അതിവേഗ റെയില്‍ പാത: മൂന്നേ കാല്‍ മണിക്കൂറില്‍ കണ്ണൂരില്‍ എത്താം; കരട് റിപ്പോര്‍ട്ട് കൈമാറി; തീരുമാനം രണ്ടാഴ്ചയ്ക്കുളളില്‍

അതിവേഗ റെയില്‍ പാത: മൂന്നേ കാല്‍ മണിക്കൂറില്‍ കണ്ണൂരില്‍ എത്താം; കരട് റിപ്പോര്‍ട്ട് കൈമാറി; തീരുമാനം രണ്ടാഴ്ചയ്ക്കുളളില്‍

തിരുവനന്തപുരം: അതിവേഗ റെയില്‍ പാതയുമായി ബന്ധപ്പെട്ട് മെട്രോമാന്‍ ഇ ശ്രീധരന്‍ മുഖ്യമന്ത്രി വിഡി സതീശനുമായി കൂടിക്കാഴ്ച നടത്തി. 15 മിനിറ്റ് നീണ്ട കൂടിക്കാഴ്ചയില്‍ പദ്ധതിയുടെ കരട് റിപ്പോര്‍ട്ട് ഇ ശ്രീധരന്‍ മുഖ്യമന്ത്രിക്കു കൈമാറി. ഇക്കാര്യം മന്ത്രിസഭയില്‍ ചര്‍ച്ച ചെയ്ത് രണ്ടാഴ്ചയ്ക്കകം മറുപടി അറിയിക്കാമെന്ന് മുഖ്യമന്ത്രി അറിയിച്ചു. മുഖ്യമന്ത്രിയുടെ ഓഫിസില്‍ നടന്ന കൂടിക്കാഴ്ചയില്‍ പൊന്നാനി എംഎല്‍എ കെപി നൗഷാദ് അലിയും ഉണ്ടായിരുന്നു.

തിരുവനന്തപുരം മുതല്‍ കണ്ണൂര്‍ വരെ 430 കിലോമീറ്റര്‍ മൂന്ന് മണിക്കൂര്‍ 15 മിനിറ്റ് കൊണ്ട് പിന്നിടാന്‍ സാധിക്കുന്ന ബദല്‍പാതയാണ് ഇ ശ്രീധരന്‍ മുന്നോട്ടുവയ്ക്കുന്നത്. നാല് വിമാനത്താവളങ്ങളെ ബന്ധിപ്പിച്ചുകൊണ്ടുള്ള പാതയുടെ ഏകദേശം 70 ശതമാനത്തോളം തൂണുകളിലൂടെയുള്ള എലിവേറ്റഡ് പാതയായും 20 ശതമാനത്തോളം ഭൂഗര്‍ഭ പാതയായും നിര്‍മിക്കാനാണ് ഉദ്ദേശിക്കുന്നത്. മണിക്കൂറില്‍ 200 കിലോമീറ്ററാണ് പരമാവധി വേഗം. 86,000 കോടി മുതല്‍ ലക്ഷം കോടി വരെയാണ് നിര്‍മാണചെലവ്.

പദ്ധതി സംബന്ധിച്ച് കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവുമായി ഇ ശ്രീധരന്‍ നേരത്തെ പ്രാഥമിക ചര്‍ച്ചകള്‍ നടത്തിയിരുന്നു. സില്‍വര്‍ ലൈന്‍ പദ്ധതിയുടെ ഭൂമി വിജ്ഞാപനം വിഡി സതീശന്‍ സര്‍ക്കാര്‍ പിന്‍വലിച്ച സാഹചര്യത്തില്‍, അതിവേഗ റെയില്‍ പദ്ധതിയില്‍ സര്‍ക്കാരിന്റെ നിലപാട് എന്തായിരിക്കുമെന്നത് നിര്‍ണായകമാണ്. സംസ്ഥാന സര്‍ക്കാരില്‍നിന്ന് അനുകൂല പ്രതികരണം ലഭിക്കുകയാണെങ്കില്‍ കേന്ദ്ര റെയില്‍വേ മന്ത്രാലയവുമായി ചേര്‍ന്ന് തുടര്‍ന്നുള്ള നടപടികളിലേക്ക് അദ്ദേഹം കടക്കുമെന്നാണ് സൂചന.

ശബരിമല സ്വര്‍ണക്കൊള്ള; കട്ടിളപ്പാളികള്‍ മാറ്റിയിട്ടില്ല, തട്ടിയെടുത്തത് പൂശിയ സ്വര്‍ണം, നിര്‍ണായക പരിശോധന ഫലം

ശബരിമല സ്വര്‍ണക്കൊള്ള; കട്ടിളപ്പാളികള്‍ മാറ്റിയിട്ടില്ല, തട്ടിയെടുത്തത് പൂശിയ സ്വര്‍ണം, നിര്‍ണായക പരിശോധന ഫലം

തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ളയില്‍ നിര്‍ണായക പരിശോധന ഫലം എസ്‌ഐടിക്ക്. ജംഷദ്പൂരിലെ ലാബില്‍ സാമ്പിള്‍ പരിശോധന നടത്തിയ റിപ്പോര്‍ട്ട് ലഭിച്ചു. എട്ടു സാമ്പിളുകളുടെ പരിശോധന ഫലമാണ് ലഭിച്ചത്. കട്ടിളപ്പാളികള്‍ മാറ്റിയില്ലെന്നും, തട്ടിയെടുത്തത് പൂശിയ സ്വര്‍ണം മാത്രമാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ദ്വാരപാലക ശില്‍പ്പപാളി, കട്ടിളപ്പാളി എന്നിവയില്‍ നിന്ന് ശേഖരിച്ച സാമ്പിളുകളുടെ പരിശോധന ഫലങ്ങളാണ് പുറത്തുവന്നത്. നാല് മാസം മുന്‍പാണ് സാമ്പിളുകള്‍ പരിശോധനയ്ക്കയച്ചത്. കാലപ്പഴക്കം ഉള്‍പ്പെടെയുള്ളവ പരിശോധിച്ചിരുന്നു. ചെമ്പ് പാളിക്ക് 28 വര്‍ഷത്തെ പഴക്കമുണ്ടെന്ന് പരിശോധനയില്‍ കണ്ടെത്തി. നേരത്തെ വിഎസ്എസ്സിയില്‍ സ്വര്‍ണപ്പാളികള്‍ പരിശോധന നടത്തിയിരുന്നു ഇതില്‍ വ്യക്തത വരാത്ത സാഹചര്യത്തിലാണ് വീണ്ടും പരിശോധന നടത്തിയിരുന്നത്.

പാളികള്‍ ഏതെങ്കിലും തരത്തില്‍ മാറിയിട്ടുണ്ടോ എന്നറിയാനും, എത്രത്തോളം സ്വര്‍ണം പാളികളില്‍ ഉണ്ട് എന്നറിയാനുമുള്ള ശാസ്ത്രീയ തെളിവുകള്‍ക്ക് വേണ്ടിയാണ് വീണ്ടും പരിശോധന നടത്തിയത്. റിപ്പോര്‍ട്ട് എസ്‌ഐടി കൊല്ലം കോടതിയില്‍ സമര്‍പ്പിച്ചു. കേസില്‍ കുറ്റപത്രങ്ങള്‍ ഉടന്‍ സമര്‍പ്പിക്കും.

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ പി ധനപാലന്‍ അന്തരിച്ചു

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ പി ധനപാലന്‍ അന്തരിച്ചു

കൊച്ചി: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ പി ധനപാലന്‍ (76) അന്തരിച്ചു. പറവൂരിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. 2009ല്‍ ചാലക്കുടിയില്‍ നിന്നുള്ള ലോക്‌സഭാംഗമായിരുന്നു. എറണാകുളം ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയുടെ പ്രസിഡന്റ് ആയും പ്രവര്‍ത്തിച്ചിട്ടുണ്ട്.

2014 ല്‍ തൃശ്ശൂരില്‍ നിന്ന് ലോക്‌സഭയിലേക്ക് മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. പറവൂര്‍ നഗരസഭാംഗം, മില്‍മ ചെയര്‍മാന്‍, നോര്‍ത്ത് മലബാര്‍ ഗ്രാമീണ്‍ ബാങ്ക് ഡയറക്ടര്‍ ബോര്‍ഡ് അംഗം എന്നി നിലകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്. 2001ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ വടക്കേക്കര സീറ്റ് ധനപാലന് നല്‍കിയെങ്കിലും പ്രചാരണം തുടങ്ങിയ ശേഷം പിന്മാറേണ്ടി വന്നു. എറണാകുളം ജില്ലയിലെ എ കെ ആന്റണിയുടെ ഏറ്റവും അടുത്ത വിശ്വസ്തരില്‍ ഒരാള്‍ കൂടിയായിരുന്നു കെപി ധനപാലന്‍.

സംസ്ഥാനത്ത് ജൂണ്‍ ഒമ്പത് മുതല്‍ ട്രോളിങ് നിരോധനം

സംസ്ഥാനത്ത് ജൂണ്‍ ഒമ്പത് മുതല്‍ ട്രോളിങ് നിരോധനം

തിരുവനന്തപുരം: സംസ്ഥാനത്ത് ജൂണ്‍ ഒമ്പത് അര്‍ധരാത്രി മുതല്‍ ട്രോളിങ് നിരോധനം. ജൂലൈ 31 വരെ 52 ദിവസത്തേക്കാണ് നിരോധനം നിലനില്‍ക്കുക. ഫിഷറീസ് മന്ത്രി അബ്ദുള്‍ ഗഫൂര്‍ വിളിച്ചു ചേര്‍ത്ത യോഗത്തിലാണ് തീരുമാനം.

കടലിലെ മത്സ്യങ്ങളുടെ പ്രജനനസമയമായതിനാലാണ് ഈ കാലയളവില്‍ ട്രോളിങ് നിരോധനം ഏര്‍പ്പെടുത്തുന്നത്. ഈ സമയത്ത് മുട്ടയിടാറായ മത്സ്യങ്ങള്‍ തീരങ്ങളില്‍ കൂടുതലായി കാണപ്പെടാറുണ്ട്. ഈ സമയം വന്‍തോതില്‍ യന്ത്രവല്‍കൃത മത്സ്യബന്ധനം നടത്തിയാല്‍ മുട്ടയിടാറായ മത്സ്യങ്ങള്‍ കൂടുതലായി വലയില്‍ കുടുങ്ങുകയും അടുത്ത തലമുറ മത്സ്യകുഞ്ഞുങ്ങള്‍ ജനിക്കാതെ പോവുകയും ചെയ്യും.

ഇത് തുടര്‍ന്നാല്‍ കാലക്രമേണ കടലിലെ മത്സ്യസമ്പത്ത് ഗണ്യമായി കുറയുകയും ചെയ്യും. ഈ സാഹചര്യം ഒഴിവാക്കാനും കടല്‍ വിഭവങ്ങളുടെ സുസ്ഥിരത ഉറപ്പാക്കാനുമാണ് വര്‍ഷം തോറും ജൂണ്‍, ജൂലൈ മാസങ്ങളില്‍ ട്രോളിങ് നിരോധനം ഏര്‍പ്പെടുത്തുന്നത്.

കാലുവേദനയുമായി എത്തി, രോഗിയുടെ ഞരമ്പുകള്‍ മുറിച്ചു മാറ്റി, മഞ്ചേരി മെഡിക്കല്‍ കോളജില്‍ ഗുരുതര ചികിത്സാ പിഴവ്

കാലുവേദനയുമായി എത്തി, രോഗിയുടെ ഞരമ്പുകള്‍ മുറിച്ചു മാറ്റി, മഞ്ചേരി മെഡിക്കല്‍ കോളജില്‍ ഗുരുതര ചികിത്സാ പിഴവ്

മലപ്പുറം: മഞ്ചേരി മെഡിക്കല്‍ കോളജില്‍ ഗുരുതര ചികിത്സാ പിഴവെന്ന് പരാതി. കാല് വേദനയെ തുടര്‍ന്ന് നടത്തിയ ശസ്ത്രക്രിയയില്‍ രോഗിയുടെ കാലിലെ ഞരമ്പുകള്‍ മുറിച്ചു മാറ്റിയെന്നാണ് കണ്ടെത്തല്‍. ഗുരുതരാവസ്ഥയിലായ നിലമ്പൂര്‍ ചുങ്കത്തറ സ്വദേശിനി പാര്‍വതി (73) കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സയില്‍ കഴിയുകയാണ്. രോഗിയുടെ കാല് മുറിച്ച് മാറ്റേണ്ട അവസ്ഥയിലാണെന്ന് ബന്ധുക്കള്‍ പറഞ്ഞു.

മെയ് 12 നാണ് മഞ്ചേരി മെഡിക്കല്‍ കോളജില്‍ വെച്ച് പാര്‍വതിയുടെ കാലിന് ശസ്ത്രക്രിയ നടത്തിയത്. വൈകിട്ടോടെ കൂടെയുണ്ടായിരുന്ന ബന്ധുക്കള്‍ക്ക് രോഗിയുടെ സര്‍ജറി നടത്തിയ കാലില്‍ തണുപ്പ് അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ഡോക്ടറെ അറിയിക്കുകയായിരുന്നു . തുടര്‍ന്ന് നടത്തിയ സ്‌കാനിങ്ങില്‍ രോഗിയുടെ കാലിലേക്കുള്ള രക്തയോട്ടം പൂര്‍ണമായും നിലച്ചതായി കണ്ടെത്തി.

എന്നാല്‍ ഈ വിവരം ബന്ധുക്കളില്‍ നിന്നും മറച്ചുവെച്ച് രോഗിയെ മറ്റെവിടേക്കെങ്കിലും കൊണ്ടു പോകാന്‍ ഡ്യൂട്ടി ഡോക്ടര്‍ പറഞ്ഞതായി ബന്ധുക്കള്‍ പറയുന്നു. സ്വന്തം ഇഷ്ടപ്രകാരമാണ് കൊണ്ട് പോകുന്നതെന്ന് എഴുതി വാങ്ങുകയും. രോഗിയുടെ ഇത് വരെയുള്ള ചികിത്സ വിവരങ്ങള്‍ നല്‍കാതെ കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് പറഞ്ഞു വിടുകയും ചെയ്തു. അങ്ങിനെയാണ് വയോധികയെ ബന്ധുക്കള്‍ കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് മാറ്റുന്നത്. കോഴിക്കോട് മെഡിക്കല്‍ കോളജില്‍ എത്തിയ രോഗിക്ക് ഇന്‍ഷൂറന്‍സ് ഉണ്ടായിട്ടും ഇന്‍ഷൂറന്‍സ് നല്‍കാതെ 6 ദിവസം കളിപ്പിച്ചു. ഇതിനിടയില്‍ 3 സര്‍ജറിയും നടത്തി. ഇതിനുള്ള പണം കയ്യില്‍ നിന്നും അടച്ച ശേഷമാണ് ഇന്‍ഷൂറന്‍സ് നല്‍കിയത്. ഇതിനോടകം തന്നെ രോഗിക്ക് മൂന്നോളം ശസ്ത്രക്രിയകളാണ് കഴിഞ്ഞത്. പരിശോധിച്ച ശേഷം വിശദീകരണം നല്‍കാമെന്നാണ് ആശുപത്രി അധികൃതര്‍ നല്‍കുന്ന മറുപടി.