by Midhun HP News | Jul 24, 2026 | Latest News, കേരളം
കൊച്ചി: ഡൽഹിയിലെ സിജെപി സമരത്തിന് പിന്തുണ അറിയിച്ച് റാപ്പർ വേടന്റെ നേതൃത്വത്തിൽ നടത്തിയ പരിപാടിക്കെതിരെ കേസെടുത്ത് പൊലീസ്. മാനേജർ വിഗ്നേഷിനും കണ്ടാലറിയുന്ന 90 പേർക്കെതിരെയും ആണ് കേസ്. ഗതാഗത തടസ്സമുണ്ടാക്കി പരിപാടി നടത്തിയതിനാണ് എറണാകുളം സൗത്ത് പോലീസ് കേസെടുത്തത്.

by Midhun HP News | Jul 24, 2026 | Latest News, കേരളം
തിരുവനന്തപുരം: വിൽപ്പന നടത്താനായി വീട്ടിൽ സൂക്ഷിച്ച എംഡിഎംഎയുമായി യുവതി അറസ്റ്റിൽ. വെട്ടുകാട് ബാലനഗർ സ്വദേശിനി രേഖയാണ് അറസ്റ്റിലായത്.
കഴക്കൂട്ടത്ത് നിന്ന് ഡാൻസാഫ് പിടികൂടിയ യുവാവിൽ നിന്നാണ് രേഖയുടെ വീട്ടിൽ മയക്കുമരുന്ന് സൂക്ഷിച്ചിട്ടുള്ളതായി വിവരം ലഭിച്ചത്. തുടർന്ന് ഡാൻസാഫ്, വലിയതുറ പൊലീസ് എന്നിവർ ചേർന്ന് പരിശോധന നടത്തി.
യുവതിയുടെ വീട്ടിൽ നിന്നും 38 ഗ്രാം എംഡിഎംഎ കണ്ടെടുത്തതായി വലിയതുറ പൊലീസ് അറിയിച്ചു. യുവതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

by Midhun HP News | Jul 24, 2026 | Latest News, കേരളം
തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് പി എസ് പ്രശാന്ത് നേരിട്ട് ഇടപെട്ടതിന് തെളിവുണ്ടെന്ന് റിമാന്‍ഡ് റിപ്പോര്‍ട്ട്. പി എസ് പ്രശാന്തും മുന്‍ ബോര്‍ഡ് അംഗം അജികുമാറും ഗൂഢാലോചന നടത്തിയതിന് തെളിവുണ്ടെന്ന് എസ്ഐടി. ഔദ്യോഗിക കൃത്യനിര്‍വഹണം മറന്ന് ബോധപൂര്‍വം വീഴ്ച വരുത്തി. സ്വര്‍ണപ്പാളികള്‍ അറ്റകുറ്റപ്പണിക്കായി കൊണ്ടുപോകുന്നതിന് വ്യാജ കരാറുണ്ടാക്കിയെന്നും റിമാന്‍ഡ് റിപ്പോര്‍ട്ടിലുണ്ട്.
ശബരിമലയിലെ സ്വര്‍ണം ഇളക്കി മാറ്റി വീണ്ടും പ്ലേറ്റ് ചെയ്യാനുള്ള സംവിധാനം ചെന്നൈ സ്മാര്‍ട്ട് ക്രിയേഷന്‍സിനില്ലെന്ന് തിരുവാഭരണം കമ്മീഷണര്‍ റജിലാല്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. 2025 ജൂലൈ 30 നാണ് ദേവസ്വം സെക്രട്ടറിക്ക് റിപ്പോര്‍ട്ട് നല്‍കിയത്. സ്വര്‍ണം പൂശാന്‍ പരമ്പരാഗത രീതി സ്വീകരിക്കണം എന്നായിരുന്നു റിപ്പോര്‍ട്ട്. എന്നാല്‍ റെജിലാലിന്റെ റിപ്പോര്‍ട്ട് തള്ളിയാണ് പ്രശാന്ത് പാളികള്‍ ചെന്നൈയില്‍ കൊണ്ടുപോകാന്‍ നിര്‍ദ്ദേശിച്ചത്.
ബോര്‍ഡ് പ്രസിഡന്റായിരുന്ന പ്രശാന്ത് ഇടപെട്ട് ചെന്നൈയില്‍ തന്നെ കൊണ്ടുപോകാമെന്ന് സെക്രട്ടറിക്ക് കത്ത് നല്‍കി. ഇതിനായി റജിലാലില്‍ സമ്മര്‍ദ്ദം ചെലുത്തി അനുകൂല തീരുമാനം എടുപ്പിച്ചു. തുടര്‍ന്ന് 2025 ഓഗസ്റ്റ് രണ്ടിന് ചേര്‍ന്ന ബോര്‍ഡ് യോഗം ഇതിന് അനുമതി നല്‍കിയെന്ന് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. ചെന്നൈയിലേക്ക് പാളികള്‍ കൊണ്ടുപോകുന്നതിനായി വ്യാജ രേഖ തയ്യാറാക്കിയെന്നും റിമാന്റ് റിപ്പോര്‍ട്ടിലുണ്ട്.
നിയമാനുസൃതമായ കരാര്‍ അന്ന് ഉണ്ടായിരുന്നില്ല. പാളികള്‍ ചെന്നൈയില്‍ എത്തിച്ച ശേഷം ബെല്ലാരിയില്‍ നിന്നും 2025 ഓഗസ്റ്റ് എട്ടിന് ഉണ്ണികൃഷ്ണന്‍ പോറ്റി മുദ്രപത്രം വാങ്ങി. ഓഗസ്റ്റ് പത്താം തീയതി വ്യാജ കരാറില്‍ ഒപ്പിട്ടു. ചെന്നൈയില്‍ എത്തിച്ച 12 പാളികളില്‍ നാല് പാളികളില്‍ നിന്ന് സ്വര്‍ണം വേര്‍തിരിച്ചെടുത്തു. 2019 ലെ സ്വര്‍ണക്കൊള്ള മറച്ചു വെക്കുന്നതിനുള്ള ഗൂഢാലോചനയാണ് പ്രതികള്‍ നടത്തിയത്. തുടര്‍ച്ചയായി ശബരിമലയിലെ സ്വര്‍ണം നഷ്ടമാകുന്ന വിധത്തില്‍ പ്രശാന്തും അജികുമാറും പ്രവര്‍ത്തിച്ചെന്ന പരാമര്‍ശവും റിപ്പോര്‍ട്ടിലുണ്ട്.

by Midhun HP News | Jul 24, 2026 | Latest News, കേരളം
ന്യൂഡൽഹി: പരിസ്ഥിതി പ്രവർത്തകനും സാമൂഹിക പരിഷ്കർത്താവുമായ സൊനം വാങ്ചുക് 26 ദിവസം നീണ്ടുനിന്ന തൻ്റെ അനിശ്ചിതകാല ഉപവാസ സമരം അവസാനിപ്പിച്ചു. കേന്ദ്ര സർക്കാരുമായി നടന്ന ദീർഘമായ ചർച്ചകൾക്കൊടുവിലും രാജ്യത്ത് അക്രമസംഭവങ്ങൾ ഉണ്ടാകാനുള്ള സാധ്യത കണക്കിലെടുത്തുമാണ് സമരം അവസാനിപ്പിക്കുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി.
ഗുരുഗ്രാമിലെ മെദാന്ത ആശുപത്രിയിൽ വെച്ച് കേന്ദ്ര ആരോഗ്യ മന്ത്രി ജെ.പി. നഡ്ഡ, കേന്ദ്രമന്ത്രി ഡോ. ജിതേന്ദ്ര സിങ്, ലേ ലഡാക്ക് അപെക്സ് ബോഡിയിലെ മുതിർന്ന നേതാക്കൾ എന്നിവരുടെ സാന്നിധ്യത്തിലാണ് വാങ്ചുക് ഉപവാസം ലംഘിച്ചത്.
വിവിധ രാഷ്ട്രീയ പാർട്ടികളിൽ നിന്നുള്ള 65 പാർലമെന്റ് അംഗങ്ങൾ തന്നെ സന്ദർശിക്കുകയോ സമരം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് കത്ത് നൽകുകയോ ചെയ്തിരുന്നതായി അദ്ദേഹം പറഞ്ഞു. സമരം അവസാനിപ്പിക്കാൻ ധാരണയായ വ്യവസ്ഥകളെക്കുറിച്ച് ഉടൻ തന്നെ വിശദമായ വീഡിയോയിലൂടെ അറിയിക്കുമെന്നും വാങ്ചുക് കൂട്ടിച്ചേർത്തു.
സമരം അവസാനിപ്പിച്ച പശ്ചാത്തലത്തിൽ, വാങ്ചുക് ഡോക്ടർമാരുടെ നിർദ്ദേശങ്ങൾ പാലിച്ച് ആരോഗ്യം വേഗത്തിൽ വീണ്ടെടുക്കട്ടെ എന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ആശംസിച്ചു. സമരം രാജ്യത്തുടനീളം അക്രമാസക്തമാകാതിരിക്കാൻ സമാധാനപരമായ മാർഗ്ഗങ്ങൾ മാത്രമേ സ്വീകരിക്കാവൂ എന്ന് വാങ്ചുക് തൻ്റെ അനുഭാവിയായ യുവാക്കളോടും സമരക്കാരോടും അഭ്യർത്ഥിച്ചിട്ടുണ്ട്.
by Midhun HP News | Jul 24, 2026 | Latest News, കേരളം
തിരുവനന്തപുരം: വെമ്പായത്തെ ബാറിലുണ്ടായ ആക്രമണത്തിൽ ദൃക്സാക്ഷിയായ യുവാവ് ആത്മഹത്യ ചെയ്തു. ഇരിഞ്ചയം താന്നിമൂട് ഉണ്ടപ്പാറ കുഴിവിള പറയൻകാവിൽ രതീഷിനെ(35)യാണ് കഴിഞ്ഞ ദിവിസം വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.
കഴിഞ്ഞ ഞായറാഴ്ച വെമ്പായം ഹോട്ടൽ ആൻഡ് റസിഡൻസിയിലാണ് രാത്രി ഒമ്പത് മണിയോടെ സംഘർഷം ഉണ്ടായത്. പെട്രോൾ ദേഹത്തുവീണ് ഗുരുതരമായി പൊള്ളലേറ്റ പ്രതി അനീഷും ആക്രമണത്തിനിരയായ വെമ്പായം തേക്കട മാടൻനട സ്വദേശി നവാസും കഴിഞ്ഞ ദിവസം മരണപ്പെട്ടിരുന്നു. അക്രമം നടക്കുമ്പോൾ ബാറിലുണ്ടായിരുന്ന രതീഷിനെ കേസിൽ പ്രതി ചേർക്കുമെന്ന് പറഞ്ഞ് പൊലീസ് നിരന്തരം ഭീഷണിപ്പെടുത്തിയിരുന്നതായി കുടുംബം ആരോപിച്ചു.
മരിച്ച അനീഷും നവാസും രതീഷിന്റെ ടിപ്പർ ലോറികളിലെ ഡ്രൈവർമാരായിരുന്നു. കഴിഞ്ഞ ദിവസം രാവിലെയാണ് രതീഷിനെ വീടിനുള്ളിൽ ആത്മഹത്യ ചെയ് നിലയിൽ കണ്ടെത്തിയത്. ഇതോടെ കേസുമായി ബന്ധപ്പെട്ട് മരണസംഖ്യ മൂന്നായി ഉയർന്നു. നിലവിൽ പെട്രോൾ ആക്രമണത്തിൽ ഗുരുതരമായി പൊള്ളലേറ്റ മൂന്നുപേർ കൂടി വിവിധ ആശുപത്രികളിൽ തീവ്രപരിചരണത്തിൽ ചികിത്സയിൽ കഴിയുന്നുണ്ട്.
Recent Comments