by Midhun HP News | Oct 23, 2025 | Latest News, ജില്ലാ വാർത്ത
മനുഷ്യത്വം പറഞ്ഞുതന്ന ഗുരുവായിരുന്നു ശ്രീനാരായണ ഗുരുവെന്ന് രാഷ്‌ട്രപതി ദ്രൗപതി മുർമു. ഗുരുദേവ സമാധി ശതാബ്ദി ആചരണത്തിൻ്റെ ഉത്ഘാടനം നിർവ്വഹിക്കുകയായിരുന്നു രാഷ്ട്രപതി. ആധുനിക കാലത്തും ഗുരുദർശനം പ്രസക്തമെന്ന് പറഞ്ഞ രാഷ്‌ട്രപതി ജാതിക്കും മതത്തിനും എതിരായ ഗുരുവിന്റെ നിലപാട് നിർണായകമെന്നും വ്യക്തമാക്കി.
ഉച്ചയ്‌ക്ക് 12.40 ഓടെയാണ് രാഷ്‌ട്രപതി വർക്കല ക്ലിഫ് ഹൗസില്‍ ഹെലികോപ്റ്ററില്‍ ഇറങ്ങിയത്. അവിടെ നിന്നും റോഡ് മാർഗം ശിവഗിരിയിലെത്തിയ രാഷ്‌ട്രപതിയെ സംന്യാസിമാരും ജനപ്രതിനിധികളും ചേര്‍ന്ന് സ്വീകരിച്ചു. തുടര്‍ന്ന് ഗുരുവിന്റെ മഹാസമാധിയിലെത്തിയ രാഷ്‌ട്രപതി പുഷ്പാഞ്ജലി അര്‍പ്പിച്ച് പ്രാർത്ഥിച്ചു.
കേരള ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ പങ്കെടുത്തു. ശ്രീനാരായണ ധര്‍മ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ മുഖ്യപ്രഭാഷണം നടത്തി. ട്രഷറര്‍ സ്വാമി ശാരദാനന്ദ ഗുരുസ്മരണ അര്‍പ്പിക്കും. ജനറല്‍ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ സ്വാഗതം പറഞ്ഞു.


by Midhun HP News | Oct 23, 2025 | Latest News, കേരളം
കോഴിക്കോട്: പേരാമ്പ്ര സംഘര്‍ഷത്തില്‍ പൊലീസിനെതിരെ ഗുരുതര ആരോപണണങ്ങളുമായി ഷാഫി പറമ്പില്‍ എംപി. പൊലീസ് ആസൂത്രിത ആക്രമണം നടത്തുകയായിരുന്നു. സംഘര്‍ഷത്തിന് പിന്നില്‍ ഗൂഢാലോചന നടന്നിട്ടുണ്ട്. സംഘര്‍ഷത്തിനിടെ തന്നെ മര്‍ദ്ദിച്ചത് സിഐ ആയ അഭിലാഷ് ഡേവിഡ് എന്ന പൊലീസ് ഉദ്യോഗസ്ഥനാണ്. ഇയാള്‍ സിപിഎമ്മിന്റെ ഗുണ്ടയാണെന്നും കോഴിക്കോട് വാര്‍ത്താ സമ്മേളനത്തില്‍ ഷാഫി പറമ്പില്‍ ആരോപിച്ചു. കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെ. പ്രവീണ്‍കുമാറും വാര്‍ത്താസമ്മേളനത്തില്‍ സംബന്ധിച്ചു.
ഗുണ്ടാ- മാഫിയാ ബന്ധത്തെത്തുടര്‍ന്ന് സേനയില്‍ നിന്നും പുറത്താക്കിയതായി സര്‍ക്കാര്‍ അറിയിച്ച വ്യക്തിയാണ് അഭിലാഷ്. 2023 ജനുവരി 16 നാണ് ഇയാളെ സസ്‌പെന്‍ഡ് ചെയ്തത്. 19 ന് ഇയാളെ പൊലീസ് സേനയില്‍ നിന്നും പുറത്താക്കിയെന്ന് മാധ്യമങ്ങളില്‍ വാര്‍ത്ത വന്നിരുന്നു. എന്നാല്‍ ഇയാള്‍ നിലവില്‍ വടകര കണ്‍ട്രോള്‍ റൂം ഇന്‍സ്‌പെക്ടറാണ്. എന്നാല്‍ പൊലീസ് സൈറ്റില്‍ ഇയാളെക്കുറിച്ച് വിവരങ്ങള്‍ ഇല്ല. വഞ്ചിയൂര്‍ ഓഫീസിലെ നിത്യസന്ദര്‍ശകനാണ് അഭിലാഷ് ഡേവിഡെന്നും ഷാഫി പറമ്പില്‍ പറഞ്ഞു.
രാഷ്ട്രീയ നിര്‍ദേശത്തെത്തുടര്‍ന്ന് പൊലീസ് ബോധപൂര്‍വം ഉണ്ടാക്കിയ സംഘര്‍ഷമാണ് പേരാമ്പ്രയിലേതെന്നും ഷാഫി ആരോപിച്ചു. ഒരു പ്രകോപനവും ഇല്ലാതെയാണ് പൊലീസ് അതിക്രമം നടത്തിയത്. അവിടെ സംഘര്‍ഷം ഒഴിവാക്കാനാണ് തങ്ങള്‍ ശ്രമിച്ചത്. ഡിവൈഎസ്പി ഹരിപ്രസാദ് എന്തിനാണ് ഗ്രനേഡ് കയ്യില്‍ വെച്ചതെന്തിനാണെന്ന് ഷാഫി പറമ്പില്‍ ചോദിച്ചു. ആശുപത്രിയില്‍ എത്തിയപ്പോള്‍ ഡിവൈഎസ്പി ഹരിപ്രസാദ് ചോദിച്ചത് എംപി ഷാഫി അഡ്മിറ്റായോ എന്നാണെന്ന്, അതിന്റെ വീഡിയോ സഹിതം ഷാഫി പറമ്പില്‍ വ്യക്തമാക്കി.
ശബരിമല വിഷയത്തില്‍ നിന്നും ജനശ്രദ്ധ തിരിക്കാന്‍ വേണ്ടി നടത്തിയ ആസൂത്രിതമായ നീക്കമായിരുന്നു പേരാമ്പ്രയില്‍ പൊലീസിന്റെ നടപടികള്‍. സര്‍ക്കാരിന് പിടിച്ചു നില്‍ക്കാന്‍ കഴിയാത്ത കൊള്ളയ്ക്കാണ് ദേവസ്വം ബോര്‍ഡിന്റെ അറിവോടെ, അവിടുത്തെ ഉദ്യോഗസ്ഥരും തട്ടിപ്പുകാരും ചേര്‍ന്ന് നടത്തിയതെന്ന് ഓരോ ദിവസവും വിവരങ്ങള്‍ പുറത്തു വന്നുകൊണ്ടിരിക്കുന്നു. കട്ടവന്മാര്‍ ദേവസ്വം ബോര്‍ഡിലും സര്‍ക്കാരിലുമുണ്ട്. കൊള്ളയില്‍ പങ്കുപറ്റിയ സര്‍ക്കാരാണ് ഇത് എന്നതിനാലാണ് ദേവസ്വം ബോര്‍ഡ് പിരിച്ചുവിടാന്‍ സര്‍ക്കാര്‍ മടി കാണിക്കുന്നതിന് പിന്നിലെന്നും ഷാഫി ആരോപിച്ചു. വിശ്വാസിയും അവിശ്വാസിയും ഇതു ക്ഷമിക്കില്ലെന്നും ഷാഫി പറമ്പില്‍ എംപി പറഞ്ഞു.


by Midhun HP News | Oct 23, 2025 | Latest News, കേരളം
വര്‍ഷങ്ങള്‍ക്ക് ശേഷം മോഹന്‍ലാല്‍-ശോഭന താരജോഡി ഒരുമിച്ച ചിത്രമായിരുന്നു തുടരും. മലയാളത്തിലെ എക്കാലത്തേയും വലിയ ഹിറ്റുകളിലൊന്നായി മാറുകയും ചെയ്തു തുടരും. ചിത്രത്തില്‍ തന്റെ കഥാപാത്രത്തിന് ശബ്ദം നല്‍കിയതും ശോഭന തന്നെയായിരുന്നു. എന്നാല്‍ നേരത്തെ താന്‍ സിനിമ മുഴുവന്‍ ഡബ്ബ് ചെയ്തിരുന്നുവെന്നും പക്ഷെ ശോഭനയുടെ നിര്‍ബന്ധത്തെ തുടര്‍ന്ന് അത് മാറ്റുകയായിരുന്നു എന്നാണ് ഡബ്ബിങ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മി ആരോപിക്കുന്നത്.
വര്‍ഷങ്ങള്‍ക്ക് ശേഷം മോഹന്‍ലാല്‍-ശോഭന താരജോഡി ഒരുമിച്ച ചിത്രമായിരുന്നു തുടരും. മലയാളത്തിലെ എക്കാലത്തേയും വലിയ ഹിറ്റുകളിലൊന്നായി മാറുകയും ചെയ്തു തുടരും. ചിത്രത്തില്‍ തന്റെ കഥാപാത്രത്തിന് ശബ്ദം നല്‍കിയതും ശോഭന തന്നെയായിരുന്നു. എന്നാല്‍ നേരത്തെ താന്‍ സിനിമ മുഴുവന്‍ ഡബ്ബ് ചെയ്തിരുന്നുവെന്നും പക്ഷെ ശോഭനയുടെ നിര്‍ബന്ധത്തെ തുടര്‍ന്ന് അത് മാറ്റുകയായിരുന്നു എന്നാണ് ഡബ്ബിങ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മി ആരോപിക്കുന്നത്.
ഭാഗ്യലക്ഷ്മിയുടെ ശബ്ദം വേണ്ട എന്ന് ആരും പറഞ്ഞ് കേട്ടിട്ടില്ല. പക്ഷെ ഈയ്യടുത്ത് വിഷമിപ്പിക്കുന്നൊരു സംഭവമുണ്ടായി. ശോഭനയുടെ മിക്ക സിനിമകള്‍ക്കും ഞാനാണ് ഡബ്ബ് ചെയ്തിട്ടുള്ളതെന്ന് എല്ലാവര്‍ക്കും അറിയാം. എല്ലാവരും പറയും ഏറ്റവും കൂടുതല്‍ ചേരുന്നത് എന്റെ ശബ്ദമാണെന്ന്. തുടരും സിനിമ സത്യത്തില്‍ ഞാന്‍ ഡബ്ബ് ചെയ്തതാണ്. ഇതിപ്പോള്‍ ഞാന്‍ ആദ്യമായിട്ടാണ് പുറത്ത് പറയുന്നത്. പറയണം എന്ന് ഒരുപാട് ആഗ്രഹമുണ്ടായിരുന്ന വിഷയമാണ്.
തുടരുമിന് ഡബ്ബിങിന് വിളിച്ചപ്പോള്‍ തമിഴ് കഥാപാത്രം ആണെന്ന് പറഞ്ഞു. അവര്‍ നന്നായി തമിഴ് പറയുമല്ലോ അതിനാല്‍ അവരെക്കൊണ്ട് തന്നെ ഡബ്ബ് ചെയ്യിപ്പിച്ചൂടേ എന്ന് ഞാന്‍ ചോദിച്ചു. ശോഭനയ്ക്ക് സ്വന്തമായി ഡബ്ബ് ചെയ്യാന്‍ ആഗ്രഹമുണ്ട്. പക്ഷെ നമ്മളെല്ലാവരും ഒറ്റക്കെട്ടായി തീരുമാനിച്ചു, സംവിധായകന്‍ തരുണ്‍ മൂര്‍ത്തിയും തിരക്കഥാകൃത്ത് സുനിലുമെല്ലാം, ഭാഗ്യ ചേച്ചി മതി എന്ന്. എന്നായിരുന്നു മറുപടി. അങ്ങനെ ഞാന്‍ പോയി.
കുറച്ച് കാലങ്ങളായി എനിക്ക് ഡബ്ബിങ്ങിലുള്ള ആത്മവിശ്വാസം നഷ്ടമായിട്ടുണ്ട്. എന്റെ ശബ്ദം ഓവര്‍ എക്‌സ്‌പോസ്ഡ് ആയെന്ന് തോന്നുന്നുണ്ട്. അത് കഥാപാത്രത്തെ ബാധിക്കും. ഭാഗ്യലക്ഷ്മിയെയാകും അവര്‍ കാണുക. അതെനിക്ക് ഇഷ്ടമല്ല. അവിടെപ്പോയി സിനിമ കണ്ടപ്പോഴും ഞാന്‍ ചോദിച്ചു ഇത് ശോഭന തന്നെ ചെയ്താല്‍ പോരെയെന്ന്. എന്നാല്‍ തരുണ്‍ മൂര്‍ത്തിയും സുനിലും കൂടെ ചേച്ചി തന്നെ ചെയ്യണമെന്ന് പറഞ്ഞു. മുഴുവന്‍ സിനിമയും ഞാന്‍ ഡബ്ബ് ചെയ്തു. ക്ലൈമാക്‌സൊക്കെ അലറി നിലവിളിച്ച്, ഭയങ്കരമായി എഫേര്‍ട്ട് എടുത്താണ് ചെയ്തത്. പറഞ്ഞ പ്രതിഫലവും തന്നു.
ഒരു മാസം കഴിഞ്ഞും സിനിമ റിലീസായില്ല. ഒരു ദിവസം ഞാന്‍ രഞ്ജിത്തിനെ അങ്ങോട്ട് വിളിച്ചു. ചേച്ചി, എങ്ങനെ പറയണമെന്ന് അറിയില്ല. ചേച്ചിയുടെ ശബ്ദം മാറ്റി. ശോഭന തന്നെ ഡബ്ബ് ചെയ്തുവെന്ന് പറഞ്ഞു. എന്നെ വിളിച്ച് പറയാനുള്ള മര്യാദ നിങ്ങള്‍ക്കില്ലേ എന്ന് ഞാന്‍ ചോദിച്ചു. ഞാന്‍ ഡബ്ബ് ചെയ്തില്ലെങ്കില്‍ പ്രൊമോഷന് വരില്ലെന്ന് ശോഭന പറഞ്ഞുവെന്ന് അവര്‍ എന്നോട് തുറന്നു പറഞ്ഞു. അഭിനയിച്ച വ്യക്തിയ്ക്ക് അവരുടെ ശബ്ദം നല്‍കാനുള്ള എല്ലാ അവകാശമുണ്ട്. ആര് ശബ്ദം നല്‍കണമെന്നത് സംവിധായകന്റെ തീരുമാനമാണ്. ആര്‍ട്ടിസ്റ്റിന് ആത്മവിശ്വാസമുണ്ടെങ്കില്‍ അവര്‍ക്ക് ചെയ്യാനുള്ള അവകാശവുമുണ്ട്. അതിലൊന്നും എനിക്കൊരു എതിര്‍പ്പുമില്ല.
പക്ഷെ, എന്നോട് ഒരു വാക്ക് പറയാമായിരുന്നു. ഇത്രയും സിനിമകള്‍ ചെയ്‌തൊരു ഡബ്ബിങ് ആര്‍ട്ടിസ്റ്റ് എന്ന നിലയില്‍ ശോഭനയ്ക്ക് എന്നെ വിളിച്ച് ഒരു വാക്ക് പറയാമായിരുന്നു. അവര്‍ പറഞ്ഞില്ല. നിര്‍മാതാവും സംവിധായകനും പറഞ്ഞില്ല. ഇതേ സംവിധായകന്‍ പ്രൊമോഷന്‍ ഇന്റര്‍വ്യുവിലിരുന്ന് പറയുന്നുണ്ടായിരുന്നു, ശോഭനയാണെന്ന് തീരുമാനിച്ചപ്പോള്‍ തന്നെ അവരുടെ ഓണ്‍ വോയ്‌സ് ആയിരിക്കുമെന്നും തീരുമാനിച്ചിരുന്നുവെന്ന്. അത് നുണയാണ്. സിനിമ ആദ്യ ദിവസം തന്നെ ഞാന്‍ കണ്ടിരുന്നു. ക്ലൈമാക്‌സില്‍ അവര്‍ എന്റെ ശബ്ദം ഉപയോഗിച്ചിട്ടുണ്ട്. കാരണം ശോഭനയ്ക്ക് അത്ര അലറി നിലവിളിച്ച് ചെയ്യാനാകില്ല, അവര്‍ക്ക് അത്രയും എക്‌സ്പീരിയന്‍സില്ല. ഡയലോഗ് ഒക്കെ അവര്‍ പറഞ്ഞിട്ടുണ്ടാകും, പക്ഷെ അലറലും നിലവിളിയും എന്റേതാണ്. അവര്‍ എന്നോട് എത്തിക്‌സ് കാണിച്ചില്ലെന്ന എന്ന സങ്കടം എനിക്കുണ്ട്.


by Midhun HP News | Oct 23, 2025 | Latest News, കേരളം
തൃശൂര്‍: കളിക്കുന്നതിനിടയില്‍ കുപ്പിയുടെ അടപ്പ് വിഴുങ്ങി നാല് വയസുകാരന്‍ മരിച്ചു. തൃശൂര്‍ എരുമപ്പെട്ടി ആദൂര് കണ്ടേരി വളപ്പില്‍ ഉമ്മര്‍- മുഫീദ ദമ്പതികളുടെ മകന്‍ മുഹമ്മദ് ഷഹല്‍ ആണ് മരിച്ചത്.
കളിക്കുന്നതിനിടെ കുട്ടി കുപ്പിയുടെ അടപ്പ് അബദ്ധത്തില്‍ വിഴുങ്ങുകയായിരുന്നു. കുഴഞ്ഞു വീണ കുട്ടിയെ ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല. തുടര്‍ന്നു നടത്തിയ പരിശോധനയിലാണ് കുപ്പിയുടെ അടപ്പ് വിഴുങ്ങിയതായി കണ്ടെത്തിയത്.


by Midhun HP News | Oct 23, 2025 | Latest News, ദേശീയ വാർത്ത
അഡ്‌ലെയ്ഡ്: ഓസ്‌ട്രേലിയക്കെതിരായ രണ്ടാം ഏകദിനത്തില്‍ 265 റണ്‍സ് ലക്ഷ്യം വച്ച് ഇന്ത്യ. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത ഓവറില്‍ 9 വിക്കറ്റ് നഷ്ടത്തില്‍ 264 റണ്‍സ് കണ്ടെത്തി.
രോഹിത് ശര്‍മ, ശ്രേയസ് അയ്യര്‍ എന്നിവര്‍ നേടിയ അര്‍ധ സെഞ്ച്വറികളും അക്ഷര്‍ പട്ടേല്‍ നേടിയ 44 റണ്‍സിന്റേയും ബലത്തിലാണ് ഇന്ത്യ പൊരുതാവുന്ന സ്‌കോറിലെത്തിയത്. വാലറ്റത്ത് ഹര്‍ഷിത് റാണയും നിര്‍ണായക സംഭാവന നല്‍കി.
ടോസ് നേടി ഓസ്‌ട്രേലിയ ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു. ഇന്ത്യക്ക് തുടക്കത്തില്‍ തന്നെ ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്‍, വിരാട് കോഹ്‌ലി എന്നിവരെ നഷ്ടമായി. 17 റണ്‍സെത്തുമ്പോഴേക്കും ഇരുവരും കൂടാരം കയറി. സ്‌കോര്‍ 17ല്‍ നില്‍ക്കെ ഇന്ത്യക്ക് ആദ്യ വിക്കറ്റ് നഷ്ടമായി. ശുഭ്മാന്‍ ഗില്ലാണ് ആദ്യം മടങ്ങിയത്. സേവ്യര്‍ ബാര്‍ട്‌ലെറ്റാണ് ഗില്ലിനെ പുറത്താക്കിയത്. ഏഴാം ഓവറിന്റെ ആദ്യ പന്തിലാണ് ഗില്ലിനെ താരം മടക്കി. ഗില്‍ 9 റണ്‍സ് മാത്രമാണ് നേടിയത്.
ഇതേ ഓവറിന്റെ അഞ്ചാം പന്തില്‍ കോഹ്‌ലിയേയും ബാര്‍ട്‌ലെറ്റ് മടക്കി. രണ്ടാം ഏകദിനത്തിലും കോഹ്‌ലിക്ക് കടുത്ത നിരാശ. തുടരെ രണ്ടാം വട്ടവും കോഹ്‌ലി പൂജ്യത്തിനു പുറത്തായി. 4 പന്തു മാത്രം നേരിട്ട കോഹ്‌ലിയെ സേവ്യര്‍ ബാര്‍ട്‌ലെറ്റ് വിക്കറ്റിനു മുന്നില്‍ കുടുക്കി.
പിന്നീട് മൂന്നാം വിക്കറ്റില്‍ ഒന്നിച്ച രോഹിത് ശര്‍മയും ശ്രേയസ് അയ്യരും ചേര്‍ന്ന സെഞ്ച്വറി കൂട്ടുകെട്ടാണ് ഇന്ത്യയെ കരകയറ്റിയത്. ഫോമിലേക്ക് മടങ്ങിയെത്തിയ രോഹിത് 74 പന്തുകള്‍ നേരിട്ട് 4 ഫോറും രണ്ട് സിക്‌സും സഹിതമാണ് 50 റണ്‍സിലെത്തിയത്. താരത്തിന്റെ കരിയറിലെ 59 അര്‍ധ ശതകമാണിത്. 97 പന്തില്‍ 7 ഫോറും 2 സിക്‌സും സഹിതം 73 റണ്‍സെടുത്താണ് രോഹിത് പുറത്തായത്.
ശ്രേയസ് 77 പന്തില്‍ 7 ഫോറുകള്‍ സഹിതം 61 റണ്‍സും കണ്ടെത്തി. ഇരുവരും ചേര്‍ന്നു മൂന്നാം വിക്കറ്റില്‍ 118 റണ്‍സ് ചേര്‍ത്താണ് പിരിഞ്ഞത്. രോഹിതിനെ മിച്ചല്‍ സ്റ്റാര്‍ക്കും ശ്രേയസിനെ ആദം സാംപയുമാണ് മടക്കിയത്.
പിന്നീട് ക്രീസിലെത്തിയ അക്ഷര്‍ പട്ടേല്‍ 41 പന്തുകള്‍ നേരിട്ട് 5 ഫോറുകള്‍ സഹിതം 44 റണ്‍സെടുത്തു. താരത്തിനു അര്‍ഹിച്ച അര്‍ധ സെഞ്ച്വറി 6 റണ്‍സ് അകലെ നഷ്ടമായി. കെഎല്‍ രാഹുല്‍ (11), വാഷിങ്ടന്‍ സുന്ദര്‍ (12), നിതീഷ് കുമാര്‍ റെഡ്ഡി (8) എന്നിവര്‍ അധികം ക്രീസസില്‍ നിന്നില്ല.
ഹര്‍ഷിത് റാണ 18 പന്തിലല്‍ 3 ഫോറുകള്‍ സഹിതം 22 റണ്‍സുമായി പുറത്താകാതെ നിന്നു. അര്‍ഷ്ദീപ് സിങ് 2 ഫോറുകള്‍ സഹിതം 13 റണ്‍സുമായി പുറത്തായി. ഹര്‍ഷിത്- അര്‍ഷ്ദീപ് സഖ്യമാണ് സ്‌കോര്‍ 250 കടത്തിയത്. ഓസീസിനായി ആദം സാംപ 4 വിക്കറ്റുകള്‍ വീഴ്ത്തി. സേവ്യര്‍ ബാര്‍ട്‌ലെറ്റ് 3 വിക്കറ്റുകള്‍ സ്വന്തമാക്കി. മിച്ചല്‍ സ്റ്റാര്‍ക്ക് 2 വിക്കറ്റെടുത്തു.


Recent Comments