by Midhun HP News | Nov 8, 2025 | Latest News, ദേശീയ വാർത്ത
വാഷിങ്ടണ്‍: ജീവിതശൈലീരോഗങ്ങള്‍ ഉള്‍പ്പെടെയുള്ള ആരോഗ്യപ്രശ്‌നങ്ങള്‍ ഉള്ളവര്‍ക്ക് യുഎസ് വിസ നിയന്ത്രിക്കുന്നു. സ്റ്റേറ്റ് ഡിപ്പാര്‍ട്‌മെന്റ് പുറത്തുവിട്ട മാര്‍ഗനിര്‍ദേശങ്ങളിലാണ് വിസ നിഷേധിക്കാവുന്ന ആരോഗ്യ പ്രശ്‌നങ്ങള്‍ വിശദീകരിക്കുന്നത്. പ്രമേഹം, അമിതവണ്ണം, ഹൃദ്രോഗങ്ങള്‍ തുടങ്ങിയവ ഉള്ളവര്‍ക്ക് വിസ നിഷേധിക്കാമെന്നാണ് പുതിയ നിര്‍ദേശം.
ലോകമെമ്പാടുമുള്ള അമേരിക്കന്‍ എംബസികള്‍ക്കും കോണ്‍സുലേറ്റുകള്‍ക്കും നല്‍കിയ നിര്‍ദേശത്തിലാണ് ട്രംപ് ഭരണകൂടം ഇക്കാര്യം വ്യക്തമാക്കുന്നത്. യുഎസില്‍ പ്രവേശിച്ച് താമസിക്കാന്‍ ആഗ്രഹിക്കുന്ന വ്യക്തികള്‍ക്ക് ചില മെഡിക്കല്‍ അവസ്ഥകള്‍ ഉണ്ടെങ്കില്‍ അനുമതി നല്‍കേണ്ടെന്നാണ് നിര്‍ദേശം. ഇത്തരം ആരോഗ്യ പ്രശ്‌നങ്ങള്‍ ഉള്ളവര്‍ രാജ്യത്തെ പൊതു ആനുകൂല്യങ്ങളെ ആശ്രയിക്കുന്ന അവസ്ഥ ഉണ്ടാകുമെന്നാണ് യുഎസിന്റെ നിലപാട്.സാംക്രമിക രോഗങ്ങള്‍, വാക്‌സിനേഷന്‍ ചരിത്രം, മാനസികാരോഗ്യ പ്രശ്‌നങ്ങള്‍, പകര്‍ച്ചവ്യാധികള്‍ തുടങ്ങിയ രോഗാവസ്ഥയിലുള്ളവര്‍ക്ക് നേരത്തെ ഉണ്ടായിരുന്ന നിയന്ത്രണത്തിന് അപ്പുറത്തേക്കാണ് പട്ടിക ദീര്‍ഘിപ്പിച്ചിരിക്കുന്നത്. ഹൃദ്രോഗങ്ങള്‍, ശ്വാസകോശ പ്രശ്‌നങ്ങള്‍, കാന്‍സര്‍, പ്രമേഹം, നാഡീസംബന്ധമായ തകരാറുകള്‍ തുടങ്ങിയവയ്ക്കുള്ള സ്‌ക്രീനിങ് നടത്തിയിരിക്കണം എന്നാണ് പുതിയ നിര്‍ദേശം.
ലക്ഷക്കണക്കിന് ഡോളര്‍ ചികിത്സാചെലവ് വരുന്ന ഇത്തരം രോഗാവസ്ഥകള്‍ വിസ അപേക്ഷിക്കുന്നയാള്‍ക്കില്ലെന്ന് പരിശോധിച്ച് ഉറപ്പാക്കണം. ആരോഗ്യപ്രശ്‌നങ്ങള്‍ വന്നാല്‍ സര്‍ക്കാര്‍ സഹായം തേടാതെ ജീവിതകാലമുടനീളം ചെലവ് വഹിക്കാനുള്ള സാമ്പത്തികാവസ്ഥ അപേക്ഷകനുണ്ടോ എന്നതും വിലയിരുത്തണമെന്നും പുതിയ നിര്‍ദേശം വ്യക്തമാക്കുന്നു. അപേക്ഷകന് പുറമെ മക്കള്‍, മാതാപിതാക്കള്‍ തുടങ്ങി അപേക്ഷകനെ ആശ്രയിച്ച് കഴിയുന്നവര്‍ക്ക് ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങളും വൈകല്യങ്ങളും ഉണ്ടോയെന്നതും പരിശോധിക്കണമെന്ന് നിര്‍ദേശത്തില്‍ പറയുന്നു.


by Midhun HP News | Nov 8, 2025 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: പൊതു ഇടങ്ങളില്‍ നിന്നും തെരുവ് നായ്ക്കളെ സമയബന്ധിതമായി നീക്കണം എന്ന് സുപ്രീം കോടതി നിലപാട് കടുപ്പിക്കുമ്പോള്‍ കേരളത്തിലെ സാഹചര്യങ്ങള്‍ സങ്കീര്‍ണം. എട്ടാഴ്ചയാണ് തെരുവ് നായ വിഷയത്തിലെ നിര്‍ദേശങ്ങള്‍ നടപ്പിലാക്കാന്‍ സുപ്രീം കോടതി സംസ്ഥാനങ്ങള്‍ക്ക് നല്‍കിയിരിക്കുന്ന സമയം. ഈ സമത്തിനുള്ളില്‍ ഏകദേശം 5 ലക്ഷത്തോളം തെരുവ് നായ്ക്കളെയാണ് സംസ്ഥാനത്തിന് കൈകാര്യം ചെയ്യേണ്ടിവരിക. ഇവയെ ഉള്‍ക്കൊള്ളാന്‍ ആവശ്യമായ സൗകര്യങ്ങളുള്ള ഷെല്‍റ്ററുകള്‍ ഉള്‍പ്പെടെ സ്ഥാപിക്കേണ്ടിവരും. തദ്ദേശ തെരഞ്ഞെടുപ്പ് ചൂടിലേക്ക് കടക്കുന്ന സംസ്ഥാനത്ത് സമയ ബന്ധിതമായി നിര്‍ദേശങ്ങള്‍ നടപ്പാക്കുക എന്നത് സര്‍ക്കാരിന് വലിയ വെല്ലുവിളി സൃഷ്ടിച്ചേക്കും.
പൊതുസ്ഥലങ്ങളില്‍ നിന്ന് തെരുവ് നായ്ക്കളെ നീക്കം ചെയ്ത്, മൃഗ ജനന നിയന്ത്രണ (എബിസി) നിയമങ്ങള്‍ക്കനുസൃതമായി വന്ധ്യംകരണവും വാക്‌സിനേഷനും നടത്തിയ ശേഷം ഷെല്‍റ്ററുകളില്‍ പുനരധിവസിപ്പിക്കണം എന്നാണ് സുപ്രീം കോടതിയുടെ നിര്‍ദേശം. ഇവയെ പിടികൂടിയ സ്ഥലത്ത് തുറന്ന് വിടരുത് എന്നും കോടതി വ്യക്തമാക്കുന്നു. ഉത്തരവ് നടപ്പാക്കിയതുമായി ബന്ധപ്പെട്ട പുരോഗതി റിപ്പോര്‍ട്ട് 2026 ജനുവരി 13 സമര്‍പ്പിക്കണം എന്നുമാണ് സുപ്രീം കോടതി നിര്‍ദേശിച്ചിരിക്കുന്നത്.
ഉത്തരവില്‍ പറഞ്ഞിരിക്കുന്ന ഷെല്‍ട്ടര്‍ ഉള്‍പ്പെടെയുള്ള സംവിധാനങ്ങള്‍ നടപ്പാക്കാന്‍ പ്രായോഗിക ബുദ്ധിമുട്ടുകള്‍ നിലവിലുണ്ടെന്നാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ തന്നെ നല്‍കുന്ന പ്രതികരണം. എല്ലാ ജില്ലകളിലും തെരുവ് നായ്ക്കള്‍ക്ക് ഷെല്‍റ്ററുകള്‍ തുറക്കാന്‍ സ്ഥലം കണ്ടെത്തുക പ്രയാസമാണെന്ന് മൃഗസംരക്ഷണ മന്ത്രി ജെ ചിഞ്ചുറാണി ദ ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിനോട് പ്രതികരിച്ചു. സുപ്രീം കോടതി ഉത്തരവ് നടപ്പിലാക്കുന്നത് സംബന്ധിച്ച് തദ്ദേശ സ്വയംഭരണ വകുപ്പുമായി ചര്‍ച്ചകള്‍ നടത്തി തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കുന്നു.
കേരളം ജനസാന്ദ്രതയുള്ള സംസ്ഥാനമാണ്. തെരുവ് നായകളുടെ വന്ധ്യം കരണം നടപ്പാക്കേണ്ട എബിസി സെന്ററുകള്‍ സ്ഥാപിക്കുന്നതില്‍ പോലൂം ജനങ്ങളില്‍ നിന്ന് കടുത്ത എതിര്‍പ്പ് നേരിടേണ്ടി വരുന്നു. ‘ഈ വര്‍ഷം കൊല്ലം, കോട്ടയം, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം, കണ്ണൂര്‍ ജില്ലകളില്‍ എബിസി സെന്ററുകള്‍ തുറക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായി കൊല്ലം ഓച്ചിറയില്‍ എബിസി സെന്ററിന് തറക്കല്ലിടാന്‍ എത്തിയപ്പോള്‍ കടുത്ത പ്രതിഷേധം ഉയര്‍ന്നു. ഒരു കോടി രൂപ ചെലവഴിച്ച് കണ്ണൂരില്‍ കേന്ദ്രം സ്ഥാപിച്ചു, പക്ഷേ നാട്ടുകാര്‍ അത് മാറ്റണമെന്ന് ആവശ്യപ്പെടുകയാണെന്നും മന്ത്രി പറഞ്ഞു.
2019 ലെ കന്നുകാലി സെന്‍സസ് പ്രകാരം കേരളത്തില്‍ 2.89 ലക്ഷം തെരുവ് നായ്ക്കള്‍ ഉണ്ടെന്നാണ് കണക്കുകള്‍. 2024 ലെ സെന്‍സസിന്റെ കണക്ക് ഇതുവരെ പുറത്തുവന്നിട്ടില്ല. നിലവില്‍ സംസ്ഥാനത്ത് 19 എബിസി സെന്ററുകളാണ് മൃഗസംരക്ഷണ വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്നത്. 2024-25 സമയത്ത് 15,767 തെരുവ് നായ്ക്കളെ വന്ധ്യംകരണത്തിന് വിധേയമാക്കി. 88,744 നായ്ക്കള്‍ക്ക് വാക്‌സിനേഷന്‍ നല്‍കി. ഈ വര്‍ഷം സെപ്റ്റംബര്‍ 30 വരെ 9,737 തെരുവ് നായ്ക്കള്‍ക്ക് വന്ധ്യംകരണം നടത്തുകയും 53,401 നായ്ക്കള്‍ക്ക് വാക്‌സിനേഷന്‍ നല്‍കുകയും ചെയ്തിട്ടുണ്ട്. കണക്കുകള്‍ ഇങ്ങനെയെങ്കിലും 2019 ന് ശേഷം സംസ്ഥാനത്തെ തെരുവ് നായ്ക്കളുടെ എണ്ണം 30 മുതല്‍ 40 ശതമാനം വരെ വര്‍ധിച്ചിട്ടുണ്ടെന്നാണ് വിലയിരുത്തല്‍.
തിരുവനന്തപുരം ജില്ലയിലെ നെടുമങ്ങാട് ഒരു പോര്‍ട്ടബിള്‍ എബിസി സെന്ററും പ്രവര്‍ത്തിക്കുന്നുണ്ട്. 152 ബ്ലോക്ക് പഞ്ചായത്തുകളിലും ഈ സംവിധാനം നടപ്പാക്കാന്‍ ആണ് പദ്ധതി. എല്ലാ ജില്ലകളിലും എബിസി സെന്ററുകള്‍ സ്ഥാപിക്കുന്നതിന് സര്‍ക്കാര്‍ 2 കോടി രൂപ നീക്കിവച്ചിട്ടുണ്ട്, ബ്ലോക്ക് പഞ്ചായത്തുകള്‍ അതിനായി ഫണ്ടും അനുവദിച്ചിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു. ഒരു പോര്‍ട്ടബിള്‍ എബിസി സെന്ററിന് 28 ലക്ഷം രൂപയാണ് ചെലവ് കണക്കാക്കുന്നത്. വന്ധ്യംകരണത്തിന് ശേഷം നായ്ക്കളെ അഞ്ച് ദിവസം നിരീക്ഷിക്കുന്നതിനായും സംവിധാനം ഒരുക്കും. പദ്ധതിയെക്കുറിച്ച് സുപ്രീം കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നെന്നും ചിഞ്ചുറാണി പറഞ്ഞു.
സംസ്ഥാനത്ത് പേവിഷബാധ മൂലമുള്ള മരണങ്ങളുടെ എണ്ണം വര്‍ധിക്കുന്നു എന്ന റിപ്പോര്‍ട്ടുകള്‍ക്കിടെ പുറത്തുവന്ന സുപ്രീം കോടതി ഉത്തരവിനെ ചൊല്ലി ചര്‍ച്ചകളും സജീവമാണ്. 2025 ലെ ആദ്യ എട്ട് മാസങ്ങളില്‍ സംസ്ഥാനത്ത് ഏകദേശം 2.25 ലക്ഷം നായ്ക്കളുടെ കടിയേറ്റ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. 17 മരണങ്ങളും സ്ഥിരീകരിച്ചിട്ടുണ്ട്.
സുപ്രീം കോടതി വിധി സ്വാഗതം ചെയ്തും എതിര്‍ത്തും ഇതിനോടകം ആക്ടിവിസ്റ്റുകള്‍ രംഗത്തെത്തിയിട്ടുണ്ട്. തെരുവ് നായ്ക്കളെ നിയന്ത്രിക്കണം എന്ന് ആവശ്യപ്പെടുന്ന ആക്ടിവിസ്റ്റുകള്‍ സുപ്രീം കോടതി ഉത്തരവ് സ്വാഗതം ചെയ്ത് രംഗത്തെത്തി. എന്നാല്‍ ഉത്തരവ് നിലവിലുള്ള നിയമങ്ങള്‍ക്ക് വിരുദ്ധമാണെന്ന് മൃഗാവകാശ പ്രവര്‍ത്തകര്‍ പറയുന്നു.
ഉത്തരവ് വലിയൊരു ആശ്വാസമാണെന്ന് ആക്ടിവിസ്റ്റ് ജോസ് മാവേലി പ്രതികരിച്ചു. തെരുവ് നായ്ക്കളെ കൊല്ലുന്നവര്‍ക്ക് പാരിതോഷികം പ്രഖ്യാപിച്ചതിന് സുപ്രീം കോടതി ശാസിച്ച വ്യക്തി കൂടിയാണ് ജോസ് മാവേലി. തെരുവുകളിലെ സാധാരണക്കാരുടെ സുരക്ഷ ഉറപ്പാക്കാന്‍ സുപ്രീം കോടതി ഉത്തരവ് സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ സുപ്രീം കോടതി ഉത്തരവ് തെറ്റായ സന്ദേശം നല്‍കുമെന്ന് സംസ്ഥാന മൃഗക്ഷേമ ബോര്‍ഡ് അംഗം എം എന്‍ ജയചന്ദ്രന്‍ പറഞ്ഞു. തെരുവില്‍ നിന്ന് 10 നായ്ക്കളെ ഒരു ഷെല്‍ട്ടറിലേക്ക് മാറ്റിയാല്‍, ഒരു മാസത്തിനുള്ളില്‍ മറ്റൊരു കൂട്ടം നായ്ക്കള്‍ ആ പ്രദേശത്തെത്തും. കശാപ്പ് മാലിന്യങ്ങള്‍ ശരിയായി സംസ്‌കരിക്കാത്തതാണ് കേരളത്തിലെ തെരുവ് നായ ശല്യത്തിന്റെ യഥാര്‍ത്ഥ പ്രശ്‌നം എന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.


by Midhun HP News | Nov 8, 2025 | Latest News, ദേശീയ വാർത്ത
വന്ദേഭാരത് എക്‌സ്പ്രസിന്റെ ഉദ്ഘാടനത്തിന് പിന്നാലെ ട്രെയിന്‍ യാത്രയില്‍ ആര്‍എസ്എസ് ഗണഗീതം ആലപിച്ച് വിദ്യാര്‍ഥികള്‍. ഗണഗീതം ആലപിക്കുന്ന വീഡിയോ ദക്ഷിണ റെയില്‍വേ എക്‌സില്‍ പങ്കുവച്ചു.
ഉദ്ഘാടനം കഴിഞ്ഞ് എറണാകുളത്ത് നിന്ന് ബാംഗ്ലൂരിലേക്ക് പോയ വന്ദേഭാരത് എക്‌സ്പ്രസിലാണ് കുട്ടികള്‍ ആര്‍എസ്എസിന്റെ ഗണഗീതം പാടിയത്. ഇതിന്റെ വീഡിയോയാണ് റെയില്‍വേ തങ്ങളുടെ സാമൂഹ്യമാധ്യമങ്ങളില്‍ പങ്കുവച്ചത്. യാതൊരു മടിയുമില്ലാതെ എങ്ങനെയാണ് ഇത്തരത്തിലൊരു രാഷ്ട്രീയ അജണ്ട നടപ്പാക്കാന്‍ ആ സതേണ്‍ റെയില്‍വേയ്ക്ക് കഴിയുന്നതെന്ന വിമര്‍ശനമാണ് ഇപ്പോള്‍ തന്നെ എക്‌സ് ഉള്‍പ്പടെയുള്ള സാമൂഹ്യമാധ്യമങ്ങളില്‍ ഉയരുന്ന ചോദ്യങ്ങളില്‍ ഏറ്റവും പ്രധാനം. കുട്ടികള്‍ ദേശഭക്തിഗാനം പാടുന്നു എന്നാണ് കുറിച്ചിരിക്കുന്നത്.
ആര്‍എസ്എസ് അജണ്ട നടപ്പാക്കുന്നതിന്റെ ഭാഗമായിട്ടാണ് ഇത്തരം വീഡിയോകള്‍ ഔദ്യോഗിക പേജിലടക്കം ഷെയര്‍ ചെയ്യുന്നതെന്ന വിമര്‍ശനമാണ് ഈ ഘട്ടത്തില്‍ പ്രധാനമായും ഉയരുന്നത്. ആര്‍എസ്എസ് നയം ചില റെയില്‍വേ ഉദ്യോഗസ്ഥര്‍ നടപ്പാക്കാന്‍ ശ്രമിക്കുന്നു എന്ന വലിയ വിമര്‍ശനം ഉയര്‍ന്നിരുന്നു. ഇതിനിടെയാണ് ഇത്തരമൊരു നീക്കം.
തങ്ങളല്ല ഇട്ടതെന്നാണ് ഇതുമായി ബന്ധപ്പെട്ട് പ്രതികരിച്ച രണ്ട് ഉദ്യോഗസ്ഥര്‍ നല്‍കിയ മറുപടി. ആരാണ് ഈ വീഡിയോ ഈ ഔദ്യോഗിക പേജില്‍ പോസ്റ്റ് ചെയ്തത് എന്നതില്‍ കൃത്യമായ ഒരു വിശദീകരണം റെയില്‍വേയ്ക്ക് ഈ ഘട്ടത്തില്‍ ഇല്ല
കേരളത്തിനുള്ള എറണാകുളം-ബെംഗളൂരു വന്ദേഭാരത് എക്സ്പ്രസ് അടക്കം നാല് പുതിയ വന്ദേഭാരത് എക്സ്പ്രസുകളാണ് ഇന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ഫ്ളാഗ് ഓഫ് ചെയ്തത്. വാരണാസിയില്‍ നടന്ന ചടങ്ങില്‍ വീഡിയോ കോണ്‍ഫറന്‍സിങ് വഴിയാണ് പ്രധാനമന്ത്രി ഫ്ളാഗ് ഓഫ് ചെയ്തത്. എറണാകുളം സൗത്ത് സ്റ്റേഷനിലായിരുന്നു് എറണാകുളം സൗത്ത് – ബെംഗളൂരു വന്ദേഭാരതിന്റെ ഫ്ളാഗ് ഓഫ് ചടങ്ങ് നടന്നത്. 8.41-ഓടെ ട്രെയിന്‍ പുറപ്പെട്ടു. ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍, കേന്ദ്രമന്ത്രിമാരായ സുരേഷ് ഗോപി, ജോര്‍ജ് കുര്യന്‍, മന്ത്രി പി.രാജീവ് എന്നിവരും മറ്റ് ജനപ്രതിനിധികളും പങ്കെടുത്തു.


by Midhun HP News | Nov 8, 2025 | Latest News, ജില്ലാ വാർത്ത
കൊച്ചി: ബാങ്കില്‍ പണയത്തില്‍ ഇരിക്കുന്ന സ്വര്‍ണം തിരിച്ചെടുക്കാന്‍ സഹായിക്കണമെന്നു പറഞ്ഞ് സമീപിച്ച് യുവാവിനെ കബളിപ്പിച്ച് 1,35,000 രൂപ തട്ടിയ കേസില്‍ യുവതി അറസ്റ്റില്‍. അശമന്നൂര്‍ നെടുങ്ങപ്ര കൂടംചിറത്ത് ലിബില ബേബി (29)യെയാണ് പുത്തന്‍കുരിശ് പൊലീസ് അറസ്റ്റ് ചെയ്തത്.
ബാങ്കില്‍ പണയത്തില്‍ ഇരിക്കുന്ന സ്വര്‍ണം എടുത്തു വില്‍ക്കാന്‍ സഹായിക്കും എന്ന് അശമന്നൂര്‍ സ്വദേശി പത്രത്തില്‍ പരസ്യം ചെയ്തിരുന്നു. ഇതു കണ്ടാണ് യുവതി ഇയാളുമായി ബന്ധപ്പെട്ടത്. കോലഞ്ചേരിയിലെ ബാങ്കില്‍ സ്വര്‍ണം പണയം വച്ചിട്ടുണ്ടെന്നും ഇത് എടുക്കാന്‍ സഹായിക്കണമെന്നും ആവശ്യപ്പെട്ടു. ഇതിനായി ഒരു ലക്ഷം രൂപ പണമായും 35,000 രൂപ ഗൂഗിള്‍ പേ വഴിയും വാങ്ങിയശേഷം ഇവര്‍ മുങ്ങുകയായിരുന്നു.
ഇന്‍സ്‌പെക്ടര്‍ സി എല്‍ ജയന്‍, എസ്‌ഐമാരായ കെ ജി ബിനോയ്, ജി ശശിധരന്‍, എഎസ്‌ഐമാരായ ബിജു ജോണ്‍, സുരേഷ് കുമാര്‍, മഞ്ജു ബിജു, സീനിയര്‍ സിപിഒമാരായ റിതേഷ്, ആശ എന്നിവരാണ് അന്വേഷണ സംഘത്തില്‍ ഉണ്ടായിരുന്നത്.


by Midhun HP News | Nov 8, 2025 | Latest News, കേരളം
മലപ്പുറം: വരാനിരിക്കുന്ന തദ്ദേശ തെരഞ്ഞെടുപ്പില്‍ മലപ്പുറത്ത് ആധിപത്യം പിടിച്ചെടുക്കാനുള്ള രാഷ്ട്രീയ നാടകങ്ങളാണ് അരങ്ങേറുന്നത്. വിജയം കൈപ്പിടിയിലൊതുക്കാന്‍ സഖ്യസമവാക്യങ്ങള്‍ മാറ്റി മറിക്കുകയും പുനര്‍നിര്‍മിക്കുകയുമൊക്കെയാണ് രാഷ്ട്രീയപാര്‍ട്ടികള്‍. സംസ്ഥാനത്തൊട്ടാകെയുള്ള പാര്‍ട്ടി സിദ്ധാന്തങ്ങള്‍ അടിമുടി പൊളിച്ചാണ് പരമ്പരാഗത മുന്നണി സമവാക്യങ്ങള്‍ ഉപേക്ഷിക്കുകയും പുതിയ പരീക്ഷണങ്ങള്‍ നടത്താന്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ തീരുമാനിച്ചിരിക്കുന്നത്. പൊന്‍മുണ്ടത്തില്‍ ഇത്തവണ രാഷ്ടീയ ഗണിതം മാറിമറിയുകയാണ്. ജനകീയ മുന്നണിയുടെ ബാനറില്‍ പ്രത്യയശാസ്ത്രപരമായ എല്ലാ അതിരുകളും ഭേദിച്ച് സിപിഎമ്മുമായി കൈകോര്‍ക്കാനൊരുങ്ങുകയാണ് കോണ്‍ഗ്രസ്.
പഞ്ചായത്ത് രൂപീകരണത്തിനുശേഷം പൊന്‍മുണ്ടത്തില്‍ ലീഗും കോണ്‍ഗ്രസും ഒരിക്കലും പൊതുവായ നിലപാട് സ്വീകരിച്ചിട്ടില്ല. പ്രാദേശികമായി പരിമിതമായ ശക്തി മാത്രമുള്ള സിപിഎമ്മിലേക്കാണ് കോണ്‍ഗ്രസ് വിഭാഗങ്ങളുടെ പരമ്പരാഗതമായിട്ടുള്ള ചാഞ്ചാട്ടം. തെരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ കോണ്‍ഗ്രസ് വീണ്ടും സിപിഎമ്മുമായി സഖ്യത്തിലേർപ്പെടാനാണ് തീരുമാനം. പതിറ്റാണ്ടുകളായി പൊന്‍മുണ്ടത്ത് ലീഗും കോണ്‍ഗ്രസും ബദ്ധവൈരികളാണ്. എന്നാല്‍ ഇത്തവണത്തെ നിലപാട് യുഡിഎഫ് ക്യാമ്പില്‍ അസ്വസ്ഥത സൃഷ്ടിച്ചിട്ടുണ്ട്. നിലവിലെ ധാരണ പ്രകാരം, 18 സീറ്റുകളില്‍ 11 എണ്ണത്തില്‍ കോണ്‍ഗ്രസ് മത്സരിക്കും. അഞ്ചെണ്ണത്തില്‍ സിപിഎം സ്ഥാനാര്‍ത്ഥികളെ നിര്‍ത്തും. ബാക്കി രണ്ടെണ്ണം ടീം പൊന്‍മുണ്ടം ആയിരിക്കും. എന്നാല്‍ ഇക്കാര്യത്തില്‍ മലപ്പുറത്ത് യുഡിഎഫിന്റെ പ്രബല ശക്തിയായ ലീഗ് ഒട്ടും തൃപ്തരല്ല. ഇക്കാര്യത്തില്‍ അതൃപ്തി വ്യക്തമാക്കിക്കൊണ്ടാണ് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പിഎംഎ സലാം ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിനോട് പ്രതികരിച്ചത്.
‘എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും യുഡിഎഫ് മുന്നണിയില്‍ നിന്നുകൊണ്ടു മത്സരിക്കുകയെന്നതാണ് ലീഗിന്റെ നിലപാട്. പൊന്‍മുണ്ടത്തില്‍ സംഭവിക്കുന്നത് നിര്‍ഭാഗ്യകരമാണ്. പ്രാദേശിക തലത്തില്‍ ചര്‍ച്ചകള്‍ നടന്നെങ്കിലും ഒരു പരിഹാരവും ഉണ്ടായില്ല. ഞങ്ങളുടെ ആശങ്കകള്‍ കോണ്‍ഗ്രസ് നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്, തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിന് മുമ്പ് പ്രശ്‌നം പരിഹരിക്കപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു,’ അദ്ദേഹം പറഞ്ഞു.
തീരുമാനങ്ങള്‍ ഒന്നും അന്തിമമല്ലെന്നാണ് പ്രതിരോധത്തിലായ കോണ്‍ഗ്രസ് നേതാക്കള്‍ അവകാശപ്പെടുന്നത്. ‘പൊന്‍മുണ്ടത്തിന് വളരെ വ്യത്യസ്തമായ ഒരു രാഷ്ട്രീയ ചരിത്രമുണ്ട്. പരമ്പരാഗതമായി യുഡിഎഫ് അവിടെ പ്രവര്‍ത്തിക്കുന്നില്ല. എന്നാല്‍ ലീഗ് ആശങ്കകള്‍ ഉന്നയിച്ചതിനെത്തുടര്‍ന്ന് ജില്ലാ നേതൃത്വവുമായി ചര്‍ച്ച നടത്താന്‍ ഞങ്ങള്‍ പ്രാദേശിക നേതാക്കളോട് ആവശ്യപ്പെട്ടിട്ടുണ്ട്. സീറ്റ് വിഭജനത്തില്‍ ഇതുവരെ അന്തിമ തീരുമാനമെടുത്തിട്ടില്ല, വണ്ടൂര്‍ എംഎല്‍എയും കെപിസിസി വര്‍ക്കിങ് പ്രസിഡന്റുമായ എ പി അനില്‍കുമാര്‍ ടിഎന്‍ഐഇയോട് പറഞ്ഞു.
അതേസമയം, സിപിഎം ഇക്കാര്യത്തില്‍ ആത്മവിശ്വാസത്തിലാണ്. യുഡിഎഫില്‍ നിരാശരായ ഏതൊരു വിഭാഗത്തിന്റെയും പിന്തുണ സ്വാഗതം ചെയ്യുമെന്നാണ് സിപിഎമ്മിന്റെ നിലപാട്. ‘പൊന്‍മുണ്ടത്തില്‍ കോണ്‍ഗ്രസുമായി ഞങ്ങള്‍ക്ക് ഔദ്യോഗിക സഖ്യമില്ല. എന്നാല്‍ നിരവധി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഇപ്പോള്‍ സിപിഎമ്മില്‍ വിശ്വാസം അര്‍പ്പിച്ചിട്ടുണ്ട് . അവരുടെ വോട്ടുകള്‍ ഞങ്ങള്‍ സ്വാഗതം ചെയ്യുന്നു,’ സിപിഎം ജില്ലാ സെക്രട്ടറി വി പി അനില്‍ പറഞ്ഞു. വാഴയൂരിലും സമാനമായ ഒരു അഴിച്ചുപണി പ്രകടമാണ്. അവിടെ സിപിഐ എല്‍ഡിഎഫുമായി ബന്ധം വേര്‍പെടുത്തി യുഡിഎഫിനൊപ്പം ചേര്‍ന്ന് നാല് സീറ്റുകളില്‍ മത്സരിക്കാനാണ് തീരുമാനം. സിപിഐയുടെ വിടവാങ്ങലിനെ താല്‍ക്കാലിക വിള്ളലായിട്ടാണ് സിപിഎം കാണുന്നത്. ‘പാര്‍ട്ടികള്‍ക്കിടയില്‍ പ്രാദേശിക പ്രശ്‌നങ്ങളുണ്ടെന്നത് ശരിയാണ്, പക്ഷേ എല്‍ഡിഎഫ് അവ ആഭ്യന്തര ചര്‍ച്ചകളിലൂടെ പരിഹരിക്കുന്നു. ഇടതുമുന്നണിയുടെ ഐക്യമാണ് ഞങ്ങളുടെ മുന്‍ഗണന,’ വി പി അനില്‍ പറഞ്ഞു.
വ്യാഴാഴ്ചത്തെ എല്‍ഡിഎഫ് യോഗത്തില്‍ ഇക്കാര്യം ചര്‍ച്ച ചെയ്തതായി സിപിഐ ജില്ലാ സെക്രട്ടറി പി കെ കൃഷ്ണദാസ് സ്ഥിരീകരിച്ചു. ‘പ്രചാരണം ആരംഭിക്കുന്നതിന് മുമ്പ് പ്രശ്‌നം പരിഹരിക്കാന്‍ ഇരു പാര്‍ട്ടികളും പ്രതിനിധികളെ നിയമിച്ചിട്ടുണ്ട്. എല്‍ഡിഎഫ് ഐക്യം നിലനിര്‍ത്താനും തുറന്ന ഏറ്റുമുട്ടല്‍ ഒഴിവാക്കാനുമാണ് ഞങ്ങളുടെ തീരുമാനം,’ അദ്ദേഹം പറഞ്ഞു. കരുവാരക്കുണ്ട്, മക്കരപറമ്പ് പഞ്ചായത്തുകളിലും യുഡിഎഫില്‍ സമാനമായ പ്രശ്‌നങ്ങളുണ്ട്. എന്നിരുന്നാലും, തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് മുമ്പ് ആഭ്യന്തര പ്രശ്‌നങ്ങള്‍ പരിഹരിക്കുമെന്നാണ് ജില്ലാ നേതൃത്വത്തിന്റെ പ്രതീക്ഷ.


Recent Comments