രഞ്ജി ട്രോഫി; ആദ്യ ഇന്നിങ്സിൽ 238 റൺസിന് പുറത്ത്; ഫോളോ ഓൺ ചെയ്ത് കേരളം

രഞ്ജി ട്രോഫി; ആദ്യ ഇന്നിങ്സിൽ 238 റൺസിന് പുറത്ത്; ഫോളോ ഓൺ ചെയ്ത് കേരളം

തിരുവനന്തപുരം: രഞ്ജി ട്രോഫി ക്രിക്കറ്റിൽ കേരളത്തിനെതിരെ കർണാടകയ്ക്ക് 348 റൺസിൻ്റെ കൂറ്റൻ ലീഡ്. കേരളം ആദ്യ ഇന്നിങ്സിൽ 238 റൺസിന് ഓൾ ഔട്ടായി. തുടർന്ന് ഫോളോ ഓൺ ചെയ്ത കേരളം മൂന്നാം ദിവസം കളി നിർത്തുമ്പോൾ വിക്കറ്റ് പോകാതെ 10 റൺസെന്ന നിലയിലാണ്. 586 റൺസായിരുന്നു കർണാടക ആദ്യ ഇന്നിങ്സിൽ നേടിയത്.

മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 21 റൺസെന്ന നിലയിലാണ് മൂന്നാം ദിവസം കേരളം കളി തുടങ്ങിയത്. എന്നാൽ മൂന്നാം ഓവറിൽ തന്നെ 11 റൺസെടുത്ത അക്ഷയ് ചന്ദ്രൻ്റെ വിക്കറ്റ് നഷ്ടമായി. വിദ്വത് കവേരപ്പയുടെ പന്തിൽ അക്ഷയ് ക്ലീൻ ബൗൾഡായി. തൊട്ടു പിറകെ ബേസിൽ റിട്ടയേഡ് ഹർട് ആയി മടങ്ങി. തുടർന്നെത്തിയ സച്ചിൻ ബേബിയും ബാബ അപരാജിത്തും ചേർന്ന കൂട്ടുകെട്ട് കേരളത്തിന് പ്രതീക്ഷ നൽകി. 85 റൺസാണ് ഇരുവരും ചേർന്ന് കൂട്ടിച്ചേർത്തത്. എന്നാൽ സ്കോർ 114ൽ നിൽക്കെ സച്ചിൻ ബേബി മടങ്ങിയത് കേരളത്തിന് തിരിച്ചടിയായി. വിദ്വത് കവേരപ്പയുടെ പന്തിൽ ശ്രേയസ് ഗോപാൽ പിടിച്ചാണ് 31 റൺസെടുത്ത സച്ചിൻ ബേബി പുറത്തായത്.

മറുവശത്ത് ഉറച്ച് നിന്ന ബാബ അപരാജിതും അഹ്മദ് ഇമ്രാനും ചേർന്ന് ഇന്നിങ്സ് മുന്നോട്ടു നീക്കി. ഇരുവരും ചേർന്ന് 68 റൺസ് നേടിയെങ്കിലും ബാബ അപരാജിത്ത് പുറത്തായതോടെ കേരളത്തിൻ്റെ തകർച്ചയ്ക്ക് തുടക്കമായി. 88 റൺസെടുത്ത അപരാജിതിനെ ശിഖർ ഷെട്ടിയാണ് പുറത്താക്കിയത്. തൊട്ടു പിന്നാലെ 31 റൺസെടുത്ത അഹ്മദ് ഇമ്രാനും ആറ് റൺസെടുത്ത മുഹമ്മദ് അസ്ഹറുദ്ദീനും പുറത്തായി.

85 പന്തുകളിൽ നിന്ന് 29 റൺസുമായി ഷോൺ റോജർ ചെറുത്തു നിന്നെങ്കിലും വൈശാഖിൻ്റെ പന്തിൽ എൽബിഡബ്ല്യു ആയി മടങ്ങി. ആറ് റൺസെടുത്ത ഹരികൃഷ്ണനും പുറത്തായതോടെ കേരളത്തിൻ്റെ ഇന്നിങ്സിന് 238ൽ അവസാനിച്ചു. ഏദൻ ആപ്പിൾ ടടോം 60 പന്തുകളിൽ നിന്ന് 10 റൺസുമായി പുറത്താകാതെ നിന്നു. കർണാടകയ്ക്ക് വേണ്ടി വിദ്വത് കവേരപ്പ നാലും വൈശാഖ് മൂന്നും ശിഖർ ഷെട്ടി രണ്ടും വിക്കറ്റുകൾ വീഴ്ത്തി.

ഫോളോ ഓൺ ചെയ്ത് രണ്ടാം ഇന്നിങ്സ് ബാറ്റിങ് തുടങ്ങിയ കേരളത്തിന് വേണ്ടി കൃഷ്ണപ്രസാദും എംഡി നിധീഷും ചേർന്നാണ് ഇന്നിങ്സ് തുറന്നത്. കളി നിർത്തുമ്പോൾ കൃഷ്ണപ്രസാദ് രണ്ടും നിധീഷ് നാലും റൺസുമായി ക്രീസിലുണ്ട്.

ഹയർസെക്കണ്ടറി പ്രൈവറ്റ് രജിസ്ട്രേഷൻ: ഒന്നാം വർഷ വിദ്യാർഥികൾ പരീക്ഷാഫീസ് അടയ്ക്കണം

ഹയർസെക്കണ്ടറി പ്രൈവറ്റ് രജിസ്ട്രേഷൻ: ഒന്നാം വർഷ വിദ്യാർഥികൾ പരീക്ഷാഫീസ് അടയ്ക്കണം

സ്കോൾ-കേരള മുഖേന ഹയർസെക്കണ്ടറി കോഴ്സ് 2025-27 ബാച്ചിൽ പ്രൈവറ്റ് രജിസ്ട്രേഷന് അപേക്ഷിച്ച് ഇതിനകം നിർദിഷ്ട രേഖകൾ സമർപ്പിച്ച വിദ്യാർഥികൾക്ക് പരീക്ഷ കേന്ദ്രം അനുവദിക്കുന്ന നടപടികൾ പൂർത്തിയായി.രജിസ്ട്രേഷൻ സമയത്ത് വിദ്യാർഥികൾക്ക് അനുവദിച്ചിട്ടുള്ള യൂസർനെയിം, പാസ്‌വേഡ്‌ എന്നിവ ഉപയോഗിച്ച് www.scolekerala.org വെബ്സൈറ്റ് മുഖേന തിരിച്ചറിയർ കാർഡ് ഡൗൺലോഡ് ചെയ്തെടുത്ത് അനുവദിച്ചിട്ടുള്ള പരീക്ഷാകേന്ദ്രം, കോഡിനേറ്റിംഗ് ടീച്ചറുടെ മേലൊപ്പും സ്കൂൾ സീലും വാങ്ങണം.

വിദ്യാർഥികൾക്ക് അനുവദിച്ചിട്ടുള്ള പരീക്ഷാകേന്ദ്രങ്ങളിൽ പരീക്ഷാവിജ്ഞാപനം അനുസരിച്ച് ഒന്നാം വർഷ പരീക്ഷാഫീസ് അടയ്ക്കണം. ഒന്നാം വർഷ ഓറിയന്റേഷൻ ക്ലാസിന്റെ തീയതികൾ പരീക്ഷാകേന്ദ്രങ്ങളിൽ നിന്നും അറിയാവുന്നതാണെന്നും എക്സിക്യൂട്ടീവ് ഡയറക്ടർ അറിയിച്ചു. ജില്ലാ കേന്ദ്രങ്ങളിൽ നിന്നും വിവരങ്ങൾ ലഭിക്കും. കൂടുതൽ വിവരങ്ങൾക്ക്: 0471-2342950, 2342271.

‘എന്റെ കൂടെ നിന്ന എല്ലാവർക്കും പ്രാർഥിച്ചവർക്കും പുരസ്കാരം സമർപ്പിക്കുന്നു’

‘എന്റെ കൂടെ നിന്ന എല്ലാവർക്കും പ്രാർഥിച്ചവർക്കും പുരസ്കാരം സമർപ്പിക്കുന്നു’

മഞ്ഞുമ്മൽ ബോയ്സിലെ വിയർപ്പു തുന്നിയിട്ട കുപ്പായത്തിലൂടെ മികച്ച ​ഗാനരചയിതാവിനുള്ള സംസ്ഥാന പുരസ്കാരം കരസ്ഥമാക്കിയിരിക്കുകയാണ് റാപ്പർ ​വേടൻ (ഹിരൺദാസ് മുരളി). പുരസ്കാരം കിട്ടിയതിൽ സന്തോഷമുണ്ടെന്ന് വേടൻ ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു. “പടത്തിന്റെ ചർച്ചകൾക്കിടെ എന്താണ് വേണ്ടതെന്ന് ചിദംബരം പറഞ്ഞിരുന്നു. അതാണ് ഞാൻ കൊടുത്തത്. കേൾക്കുന്നവർ ഏറ്റെടുത്തതു കൊണ്ട് അത് ഹിറ്റായി. സന്തോഷം. എന്റെ കൂടെ നിന്ന എല്ലാവർക്കും എന്റെ സുഹൃത്തുക്കൾക്കും എനിക്ക് വേണ്ടി പ്രാർഥിച്ചവർക്കും ഈ പുരസ്കാരം സമർപ്പിക്കുന്നു. എല്ലാവരും സന്തോഷത്തിലാണ്”. – വേടൻ പ്രതികരിച്ചു.

2024 ലാണ് മഞ്ഞുമ്മൽ ബോയ്സ് പുറത്തിറങ്ങുന്നത്. മികച്ച സിനിമയും മഞ്ഞുമ്മൽ ബോയ്സ് ആണ്. സുഷിൻ ശ്യാം ആണ് ചിത്രത്തിന് സം​ഗീതമൊരുക്കിയത്. ഷൈജു ഖാലിദ് ആണ് ഛായാ​ഗ്രഹണം നിർവഹിച്ചിരിക്കുന്നത്. സൗബിൻ, ശ്രീനാഥ് ഭാസി, ബാലു വർ​ഗീസ്, ​ഗണപതി തുടങ്ങി നിരവധി താരങ്ങൾ ചിത്രത്തിൽ അണിനിരന്നു. അതേസമയം ഭ്രമയു​ഗത്തിലെ അഭിനയത്തിലൂടെ നടൻ മമ്മൂട്ടിയെ മികച്ച നടനായി തിരഞ്ഞെടുത്തു. മികച്ച നടിയായി ഷംല ഹംസയെയും തിരഞ്ഞെടുത്തു. മന്ത്രി സജി ചെറിയാനാണ് അവാർഡ് പ്രഖ്യാപനം നടത്തിയത്.

55-ാം സംസ്ഥാന ചലച്ചിത്ര അവാർഡ് പ്രഖ്യാപിച്ചു; മികച്ച നടൻ മമ്മൂട്ടി

55-ാം സംസ്ഥാന ചലച്ചിത്ര അവാർഡ് പ്രഖ്യാപിച്ചു; മികച്ച നടൻ മമ്മൂട്ടി

തൃശൂർ: 55-ാമത് സംസ്ഥാന ചലച്ചിത്ര പുരസ്കാരം പ്രഖ്യാപിച്ചു. മന്ത്രി സജി ചെറിയാനാണ് പുരസ്കാരം പ്രഖ്യാപിച്ചത്. മികച്ച നടനായി മമ്മൂട്ടിയെ തിരഞ്ഞെടുത്തു. ഭ്രമയുഗത്തിലെ കൊടുമണ്‍ പോറ്റി ആയുള്ള പ്രകടനത്തിനാണ് മമ്മൂട്ടിയ്ക്ക് പുരസ്കാരം ലഭിച്ചത്. മികച്ച നടിയായി ഷംല ഹംസയെയും മികച്ച ചിത്രമായി മഞ്ഞുമ്മൽ ബോയ്സും തിരഞ്ഞെടുത്തു. ജൂറി ചെയർമാൻ പ്രകാശ് രാജിന്റെ നേതൃത്വത്തിലുള്ള ഏഴംഗ കമ്മിറ്റിയുടെ അവസാന ഘട്ട സ്ക്രീനിങ്ങ് കഴിഞ്ഞമാസം അവസാനത്തോടെ പൂർത്തിയായിരുന്നു.

അവാർഡ് പട്ടിക ഇങ്ങനെ:

രചനാ വിഭാ​ഗം

മികച്ച ചലച്ചിത്ര ​ഗ്രന്ഥം – പെൺപാട്ട് താരകൾ (രചയിതാവ് സി മീനാക്ഷി)

മികച്ച ചലച്ചിത്ര ലേഖനം – മറയുന്ന നാലുകെട്ടുകള്‍

പ്രത്യേക ജൂറി അവാർഡ്- പാരഡൈസ്

മികച്ച നവാ​ഗത സംവിധായകൻ- ഫാസിൽ മുഹമ്മദ് (ഫെമിനിച്ചി ഫാത്തിമ)

മികച്ച വിഷ്വൽ എഫക്ട്സ്- അജയന്റെ രണ്ടാം മോഷണം

മികച്ച വസ്ത്രാലങ്കാരം- സമീറ സനീഷ് (രേഖാചിത്രം, ബൊ​ഗയ്ൻവില്ല)

മികച്ച മേക്കപ്പ് ആർട്ടിസ്റ്റ്- റോണക്സ് സേവ്യർ (ഭ്രമയു​ഗം)

മികച്ച നൃത്തസംവിധാനം- സുമേഷ് സുന്ദർ (ബൊഗെയ്ൻ വില്ല)

ജനപ്രീതിയും കലാമേന്മയുമുള്ള ചിത്രം- പ്രേമലു

മികച്ച കലാസംവിധായകൻ- അജയൻ ചാലിശേരി (മഞ്ഞുമ്മൽ ബോയ്സ്)

മികച്ച കൊറിയോഗ്രഫി- സുമേഷ് സുന്ദര്‍, ജിഷ്ണുദാസ് എംവി (ബൊഗെയ്ന്‍വില്ല)

ഡബ്ബിങ് ആര്‍ട്ടിസ്റ്റ്- സയനോര ഫില്‍പ്പ് (ബറോസ്), ഭാസി വൈക്കം, രാജേഷ് ഒവി (ബറോസ്)

മികച്ച പിന്നണി ​ഗായിക – സെബ ടോമി (അംഅ)

മികച്ച പിന്നണി ​ഗായകൻ- കെഎസ് ഹരിശങ്കർ (എആർഎം)

മികച്ച പശ്ചാത്തല സംഗീതം : ക്രിസ്‌റ്റോ സേവ്യര്‍ (ഭ്രമയുഗം)

മികച്ച സം​ഗീത സംവിധായകൻ- സുഷിൻ ശ്യാം (മറിവകളേ പറയൂ, ഭൂലോകം)

സിങ്ക് സൗണ്ട് – അജയന്‍ അടാട്ട് (പണി)

കലാസംവിധാനം – അജയന്‍ ചാലുശ്ശേരി ( മഞ്ഞുമ്മല്‍ ബോയ്‌സ്)

മികച്ച ​ഗാനരചയിതാവ്- വേടൻ (വിയർപ്പ് തുന്നിയിട്ട കുപ്പായം)

മികച്ച തിരക്കഥ (അഡാപ്റ്റേഷൻ) – ലാജോ ജോസ്, അമൽ നീരദ്

മികച്ച തിരക്കഥാകൃത്ത്- ചിദംബരം

മികച്ച കഥാകൃത്ത്- പ്രസന്ന വിതാരംഗ (പാരഡൈസ്)

മികച്ച ഛായാ​ഗ്രഹകൻ- ഷൈജു ഖാലിദ് (മഞ്ഞുമ്മൽ ബോയ്സ്)

മികച്ച സ്വഭാവ നടി- ലിജോ മോൾ ജോസ് (നടന്ന സംഭവം)

മികച്ച സ്വഭാവ നടൻ- സൗബിൻ (മഞ്ഞുമ്മൽ ബോയ്സ്), സിദ്ധാർഥ് ഭരതൻ (ഭ്രമയു​ഗം)

മികച്ച സംവിധായകൻ- ചിദംബരം (മഞ്ഞുമ്മൽ ബോയ്സ്)

മികച്ച രണ്ടാമത്തെ ചിത്രം – ഫെമിനിച്ചി ഫാത്തിമ

മികച്ച ചിത്രം- മഞ്ഞുമ്മൽ ബോയ്സ്

പ്രത്യേക ജൂറി പരാമർശം- ജ്യോതിർമയി, ദർശന രാജേന്ദ്രൻ

മികച്ച നടി- ഷംല ഹംസ

പ്രത്യേക ജൂറി പരാമർശം (അഭിനയം)- ടൊവിനോ

പ്രത്യേക ജൂറി പരാമർശം (അഭിനയം)- ആസിഫ് അലി(കിഷ്കിന്ധാ കാണ്ഡം)

മികച്ച നടൻ- മമ്മൂട്ടി

38 സിനിമകളാണ് അവസാനഘട്ടത്തിൽ മത്സരത്തിനുണ്ടായിരുന്നത്. മമ്മൂട്ടി, വിജയരാഘവന്‍, ആസിഫ് അലി എന്നിവരാണ് മികച്ച നടനായി മത്സരിച്ചത്. മികച്ച നടിമാരുടെ പുരസ്‌കാരത്തിനായി ദിവ്യപ്രഭ, കനി കുസൃതി, ഷംല ഹംസ എന്നിവരായിരുന്നു മത്സര രം​ഗത്തുണ്ടായിരുന്നത്.

അനശ്വര രാജന്‍, ജ്യോതിര്‍മയി, സുരഭി ലക്ഷ്മി തുടങ്ങിയവരും സാധ്യത പട്ടികയിലുണ്ടായിരുന്നു. നവംബർ ഒന്നിന് കേരളപ്പിറവി ദിനത്തിൽ ചലചിത്ര പുരസ്‌കാര പ്രഖ്യാപനം നടത്തുമെന്നായിരുന്നു നേരത്തെ തീരുമാനിച്ചിരുന്നത്. എന്നാൽ പിന്നീട് പ്രഖ്യാപനം നീട്ടുകയായിരുന്നു. ജൂറി ചെയർമാന് പ്രകാശ് രാജിന്റെ അസൗകര്യം പരിഗണിച്ചാണ് അവാർഡ് പ്രഖ്യാപനം മാറ്റിയത്.