by Midhun HP News | Oct 7, 2025 | Latest News
തിരുവനന്തപുരം: ശബരിമല സ്വര്‍ണപ്പാളി വിവാദത്തില്‍ മുന്‍ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ മുരാരി ബാബുവിനെ സസ്‌പെന്‍ഡ് ചെയ്തു. ഇന്ന് ചേര്‍ന്ന തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് യോഗത്തിന്റെതാണ് തീരുമാനം. സ്വര്‍ണം പൂശിയ ദ്വാരപാലകശില്‍പങ്ങള്‍ ചെമ്പ് തകിട് എന്ന് രേഖപ്പെടുത്തി ഗുരുതരവീഴ്ച വരുത്തി റിപ്പോര്‍ട്ട് നല്‍കിയതിനാണ് നടപടിയെന്ന് ദേവസ്വം ബോര്‍ഡ് പ്രസ്താവനയില്‍ വ്യക്തമാക്കി. സ്വര്‍ണപ്പാളി വിവാദത്തില്‍ എടുക്കുന്ന ആദ്യനടപടിയാണിത്.
ദേവസ്വം ബോര്‍ഡിന്റെ നടപടിയില്‍ പ്രതികരിക്കാനില്ലെന്ന് മൂരാരി ബാബു മാധ്യമങ്ങളോട് പറഞ്ഞു. താനൊരു ഉദ്യോഗസ്ഥനാണ്. നടപടി പൂര്‍ണമായി അനുസരിക്കുന്നു. മുപ്പത് വര്‍ഷമായി ദേവസ്വം ബോര്‍ഡിന് കീഴില്‍ പ്രവര്‍ത്തിക്കുന്നയാളാണ്. ഇന്നുവരെ നിയമവിധേയമായി മാത്രമാണ് പ്രവര്‍ത്തിച്ചത്. തന്റെ ഭാഗത്തുനിന്ന് വീഴ്ചയുണ്ടായിട്ടില്ലെന്ന് മൂരാരി ബാബു ആവര്‍ത്തിച്ചു. ചെമ്പുപാളിയായതുകൊണ്ടാണ് അങ്ങനെ എഴുതിയത്. തന്റെ കണ്ണുകളെ വിശ്വസിച്ചാണ് എഴുതിയതെന്നും ശ്രീകോവിലിന്റെ കട്ടിളപ്പാളികളും അത്തരത്തില്‍ കൊണ്ടുപോയെന്നും മൂരാരി ബാബു പറഞ്ഞു.


ശബരിമലയില്‍ സ്വര്‍ണ്ണം പൂശാനായി സ്‌പോണ്‍സര്‍ ഉണ്ണികൃഷ്ണന്‍ പോറ്റിയ്ക്ക് കൈമാറിയത് ചെമ്പ് പാളിയാണെന്ന് മുരാരി ബാബു ആവർത്തിച്ചു. തന്ത്രിയുടെ നിര്‍ദേശ പ്രകാരമാണ് ദ്വാരപാലക ശില്‍പങ്ങളില്‍ സ്വര്‍ണം പൂശാന്‍ തീരുമാനിച്ചത്. സ്വര്‍ണ്ണം മങ്ങി ചെമ്പു തെളിഞ്ഞുവെന്ന് തന്ത്രി പറഞ്ഞു. ദ്വാരപാലക ശില്‍പ്പങ്ങളില്‍ ചെറിയ ശതമാനം സ്വര്‍ണമാണ് പൂശിയിരുന്നത്. എല്ലായിടത്തും ഒരുപോലെ സ്വര്‍ണം പൊതിഞ്ഞിരുന്നില്ല. മേല്‍ക്കൂരയില്‍ മാത്രമാണ് സ്വര്‍ണം പൊതിഞ്ഞിരുന്നത്. അതുകൊണ്ടാണ് തിളക്കം നഷ്ടപ്പെടാത്തത്. ദ്വാരപാലകരിലും കട്ടിളയിലും സ്വര്‍ണം പൂശുകയാണ് ചെയ്തത്. അതുകൊണ്ടാണ് ചെമ്പു തെളിഞ്ഞത്. കൈമാറിയത് അടിസ്ഥാനപരമായി ചെമ്പു പാളി തന്നെയാണ്. അതുകൊണ്ടാണ് മഹസറില്‍ അങ്ങനെ രേഖപ്പെടുത്തിയത്. എന്നാല്‍ ആ മഹസറില്‍ താന്‍ ഒപ്പിട്ടിട്ടില്ല. ഉദ്യോഗസ്ഥ തലത്തില്‍ വീഴ്ചയുണ്ടായിട്ടുണ്ട്. എന്നാല്‍ വീഴ്ചയില്‍ തനിക്ക് പങ്കില്ലെന്നും മുരാരി ബാബു പറഞ്ഞു.

സ്വര്‍ണ്ണപ്പാളി കൈമാറുമ്പോള്‍ താന്‍ ചുമതലയില്‍ ഇല്ലായിരുന്നു. 2019 ജുലൈ 16ന് സ്ഥാനം ഒഴിഞ്ഞിരുന്നു. തിരുവഭാരണ കമ്മീഷണറുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് സ്വര്‍ണം പൂശേണ്ടതുണ്ടോ എന്നടക്കമുള്ള കാര്യങ്ങള്‍ തീരുമാനിക്കുന്നത്. അവര്‍ വന്ന് പരിശോധിച്ച ശേഷമാണ് 2019ല്‍ ഇളക്കി എടുത്തുകൊണ്ട് പോകുന്നതെന്ന് മുരാരി ബാബു പറഞ്ഞു.അഡ്മിനിസ്‌ട്രേറ്ററുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ മാത്രം തീരുമാനം എടുക്കാനാവില്ല. വിവരങ്ങള്‍ പുറത്ത് വരുന്നത് ഇപ്പോള്‍ മാത്രമാണ്. 2019ല്‍ സ്വര്‍ണം പൂശിയപ്പോള്‍ 40 വര്‍ഷത്തെ വാറന്റി കമ്പനി നല്‍കിയിട്ടുണ്ടായിരുന്നു. ആ കമ്പനിയുടെ റിപ്പോര്‍ട്ടിലാണ് ഇത്തവണ വീണ്ടും ചെയ്ത് തരാമെന്ന് പറയുന്നത്. ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ കൈയില്‍ കൊടുത്തുവിടാനും കമ്പനി ആവശ്യപ്പെട്ടിരുന്നുവെന്നും മുരാരി ബാബു പറഞ്ഞു.
by Midhun HP News | Oct 7, 2025 | ജില്ലാ വാർത്ത
ചെന്നൈ: കോട്ടയത്തിനും ചിങ്ങവനത്തിനും ഇടയില്‍ അറ്റകുറ്റപ്പണി നടക്കുന്നതിനാല്‍ ട്രെയിന്‍ ഗതാഗതത്തില്‍ നിയന്ത്രണം. ഒക്ടോബര്‍ 11, 12 തിയതികളിലാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത്. അറ്റകുറ്റപ്പണി കാരണം ചില ട്രെയിനുകള്‍ വഴി തിരിച്ചുവിടണമെന്നും ചിലത് ഭാഗികമായി റദ്ദാക്കിയതായും ദക്ഷിണ റെയില്‍വേ അറിയിച്ചു.
16319 തിരുവനന്തപുരം നോര്‍ത്ത്-എസ്എംവിടി ബംഗളൂരു ഹംസഫര്‍ എക്സ്പ്രസ് ആലപ്പുഴ വഴി തിരിച്ചുവിടും. ആലപ്പുഴ, എറണാകുളം ജങ്ഷന്‍ എന്നിവിടങ്ങളില്‍ സ്റ്റോപ്പുണ്ടാകും. 22503 കന്യാകുമാരി-ദിബ്രുഗഢ് വിവേക് എക്സ്പ്രസ് ആലപ്പുഴ വഴി തിരിച്ചുവിടും. ആലപ്പുഴ, എറണാകുളം ജങ്ഷന്‍ എന്നിവിടങ്ങളില്‍ സ്റ്റോപ്പുണ്ടാകും. 16343 തിരുവനന്തപുരം സെന്‍ട്രല്‍-മധുര അമൃത എക്സ്പ്രസ് ആലപ്പുഴ വഴിയാകും സര്‍വീസ് നടത്തുക. ഹരിപ്പാട്, അമ്പലപ്പുഴ, ആലപ്പുഴ, ചേര്‍ത്തല, എറണാകുളം ജങ്ഷന്‍ എന്നീ സ്റ്റേഷനുകളില്‍ സ്റ്റോപ്പുണ്ടാകും.
16347 തിരുവനന്തപുരം സെന്‍ട്രല്‍-മംഗളൂരു സെന്‍ട്രല്‍ എക്സ്പ്രസ് ആലപ്പുഴ വഴി തിരിച്ചുവിടും. ഹരിപ്പാട്, അമ്പലപ്പുഴ, ആലപ്പുഴ, ചേര്‍ത്തല, എറണാകുളം എന്നിവിടങ്ങളില്‍ സ്റ്റോപ്പുണ്ടാകും. ഭാഗികമായി റദ്ദാക്കിയ ട്രെയിനുകള്‍ ഒക്ടോബര്‍ 11-ലെ 16327 മധുര-ഗുരൂവായൂര്‍ എക്സ്പ്രസ് കൊല്ലത്തിനും ഗുരുവായൂരിനും ഇടയില്‍ റദ്ദാക്കി. ട്രെയിന്‍ കൊല്ലത്ത് സര്‍വീസ് അവസാനിപ്പിക്കും.
ഒക്ടോബര്‍ 12-ലെ 16328 ഗുരുവായൂര്‍-മധുര എക്സ്പ്രസ് ഗുരുവായൂരിനും കൊല്ലത്തിനും ഇടയില്‍ റദ്ദാക്കി. ഉച്ചയ്ക്ക് 12.10-ന് കൊല്ലത്തുനിന്നായിരിക്കും ട്രെയിന്‍ സര്‍വീസ് ആരംഭിക്കുക. ഒക്ടോബര്‍ 11-ലെ 16326 കോട്ടയം-നിലമ്പൂര്‍ എക്സ്പ്രസ് കോട്ടയത്തിനും ഏറ്റുമാനൂരിനും ഇടയില്‍ റദ്ദാക്കി. ട്രെയിന്‍ ഏറ്റൂമാനൂര്‍ സ്റ്റേഷനില്‍നിന്ന് രാവിലെ 05.27 ന് പുറപ്പെടും.



by Midhun HP News | Oct 7, 2025 | Latest News, ജില്ലാ വാർത്ത
വർക്കല: സീരിയലുകളിലും സിനിമയിലുമൂടെ ശ്രദ്ധ നേടിയ വർക്കല ജനാർദ്ദനപുരം സ്വദേശി ജയചന്ദ്രൻ നായർ (ചന്തു) അന്തരിച്ചു. ‘സൈന്യം’ എന്ന ജോഷി ചിത്രത്തിലൂടെയാണ് ജയചന്ദ്രൻ നായർ മലയാള സിനിമയിലേക്ക് അരങ്ങേറ്റം കുറിച്ചത്. തുടർന്ന് ചില സിനിമകളിലും ടെലിവിഷൻ സീരിയലുകളിലും ശ്രദ്ധേയമായ വേഷങ്ങൾ അവതരിപ്പിച്ചു. ജീവിതോപാധിയായി പിക്കപ്പ് വാഹനം ഓടിച്ച് ജീവിതം മുന്നോട്ട് നയിക്കുകയായിരുന്നു. അവിവാഹിതനായിരുന്നു.



by Midhun HP News | Oct 7, 2025 | Latest News, കേരളം
ലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ ഭാര്യയ്‌ക്കെതിരെ വിചിത്രവാദവുമായി ഭര്‍ത്താവ്. രാത്രിയില്‍ ഭാര്യ പാമ്പായി മാറി തന്നെ കടിക്കാന്‍ ശ്രമിച്ചതായാണ് ഭര്‍ത്താവിന്റെ ആരോപണം. ഇത് കേട്ട് ഞെട്ടിയിരിക്കുകയാണ് അധികൃതര്‍.
സീതാപൂര്‍ ജില്ലയിലാണ് നാടിനെ നടുക്കിയ സംഭവം. ജനങ്ങളുടെ പരാതികള്‍ ജില്ലാ കലക്ടര്‍ സ്വീകരിക്കുന്ന വേളയില്‍ മഹ്മൂദാബാദ് പ്രദേശത്തെ ലോധ്‌സ ഗ്രാമവാസിയായ മെരാജ് ആണ് ഭാര്യയ്‌ക്കെതിരെ വിചിത്ര വാദം ഉന്നയിച്ചത്. ‘സര്‍, എന്റെ ഭാര്യ നസീമുന്‍ രാത്രിയില്‍ ഒരു പാമ്പായി മാറി എന്നെ കടിക്കാനായി ഓടിച്ചിട്ടു’- മെരാജ് പറഞ്ഞു.
‘ഭാര്യ എന്നെ പലതവണ കൊല്ലാന്‍ ശ്രമിച്ചിട്ടുണ്ട്. ഓരോ പ്രാവശ്യവും കൃത്യസമയത്ത് ഉണര്‍ന്നതിനാല്‍ എനിക്ക് രക്ഷപ്പെടാന്‍ സാധിച്ചു. എന്റെ ഭാര്യ എന്നെ മാനസികമായി പീഡിപ്പിക്കുന്നു, ഞാന്‍ ഉറങ്ങുമ്പോള്‍ ഏത് രാത്രിയില്‍ വേണമെങ്കിലും കൊല്ലപ്പെട്ടേക്കാം’- മെരാജ് കൂട്ടിച്ചേര്‍ത്തു. സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ എക്സില്‍ മെരാജിന്റെ വിചിത്രവാദം വ്യാപകമായാണ് പ്രചരിക്കുന്നത്. ‘നിങ്ങള്‍ ഒരു മൂര്‍ഖനായി മാറും’- എന്ന തരത്തില്‍ നിരവധി പരിഹാസ കമന്റുകളും പ്രത്യക്ഷപ്പെട്ടു.


സംഭവത്തില്‍ കലക്ടര്‍ അന്വേഷണത്തിന് ഉത്തരവിട്ടു. സബ് ഡിവിഷണല്‍ മജിസ്ട്രേറ്റിനോടും പൊലീസിനോടും വിഷയം അന്വേഷിക്കാനാണ് നിര്‍ദേശിച്ചിരിക്കുന്നത്. മാനസിക പീഡനത്തിന് സാധ്യതയുള്ള ഒരു കേസായി ഇതിനെ കണക്കാക്കി പൊലീസ് അന്വേഷണം ആരംഭിച്ചതായി റിപ്പോര്‍ട്ടുണ്ട്.

by Midhun HP News | Oct 7, 2025 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: ശബരിമല സ്വര്‍ണ്ണക്കവര്‍ച്ചയെപ്പറ്റി അന്വേഷിക്കാന്‍ ഹൈക്കോടതി നിയോഗിച്ച പ്രത്യേക അന്വേഷണ സംഘത്തിലെ രണ്ട് ഉദ്യോഗസ്ഥരെ മാറ്റണമെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന പ്രസിഡന്റ് കെ പി ശശികല. പ്രത്യേക അന്വേഷണ ടീമിലുള്ള അനീഷും ബിജു രാധാകൃഷ്ണനും നേരത്തെ തിരുവിതാംകൂര്‍ ദേവസ്വം വിജിലന്‍സ് ഉദ്യോഗസ്ഥരായിരുന്നു. ഹൈക്കോടതി ദേവസ്വം ബെഞ്ചിന് അന്വേഷണ ഉദ്യോഗസ്ഥരുടെ പട്ടിക കൈമാറിയവര്‍ മന:പൂര്‍വം ഇത് മറച്ചുവെച്ചതാകാം- ശശികല ഫെയ്‌സ്ബുക്കില്‍ കുറിച്ചു.
എന്തിനെപ്പറ്റിയാണോ അന്വേഷിക്കുന്നത്, അതിനാധാരമായ ക്രമക്കേടുകള്‍ അരങ്ങേറിയ കാലഘട്ടത്തില്‍ വിജിലന്‍സ് ഉദ്യോഗസ്ഥരായവരെ തന്നെ അന്വേഷണ സംഘത്തില്‍ ഉള്‍പ്പെടുത്തിയത് അന്വേഷണം അട്ടിമറിക്കാനാണോയെന്ന് സംശയിക്കുന്നു. പ്രതിസ്ഥാനത്ത് നില്‍ക്കുന്ന ഉന്നതരെ കേസില്‍ നിന്നും ഊരിയെടുക്കാനുള്ള ശ്രമത്തിന്റെ ഭാഗമായിട്ടേ അനീഷിനെയും ബിജുവിനെയും അന്വേഷണ സംഘത്തില്‍ ഉള്‍പ്പെടുത്തിയതിനെ കാണാനാവൂ.


ഹൈക്കോടതി സുതാര്യവും സത്യസന്ധവുമായ അന്വേഷണമാണ് ഉദ്ദേശിക്കുന്നതെങ്കില്‍ ഈ രണ്ട് പേരെയും സ്‌പെഷല്‍ ഇന്‍വെസ്റ്റിഗേഷന്‍ ടീമില്‍ നിന്നും അടിയന്തരമായും മാറ്റണമെന്ന് ശശികല ആവശ്യപ്പെട്ടു. അനില്‍ നമ്പ്യാര്‍ക്ക് കടപ്പാടോടെയാണ് ശശികലയുടെ കുറിപ്പ്. അന്വേഷണ സംഘത്തെ നിയോഗിച്ചുകൊണ്ടുള്ള ഹൈക്കോടതി വിധിയുടെ കോപ്പിയും ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ചിട്ടുണ്ട്.

Recent Comments