പിഎഫ് തുക ഇനി എടിഎം, യുപിഐ വഴി പിന്‍വലിക്കാം; മാര്‍ച്ചിന് മുന്‍പ് പരിഷ്‌കാരം യാഥാര്‍ഥ്യമാകുമെന്ന് കേന്ദ്രമന്ത്രി

പിഎഫ് തുക ഇനി എടിഎം, യുപിഐ വഴി പിന്‍വലിക്കാം; മാര്‍ച്ചിന് മുന്‍പ് പരിഷ്‌കാരം യാഥാര്‍ഥ്യമാകുമെന്ന് കേന്ദ്രമന്ത്രി

ഡല്‍ഹി: ജീവനക്കാര്‍ക്ക് അവരുടെ പിഎഫ് തുക എടിഎം, യുപിഐ എന്നിവ വഴി പിന്‍വലിക്കാന്‍ കഴിയുന്ന ഫീച്ചര്‍ ഉടന്‍ തന്നെ എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓര്‍ഗനൈസേഷന്‍ യാഥാര്‍ഥ്യമാക്കുമെന്ന് കേന്ദ്ര തൊഴില്‍ മന്ത്രി മന്‍സുഖ് മാണ്ഡവ്യ. നിലവില്‍ ഇപിഎഫ് തുകയുടെ 75 ശതമാനം ഉടനടി പിന്‍വലിക്കാന്‍ സാധിക്കും. ഇത്തരത്തില്‍ പിഎഫ് തുക എടിഎം വഴി പിന്‍വലിക്കുന്നത് മാര്‍ച്ചിന് മുന്‍പ് യാഥാര്‍ഥ്യമാക്കാനാണ് ലക്ഷ്യമിടുന്നതെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.

പിഎഫ് തുക പിന്‍വലിക്കലുകളെ യുപിഐയുമായി ബന്ധിപ്പിക്കുമെന്നും മാണ്ഡവ്യ കൂട്ടിച്ചേര്‍ത്തു. നിലവില്‍ ഇപിഎഫ് വരിക്കാര്‍ക്ക് അവരുടെ പ്രൊവിഡന്റ് ഫണ്ട് തുക പിന്‍വലിക്കാന്‍ നിരവധി ഫോമുകള്‍ ഫയല്‍ ചെയ്യേണ്ട സ്ഥിതിയാണ്. നിലവിലെ ഇപിഎഫ് പിന്‍വലിക്കല്‍ നടപടിക്രമം എളുപ്പമാക്കുമെന്നും മാണ്ഡവ്യ കൂട്ടിച്ചേര്‍ത്തു.

ഇപിഎഫില്‍ കിടക്കുന്ന പണം വരിക്കാരുടേതാണ്. എന്നാല്‍ നിലവില്‍ പിന്‍വലിക്കലുകള്‍ക്ക് വ്യത്യസ്ത ഫോമുകള്‍ വഴി അപേക്ഷിക്കേണ്ടതുണ്ട്. ഇത് പല അംഗങ്ങള്‍ക്കും ഒരു ബുദ്ധിമുട്ടായി മാറുന്നുണ്ട്. ഇത്തരം പ്രശ്‌നങ്ങള്‍ കണക്കിലെടുത്ത് മന്ത്രാലയം ഇപിഎഫ് പിന്‍വലിക്കലുകള്‍ എളുപ്പമാക്കുന്നുണ്ടെന്നും മന്ത്രി വ്യക്തമാക്കി.

ഇത് പരിഹരിക്കുന്നതിനായി ഇപിഎഫ്ഒ 13 പിന്‍വലിക്കല്‍ വിഭാഗങ്ങളെ ലളിതമായ ഒരു ഘടനയിലേക്ക് ലയിപ്പിച്ചു. ഏറ്റവും പ്രധാനപ്പെട്ട മാറ്റങ്ങളിലൊന്ന്, ജീവനക്കാരന്റെ സ്വന്തം വിഹിതവും പലിശയ്ക്കും പുറമേ, തൊഴിലുടമയുടെ വിഹിതവും ഉള്‍പ്പെടുത്തി പിന്‍വലിക്കാവുന്ന തുക വിപുലീകരിച്ചു എന്നതാണ്. നേരത്തെ, പിന്‍വലിക്കലുകള്‍ പ്രധാനമായും ജീവനക്കാരന്റെ വിഹിതം മാത്രമായി പരിമിതപ്പെടുത്തിയിരുന്നു. വിവിധ കാരണങ്ങളുടെ അടിസ്ഥാനത്തില്‍ പിന്‍വലിക്കുന്നതിനുള്ള പരിധി 50 ശതമാനം മുതല്‍ 100 ശതമാനം വരെയായാണ് നിശ്ചയിച്ചിരുന്നത്.

കൊച്ചി മേയര്‍ സ്ഥാനത്തിനായി പിടിവലി, ദീപ്തി മേരി വര്‍ഗീസിനെതിരെ ഒരു വിഭാഗം നേതാക്കള്‍

കൊച്ചി മേയര്‍ സ്ഥാനത്തിനായി പിടിവലി, ദീപ്തി മേരി വര്‍ഗീസിനെതിരെ ഒരു വിഭാഗം നേതാക്കള്‍

കൊച്ചി: കൊച്ചി മേയര്‍ സ്ഥാനത്തിനായുള്ള കോണ്‍ഗ്രസിലെ ചര്‍ച്ചകള്‍ അനിശ്ചിതത്വത്തില്‍. നേതാക്കള്‍ പല താത്പര്യങ്ങള്‍ പ്രകടിപ്പിച്ചതോടെ മേയര്‍ ആരെന്ന് തീരുമാനിക്കാന്‍ കഴിയാത്ത അവസ്ഥയിലാണ്. ഒറ്റയ്ക്ക് ഭരിക്കുന്നതിനുള്ള ഭൂരിപക്ഷം കോണ്‍ഗ്രസിന് ലഭിച്ചെങ്കിലും ഗ്രൂപ്പുതാത്പര്യങ്ങള്‍ക്കപ്പുറം നേതാക്കള്‍ക്ക് വ്യക്തിതാത്പര്യംകൂടി വന്നതോടെ ചര്‍ച്ച അനിശ്ചിതത്തിലായി.

മൂന്നുപേരുകളില്‍ തട്ടിയാണ് ചര്‍ച്ചകള്‍ നീളുന്നത്. കെപിസിസി ജനറല്‍ സെക്രട്ടറി ദീപ്തി മേരി വര്‍ഗീസ്, മുന്‍ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍മാരായ വി.കെ. മിനിമോള്‍, ഷൈനിമാത്യു എന്നിവരുടെ പേരുകളാണ് പ്രധാനമായും ചര്‍ച്ചയിലുള്ളത്. ലത്തീന്‍ സമുദായത്തില്‍നിന്ന് മേയര്‍ സ്ഥാനത്തിനായി ആവശ്യമുയര്‍ന്നിട്ടുണ്ട്. കോണ്‍ഗ്രസ് നേതൃത്വത്തെ ഇക്കാര്യം സമുദായപ്രതിനിധികള്‍ അറിയിച്ചുകഴിഞ്ഞിട്ടുണ്ട്. ലത്തീന്‍ സമുദായത്തില്‍നിന്ന് എറണാകുളത്തുനിന്നുവേണോ, കൊച്ചിയില്‍നിന്നുവേണോ എന്ന ചര്‍ച്ചകളും നടക്കുന്നുണ്ട്.

കെപിസിസി ജനറല്‍ സെക്രട്ടറി എന്ന നിലയില്‍ ദീപ്തി മേരി വര്‍ഗീസിന് തന്നെയാണ് ആദ്യ പരിഗണന. എന്നാല്‍ ദീപ്തി മേരി വര്‍ഗീസിനെതിരെ പാര്‍ട്ടിയിലെ ഒരു വിഭാഗം നേതാക്കള്‍ നീക്കം തുടങ്ങി. പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തിലെ ഭൂരിപക്ഷം നോക്കി മേയറെ തീരുമാനിക്കണമെന്ന ആവശ്യം കെപിസിസിക്ക് മുന്നില്‍ ഉന്നയിക്കാനാണ് ഇവരുടെ ശ്രമം.

കെപിസിസി എഐസിസി നേതൃത്വങ്ങളില്‍ ദീപ്തിക്കുളള സ്വാധീനം മനസിലാക്കിയാണ് കൗണ്‍സിലര്‍മാരുടെ തലയെണ്ണിയുളള തീരുമാനം വേണമെന്ന ആവശ്യം ശക്തമാക്കുന്നത്. സമുദായ നേതാക്കളെ ഇറക്കിയുളള സമ്മര്‍ദത്തിനും നീക്കം നടക്കുന്നുണ്ട്. തര്‍ക്കം വന്നാല്‍ രണ്ടര വര്‍ഷം വീതം മേയര്‍ പദവി വീതിച്ചു നല്‍കുന്ന കാര്യവും നേതൃത്വത്തിന് പരിഗണിക്കേണ്ടി വരും. ക്രിസ്ത്യന്‍ വിഭാഗത്തില്‍ നിന്നാണ് മേയറെങ്കില്‍ ഹിന്ദു വിഭാഗത്തില്‍ നിന്നുളള ഡെപ്യൂട്ടി മേയറെ നിയോഗിക്കുന്നതിനെ കുറിച്ചാണ് മറ്റൊരു ചര്‍ച്ച. മുതിര്‍ന്ന നേതാവ് കെവിപി കൃഷ്ണകുമാറും, യുവകൗണ്‍സിലര്‍ ദീപക് ജോയിയുമാണ് സാധ്യതാ പട്ടികയില്‍ മുന്നില്‍.

ഐപിഎല്‍ മിനി ലേലത്തിലെ വില കൂടിയ അഞ്ച് താരങ്ങള്‍

ഐപിഎല്‍ മിനി ലേലത്തിലെ വില കൂടിയ അഞ്ച് താരങ്ങള്‍

അബുദാബി: ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് (ഐപിഎല്‍) 2026 മിനി ലേലത്തില്‍ ഇന്ത്യന്‍ താരങ്ങളും വിദേശ താരങ്ങള്‍ക്കും വന്‍ നേട്ടമാണ് സ്വന്തമാക്കിയിരിക്കുന്നത്. മിനി ലേലത്തിലൂടെ 10 ഫ്രാഞ്ചൈസികളും 25 കളിക്കാരെ തികച്ചു. ലേലത്തില്‍ ഏറ്റവും വിലയേറിയ അഞ്ച് കളിക്കാരുടെ പട്ടികയില്‍ ഒന്നാമതെത്തിയത് ഓസ്ട്രേലിയന്‍ ഓള്‍റൗണ്ടര്‍ കാമറൂണ്‍ ഗ്രീനാണ്.

മൂന്ന് തവണ ചാംപ്യന്മാരായ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് (കെകെആര്‍) 25.20 കോടി രൂപയ്ക്കാണ് താരത്തെ ടീമിലെത്തിച്ചത്. മുംബൈ ഇന്ത്യന്‍സ് (എംഐ) ആണ് താരത്തിനെ ആദ്യം നോട്ടമിട്ടതെങ്കിലും ഫ്രാഞ്ചൈസികളുടെ 57 ബിഡുകളും ഉള്‍പ്പെട്ട മത്സരത്തിനൊടുവില്‍ ഗ്രീനിനെ കെകെആര്‍ സ്വന്തമാക്കുകയായിരുന്നു. ഏറ്റവും വിലയേറിയ രണ്ടാമത്തെ കളിക്കാരന്‍ ശ്രീലങ്കന്‍ ഫാസ്റ്റ് ബൗളര്‍ മതീഷ പതിരാനയായിരുന്നു. ലേലത്തിന് മുമ്പ് ചെന്നൈ സൂപ്പര്‍ കിംങ്സ് (സിഎസ്‌കെ) റിലീസ് ചെയ്ത താരത്തെ കെകെആര്‍ 18 കോടിക്ക് വാങ്ങി.

പട്ടികയില്‍ മൂന്നും നാലും സ്ഥാനങ്ങളില്‍ ഇന്ത്യന്‍ താരങ്ങളായ പ്രശാന്ത് വീറും കാര്‍ത്തിക് ശര്‍മ്മയും ഇടം നേടി. ഐപിഎല്‍ ലേല ചരിത്രത്തിലെ ഏറ്റവും വിലകൂടിയ അണ്‍കാസ്റ്റ് താരമെന്ന ചരിത്രം സൃഷ്ടിച്ചുകൊണ്ട്, രണ്ട് കളിക്കാരെയും സിഎസ്‌കെ 14.20 കോടിക്ക് സ്വന്തമാക്കി.

സണ്‍റൈസേഴ്സ് ഹൈദരാബാദ് 13 കോടിക്ക് സ്വന്തമാക്കിയ ഇംഗ്ലണ്ട് ഓള്‍റൗണ്ടര്‍ ലിയാം ലിവിങ്സ്റ്റണാണ് ആദ്യ അഞ്ച് സ്ഥാനങ്ങളില്‍ ഇടം നേടിയ മറ്റൊരു താരം. റോയല്‍ ചലഞ്ചേഴ്സ് ബംഗളൂരുവില്‍ മോശം സീസണായിരുന്നുവെങ്കിലും ഇത്തവണ ട്രാവിസ് ഹെഡ്, ഹെന്റിച്ച് ക്ലാസന്‍, പാറ്റ് കമ്മിന്‍സ് എന്നിവര്‍ക്കൊപ്പം എസ്ആര്‍എച്ചിന്റെ വിദേശ താരങ്ങളുടെ ലിസ്റ്റില്‍ ഉള്‍പ്പെട്ടു.

ലേലത്തില്‍ വിദേശ കളിക്കാരില്‍ കാമറൂണ്‍ ഗ്രീന്‍, പതിരാന, ലിവിങ്സ്റ്റണ്‍ എന്നിവരായിരുന്നു ഏറ്റവും വിലകൂടിയ മൂന്ന് താരങ്ങള്‍. ബംഗ്ലാദേശ് ഇടംകൈയ്യന്‍ പേസര്‍ മുസ്തഫിസുര്‍ റഹ്മാനും ആവശ്യക്കാരുണ്ടായിരുന്നു, കെകെആര്‍ താരത്തെ 9.20 കോടിക്ക് സ്വന്തമാക്കി. ഇംഗ്ലണ്ട് വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ ജോഷ് ഇംഗ്ലിസിന് സീസണില്‍ പരിമിതമായ മത്സരങ്ങളില്‍ മാത്രമെ ലഭ്യമാകുവുളളുവെങ്കിലും ലഖ്നൗ സൂപ്പര്‍ ജയന്റ്സ് (എല്‍എസ്ജി) 8.60 കോടിക്ക് ടീമിലെത്തിച്ചു.

റെയില്‍വേ പ്ലാറ്റ്‌ഫോമിന്റെ മേല്‍ക്കൂരയില്‍ കയറി യുവാവിന്റെ ആത്മഹത്യാ ഭീഷണി

റെയില്‍വേ പ്ലാറ്റ്‌ഫോമിന്റെ മേല്‍ക്കൂരയില്‍ കയറി യുവാവിന്റെ ആത്മഹത്യാ ഭീഷണി

കൊച്ചി: ആലുവ റെയില്‍വേ സ്‌റ്റേഷനില്‍ പ്ലാറ്റ്‌ഫോമിന്റെ മേല്‍ക്കൂരയില്‍ കയറി ആത്മഹത്യാ ഭീഷണി മുഴക്കിയ യുവാവിനെ ഒന്നരമണിക്കൂറിന് ശേഷം താഴെയിറക്കി. പശ്ചിമ ബംഗാള്‍ സ്വദേശിയായ യുവാവിനെ താഴെയിറക്കിയത് ആര്‍പിഎഫ് ഉദ്യോഗസ്ഥരാണ്. ആലുവ വഴി തടസ്സപ്പെട്ട ട്രെയിന്‍ ഗതാഗതം പുനഃസ്ഥാപിച്ചു.

ഇന്ന് രാവിലെ ആറുമണിയോടെയാണ് യുവാവ് രണ്ട്, മൂന്ന് പ്ലാറ്റ്‌ഫോമുകളുടെ മേല്‍ക്കൂരയില്‍ കയറിപ്പറ്റിയത്. തുടര്‍ന്ന് ആത്മഹത്യ ഭീഷണി മുഴക്കുകയായിരുന്നു. റെയില്‍വേയുടെ വൈദ്യുതലൈനിലേക്ക്(ഓവര്‍ഹെഡ് ലൈന്‍) ചാടുമെന്നായിരുന്നു യുവാവിന്റെ ഭീഷണി. ആര്‍പിഎഫ് ഉദ്യോഗസ്ഥര്‍ ഇയാളുടെ അടുത്തേക്കെത്താന്‍ ശ്രമിക്കുമ്പോള്‍ ആരെങ്കിലും വന്നാല്‍ അപ്പോള്‍ ചാടി മരിക്കുമെന്ന് യുവാവ് വിളിച്ചു പറഞ്ഞു. ഇതോടെ അപകടം ഒഴിവാക്കാനായി ലൈനിലെ വൈദ്യുതബന്ധം താല്‍ക്കാലികമായി വിച്ഛേദിച്ചു. ഇതേത്തുടര്‍ന്ന് എറണാകുളം-തൃശ്ശൂര്‍, തൃശ്ശൂര്‍-എറണാകുളം റൂട്ടില്‍ ട്രെയിന്‍ ഗതാഗതവും തടസ്സപ്പെട്ടു.

അഗ്‌നിരക്ഷാസേന എത്തി താഴെയിറക്കാന്‍ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. തുടര്‍ന്ന് യുവാവിന്റെ വീട്ടുകാരെ വീഡിയോ കോളില്‍ വിളിച്ചു നല്‍കി അനുനയിപ്പിക്കാനായി ശ്രമം. ഇതിനിടെ യുവാവിന്റെ ശ്രദ്ധമാറിയ നിമിഷം ആര്‍പിഎഫ് ഉദ്യോഗസ്ഥര്‍ പാലത്തില്‍നിന്ന് മേല്‍ക്കൂരയിലേക്ക് ചാടിയിറങ്ങി. തുടര്‍ന്ന് യുവാവിനെ കീഴ്‌പ്പെടുത്തുകയും മേല്‍ക്കൂരയില്‍നിന്ന് താഴെയിറക്കുകയുമായിരുന്നു. മുക്കാല്‍ മണിക്കൂറോളം ട്രെയിന്‍ ഗതാഗതം തടസപ്പെട്ടു. ദീര്‍ഘദൂര ട്രെയിനുകളടക്കം പല സ്‌റ്റേഷനുകളിലായി നിര്‍ത്തിയിട്ടു.

ഒറ്റയടിക്ക് 480 രൂപ വര്‍ധിച്ചു; സ്വര്‍ണവില വീണ്ടും 99,000ലേക്ക്

ഒറ്റയടിക്ക് 480 രൂപ വര്‍ധിച്ചു; സ്വര്‍ണവില വീണ്ടും 99,000ലേക്ക്

കൊച്ചി: ഇന്നലെ 1120 രൂപ കുറഞ്ഞ സ്വര്‍ണവില വീണ്ടും തിരിച്ചുകയറി. ഇന്ന് പവന് 480 രൂപയാണ് കൂടിയത്. 98,640 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് 60 രൂപയാണ് വര്‍ധിച്ചത്. 12,330 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.

സംസ്ഥാനത്ത് റെക്കോര്‍ഡ് ഭേദിച്ച് ഒരു ലക്ഷവും കടന്നു കുതിക്കുമെന്ന് തോന്നിപ്പിച്ച ഘട്ടത്തിലാണ് സ്വര്‍ണവില ഇന്നലെ കുത്തനെ ഇടിഞ്ഞത്. 99,280 രൂപയായി വര്‍ധിച്ച് സര്‍വകാല റെക്കോര്‍ഡ് ഇട്ട സ്വര്‍ണവില ഇന്നലെ 98,160 രൂപയായാണ് കുറഞ്ഞത്. കഴിഞ്ഞ ദിവസം രണ്ടു തവണകളായി ആയിരത്തിലധികം രൂപ വര്‍ധിച്ചതോടെയാണ് സ്വര്‍ണവില പുതിയ ഉയരം കുറിച്ചത്.

ഡോളറിനെതിരെ രൂപയുടെ മൂല്യം റെക്കോര്‍ഡ് താഴ്ചയിലേക്ക് കൂപ്പുകുത്തിയതും യുഎസ് കേന്ദ്രബാങ്കായ ഫെഡറല്‍ റിസര്‍വ് അടിസ്ഥാന പലിശനിരക്ക് കുറച്ചതും അടക്കമുള്ള വിഷയങ്ങളാണ് സ്വര്‍ണവിലയെ സ്വാധീനിച്ചത്. എന്നാല്‍ പണിക്കൂലിയും നികുതിയും ഉള്‍പ്പെടെ നിലവില്‍ തന്നെ സ്വര്‍ണ വില ഒരു ലക്ഷം കടന്നിട്ടുണ്ട്.