by Midhun HP News | Nov 8, 2025 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: സംസ്ഥാന സ്‌കൂള്‍ ശാസ്‌ത്രോത്സവത്തിന്റെ ഉദ്ഘാടന ചടങ്ങില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയുമായി വേദി പങ്കിട്ടതിനെ ന്യായീകരിച്ച് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. രാഹുലിനെ തടയില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി തന്നെ പ്രഖ്യാപിച്ചിട്ടുണ്ടെന്നും അദ്ദേഹം ശിക്ഷിക്കപ്പെട്ട വ്യക്തിയല്ലെന്നും ശിവന്‍കുട്ടി പറഞ്ഞു. രാഹുല്‍ മാങ്കൂട്ടത്തിലുമായി ബന്ധപ്പെട്ട കേസില്‍ അന്വേഷണം നടക്കുന്നതേയുള്ളൂ എന്നും മന്ത്രി ചൂണ്ടിക്കാട്ടി. ഗര്‍ഭഛിദ്ര ആരോപണമടക്കം നേരിടുന്ന വ്യക്തിയായ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയുമായി വേദി പങ്കിട്ട സംഭവത്തില്‍ സാമൂഹിക മാധ്യമങ്ങളില്‍ അടക്കം ചര്‍ച്ച ഉയരുന്നതിനിടെയാണ് വിദ്യാഭ്യാസ മന്ത്രിയുടെ പ്രതികരണം.
വിദ്യാഭ്യാസമന്ത്രിക്ക് പുറമെ തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.ബി. രാജേഷും പങ്കെടുത്ത ചടങ്ങില്‍ ആയിരുന്നു സ്ഥലം എംഎല്‍എ ആയ രാഹുല്‍ മാങ്കൂട്ടത്തിലും പങ്കെടുത്തത്. ആരോപണം നേരിടുന്ന വ്യക്തിക്കൊപ്പം വേദി പങ്കിടില്ലെന്ന് പറഞ്ഞ് ബിജെപി കൗണ്‍സിലര്‍ ഇറങ്ങിപ്പോവുകയും ചെയ്തതോടെയാണ് വിഷയം ചൂടുള്ള ചര്‍ച്ചയായത്. പിന്നാലെയാണ് മന്ത്രിയുടെ വിശദീകരണം.
‘രാഹുല്‍ പാലക്കാട് എംഎല്‍എയാണ്. അയാളുടെ മണ്ഡലത്തില്‍ വച്ചാണ് പരിപാടി നടന്നത്. രാഹുലിനെ തടയില്ലെന്ന് പാര്‍ട്ടിയുടെ സംസ്ഥാന സെക്രട്ടറി തന്നെ പ്രഖ്യാപിച്ചതാണ്. അദ്ദേഹം ശിക്ഷിക്കപ്പെട്ട വ്യക്തിയല്ല, കേസ് അന്വേഷണം നടക്കുന്നതേയുള്ളൂ. അങ്ങനെയുള്ള വ്യക്തിയെ മാറ്റിനിര്‍ത്തുകയോ പരിപാടിയില്‍ പേര് വയ്ക്കാതിരിക്കുകയോ ചെയ്യുന്നത് ഞങ്ങളുടെ അന്തസ്സിന് നിരക്കുന്നതല്ല. രാഹുലിനെ വേണമെങ്കില്‍ പങ്കെടുപ്പിക്കാതിരിക്കാം. പക്ഷേ അങ്ങനെ ഒരു സാഹചര്യം സൃഷ്ടിക്കാന്‍ ആഗ്രഹിക്കുന്നില്ല. രാഷ്ട്രീയത്തില്‍ മാന്യത കാണിക്കുക എന്ന നിലപാടാണ് സ്വീകരിച്ചിരിക്കുന്നത്. ബിജെപി കൗണ്‍സിലര്‍ ഇറങ്ങിപ്പോയത് അവരുടെ പാര്‍ട്ടിയുടെ തീരുമാനം അനുസരിച്ചായിരിക്കും എന്നും മന്ത്രി പറഞ്ഞു.


by Midhun HP News | Nov 8, 2025 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: സംസ്ഥാനത്ത് ഓണ്‍ലൈന്‍ ടാക്‌സികള്‍ ഓടുന്നത് നിയമവിരുദ്ധമായെന്ന് മന്ത്രി കെ ബി ഗണേഷ് കുമാര്‍. കേന്ദ്ര നിയമം അനുസരിച്ച് സംസ്ഥാന സര്‍ക്കാര്‍ നയത്തിന് രൂപം നല്‍കിയിട്ടുണ്ട്. അനുവാദം വാങ്ങി ഓണ്‍ലൈന്‍ ടാക്‌സികള്‍ക്ക് പ്രവര്‍ത്തിക്കാം. അല്ലാത്തപക്ഷം പിടിക്കുമെന്നും മന്ത്രി മുന്നറിയിപ്പ് നല്‍കി. റാപിഡോ മാത്രമാണ് അപേക്ഷ നല്‍കിയിട്ടുള്ളതെന്നും മന്ത്രി പറഞ്ഞു.
ഓണ്‍ലൈന്‍ ടാക്‌സികള്‍ക്ക് നിയമപരമായി ഓടുന്നതിന് ഒരു തടസ്സവുമില്ല. എന്നാല്‍ ഇവിടെ ഇപ്പോള്‍ ഓടുന്നത് നിയമവിരുദ്ധമായിട്ടാണ്. ഓണ്‍ലൈന്‍ ടാക്‌സിയുമായി ബന്ധപ്പെട്ട കേന്ദ്ര നിയമം അനുസരിച്ച് സംസ്ഥാന സര്‍ക്കാര്‍ നയത്തിന് രൂപം നല്‍കിയിട്ടുണ്ട്. കോടതിയുടെ നിര്‍ദേശപ്രകാരമാണ് ഇതിന് രൂപം നല്‍കിയത്. ഈ നയം അനുസരിച്ച് ഊബര്‍, ഒല എന്നി കമ്പനികള്‍ സംസ്ഥാനത്ത് ഇതുവരെ രജിസ്റ്റര്‍ ചെയ്തിട്ടില്ല.
റാപിഡോ മാത്രമാണ് അപേക്ഷ നല്‍കിയിട്ടുള്ളത്. അപേക്ഷ സ്റ്റേറ്റ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റിയാണ് പരിശോധിക്കുന്നത്. സ്‌റ്റേറ്റ് ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ അധ്യക്ഷനായുള്ള സ്‌റ്റേറ്റ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി അടുത്ത ദിവസം യോഗം ചേര്‍ന്നിരുന്നു. ഇതുവരെ മറ്റാരും അപേക്ഷ നല്‍കിയിട്ടില്ല. റാപിഡോ മാത്രമാണ് അപേക്ഷ നല്‍കിയത്. നയം അനുസരിച്ച് ഇവര്‍ നല്‍കുന്ന അപേക്ഷയില്‍ എല്ലാ കാര്യങ്ങളും ഉണ്ടെങ്കില്‍ അനുമതി നല്‍കാന്‍ ഒരു തടസ്സവുമില്ലെന്നും മന്ത്രി അറിയിച്ചു.
ഊബറും ഒലയും നിയമവിരുദ്ധമാണ്. ഇനി അവരുടെ പ്രവര്‍ത്തനം തടയും. സംസ്ഥാനത്ത് നല്‍കേണ്ട ഒരു നികുതിയുണ്ട്. ഇത് കേന്ദ്രസര്‍ക്കാരാണ് നിശ്ചയിച്ചിരിക്കുന്നത്. ഇപ്പോള്‍ അവര്‍ അടയ്‌ക്കേണ്ട ഫീസ് കഴിഞ്ഞദിവസം കേന്ദ്രസര്‍ക്കാര്‍ പുതുക്കിയിരുന്നു. സ്റ്റേറ്റ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റിയുടെ അനുവാദം വാങ്ങി പ്രവര്‍ത്തിക്കാം. അനുവാദം വാങ്ങാതെ പ്രവര്‍ത്തിച്ചാല്‍ പിടികൂടുമെന്നും മന്ത്രി അറിയിച്ചു.


by Midhun HP News | Nov 8, 2025 | Latest News, കായികം
ബ്രിസ്ബെയ്ൻ: ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിലുള്ള അഞ്ചാമത്തേയും അവസാനത്തേയും ടി20 പോരാട്ടം അൽപ്പ സമയത്തിനുള്ളിൽ. ടോസ് നേടി ഓസ്ട്രേലിയ ആദ്യം ബൗൾ ചെയ്യാൻ തീരുമാനിച്ചു. കഴിഞ്ഞ കളിയിൽ നിന്നു ഒരു മാറ്റവുമായാണ് ഇന്ത്യ ഇറങ്ങുന്നത്. തിലക് വർമയ്ക്ക് പകരം ഇന്ത്യ റിങ്കു സിങിനെ ഉൾപ്പെടുത്തി.
ഇന്ത്യ ഇലവന്‍: സൂര്യകുമാര്‍ യാദവ് (ക്യാപ്റ്റന്‍), ശുഭ്മാന്‍ ഗില്‍, അഭിഷേക് ശര്‍മ, റിങ്കു സിങ്, സൂര്യകുമാര്‍ യാദവ്, ജിതേഷ് ശര്‍മ, ശിവം ദുബെ, അക്ഷര്‍ പട്ടേല്‍, വാഷിങ്ടന്‍ സുന്ദര്‍, ജസ്പ്രിത് ബുംറ, അര്‍ഷ്ദീപ് സിങ്, വരുണ്‍ ചക്രവര്‍ത്തി.
അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പരയില്‍ ഇന്ത്യ 2-1നു മുന്നിലാണ്. ഓസ്‌ട്രേലിയന്‍ മണ്ണില്‍ ഇതുവരെ ടി20 പരമ്പര തോറ്റിട്ടില്ലെന്ന റെക്കോര്‍ഡ് ഇന്ത്യക്കുണ്ട്. ഇക്കുറിയും പരമ്പര നഷ്ടമാകില്ലെന്നു ഉറപ്പിച്ചാണ് സൂര്യകുമാര്‍ യാദവും സംഘവും ഇറങ്ങുന്നത്. ഇന്നും ജയിച്ച് പരമ്പര 3-1 ഉറപ്പിക്കുകയാണ് ഇന്ത്യ ലക്ഷ്യമിടുന്നത്. തോറ്റാലും പരമ്പര 2-2 എന്ന നിലയില്‍ പങ്കിടാമെന്നതിനാല്‍ ആത്മവിശ്വാസത്തോടെയാണ് ഇന്ത്യ ഇറങ്ങുന്നത്.
ടി20 ലോകകപ്പിനു മുന്നോടിയായി ഇന്ത്യയുടെ കരുത്തും ദൗര്‍ബല്യങ്ങളും അറിയാനുള്ള അവസരമെന്ന നിലയിലാണ് ടീം ഈ പരമ്പരയെ നോക്കിക്കണ്ടത്. ഇന്ത്യയെ സംബന്ധിച്ചു മുന്‍നിര ബാറ്റിങിലെ ചില നേരിയ പോരായ്മകള്‍ പരിഹരിച്ചാല്‍ ശേഷിച്ച മേഖലകളെല്ലാം കുറ്റമറ്റതാക്കാന്‍ സാധിച്ചുവെന്ന സന്തോഷമുണ്ട്.
ജസ്പ്രിത് ബുംറ, അര്‍ഷ്ദീപ് സിങ്, ശിവം ദുബെ എന്നിവരടങ്ങിയ പേസ് നിര കരുത്തു കാണിക്കുന്നു. വരുണ്‍ ചക്രവര്‍ത്തി, അക്ഷര്‍ പട്ടേല്‍, വാഷിങ്ടന്‍ സുന്ദര്‍ എന്നിവരുള്‍പ്പെട്ട സ്പിന്‍ വിഭാഗവും മികവില്‍ നില്‍ക്കുന്നു. അക്ഷറും വാഷിങ്ടനും മികച്ച ഓള്‍ റൗണ്ടര്‍മാരാണെന്നു പരമ്പരയിലൂടെ അടിവരയിട്ടതും ഇന്ത്യക്ക് ഗുണകരമാണ്.
ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ്, തിലക് വര്‍മ എന്നിവര്‍ക്ക് വലിയ സ്‌കോറുകള്‍ നേടാന്‍ സാധിച്ചിട്ടില്ല എന്നതാണ് ഇന്ത്യയെ അലട്ടുന്ന പ്രധാന പ്രശ്‌നം. അതു പരിഹരിക്കാനുള്ള അവസരമാണ് ഇന്നത്തെ പോരാട്ടം. ഭയരഹിതനായി ബാറ്റ് വീശുന്ന തന്റെ ശൈലിയിലേക്കുള്ള മടങ്ങി വരവിന്റെ സൂചനകള്‍ സൂര്യകുമാര്‍ നല്‍കിയത് പ്രതീക്ഷയാണ്.


by Midhun HP News | Nov 8, 2025 | Latest News, ജില്ലാ വാർത്ത
വിതുര പേരയത്തുപാറ സ്വദേശി അമൽ കൃഷ്ണനാണ് മരിച്ചത്. ഇന്ന് അമലിന്‍റെ മകന്‍റെ ചോറൂണ് ദിവസമായിരുന്നു. സമീപത്തുള്ള ഗുരുമന്ദിരത്തിൽ വീട്ടുകാർ ചോറു കൊടുത്തുകൊണ്ടിരുന്ന സമയത്തായിരുന്നു ആത്മഹത്യ.
പേരയത്തുപാറയിൽ ലാംസിയ എന്ന് പേരുള്ള ടർഫ് സുഹൃത്തുക്കൾക്കൊപ്പം നടത്തിവരികയായിരുന്നു. ഈ ടർഫിനു സമീപത്തുള്ള പഴയ കെട്ടിടത്തിനകത്താണ് അമലിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. സമീപത്തു നിന്ന് ആത്മഹത്യാക്കുറിപ്പും കണ്ടെടുത്തു.
കടബാധ്യതയാണ് ആത്മഹത്യക്ക് കാരണമെന്നാണ് ആത്മഹത്യാക്കുറിപ്പിലുള്ളതെന്നാണ് വിവരം. ഇന്ന് രാവിലെ എട്ടരയോടെയാണ് സംഭവം. മകന്‍റെ ചോറൂണിന് അമൽ ഗുരുമന്ദിരത്തിൽ എത്താത്തതിനെതുടര്‍ന്ന് വീട്ടുകാര്‍ അന്വേഷിച്ചപ്പോഴാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ നഷ്ടമായിരുന്നു. ടര്‍ഫ് നടത്തുന്നതിലടക്കം അമലിന് ലക്ഷങ്ങളുടെ കടബാധ്യതയുണ്ടായിരുന്നുവെന്നാണ് വിവരം.


by Midhun HP News | Nov 8, 2025 | Latest News, ദേശീയ വാർത്ത
ഇന്ത്യൻ എയർഫോഴ്‌സ് (IAF) 2026-ലെ ആദ്യ ഘട്ട നിയമനത്തിനായുള്ള അപേക്ഷകൾ ക്ഷണിച്ചു. എയർ ഫോഴ്സ് കോമൺ അഡ്മിഷൻ ടെസ്റ്റ് (AFCAT 01/2026) സംബന്ധിച്ചുള്ള വിജ്ഞാപനം പുറത്തിറക്കി. കമ്മീഷൻഡ് ഓഫീസർ ആയി സേനയിൽ ജോലിയിൽ പ്രവേശിക്കാനുള്ള മികച്ച അവസരമാണിത്. ഫ്ലൈയിംഗ് ബ്രാഞ്ച്, ഗ്രൗണ്ട് ഡ്യൂട്ടി (ടെക്നിക്കൽ), ഗ്രൗണ്ട് ഡ്യൂട്ടി (നോൺ ടെക്നിക്കൽ) എന്നീ വിഭാഗങ്ങളിലേക്കാണ് നിയമനം.
കൂടാതെ NCC സ്പെഷ്യൽ എൻട്രി വഴിയും ഫ്ലൈയിംഗ് ബ്രാഞ്ചിലേക്കുള്ള അപേക്ഷകൾ സ്വീകരിക്കും. അവിവാഹിതരായ പുരുഷൻമാർക്കും സ്ത്രീകൾക്കും മാത്രമേ റിക്രൂട്ട്മെന്റിൽ അപേക്ഷിക്കാൻ സാധിക്കൂ. എ എഫ് സി എ ടി 01/2026 & എൻ സി സി സ്പെഷ്യൽ എൻട്രി എന്നി സ്കീമുകൾ വഴിയാണ് ഉദ്യോഗാർത്ഥികൾക്ക് പ്രവേശനം നൽകുന്നത്. നിയമനവുമായി ബന്ധപ്പെട്ട പൂർണ്ണ വിജ്ഞാപനം ഉടൻ പുറത്തിറങ്ങും. പ്രാഥമികമായി ലഭ്യമാകുന്ന വിവരങ്ങൾ ഇങ്ങനെയാണ്.
വിദ്യാഭ്യാസ യോഗ്യത
ഗ്രൗണ്ട് ഡ്യൂട്ടി (നോൺ-ടെക്നിക്കൽ) വിഭാഗം: അംഗീകൃത സർവകലാശാലയിൽ നിന്ന് ഏതെങ്കിലും വിഷയത്തിൽ ബിരുദം നേടിയിരിക്കണം.
ഗ്രൗണ്ട് ഡ്യൂട്ടി (ടെക്നിക്കൽ) വിഭാഗം: നിർദ്ദിഷ്ട എൻജിനിയറിങ് വിഷയങ്ങളിൽ B.E. / B.Tech ബിരുദം ആവശ്യമുണ്ട്.
ഫ്ലൈയിംഗ് ബ്രാഞ്ച്: അപേക്ഷകർ പ്ലസ് ടു തലം (10+2) ഫിസിക്സും മാത്തമാറ്റിക്ക്സും വിഷയങ്ങളായി പാസായിരിക്കണം. അതിനൊപ്പം അംഗീകൃത സർവകലാശാലയിൽ നിന്ന് ബിരുദം നേടിയിരിക്കണം.
പ്രായപരിധി
പ്രായം 2027 ജനുവരി 1 അനുനുസരിച്ച് ആണ് കണക്കാക്കുന്നത്.
ഫ്ലൈയിംഗ് ബ്രാഞ്ച്:
അപേക്ഷകർക്ക് 20 മുതൽ 24 വയസ്സ് വരെ പ്രായമുണ്ടായിരിക്കണം.
2003 ജനുവരി 2 മുതൽ 2007 ജനുവരി 1 വരെ (ഇരു തീയതികളും ഉൾപ്പെടെ) ജനിച്ചവർക്ക് അപേക്ഷിക്കാം
സി പി എൽ (Commercial Pilot License) ഉള്ളവർക്ക് ഇളവ്: DGCA (ഇന്ത്യ) പുറത്തിറക്കിയ നിലവിലുള്ള സാധുവായ കോമേഴ്ഷ്യൽ പൈലറ്റ് ലൈസൻസ് (CPL) ഉള്ള ഉദ്യോഗാർത്ഥികൾക്ക് പരമാവധി പ്രായപരിധി 26 വയസ്സ് വരെ.
അതായത്, 2001 ജനുവരി 2 മുതൽ 2007 ജനുവരി 1 വരെ (ഇരു തീയതികളും ഉൾപ്പെടെ) ജനിച്ചവർക്ക് അപേക്ഷിക്കാം.


Recent Comments