by Midhun HP News | Jul 24, 2026 | Latest News, കേരളം
തിരുവനന്തപുരം: കെഎസ്ആര്‍ടിസി ബസുകളില്‍ കാന്‍സര്‍ രോഗികള്‍ക്ക് നല്‍കിയിരുന്ന സൗജന്യയാത്ര ‘ഹാപ്പി ലോങ് ലൈഫ്’ യുഡിഎഫ് സര്‍ക്കാര്‍ നിര്‍ത്തലാക്കിയെന്ന് സിപിഎം. ഓര്‍ഡിനറി മുതല്‍ സൂപ്പര്‍ഫാസ്റ്റ് വരെയുള്ള ബസുകളില്‍ അനുവദിച്ച സൗജന്യയാത്രയും അതോടൊപ്പം രോഗിക്ക് ബസില്‍ സീറ്റും ഉറപ്പു നല്‍കിയതാണ് ഇപ്പോള്‍ റദ്ദാക്കിയതെന്ന് സിപിഎം ആരോപിച്ചു.
ആറ് മാസത്തെ കാലാവധിയിലാണ് ഹാപ്പി ലോങ് ലൈഫ് കാര്‍ഡുകള്‍ നല്‍കിയിരുന്നത്. അതുകഴിഞ്ഞാല്‍ വീണ്ടും ഓണ്‍ലൈനായി അപേക്ഷ നല്‍കി പുതുക്കണം. യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം പുതുക്കി നല്‍കുന്നത് ഉള്‍പ്പെടെയുള്ള നടപടികള്‍ നിര്‍ത്തിവച്ചിരിക്കുകയാണെന്നും പുതിയതായി അപേക്ഷിക്കുന്നവര്‍ക്ക് കാര്‍ഡ് ലഭിക്കുന്നില്ലെന്നും സിപിഎം ആരോപിച്ചു. കെഎസ്ആര്‍ടിസിയുടെ ആസ്ഥാനത്ത് നേരിട്ട് അന്വേഷിക്കുന്നവര്‍ക്ക്, സാങ്കേതിക കാരണങ്ങളാല്‍ കാര്‍ഡ് അച്ചടിക്കാന്‍ കഴിഞ്ഞിട്ടില്ലെന്ന മറുപടിയാണ് ലഭിക്കുന്നത്. പരാതികള്‍ വര്‍ധിച്ചതോടെ ഈ സെക്ഷനില്‍ ഫോണ്‍ പോലും എടുക്കുന്നില്ലെന്നും സിപിഎം പറയുന്നു.
പാസ്പോര്‍ട് സൈസ് ഫോട്ടോ, ആധാര്‍ കാര്‍ഡ്, മേല്‍വിലാസം, ഓങ്കോളജിസ്റ്റ് നല്‍കുന്ന മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് എന്നിവ സഹിതം www.keralartcit.com എന്ന ഔദ്യോഗിക പോര്‍ട്ടലിലൂടെയാണ് അപേക്ഷിച്ചിരുന്നത്. ചീഫ് ഓഫീസില്‍ നിന്ന് ലഭ്യമാക്കുന്ന കാര്‍ഡ് കെഎസ്ആര്‍ടിസി യൂണിറ്റ് ഓഫീസര്‍ വഴി അപേക്ഷകന്റെ വീട്ടിലെത്തിക്കുന്നതായിരുന്നു രീതിയെന്നും സിപിഎം പറഞ്ഞു.

by Midhun HP News | Jul 24, 2026 | Latest News, കേരളം
കൊച്ചി: മാതാപിതാക്കളുടെ ക്രെഡിറ്റ് സ്‌കോര്‍ കുറവായതിന്റെ പേരില്‍ ബാങ്കുകള്‍ക്ക് വിദ്യാഭ്യാസ വായ്പ നിഷേധിക്കാനാകുമെന്ന് ഹൈക്കോടതി. സഹ അപേക്ഷകരായ മാതാപിതാക്കളുടെ സിബില്‍ സ്‌കോര്‍ കുറവായതിന്റെ പേരില്‍ ബാങ്കുകള്‍ വായ്പ നിഷേധിച്ചത് ചോദ്യം ചെയ്ത് വിദ്യാര്‍ഥികള്‍ നല്‍കിയ ഹര്‍ജികള്‍ തള്ളിയ ഉത്തരവിലാണ് ജസ്റ്റിസ് എം എ അബ്ദുല്‍ ഹക്കീം ഇക്കാര്യം വ്യക്തമാക്കിയത്.
അതേസമയം, സിബില്‍ സ്‌കോര്‍ കുറഞ്ഞ മാതാപിതാക്കള്‍ക്കുപകരം മതിയായ ക്രെഡിറ്റ് സ്‌കോറുള്ള മറ്റൊരു വ്യക്തിയെ സഹ-അപേക്ഷകനായി ഹാജരാക്കിയാല്‍ ഹര്‍ജിക്കാരുടെ അപേക്ഷകള്‍ പുനഃപരിശോധിക്കാന്‍ ബാങ്കുകള്‍ തയ്യാറാകണമെന്നും കോടതി പറഞ്ഞു. 2005-ലെ ക്രെഡിറ്റ് ഇന്‍ഫര്‍മേഷന്‍ കമ്പനീസ് (റെഗുലേഷന്‍) ആക്ടിന്റെ ലക്ഷ്യങ്ങള്‍ കണക്കിലെടുക്കുമ്പോള്‍, വിദ്യാഭ്യാസ വായ്പയ്ക്കുള്ള അപേക്ഷ പരിഗണിക്കുമ്പോള്‍ ബാങ്ക് സഹ-വായ്പക്കാരന്റെ ക്രെഡിറ്റ് സ്‌കോറോ ക്രെഡിറ്റ് റിപ്പോര്‍ട്ടോ പരിഗണിക്കരുതെന്ന് പറയാനാവില്ലെന്ന് കോടതി പറഞ്ഞു. വിദ്യാഭ്യാസ വായ്പ നിഷേധിച്ചതിന്റെ പേരില്‍ മൗലികാവകാശം നിഷേധിക്കപ്പെട്ടു എന്നും പറയാനാകില്ല.
വിദ്യാഭ്യാസവായ്പ അനുവദിക്കുന്നതില്‍ ബാങ്കുകളുടെ അസോസിയേഷന്‍ നിശ്ചയിച്ച ഐബിഎ മാതൃകാ വിദ്യാഭ്യാസ വായ്പാസ്‌കീമിലെയും മാസ്റ്റര്‍ സര്‍ക്കുലറുകളിലെയും നിബന്ധനകള്‍ പാലിക്കാന്‍ അപേക്ഷകര്‍ ബാധ്യസ്ഥരാണ്. കേന്ദ്ര സര്‍ക്കാരിന്റെ സിജിഎഫ്എസ്ഇഎല്‍ പദ്ധതി വായ്പ നല്‍കുന്നതിനുള്ള മാനദണ്ഡങ്ങളില്‍ ഇളവ് നല്‍കുന്നില്ലെന്നും അത് വായ്പാ തിരിച്ചടവ് മുടങ്ങുന്ന സാഹചര്യത്തില്‍ ബാങ്കുകള്‍ക്ക് ഗാരന്റി നല്‍കാനുള്ള പദ്ധതി മാത്രമാണെന്നും കോടതി ചൂണ്ടിക്കാട്ടി.
വിദ്യാഭ്യാസവായ്പ നിഷേധിക്കുന്നത് മൗലികാവകാശ ലംഘനമാണെന്നതടക്കമുള്ള വാദമാണ് ഹര്‍ജിക്കാര്‍ ഉന്നയിച്ചത്. എന്നാല്‍, ക്രെഡിറ്റ് ഇന്‍ഫര്‍മേഷന്‍ കമ്പനീസ് ആക്ട് പ്രകാരം അപേക്ഷകരുടെ സാമ്പത്തിക അച്ചടക്കം പരിശോധിക്കുന്നത് അനിവാര്യമാണെന്നും ഇത് കിട്ടാക്കടം കുറയ്ക്കാന്‍ സഹായിക്കുമെന്നും ബാങ്കുകള്‍ ചൂണ്ടിക്കാട്ടി.

by Midhun HP News | Jul 24, 2026 | Latest News, കേരളം
തിരുവനന്തപുരം: നവകേരള സദസ്സിനിടെ പ്രതിഷേധക്കാർക്ക് നേരെ മുഖ്യമന്ത്രിയുടെ സുരക്ഷാ ജീവനക്കാർ നടത്തിയ അക്രമവുമായി ബന്ധപ്പെട്ട കേസ് അന്വേഷണം അട്ടിമറിക്കാൻ ശ്രമിച്ച സംഭവത്തിൽ മുൻ എഡിജിപി എംആർ അജിത് കുമാർ നൽകിയ വിശദീകരണം തൃപ്തികരമല്ലെന്ന് ഡിജിപി. അജിത്കുമാറിൻറെ സസ്പെൻഷൻ സംബന്ധിച്ച സർക്കാർ ഉത്തരവിലാണ് ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്. നിലവിൽ കേരള സ്റ്റേറ്റ് ബെവറേജസ് കോർപ്പറേഷൻ ചെയർമാൻ ആൻഡ് മാനേജിങ് ഡയറക്ടറായി സേവനമനുഷ്ഠിച്ചു വരികയായിരുന്നു ഇദ്ദേഹം.
അന്വേഷണ ഉദ്യോഗസ്ഥരുടെ മൊഴികൾ നിർണ്ണായകം
മുൻപ് കേസ് അന്വേഷിച്ച ഉദ്യോഗസ്ഥരായ ഇൻസ്പെക്ടർ കെപി ടോംസൺ, ഡിവൈഎസ്പി അരുൺ കെഎസ് ഡിവൈഎസ്പി സുനിൽരാജ് എന്നിവർ എസ്ഐടിക്ക് നൽകിയ മൊഴികളാണ് എഡിജിപിക്ക് വിനയായത്.
കേസ് ഡയറി നേരിട്ട് പരിശോധിച്ച അന്നത്തെ എഡിജിപി എംആർ. അജിത് കുമാർ, മുഖ്യമന്ത്രിയുടെ സുരക്ഷാ ഉദ്യോഗസ്ഥർക്ക് സംഭവത്തിൽ പങ്കുണ്ടെന്ന കണ്ടെത്തിയതിൽ അതൃപ്തി പ്രകടിപ്പിക്കുകയും അന്വേഷണ ദിശ ചോദ്യം ചെയ്യുകയും ചെയ്തതായി ഇൻസ്പെക്ടർ കെപി. ടോംസൺ മൊഴി നൽകി. “മുഖ്യമന്ത്രിയുടെ പി.എസ്.ഒമാർക്കെതിരെയുള്ള കേസ് നാളെത്തന്നെ റഫർ ചെയ്യണം”, “അന്വേഷണം പൂർത്തിയായെന്നും റഫർ നോട്ടീസിനായി മാത്രമാണ് കാത്തിരിക്കുന്നതെന്നും കരുതുന്നു” എന്നിങ്ങനെയുള്ള സന്ദേശങ്ങൾ എഡിജിപിയുടെ ഓഫീസിൽ നിന്നും എസ്.പിമാർ വഴി ലഭിച്ചിരുന്നതായി ഡിവൈ.എസ്.പി സുനിൽരാജും വെളിപ്പെടുത്തി.
എ.ഡി.ജി.പിയുടെ ഓഫീസിലെ ഗ്രേഡ് സബ് ഇൻസ്പെക്ടർ ഗിരീഷ്, സബ് ഇൻസ്പെക്ടർ ശ്രീകാന്ത് എന്നിവരും കേസ് അട്ടിമറിച്ച് ‘റഫർ റിപ്പോർട്ട്’ തയ്യാറാക്കുന്നതിൽ പ്രധാന പങ്ക് വഹിച്ചതായി എസ്.ഐ.ടി റിപ്പോർട്ടിലുണ്ടെന്നും സസ്പെൻഷൻ ഉത്തരവിൽ പറയുന്നു.
വിശദീകരണം തള്ളി ഡി.ജി.പിയും സർക്കാരും
എസ്ഐടിയുടെ കണ്ടെത്തലുകളുമായി ബന്ധപ്പെട്ട് സംസ്ഥാന പൊലീസ് മേധാവി നൽകിയ മെമ്മോയ്ക്ക് എം.ആർ. അജിത് കുമാർ നൽകിയ ഇടക്കാല മറുപടി തൃപ്തികരമല്ലെന്ന് ഡിജ.പി സർക്കാരിനെ അറിയിച്ചു. അന്വേഷണ ഉദ്യോഗസ്ഥരെ വിസ്തരിക്കണമെന്ന അജിത്കുമാറിൻറെ ആവശ്യവും ഡിജിപി തള്ളി.
“സി.ആർ.പി.സി സെക്ഷൻ 36 പ്രകാരം ഒരു മേലുദ്യോഗസ്ഥന് അന്വേഷണത്തിൽ ഇടപെടാമെങ്കിലും അത് നിയമപരവും നീതി ഉറപ്പാക്കുന്നതിനും വേണ്ടിയായിരിക്കണം. എന്നാൽ ഇവിടെ എം.ആർ. അജിത് കുമാറിന്റെ ഇടപെടൽ നിയമവിരുദ്ധവും ഇരകൾക്ക് നീതി നിഷേധിക്കുന്നതിനും പ്രതികളെ രക്ഷിക്കുന്നതിനും കാരണമായി. അതിനാൽ ഓൾ ഇന്ത്യ സർവീസസ് (ഡിസിപ്ലിൻ ആൻഡ് അപ്പീൽ) റൂൾസ്, 1969 പ്രകാരം ഇയാളെ അടിയന്തരമായി സസ്‌പെൻഡ് ചെയ്യുന്നു.” – ഉത്തരവ് വ്യക്തമാക്കുന്നു. സസ്‌പെൻഷൻ കാലയളവിൽ ചട്ടപ്രകാരമുള്ള ഉപജീവന ബത്തയ്ക്ക് അജിത് കുമാറിന് അർഹതയുണ്ടായിരിക്കും.

by Midhun HP News | Jul 24, 2026 | Latest News, കേരളം
കൊച്ചി: ഡൽഹിയിലെ സിജെപി സമരത്തിന് പിന്തുണ അറിയിച്ച് റാപ്പർ വേടന്റെ നേതൃത്വത്തിൽ നടത്തിയ പരിപാടിക്കെതിരെ കേസെടുത്ത് പൊലീസ്. മാനേജർ വിഗ്നേഷിനും കണ്ടാലറിയുന്ന 90 പേർക്കെതിരെയും ആണ് കേസ്. ഗതാഗത തടസ്സമുണ്ടാക്കി പരിപാടി നടത്തിയതിനാണ് എറണാകുളം സൗത്ത് പോലീസ് കേസെടുത്തത്.

by Midhun HP News | Jul 24, 2026 | Latest News, കേരളം
തിരുവനന്തപുരം: വിൽപ്പന നടത്താനായി വീട്ടിൽ സൂക്ഷിച്ച എംഡിഎംഎയുമായി യുവതി അറസ്റ്റിൽ. വെട്ടുകാട് ബാലനഗർ സ്വദേശിനി രേഖയാണ് അറസ്റ്റിലായത്.
കഴക്കൂട്ടത്ത് നിന്ന് ഡാൻസാഫ് പിടികൂടിയ യുവാവിൽ നിന്നാണ് രേഖയുടെ വീട്ടിൽ മയക്കുമരുന്ന് സൂക്ഷിച്ചിട്ടുള്ളതായി വിവരം ലഭിച്ചത്. തുടർന്ന് ഡാൻസാഫ്, വലിയതുറ പൊലീസ് എന്നിവർ ചേർന്ന് പരിശോധന നടത്തി.
യുവതിയുടെ വീട്ടിൽ നിന്നും 38 ഗ്രാം എംഡിഎംഎ കണ്ടെടുത്തതായി വലിയതുറ പൊലീസ് അറിയിച്ചു. യുവതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

Recent Comments