ഐപിഎല്‍ മിനി ലേലത്തിലെ വില കൂടിയ അഞ്ച് താരങ്ങള്‍

ഐപിഎല്‍ മിനി ലേലത്തിലെ വില കൂടിയ അഞ്ച് താരങ്ങള്‍

അബുദാബി: ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് (ഐപിഎല്‍) 2026 മിനി ലേലത്തില്‍ ഇന്ത്യന്‍ താരങ്ങളും വിദേശ താരങ്ങള്‍ക്കും വന്‍ നേട്ടമാണ് സ്വന്തമാക്കിയിരിക്കുന്നത്. മിനി ലേലത്തിലൂടെ 10 ഫ്രാഞ്ചൈസികളും 25 കളിക്കാരെ തികച്ചു. ലേലത്തില്‍ ഏറ്റവും വിലയേറിയ അഞ്ച് കളിക്കാരുടെ പട്ടികയില്‍ ഒന്നാമതെത്തിയത് ഓസ്ട്രേലിയന്‍ ഓള്‍റൗണ്ടര്‍ കാമറൂണ്‍ ഗ്രീനാണ്.

മൂന്ന് തവണ ചാംപ്യന്മാരായ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് (കെകെആര്‍) 25.20 കോടി രൂപയ്ക്കാണ് താരത്തെ ടീമിലെത്തിച്ചത്. മുംബൈ ഇന്ത്യന്‍സ് (എംഐ) ആണ് താരത്തിനെ ആദ്യം നോട്ടമിട്ടതെങ്കിലും ഫ്രാഞ്ചൈസികളുടെ 57 ബിഡുകളും ഉള്‍പ്പെട്ട മത്സരത്തിനൊടുവില്‍ ഗ്രീനിനെ കെകെആര്‍ സ്വന്തമാക്കുകയായിരുന്നു. ഏറ്റവും വിലയേറിയ രണ്ടാമത്തെ കളിക്കാരന്‍ ശ്രീലങ്കന്‍ ഫാസ്റ്റ് ബൗളര്‍ മതീഷ പതിരാനയായിരുന്നു. ലേലത്തിന് മുമ്പ് ചെന്നൈ സൂപ്പര്‍ കിംങ്സ് (സിഎസ്‌കെ) റിലീസ് ചെയ്ത താരത്തെ കെകെആര്‍ 18 കോടിക്ക് വാങ്ങി.

പട്ടികയില്‍ മൂന്നും നാലും സ്ഥാനങ്ങളില്‍ ഇന്ത്യന്‍ താരങ്ങളായ പ്രശാന്ത് വീറും കാര്‍ത്തിക് ശര്‍മ്മയും ഇടം നേടി. ഐപിഎല്‍ ലേല ചരിത്രത്തിലെ ഏറ്റവും വിലകൂടിയ അണ്‍കാസ്റ്റ് താരമെന്ന ചരിത്രം സൃഷ്ടിച്ചുകൊണ്ട്, രണ്ട് കളിക്കാരെയും സിഎസ്‌കെ 14.20 കോടിക്ക് സ്വന്തമാക്കി.

സണ്‍റൈസേഴ്സ് ഹൈദരാബാദ് 13 കോടിക്ക് സ്വന്തമാക്കിയ ഇംഗ്ലണ്ട് ഓള്‍റൗണ്ടര്‍ ലിയാം ലിവിങ്സ്റ്റണാണ് ആദ്യ അഞ്ച് സ്ഥാനങ്ങളില്‍ ഇടം നേടിയ മറ്റൊരു താരം. റോയല്‍ ചലഞ്ചേഴ്സ് ബംഗളൂരുവില്‍ മോശം സീസണായിരുന്നുവെങ്കിലും ഇത്തവണ ട്രാവിസ് ഹെഡ്, ഹെന്റിച്ച് ക്ലാസന്‍, പാറ്റ് കമ്മിന്‍സ് എന്നിവര്‍ക്കൊപ്പം എസ്ആര്‍എച്ചിന്റെ വിദേശ താരങ്ങളുടെ ലിസ്റ്റില്‍ ഉള്‍പ്പെട്ടു.

ലേലത്തില്‍ വിദേശ കളിക്കാരില്‍ കാമറൂണ്‍ ഗ്രീന്‍, പതിരാന, ലിവിങ്സ്റ്റണ്‍ എന്നിവരായിരുന്നു ഏറ്റവും വിലകൂടിയ മൂന്ന് താരങ്ങള്‍. ബംഗ്ലാദേശ് ഇടംകൈയ്യന്‍ പേസര്‍ മുസ്തഫിസുര്‍ റഹ്മാനും ആവശ്യക്കാരുണ്ടായിരുന്നു, കെകെആര്‍ താരത്തെ 9.20 കോടിക്ക് സ്വന്തമാക്കി. ഇംഗ്ലണ്ട് വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ ജോഷ് ഇംഗ്ലിസിന് സീസണില്‍ പരിമിതമായ മത്സരങ്ങളില്‍ മാത്രമെ ലഭ്യമാകുവുളളുവെങ്കിലും ലഖ്നൗ സൂപ്പര്‍ ജയന്റ്സ് (എല്‍എസ്ജി) 8.60 കോടിക്ക് ടീമിലെത്തിച്ചു.

റെയില്‍വേ പ്ലാറ്റ്‌ഫോമിന്റെ മേല്‍ക്കൂരയില്‍ കയറി യുവാവിന്റെ ആത്മഹത്യാ ഭീഷണി

റെയില്‍വേ പ്ലാറ്റ്‌ഫോമിന്റെ മേല്‍ക്കൂരയില്‍ കയറി യുവാവിന്റെ ആത്മഹത്യാ ഭീഷണി

കൊച്ചി: ആലുവ റെയില്‍വേ സ്‌റ്റേഷനില്‍ പ്ലാറ്റ്‌ഫോമിന്റെ മേല്‍ക്കൂരയില്‍ കയറി ആത്മഹത്യാ ഭീഷണി മുഴക്കിയ യുവാവിനെ ഒന്നരമണിക്കൂറിന് ശേഷം താഴെയിറക്കി. പശ്ചിമ ബംഗാള്‍ സ്വദേശിയായ യുവാവിനെ താഴെയിറക്കിയത് ആര്‍പിഎഫ് ഉദ്യോഗസ്ഥരാണ്. ആലുവ വഴി തടസ്സപ്പെട്ട ട്രെയിന്‍ ഗതാഗതം പുനഃസ്ഥാപിച്ചു.

ഇന്ന് രാവിലെ ആറുമണിയോടെയാണ് യുവാവ് രണ്ട്, മൂന്ന് പ്ലാറ്റ്‌ഫോമുകളുടെ മേല്‍ക്കൂരയില്‍ കയറിപ്പറ്റിയത്. തുടര്‍ന്ന് ആത്മഹത്യ ഭീഷണി മുഴക്കുകയായിരുന്നു. റെയില്‍വേയുടെ വൈദ്യുതലൈനിലേക്ക്(ഓവര്‍ഹെഡ് ലൈന്‍) ചാടുമെന്നായിരുന്നു യുവാവിന്റെ ഭീഷണി. ആര്‍പിഎഫ് ഉദ്യോഗസ്ഥര്‍ ഇയാളുടെ അടുത്തേക്കെത്താന്‍ ശ്രമിക്കുമ്പോള്‍ ആരെങ്കിലും വന്നാല്‍ അപ്പോള്‍ ചാടി മരിക്കുമെന്ന് യുവാവ് വിളിച്ചു പറഞ്ഞു. ഇതോടെ അപകടം ഒഴിവാക്കാനായി ലൈനിലെ വൈദ്യുതബന്ധം താല്‍ക്കാലികമായി വിച്ഛേദിച്ചു. ഇതേത്തുടര്‍ന്ന് എറണാകുളം-തൃശ്ശൂര്‍, തൃശ്ശൂര്‍-എറണാകുളം റൂട്ടില്‍ ട്രെയിന്‍ ഗതാഗതവും തടസ്സപ്പെട്ടു.

അഗ്‌നിരക്ഷാസേന എത്തി താഴെയിറക്കാന്‍ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. തുടര്‍ന്ന് യുവാവിന്റെ വീട്ടുകാരെ വീഡിയോ കോളില്‍ വിളിച്ചു നല്‍കി അനുനയിപ്പിക്കാനായി ശ്രമം. ഇതിനിടെ യുവാവിന്റെ ശ്രദ്ധമാറിയ നിമിഷം ആര്‍പിഎഫ് ഉദ്യോഗസ്ഥര്‍ പാലത്തില്‍നിന്ന് മേല്‍ക്കൂരയിലേക്ക് ചാടിയിറങ്ങി. തുടര്‍ന്ന് യുവാവിനെ കീഴ്‌പ്പെടുത്തുകയും മേല്‍ക്കൂരയില്‍നിന്ന് താഴെയിറക്കുകയുമായിരുന്നു. മുക്കാല്‍ മണിക്കൂറോളം ട്രെയിന്‍ ഗതാഗതം തടസപ്പെട്ടു. ദീര്‍ഘദൂര ട്രെയിനുകളടക്കം പല സ്‌റ്റേഷനുകളിലായി നിര്‍ത്തിയിട്ടു.

ഒറ്റയടിക്ക് 480 രൂപ വര്‍ധിച്ചു; സ്വര്‍ണവില വീണ്ടും 99,000ലേക്ക്

ഒറ്റയടിക്ക് 480 രൂപ വര്‍ധിച്ചു; സ്വര്‍ണവില വീണ്ടും 99,000ലേക്ക്

കൊച്ചി: ഇന്നലെ 1120 രൂപ കുറഞ്ഞ സ്വര്‍ണവില വീണ്ടും തിരിച്ചുകയറി. ഇന്ന് പവന് 480 രൂപയാണ് കൂടിയത്. 98,640 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് 60 രൂപയാണ് വര്‍ധിച്ചത്. 12,330 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.

സംസ്ഥാനത്ത് റെക്കോര്‍ഡ് ഭേദിച്ച് ഒരു ലക്ഷവും കടന്നു കുതിക്കുമെന്ന് തോന്നിപ്പിച്ച ഘട്ടത്തിലാണ് സ്വര്‍ണവില ഇന്നലെ കുത്തനെ ഇടിഞ്ഞത്. 99,280 രൂപയായി വര്‍ധിച്ച് സര്‍വകാല റെക്കോര്‍ഡ് ഇട്ട സ്വര്‍ണവില ഇന്നലെ 98,160 രൂപയായാണ് കുറഞ്ഞത്. കഴിഞ്ഞ ദിവസം രണ്ടു തവണകളായി ആയിരത്തിലധികം രൂപ വര്‍ധിച്ചതോടെയാണ് സ്വര്‍ണവില പുതിയ ഉയരം കുറിച്ചത്.

ഡോളറിനെതിരെ രൂപയുടെ മൂല്യം റെക്കോര്‍ഡ് താഴ്ചയിലേക്ക് കൂപ്പുകുത്തിയതും യുഎസ് കേന്ദ്രബാങ്കായ ഫെഡറല്‍ റിസര്‍വ് അടിസ്ഥാന പലിശനിരക്ക് കുറച്ചതും അടക്കമുള്ള വിഷയങ്ങളാണ് സ്വര്‍ണവിലയെ സ്വാധീനിച്ചത്. എന്നാല്‍ പണിക്കൂലിയും നികുതിയും ഉള്‍പ്പെടെ നിലവില്‍ തന്നെ സ്വര്‍ണ വില ഒരു ലക്ഷം കടന്നിട്ടുണ്ട്.

ആര്‍ ശ്രീലേഖ തിരുവനന്തപുരം മേയര്‍?; ചര്‍ച്ചകള്‍ക്കായി രാജീവ് ചന്ദ്രശേഖര്‍ ഡല്‍ഹിക്ക്

ആര്‍ ശ്രീലേഖ തിരുവനന്തപുരം മേയര്‍?; ചര്‍ച്ചകള്‍ക്കായി രാജീവ് ചന്ദ്രശേഖര്‍ ഡല്‍ഹിക്ക്

തിരുവനന്തപുരം: തിരുവനന്തപുരം കോര്‍പ്പറേഷനിലെ മേയറെ തീരുമാനിക്കുന്നതിനുള്ള ചര്‍ച്ചകള്‍ക്കായി ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ ഡല്‍ഹിയ്ക്ക് പോകും. ഇന്നോ നാളെയോ രാജീവ് ഡല്‍ഹിയിലെത്തി ബിജെപി കേന്ദ്ര നേതാക്കളുമായി ചര്‍ച്ച നടത്തുമെന്നാണ് വിവരം. മേയര്‍ സ്ഥാനത്തേക്ക് മുന്‍ ഡിജിപി ആര്‍ ശ്രീലേഖയ്ക്കാണ് സാധ്യതയെന്ന് പാര്‍ട്ടി വൃത്തങ്ങളെ ഉദ്ധരിച്ച് ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

പ്രധാനമന്ത്രി നരേന്ദ്രമോദി അടക്കം കേന്ദ്ര നേതാക്കളുമായി കൂടിയാലോചനകള്‍ക്ക് ശേഷമായിരിക്കും അന്തിമ തീരുമാനമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ശ്രീലേഖയെ മേയര്‍ സ്ഥാനത്തേക്ക് ഉയര്‍ത്തിക്കാട്ടുന്നത് ബിജെപിക്ക് രാഷ്ട്രീയമായ മേല്‍ക്കൈ ലഭിക്കുമെന്നാണ് വിലയിരുത്തല്‍. സ്ത്രീകളെ നേതൃസ്ഥാനങ്ങളിലേക്ക് കൊണ്ടുവരാനുള്ള പാര്‍ട്ടിയുടെ പ്രതിജ്ഞാബദ്ധതയായി ഉയര്‍ത്തിക്കാട്ടാനാകുമെന്നും കണക്കുകൂട്ടുന്നു.

മേയര്‍ സ്ഥാനത്തേക്ക് ഉയര്‍ന്നു കേട്ടിരുന്ന പേരുകളിലൊന്ന് മുന്‍ ജില്ലാ പ്രസിഡന്റ് വിവി രാജേഷിന്റേതാണ്. എന്നാല്‍ ഡെപ്യൂട്ടി മേയര്‍ സ്ഥാനം വനിതാ സംവരണം ആയതിനാല്‍ രാജേഷിനെ ആ പദവിയിലേക്ക് പരിഗണിക്കാനാകില്ല. അതിനാല്‍ തുടക്കത്തില്‍ ശ്രീലേഖയെ ഡെപ്യൂട്ടി മേയറാക്കുന്നതും പരിഗണിച്ചിരുന്നു. എന്നാല്‍ മേയര്‍, ഡെപ്യൂട്ടി മേയര്‍ പദവികളില്‍ സ്ത്രീകളെ നിയമിക്കുക വഴി ‘നാരി ശക്തി’യുടെ (സ്ത്രീശക്തി) മാതൃകയായി ഉയര്‍ത്തിക്കാട്ടാനാകുമെന്നാണ് ഈ നീക്കത്തെ പിന്തുണയ്ക്കുന്നവര്‍ ചൂണ്ടിക്കാട്ടുന്നത്.

കേരളത്തിലെ ആദ്യത്തെ വനിതാ ഐപിഎസ് ഉദ്യോഗസ്ഥയെ മേയറായി തെരഞ്ഞെടുക്കുക വഴി, അഴിമതിക്കെതിരായ ശക്തമായ ഒരു സന്ദേശം നല്‍കാനും ബിജെപി ലക്ഷ്യമിടുന്നതായി പാര്‍ട്ടി വൃത്തങ്ങള്‍ പറഞ്ഞു. മേയറായിരുന്ന വി ശിവന്‍കുട്ടിയുടെയും ആര്യ രാജേന്ദ്രന്റെയും കാലത്തെ അഴിമതികള്‍ പുറത്തുകൊണ്ടുവരുമെന്ന് ബിജെപി നേതാക്കള്‍ ആവര്‍ത്തിച്ച് വ്യക്തമാക്കിയിട്ടുണ്ട്.

ശ്രീലേഖയുടെ സ്ഥാനാര്‍ത്ഥിത്വം അംഗീകരിക്കപ്പെട്ടാല്‍, മുതിര്‍ന്ന നേതാവ് വി വി രാജേഷിനും ശാസ്തമംഗലം മുന്‍ കൗണ്‍സിലര്‍ എസ് മധുസൂദനന്‍ നായര്‍ക്കും സുപ്രധാന ഉത്തരവാദിത്തങ്ങള്‍ നല്‍കിയേക്കുമെന്ന് പാര്‍ട്ടി വൃത്തങ്ങള്‍ പറഞ്ഞു. ശ്രീലേഖയുടെ വിജയത്തില്‍ മധുസൂദനന്‍ നായരുടെ സംഭാവന അവഗണിക്കാന്‍ കഴിയില്ല. ഇക്കാര്യം പാര്‍ട്ടി നേതൃത്വം പരിഗണിക്കുമെന്നും മുതിര്‍ന്ന നേതാവ് സൂചിപ്പിച്ചു.

സംസ്ഥാന തലസ്ഥാനത്തെ സ്ഥിതിഗതികള്‍ ബിജെപി കേന്ദ്രനേതൃത്വം അതീവ ഗൗരവത്തോടെ കാണുന്നുവെന്നും മുതിര്‍ന്ന നേതാവ് പറഞ്ഞു. തിരുവനന്തപുരത്തെ മേയര്‍ പദവി രാജ്യമെമ്പാടും ആകര്‍ഷിക്കപ്പെടുമെന്നും ബിജെപി കണക്കുകൂട്ടുന്നു. ബിജെപി കേന്ദ്ര നേതൃത്വത്തിന്റെ പച്ചക്കൊടി കിട്ടിയാലുടന്‍ മേയര്‍ പ്രഖ്യാപനം ഉണ്ടാകുമെന്നാണ് സൂചന. ഇതോടൊപ്പം, തൃശ്ശൂരിലും മറ്റ് പ്രദേശങ്ങളിലും പാര്‍ട്ടിക്കുണ്ടായ തിരിച്ചടികളെക്കുറിച്ച് വിശദമായ അവലോകനവും നേതൃത്വം നടത്തുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

‘പാട്ടില്‍ നിന്ന് അയ്യപ്പന്റെ പേര് നീക്കണം, പിന്നില്‍ ആരാണെന്ന് കണ്ടെത്തണം’; പരാതിക്കാരന്‍ പറയുന്നു

‘പാട്ടില്‍ നിന്ന് അയ്യപ്പന്റെ പേര് നീക്കണം, പിന്നില്‍ ആരാണെന്ന് കണ്ടെത്തണം’; പരാതിക്കാരന്‍ പറയുന്നു

പത്തനംതിട്ട: ‘പോറ്റിയേ കേറ്റിയേ’ എന്ന പാരഡി ഗാനം അയ്യപ്പ ഭക്തര്‍ക്ക് വലിയ പ്രയാസമുണ്ടാക്കിയെന്നും അതുകൊണ്ടാണ് ഗാനത്തിനെതിരെ പരാതി നല്‍കിയതെന്ന് തിരുവാഭരണപാത സംരക്ഷണ സമിതി ജനറല്‍ സെക്രട്ടറി പ്രശാന്ത് കുഴിക്കാല. അയ്യപ്പ ഭക്തരെ സംബന്ധിച്ച് ഏറെ ഭക്തി തോന്നുന്ന ഗാനമാണ് ഇത്തരത്തില്‍ പാരഡി ഗാനമായത്. എന്നാല്‍ ഗാനത്തിനെതിരെ പരാതി കൊടുക്കാന്‍ ആരും മുന്നോട്ട് വരാത്ത സാഹചര്യത്തിലാണ് ഡിജിപിക്ക് പരാതി നല്‍കാന്‍ തീരുമാനിച്ചതെന്നും പ്രശാന്ത് പറഞ്ഞു.

കഴിഞ്ഞ ദിവസം പാര്‍ലമെന്റില്‍ എംപിമാര്‍ ശബരിമല വിഷയത്തില്‍ പ്രതിഷേധിച്ചപ്പോഴും ഈ ഗാനമാണ് ഇട്ടത്. ദേശീയ മാധ്യമങ്ങളുള്‍പ്പെടെ ഇത് റിപ്പോര്‍ട്ട് ചെയ്ത് അയ്യപ്പനെ ലോകത്തിന് മുന്നില്‍ അവഹേളിച്ചു. ഭക്തനെന്ന നിലയില്‍ അയപ്പന്റെ പേര് ഗാനത്തില്‍ നിന്ന് മാറ്റണമെന്നാണ് ആവശ്യപ്പെടുന്നത്. സോഷ്യല്‍ മീഡിയ വഴി ലോകത്തിന്റെ വിവിധ ഇടങ്ങളില്‍ ഗാനം പ്രചരിച്ചു. സോഷ്യല്‍ മീഡിയയില്‍ നിന്ന് ഈ ഗാനം നീക്കം ചെയ്യണമെന്നും പ്രശാന്ത് ആവശ്യപ്പട്ടു.

ഗാനം നിര്‍മിച്ചതിന് പിന്നിലുള്ള ഉദ്ദേശശുദ്ധിയെ സംബന്ധിച്ചും ആരാണ് പാട്ടിന് പിന്നില്‍ പ്രവര്‍ത്തിച്ചതെന്നത് സംബന്ധിച്ച് അന്വേഷണം നടക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ശബരിമല സ്വര്‍ണക്കൊള്ള തെരഞ്ഞെടുപ്പില്‍ പ്രചാരണായുധമാക്കിയ ‘പോറ്റിയേ കേറ്റിയേ’ എന്ന പാരഡി ഗാനത്തിനെതിരെ പ്രശാന്ത് ഡിജിപിക്ക് പരാതി നല്‍കിയത്. ഗാനം തദ്ദേശ തെരഞ്ഞെടുപ്പില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. യുഡിഎഫ് തെരഞ്ഞെടുപ്പ് പ്രചാരണത്തിലാണ് ഗാനം ഉപയോഗിച്ചിരുന്നത്.