ആദ്യം സൗജന്യയാത്ര; ഇനി കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡുകളില്‍ സാനിറ്ററി നാപ്കിനും

ആദ്യം സൗജന്യയാത്ര; ഇനി കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡുകളില്‍ സാനിറ്ററി നാപ്കിനും

തിരുവനന്തപുരം: സംസ്ഥാനത്തെ കെഎസ്ആര്‍ടിസി ബസ് ടെര്‍മിനലുകളില്‍ സാനിറ്ററി നാപ്കിന്‍ കുറഞ്ഞ വിലയ്ക്ക് ലഭ്യമാക്കുന്ന പദ്ധതിക്ക് തുടക്കമായി. സാനിറ്ററി നാപ്കിന്‍ വെന്‍ഡിംഗ് മെഷീന്റെയും ഇന്‍സിനറേറ്ററിന്റെയും പ്രവര്‍ത്തനോദ്ഘാടനം തമ്പാനൂര്‍ കെഎസ്ആര്‍ടിസി ബസ് ടെര്‍മിനലില്‍ വനിതാ, ശിശു വികസന, തൊഴില്‍ വകുപ്പ് മന്ത്രി ബിന്ദു കൃഷ്ണ നിര്‍വഹിച്ചു. സ്ത്രീകളുടെ അന്തസ്സും ആരോഗ്യവും സംരക്ഷിക്കുന്നത് സമൂഹം ഒരുക്കുന്ന അടിസ്ഥാനസൗകര്യത്തിന്റെ ഭാഗമായി കാണണമെന്ന് മന്ത്രി ബിന്ദു കൃഷ്ണ പറഞ്ഞു.

വിമന്‍ ഓണ്‍ ദ മൂവ് ആന്‍ഡ് മെന്‍സ്ട്ര്വല്‍ നീഡ്സ് എന്ന് പേരിട്ട പദ്ധതിയിലൂടെ യാത്രാവേളയില്‍ സ്ത്രീകള്‍ക്ക് കുറഞ്ഞ നിരക്കില്‍ സാനിറ്ററി നാപ്കിനുകള്‍ ലഭ്യമാക്കുകയും ഉപയോഗശേഷം പരിസ്ഥിതി സൗഹൃദമായി സംസ്‌കരിക്കുന്നതിന് ഇന്‍സിനറേറ്റര്‍ സൗകര്യം ഒരുക്കുകയും ചെയ്യുന്നു. 14 ജില്ലകളിലും ഓരോ കെഎസ്ആര്‍ടിസി ബസ് ടെര്‍മിനലിലാണ് ആദ്യഘട്ടത്തില്‍ പദ്ധതി നടപ്പാക്കുന്നത്. തമ്പാനൂര്‍, കരുനാഗപ്പള്ളി, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, മൂന്നാര്‍, എറണാകുളം സെന്‍ട്രല്‍, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, മാനന്തവാടി, കണ്ണൂര്‍, കാസര്‍ഗോഡ് ബസ് സ്റ്റാന്‍ഡുകളിലാണ് മെഷീന്‍ സ്ഥാപിച്ചിട്ടുള്ളത്. 93 കെഎസ്ആര്‍ടിസി ഡിപ്പോകളിലേക്കും പദ്ധതി വ്യാപിപ്പിക്കും. തുടര്‍ന്ന് ടൂറിസം കേന്ദ്രങ്ങളിലും പൊതുവിടങ്ങളിലും സാനിറ്ററി നാപ്കിന്‍ വെന്‍ഡിംഗ് മെഷീനും ഇന്‍സിനറേറ്ററും സ്ഥാപിക്കും. സര്‍ക്കാരിന്റെ നൂറുദിന കര്‍മപദ്ധതിയുടെ ഭാഗമായാണ് പദ്ധതി നടപ്പാക്കുന്നത്.

കെഎസ്ആര്‍ടിസി ടെര്‍മിനലുകളിലെ ശുചിമുറിക്ക് സമീപമാണ് മെഷീന്‍ സ്ഥാപിച്ചിട്ടുള്ളത്. ഒരു പാക്കറ്റില്‍ മൂന്ന് സാനിറ്ററി നാപ്കിനുകള്‍ ഉണ്ടാകും. 10 രൂപയാണ് വില. എച്ച്.എല്‍.എല്ലിന്റെ സഹകരണത്തോടെയാണ് വനിതാ ശിശുവികസനവകുപ്പ് പദ്ധതി നടപ്പാക്കുന്നത്. മെഷീനുകളുടെ പരിപാലനം കെഎസ്ആര്‍ടിസി നിര്‍വഹിക്കും.

ഉദ്ഘാടനചടങ്ങില്‍ വനിതാ ശിശുവികസനവകുപ്പ് ഡയറക്ടര്‍ വി വിഘ്നേശ്വരി സ്വാഗതം ആശംസിച്ചു. തമ്പാനൂര്‍ വാര്‍ഡ് കൗണ്‍സിലര്‍ ആര്‍ ഹരികുമാര്‍ അധ്യക്ഷത വഹിച്ചു. കെഎസ്ആര്‍ടിസി സിഎംഡി ഡോ. പി എസ് പ്രമോജ് ശങ്കര്‍ ആശംസകള്‍ നേര്‍ന്നു.

കുടുംബവഴക്ക് ; ഭാര്യക്ക് കുത്തേറ്റു, ഭർത്താവ് പൊലീസ് കസ്റ്റഡിയിൽ

കുടുംബവഴക്ക് ; ഭാര്യക്ക് കുത്തേറ്റു, ഭർത്താവ് പൊലീസ് കസ്റ്റഡിയിൽ

പാലക്കാട്: മണ്ണാർക്കാടിനടുത്ത് കണ്ടമംഗലത്ത് കുടുംബവഴക്കിനൊടുവിൽ വയോധികയായ ഭാര്യക്ക് കുത്തേറ്റു. സംഭവത്തിൽ ഭർത്താവിനെ മണ്ണാർക്കാട് പൊലീസ് കസ്റ്റഡിയിലെടുത്തു. കണ്ടമംഗലം സ്വദേശി രാമചന്ദ്രൻ (72), ഭാര്യ ശാന്ത എന്നിവർക്കാണ് പരസ്പരമുള്ള ആക്രമണത്തിൽ പരിക്കേറ്റത്. ഇന്നലെ രാത്രി എട്ടരയോടെയാണ് സംഭവം.

വീട്ടിലുണ്ടായ വാക്കുതർക്കം രൂക്ഷമായതോടെ രാമചന്ദ്രൻ കൈയിലുണ്ടായിരുന്ന കത്തിയെടുത്ത് ശാന്തയെ കുത്തുകയായിരുന്നു. കുത്തേറ്റ് ചോരവാർന്ന നിലയിലും ശാന്ത സമീപത്തുണ്ടായിരുന്ന വടിയെടുത്ത് രാമചന്ദ്രനെ ശക്തമായി തിരിച്ചടിച്ചു. ബഹളം കേട്ടെത്തിയ നാട്ടുകാരും വിവരമറിഞ്ഞെത്തിയ പൊലീസും ചേർന്ന് ചോരയിൽ കുളിച്ചുകിടന്ന ഇരുവരെയും ഉടൻതന്നെ വട്ടമ്പലത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു.പ്രാഥമിക ചികിത്സയ്ക്ക് ശേഷം ഇരുവരെയും പാലക്കാട് ജില്ലാ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ശാന്തയുടെ വയറ്റിലേറ്റ മുറിവ് ആഴത്തിലുള്ളതായതിനാൽ വിദഗ്ദ്ധ ചികിത്സയ്ക്കായി ഇവരെ തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി . തലയ്ക്കടിയേറ്റ രാമചന്ദ്രനെ പൊലീസ് നിരീക്ഷണത്തിൽ ചികിത്സ നൽകിയ ശേഷം കസ്റ്റഡിയിലെടുത്തു.മണ്ണാർക്കാട് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ഇഎംഐ ഭാരം കൂടും; റിപ്പോനിരക്ക് കൂട്ടി റിസര്‍വ് ബാങ്ക്

ഇഎംഐ ഭാരം കൂടും; റിപ്പോനിരക്ക് കൂട്ടി റിസര്‍വ് ബാങ്ക്

മുംബൈ: പണപ്പെരുപ്പം പിടിച്ചുനിര്‍ത്തുന്നതിന് മുഖ്യ പലിശനിരക്ക് കൂട്ടി റിസര്‍വ് ബാങ്കിന്റെ പണ, വായ്പ നയ പ്രഖ്യാപനം. റിപ്പോ നിരക്കില്‍ കാല്‍ശതമാനത്തിന്റെ വര്‍ധനയാണ് വരുത്തിയത്. റിപ്പോ നിരക്കില്‍ 25 ബേസിക് പോയിന്റിന്റെ വര്‍ധന വരുത്തിയതോടെ റിപ്പോ നിരക്ക് 5.50 ശതമാനമായി ഉയര്‍ന്നു. റിപ്പോ നിരക്ക് കൂട്ടിയതോടെ ഭവന, വാഹന വായ്പകളുടെ പലിശ നിരക്ക് ഉയരും.

മൂന്ന് വര്‍ഷത്തിന് ശേഷമാണ് റിപ്പോ നിരക്കില്‍ വര്‍ധനവുണ്ടാകുന്നത്. 2025ല്‍ വിവിധ ഘട്ടങ്ങളിലായി റിപ്പോനിരക്കില്‍ 125 ബേസിക് പോയിന്റിന്റെ കുറവാണ് റിസര്‍വ് ബാങ്ക് വരുത്തിയത്. തുടര്‍ന്നുള്ള നാല് പോളിസി മീറ്റിങ്ങുകളില്‍ റിപ്പോ നിരക്ക് 5.25 ശതമാനമായി നിലനിര്‍ത്തിയിരുന്നു.

വര്‍ധിച്ചുവരുന്ന പണപ്പെരുപ്പ അപകടസാധ്യതകളും ക്രൂഡ് ഓയില്‍ വിലയിലെ വര്‍ധനയുമാണ് പലിശനിരക്ക് കൂട്ടാന്‍ റിസര്‍വ് ബാങ്കിനെ പ്രേരിപ്പിച്ചത്. 2027 സാമ്പത്തിക വര്‍ഷത്തില്‍ കൂടുതല്‍ പലിശ വര്‍ധനയ്ക്കുള്ള സാധ്യതയും വിദഗ്ധര്‍ പ്രവചിക്കുന്നു.

കളമശേരി കൂട്ടബലാത്സംഗം; പ്രതികളായ യുവതിയും യുവാവും പിടിയില്‍; ഒളിവില്‍ കഴിഞ്ഞത് വയനാട്ടില്‍

കളമശേരി കൂട്ടബലാത്സംഗം; പ്രതികളായ യുവതിയും യുവാവും പിടിയില്‍; ഒളിവില്‍ കഴിഞ്ഞത് വയനാട്ടില്‍

കൊച്ചി: കളമശേരിയില്‍ യുവതിയെ കുട്ടബലാത്സംഗം ചെയ്ത സംഭവത്തില്‍ രണ്ടുപേര്‍ കൂടി പൊലീസ് പിടിയില്‍. സംഭവശേഷം ഒളിവില്‍പോയ യുവതിയും യുവാവുമാണ് കളമശ്ശേരി പൊലീസിന്റെ പിടിയിലായത്. വയനാട് സ്വദേശിനി അമ്മു, സഞ്ജു എന്നിവരാണ് പിടിയിലായത്.

സ്പായില്‍ ജോലിനല്‍കാമെന്നുപറഞ്ഞ് അഭിമുഖത്തിന് വിളിച്ച യുവതിയെ ലോഡ്ജില്‍വെച്ച് ബലമായി മദ്യവും മയക്കുമരുന്നും നല്‍കിയശേഷം ശ്രീരാജ്, ജിത്ത് മാര്‍ട്ടിന്‍ എന്നിവര്‍ ഒക്ടോബര്‍ രണ്ടിന് ബലാത്സംഗത്തിനിരയാക്കുകയായിരുന്നു. പിറ്റേന്ന് രാവിലെ വയനാട് സ്വദേശിനിയും യുവതിയെ ലൈംഗിക അതിക്രമത്തിനിരയാക്കിയെന്ന് പൊലീസ് പറഞ്ഞു. സഞ്ജു ഇവരുടെ സഹായിയായി പ്രവര്‍ത്തിച്ചു എന്നാണ് കണ്ടെത്തല്‍. സ്പായുടെ ഉടമയായ ശ്രീരാജിനെയും ജിത്ത് മാര്‍ട്ടിനെയും നേരത്ത അറസ്റ്റ് ചെയ്തിരുന്നു.

ഒക്ടോബര്‍ മൂന്നിന് വൈകീട്ട് ലോഡ്ജില്‍നിന്നും രക്ഷപ്പെട്ട് വീട്ടിലെത്തിയ യുവതി വിവരം ഭര്‍ത്താവിനെ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് ഭര്‍ത്താവ് പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. സംഭവത്തെ തുടര്‍ന്ന് യുവതി ചികിത്സയിലാണ്. ഇവരുടെ മാനസികനിലതന്നെ താളംതെറ്റിയ അവസ്ഥയിലാണെന്ന് ഭര്‍ത്താവ് മാധ്യമങ്ങളോട് പറഞ്ഞു.

അതേസമയം, ബലാത്സംഗത്തിനിരയായ അതിജീവിതയ്ക്ക് ആവശ്യമായ എല്ലാ പിന്തുണയും ഉറപ്പാക്കുമെന്ന് മന്ത്രി വി.ഇ. അബ്ദുല്‍ ഗഫൂര്‍ അറിയിച്ചു. അതിജീവിതയുടെ ഭര്‍ത്താവുമായി മന്ത്രി ഫോണില്‍ സംസാരിക്കുകയും നിലവിലെ സാഹചര്യം നേരിട്ട് അന്വേഷിക്കുകയും ചെയ്തു. അതിജീവിതയ്ക്ക് ആവശ്യമായ ചികിത്സയും നിയമസഹായവും ഉള്‍പ്പെടെയുള്ള എല്ലാ സര്‍ക്കാര്‍സഹായങ്ങളും ഉറപ്പാക്കുമെന്നും മന്ത്രി വ്യക്തമാക്കി.

ഓഹരി വിപണിയില്‍ കനത്ത ഇടിവ്; സെന്‍സെക്‌സ് 500 പോയിന്റ് താഴ്ന്നു

ഓഹരി വിപണിയില്‍ കനത്ത ഇടിവ്; സെന്‍സെക്‌സ് 500 പോയിന്റ് താഴ്ന്നു

മുംബൈ: ഓഹരി വിപണിയില്‍ കനത്ത ഇടിവ്. സെന്‍സെക്‌സ് 500 പോയിന്റ് ആണ് താഴ്ന്നത്. നിഫ്റ്റി 22,600 പോയിന്റില്‍ താഴെയാണ്.

റിസര്‍വ് ബാങ്ക് പലിശനിരക്ക് വര്‍ധിപ്പിക്കുമോ എന്നതടക്കമുള്ള വിഷയങ്ങളാണ് ഓഹരി വിപണിയില്‍ പ്രതിഫലിക്കുന്നത്. പണപ്പെരുപ്പനിരക്ക് കുറയ്ക്കാന്‍ ആര്‍ബിഐ പലിശനിരക്ക് വര്‍ധിപ്പിക്കുമെന്നാണ് വിലയിരുത്തല്‍. ഇതിന് പുറമേ എണ്ണവില കൂടുന്നത് അടക്കമുള്ള വിഷയങ്ങളും വിപണിയില്‍ പ്രതിഫലിക്കുന്നുണ്ട്.

ടൈറ്റന്‍ കമ്പനി, ബിഎസ്ഇ ലിമിറ്റഡ്, റിലയന്‍സ്, ഹിന്‍ഡാല്‍കോ, ഏഷ്യന്‍ പെയിന്റ്‌സ് ഓഹരികളാണ് നഷ്ടം നേരിടുന്നത്. ഭാരതി എയര്‍ടെല്‍, ബജാജ് ഫിനാന്‍സ്, കോള്‍ ഇന്ത്യ ഓഹരികള്‍ നേട്ടത്തിലാണ്.