യാത്രക്കാർ ശ്രദ്ധിക്കുക; ദസറ, ദീപാവലി; ബം​ഗളൂരു- കൊല്ലം റൂട്ടിൽ പ്രത്യേക ട്രെയിൻ സർവീസ്

യാത്രക്കാർ ശ്രദ്ധിക്കുക; ദസറ, ദീപാവലി; ബം​ഗളൂരു- കൊല്ലം റൂട്ടിൽ പ്രത്യേക ട്രെയിൻ സർവീസ്

ബം​ഗളൂരു: ദസറ, ദീപാവലി ഉത്സവകാലത്തോടനുബന്ധിച്ച് ബം​ഗളൂരു- കൊല്ലം റൂട്ടിൽ പ്രത്യേക ട്രെയിൻ സർവീസ് പ്രഖ്യാപിച്ചു. ഇന്ന്, 11, 18 തീയതികളിൽ വൈകീട്ട് 3 മണിക്ക് ബം​ഗളൂരു എസ്എംവിടി സ്റ്റേഷനിൽ നിന്നു പുറപ്പെടുന്ന ട്രെയിൻ (06219) അടുത്ത ദിവസം രാവിലെ 6.20നു കൊല്ലത്തെത്തും.

മടക്ക ട്രെയിൻ (06220) നാളെ, 12, 19 തീയതികളിൽ രാവിലെ 10.45നു കൊല്ലത്തു നിന്നു പുറപ്പെട്ട് അടുത്ത ദിവസം പുലർച്ചെ 3.30നു എസ്എംവിടിയിൽ എത്തും. പാലക്കാട്, തൃശൂർ, ആലുവ, എറണാകുളം ടൗൺ, കോട്ടയം, ചെങ്ങന്നൂർ, മാവേലിക്കര, കായംകുളം എന്നിവിടങ്ങളിൽ കേരളത്തിൽ സ്റ്റോപ്പുണ്ട്.

‘മുന്‍പ് സ്വര്‍ണം പൂശിയതിനെ കുറിച്ചറിയില്ല, തനിക്ക് തന്നത് ചെമ്പ് പാളി’; ആരോപണങ്ങള്‍ തള്ളി ഉണ്ണികൃഷ്ണന്‍ പോറ്റി

‘മുന്‍പ് സ്വര്‍ണം പൂശിയതിനെ കുറിച്ചറിയില്ല, തനിക്ക് തന്നത് ചെമ്പ് പാളി’; ആരോപണങ്ങള്‍ തള്ളി ഉണ്ണികൃഷ്ണന്‍ പോറ്റി

തിരുവനന്തപുരം: ശബരിമലയിലെ ദ്വാരപാലക ശില്‍പങ്ങളില്‍ സ്വര്‍ണം പൂശിയതുമായി ബന്ധപ്പെട്ട സംഭവത്തില്‍ ദുരൂഹത വര്‍ധിപ്പിച്ച് പുറത്തുവരുന്ന മാധ്യമ വാര്‍ത്തകളെ തള്ളി ഉണ്ണികൃഷ്ണന്‍ പോറ്റി. വാര്‍ത്തകള്‍ക്ക് യാഥാര്‍ഥ്യവുമായി ബന്ധമില്ല. എല്ലാ ആരോപണങ്ങള്‍ മാത്രമാണ്. വിജിലന്‍സ് വിളിച്ചാല്‍ ചോദ്യം ചെയ്യലിന് ഹാജരാകും, പറയാനുള്ളത് കോടതിയില്‍ പറയും എന്നും ഉണ്ണികൃഷ്ണന്‍ പോറ്റി തിരുവനന്തപുരത്ത് മാധ്യമങ്ങളോട് പ്രതികരിച്ചു.

അറ്റകുറ്റപ്പണികള്‍ക്കായി തനിക്ക് ലഭിച്ചത് ചെമ്പ് പാളികളാണ്. മഹസര്‍ ഉള്‍പ്പെടെയുള്ള രേഖകളില്‍ ഇത് വ്യക്തമാണ്. അതിന് മുന്‍പ് സ്വര്‍ണം പൂശിയതിനെ കുറിച്ച് അറിയില്ല. അതിന് മുന്‍പ് സ്വര്‍ണം പൂശിയത് കാലഹരണപ്പെട്ടത് കൊണ്ടായിരിക്കാം ദേവസ്വം അങ്ങനെയൊരു തീരുമാനം എടുത്തത്. പാളികളില്‍ സ്വര്‍ണം ഉണ്ടായിരുന്നോ എന്നും അറിയില്ല. ദ്വാരപാലകശില്‍പങ്ങളുടെ പാളികള്‍ താന്‍ എടുത്തുകൊണ്ട് പോയതല്ല, ദേവസ്വം തന്നതാണെന്നും ഉണ്ണികൃഷ്ണന്‍ പോറ്റി പ്രതികരിച്ചു.

ദ്വാരപാലക ശില്‍പത്തിന്റെ സ്വര്‍ണപ്പാളി അറ്റകുറ്റപണിക്ക് കൊണ്ടുപോയപ്പോള്‍ കാലതാമസം ഉണ്ടായെന്ന ആരോപണവും ഉണ്ണികൃഷ്ണന്‍ പോറ്റി നിഷേധിച്ചു. ആരോപണങ്ങളില്‍ പറയുന്ന വിധത്തില്‍ 39 ദിവസങ്ങള്‍ ഒന്നും കാലതാമസം ഉണ്ടായിട്ടില്ല. ഒരാഴ്ചയോളം മാത്രമാണ് താമസം ഉണ്ടായത്.പാളികളില്‍ അറ്റകുറ്റ പണി നിര്‍ദേശിച്ചിരുന്നു. അതാണ് കാലതാമസം വന്നത്. ഇത്തരം സാധനങ്ങള്‍ കൈമാറുമ്പോഴുള്ള നടപടിക്രമളുമായി ബന്ധപ്പെട്ട ബൈലോയെ കുറിച്ച് അറിയില്ല. കവാടങ്ങള്‍ പ്രദര്‍ശന വസ്തുവാക്കിയിട്ടില്ലെന്നും ഉണ്ണികൃഷ്ണന്‍ പോറ്റി പറഞ്ഞു.

ചുഴലിക്കാറ്റ് ‘ശക്തി ‘അറബികടലിൽ പ്രവേശിച്ചു; സംസ്ഥാനത്ത് ശക്തമായ മഴക്ക് സാധ്യത

ചുഴലിക്കാറ്റ് ‘ശക്തി ‘അറബികടലിൽ പ്രവേശിച്ചു; സംസ്ഥാനത്ത് ശക്തമായ മഴക്ക് സാധ്യത

തിരുവനന്തപുരം: ഈ വർഷത്തെ ആദ്യ ചുഴലിക്കാറ്റായ ‘ശക്തി’ അറബിക്കടലിൽ പ്രവേശിച്ചതിനാൽ സംസ്ഥാനത്ത് ഇടിമിന്നലോടെയുള്ള മഴക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. സംസ്ഥാനത്തെ ഒറ്റപ്പെട്ടയിടങ്ങളിൽ ഞായറാഴ്ച വരെ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് അറിയിപ്പ്.

തിരുവോണം ബംപർ നറുക്കെടുപ്പ് ഇന്ന്; ആരാകും ’25 കോടി’യുടെ ആ ഭാ​ഗ്യവാൻ?

തിരുവോണം ബംപർ നറുക്കെടുപ്പ് ഇന്ന്; ആരാകും ’25 കോടി’യുടെ ആ ഭാ​ഗ്യവാൻ?

തിരുവനന്തപുരം: സംസ്ഥാന ഭാ​ഗ്യക്കുറി വകുപ്പിന്റെ തിരുവോണം ബംപർ ലോട്ടറി ടിക്കറ്റിന്റെ നറുക്കെടുപ്പ് ഇന്ന്. ഒന്നാം സമ്മാനം 25 കോടിയാണ്. തിരുവനന്തപുരം ​ഗോർഖി ഭവനിൽ ധനമന്ത്രി കെഎൻ ബാല​ഗോപാലാണ് നറുക്കെടുക്കുന്നത്. ആകെ 75 ലക്ഷം ടിക്കറ്റുകളാണ് വിറ്റഴിച്ചത്.

500 രൂപ വിലയുള്ള ടിക്കറ്റിന് ഒരു കോടി രൂപ വീതം 20 പേർക്കാണ് രണ്ടാം സമ്മാനം. പാലക്കാടാണ് ഏറ്റവും കൂടുതൽ വിൽപ്പന നടന്നത്. 14 ലക്ഷം ടിക്കറ്റുകളാണ് ജില്ലയിൽ വിറ്റത്. തൃശൂരാണ് വിൽപ്പനയിൽ രണ്ടാം സ്ഥാനത്ത്. 9 ലക്ഷത്തിനു മുകളിൽ ടിക്കറ്റുകളാണ് ഇവിടെ വിറ്റത്. തിരുവനന്തപുരത്ത് എട്ടേ മുക്കാൽ ലക്ഷത്തിനു മുകളിൽ ടിക്കറ്റുകളും വിറ്റഴിച്ചു.

സെപ്റ്റംബർ 27ന് നടത്താൻ നിശ്ചയിച്ചിരുന്ന നറുക്കെടുപ്പാണ് ഇന്നത്തേക്ക് മാറ്റിയത്. അപ്രതീക്ഷിതമായുണ്ടായ കനത്ത മഴയും ജിഎസ്ടി മാറ്റവുമായി ബന്ധപ്പെട്ടും ഏജന്റുമാരുടേയും വിൽപ്പനക്കാരുടേയും അഭ്യർഥന പരി​ഗണിച്ചാണ് ഇന്നത്തേക്ക് നറുക്കെടുപ്പ് മാറ്റിയത്.

പൂജാ ബംപർ ടിക്കറ്റിന്റെ പ്രകാശനവും ഇന്ന് മന്ത്രി നിർവഹിക്കും. 12 കോടി രൂപയാണ് പൂജ ബംപറിന്റെ സമ്മാനത്തുക. 300 രൂപയാണ് ടിക്കറ്റ് വില. ആന്റണി രാജു എംഎൽഎ അധ്യക്ഷനായിരിക്കും. വികെ പ്രശാന്ത് എംഎൽഎ, ഭാ​ഗ്യക്കുറി വകുപ്പ് ഡയറക്ടർ ഡോ. മിഥുൻ പ്രേംരാജ് എന്നിവരും ചടങ്ങിൽ സംബന്ധിക്കും.

ഓപറേഷന്‍ സിന്ദൂര്‍; പാകിസ്ഥാന്റെ 5 എഫ് 15 വിമാനങ്ങള്‍ തകര്‍ത്തു

ഓപറേഷന്‍ സിന്ദൂര്‍; പാകിസ്ഥാന്റെ 5 എഫ് 15 വിമാനങ്ങള്‍ തകര്‍ത്തു

ഡല്‍ഹി: ഓപ്പറേഷന്‍ സിന്ദൂറില്‍ അഞ്ച് പാക് വിമാനങ്ങള്‍ തകര്‍ത്തെന്ന് ആവര്‍ത്തിച്ച് ഇന്ത്യന്‍ വ്യോമസേന. എയര്‍ ചീഫ് മാര്‍ഷല്‍ അമര്‍ പ്രീത് സിങ് ആണ് ഇന്ത്യന്‍ അവകാശവാദങ്ങള്‍ വീണ്ടും ഉയര്‍ത്തുന്നത്. പാകിസ്ഥാന്‍ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് ഐക്യരാഷ്ട്രസഭയില്‍ നടത്തിയ പ്രസ്താവനയ്ക്ക് പിന്നാലെയാണ് എയര്‍ ചീഫ് മാര്‍ഷല്‍ ഓപ്പറേഷന്‍ സിന്ദൂറിനെ കുറിച്ച് വിശദീകരിക്കുന്നത്. 93-ാമത് വ്യോമ സേനാ ദിനാചരണത്തിന് മുന്നോടിയായി നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇന്ത്യയുടെ വ്യോമ പ്രതിരോധ സംവിധാനങ്ങള്‍ ഓപ്പറേഷന്‍ സിന്ദൂറില്‍ വലിയ പങ്കുവഹിച്ചു. പാകിസ്ഥാന്റെ 300 കിലോ മീറ്ററിന് ഉള്ളില്‍ പോലും അവരുടെ സംവിധാനങ്ങള്‍ പ്രവര്‍ത്തിപ്പിക്കാന്‍ കഴിയില്ലെന്ന് തെളിയിച്ചു. പാകിസ്ഥാന്റെ എഫ് 16, ജെഎഫ് 17 വിമാനങ്ങള്‍ ഇന്ത്യ തകര്‍ത്തു. ജാക്കോബോബാദ് എയര്‍ബേസിലെ എഫ് 16 ഹാങ്കര്‍ അടക്കം തകര്‍ത്തു. ഹാങ്കറില്‍ ഉണ്ടായിരുന്നത് ഉള്‍പ്പടെ 10 വിമാനങ്ങള്‍ പാകിസ്ഥാന് നഷ്ടമായിട്ടുണ്ടെന്നും എയര്‍ ചീഫ് മാര്‍ഷല്‍ പറഞ്ഞു.

വളരെ വ്യക്തമായ ലക്ഷ്യത്തോടെ ആരംഭിച്ച ആക്രമണം വലിയ സംഘര്‍ഷത്തിലേക്ക് എത്തിക്കാതെ അവസാനിപ്പിക്കാനും സാധിച്ചു. ലോകത്ത് രണ്ട് യുദ്ധങ്ങള്‍ നടക്കുന്നു. അത് അവസാനിപ്പിക്കുന്നതിന് നടപടികളില്ല. ഇന്ത്യുടെ നടപടികള്‍ പാകിസ്ഥാന്‍ വെടിനിര്‍ത്തല്‍ ആവശ്യപ്പെടുന്ന നിലയിലേക്ക് എത്തിക്കാന്‍ സാധിച്ചു. നമ്മുടെ സ്വന്തം ലക്ഷ്യങ്ങള്‍ നിറവേറ്റപ്പെട്ടിരുന്നു എന്നും വ്യോമ സേനാ മേധാവി അവകാശപ്പെട്ടു.