by Midhun HP News | Dec 22, 2025 | Latest News, ദേശീയ വാർത്ത
ഡൽഹി: ജമ്മു കശ്മീരിൽ എൻഐഎ ആസ്ഥാനത്തിന് സമീപം ചൈനീസ് നിർമിത റൈഫിൾ സ്കോപ്പ് (ദൂരദർശിനി) കണ്ടെത്തി. ജമ്മു മേഖലയിലെ അസ്രാറാബാദിലാണ് സംഭവം. മാലിന്യ കൂമ്പാരത്തിൽ നിന്ന് ആറ് വയസ്സുള്ള ഒരു ആൺകുട്ടിക്കാണ് റൈഫിൾ സ്കോപ്പ് കിട്ടിയത്. ഇതേത്തുടർന്ന് ജമ്മുവിൽ അതീവ ജാഗ്രത പ്രഖ്യാപിച്ചു.
ഞായറാഴ്ചയാണ് കുട്ടിക്ക് ചൈനീസ് റൈഫിൾ സ്കോപ്പ് ലഭിക്കുന്നത്. കുട്ടി ഇതുപയോഗിച്ച് കളിക്കുന്നത് ശ്രദ്ധയിൽപ്പെട്ട മാതാപിതാക്കൾ വിവരം പൊലീസിനെ അറിയിക്കുകയായിരുന്നു. ചൈനീസ് അടയാളങ്ങളുള്ളതും സ്നൈപ്പർ, അസ്സോൾട്ട് റൈഫിളുകളുമായി ഘടിപ്പിക്കാൻ ഉപയോഗിക്കുന്ന ടെലിസ്കോപ്പാണ് കണ്ടെത്തിയത്. എൻഐഎ ഓഫീസിനും ജമ്മു കശ്മീർ പൊലീസിന്റെ സുരക്ഷാ ആസ്ഥാനത്തിനും സമീപത്തുള്ള കാടുകയറിയ ഒരു സ്ഥലത്തുനിന്നാണ് റൈഫിൾ സ്കോപ്പ് കണ്ടെത്തുന്നത്. സംഭവത്തിൽ സാംബ സ്വദേശിയെ പൊലീസ് കസ്റ്റഡിയിലെടുത്തതായി വാർത്താ ഏജൻസി പിടിഐ റിപ്പോർട്ട് ചെയ്തു. സ്‌പെഷൽ ഓപ്പറേഷൻസ് ഗ്രൂപ്പും (എസ്‌ഒജി) പൊലീസും അന്വേഷണം നടത്തിവരികയാണെന്ന് ജമ്മു കശ്മീർ പൊലീസ് അറിയിച്ചു



by Midhun HP News | Dec 22, 2025 | Latest News, സിനിമ
ദിലീപ് ആരാധകര്‍ വലിയ പ്രതീക്ഷയോടെ കാത്തിരുന്ന ചിത്രമായിരുന്നു ഭഭബ. ബോക്‌സ് ഓഫീസിലേക്കുള്ള ദിലീപിന്റെ ശക്തമായ തിരിച്ചുവരവാകും ഭഭബ എന്നായിരുന്നു ആരാധകരുടെ വിലയിരുത്തല്‍. നടിയെ ആക്രമിച്ച കേസില്‍ കുറ്റവിമുക്തനായ ശേഷമുള്ള ദീലിപിന്റെ സിനിമ എന്ന നിലയിലും വലിയ ഹൈപ്പായിരുന്നു ചിത്രത്തിന് ആരാധകര്‍ നല്‍കിയിരുന്നത്.
വലിയ വരവേല്‍പ്പു തന്നെയാണ് ദിലീപ് ആരാധകര്‍ സിനിമയ്ക്ക് നല്‍കിയത്. മോഹന്‍ലാലിന്റെ അതിഥി വേഷവും ചിത്രത്തിന്റെ ഹൈപ്പ് കൂട്ടിയിരുന്നു. ആദ്യ ദിവസം വലിയ കളക്ഷന്‍ നേടാന്‍ സാധിച്ചുവെങ്കിലും റിലീസ് ചെയ്ത് നാല് ദിവസം പിന്നിടുമ്പോഴേക്കും ഭഭബ ബോക്‌സ് ഓഫീസില്‍ വീഴുന്ന കാഴ്ചയാണ് കാണാന്‍ സാധിക്കുന്നത്.
ട്രേഡ് ട്രാക്കേഴ്‌സിന്റെ അഭിപ്രായത്തില്‍ ഭഭബ ബോക്‌സ് ഓഫീസ് പരാജയത്തിലേക്കാണ് നീങ്ങുന്നത്. സ്പൂഫ് മോഡില്‍ കഥ പറയുന്ന സിനിമ, പ്രേക്ഷകരുടെ ക്ഷമ പരീക്ഷിക്കുകയാണെന്നാണ് പലരുടേയും വിലയിരുത്തല്‍. പഴയ ശൈലി വിട്ടുവെന്ന് പറയുമ്പോഴും കാലത്തിനൊത്ത് ഉയരാന്‍ ദിലീപിന് സാധിച്ചിട്ടില്ലെന്നാണ് പ്രേക്ഷക പ്രതികരണം.
റിലീസിന് ശേഷമുള്ള ആദ്യ ഞായറാഴ്ചയായ ഇന്നലെ ബുക്ക് മൈ ഷോയില്‍ ഭഭബയുടെ 68000 ടിക്കറ്റുകളാണ് വില്‍ക്കപ്പെട്ടത്. ആദ്യ ദിവസം ഒരു ലക്ഷത്തിലേറെ ടിക്കറ്റുകള്‍ വിറ്റുപോയിടത്താണ് ഈ വീഴ്ചയെന്നത് ശ്രദ്ധേയമാണ്. മലയാളത്തിലെ എക്കാലത്തേയും വലിയ ഹിറ്റായ ലോകയെ പോലും മറി കടക്കുമെന്നായിരുന്നു നേരത്തെ ദിലീപ് ആരാധകരുടെ അവകാശവാദം. എന്നാല്‍ ചിത്രത്തിന് മുന്നിലുള്ളത് വലിയ പരാജയമാണെന്നാണ് കരുതപ്പെടുന്നത്.
അമ്പത് കോടിയോളമാണ് ഭഭബയുടെ ബജറ്റെന്നാണ് കരുതപ്പെടുന്നത്. ചിത്രം ഇതിനോടകം നേടിയത് 35 കോടിയാണെന്നും റിപ്പോര്‍ട്ടുകളുണ്ട്. എന്നാല്‍ കുറഞ്ഞത് 70 കോടിയെങ്കിലും നേടാതെ ചിത്രം വിജയമാണെന്ന് പറയാന്‍ സാധിക്കില്ലെന്നാണ് വിദഗ്ധരുടെ അഭിപ്രായം. പക്ഷെ നിലവിലെ സാഹചര്യത്തില്‍ 50 കോടി തന്നെ വലിയ സ്വപ്‌നമാണെന്നും അവര്‍ പറയുന്നു. അതേസമയം ചിത്രത്തിലെ ചില രംഗങ്ങള്‍ക്കും കടുത്ത വിമര്‍ശനം നേരിടേണ്ടി വരുന്നുണ്ട്.
നടിയെ ആക്രമിച്ച കേസിന് ആസ്പദമായ സംഭവത്തെ ചിത്രത്തില്‍ പരോക്ഷമായി പരിഹസിക്കുന്നുണ്ടെന്നാണ് ചിലരുടെ ആരോപണം. ദിലീപിനെതിരെ കേസ് വന്ന സമയത്ത് പൃഥ്വിരാജ് നടത്തിയ പ്രതികരണത്തേയും ചിത്രത്തില്‍ പരിഹസിക്കുന്നതായി വിമര്‍ശനമുണ്ട്. മോഹന്‍ലാലിന്റെ അതിഥി വേഷവും വിജയ് സിനിമകളുടെ റഫറന്‍സുകളുമൊന്നും ചിത്രത്തിന് രക്ഷയായില്ലെന്നാണ് സോഷ്യല്‍ മീഡിയ പ്രതികരണങ്ങള്‍.



by Midhun HP News | Dec 22, 2025 | Latest News, ജില്ലാ വാർത്ത
ശ്രീനിവാസനെ അവസാനമായി കാണാനെത്തിയവരില്‍ തമിഴ് നടനും സംവിധായകനുമായ പാര്‍ത്ഥിപനുമുണ്ടായിരുന്നു. ശ്രീനിയെ ഒരു നോക്ക് കണ്ട് യാത്ര പറയാനായി താന്‍ താണ്ടിയ ദൂരത്തേയും സാഹസികമായ യാത്രയെക്കുറിച്ചുമുള്ള പാര്‍ത്ഥിപന്റെ വാക്കുകള്‍ ശ്രദ്ധ നേടുകയാണ്. നാല് തവണ അപകടമുണ്ടാകുന്നതില്‍ നിന്നും രക്ഷപ്പെട്ടാണ് താന്‍ എയര്‍പോര്‍ട്ടിലെത്തിയതെന്നാണ് പാര്‍ത്ഥിപന്‍ പറയുന്നത്.
വിമാനത്തില്‍ സീറ്റുകളൊന്നും ലഭ്യമായിരുന്നില്ല. ഒടുവില്‍ സ്റ്റാഫ് പിന്മാറിയപ്പോള്‍ ആ സീറ്റാണ് പാര്‍ത്ഥിപന് ലഭിച്ചത്. ശ്രീനിയുടെ വീട്ടിലെത്തിയപ്പോഴും തന്നെയാരും ശ്രദ്ധിക്കില്ലെന്നായിരുന്നു പാര്‍ത്ഥിപന്‍ കരുതിയതും ആഗ്രഹിച്ചതും. എന്നാല്‍ സംവിധായകന്‍ രാജേഷ് അദ്ദേഹത്തെ തിരിച്ചറിഞ്ഞു. രാജേഷ് തനിക്ക് അയച്ച മെസേജ് പങ്കുവച്ചു കൊണ്ടായിരുന്നു പാര്‍ത്ഥിപന്‍ തന്റെ യാത്രയെക്കുറിച്ച് വിവരിച്ചത്. ആ വാക്കുകളിലേക്ക്:
ചെന്നൈയില്‍ നിന്നും കൊച്ചിയിലേക്കുള്ള എന്റെ യാത്ര എത്രത്തോളം തീവ്രമായിരുന്നുവെന്ന് പറഞ്ഞറിയിക്കാന്‍ വാക്കുകള്‍ മതിയാകില്ല. ചെന്നൈയില്‍ നിന്നും കൊച്ചിയിലേക്ക് വിമാനങ്ങളൊന്നും ഉണ്ടായിരുന്നില്ല. വൈകിട്ട് 7.55 ന് ഞാന്‍ ബെന്‍സുമെടുത്തിറങ്ങി. ഞാന്‍ തന്നെയാണ് ഡ്രൈവ് ചെയ്തത്. രാത്രി 8.40ന് ഞാന്‍ വിമാനത്താവളത്തിലെത്തി. യാത്രാമധ്യേ നാല് വ്യത്യസ്തമായ ഇടങ്ങളില്‍ അപകടത്തില്‍ നിന്നും രക്ഷപ്പെട്ടായിരുന്നു. ഒറ്റയ്ക്കായിരുന്നു എന്റെ യാത്ര.
8.50 നായിരുന്നു ഫ്‌ളൈറ്റ് ഷെഡ്യൂള്‍ ചെയ്തിരുന്നത്. എയര്‍പോര്‍ട്ടിലെത്തിയെങ്കിലും സീറ്റുകളൊന്നും ഉണ്ടായിരുന്നില്ല. പകുതി കാര്യമായും പകുതി കളിയായും പൈലറ്റിന്റെ സീറ്റാണെങ്കിലും തരൂ എന്ന് ഞാന്‍ ഇന്‍ഡിഗോയിലെ സീനിയര്‍ മാനേജരോട് പറഞ്ഞു. ഒടുവില്‍ 9.25ന് ഒരു സ്റ്റാഫ് തിരിച്ചിറങ്ങി. അങ്ങനെ ആ സീറ്റ് എനിക്ക് തന്നു. അത് സാധ്യമാക്കി തന്ന സീനിയര്‍ മാനേജരോട് ഞാന്‍ കടപ്പെട്ടിരിക്കുന്നു.
രാത്രി പതിനൊന്ന് മണിയ്ക്കാണ് ഞാന്‍ കൊച്ചിയിലെത്തിയത്. എവിടെ തങ്ങുമെന്ന് അറിയില്ല. ഒടുവില്‍ ശ്രീനിവാസന്‍ സാറിന്റെ വീടിന്റെ അടുത്തായി തരക്കേടില്ലാത്തൊരു ത്രീ സ്റ്റാര്‍ ഹോട്ടല്‍ കണ്ടെത്തി. ഇന്ന് ഞാന്‍ ദുബായിലെത്തേണ്ടതായിരുന്നു. ആ ഫ്‌ളൈറ്റ് ക്യാന്‍സലാക്കി. ഹോട്ടലും ക്യാന്‍സലാക്കിയിരുന്നു. എവിടെ നിന്നാണെങ്കിലും എന്റെ അനുശോചനം രേഖപ്പെടുത്താനാകുമായിരുന്നു. എന്നിട്ടും എന്തോ ഒന്ന് എന്നെ ഇങ്ങോട്ടേക്ക് വലിച്ചടുപ്പിച്ചു.
അവിടെ നിന്നും ഇവിടെ വരെയുള്ള ദൂരം ഞാന്‍ എന്തിന് താണ്ടിയെന്ന് ഞാന്‍ സ്വയം ചോദിച്ചുകൊണ്ടിരുന്നു. എന്തോ ഒന്ന് എന്റെ ഉള്ളിന്റെയുള്ളില്‍ ആഞ്ഞടിക്കുന്നുണ്ടായിരുന്നു. ഒരു ഭാഗത്ത് മമ്മൂട്ടിയേയും മോഹന്‍ലാലിനേയും പോലുള്ള ഇതിഹാസങ്ങള്‍ ഇരിപ്പുണ്ടായിരുന്നു. ഞാന്‍ ധാരാളം സമ്പത്ത് കണ്ടിട്ടുണ്ട്. എന്റെ മുമ്പില്‍ കണ്ടത് പണമായിരുന്നില്ല. പരിശുദ്ധമായൊരു ആത്മാവും, അത്യന്തം ബഹുമാനം അര്‍ക്കുന്നൊരു പ്രതിഭയായിരുന്നു.
എന്റെ പ്രിയ കൂട്ടുകാരന് അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ ഞാന്‍ മുല്ലപ്പൂക്കള്‍ കയ്യില്‍ കരുതിയിരുന്നു. എന്നെ ആരും തിരിച്ചറിയില്ലെന്ന് അറിയാമായിരുന്നു. ഒരിക്കലും അതായിരുന്നില്ല ലക്ഷ്യവും. പ്രപഞ്ചത്തിന് എല്ലാം കാണാനാകും എന്നതായിരുന്നു എനിക്ക് പ്രധാനം. പരിപൂര്‍ണ സത്യസന്ധതയോടെ ഒരു കാര്യം ചെയ്താല്‍ അത് എത്തേണ്ടിടത്ത് എത്തും. ആ സൗഹൃദത്തിലേക്ക്. പ്രപഞ്ചം മാത്രമാണ് സാക്ഷിയെങ്കിലും.
എന്റെ സാന്നിധ്യം ആരും അറിയില്ലെന്നാണ് ഞാന്‍ സത്യത്തില്‍ കരുതിയിരുന്നത്. അതില്‍ ഞാന്‍ പരിപൂര്‍ണ തൃപ്തനുമായിരുന്നു. എന്നാലും സംവിധായകന്‍ രാജേഷ് എന്നെ കണ്ടു. എനിക്ക് അദ്ദേഹം മെസേജുകള്‍ അയച്ചു. അദ്ദേഹത്തിനൊപ്പം എസ്‌കേപ്പ് ഫ്രം ഉഗാണ്ടയില്‍ ഞാന്‍ അഭിനയിച്ചിട്ടുണ്ട്. ആ നിമിഷം എന്റെ കണ്ണുകള്‍ നിറഞ്ഞു.



by Midhun HP News | Dec 22, 2025 | Latest News, കേരളം
പത്തനംതിട്ട: റാന്നിക്ക് സമീപം തുലാപ്പള്ളിയില്‍ ശബരിമല തീര്‍ഥാടകര്‍ സഞ്ചരിച്ചിരുന്ന ബസ് അപകടത്തില്‍പ്പെട്ടു. തുലാപ്പള്ളി ആലപ്പാട്ട് ജംഗ്ഷനില്‍ ഇന്ന് രാവിലെ 7.45ഓടെയായിരുന്നു അപകടം. സംഭവത്തില്‍ മൂന്ന് പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു.
ഇറക്കത്തില്‍ നിയന്ത്രണം നഷ്ടപ്പെട്ട ബസ് ശബരിമല തീര്‍ഥാടകര്‍ സഞ്ചരിച്ചിരുന്ന മറ്റൊരു ബസിലും രണ്ട് കാറുകളിലും ഇടിച്ച ശേഷമാണ് നിന്നത്. കാറിലുണ്ടായിരുന്ന യാത്രക്കാര്‍ക്കാണ് അപകടത്തില്‍ സാരമായി പരിക്കേറ്റത്. പരിക്കേറ്റ തീര്‍ത്ഥാടകരെ എരുമേലിയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നിസാര പരിക്കേറ്റവരെ നിലക്കലിലെ ആശുപത്രിയിലും പ്രവേശിപ്പിച്ചിട്ടുണ്ട്.
തുലാപ്പള്ളി ശബരിമല പഴയ റോഡിലൂടെ തീര്‍ത്ഥാടകരുടെ വാഹനം കടത്തിവിട്ടതാണ് അപകടത്തിന് കാരണമായതെന്ന് നാട്ടുകാര്‍ ആരോപിച്ചു. നിരോധനം മറികടന്നാണ് പഴയ റോഡില്‍ വാഹനം കടത്തിവിട്ടത്. കോടതി ഉത്തരവ് പ്രകാരം പുതിയ റോഡിലൂടെയാണ് തീര്‍ഥാടക വാഹനങ്ങള്‍ കടത്തിവിടേണ്ടതെന്നും നാട്ടുകാര്‍ പറയുന്നു. കഴിഞ്ഞ തീര്‍ത്ഥാടന കാലത്തും ഇതേ സ്ഥലത്ത് അപകടം ഉണ്ടായിരുന്നു.



by Midhun HP News | Dec 22, 2025 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ വീഴ്ചകള്‍ സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന ജ്വല്ലറി ഉടമ ഗോവര്‍ദ്ധന്‍ മാളികപ്പുറത്ത് സമര്‍പ്പിക്കാന്‍ ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ കൈവശം കൊടുത്തയച്ച 10 പവന്‍ സ്വര്‍ണമാല തുടക്കത്തില്‍ രജിസ്റ്ററില്‍ രേഖപ്പെടുത്തിയിരുന്നില്ല എന്ന് പ്രത്യേക അന്വേഷണ സംഘം കണ്ടെത്തിയതായി റിപ്പോര്‍ട്ട്. പ്രായശ്ചിത്തമായാണ് ഗോവര്‍ദ്ധന്‍ മാല നല്‍കിയത്. 2021ലാണ് മാല സമര്‍പ്പിച്ചത്. കണക്കില്‍പ്പെടാതെ വര്‍ഷങ്ങളോളം ശബരിമലയില്‍ സൂക്ഷിച്ച മാല പിന്നീട് മഹസറില്‍ രേഖപ്പെടുത്തിയത് സ്വര്‍ണക്കൊള്ള വിവാദം പുറത്തുവന്നതിന് പിന്നാലെയെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.
സ്‌പോണ്‍സറെന്ന നിലയില്‍ പോറ്റി പാളികള്‍ കടത്തി പങ്കജ് ഭണ്ഡാരിയുടെ ഉടമസ്ഥതയിലുള്ള ചെന്നൈ സ്മാര്‍ട്ട് ക്രിയേഷനിലെത്തിച്ചു എന്നാണ് കണ്ടെത്തല്‍. അയ്യപ്പന്റെ സ്വര്‍ണമാണെന്നും വേര്‍തിരിച്ച് മറിച്ചു വില്‍ക്കാന്‍ പാടില്ലെന്നും അറിയാവുന്ന പ്രതികള്‍ അത് തട്ടിയെടുത്തുവെന്നാണ് എസ്‌ഐടി പറയുന്നത്. ഗോവര്‍ദ്ധന്റെ കയ്യിലെത്തിയ ശബരിമലയിലെ സ്വര്‍ണം ആര്‍ക്ക് വിറ്റുവെന്ന് ഇനിയും കണ്ടെത്താനായിട്ടില്ലെന്നും എസ്‌ഐടി പറയുന്നു. ഇതിന് പ്രതികളെ കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്യണമെന്നാണ് എസ്‌ഐടി പറയുന്നത്. രണ്ടുപേരുടെയും സ്ഥാപനങ്ങളില്‍ നടത്തിയ റെയ്ഡില്‍ കാണാതായതിന് തുല്യമായ സ്വര്‍ണം കണ്ടെത്തി.
സ്വര്‍ണം വാങ്ങുന്നതിന് മുമ്പേ പല ഘട്ടങ്ങളിലായി ഒന്നര കോടി രൂപ ശബരിമലയിലെ സ്‌പോണ്‍സര്‍ഷിപ്പിനും മറ്റുമായി ഉണ്ണികൃഷ്ന്‍ പോറ്റിക്ക് ഗോവര്‍ദ്ധന്‍ നല്‍കി. സ്വര്‍ണം വാങ്ങിയ ശേഷം 15 ലക്ഷം നല്‍കി. ശബരിമല സ്വര്‍ണമാണെന്ന് തിരിച്ചറിഞ്ഞപ്പോള്‍ മാനസിക വിഷമമുണ്ടായെന്നും പ്രായശ്ചിത്തത്തിനായി 10 ലക്ഷം രൂപയുടെ ഡിഡിയെടുത്ത് അന്നദാനത്തിനായി പോറ്റിക്ക് കൈമാറിയെന്നും ഗോവര്‍ദ്ധന്‍ മൊഴി നല്‍കി. മാളികപ്പുറത്ത് സമര്‍പ്പിക്കാന്‍ 10 പവന്‍ സ്വര്‍ണമാലയും പോറ്റിയുടെ കൈവശം കൊടുത്തയച്ചതായും ഗോവര്‍ദ്ധന്‍ സമ്മതിച്ചിട്ടുണ്ട്.
സ്‌പോണ്‍സര്‍മാരെന്ന നിലയില്‍ പ്രതികള്‍ക്ക് ദേവസ്വം ബോര്‍ഡ് ജീവനക്കാര്‍ക്കിടയില്‍ സ്വാധീനമുണ്ടെന്നും പ്രത്യേക സംഘം പറയുന്നു. പത്മകുമാറിനൊപ്പമുണ്ടായിരുന്ന മുന്‍ ദേവസ്വം ബോര്‍ഡ് അംഗങ്ങളുടെ പങ്ക് എന്തുകൊണ്ട് അന്വേഷിക്കുന്നില്ലെന്ന് കഴിഞ്ഞ ദിവസം ഹൈക്കോടതി വിമര്‍ശിച്ചിരുന്നു. ശങ്കര്‍ദാസിനെയും വിജയകുമാറിനെയും വീണ്ടും എസ്‌ഐടി ചോദ്യം ചെയ്യും. സ്വര്‍ണ കടത്തില്‍ ഇവരുടെ പങ്ക് തെളിയിക്കാനുള്ള വ്യക്തമായ തെളിവ് ഇതുവരെ ലഭിച്ചിട്ടില്ലെന്നാണ് അന്വേഷണ സംഘ വൃത്തങ്ങള്‍ പറയുന്നത്.



Recent Comments