by Midhun HP News | Jul 28, 2026 | Latest News, ദേശീയ വാർത്ത
ബംഗളൂരു: നീറ്റ് യുജി പരീക്ഷയുടെ ഒഎംആര്‍ ഉത്തരക്കടലാസില്‍ കൃത്രിമം നടന്നെന്നു ആരോപിച്ച് കര്‍ണാടക ഹാവേരി സ്വദേശിയായ വിദ്യാര്‍ഥിനി ബിന്ദുശ്രീ ജെ പവാര്‍ ദേശീയ പരീക്ഷാ ഏജന്‍സിക്കു (എന്‍ടിഎ) പരാതി നല്‍കി. 668 മാര്‍ക്കിനു പകരം മൈനസ് 11 മാര്‍ക്കാണ് ലഭിച്ചതെന്നു ബിന്ദുശ്രീ പരാതിയില്‍ പറയുന്നു. 180 ചോദ്യങ്ങളില്‍ 165നും ഉത്തരം എഴുതിയിരുന്നു.
എന്നാല്‍ എന്‍ടിഎയില്‍ നിന്നു ലഭിച്ച ഒഎംആര്‍ ഉത്തക്കടലാസില്‍ 41 ചോദ്യങ്ങള്‍ക്കേ ഉത്തരമെഴുതിയുള്ളു എന്നാണ് കാണിക്കുന്നത്. പരീക്ഷാ ഹാളില്‍ ഉച്ചയ്ക്ക് 1.56നു പ്രവേശിച്ച് 1.57നു ഇറങ്ങിപ്പോയെന്നു കാണിക്കുന്നുവെന്നും 3 മണിക്കൂറുള്ള പരീക്ഷ ഒരു മിനിറ്റ് കൊണ്ട് എങ്ങനെയാണ് എഴുതുന്നതെന്നും വിദ്യാര്‍ഥിനി ചോദിച്ചു. ഇക്കാര്യങ്ങളില്‍ വ്യക്തത തേടി ഒട്ടേറെ തവണ ഇമെയിലിലും ഹെല്‍പ് ലൈന്‍ വഴിയും എന്‍ടിഎയെ ബന്ധപ്പെട്ടെങ്കിലും മറുപടി ലഭിച്ചില്ലെന്നു വിദ്യാര്‍ഥിനി പറയുന്നു.

രണ്ടാം വര്‍ഷ പിയു പരീക്ഷയില്‍ 95 ശതമാനം മാര്‍ക്കി നേടിയ ബിന്ദുശ്രീ 2 വര്‍ഷം പഠിച്ചാണ് നീറ്റ് പരീക്ഷ എഴുതിയത്. എന്‍ടിഎ പുറത്തുവിട്ട ഒഎംആര്‍ ഷീറ്റ് തന്റേതല്ലെന്നും യഥാര്‍ഥ ഒഎംആര്‍ ഉത്തരക്കടലാസ് നല്‍കണമെന്നുമാണ് വിദ്യാര്‍ഥിനിയുടെ ആവശ്യം.
by Midhun HP News | Jul 28, 2026 | Latest News, കേരളം
കണ്ണൂർ: കണ്ണൂർ ജില്ലയിലെ പ്രമുഖ സാംസ്കാരിക, സാഹിത്യ പ്രവർത്തകൻ പി. വിജയൻ കൂടാളി (66) നിര്യാതനായി. കണ്ണൂരിലെ സാമൂഹിക, സാംസ്കാരിക, രാഷ്ട്രീയ രംഗങ്ങളിൽ പതിറ്റാണ്ടുകളോളം സജീവ സാന്നിധ്യമായിരുന്നു അദ്ദേഹം. പുരോഗമന കലാസാഹിത്യ സംഘം (പു.ക.സ) മുൻ സംസ്ഥാന സമിതി അംഗമായിരുന്ന അദ്ദേഹം, കെ.എസ്.ഡബ്ല്യു.എഫ് കൂടാളി വില്ലേജ് പ്രസിഡന്റ്, ഡി.വൈ.എഫ്.ഐ കൂടാളി വില്ലേജ് പ്രസിഡന്റ്, ബാലസംഘം വില്ലേജ് സെക്രട്ടറി, മട്ടന്നൂർ കോളേജ് യൂണിയൻ ചെയർമാൻ എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.
കൂടാളി ആർട്സ് കോളേജ് അധ്യാപകൻ, കൂടാളി ക്ഷീര വ്യവസായ സഹകരണ സംഘം സെക്രട്ടറി, കൂടാളി വായനശാല പ്രസിഡന്റ്, ദേശാഭിമാനി ഏജന്റ്, കേരള ശാസ്ത്രസാഹിത്യ പരിഷത്ത് പ്രവർത്തകൻ എന്നീ നിലകളിലും അദ്ദേഹം ശ്രദ്ധേയമായ സേവനം അനുഷ്ഠിച്ചു.
കണ്ണൂരിലെ എം.എൻ. വിജയൻ സ്മാരക ഗ്രന്ഥാലയത്തിന്റെ രൂപീകരണത്തിലും പ്രവർത്തനങ്ങളിലും മുൻനിരയിലുണ്ടായിരുന്നു. ഗീതയാണ് ഭാര്യ. മക്കൾ: അനൂപ് (അസി. എഞ്ചിനീയർ, ആയിക്കര ഹാർബർ), ഡോ. ആതിര. മരുമക്കൾ: ഹർഷ് (കതിരൂർ), അനുഷ (എറണാകുളം). സംസ്കാരം ചൊവ്വാഴ്ച ഉച്ചയ്ക്ക് 2 മണിക്ക് കണ്ണൂർ പയ്യാമ്പലം ശ്മശാനത്തിൽ നടക്കും.

by Midhun HP News | Jul 28, 2026 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: പ്രിയദര്‍ശിനി സൗജന്യയാത്രാ പദ്ധതി ഉപയോഗിക്കുന്ന വനിതകള്‍ക്ക് പ്രത്യേകം കാര്‍ഡ് നല്‍കുന്നത് പരിഗണനയില്‍. പദ്ധതി ദുരുപയോഗം ചെയ്യുന്നത് ഒഴിവാക്കാനും ചില ജീവനക്കാര്‍ ഒന്നിലേറെ ടിക്കറ്റുകള്‍ നല്‍കുന്നത് ഉള്‍പ്പടെയുള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കാനുമാണ് കാര്‍ഡ് നല്‍കാന്‍ ആലോചിക്കുന്നത്. ദൂരേക്കുള്ള ടിക്കറ്റ് എടുത്തിട്ട് ഇടയ്ക്ക്് യാത്ര അവസാനിപ്പിക്കുന്നത് ഉള്‍പ്പടെ ഒട്ടേറെ പരാതികള്‍ ഗതാഗത വകുപ്പിന് ലഭിച്ചിട്ടുണ്ട്. പദ്ധതി നിരീക്ഷിച്ച് വേണ്ട മാറ്റങ്ങള്‍ വരുത്തിയില്ലെങ്കില്‍ സര്‍ക്കാരിന് വലിയ സാമ്പത്തിക ബാധ്യതയുണ്ടാകാന്‍ സാധ്യതയുള്ളതിനാല്‍ കാര്‍ഡ് അത്യാവശ്യമാണെന്ന് അഭിപ്രായം ഉയര്‍ന്നിട്ടുണ്ട്.
സൗജന്യ യാത്രയ്ക്ക് കാര്‍ഡുകള്‍ ഏര്‍പ്പെടുത്തണമെങ്കില്‍ കടമ്പകളേറെയാണ്. ദിവസം 12.12 ലക്ഷം സ്ത്രീകളാണ് സൗജന്യയാത്ര ചെയ്യുന്നത്. ഇവര്‍ക്കെല്ലാം കാര്‍ഡ് നല്‍കേണ്ടിവരും. സംസ്ഥാനത്ത് ഏകദേശം ഒന്നേമുക്കാല്‍ കോടി സ്ത്രീകളുണ്ട്. പെണ്‍കുട്ടികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് സൗജന്യയാത്രയ്ക്ക് അര്‍ഹതയുണ്ട്. എന്നും യാത്ര ചെയ്തില്ലെങ്കിലും ഭൂരിഭാഗം പേരും കാര്‍ഡ് ആവശ്യപ്പെട്ടേക്കും.
ഒരു കാര്‍ഡിന് 40 രൂപ ചെലവുവരുമെന്നാണ് ഏകദേശ കണക്ക്. ആവശ്യത്തിന് കാര്‍ഡ് കിട്ടാനുമില്ല. അപേക്ഷകരുടെ ആധാര്‍ വിവരങ്ങളുമായി ബന്ധിപ്പിച്ച് ഒരു കാര്‍ഡ് നല്‍കാന്‍ കുറഞ്ഞത് 10 മിനിറ്റ് വേണ്ടിവരും. ടിക്കറ്റ് മെഷീനുകള്‍വഴി കാര്‍ഡ് നല്‍കാമെങ്കിലും തിരക്കുള്ള ബസുകളില്‍ പ്രായോഗികമല്ല. ഇത്രയും യാത്രാകാര്‍ഡുകള്‍ നല്‍കാനുള്ള അടിസ്ഥാന സൗകര്യവും ജീവനക്കാരും ഡിപ്പോകളിലില്ല.കാര്‍ഡ് ഏര്‍പ്പെടുത്തിയാലും ദുരുപയോഗ സാധ്യതയുണ്ട്. കൈമാറി ഉപയോഗിക്കാം. പുരുഷന്മാര്‍ ടിക്കറ്റ് ആവശ്യപ്പെടുമ്പോള്‍ ഇത്തരം കാര്‍ഡുകളുപയോഗിച്ച് ടിക്കറ്റ് നല്‍കിയശേഷം യാത്രക്കൂലി വാങ്ങിയെടുക്കാന്‍ കണ്ടക്ടര്‍ക്ക് കഴിയും. അതിനാല്‍ കാര്‍ഡ് സംവിധാനം പൂര്‍ണമായും കാര്യക്ഷമമല്ലെന്നാണ് വിലയിരുത്തല്‍.

by Midhun HP News | Jul 28, 2026 | Latest News
കൊച്ചി: സംവിധായകനും രാഷ്ട്രീയക്കാരനുമായ അഖില്‍ മാരാര്‍ ട്വന്റി 20 പാര്‍ട്ടി വിട്ടു. ട്വന്റി 20 പാര്‍ട്ടി അധ്യക്ഷന്‍ സാബു എം ജേക്കബിനെതിരെ രൂക്ഷ വിമര്‍ശനം ഉന്നയിച്ച് കൊണ്ടാണ് അഖില്‍ മാരാരിന്റെ പടിയിറക്കം. പാര്‍ട്ടിയില്‍ പ്രവര്‍ത്തന സ്വാതന്ത്ര്യം ഇല്ലെന്നും മുന്നോട്ട് സഹകരിച്ച് പോകാന്‍ ആകുന്നില്ലെന്നും അഖില്‍ മാരാര്‍ പ്രതികരിച്ചു.
കൊട്ടാരക്കര സീറ്റ് ഉറപ്പ് നല്‍കിയാണ് തന്നെ ട്വന്റി 20 യില്‍ എത്തിച്ചത്. പിന്നീട് തൃപ്പൂണിത്തുറ തരാമെന്ന് പറഞ്ഞ് വഞ്ചിച്ചു. ട്വന്റി 20 സാബുവിനെ വ്യക്തിപരമായ നേട്ടത്തിന് വേണ്ടി മാത്രമുള്ള പാര്‍ട്ടിയാണെന്നും അഖില്‍ മാരാര്‍ വിമര്‍ശിച്ചു.
by Midhun HP News | Jul 28, 2026 | Latest News, കേരളം
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില കുറഞ്ഞു. പവന് ഒറ്റയടിക്ക് 1240 രൂപ കുറഞ്ഞതോടെ വീണ്ടും 1,06,000ല്‍ താഴെ എത്തി നില്‍ക്കുകയാണ് സ്വര്‍ണവില. 1,05,720 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് ആനുപാതികമായി 155 രൂപയാണ് കുറഞ്ഞത്. 13,215 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.
അമേരിക്ക- ഇറാന്‍ സംഘര്‍ഷത്തിന് അയവ് വന്നതോടെ എണ്ണവില കുറഞ്ഞത് അടക്കമുള്ള ഘടകങ്ങളാണ് സ്വര്‍ണവിലയില്‍ പ്രതിഫലിച്ചത്. ഉടന്‍ തന്നെ പലിശനിരക്ക് വര്‍ധിപ്പിക്കില്ലെങ്കിലും സമീപഭാവിയില്‍ തന്നെ വീണ്ടും പലിശനിരക്ക് വര്‍ധിപ്പിക്കുന്നതിനെ കുറിച്ച് അമേരിക്കന്‍ കേന്ദ്ര ബാങ്ക് ആലോചിക്കുമെന്ന റിപ്പോര്‍ട്ടുകളാണ് സ്വര്‍ണവില കുറയാന്‍ കാരണം. ഇതിന് പുറമേ ഡോളര്‍ ശക്തിയാര്‍ജിച്ചതും സ്വര്‍ണവില ഇടിയാന്‍ ഇടയാക്കിയതായി വിപണി വിദഗ്ധര്‍ പറയുന്നു.
വരും ദിവസങ്ങളിലും അന്താരാഷ്ട്ര വിപണിയിലെ ചലനങ്ങള്‍ക്കനുസരിച്ച് സംസ്ഥാനത്തെ വിലയില്‍ വ്യതിയാനങ്ങള്‍ തുടരാന്‍ സാധ്യതയുണ്ട്. ജനുവരി 29ന് രേഖപ്പെടുത്തിയ 1,31,160 രൂപയാണ് സ്വര്‍ണ വിലയിലെ റെക്കോര്‍ഡ്. ഡിസംബര്‍ 23നാണ് പവന്‍ വില ആദ്യമായി ഒരു ലക്ഷം കടന്നത്.
Recent Comments