കോഹ്‌ലി ‘ഡക്ക്’! രണ്ടാം ഏകദിനത്തിലും നിരാശ; രോഹിത് ക്രീസില്‍

കോഹ്‌ലി ‘ഡക്ക്’! രണ്ടാം ഏകദിനത്തിലും നിരാശ; രോഹിത് ക്രീസില്‍

അഡ്‌ലെയ്ഡ്: ഓസ്‌ട്രേലിയക്കെതിരായ രണ്ടാം ഏകദിനത്തിലും വിരാട് കോഹ്‌ലിക്ക് കടുത്ത നിരാശ. തുടരെ രണ്ടാം വട്ടവും കോഹ്‌ലി പൂജ്യത്തിനു പുറത്തായി. 4 പന്തു മാത്രം നേരിട്ട കോഹ്‌ലിയെ സേവ്യര്‍ ബാര്‍ട്‌ലെറ്റ് വിക്കറ്റിനു മുന്നില്‍ കുടുക്കി.

ടോസ് നേടി ഇത്തവണയും ഓസ്‌ട്രേലിയ ഇന്ത്യയെ ബാറ്റിങിനു അയക്കുകയായിരുന്നു. സ്‌കോര്‍ 17ല്‍ നില്‍ക്കെ ഇന്ത്യക്ക് ആദ്യ വിക്കറ്റ് നഷ്ടമായി. ക്യാപ്റ്റനും ഓപ്പണറുമായ ശുഭ്മാന്‍ ഗില്ലാണ് ആദ്യം മടങ്ങിയത്. സേവ്യര്‍ ബാര്‍ട്‌ലെറ്റാണ് ഗില്ലിനെ മടക്കിയത്. ഏഴാം ഓവറിന്റെ ആദ്യ പന്തിലാണ് ഗില്ലിനെ താരം മടക്കിയത്. ഇതേ ഓവറിന്റെ അഞ്ചാം പന്തില്‍ കോഹ്ലിയേയും ബാര്‍ട്‌ലെറ്റ് മടക്കി. ഗില്‍ 9 റണ്‍സ് മാത്രമാണ് നേടിയത്. ഒടുവില്‍ വിവരം കിട്ടുമ്പോള്‍ ഇന്ത്യ 2 വിക്കറ്റ് നഷ്ടത്തില്‍ 59 റണ്‍സെന്ന നിലയില്‍ കരുതലോടെ ക്രീസില്‍ നില്‍ക്കുന്നു. 28 റണ്‍സുമായി രോഹിത് ശര്‍മയും 20 റണ്‍സുമായി ശ്രേയസ് അയ്യരുമാണ് ക്രീസില്‍.

പൊലീസ് അതിക്രമത്തില്‍ പ്രതിഷേധിച്ച് ആശാ വര്‍ക്കര്‍മാര്‍; സംസ്ഥാന വ്യാപകമായി ഇന്ന് കരിദിനം

പൊലീസ് അതിക്രമത്തില്‍ പ്രതിഷേധിച്ച് ആശാ വര്‍ക്കര്‍മാര്‍; സംസ്ഥാന വ്യാപകമായി ഇന്ന് കരിദിനം

തിരുവനന്തപുരം: ക്ലിഫ് ഹൗസിലേക്കുള്ള പ്രതിഷേധ മാര്‍ച്ചിനിടെ ഉണ്ടായ പൊലീസ് അതിക്രമത്തില്‍ പ്രതിഷേധിച്ച് ആശാ വര്‍ക്കര്‍മാര്‍ ഇന്ന് സംസ്ഥാന വ്യാപകമായി കരിദിനം ആചരിക്കും. ജില്ലാ ആസ്ഥാനങ്ങളില്‍ ആശാ വര്‍ക്കര്‍മാര്‍ പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കും.

സെക്രട്ടേറിയറ്റിന് മുന്നിലെ സമരപന്തലില്‍ പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ ഉള്‍പ്പെടെയുള്ളവര്‍ സമരത്തിന് ഐക്യദാര്‍ഢ്യം അറിയിക്കാന്‍ എത്തുമെന്ന് നേതാക്കള്‍ അറിയിച്ചു. ക്ലിഫ്ഹൗസിലേക്കുള്ള മാര്‍ച്ചിനിടെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചിരുന്നു. അതിനിടെ വനിതാ നേതാക്കള്‍ക്ക് നേരെ പൊലീസ് ലാത്തി വീശിയതായാണ് ആക്ഷേപം. സമരത്തിന്റെ ഭാഗമായി എത്തിച്ച മൈക്ക് സെറ്റ് ഉള്‍പ്പെടെ നീക്കം ചെയ്തതും വ്യാപക പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു.

ഓണറേറിയം വര്‍ധിപ്പിക്കുക, പെന്‍ഷന്‍ ക്രമീകരണങ്ങള്‍ ഉറപ്പാക്കുക, വിരമിക്കല്‍ ആനുകൂല്യം നല്‍കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ട് മാസങ്ങളായി സമരത്തിലാണ് ആശാ വര്‍ക്കര്‍മാര്‍. ആശാ വര്‍ക്കര്‍മാരുടെ പ്രശ്‌നങ്ങള്‍ പഠിക്കുന്നതിന് സംസ്ഥാന സര്‍ക്കാര്‍ നേരത്തെ ഒരു സമിതിയെ നിയോഗിച്ചിരുന്നുവെങ്കിലും ആ സമിതി നല്‍കിയ റിപ്പോര്‍ട്ട് വെളിച്ചം കാണാത്ത പശ്ചാത്തലത്തിലാണ് സമരം ശക്തമാക്കാന്‍ തീരുമാനിച്ചതെന്നാണ് ആശാ വര്‍ക്കര്‍മാരുടെ നിലപാട്. ആശാ പ്രവര്‍ത്തകരെ പിരിച്ചുവിടാനായി പൊലീസ് ഇന്നലെ അഞ്ച് റൗണ്ട് ജലപീരങ്കി പ്രയോഗിച്ചു. എന്നിട്ടും കനത്ത മഴയേയും ജലപീരങ്കിയെയും അവഗണിച്ചുകൊണ്ട് ആശാ വര്‍ക്കര്‍മാര്‍ ക്ലിഫ് ഹൗസിന്റെ മുന്നില്‍ നിലയുറപ്പിച്ചു. സമരം അനുവദിച്ചിരുന്ന സമയത്തിനും അപ്പുറത്തേക്ക് കടന്നുപോയതിനാലാണ് പൊലീസ് നടപടി ഉണ്ടായത് എന്ന് പൊലീസ് വ്യക്തമാക്കി.

ശബരിമല സ്വര്‍ണക്കൊള്ള: മുരാരി ബാബു അറസ്റ്റില്‍

ശബരിമല സ്വര്‍ണക്കൊള്ള: മുരാരി ബാബു അറസ്റ്റില്‍

തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ളയില്‍ വീണ്ടും അറസ്റ്റ്. ശബരിമല ദേവസ്വം മുന്‍ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ മുരാരി ബാബുവാണ് അറസ്റ്റിലായത്. ചോദ്യം ചെയ്യലിനു ശേഷമാണ് മുരാരി ബാബുവിന്റെ അറസ്റ്റ് പ്രത്യേക അന്വേഷണ സംഘം രേഖപ്പെടുത്തിയത്. പെരുന്നയിലെ വീട്ടില്‍ നിന്നും ഇന്നലെ രാത്രി 10 മണിയോടെയാണ് എസ്ഐടി സംഘം മുരാരി ബാബുവിനെ കസ്റ്റഡിയിലെടുത്തത്. കേസിലെ മുഖ്യപ്രതി ഉണ്ണികൃഷ്ണൻ പോറ്റിയെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.

ശബരിമല സ്വര്‍ണക്കൊള്ളിയിലെ രണ്ടാമത്തെ പ്രതിയാണ് മുരാരി ബാബു. സ്വര്‍ണപ്പാളികള്‍ ചെമ്പുപാളികള്‍ എന്ന് രേഖപ്പെടുത്തിയത് മുരാരി ബാബുവാണെന്നാണ് കണ്ടെത്തിയിരുന്നു. ഗൂഢാലോചനയുടെ പ്രധാന കണ്ണിയാണ് മുരാരി ബാബുവെന്നാണ് എസ്‌ഐടി നിഗമനം. 2019 ല്‍ ദേവസ്വം അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസറായിരുന്നു. സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട് ശബരിമല മുന്‍ അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ മുരാരി ബാബുവിന് അറിവും പങ്കാളിത്തവും ഉണ്ടെന്നാണ് പ്രത്യേക അന്വേഷണ സംഘത്തിന്റെ വിലയിരുത്തല്‍.

ദ്വാരപാലക ശില്‍പ പാളികളും കട്ടിളയും കടത്തിയ കേസുകളില്‍ ഇയാളും പ്രതിയാണ്. നിലവില്‍ മുരാരി ബാബു സസ്‌പെന്‍ഷനിലാണ്. ആരോപണം ഉയര്‍ന്നപ്പോള്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ആദ്യം നടപടിയെടുത്ത ഉദ്യോഗസ്ഥനും മുരാരി ബാബുവാണ്. 2019 മുതല്‍ 2024 വരെയുള്ള ഗൂഢാലോചനയിലെ പ്രധാന കണ്ണി മുരാരി ബാബുവാണെന്നാണ് എസ്ഐടിയുടെ വിലയിരുത്തല്‍. നിലവില്‍ ഹരിപ്പാട് ദേവസ്വം ഡെപ്യൂട്ടി കമ്മീഷണറായി ജോലി ചെയ്തു വരികയായിരുന്നു.2019 ല്‍ മുരാരി ബാബു ശബരിമല അഡ്മിനിസ്‌ട്രേറ്റീവ് ഓഫിസര്‍ ആയിരിക്കെ, ശ്രീകോവിലിന് ഇരുവശത്തുമുള്ള സ്വര്‍ണം പൂശിയ ദ്വാരപാലക ശില്‍പ്പങ്ങള്‍ ചെമ്പ് തകിട് എന്ന് തെറ്റായി രേഖപ്പെടുത്തി ഗുരുതര വീഴ്ച വരുത്തിയതായി കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി. വ്യാജ രേഖ ചമച്ചതിന്റെ തുടക്കം മുരാരി ബാബുവിന്റെ കാലത്താണ് എന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ സ്വര്‍ണപ്പാളി വിവാദത്തിലെ വീഴ്ചയില്‍ തനിക്ക് പങ്കില്ലെന്നാണ് മുരാരി ബാബു ആവര്‍ത്തിച്ചിരുന്നത്.

ആറ്റിങ്ങൽ കൊലപാതകം: പ്രതി പിടിയിൽ

ആറ്റിങ്ങൽ കൊലപാതകം: പ്രതി പിടിയിൽ

ആറ്റിങ്ങൽ ഗ്രീൻ ലൈൻ ലോഡ്ജിൽ യുവതി കൊല്ലപ്പെട്ടതുമായി ബന്ധപ്പെട്ട് കൂടെയുണ്ടായിരുന്ന യുവാവിനെ പോലീസ് പിടികൂടി. പ്രതിയായ ജോബി ജോർജിനെ കോഴിക്കോട് നിന്നാണ് പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്.
ഇയാളെ ഇന്ന് ആറ്റിങ്ങലിൽ എത്തിക്കും.

ഞായറാഴ്ച വരെ ഇടിമിന്നലോട് കൂടിയ മഴ, ശക്തമായ കാറ്റ്; ഒൻപത് ജില്ലകളിൽ യെല്ലോ അലർട്ട്

ഞായറാഴ്ച വരെ ഇടിമിന്നലോട് കൂടിയ മഴ, ശക്തമായ കാറ്റ്; ഒൻപത് ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം: ഇരട്ട ന്യൂനമർദ്ദത്തിന്റെ സ്വാധീനഫലമായി സംസ്ഥാനത്ത് ഞായറാഴ്ച വരെ ഇടിമിന്നലോടുകൂടിയ മഴയ്ക്കും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും സാധ്യത. മണിക്കൂറിൽ 30 മുതൽ 40 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാധ്യതയുള്ളതിനാൽ ജാ​ഗ്രത പാലിക്കണമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

അറബിക്കടലിലും ബംഗാൾ ഉൾക്കടലിലുമാണ് ന്യൂനമർദ്ദം സ്ഥിതി ചെയ്യുന്നത്. തെക്ക് കിഴക്കൻ അറബിക്കടലിലെ ശക്തി കൂടിയ ന്യൂനമർദ്ദം തീവ്ര ന്യൂനമർദ്ദമായി ശക്തി പ്രാപിച്ചു .തമിഴ്നാട് തീരത്തിന് സമീപം തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിലെ ശക്തി കൂടിയ ന്യൂനമർദ്ദം വരുംമണിക്കൂറുകളിൽ തെക്കുപടിഞ്ഞാറ് ബംഗാൾ ഉൾക്കടലിന്റെയും അതിനോട് ചേർന്ന പടിഞ്ഞാറൻ മധ്യ ബംഗാൾ ഉൾക്കടലിന്റെയും വടക്കൻ തമിഴ്നാട്, തെക്കൻ ആന്ധ്രാപ്രദേശ് തീരപ്രദേശങ്ങൾക്കു സമീപം തീവ്ര ന്യൂനമർദ്ദമായി ശക്തിപ്രാപിക്കാൻ സാധ്യതയുണ്ട്. തുടർന്നുള്ള 12 മണിക്കൂറിനുള്ളിൽ, ഇത് വടക്കൻ തമിഴ്നാട്, പുതുച്ചേരി, തെക്കൻ ആന്ധ്രാപ്രദേശ് തീരങ്ങളിലൂടെ നീങ്ങാനാണ് സാധ്യതയെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇതിന്റെയെല്ലാം സ്വാധീനഫലമായാണ് സംസ്ഥാനത്ത് മഴ ലഭിക്കുന്നതെന്നും മുന്നറിയിപ്പിൽ പറയുന്നു.

കേരള – കർണാടക – ലക്ഷദ്വീപ് തീരങ്ങളിൽ ഞായറാഴ്ച വരെ മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇന്ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലും വെള്ളിയാഴ്ച മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലും ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴയാണ് പ്രവചിക്കുന്നത്. ജാ​ഗ്രതയുടെ ഭാ​ഗമായി ഈ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. 24 മണിക്കൂറിൽ 64.5 മില്ലിമീറ്ററിൽ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് കേന്ദ്ര കാലാവസ്ഥ വകുപ്പ് അർത്ഥമാക്കുന്നത്.