സൗജന്യ നേത്ര പരിശോധനയും സൗജന്യ തിമിര ശസ്ത്രക്രിയയും

സൗജന്യ നേത്ര പരിശോധനയും സൗജന്യ തിമിര ശസ്ത്രക്രിയയും

കലാനികേതൻ സാംസ്കാരിക സമിതിയും, കെ പി ആർ എയും തിരുനെൽവേലി അരവിന്ദ് കണ്ണാശുപത്രിയും സംയുക്തമായി സംഘടിപ്പിച്ച പതിനാലാമത് സൗജന്യ നേത്ര പരിശോധനയും തിമിര ശസ്ത്രക്രിയ ക്യാമ്പും വേങ്ങോട് പൊതുമന്ദിരത്തിൽ സംഘടിപ്പിച്ചു.

ക്യാമ്പിന്റെ ഉദ്ഘാടനം ബി.കെ പ്രശാന്തൻ കാണി ഐപിഎസ് നിർവഹിച്ചു. കലാനികേതൻ കെ പി ആർ എ ചെയർമാൻ എം. എ ലത്തീഫ് അധ്യക്ഷത വഹിച്ചു. പഞ്ചായത്തംഗം ബി. സി അജയരാജ്, സബ് ഇൻസ്പെക്ടർ എം എ ഉറൂബ്, ശ്രീചന്ദ്. എസ്, പോത്തൻകോട് പഞ്ചായത്തംഗം കെ.പി പുരുഷോത്തമൻ, അരവിന്ദ് കണ്ണശുപുത്രിയിലെ ഡോ.അയന മാത്യു, ഡോ.ശാലിമ, ക്യാമ്പ് കോർഡിനേറ്റർ ഹേമചന്ദ്രൻ, വേങ്ങോട് അനിൽകുമാർ, കലാനികേതൻ സെക്രട്ടറി ടി.നാസർ, പഞ്ചായത്തംഗം ഗോപകുമാർ, ബിന്ദു ബാബു, നയന ഷമീർ, സഞ്ജു. എൻ തുടങ്ങിയവർ സംസാരിച്ചു.

ഒഴുകിയെത്തിയത് 95,447 കോടി, നാല് മുന്‍നിര കമ്പനികളുടെ വിപണി മൂല്യത്തില്‍ വര്‍ധന; തിളങ്ങി റിലയന്‍സ്

ഒഴുകിയെത്തിയത് 95,447 കോടി, നാല് മുന്‍നിര കമ്പനികളുടെ വിപണി മൂല്യത്തില്‍ വര്‍ധന; തിളങ്ങി റിലയന്‍സ്

മുംബൈ: ഓഹരി വിപണിയില്‍ പത്തു മുന്‍നിര കമ്പനികളില്‍ നാലെണ്ണത്തിന്റെ വിപണി മൂല്യത്തില്‍ വര്‍ധന. കഴിഞ്ഞയാഴ്ച റിലയന്‍സ് ഇന്‍ഡസ്ട്രീസ് അടക്കമുള്ള നാലു കമ്പനികളുടെ വിപണി മൂല്യത്തില്‍ ഒന്നടങ്കം 95,447 കോടിയുടെ വര്‍ധനയാണ് രേഖപ്പെടുത്തിയത്. അതേസമയം മറ്റു ആറു മുന്‍നിര കമ്പനികള്‍ക്ക് വിപണി മൂല്യത്തില്‍ 91,685 കോടിയുടെ നഷ്ടം നേരിട്ടു.

വെള്ളിയാഴ്ച അവസാനിച്ച ആഴ്ചയില്‍ വിപണി മൂല്യത്തില്‍ റിലയന്‍സിന് 47,431 കോടിയുടെ വര്‍ധനയാണ് രേഖപ്പെടുത്തിയത്. 20,11,602 കോടിയായാണ് റിലയന്‍സിന്റെ വിപണി മൂല്യം ഉയര്‍ന്നത്. എസ്ബിഐ 30,091 കോടി, ഭാരതി എയര്‍ടെല്‍ 14,540 കോടി, എല്‍ഐസി 3,383 കോടി എന്നിങ്ങനെയാണ് മറ്റു കമ്പനികളുടെ വിപണി മൂല്യത്തില്‍ ഉണ്ടായ വര്‍ധന.

ബജാജ് ഫിനാന്‍സ്, എച്ച്ഡിഎഫ്‌സി ബാങ്ക്, ടിസിഎസ്, ഐസിഐസിഐ ബാങ്ക്, ബജാജ് ഫിനാന്‍സ്, ഇന്‍ഫോസിസ്, ഹിന്ദുസ്ഥാന്‍ യൂണിലിവര്‍ ഓഹരികളാണ് നഷ്ടം നേരിട്ടത്. ബജാജ് ഫിനാന്‍സിന് മാത്രം കഴിഞ്ഞാഴ്ച വിപണി മൂല്യത്തില്‍ 29,090 കോടിയുടെ നഷ്ടമാണ് നേരിട്ടത്. ഐസിഐസിഐ ബാങ്ക് 21,618 കോടി, ഇന്‍ഫോസിസ് 17,822 കോടി, ഹിന്ദുസ്ഥാന്‍ യൂണിലിവര്‍ 11,924 കോടി എന്നിങ്ങനെയാണ് നഷ്ടത്തില്‍ മുന്‍പിലുള്ള മറ്റു കമ്പനികളുടെ വിപണി മൂല്യത്തില്‍ ഉണ്ടായ ഇടിവ്. ഇത്തവണയും വിപണി മൂല്യത്തില്‍ റിലയന്‍സ് തന്നെയാണ് മുന്നില്‍. എച്ച്ഡിഎഫ്‌സി ബാങ്ക്, ഭാരതി എയര്‍ടെല്‍, ടിസിഎസ്, ഐസിഐസിഐ ബാങ്ക് എന്നിവയാണ് തൊട്ടുപിന്നിലുള്ള കമ്പനികള്‍.

കേരളത്തില്‍ പത്തില്‍ മൂന്ന് പേരും കടക്കെണിയിൽ; പുതിയ കണക്കുകള്‍

കേരളത്തില്‍ പത്തില്‍ മൂന്ന് പേരും കടക്കെണിയിൽ; പുതിയ കണക്കുകള്‍

തിരുവനന്തപുരം: കടബാധ്യതയേറിയ സംസ്ഥാനങ്ങളില്‍ കേരളം മൂന്നാം സ്ഥാനത്തെന്ന് കണക്കുകള്‍. സംസ്ഥാനത്ത് പ്രായപൂർത്തിയായ പത്തില്‍ മൂന്ന് പേരും കടക്കെണിയിലെന്ന് നാഷണല്‍ സ്റ്റാറ്റിസ്റ്റിക്‌സ് ഓഫീസ്(എന്‍എസ്ഒ) പ്രസിദ്ധീകരിച്ച പുതിയ പഠനം പറയുന്നു. കടബാധിത സംസ്ഥാനങ്ങളുടെ പട്ടികയില്‍ കേരളം 29.9 ശതമാനത്തോടെ മൂന്നാം സ്ഥാനത്താണ്. ആന്ധ്രാപ്രദേശ് (43.7%) ഒന്നാമതും തെലങ്കാന (37.2%) രണ്ടാം സ്ഥാനത്തുമാണ്.

ബിനോദ് ബിഹാരി ജെനയും രബിനാരായണന്‍ പത്രയും ചേര്‍ന്ന് തയാറാക്കിയ ‘Financial Inclusion and Indebtedness in India: Insights from NSS 78th Round’ എന്ന റിപ്പോര്‍ട്ടിലെ കണക്കുകളാണ് പുറത്തുവന്നത്. കടബാധ്യതയില്‍ ദേശീയ ശരാശരി 14.7 ശതമാനമാണ്.

സാമ്പത്തിക ഉള്‍ചേര്‍ക്കലുകളുടെ കണക്കുകളില്‍ കര്‍ണാടകയാണ് (95.9%) മുന്നില്‍, ആന്ധ്രാപ്രദേശ് (92.3%), തമിഴ്നാട് (92%) എന്നി സംസ്ഥാനങ്ങളാണ് രണ്ടും മൂന്നും സ്ഥാനങ്ങളില്‍. ഛത്തീസ്ഗഡ്(91.1%) നാലാം സ്ഥാനത്ത് തുടരുമ്പോള്‍ കേരളത്തിന്റെ(91.0%) സ്ഥാനം അഞ്ചാമതാണ്. രാജ്യത്തെ ആറ് മേഖലകളിലെ കണക്കുകള്‍ എടുത്താന്‍ ദക്ഷിണേന്ത്യയിലാണ് സാമ്പത്തിക ഉള്‍ചേര്‍ക്കലുകളുടെയും കടബാധ്യതയുടെയും തോത് ഏറ്റവും കൂടിയത്. ഇത് യഥാക്രമം 92.1%, 31.8%, എന്നിങ്ങനെയാണിത്. എന്നാല്‍ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ യഥാക്രമം 80.2%, 7.4% എന്നിങ്ങനെയാണ് കണക്കുകള്‍.

‘ഗുഡ് ഡെബ്റ്റ്’ , ‘ബാഡ് ഡെബ്റ്റ്’

കടബാധ്യതയും കുടുംബത്തിന്റെ സാമ്പത്തിക നിലയും തമ്മില്‍ നേരിട്ടുള്ള ബന്ധമുണ്ടെന്നും കടബാധ്യതയും കുടുംബത്തിന്റെ വലുപ്പവും തമ്മിലുള്ള വിപരീത ബന്ധമുണ്ടെന്നും റിപ്പോര്‍ട്ട് പറയുന്നു. വായ്പ എന്തിന് വിനിയോഗിക്കുന്നു എന്നതിന്റെ അടിസ്ഥാനമാക്കിയാണ് ‘ഗുഡ് ഡെബ്റ്റ്’ അല്ലെങ്കില്‍ ‘ബാഡ് ഡെബ്റ്റ്’ എന്നിങ്ങനെ തരംതിരിക്കുന്നതെന്ന് സെന്റര്‍ ഫോര്‍ ഡെവലപ്മെന്റ് സ്റ്റഡീസിന്റെ ഡയറക്ടര്‍ സി വീരമണി പറഞ്ഞു.

ദൈനംദിന ചെലവുകള്‍ക്കോ ? ഈടുനില്‍ക്കുന്ന വസ്തുക്കള്‍ക്കോ ?വേണ്ടിയുള്ളതാണ് വായ്പയെങ്കില്‍ അത് അഭികാമ്യമല്ല. കേരളത്തില്‍ കാറുകള്‍, മൊബൈല്‍ ഫോണുകള്‍ തുടങ്ങിയുടെ ഉപഭോഗം കൂടുതലാണ്. അതിവേഗം വളരുന്ന ഡിജിറ്റല്‍ വായ്പാ വിപണി, ക്രെഡിറ്റ് കാര്‍ഡുകളുടെ എളുപ്പത്തിലുള്ള ലഭ്യത, ഇഎംഐ ഓഫറുകള്‍ എന്നിവ കടബാധ്യതകള്‍ കൂടുന്നതിന് കാരണമാകാമെന്നും അദ്ദേഹം പറഞ്ഞു.

മറുവശത്ത്, കാര്‍ഷിക ഉപകരണങ്ങള്‍, വിദ്യാഭ്യാസ വായ്പകള്‍ എന്നിവ പോലുള്ള മനുഷ്യ മൂലധനത്തില്‍ നിക്ഷേപിക്കുന്ന മൂലധന വായ്പകളെ ഉല്‍പ്പാദനക്ഷമമായാണ് കണക്കാക്കപ്പെടുന്നുത്. സി വീരമണി പറഞ്ഞു.

ശബരിമല തീര്‍ഥാടനം; 415 സ്‌പെഷ്യല്‍ ട്രെയിനുകള്‍, സര്‍വീസുകള്‍ പത്തുനഗരങ്ങളില്‍ നിന്ന്

ആലപ്പുഴ: ശബരിമല തീര്‍ഥാടന കാലത്ത് ഇക്കുറി 415 സ്‌പെഷ്യല്‍ ട്രെയിനുകള്‍ സര്‍വീസ് നടത്തും. തീര്‍ഥാടകര്‍ക്കായി റെയില്‍വേ ഒരുക്കുന്ന സൗകര്യങ്ങള്‍ വിലയിരുത്താന്‍ കൊടിക്കുന്നില്‍ സുരേഷ് എംപി ചെങ്ങന്നൂര്‍ റെയില്‍വേ സ്റ്റേഷനില്‍ വിളിച്ചുചേര്‍ത്ത യോഗത്തിലാണ് തീരുമാനം.

ദക്ഷിണ റെയില്‍വേ തിരുവനന്തപുരം ഡിവിഷന്‍ മാനേജര്‍ ദിവ്യകാന്ത് ചന്ദ്രകാര്‍ യോഗത്തില്‍ പങ്കെടുത്തു. ഇത്തവണ സ്‌പെഷല്‍ ട്രെയിനുകള്‍ കോട്ടയം വഴിയും പുനലൂര്‍ വഴിയും ഉണ്ടാകുമെന്ന് എംപി അറിയിച്ചു. ട്രെയിനുകള്‍ പ്രധാനമായും ചെന്നൈ, ബംഗളൂരു, മംഗലൂരു, തിരുപ്പതി, വിശാഖപട്ടണം, സെക്കന്ദരാബാദ്, നാന്ദേഡ്, ലോകമാന്യതിലക്, ഹുബ്ബള്ളി, താംബരം എന്നിവിടങ്ങളില്‍ നിന്നായിരിക്കും സര്‍വീസ് ആരംഭിക്കുക.

ഇക്കാര്യം ചെയ്തില്ലേ? ജനുവരി 1 മുതല്‍ പാന്‍ കാര്‍ഡ് പ്രവര്‍ത്തനരഹിതമാകും

ഇക്കാര്യം ചെയ്തില്ലേ? ജനുവരി 1 മുതല്‍ പാന്‍ കാര്‍ഡ് പ്രവര്‍ത്തനരഹിതമാകും

ഡല്‍ഹി: സാമ്പത്തിക ഇടപാടുകളില്‍ പാന്‍ (പെര്‍മനന്റ് അകൗണ്ട് നമ്പര്‍) കാര്‍ഡ് വളരെ പ്രധാനപ്പെട്ട രേഖയാണ്. ആദായ നികുതി റിട്ടേണ്‍ സമര്‍പ്പിക്കല്‍, ബാങ്ക് അക്കൗണ്ട് തുടങ്ങുന്നത്, വലിയ ഇടപാടുകള്‍ നടത്തുന്നതിനും പാന്‍ കാര്‍ഡ് നിര്‍ബന്ധമാണ്. എന്നാല്‍ ആധാര്‍ പാന്‍ കാര്‍ഡുമായി ലിങ്ക് ചെയ്തിട്ടില്ലെങ്കില്‍ പാന്‍ കാര്‍ഡ് പ്രവര്‍ത്തനരഹിതമാകും.

പാന്‍ കാര്‍ഡ് ആധാറുമായി ബന്ധിപ്പിക്കുന്നതിനുള്ള അവസാന തീയതി 2025 ഡിസംബര്‍ 31 ആണ്. അതിനുള്ളില്‍ ആധാര്‍ കാര്‍ഡ് ബന്ധിപ്പിച്ചില്ലെങ്കില്‍ 2026 ജനുവരി 1 മുതല്‍ പാന്‍ കാര്‍ഡ് അസാധുവാകും. നിങ്ങളുടെ പാന്‍ കാര്‍ഡ് ആധാറുമായി എത്രയും വേഗം ബന്ധിപ്പിക്കേണ്ടതാണ്.

പാന്‍ ആധാറുമായി എങ്ങനെ ലിങ്ക് ചെയ്യാം:

ആദായനികുതി ഇ-ഫയലിങ് പോര്‍ട്ടല്‍ സന്ദര്‍ശിക്കുക: https://www.incometax.gov.in/iec/foportal/

‘ലിങ്ക് ആധാര്‍’ (ഹോംപേജില്‍ താഴെ ഇടതുവശത്ത്) ക്ലിക്ക് ചെയ്യുക

കാണിച്ചിരിക്കുന്ന ഫീല്‍ഡുകളില്‍ നിങ്ങളുടെ 10 അക്ക പാന്‍, 12 അക്ക ആധാര്‍ നമ്പറുകള്‍ നല്‍കുക

സ്‌ക്രീനിലെ നിര്‍ദേശങ്ങള്‍ പാലിച്ച് 1,000 രൂപ പേയ്മെന്റ് പൂര്‍ത്തിയാക്കുക

അഭ്യര്‍ത്ഥന സമര്‍പ്പിക്കുക- പോര്‍ട്ടല്‍ അത് സ്വീകരിക്കുകയും ലിങ്കിങ് പ്രോസസ്സ് ചെയ്യുകയും ചെയ്യും

ഓണ്‍ലൈനിലൂടെ പരിശോധിക്കുന്ന വിധം:

uidai.gov.in എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക

ആധാര്‍ സര്‍വീസസില്‍ ക്ലിക്ക് ചെയ്യുക

ആധാര്‍ ലിങ്കിങ് സ്റ്റാറ്റസ് തെരഞ്ഞെടുക്കുക

12 അക്ക ആധാര്‍ നമ്പര്‍ നല്‍കി ഗെറ്റ് സ്റ്റാറ്റസില്‍ ക്ലിക്ക് ചെയ്യുക

പാന്‍ കാര്‍ഡ് നമ്പര്‍ നല്‍കുക

സെക്യൂരിറ്റി വെരിഫിക്കേഷന് കാപ്ച കോഡ് നല്‍കുക

ഗെറ്റ് ലിങ്കിങ് സ്റ്റാറ്റസില്‍ ക്ലിക്ക് ചെയ്യുന്നതോടെ നടപടി പൂര്‍ത്തിയായി

തുടര്‍ന്ന് ആധാര്‍ പാനുമായി ബന്ധിപ്പിച്ചിട്ടുണ്ടോ എന്ന് അറിയാന്‍ സാധിക്കും

www.nsdl.com ല്‍ കയറിയും സമാനമായ നിലയില്‍ ലിങ്ക് ചെയ്തിട്ടുണ്ടോ എന്ന് പരിശോധിക്കാന്‍ സാധിക്കും.