by Midhun HP News | Oct 11, 2025 | Latest News, കായികം, ജില്ലാ വാർത്ത
ഡല്‍ഹി: വെസ്റ്റ് ഇന്‍ഡീസിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ 5 വിക്കറ്റ് നഷ്ടത്തില്‍ 518 റണ്‍സെന്ന നിലയില്‍ ഒന്നാം ഇന്നിങ്‌സ് ഡിക്ലയര്‍ ചെയ്ത് ഇന്ത്യ. ഓപ്പണര്‍ യശസ്വി ജയ്‌സ്വാള്‍, ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്‍ എന്നിവരുടെ സെഞ്ച്വറിയും സായ് സുദര്‍ശന്‍ നേടിയ അര്‍ധ സെഞ്ച്വറിയുടേയും കരുത്തിലാണ് ഇന്ത്യ കൂറ്റന്‍ സ്‌കോറുയര്‍ത്തിയത്. കെഎല്‍ രാഹുല്‍, നിതീഷ് കുമാര്‍ റെഡ്ഡി, ധ്രുവ് ജുറേല്‍ എന്നിവരും മികച്ച ബാറ്റിങുമായി കളം വാണു.
ഗില്‍ സെഞ്ച്വറി നേടിയതിനു പിന്നാലെ ധ്രുവ് ജുറേല്‍ അര്‍ധ ശതകം നേടുമെന്നു പ്രതീക്ഷിച്ചെങ്കിലും താരം 44 റണ്‍സില്‍ പുറത്തായി. പിന്നാലെയാണ് ഇന്ത്യ ഇന്നിങ്‌സ് ഡിക്ലയര്‍ ചെയ്തത്. ഗില്‍ 196 പന്തുകള്‍ നേരിട്ട് 16 ഫോറും 2 സിക്‌സും സഹിതം 129 റണ്‍സുമായി പുറത്താകാതെ നിന്നു. ഇന്ത്യക്കു നഷ്ടമായ അഞ്ചില്‍ മൂന്ന് വിക്കറ്റുകളും ജോമല്‍ വാറിക്കനാണ് സ്വന്തമാക്കിയത്. ജുറേലിന്റെ വിക്കറ്റ് വിന്‍ഡീസ് ക്യാപ്റ്റന്‍ റോസ്റ്റന്‍ ചെയ്‌സിനാണ്. യശസ്വി ജയ്‌സ്വാള്‍ റണ്ണൗട്ടായി.
2 വിക്കറ്റ് നഷ്ടത്തില്‍ 318 റണ്‍സെന്ന നിലയില്‍ രണ്ടാം ദിനം തുടങ്ങിയ ഇന്ത്യക്ക് ഇന്ന് യശസ്വി ജയ്‌സ്വാള്‍, നിതീഷ് കുമാര്‍ റെഡ്ഡി, ധ്രുവ് ജുറേല്‍ എന്നിവരുടെ വിക്കറ്റുകളാണ് നഷ്ടമായത്. ഓപ്പണര്‍ കെഎല്‍ രാഹുല്‍ (38), സായ് സുദര്‍ശന്‍ (87) എന്നിവരാണ് ആദ്യ ദിവസം പുറത്തായത്.

ടെസ്റ്റ് നായകനായ ശേഷം ഗില്‍ ഇന്ത്യന്‍ മണ്ണില്‍ നേടുന്ന ആദ്യ സെഞ്ച്വറിയാണിത്. ടെസ്റ്റ് കരിയറിലെ ഗില്ലിന്റെ പത്താം ശതകമാണ് ഡല്‍ഹിയില്‍ പിറന്നത്. 13 ഫോറുകളും ഒരു സിക്‌സും സഹിതം ഗില്‍ 177 പന്തില്‍ 102 റണ്‍സെടുത്താണ് ശതകത്തിലെത്തിയത്. ടെസ്റ്റ് നായക പദവിയിലെത്തിയ ശേഷം ഗില്‍ നേടുന്ന അഞ്ചാം സെഞ്ച്വറിയെന്ന പ്രത്യേകതയും ഇന്നിങ്‌സിനുണ്ട്.
ഓപ്പണര്‍ യശസ്വി ജയ്‌സ്വാള്‍ ഇരട്ട ശതകത്തിലെത്തും മുന്‍പ് മടങ്ങി. ഇന്നലത്തെ സ്‌കോറിനോട് 2 റണ്‍സ് ചേര്‍ത്ത് താരം 175 റണ്‍സുമായി പുറത്തായി. 22 ഫോറുകള്‍ സഹിതമാണ് താരം 175ല്‍ എത്തിയത്. ടെസ്റ്റ് കരിയറിലെ ഏഴാം സെഞ്ച്വറിയാണ് യശസ്വി അരുണ്‍ ജെയ്റ്റ്ലി സ്റ്റേഡിയത്തില്‍ കുറിച്ചത്. റണ്ണൗട്ടായാണ് ഇന്ത്യന്‍ യുവ ഓപ്പണറുടെ മടക്കം.
പിന്നീട് ഗില്ലിനൊപ്പം ക്രീസില്‍ ഒന്നിച്ച നിതീഷ് കുമാറും മികച്ച ബാറ്റിങ് പുറത്തെടുത്തു. താരത്തിനു അര്‍ഹിച്ച അര്‍ധ സെഞ്ച്വറിയാണ് നഷ്ടമായത്. നിതീഷ് 4 ഫോറും 2 സിക്‌സും സഹിതം 43 റണ്‍സുമായി മടങ്ങി.
ഫോമിലെത്തിയില്ലെങ്കില്‍ ടീമിലെ സ്ഥാനം ചോദ്യ ചിഹ്നത്തില്‍ നില്‍ക്കെയാണ് സായ് മികവിലേക്കുയര്‍ന്നത്. കന്നി ടെസ്റ്റ് സെഞ്ച്വറി 13 റണ്‍സ് അകലെ നഷ്ടമായതാണ് താരത്തെ നിരാശപ്പെടുത്തിയത്. 165 പന്തുകള്‍ നേരിട്ട് 12 ഫോറുകള്‍ സഹിതം താരം 87 റണ്‍സുമായി മടങ്ങി. രണ്ടാം വിക്കറ്റില്‍ യശസ്വി- സായ് സഖ്യം 193 റണ്‍സ് ബോര്‍ഡില്‍ ചേര്‍ത്താണ് പിരിഞ്ഞത്.
ടോസ് നേടി ഇന്ത്യ ബാറ്റിങെടുക്കുകയായിരുന്നു. ടെസ്റ്റ് ക്യാപ്റ്റനായി വന്ന ശേഷം ആദ്യമായാണ് ഗില്‍ ടോസ് ജയിക്കുന്നത്. ഇംഗ്ലണ്ട് പര്യടനത്തിലെ അഞ്ച് കളികളിലും ഗില്ലിനു ടോസ് നഷ്ടമായിരുന്നു. പിന്നാലെ ഈ പരമ്പരയിലെ ആദ്യ മത്സരത്തിലും ടോസ് കിട്ടിയില്ല. ആറ് മത്സരങ്ങള്‍ക്കു ശേഷമാണ് ആദ്യമായി ഗില്‍ ടോസ് ജയിക്കുന്നത്.
ഇന്ത്യയ്ക്ക് ഓപ്പണര്‍ കെഎല്‍ രാഹുലിനെയാണ് ആദ്യം നഷ്ടമായത്. താരം 54 പന്തില്‍ 5 ഫോറും ഒരു സിക്‌സും സഹിതം 38 റണ്‍സുമായി മടങ്ങി. ജോമല്‍ വാറിക്കന്റെ പന്തില്‍ വിക്കറ്റ് കീപ്പര്‍ ടെവിന്‍ ഇംമ്ലാചാണ് താരത്തെ പുറത്താക്കിയത്. കരുതലോടെയാണ് ഇന്ത്യന്‍ ഓപ്പണര്‍മാര്‍ തുടങ്ങിയത്. സ്‌കോര്‍ 58ല്‍ എത്തിയപ്പോഴാണ് ആദ്യ വിക്കറ്റ് നഷ്ടമായത്. രണ്ടാം വിക്കറ്റ് കിട്ടാന്‍ വിന്‍ഡീസിനു 251 റണ്‍സ് വരെ കാക്കേണ്ടി വന്നു.

by Midhun HP News | Oct 11, 2025 | Latest News, കേരളം
കൊച്ചി: കൊച്ചിയിലെ നഗര കാഴ്ചകൾ കാണാൻ കെഎസ്ആർടിസി ബജറ്റ് ടൂറിസം ആരംഭിച്ച കൊച്ചി സിറ്റി റൈഡ് ഡബിൾ ഡക്കർ ബസിന്റെ ട്രിപ്പുകൾ ഒരു ദിവസം മൂന്ന് എണ്ണമാക്കി ഉയർത്തിയിരിക്കുന്നു. വൈകുന്നേരം 4മണിക്ക് എറണാകുളം ജെട്ടി സ്റ്റാൻഡിൽ നിന്നും ആദ്യ ട്രിപ്പും വൈകിട്ട് 6.30ന് രണ്ടാമത്തെ ട്രിപ്പും മൂന്നാമത്തെ ട്രിപ്പ് വൈകിട്ട് 9 മണിക്കും ആയിരിക്കും ആരംഭിക്കുക.
കൂടാതെ അപ്പർ ഡക്ക് ചാർജ് 200 രൂപയായും ലോവർ ഡക്കർ ചാർജ് 100 രൂപയായും കുറച്ചിരിക്കുന്നു.അപ്പർ ഡക്കിൽ 39 സീറ്റുകളും ലോവർ ഡക്കിൽ 24 സീറ്റുകളും ആണ് ഉള്ളത്. എല്ലാ ദിവസവും ജെട്ടി സ്റ്റാൻഡിൽ നിന്ന് ആരംഭിച്ച് ഗോശ്രീ പാലം കടന്ന് കാളമുക്കിൽ എത്തി, തിരിച്ച് ഹൈക്കോർട്ട് വഴി എം ജി റോഡിലൂടെ ജോസ് ജംഗ്ഷൻ, തേവര വഴി കോപ്റ്റ് അവന്യു എത്തി ഷിപ്പിയാർഡ്, മഹാരാജാസ് കോളേജ്,സുഭാഷ് പാർക്ക് വഴി ജെട്ടിയിൽ തിരിച്ച് എത്തുന്ന രീതിയിൽ ആണ് ട്രിപ്പ് ക്രമീകരിച്ചിരിക്കുന്നതെന്ന് കെഎസ്ആർടിസി ഫെയ്സ്ബുക്കിൽ കുറിച്ചു.

കുറിപ്പ്:
വെറും 200 രൂപക്ക്
കെഎസ്ആർടിസി ഡബിൾ ഡക്കറിൽ
കൊച്ചി നഗര കാഴ്ചകൾ കാണാൻ അവസരം
കൊച്ചിയിലെ നഗര കാഴ്ചകൾ കാണാൻ കെ.എസ് ആർ.ടി സി ബഡ്‌ജറ്റ് ടൂറിസം ആരംഭിച്ച കൊച്ചി സിറ്റി റൈഡ് ഡബിൾ ഡക്കർ ബസിന്റെ ട്രിപ്പുകൾ ഒരു ദിവസം മൂന്ന് എണ്ണം ആയി ഉയർത്തിയിരിക്കുന്നു.വൈകുന്നേരം 4മണിക്ക് എറണാകുളം ജെട്ടി സ്റ്റാൻഡിൽ നിന്നും ആദ്യ ട്രിപ്പും,വൈകിട്ട് 6.30 ക്ക് രണ്ടാമത്തെ ട്രിപ്പും, മൂന്നാമത്തെ ട്രിപ്പ് വൈകിട്ട് 9 മണിക്കും ആയിരിക്കും ആരംഭിക്കുക.കൂടാതെ അപ്പർ ഡക്ക് ചാർജ് 200 രൂപയായും,ലോവർ ഡക്കർ ചാർജ് 100 രൂപ ആയും കുറച്ചിരിക്കുന്നു.അപ്പർ ഡക്കിൽ 39 സീറ്റുകളും, ലോവർ ഡക്കിൽ 24 സീറ്റുകളും ആണ് ഉള്ളത്. എല്ലാ ദിവസവും ജെട്ടി സ്റ്റാൻഡിൽ നിന്ന് ആരംഭിച്ച് ഗോശ്രീ പാലം കടന്ന് കാളമുക്കിൽ എത്തി, തിരിച്ച് ഹൈകോർട്ട് വഴി എം ജി റോഡിലൂടെ ജോസ് ജംഗ്ഷൻ,തേവര വഴി കോപ്റ്റ് അവന്യു എത്തി ഷിപ്പിയാർഡ്, മഹാരാജാസ് കോളേജ്,സുഭാഷ് പാർക്ക് വഴി ജെട്ടിയിൽ തിരിച്ച് എത്തുന്ന രീതിയിൽ ആണ് ട്രിപ്പ് ക്രമീകരിച്ചിരിക്കുന്നത്.
കൊച്ചിയിലെ കെഎസ്ആർ ടിസി ഡബിൾ ഡക്കർ യാത്രയ്ക്ക് ബുക്ക് ചെയ്യാൻ
onlineksrtcswift.com എന്ന റിസർവേഷൻ സൈറ്റിൽ കയറി Starting from ൽ “Kochi City Ride” എന്നും Going To ൽ “Kochi” എന്നും enter ചെയ്തു സീറ്റുകൾ ഉറപ്പിക്കാവുന്നതാണ്.
ഡബിൾ ഡക്കർ സംബന്ധിച്ച് കൂടുതൽ വിവരങ്ങൾക്ക്
9188938528
8289905075
9447223212
എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.

by Midhun HP News | Oct 11, 2025 | Latest News, ജില്ലാ വാർത്ത
തൃശൂര്‍: ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഇനിമുതല്‍ ഉച്ചയ്ക്ക് ഒരു മണിക്കൂര്‍ മാത്രമേ അടയ്ക്കൂ. ഉച്ചയ്ക്ക് മൂന്നിന് നടയടച്ചാല്‍ നാലിന് തുറന്ന് രാത്രി 9 വരെ ദര്‍ശനം തുടരും. പുലര്‍ച്ചെ മൂന്നിന് നട തുറക്കുന്ന ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഭക്തര്‍ക്ക് കൂടുതല്‍ ദര്‍ശന സൗകര്യം ഒരുക്കുന്നതിന്റെ ഭാഗമായാണ് നടപടി.
ഇന്നലെ ദേവസ്വം ഭരണസമിതി തീരുമാനം എടുത്തതായി ചെയര്‍മാന്‍ ഡോ. വി കെ വിജയന്‍ പറഞ്ഞു. ഇപ്പോള്‍ ഉച്ചയ്ക്ക് രണ്ടിന് നട അടച്ചാല്‍ വൈകീട്ട് 4.30നാണ് തുറക്കുന്നത്. അവധി ദിവസങ്ങളില്‍ 3.30നാണ് തുറക്കുന്നത്. എന്നാല്‍ ഭക്തരുടെ തിരക്ക് കാരണം ഉച്ചയ്ക്ക് രണ്ടിന് നട അടയ്ക്കാന്‍ കഴിയാറില്ല. 2.45 വരെ ദര്‍ശനം അനുവദിക്കാറുണ്ട്. തിരക്ക് പരിഗണിച്ച് തന്ത്രിയുടെ നിര്‍ദേശം കൂടി സ്വീകരിച്ചാണ് ക്രമീകരണം ഏര്‍പ്പെടുത്തുന്നത്.


by Midhun HP News | Oct 11, 2025 | Latest News, കേരളം
കൊച്ചി: കേരളത്തിലുടനീളമുള്ള 644 കിലോമീറ്റര്‍ എന്‍എച്ച്66 പാതയുടെ ആറ് വരിയാക്കല്‍ ജോലികളില്‍ പകുതിയിലധികവും അടുത്ത വര്‍ഷം മാര്‍ച്ചോടെ നാഷണല്‍ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ പൂര്‍ത്തിയാക്കുമെന്ന് പ്രതീക്ഷ. ഏകദേശം 145 കിലോമീറ്റര്‍ വരുന്ന നാല് പ്രധാന പാതകള്‍ ഈ വര്‍ഷം അവസാനത്തോടെ ഗതാഗതത്തിനായി തുറന്നുകൊടുക്കുമെന്ന് പ്രതീക്ഷിക്കുന്നതായി മുതിര്‍ന്ന ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു.എന്നാല്‍ വേഗത്തിലുള്ള യാത്രയ്ക്ക് ചെലവ് ഉയരാന്‍ സാധ്യതയുണ്ട്.
മുഴുവന്‍ ജോലിയും പൂര്‍ത്തിയാകുമ്പോള്‍, എന്‍എച്ച് 66ല്‍ സംസ്ഥാനത്ത് ആകെ 13 ടോള്‍ പ്ലാസകള്‍ വന്നേക്കും. 11 ടോള്‍ പ്ലാസയുടെ കാര്യത്തില്‍ തീരുമാനം അന്തിമമായിട്ടുണ്ട്. രണ്ടെണ്ണം കൂടി പരിഗണനയിലാണെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു. പുതിയ പ്ലാസകളില്‍ ആദ്യത്തേത് പന്തീരങ്കാവിലെ മാമ്പുഴപ്പാലത്ത് ഈ ആഴ്ച പരീക്ഷണാടിസ്ഥാനത്തില്‍ പ്രവര്‍ത്തനം ആരംഭിക്കും. ആലപ്പുഴയിലെ കൃപാസനത്തിന് സമീപമുള്ള എരമല്ലൂര്‍ (അരൂര്‍-തുറവൂര്‍ എലിവേറ്റഡ് ഹൈവേ), (തുറവൂര്‍-പറവൂര്‍ സ്‌ട്രെച്ച്), ഓച്ചിറ (പറവൂര്‍-കൊട്ടുകുളങ്ങര) എന്നിവിടങ്ങളിലാണ് മൂന്ന് ടോള്‍ ബൂത്തുകള്‍ വരുന്നത്. ടോള്‍ നിരക്കുകള്‍ തീരുമാനിക്കുന്നത് സംബന്ധിച്ച് അന്തിമ ഘട്ടത്തിലാണ്. അതേസമയം ഹൈവേയില്‍ തിരുവല്ലം, കുമ്പളം, തിരുവങ്ങാട് എന്നിവിടങ്ങളിലുള്ള നിലവിലുള്ള ടോള്‍ പ്ലാസകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്.

ഡിസംബറില്‍ ആരംഭിക്കാന്‍ നിശ്ചയിച്ചിരിക്കുന്ന നാല് റീച്ചുകളില്‍, യുഎല്‍സിസിഎസ് നിര്‍മ്മിക്കുന്ന കാസര്‍കോടിലെ 39 കിലോമീറ്റര്‍ തലപ്പാടി-ചെങ്കള സ്‌ട്രെച്ച് ഇതിനകം ഗതാഗതത്തിനായി തുറന്നുകൊടുത്തു കഴിഞ്ഞു. ഈ വര്‍ഷം അവസാനത്തോടെ പൂര്‍ത്തിയാകാന്‍ സാധ്യതയുള്ള മറ്റ് മൂന്ന് റീച്ചുകള്‍ രാമനാട്ടുകര-വളാഞ്ചേരി, വളാഞ്ചേരി-കാപ്പിരിക്കാട്, വെങ്ങളം-രാമനാട്ടുകര ജംഗ്ഷന്‍ എന്നിവയാണ്. രാമനാട്ടുകര-വളാഞ്ചേരി റീച്ചില്‍ 39.68 കിലോമീറ്റര്‍ ആണ് വരുന്നത്.
ഇവിടെ 99.36 ശതമാനം പണിയും പൂര്‍ത്തിയായി. വളാഞ്ചേരി-കാപ്പിരിക്കാട് റീച്ചില്‍ 37.35 കിലോമീറ്റര്‍ ആണ് വരുന്നത്. 98.65 ശതമാനം ജോലികളും പൂര്‍ത്തിയായി. വെങ്ങളം-രാമനാട്ടുകര ജംഗ്ഷന്‍ റീച്ചില്‍ 28.4 കിലോമീറ്റര്‍ ആണ് വരുന്നത്. 80 ശതമാനം പണിയും പൂര്‍ത്തിയായി. ചെങ്കള മുതല്‍ നീലേശ്വരം വരെയും, നീലേശ്വരം മുതല്‍ തളിപ്പറമ്പ് വരെയും, തളിക്കുളം മുതല്‍ കൊടുങ്ങല്ലൂര്‍ വരെയും ഉള്‍പ്പെടെ 202 കിലോമീറ്റര്‍ വരുന്ന മറ്റ് ആറ് റീച്ചുകളുടെ വീതി കൂട്ടല്‍ ജോലികള്‍ 2026 മാര്‍ച്ചോടെ പൂര്‍ത്തിയാകുമെന്നും പ്രതീക്ഷിക്കുന്നു.

by Midhun HP News | Oct 11, 2025 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ മകന്‍ വിവേക് കിരണിന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് സമന്‍സ് അയച്ചതുമായി ബന്ധപ്പെട്ട വിവരങ്ങള്‍ പുറത്ത്. നയതന്ത്ര സ്വര്‍ണക്കടത്ത് കേസ് അന്വേഷണത്തിനിടെ, വടക്കാഞ്ചേരിയിലെ ലൈഫ് മിഷന്‍ ഭവന പദ്ധതിയിലെ ക്രമക്കേട് കണ്ടെത്തിയ ഇഡി അതിന്റെ ഭാഗമായാണ് സമന്‍സ് അയച്ചതെന്നാണ് വിവരം. 2023ലാണ് ഇഡി വിവേകിന് സമന്‍സ് അയച്ചത്. എന്നാല്‍ വിവേക് ഹാജരായില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.
എന്തിലാണ് സമന്‍സ് നല്‍കിയതെന്നതില്‍ വ്യക്തതയില്ല. ക്ലിഫ് ഹൗസ് വിലാസത്തിലാണ് സമന്‍സ് അയച്ചിരിക്കുന്നത്. വിവേക് കിരണ്‍, സണ്‍ ഓഫ് പിണറായി വിജയന്‍, ക്ലിഫ് ഹൗസ് എന്നു രേഖപ്പെടുത്തി 2023ല്‍ അയച്ച സമന്‍സിന്റെ വിവരങ്ങളാണ് പുറത്തുവന്നത്. അന്നത്തെ ഇഡി കൊച്ചി അസിസ്റ്റന്റ് ഡയറക്ടര്‍ പികെ ആനന്ദ് ആണ് സമന്‍സ് അയച്ചത്. 2023 ഫെബ്രുവരി 14ന് രാവിലെ 10.30ന് ഇഡിയുടെ കൊച്ചി ഓഫിസില്‍ ഹാജരാകാനായിരുന്നു സമന്‍സ്.

എന്നാല്‍, വിവേക് ഹാജരായില്ല. അതേ ഓഫിസില്‍ 3 ദിവസം നീണ്ട ചോദ്യംചെയ്യലിനൊടുവില്‍ അന്നു രാത്രിയിലാണ് മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിനെ ഇ ഡി അറസ്റ്റ് ചെയ്തത്. സമന്‍സില്‍ ഹാജരാകാതിരുന്ന വിവേകിനെതിരെ ഇഡിയുടെ ഭാഗത്തുനിന്നു പിന്നീട് എന്തു നടപടിയുണ്ടായി എന്നതു പുറത്തു വന്നിട്ടില്ല. അബുദാബിയില്‍ ജോലി ചെയ്യുന്ന വിവേകിന്റെ വിവരങ്ങള്‍ യുഎഇ അധികൃതരില്‍നിന്ന് ഇഡി തേടിയിരുന്നതായി സൂചനയുണ്ട്. അതിനു ശേഷം എന്തു സംഭവിച്ചെന്ന് അറിവായിട്ടില്ല. കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമത്തിലെ 50-ാം വകുപ്പിലെ 2,3 ഉപവകുപ്പുകള്‍ പ്രകാരമാണ് വിവേകിനു സമന്‍സ് അയച്ചത്.

Recent Comments