ന്യൂനമര്‍ദം തീവ്രമായി, ഇന്നുമുതല്‍ മഴ കനക്കും; അഞ്ചു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

ന്യൂനമര്‍ദം തീവ്രമായി, ഇന്നുമുതല്‍ മഴ കനക്കും; അഞ്ചു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്. വടക്കന്‍ കേരളത്തിലാണ് മഴ കനക്കുക. വടക്കന്‍ കേരളത്തിലെ അഞ്ചു ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പുറപ്പെടുവിച്ചിട്ടുണ്ട്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് ഇന്ന് മഞ്ഞ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചിട്ടുള്ളത്.

വടക്കുപടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിലും അതിനോട് ചേര്‍ന്ന വടക്കന്‍ ഒഡീഷ – പശ്ചിമ ബംഗാള്‍ തീരപ്രദേശങ്ങളിലും സ്ഥിതി ചെയ്തിരുന്ന ന്യൂനമര്‍ദം തീവ്ര ന്യൂനമര്‍ദമായി ശക്തിപ്രാപിച്ചു. അടുത്ത 24 മണിക്കൂറിനുള്ളില്‍ വടക്കുപടിഞ്ഞാറന്‍ ദിശയില്‍ നീങ്ങുന്ന ഇത്, കൂടുതല്‍ ശക്തി പ്രാപിച്ച് അതിതീവ്ര ന്യൂനമര്‍ദമായി മാറാന്‍ സാധ്യതയുണ്ട്. തുടര്‍ന്ന് ഇന്ന് വടക്കന്‍ ഒഡീഷ – പശ്ചിമ ബംഗാള്‍ തീരത്ത് പാരദ്വീപിനും സാഗര്‍ ദ്വീപിനും ഇടയിലായി കരയില്‍ പ്രവേശിക്കാന്‍ സാധ്യത.

പടിഞ്ഞാറന്‍ രാജസ്ഥാനും സമീപപ്രദേശങ്ങള്‍ക്കും മുകളിലായി മറ്റൊരു ന്യൂനമര്‍ദം തുടരുന്നു. ഇതിന്റെയെല്ലാം സ്വാധീനഫലമായാണ് സംസ്ഥാനത്ത് മഴ കനക്കുന്നത്. ഈ മാസം 30 വരെ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതായി കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്കും മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ട്.

ശബരിമല സ്വര്‍ണക്കൊള്ള; പിഎസ് പ്രശാന്തിനെയും അജികുമാറിനെയും ചോദ്യം ചെയ്യാന്‍ എസ്‌ഐടി

ശബരിമല സ്വര്‍ണക്കൊള്ള; പിഎസ് പ്രശാന്തിനെയും അജികുമാറിനെയും ചോദ്യം ചെയ്യാന്‍ എസ്‌ഐടി

തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് പിഎസ് പ്രശാന്തിനെയും അജികുമാറിനെയും കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്യാന്‍ എസ്‌ഐടി ഒരുങ്ങുന്നു. കസ്റ്റഡി അപേക്ഷ കൊല്ലം വിജിലന്‍സ് കോടതിയില്‍ നല്‍കി. കേസില്‍ കൂടുതല്‍ അറസ്റ്റ് ഉണ്ടായേക്കുമെന്നും വിവരമുണ്ട്.

2025ല്‍ ശബരിമലയില്‍ നിന്ന് സ്വര്‍ണപ്പാളികള്‍ കടത്തിയെന്ന കേസില്‍ പ്രശാന്തിനെയും അജികുമാറിനെയും നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. നിലവില്‍ റിമാന്‍ഡില്‍ കഴിയുന്ന പ്രതികള്‍ തിരുവനന്തപുരം സ്‌പെഷ്യല്‍ ജയിലിലാണുള്ളത്. സര്‍ണക്കൊള്ള നടന്നതായി ഇരുവരുടെയും റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ എസ്‌ഐടി പരാമര്‍ശിക്കുന്നുണ്ട്. ഇക്കാര്യത്തില്‍ കൂടുതല്‍ വ്യക്തത വരുത്താനായി അഞ്ച് ദിവസത്തേക്ക് കസ്റ്റഡിയില്‍ വിടണമെന്നാണ് ആവശ്യം.

2019 ലെ സ്വര്‍ണക്കൊള്ള മറച്ചുപിടിക്കാനാണ് 2025ല്‍ പിഎസ് പ്രശാന്ത് പ്രസിഡന്റായ ബോര്‍ഡ്, സ്വര്‍ണ പാളികള്‍ ചെന്നൈയിലെ സ്മാര്‍ട്ട് ക്രിയേഷന്‍സിലേക്ക് കൊടുത്തുവിട്ടതെന്നാണ് എസ്‌ഐടിയുടെ പ്രധാന കണ്ടെത്തല്‍. അതേസമയം, കേസില്‍ തന്റെ ഭാഗം ന്യായീകരിച്ചുകൊണ്ട് പിഎസ് പ്രശാന്ത് വിശദീകരണം നല്‍കിയിട്ടുണ്ട്. കസ്റ്റഡിയില്‍ ലഭിക്കുന്ന മുറയ്ക്ക് ഇരുവരെയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്ത് കൂടുതല്‍ വിവരങ്ങള്‍ പുറത്തുകൊണ്ടുവരാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം.

ബേപ്പൂരിലെ വെളിച്ചെണ്ണ മില്ലില്‍ വന്‍ തീപിടിത്തം; ലക്ഷങ്ങളുടെ നഷ്ടം

ബേപ്പൂരിലെ വെളിച്ചെണ്ണ മില്ലില്‍ വന്‍ തീപിടിത്തം; ലക്ഷങ്ങളുടെ നഷ്ടം

കോഴിക്കോട്: ബേപ്പൂരിലെ വെളിച്ചെണ്ണ ഉല്‍പാദന കേന്ദ്രമായ രേണുക ഓയില്‍ മില്ലില്‍ വന്‍ തീപിടിത്തം. ഞായറാഴ്ച രാത്രിയുണ്ടായ അപകടത്തില്‍ ലക്ഷക്കണക്കിന് രൂപയുടെ നഷ്ടമുണ്ടായതായാണ് പ്രാഥമിക വിലയിരുത്തല്‍. മണിക്കൂറുകള്‍ നീണ്ട ശ്രമത്തിനൊടുവില്‍ ഫയര്‍ ഫോഴ്‌സ് തീ നിയന്ത്രണവിധേയമാക്കി.

ഞായറാഴ്ച രാത്രി പത്ത് മണിയോടെയാണ് വെളിച്ചെണ്ണ മില്ലില്‍ നിന്ന് തീ പടര്‍ന്നത്. പ്രദേശവാസികള്‍ എത്തുമ്പോഴേക്കും മില്ലിന്റെ കാല്‍ഭാഗത്തോളം തീ വിഴുങ്ങിയിരുന്നു. മില്ലില്‍ വന്‍തോതില്‍ സൂക്ഷിച്ചിരുന്ന വെളിച്ചെണ്ണ സംഭരണികളിലേക്കും കൊപ്ര ചാക്കുകളിലേക്കും തീ ആളിപ്പടര്‍ന്നതാണ് അപകടത്തിന്റെ വ്യാപ്തി വര്‍ധിപ്പിച്ചത്. കന്നാസുകളിലും പാത്രങ്ങളിലും സംഭരണികളിലുമായി സൂക്ഷിച്ചിരുന്ന വെളിച്ചെണ്ണ മുഴുവന്‍ കത്തിനശിച്ചു. മില്‍ വളപ്പില്‍ നിര്‍ത്തിയിട്ടിരുന്ന ഒരു ലോറിയും തീപിടിത്തത്തില്‍ കത്തിയമര്‍ന്നു.

ഞായറാഴ്ചയായതിനാല്‍ സംഭവസമയത്ത് മില്ലില്‍ ജീവനക്കാര്‍ ഉണ്ടായിരുന്നില്ല. അതിനാല്‍ ആളപായം ഒഴിവായി. സ്ഥാപനത്തിന് സമീപം താമസിച്ചിരുന്ന ഇതരസംസ്ഥാന തൊഴിലാളികളാണ് തീപിടിത്തം ശ്രദ്ധയില്‍പ്പെട്ട് ഫയര്‍ ഫോഴ്‌സിനെ വിവരമറിയിച്ചത്. അപകട കാരണം ഇതുവരെ വ്യക്തമായിട്ടില്ല.

ദേവേന്ദ്ര ഫഡ്‌നാവിസ് പുതിയ കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയാകും ?; ഡല്‍ഹി സന്ദര്‍ശനത്തില്‍ അഭ്യൂഹം

ദേവേന്ദ്ര ഫഡ്‌നാവിസ് പുതിയ കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയാകും ?; ഡല്‍ഹി സന്ദര്‍ശനത്തില്‍ അഭ്യൂഹം

ന്യൂഡല്‍ഹി: മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് പുതിയ കേന്ദ്ര വിദ്യാഭ്യാസമന്ത്രിയായേക്കുമെന്ന് അഭ്യൂഹങ്ങള്‍. ഫഡ്‌നാവിസിന്റെ അടിയന്തര ഡല്‍ഹി സന്ദര്‍ശനമാണ് ഈ അഭ്യൂഹങ്ങള്‍ ശക്തമാക്കിയത്. ഫഡ്‌നാവിസിനെ കേന്ദ്രമന്ത്രി പദവിയില്‍ നിയോഗിച്ചേക്കുമെന്ന ശിവസേന( യുടിബി) നേതാവിന്റെ പ്രതികരണവും അഭ്യൂഹങ്ങളെ ശക്തമാക്കിയിട്ടുണ്ട്.

സോളാര്‍പൂര്‍ പണ്ഡര്‍പൂരിലെ വിത്തല്‍-രുക്മിണി ക്ഷേത്രത്തില്‍ ആഷാദി ഏകാദശി പൂജകള്‍ക്ക് എത്തിയതായിരുന്നു ദേവേന്ദ്ര ഫഡ്‌നാവിസും ഭാര്യ അമൃതയും. പ്രാര്‍ത്ഥനകളും മറ്റ് ഔദ്യോഗിക പരിപാടികളും പൂര്‍ത്തിയാക്കി ഫഡ്‌നാവിസും ഭാര്യയും ഡല്‍ഹിയിലേക്ക് തിരിക്കുകയായിരുന്നു.

വിദ്യാര്‍ഥി പ്രക്ഷോഭത്തെത്തുടര്‍ന്ന് ധര്‍മേന്ദ്ര പ്രധാന്‍ രാജിവെച്ച സാഹചര്യത്തില്‍ ദേവേന്ദ്ര ഫഡ്‌നാവിസ് കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയായി വരാന്‍ സാധ്യത വളരെ കൂടുതലാണെന്ന് ശിവസേന (യുടിബി നേതാവ്) സഞ്ജയ് റാവത്ത് പറഞ്ഞു. ‘നരേന്ദ്രമോദി സര്‍ക്കാരില്‍ ഫഡ്‌നാവിസ് പ്രധാന പദവി വഹിക്കാന്‍ സാധ്യതയേറിയിരിക്കുകയാണ്.”ഉന്നത വിദ്യാഭ്യാസം നേടിയ, അഭിഭാഷകനായ, വിവിധ വിഷയങ്ങളില്‍ ഗവേഷണം നടത്തിയിട്ടുള്ള നേതാവാണ് ദേവേന്ദ്ര ഫഡ്‌നാവിസ്. വളരെയേറെ പാണ്ഡിത്യമുള്ള ഫഡ്‌നാവിസിനെ കേന്ദ്രമന്ത്രിസഭയില്‍ ഉള്‍പ്പെടുത്തുമെന്ന ഊഹാപോഹങ്ങള്‍ നിലവിലുണ്ടായിരുന്നു. ഇപ്പോഴത്തെ സാഹചര്യത്തില്‍ ഫഡ്‌നാവിസിന് ഡല്‍ഹിയില്‍ പ്രധാന ഉത്തരവാദിത്തം ഏല്‍പ്പിക്കാനുള്ള സാധ്യത തള്ളിക്കളയാനാകില്ല’. സഞ്ജയ് റാവത്ത് പറഞ്ഞു.

ഫഡ്‌നാവിസിന്റെ രാഷ്ട്രീയ മേലാളന്മാര്‍ ഡല്‍ഹിയിലാണ്. അവര്‍ പറയുന്നത് അദ്ദേഹത്തിന് അനുസരിക്കാതിരിക്കാനാകില്ല. വിദ്യാര്‍ഥി പ്രക്ഷോഭം കൂടുതല്‍ ശക്തമാകുമെന്ന ഭയം മൂലമാണ് ധര്‍മേന്ദ്ര പ്രധാന്‍ രാജിവെച്ചതെന്നും സഞ്ജയ് റാവത്ത് പറഞ്ഞു. വിദ്യാര്‍ഥി പ്രക്ഷോഭം രാജ്യത്തെ ജനാധിപത്യത്തെ പുനരുജ്ജീവിപ്പിച്ചു. ധര്‍മേന്ദ്ര പ്രധാന്‍ രാജിവെച്ചെങ്കിലും, ഉദ്ധവ്- രാജ് താക്കറെമാരുടെ നേതൃത്വത്തില്‍ വിദ്യാര്‍ഥികളുടെയും രക്ഷിതാക്കളുടെയും സംയുക്ത റാലി ഞായറാഴ്ച മുന്‍ നിശ്ചയ പ്രകാരം നടക്കുമെന്നും സഞ്ജയ് റാവത്ത് അറിയിച്ചു.

സിജെപി പ്രക്ഷോഭം; പേളിയെയെയും കൃഷണകുമാറിനെയും ട്രോളി ചന്തു

സിജെപി പ്രക്ഷോഭം; പേളിയെയെയും കൃഷണകുമാറിനെയും ട്രോളി ചന്തു

സിജെപി പ്രക്ഷോഭത്തെ തുടർന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജി വച്ചതിന് പിന്നാലെ തന്റെ അഭിപ്രായം വ്യക്തമാക്കി നടൻ ചന്തു സലിംകുമാർ. പേളിയെയെയും നടനും ബിജെപി നേതാവുമായ കൃഷണകുമാറിനെയും ട്രോളി കൊണ്ടാണ് ചന്തു രം​ഗത്തെത്തിയിരിക്കുന്നത്. ഇൻസ്റ്റ​ഗ്രാം സ്റ്റോറിയിലൂടെയായിരുന്നു നടന്റെ പ്രതികരണം.

‘കശ്മീരിൽ കല്ലേറ് നിർത്തിച്ചവർ, ഡൽഹിയിൽ കല്ലേറ് നിർത്തിക്കാൻ വന്നിട്ട് തിരിച്ചു പോയീന്ന് കേട്ടു, ശരിയാണോ ഗയ്സ് ?’- എന്നാണ് ചന്തു തന്റെ ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ കുറിച്ചത്. കാവി നിറത്തിലുള്ള ബാക്ഗ്രൗണ്ടിലാണ് ചന്തു തന്റെ കുറിപ്പ് പങ്കുവച്ചത്. കാവി എന്റെ ഇഷ്ട നിറമെന്നും തമാശ രൂപേണ ചന്തു കുറിച്ചിട്ടുണ്ട്.

കശ്മീരിൽ കല്ലേറ് നിർത്താൻ അറിയാവുന്ന മോദിക്ക് ആണോ ഡൽഹിയിൽ അതിന് സാധിക്കാത്തത് എന്നായിരുന്നു ബിജെപി നേതാവ് കൃഷ്ണകുമാറിന്റെ പ്രതികരണം. പേളി മാണിയുടെ നിലപാട് വലിയ ചർച്ചയായിരുന്നു. ഒരു ലക്ഷ്യവും ഒരു ജീവനേക്കാൾ വലുതല്ലെന്നും ജീവന് ഭീഷണിയുണ്ടെങ്കിൽ അവിടെ നിന്നും വിദ്യാർഥികൾ മടങ്ങി പോകണമെന്നും പേളി കുറിച്ചിരുന്നു.