ഗുജറാത്ത് മുതല്‍ ഡല്‍ഹി വരെ; മോദി എന്ന ‘ഡബിള്‍ എന്‍ജിന്‍’; അധികാര കസേരയില്‍ കാല്‍നൂറ്റാണ്ട്

ഗുജറാത്ത് മുതല്‍ ഡല്‍ഹി വരെ; മോദി എന്ന ‘ഡബിള്‍ എന്‍ജിന്‍’; അധികാര കസേരയില്‍ കാല്‍നൂറ്റാണ്ട്

ഡല്‍ഹി: 2001 ഒക്ടോബറില്‍ ഗുജറാത്ത് മുഖ്യമന്ത്രിയായി തുടങ്ങിയ നരേന്ദ്ര മോദി നാളെ (ഒക്ടോബര്‍ ഏഴ്) ഭരണരംഗത്ത് 25 വര്‍ഷം പൂര്‍ത്തിയാക്കുകയാണ്. ഒരുമാസം നീണ്ടുനില്‍ക്കുന്ന സേവാ സങ്കല്‍പ് അഭിയാന്‍ പരിപാടിയിലൂടെയാണ് ബിജെപി ഇത് ആഘോഷമാക്കുന്നത്. മോദിയുടെ ജന്മസ്ഥലമായ ഭട്‌നഗറിനെയും അദ്ദേഹത്തിന്റെ പാര്‍ലമെന്റ് മണ്ഡലമായ വാരണാസിയെയും ബന്ധിപ്പിച്ചുകൊണ്ട് വിവിധ പരിപാടികളും ജനസമ്പര്‍ക്ക പരിപാടികളും ഇതിന്റെ ഭാഗമായി സംഘടിപ്പിച്ചിട്ടുണ്ട്.

2001 ഒക്ടോബര്‍ ഏഴിനാണ് മോദി ഗുജറാത്ത് മുഖ്യമന്ത്രിയാകുന്നത്. 2014ല്‍ ദേശീയ രാഷ്ട്രീയഭൂമികയിലേക്ക് കളംമാറുന്നതുവരെ ഏകദേശം 13 വര്‍ഷത്തോളം അദ്ദേഹം ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്നു. തുടര്‍ന്ന് മൂന്ന് തവണയായി ഇന്ത്യയുടെ പ്രധാനമന്ത്രി പദത്തിലും അദ്ദേഹം സേവനം അനുഷ്ഠിച്ചു വരുന്നു.

അപ്രതീക്ഷിതമായാണ് നരേന്ദ്രമോദി ഗുജറാത്ത് മുഖ്യമന്ത്രിയാകുന്നത്. ആ വര്‍ഷം ജനുവരിയിലുണ്ടായ വന്‍ ഭൂകമ്പത്തെത്തുടര്‍ന്ന് തകര്‍ന്നടിഞ്ഞ ഗുജറാത്തിനെ പുനര്‍നിര്‍മിക്കുക എന്ന വലിയ ഉത്തരവാദിത്തമാണ് അന്ന് അദ്ദേഹത്തിന് മുന്നിലുണ്ടായിരുന്നത്. അത് വിജയകരമായി പൂര്‍ത്തിയാക്കാന്‍ മോദിക്ക് കഴിഞ്ഞു. മുഖ്യമന്ത്രിയായി ചുമതലയേറ്റതിന് ശേഷം നടന്ന 2002-ലെ നിയമസഭാ തെരഞ്ഞെടുപ്പ് അദ്ദേഹത്തിന്റെ രാഷ്ട്രീയ ജീവിതത്തിലെ കടുത്ത അഗ്‌നിപരീക്ഷയായിരുന്നു.

ഗോധ്രാ സംഭവങ്ങളെത്തുടര്‍ന്നുള്ള കലാപങ്ങളുടെ പശ്ചാത്തലത്തില്‍ നടന്ന തെരഞ്ഞെടുപ്പില്‍ ബിജെപി 182-ല്‍ 127 സീറ്റുകള്‍ നേടി വിജയിച്ചു. മോദി തന്റെ ആദ്യ പൂര്‍ണ കാലാവധിയിലേക്ക് മുഖ്യമന്ത്രിയായി അധികാരമേറ്റു. പാര്‍ട്ടിനേതാവ് എന്ന നിലയില്‍ നിന്ന് ജനപ്രിയനായ ഒരു രാഷ്ട്രീയ നേതാവിലേക്കുള്ള അദ്ദേഹത്തിന്റെ വളര്‍ച്ചയായിരുന്നു ഇത്. അടിസ്ഥാന സൗകര്യങ്ങള്‍, നിക്ഷേപം, ജലസേചനം എന്നിവയ്ക്ക് മുന്‍ഗണന നല്‍കിയ അദ്ദേഹത്തിന്റെ ഭരണശൈലി ‘ഗുജറാത്ത് മോഡല്‍’ എന്ന പേരില്‍ അറിയപ്പെട്ടു.

2013ല്‍ ബിജെപി നരേന്ദ്രമോദിയെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചു. വികസന നായകനായും ശക്തമായ ഭരണാധികാരിയായും അദ്ദേഹത്തെ അവതരിപ്പിച്ചുകൊണ്ടുള്ള തെരഞ്ഞെടുപ്പ് പ്രചാരണമാണ് പാര്‍ട്ടി നടത്തിയത്. ഒരു വര്‍ഷത്തിനുശേഷം നടന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബിജെപി 282 സീറ്റുകള്‍ നേടി.

2014 മെയ് 26ന് നരേന്ദ്ര മോദി രാജ്യത്തിന്റെ പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു അധികാരമേറ്റു. ചെങ്കോട്ടയില്‍ നടത്തിയ ആദ്യ സ്വാതന്ത്ര്യദിന പ്രസംഗത്തില്‍ താന്‍ രാജ്യത്തിന്റെ ‘പ്രധാന സേവകന്‍’ ആണെന്ന് അദ്ദേഹം പ്രഖ്യാപിച്ചു. സ്വച്ഛ് ഭാരത് മിഷന്‍, ജന്‍ ധന്‍ യോജന, മേക്ക് ഇന്‍ ഇന്ത്യ തുടങ്ങിയ നിരവധി പദ്ധതികള്‍ക്ക് അദ്ദേഹത്തിന്റെ ആദ്യ സര്‍ക്കാര്‍ തുടക്കമിട്ടു.

2017ല്‍ അവതരിപ്പിച്ച ചരക്ക് സേവന നികുതി, ഭൂരിഭാഗം പരോക്ഷ നികുതികളെയും ഒരു ഏകീകൃത ദേശീയ ചട്ടക്കൂടിലേക്ക് കൊണ്ടുവന്നു. ഏറ്റവും കൂടുതല്‍ ചര്‍ച്ച ചെയ്യപ്പെട്ടതായിരുന്നു 2016-ലെ നോട്ടുനിരോധനം. ഉന്നത മൂല്യമുള്ള കറന്‍സി നോട്ടുകള്‍ വിപണിയില്‍ നിന്ന് പിന്‍വലിച്ച സംഭവമായിരുന്നു ഇത്. ഇത്തരം നോട്ടുകള്‍ പിന്‍വലിക്കുന്നതോടുകൂടി രാജ്യത്ത് കള്ളപ്പണം ഒഴുകുന്നത് തടയിടാനാകുമെന്നും, തീവ്രവാദപ്രവര്‍ത്തനങ്ങളെയും മയക്കുമരുന്ന് കച്ചവടങ്ങളെയും ഇല്ലാതാക്കാനാകുമെന്നുമായിരുന്നു കേന്ദ്രസര്‍ക്കാര്‍ വാദം.

2016ലെ ഉറി ആക്രമണത്തിന് ശേഷം ഇന്ത്യ അതിര്‍ത്തി കടന്നുള്ള സര്‍ജിക്കല്‍ സ്‌ട്രൈക്ക് പ്രഖ്യാപിച്ചു. 2019-ലെ പുല്‍വാമ ആക്രമണത്തിന് ശേഷം ബാലാക്കോട്ടില്‍ ഇന്ത്യ വ്യോമാക്രമണം നടത്തി. 2025-ല്‍ പഹല്‍ഗാം ഭീകരാക്രമണത്തെത്തുടര്‍ന്ന് സര്‍ക്കാര്‍ ‘ഓപ്പറേഷന്‍ സിന്ദൂര്‍’ പ്രഖ്യാപിച്ചു. അതിര്‍ത്തി കടന്നുള്ള ഭീകരവാദത്തിനെതിരെ ശക്തമായ മറുപടി സര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടായി. രണ്ടാം മോദി സര്‍ക്കാരിന്റെ ഏറ്റവും വലിയ രാഷ്ട്രീയ തീരുമാനങ്ങളില്‍ ഒന്നായിരുന്നു ജമ്മു കശ്മീരിന്റെ പ്രത്യേക പദവി നല്‍കുന്ന ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയത്. ബിജെപിയുടെ ദീര്‍ഘകാലമായുള്ള പ്രഖ്യാപനമായിരുന്നു ഇത്. ഈ തീരുമാനം രാജ്യത്തിനകത്തും പുറത്തും വലിയ ചര്‍ച്ചകള്‍ക്കും നിയമപോരാട്ടങ്ങള്‍ക്കും വഴിവെച്ചു.

മോദി സര്‍ക്കാരിന്റെ ഭരണകാലം നേരിട്ട ഏറ്റവും വലിയ വെല്ലുവിളിയായിരുന്നു കോവിഡ് മഹാമാരി. രാജ്യവ്യാപകമായ ലോക്ക്ഡൗണും തുടര്‍ന്ന് ലോകത്തിലെ ഏറ്റവും വലിയ വാക്‌സിനേഷന്‍ യജ്ഞങ്ങളിലൊന്നും സര്‍ക്കാര്‍ വിജയകരമായി നടപ്പിലാക്കി. 2024ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് ഒറ്റയ്ക്ക് കേവലഭൂരിപക്ഷം ലഭിച്ചില്ലെങ്കിലും സഖ്യകക്ഷികളുടെ പിന്തുയില്‍ എന്‍ഡിഎ സര്‍ക്കാര്‍ അധികാരത്തില്‍ തുടര്‍ന്നു. ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രിയായിരുന്നു ജവഹര്‍ലാല്‍ നെഹ്റുവിന് ശേഷം തുടര്‍ച്ചയായി മൂന്നാം തവണയും പ്രധാനമന്ത്രി പദത്തിലെത്തുന്ന രണ്ടാമത്തെ വ്യക്തിയായി നരേന്ദ്ര മോദി മാറി.

സ്‌കൂള്‍ പരിസരത്ത് കുട്ടികളുടെ ഫോട്ടോ എടുത്താല്‍ വന്‍പിഴ; യുഎഇയില്‍ മാതാപിതാക്കള്‍ക്കും സന്ദര്‍ശകര്‍ക്കും മുന്നറിയിപ്പ്

സ്‌കൂള്‍ പരിസരത്ത് കുട്ടികളുടെ ഫോട്ടോ എടുത്താല്‍ വന്‍പിഴ; യുഎഇയില്‍ മാതാപിതാക്കള്‍ക്കും സന്ദര്‍ശകര്‍ക്കും മുന്നറിയിപ്പ്

ദുബൈ: യുഎഇയില്‍ സ്‌കൂള്‍ പരിസരത്ത് ഫോട്ടോയും വിഡിയോയും എടുക്കുന്നതില്‍ മാതാപിതാക്കള്‍ക്ക് കര്‍ശന വിലക്ക്. കുട്ടികളുടെ സ്വകാര്യതയും സുരക്ഷയും മുന്‍നിര്‍ത്തി ദുബൈയിലെയും ഷാര്‍ജയിലെയും പ്രമുഖ സ്‌കൂളുകളാണ് മാതാപിതാക്കള്‍ക്കും സന്ദര്‍ശകര്‍ക്കും പുതിയ മാര്‍ഗനിര്‍ദ്ദേശം നല്‍കി സര്‍ക്കുലര്‍ അയച്ചിരിക്കുന്നത്.

സ്‌കൂള്‍ ക്യാംപസിനുള്ളില്‍ വെച്ച് വിദ്യാര്‍ഥികളുടെ ഫോട്ടോയോ വിഡിയോയോ എടുക്കരുതെന്നും, അനുവാദമില്ലാതെ മറ്റ് കുട്ടികള്‍ ഉള്‍പ്പെടുന്ന ചിത്രങ്ങള്‍ വാട്‌സാപ്പ് ഗ്രൂപ്പുകളിലോ സോഷ്യല്‍ മീഡിയയിലോ മറ്റ് ഡിജിറ്റല്‍ പ്ലാറ്റ്ഫോമുകളിലോ പങ്കുവെക്കരുതെന്നുമാണ് മാതാപിതാക്കള്‍ക്കും സന്ദര്‍ശകര്‍ക്കും സ്‌കൂളുകള്‍ നിര്‍ദ്ദേശം നല്‍കിയത്.

യുഎഇയിലെ സ്വകാര്യത സംരക്ഷണ നിയമങ്ങള്‍ക്കും അടുത്തിടെ പുറത്തിറക്കിയ നിര്‍ദ്ദേശങ്ങള്‍ക്കും വിധേയമായാണ് ഈ നടപടി. ക്ലാസ് മുറികള്‍, കൊറിഡോറുകള്‍, കളിസ്ഥലങ്ങള്‍, അസംബ്ലി, കുട്ടികളെ സ്‌കൂളില്‍ ഇറക്കുന്നതും തിരികെ കൊണ്ടുപോകുന്നതുമായ സ്ഥലങ്ങള്‍ തുടങ്ങിയവിടങ്ങളിലെല്ലാം ഈ വിലക്ക് ബാധകമാണ്. മറ്റു കുട്ടികളുടെയോ അധ്യാപകരുടെയോ ജീവനക്കാരുടെയോ ചിത്രങ്ങള്‍ അനുമതിയില്ലാതെ പകര്‍ത്തുമ്പോഴുണ്ടാകുന്ന സ്വകാര്യതാ ലംഘനം തടയുകയാണ് സ്‌കൂള്‍ അധികൃതരുടെ ലക്ഷ്യം.

സ്‌കൂള്‍ പരിസരത്ത് കുട്ടികളുടെ അനുവാദമില്ലാതെ ഫോട്ടോയോ വിഡിയോയോ എടുക്കുന്ന മാതാപിതാക്കള്‍ക്ക് യുഎഇ സ്വകാര്യതാ നിയമങ്ങള്‍ പ്രകാരം 500,000 ദിര്‍ഹം വരെ പിഴ ലഭിച്ചേക്കാം. അധികൃതര്‍ക്ക് പരാതി നല്‍കുകയും നടപടി കുറ്റകരമാണെന്ന് കണ്ടെത്തുകയും ചെയ്താല്‍ മാത്രമാണ് ഈ നടപടി നേരിടേണ്ടി വരിക. യുഎഇ സൈബര്‍ കുറ്റകൃത്യ നിയമത്തിലെ ആര്‍ട്ടിക്കിള്‍ 44 പ്രകാരം, ഒരു കുട്ടിയുടെ സ്വകാര്യത ലംഘിക്കുന്ന രീതിയില്‍ ചിത്രം പകര്‍ത്തുകയോ പങ്കുവെക്കുകയോ ചെയ്താല്‍ മാതാപിതാക്കള്‍ക്കോ സന്ദര്‍ശകര്‍ക്കോ കുറഞ്ഞത് ആറ് മാസം തടവോ, 150,000 മുതല്‍ 500,000 ദിര്‍ഹം വരെ പിഴയോ, അല്ലെങ്കില്‍ ഇവ രണ്ടും കൂടിയോ ലഭിക്കാമെന്നും നിയമവിദഗ്ധര്‍ പറയുന്നു.

സോഷ്യല്‍ മീഡിയ കത്തിച്ച് ഗായത്രി സുരേഷ്; 1000 ഓറയുമായി ‘കോപ്പര്‍ വി’; ‘ഡിസ്‌കോ’ ടീസര്‍

സോഷ്യല്‍ മീഡിയ കത്തിച്ച് ഗായത്രി സുരേഷ്; 1000 ഓറയുമായി ‘കോപ്പര്‍ വി’; ‘ഡിസ്‌കോ’ ടീസര്‍

ഒരു സാധാരണ മനുഷ്യന്റെ ചിന്തകളില്‍ നിന്ന് ആരംഭിച്ച്, അണ്ടര്‍വേള്‍ഡിന്റെ ഇരുണ്ട ലോകത്തേക്കുള്ള നായകന്റെ മാറ്റം അവതരിപ്പിക്കുന്ന സംഭാഷണങ്ങളുമായി ‘ഡിസ്‌കോ’യുടെ ടീസര്‍. ചെമ്പന്‍ വിനോദിന്റെ ഗംഭീര പ്രകടനവും മാസ് ഡയലോഗുമാണ് ടീസറിന്റെ പ്രധാന ആകര്‍ഷണം. മെക്‌സിക്കന്‍ സിനിമകളെ ഓര്‍മിപ്പിക്കുന്ന ടീസറിലെ ചെമ്പന്‍ വിനോദിന്റെ വാക്കുകള്‍ ഇതിനോടകം തന്നെ ആരാധകര്‍ ഏറ്റെടുത്തു കഴിഞ്ഞു.

ചിത്രം തിയേറ്ററുകളില്‍ മികച്ചൊരു ദൃശ്യാനുഭവം സമ്മാനിക്കുമെന്നാണ് ടീസര്‍ നല്‍കുന്ന സൂചന ‘അഞ്ചക്കള്ളകോക്കാന്‍’ എന്ന ചിത്രത്തിന് ശേഷം ഉല്ലാസ് ചെമ്പന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ഡിസ്‌കോ’. ചെമ്പന്‍ വിനോദ് തിരക്കഥ രചിച്ച ചിത്രം ചെമ്പോസ്‌കി മോഷന്‍ പിക്‌ചേഴ്‌സിന്റെ ബാനറില്‍ ചെമ്പന്‍ വിനോദും, ഫാര്‍സ് ഫിലിംസിന്റെ അഹമ്മദ് ഗോള്‍ച്ചനും സംയുക്തമായാണ് നിര്‍മ്മിക്കുന്നത്.

ആന്റണി വര്‍ഗീസ് പെപ്പെ, ദേവ് മോഹന്‍, ലുക്ക്മാന്‍, ചെമ്പന്‍ വിനോദ് ജോസ്, അര്‍ജുന്‍ അശോകന്‍, സാഗര്‍ സൂര്യ, വിഷ്ണു ഉണ്ണികൃഷ്ണന്‍, ഷെബിന്‍ ബെന്‍സണ്‍, ഫെമിന ജോര്‍ജ്, കല്യാണി അനില്‍, മീര വാസുദേവ്, ഗായത്രി സുരേഷ്, സെന്തില്‍ കൃഷ്ണ, മണികണ്ഠന്‍ ആചാരി, അപ്പാനി ശരത്, സിനോജ് വര്‍ഗ്ഗീസ്, വിനീത് തട്ടില്‍ തുടങ്ങിയവരും ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

ഇടിമിന്നൽ, ഷോർട്ട് സർക്യൂട്ട്; വീട് പൂർണ്ണമായി കത്തിനശിച്ചു; ഒഴിവായത് വൻ ദുരന്തം

ഇടിമിന്നൽ, ഷോർട്ട് സർക്യൂട്ട്; വീട് പൂർണ്ണമായി കത്തിനശിച്ചു; ഒഴിവായത് വൻ ദുരന്തം

പാലക്കാട്: ഒലവക്കോട്ട് കഴിഞ്ഞ ദിവസങ്ങളിലുണ്ടായ അതിശക്തമായ ഇടിമിന്നലിനെത്തുടർന്ന് വീടിന് തീപിടിച്ച് സർവ്വതും ചാമ്പലായി. ഒലവക്കോട് അനുഗ്രഹ ഓഡിറ്റോറിയത്തിന് എതിർവശത്ത് ഭിന്നശേഷിക്കാരനായ ഗഫൂറും കുടുംബവും വാടകയ്ക്ക് താമസിച്ചിരുന്ന വീടാണ് ഷോർട്ട് സർക്യൂട്ടിനെത്തുടർന്നുണ്ടായ തീപിടിത്തത്തിൽ പൂർണ്ണമായി കത്തിനശിച്ചത്. അപകടസമയത്ത് വീട്ടിൽ ആരുമില്ലാതിരുന്നതിനാൽ തലനാരിഴയ്ക്കാണ് വൻ ദുരന്തം ഒഴിവായത്.

ഗഫൂറിന്റെ ഭാര്യയുടെ ചികിത്സയുമായി ബന്ധപ്പെട്ട് കഴിഞ്ഞ മൂന്ന് ദിവസമായി കുടുംബം മകളുടെ വീട്ടിലായിരുന്നു. തിങ്കളാഴ്ച രാവിലെ പതിനൊന്ന് മണിയോടെ തിരിച്ചെത്തിയപ്പോഴാണ് ജനൽച്ചില്ലുകൾ പൊട്ടിത്തെറിച്ച നിലയിലും വീട്ടുപകരണങ്ങൾ പൂർണ്ണമായി കത്തിക്കരിഞ്ഞ നിലയിലും കാണുന്നത്. തീപിടിത്തത്തിൽ വീടിന്റെ ഹാളിലുണ്ടായിരുന്ന സെറ്റി, മുകളിലെ വയറിങ് സംവിധാനങ്ങൾ, ഇലക്ട്രോണിക് ഉപകരണങ്ങൾ, വസ്ത്രങ്ങൾ എന്നിവയെല്ലാം പൂർണ്ണമായി കത്തിനശിച്ചു. തീയുടെ രൂക്ഷമായ ആഘാതത്തിൽ വീടിന്റെ ചുവരുകളിലാകെ കരിപടരുകയും ചൂടേറ്റ് ജനൽച്ചില്ലുകൾ തകരുകയും ചെയ്തിട്ടുണ്ട്.

വിവരമറിഞ്ഞ് ഗഫൂർ ഉടൻതന്നെ വാർഡ് കൗൺസിലറെ വിവരമറിയിച്ചു. തുടർന്ന് ജനപ്രതിനിധിയെത്തി വീട് തുറന്ന് സ്ഥിതിഗതികൾ വിലയിരുത്തിയ ശേഷം കെഎസ്ഇബി അധികൃതരെയും പൊലീസിനെയും വിവരമറിയിക്കുകയായിരുന്നു. കെഎസ്ഇബി ഉദ്യോഗസ്ഥരെത്തി വീടിന്റെ മെയിൻ സ്വിച്ച് ഓഫ് ചെയ്യുകയും അപകട സാധ്യത ഒഴിവാക്കാനായി സർവീസ് വയർ പൂർണ്ണമായി വിച്ഛേദിക്കുകയും ചെയ്തു. കഴിഞ്ഞ ദിവസങ്ങളിൽ മേഖലയിൽ കനത്ത മഴയും വ്യാപകമായ ഇടിമിന്നലും ഉണ്ടായിരുന്നു.

തിരുവനന്തപുരം ഡിസിസി ഓഫീസ് ആക്രമണം; ബിജെപി ജില്ലാ സെക്രട്ടറിയും മണ്ഡലം പ്രസിഡന്റും പിടിയില്‍; ഒളിവില്‍ കഴിഞ്ഞത് തെങ്കാശിയില്‍

തിരുവനന്തപുരം ഡിസിസി ഓഫീസ് ആക്രമണം; ബിജെപി ജില്ലാ സെക്രട്ടറിയും മണ്ഡലം പ്രസിഡന്റും പിടിയില്‍; ഒളിവില്‍ കഴിഞ്ഞത് തെങ്കാശിയില്‍

തിരുവനന്തപുരം: കോണ്‍ഗ്രസ് ഡിസിസി ഓഫീസിന് നേരെ കല്ലെറിഞ്ഞ കേസില്‍ രണ്ടുപേര്‍ പിടിയില്‍. ബിജെപി ജില്ലാ സെക്രട്ടറി അഡ്വ. പ്രദീപ്, ബിജെപി മണ്ഡലം പ്രസിഡന്റ് ശ്രീലാല്‍ എന്നിവരാണ് പിടിയിലായത്. ഇവരെ സഹായിച്ച അജി, സ്റ്റെഫിന്‍ എന്നിവരെയും മ്യൂസിയം പൊലീസ് പിടികൂടി.

ഇന്നലെ രാത്രി തെങ്കാശിയിലെ ഒളികേന്ദ്രത്തില്‍ നിന്നാണ് ഇവര്‍ പിടിയിലായതെന്ന് പൊലീസ് അറിയിച്ചു. പ്രദീപിനൊപ്പം ബൈക്കിലെത്തിയ ശ്രീലാല്‍ ആണ് ഡിസിസി ഓഫീസിന് നേരെ കല്ലെറിഞ്ഞത്. ഇതിന്റെ സിസി ടിവി ദൃശ്യങ്ങളും പുറത്തുവന്നിരുന്നു.

സംഭവത്തിനു പിന്നില്‍ ബിജെപി ആണെന്നു കോണ്‍ഗ്രസ് ആരോപിച്ചിരുന്നു. ആക്രമണത്തിനു പിന്നാലെ മുഖ്യമന്ത്രി വി.ഡി. സതീശന്‍ ഉള്‍പ്പെടെ ഡിസിസി ഓഫിസ് സന്ദര്‍ശിച്ചിരുന്നു. കേന്ദ്രമന്ത്രി അമിത്ഷായെ യൂത്ത് കോണ്‍ഗ്രസ് കരിങ്കൊടി കാണിച്ചതിനു പിന്നാലെയായിരുന്നു ഡിസിസി ഓഫിസ് ആക്രമണം. ഡിസിസി ഓഫിസിന്റെ ഗ്ലാസടക്കം അന്ന് തകര്‍ന്നു.