്ക്ക് ശേഷം 2.30ഓടെ മട്ടന്നൂര്‍ പൊറോറ നിദ്രാലയത്തില്‍ ‘ മൂവരുടെയും മൃതദേഹങ്ങള്‍ സംസ്‌കരിക്കും.

കൂടപ്പിറപ്പിനെ പോലെ അവസാനം വരെ കൂടെ നിന്നവർ; ഡ്രൈവർക്ക് വീട് സമ്മാനിച്ച ശ്രീനിവാസൻ

കൂടപ്പിറപ്പിനെ പോലെ അവസാനം വരെ കൂടെ നിന്നവർ; ഡ്രൈവർക്ക് വീട് സമ്മാനിച്ച ശ്രീനിവാസൻ

തന്റെ കൂടെ നിൽക്കുന്നവരെയെല്ലാം സ്നേഹത്തോടെ ചേർത്ത് നിർത്തുന്ന നല്ല മനസിന് ഉടമ കൂടിയായിരുന്നു നടൻ ശ്രീനിവാസൻ. പലപ്പോഴും നമ്മൾ അത് വിഡിയോകളിലൂടെയും ചിത്രങ്ങളിലൂടെയുമൊക്കെ കണ്ടറിഞ്ഞിട്ടുമുണ്ട്. അവസാന നിമിഷം വരെ ഒരു കൂടപ്പിറപ്പിനെപ്പോലെ ശ്രീനിവാസന്റെ കൂടെ നിന്ന ഡ്രൈവർ ഷിനോജും കർഷകനായ മനു ഫിലിപ്പ് തുകലനുമാണിപ്പോൾ മലയാളികളുടെ ഹൃദയം കീഴടക്കുന്നത്.

അതോടൊപ്പം ശ്രീനിവാസൻ എന്ന കറകളഞ്ഞ മനുഷ്യ സ്നേഹിയെ കൂടിയാണ് മലയാളികൾ ചർച്ചയാക്കുന്നത്. കഴിഞ്ഞ 17 വർഷമായി ശ്രീനിവാസനൊപ്പം കൂടെ നിന്ന ആളാണ് ഡ്രൈവർ ഷിനോജ്. വെറുമൊരു ഡ്രൈവർ എന്നതിനപ്പുറം അദ്ദേ​ഹത്തിന്റെ കുടുംബത്തിലെ ഒരംഗമായിരുന്നു ഷിനോജ്. രാപ്പകലില്ലാതെ തന്റെ കൂടെ നിൽക്കുന്ന ഷിനോജിന് കഴിഞ്ഞ വിഷുവിന് കൈനീട്ടമായി ശ്രീനിവാസൻ നൽകിയത് വീട് തന്നെയായിരുന്നു.

വീട് വേണ്ടെന്നു പറഞ്ഞ് മാറി നടന്ന ഷിനോജിനെ വിനീത് ഇടപെട്ടാണ് സമ്മതിപ്പിച്ചത്. അതുവരെ ശ്രീനിവാസന്റെ വീടിനോടു ചേർന്നുള്ള ഔട്ട് ഹൗസിലായിരുന്നു ഷിനോജിന്റെ താമസം. തന്റെ ആരോ​ഗ്യപ്രശ്നങ്ങളെപ്പോലും അവ​ഗണിച്ചുകൊണ്ടാണ് ശ്രീനിവാസൻ ഷിനോജിന്റെ ഗൃഹപ്രവേശന ചടങ്ങിനെത്തിയത്. ശ്രീനിവാസന്റെ ഭാര്യ വിമലയാണ് ഗൃഹപ്രവേശന ചടങ്ങുകൾക്ക് നേതൃത്വം നൽകിയത്.

ഇഷ്ടമുള്ള സ്ഥലം കണ്ടെത്താൻ ശ്രീനിവാസൻ നിർബന്ധിച്ചതനുസരിച്ചാണ് കണ്ടനാട് ഭൂമി തരപ്പെടുത്തിയതെന്ന് ഷിനോജ് ​ഗൃഹപ്രവേശന ചടങ്ങിൽ പറഞ്ഞിരുന്നു. കണ്ടനാട് വീട് വാങ്ങിയ സമയത്തായിരുന്നു അയൽവാസിയായ മനു ഫിലിപ്പിനെ ശ്രീനിവാസൻ പരിചയപ്പെടുന്നത്. ജൈവ കൃഷിയിലുള്ള മനുവിന്റെ താല്പര്യമാണ് ശ്രീനിവാസനെ ആകർഷിച്ചത്. പിന്നീട് ശ്രീനിവാസന്റെ കൃഷിയിലെ ഉപദേശകനും കൂട്ടായും മനു മാറി. രണ്ടേക്കറിൽ തുടങ്ങിയ ജൈവ കൃഷി 102 ഏക്കറിലേക്ക് വളർന്നതിന് പിന്നിൽ ശ്രീനിവാസനും മനുവും തമ്മിലുള്ള ആത്മബന്ധം കൂടിയായിരുന്നു. ഒടുവിൽ മരിക്കുന്നതിന്റെ അന്ന് രാവിലെ ഡയാലിസിസിനായി സ്വകാര്യ ആശുപത്രിയിലേക്ക് പോകുമ്പോഴും തന്റെ വലംകൈയ്യും ഇടംകൈയ്യുമായ ഷിനോജും മനുവും ശ്രീനിവാസനൊപ്പമുണ്ടായിരുന്നു.

കരുത്തുകാട്ടി ബാഹുബലി, അമേരിക്കന്‍ ഉപഗ്രഹം വിജയകരമായി ഭ്രമണപഥത്തില്‍; വഹിച്ചത് ഏറ്റവും ഭാരമേറിയ പേലോഡ്

കരുത്തുകാട്ടി ബാഹുബലി, അമേരിക്കന്‍ ഉപഗ്രഹം വിജയകരമായി ഭ്രമണപഥത്തില്‍; വഹിച്ചത് ഏറ്റവും ഭാരമേറിയ പേലോഡ്

ന്യൂഡല്‍ഹി: ഇന്ത്യയുടെ കരുത്തുറ്റ ‘ബാഹുബലി’ റോക്കറ്റ് ചരിത്രം സൃഷ്ടിച്ചു. ഐഎസ്ആര്‍ഒയുടെ ഹെവിവെയ്റ്റ് ചാമ്പ്യനായ ലോഞ്ച് വെഹിക്കിള്‍ മാര്‍ക്ക്-3 (എല്‍വിഎം3) യുഎസ് ഇന്നൊവേറ്ററായ എഎസ്ടി സ്പേസ് മൊബൈലിന്റെ പുതുതലമുറ ആശയവിനിമയ ഉപഗ്രഹമായ ബ്ലൂബേര്‍ഡ് ആറിനെ വിജയകരമായി ഭ്രമണപഥത്തില്‍ എത്തിച്ചതായി ഐഎസ്ആര്‍ഒ അറിയിച്ചു. എല്‍വിഎം 3 എം ആര്‍ എന്ന പേരിലായിരുന്നു ദൗത്യം.

എല്‍വിഎം3യുടെ എട്ടാമത്തെ വിജയകരമായ ദൗത്യമാണ് ഇത്. ബഹിരാകാശത്ത് നിന്ന് സ്മാര്‍ട്ട്ഫോണുകളിലേക്ക് നേരിട്ട് ബ്രോഡ്ബാന്‍ഡ് കണക്ടിവിറ്റി ലഭ്യമാക്കാന്‍ ലക്ഷ്യമിട്ടുള്ളതായിരുന്നു വിക്ഷേപണം. ഇന്ത്യന്‍ സമയം രാവിലെ 8.54 ന് ശ്രീഹരിക്കോട്ടയിലെ രണ്ടാം വിക്ഷേപണ തറയായ സതീഷ് ധവാന്‍ സ്പേസ് സെന്ററില്‍ നിന്നുമാണ് റോക്കറ്റ് കുതിച്ചുയര്‍ന്നത്. ബ്ലൂബേര്‍ഡ് 6 ന് ഏകദേശം 6,100 കിലോഗ്രാം ഭാരമുണ്ട്. ഒരു ഇന്ത്യന്‍ റോക്കറ്റ് ഇതുവരെ വിക്ഷേപിച്ചതില്‍ വച്ച് ഏറ്റവും ഭാരമേറിയ പേലോഡാണിത്. ഐഎസ്ആര്‍ഒയുടെ റോക്കറ്റ് വിക്ഷേപിക്കുന്ന ഏറ്റവും ഭാരമേറിയ ഉപഗ്രഹമാണിതെന്നും ഐഎസ്ആര്‍ഒ ചെയര്‍മാന്‍ വി നാരായണന്‍ പറഞ്ഞു. 43.5 മീറ്റര്‍ ഉയരവും 640 ടണ്‍ ഭാരവുമുള്ള എല്‍വിഎം3 (ബാഹുബലി) ഇന്ത്യയിലെ ഏറ്റവും ശക്തമായ റോക്കറ്റാണ്.

2023 ലെ ചരിത്രപ്രസിദ്ധമായ ചന്ദ്രയാന്‍-3 ദൗത്യം ഉള്‍പ്പെടെ എല്‍വിഎം3ന്റെ ഇതിന് മുന്‍പുള്ള ഏഴ് ദൗത്യങ്ങളും വിജയകരമായിരുന്നു. സ്റ്റാര്‍ലിങ്ക് അല്ലെങ്കില്‍ വണ്‍വെബില്‍ നിന്ന് വ്യത്യസ്തമായി, എഎസ്ടി സ്പേസ്മൊബൈലിന്റെ സാങ്കേതികവിദ്യ ദൈനംദിന സ്മാര്‍ട്ട്‌ഫോണുകളുമായി നേരിട്ട് ബന്ധിപ്പിക്കുന്നു. പ്രത്യേക ടെര്‍മിനലുകളുടെയോ ഗ്രൗണ്ട് സ്റ്റേഷനുകളുടെയോ ആവശ്യകത ഇല്ലാതെ കണക്ടിവിറ്റി സാധ്യമാക്കുന്ന സാങ്കേതികവിദ്യയാണ് ഉപയോഗിച്ചിരിക്കുന്നത്.