by Midhun HP News | Nov 3, 2025 | Latest News, കേരളം
കോട്ടയം: ലോലന്‍ എന്ന ഒറ്റ കഥാപാത്രം കൊണ്ട് മലയാള കാര്‍ട്ടൂണ്‍ രംഗത്ത് വ്യക്തിമുദ്ര പതിപ്പിച്ച കാര്‍ട്ടൂണിസ്റ്റ് ചെല്ലന്‍ (ടി.പി.ഫിലിപ്പ്) കോട്ടയത്ത് അന്തരിച്ചു. 77 വയസായിരുന്നു. സംസ്‌കാരചടങ്ങുകള്‍ നവംബര്‍ 3 ന് തിങ്കളാഴ്ച്ച വൈകീട്ട് മൂന്നുമണിക്ക് വടവാതൂരില്‍ നടക്കും.ലോലന്റെ ബെല്‍ബോട്ടം പാന്റും വ്യത്യസ്തമായ ഹെയര്‍ സ്‌റ്റൈലും അന്ന് കോളജ് കുമാരന്മാര്‍ അനുകരിച്ചിരുന്നു. അക്കാലത്താണ് കോളജുകളിലെ പ്രണയ നായകന്മാര്‍ക്ക് ലോലന്‍ എന്ന വിളിപ്പേരും വീണത്.
ലോലന്‍ എന്ന കാര്‍ട്ടൂണ്‍ കഥാപാത്രത്തെ കൊച്ചിയിലെ നെവര്‍ എന്‍ഡിംഗ് സര്‍ക്കിള്‍ എന്ന അനിമേഷന്‍ സ്ഥാപനം അനിമേറ്റ് ചെയ്തുകൊണ്ടിരിക്കെയാണ് അതിന്റെ സ്രഷ്ടാവായ ചെല്ലന്റെ മരണം. 1948-ല്‍ പൗലോസിന്റെയും മാര്‍ത്തയുടെയും മകനായി ജനിച്ച ചെല്ലന്‍ 2002-ല്‍ കെഎസ്ആര്‍ടിസിയില്‍ നിന്ന് പെയിന്ററായാണ് വിരമിച്ചത്.
കാര്‍ട്ടൂണ്‍ രംഗത്തെ സമഗ്ര സംഭാവനകള്‍ക്ക് കാര്‍ട്ടൂണിസ്റ്റ് ചെല്ലന് കേരള കാര്‍ട്ടൂണ്‍ അക്കാദമി വിശിഷ്ടാംഗത്വം നല്‍കി ആദരിച്ചിട്ടുണ്ട്. കോട്ടയത്ത് വിശ്രമജീവിതത്തിലായിരുന്നു. മറിയാമ്മ ഫിലിപ്പാണ് ഭാര്യ. മകന്‍ സുരേഷ്.


by Midhun HP News | Nov 3, 2025 | Latest News, കേരളം
കൊച്ചി: മഴ വിട്ടുനിന്നതോടെ സംസ്ഥാനത്ത് അതിരാവിലെ തണുപ്പ് അനുഭവപ്പെട്ട് തുടങ്ങി. സീസണിലെ ഏറ്റവും കുറഞ്ഞ താപനില മൂന്നാറില്‍ രേഖപ്പെടുത്തി. ഇന്നലെ അതിരാവിലെ മൂന്നാറില്‍ 6.2 ഡിഗ്രി സെല്‍ഷ്യസ് ആയാണ് താപനില താഴ്ന്നത്. മൂന്നാറിന് അടുത്തുള്ള കുണ്ടല ഡാമിലും നല്ല തണുപ്പാണ്. രാവിലെ 6.9 ഡിഗ്രി സെല്‍ഷ്യസ് ആണ് രേഖപ്പെടുത്തിയത്.
തുടര്‍ച്ചയായ ദിവസങ്ങളില്‍ പത്തു ഡിഗ്രിക്ക് താഴെ രേഖപ്പെടുത്തിയതോടെ, മൂന്നാറിലേക്ക് സഞ്ചാരികളുടെ ഒഴുക്ക് തുടങ്ങിയിട്ടുണ്ട്. ഇടുക്കി, വയനാട് എന്നിവയ്ക്ക് പുറമേ പത്തനംതിട്ട, തിരുവനന്തപുരം, പാലക്കാട് ജില്ലകളിലെ മലയോര മേഖലകളിലും കുറഞ്ഞ താപനില 20 ഡിഗ്രി സെല്‍ഷ്യസില്‍ താഴെ രേഖപ്പെടുത്തി.
അതേ സമയം മഴ വിട്ടുനിന്നതോടെ, പകല്‍ താപനിലയും ഉയരുന്നുണ്ട്. പകല്‍ ചൂട് ശരാശരി 33- 37 ഡിഗ്രി സെല്‍ഷ്യസായാണ് ഉയരുന്നത്. വരും ദിവസങ്ങളിലും വരണ്ട അന്തരീക്ഷ സ്ഥിതി തുടരുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പില്‍ പറയുന്നത്. എങ്കില്‍ വരുംദിവസങ്ങളിലും പകല്‍ താപനില ഉയരാന്‍ സാധ്യതയുണ്ട്.


by Midhun HP News | Nov 3, 2025 | Latest News, കേരളം
കൊച്ചി: കേരളത്തില്‍ യഥാര്‍ഥ ജനസംഖ്യയേക്കാള്‍ കുടുതല്‍ ആധാര്‍ രജിസ്‌ട്രേഷനുകള്‍. സംസ്ഥാനത്തെ ആകെ ജനസംഖ്യ 3,60,63,000 ആണെന്നാണ് ഔദ്യോഗിക കണക്കുകള്‍. എന്നാല്‍, 2025 സെപ്റ്റംബര്‍ 30 വരെ വിതരണം ചെയ്ത ആധാര്‍ കാര്‍ഡുകളുടെ എണ്ണം 4,09,68,282 ആണ്. 49 ലക്ഷത്തിലധികം ആധാര്‍ കാര്‍ഡുകള്‍ അധികമുണ്ടെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. വിവരാവകാശ നിയമ പ്രകാരമുള്ള ചോദ്യത്തിന് യുണീക്ക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യ (യുഐഡിഎഐ) നല്‍കിയ മറുപടിയിലാണ് ആശയക്കുഴപ്പം വ്യക്തമാക്കുന്നത്. രാജ്യവ്യാപകമായുള്ള പ്രവണതയാണിതെങ്കിലും കേരളത്തില്‍ അന്തരം കൂടുതലാണെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.
യുണീക്ക് ഐഡന്റിഫിക്കേഷന്‍ സിസ്റ്റം സമയബന്ധിതമായി അപ്‌ഡേറ്റ് ചെയ്യാത്തതാണ് പിഴവിന് കാരണമാകുന്നതെന്നാണ് വിലയിരുത്തല്‍. മരണമടഞ്ഞ വ്യക്തികളുടെ ആധാര്‍ റദ്ദാക്കാനോ, നിര്‍ജ്ജീവമാക്കാനോ ഉള്ള നടപടികള്‍ കാര്യക്ഷമല്ലാത്തതാണ് വ്യത്യാസത്തിന്റെ പ്രധാന കാരണമെന്ന് കൊച്ചിയിലെ വിവരാവകാശ പ്രവര്‍ത്തകനായ രാജു വാഴക്കാല പറഞ്ഞു. വിവരങ്ങള്‍ സമയബന്ധിതമായി അപ്‌ഡേറ്റ് ചെയ്യപ്പെടാത്ത സാഹചര്യം മരിച്ചു പോയവരുടെ രേഖകള്‍ ദുരുപയോഗം ചെയ്യപ്പെടാന്‍ സാധ്യത വര്‍ധിപ്പിക്കുന്നതാണ്. അതിനാല്‍ ഡാറ്റയുടെ കൃത്യതയും സുരക്ഷയും ഉറപ്പാക്കാന്‍ അടിയന്തര ഇടപെടല്‍ ആവശ്യമാണെന്നും രാജു ചൂണ്ടിക്കാട്ടുന്നു.
രാജ്യ വ്യാപകമായി ഇത്തരത്തില്‍ ഒരു അന്തരം നിലനില്‍ക്കുന്നുണ്ട്. ഇന്ത്യയിലെ ജനസംഖ്യ 141 കോടിയിലധികമാണെന്നിരിക്കെ ( 141,22,25,700) വിതരണം ചെയ്ത ആധാര്‍ കാര്‍ഡുകളുടെ എണ്ണം 142 കോടിയിലധികമാണ് (142,95,78,647) . കൃത്യമായി പറഞ്ഞാല്‍ 1,73,52,947 ആധാര്‍ രജിസ്‌ട്രേഷനുകള്‍ കൂടുതലായുണ്ട്. കേരളത്തിന് പുറമെ, ആന്ധ്രാപ്രദേശ്, കര്‍ണാടക, മഹാരാഷ്ട്ര, പഞ്ചാബ്, രാജസ്ഥാന്‍, തമിഴ്നാട്, തെലങ്കാന, ത്രിപുര, ഉത്തരാഖണ്ഡ്, പശ്ചിമ ബംഗാള്‍ തുടങ്ങിയ സംസ്ഥാനങ്ങളിലും ഈ അന്തരം നിലനില്‍ക്കുണ്ട്.
അതേസമയം, ആധാര്‍ ഡാറ്റാബേസിന്റെ കൃത്യത നിലനിര്‍ത്തുന്നതിനും മരണമടഞ്ഞവരുടെ ആധാര്‍ നമ്പറുകള്‍ നിര്‍ജ്ജീവമാക്കുന്ന നടപടി കാര്യക്ഷമായി പുരോഗമിക്കുന്നുണ്ടെന്ന് യുഐഡിഎഐ നല്‍കുന്ന വിശദീകരണം.
സിവില്‍ രജിസ്‌ട്രേഷന്‍ സിസ്റ്റം (സിആര്‍എസ്) വഴി 24 സംസ്ഥാനങ്ങളില്‍ നിന്നും കേന്ദ്രഭരണ പ്രദേശങ്ങളില്‍ നിന്നുമായി ഏകദേശം 1.55 കോടി മരണ രേഖകള്‍ ലഭിച്ചിട്ടുണ്ട്. ഇതനുസരിച്ച രജിസ്ട്രാര്‍ ജനറല്‍ ഓഫ് ഇന്ത്യയുമായി (ആര്‍ജിഐ) സഹകരിച്ച് 1.17 കോടിയിലധികം ആധാര്‍ നമ്പറുകള്‍ വിജയകരമായി നിര്‍ജ്ജീവമാക്കി. സിആര്‍എസ് ഇതര സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും സമാനമായ ഒരു പ്രക്രിയ നടക്കുന്നുണ്ടെന്നും യുഐഡിഎഐ പറയുന്നു.
ആധാറിന്റെ വെബ്‌സൈറ്റ് മുഖേനെയും മരിച്ച വ്യക്തികളുടെ വിവരങ്ങള്‍ അറിയിക്കാന്‍ സൗകര്യമുണ്ട്. 2025 ജൂണ്‍ 9 മുതല്‍ ഈ സൗകര്യം നിലവിലുണ്ട്. ഇതിലൂടെ മരിച്ചയാളുടെ ആധാറും മരണ രജിസ്‌ട്രേഷന്‍ നമ്പറും ഉപയോഗിച്ച് മരണം റിപ്പോര്‍ട്ട് ചെയ്യാന്‍ കുടുംബാംഗങ്ങള്‍ക്ക് സാധിക്കും. ഔദ്യോഗിക മരണ സര്‍ട്ടിഫിക്കറ്റ് ഉപയോഗിച്ച് ഈ നടപടി പൂര്‍ത്തിയാക്കാനാകും. ബാങ്കുകളില്‍ നിന്ന് മരണ രേഖകള്‍ ശേഖരിക്കുന്നതിനെക്കുറിച്ചും, നൂറ് വയസ് പിന്നിട്ടവരെ കണ്ടെത്താന്‍ സംസ്ഥാന സര്‍ക്കാരുകളുമായി സഹകരിച്ചുമുള്ള പ്രവര്‍ത്തനങ്ങളും തുടരുന്നുണ്ടെന്നാണ് യുഐഡിഎഐ പറയുന്നത്.


by Midhun HP News | Nov 3, 2025 | Latest News, കായികം, ജില്ലാ വാർത്ത
മലപ്പുറം: അര്‍ജന്റീന ടീം മാര്‍ച്ചില്‍ കേരളത്തില്‍ കളിക്കുമെന്ന് കായിക മന്ത്രി വി അബ്ദുറഹിമാന്‍. മലപ്പുറത്ത് നടന്ന കായിക വകുപ്പിന്റെ വിഷന്‍ സെമിനാറിലാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. രണ്ടുദിവസം മുന്‍പ് അര്‍ജന്റീന ടീമിന്റെ മെയില്‍ വന്നുവെന്നും മാര്‍ച്ചില്‍ കേരളത്തില്‍ കളിക്കുമെന്നും അതിന്റെ പ്രഖ്യാപനം അടുത്ത ദിവസം ഉണ്ടാകുമെന്നും മന്ത്രി പറഞ്ഞു.
നവംബര്‍ മാസത്തില്‍ അര്‍ജന്റീന ടീമിനെ കൊണ്ടുവരാനായിരുന്നു പദ്ധതിയിട്ടത്. കൊച്ചിയിലെ സ്റ്റേഡിയത്തില്‍ കളി നടത്താനായിരുന്നു തീരുമനം. എന്നാല്‍ സ്‌റ്റേഡിയത്തിലെ ചില അസൗകര്യങ്ങള്‍ തടസ്സമായി. ഇപ്പോ അത് എല്ലാം പൂര്‍ത്തിയായെങ്കിലും സ്റ്റേഡിയത്തിനുള്ള അംഗീകാരം ലഭ്യമാകത്തതുകൊണ്ടാണ് കളി നവംബറില്‍ നടക്കാതെ പോയതെന്നും മന്ത്രി പറഞ്ഞു. ‘രണ്ടുദിവസം മുന്‍പ് അര്‍ജന്റീന ടീമിന്റെ മെയില്‍വന്നു. മാര്‍ച്ചില്‍ നിര്‍ബന്ധമായി വരുമെന്നും അടുത്ത ദിവസം തന്നെ അതിന്റെ അനൗണ്‍സ്‌മെന്റ് നടത്തുമെന്നും അവര്‍ അറിയിച്ചു’- മന്ത്രി പറഞ്ഞു.
മെസിയുടെ വരവ് രാഷ്ട്രീയമായി തര്‍ക്കത്തിനുള്ള വേദിയായിയല്ല സര്‍ക്കാര്‍ കണ്ടെതെന്നും കേരളത്തില്‍ പുതിയ കാലത്തിനനുസരിച്ച് കായിക മേഖലയെ അഭിവൃദ്ധിപ്പെടുത്തുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു. രാജ്യത്ത് ആദ്യമായി സ്‌പോര്‍ട്‌സ് എക്കോണമി നടപ്പാക്കുന്ന സംസ്ഥാനം കേരളമാണ്. അതിന്റെ അടിസ്ഥാനത്തില്‍ കുടുതല്‍ വിദേശമത്സരങ്ങള്‍ സംഘടിപ്പിക്കാനും ലക്ഷ്യമിടുന്നതായും മന്ത്രി പറഞ്ഞു.


by Midhun HP News | Nov 3, 2025 | Latest News, ജില്ലാ വാർത്ത
ആറ്റിങ്ങല്‍ നഗരസഭാ പരിധിയില്‍ പന്നി ശല്യം രൂക്ഷമാണ്. അവനവഞ്ചേരി ക്ഷേത്രത്തിന് നടയിൽ ബാർബർ ഷോപ്പ് നടത്തുന്ന ആൾക്ക് പന്നി ആക്രമണത്തിൽ പരിക്കേറ്റു
പന്നി ശല്യം നിയന്ത്രിക്കുന്നതിന് നടപടി സ്വീകരിക്കണമെന്നു നാട്ടുകാർ.


Recent Comments