അജ്ഞാത ഫോൺ സന്ദേശം, ചുരുളഴിഞ്ഞത് കൊലപാതകം; വയോധികയുടെ മരണത്തിൽ മകനും പെൺസുഹൃത്തും അറസ്റ്റിൽ

അജ്ഞാത ഫോൺ സന്ദേശം, ചുരുളഴിഞ്ഞത് കൊലപാതകം; വയോധികയുടെ മരണത്തിൽ മകനും പെൺസുഹൃത്തും അറസ്റ്റിൽ

പത്തനംതിട്ട: വൃദ്ധയെ കൊലപ്പെടുത്തിയ കേസിൽ മകനും പെൺസുഹൃത്തും അറസ്റ്റിൽ. പത്തനംതിട്ട കുമ്പനാട് കോയിപ്പുറം സ്വദേശി പൊന്നമ്മ തോമസ് (75) കൊല്ലപ്പെട്ട കേസിലാണ് അറസ്റ്റ്. പൊന്നമ്മയുടെ മകൻ ടിജോ തോമസ് (37), സുഹൃത്ത് റിൻസി മോൾ (37) എന്നിവരാണ് അറസ്റ്റിലായത്.

ഒരു അജ്ഞാത ഫോൺ സന്ദേശമാണ് കൊലപാതകം പുറത്തറിയാൻ നിർണായകമായത്. കുമ്പനാട് ഫെലോഷിപ്പ് ആശുപത്രിയിൽ പൊന്നമ്മ തോമസ് എന്ന വയോധികയുടെ മൃതദേഹം സൂക്ഷിച്ചിട്ടുണ്ടെന്നായിരുന്നു സന്ദേശം. തുടർന്ന് പൊലീസെത്തി നടത്തിയ പരിശോധനയിൽ മൃതദേഹത്തിൽ ചില അസ്വാഭാവികതകൾ ശ്രദ്ധയിൽപ്പെട്ടു.

കോട്ടയം മെഡിക്കൽ കോളജിലെ ഫോറൻസിക് പൊലീസ് സർജൻ നടത്തിയ പോസ്റ്റ്മോർട്ടത്തിലാണ് പൊന്നമ്മയുടെ മരണം കൊലപാതകമാണെന്ന് തെളിഞ്ഞത്. റിൻസിയും ടിജോയും തമ്മിൽ വഴക്കുണ്ടായപ്പോൾ പൊന്നമ്മ ഇടപെട്ടതാണ് കൊലപാതകത്തിന് കാരണമായത്. ടിജോ അമ്മയെ മർദ്ദിക്കുകയും ശ്വാസംമുട്ടിച്ചും കൊലപ്പെടുത്തുകയുമായിരുന്നു.

ഭാര്യയുമായി പിരിഞ്ഞുകഴിയുന്ന ടിജോ കഴിഞ്ഞ ആറുമാസത്തിലേറെയായി കൊല്ലം സ്വദേശിനിയായ റിൻസിക്കൊപ്പമാണ് താമസിച്ചിരുന്നത്. പൊലീസ് കസ്റ്റഡിയിലെടുത്ത് നടത്തിയ ചോദ്യം ചെയ്യലിൽ ടിജോ കുറ്റം സമ്മതിച്ചു. ടിജോയും റിൻ‌സിയെയും കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

‘മികവോടെ ആറ്റിങ്ങൽ’: പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്കുള്ള അനുമോദന ചടങ്ങ് സംഘടിപ്പിക്കുന്നു

‘മികവോടെ ആറ്റിങ്ങൽ’: പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്കുള്ള അനുമോദന ചടങ്ങ് സംഘടിപ്പിക്കുന്നു

ആറ്റിങ്ങൽ: ആറ്റിങ്ങൽ നിയോജക മണ്ഡലത്തിലെ എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്കുള്ള അനുമോദന ചടങ്ങ് ‘മികവോടെ ആറ്റിങ്ങൽ’ എന്ന പേരിൽ ഓഗസ്റ്റ് 22 ശനിയാഴ്ച ഉച്ചയ്ക്ക് രണ്ടുമണി മുതൽ ആറ്റിങ്ങൽ ഗവൺമെൻറ് കോളേജ് ഓഡിറ്റോറിയത്തിൽ സംഘടിപ്പിക്കുമെന്ന് ഒ .എസ്. അംബിക എം.എൽ.എ അറിയിച്ചു.

ആറ്റിങ്ങൽ നിയോജകമണ്ഡലത്തിലെ നിവാസികളും 2026 മാർച്ചിലെ എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകളിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടി മികവ് തെളിയിച്ചവരുമായ വിദ്യാർത്ഥികൾക്കാണ് ആദരവ് നൽകുന്നത്.

കാലികപ്രസക്തമായ കോഴ്സുകളെയും തൊഴിലവസരങ്ങളെയും പരിചയപ്പെടുത്തുന്നതിനായി കരിയർ സെമിനാറും പരിപാടിയുടെ ഭാഗമായി സംഘടിപ്പിക്കുന്നുണ്ട്. ഉന്നത വിജയം നേടിയ വിദ്യാർത്ഥികളിൽ നിന്ന് ഓൺലൈനായി അപേക്ഷ സ്വീകരിച്ചാണ് അർഹതയുള്ള വിദ്യാർത്ഥികളെ കണ്ടെത്തിയത്.

തിരുവനന്തപുരം ശ്രീചിത്ര പുവര്‍ ഹോമില്‍നിന്ന് രണ്ട് പെണ്‍കുട്ടികള്‍ ഇറങ്ങിപ്പോയി; സിസിടിവി കേന്ദ്രീകരിച്ച് അന്വേഷണം

തിരുവനന്തപുരം ശ്രീചിത്ര പുവര്‍ ഹോമില്‍നിന്ന് രണ്ട് പെണ്‍കുട്ടികള്‍ ഇറങ്ങിപ്പോയി; സിസിടിവി കേന്ദ്രീകരിച്ച് അന്വേഷണം

തിരുവനന്തപുരം: ശ്രീചിത്ര പുവര്‍ ഹോമില്‍നിന്ന് രണ്ട് പെണ്‍കുട്ടികള്‍ ഇറങ്ങിപ്പോയി. പതിനാലും പതിനാറും വയസ്സുള്ള കുട്ടികളാണ് ഇന്ന് വൈകീട്ടോടെ ഇറങ്ങിപ്പോയത്. കിളിമാനൂര്‍, പേട്ട സ്വദേശിനികളാണ് ഇവരെന്ന് പൊലീസ് പറഞ്ഞു. സംഭവത്തില്‍ വഞ്ചിയൂര്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.

വൈകീട്ട് പുറത്തുപോയ കുട്ടികള്‍ സമയം കഴിഞ്ഞിട്ടും മടങ്ങിയെത്താത്തതിനെ തുടര്‍ന്ന് സംശയം തോന്നിയ അധികൃതര്‍ വിവരം വഞ്ചിയൂര്‍ പൊലീസിനെ അറിയിക്കുകയായിരുന്നു. കുട്ടികള്‍ ഇറങ്ങിപ്പോകാനുള്ള കാരണം സംബന്ധിച്ച് അധികൃതര്‍ക്ക് വ്യക്തതയില്ല. സി.സി.ടി.വി. കേന്ദ്രീകരിച്ചാണ് പൊലീസ് അന്വേഷണം.

‘കൊച്ചി മെട്രോ’ പേരുമാറ്റം ആലോചനയിലില്ല: മുഖ്യമന്ത്രി വി ഡി സതീശന്‍

‘കൊച്ചി മെട്രോ’ പേരുമാറ്റം ആലോചനയിലില്ല: മുഖ്യമന്ത്രി വി ഡി സതീശന്‍

കൊച്ചി: കൊച്ചി മെട്രോ പേരുമാറ്റം ആലോചനയിലില്ലെന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍. അതേപ്പറ്റി നമുക്കൊന്നും അറിയില്ല. അത് സര്‍ക്കാരുമായി ആലോചിക്കാതെ ഏകപക്ഷീയമായി പറയുന്ന കാര്യങ്ങളാണ്. ഇക്കാര്യത്തില്‍ സര്‍ക്കാരുമായി ഇതുവരെ ആലോചന നടന്നിട്ടില്ല. സര്‍ക്കാരിന്റെ പരിഗണനയിലും ഈ വിഷയമില്ല. സര്‍ക്കാരുമായി ആലോചിക്കാതെ പത്രവാര്‍ത്ത നല്‍കിയതിനോട് പ്രതികരിക്കാനില്ല. സര്‍ക്കാരിന്റെ പരിഗണനയില്‍ അങ്ങനെയൊരു വിഷയമേ ഇല്ലെന്നും മുഖ്യമന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.

ഭാവിയിലേക്ക് മാറ്റുമോയെന്ന ചോദ്യങ്ങളോട്, എന്തിനാണ് അങ്ങനെ ആലോചിക്കുന്നതെന്ന് മുഖ്യമന്ത്രി ചോദിച്ചു. സര്‍ക്കാരിന്റെ പരിഗണനയില്‍ ഇപ്പോള്‍ പേരുമാറ്റം പരിഗണനയിലില്ല. അത് കെഎംആര്‍എല്‍ മാത്രം ആലോചിച്ചാല്‍ പോരല്ലോ. സര്‍ക്കാരും ആലോചിക്കേണ്ടതല്ലേ. കൂടിയാലോചനയില്ലാതെ ഇത്തരമൊരു നീക്കം എങ്ങനെയുണ്ടായി എന്ന ചോദ്യത്തിന്, അത് തനിക്കറിയില്ല, അത് അവരോട് ചേദിച്ചാലേ അറിയൂവെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഇന്നുരാവിലെ പത്രവാര്‍ത്ത കാണുമ്പോഴാണ് പേരുമാറ്റ വിഷയം അറിയുന്നത്. അങ്ങനെയല്ലല്ലോ അറിയേണ്ടത്. സര്‍ക്കാര്‍ അറിയാതെ അവര്‍ തന്നെത്താനെ ആലോചിച്ചതില്‍ ഞങ്ങളെന്തു ചെയ്യാന്‍ പറ്റും. ഞങ്ങള്‍ ഈ വിഷയത്തില്‍ പ്രതികരിക്കേണ്ട കാര്യം പോലുമില്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. പ്രകൃതി ദുരന്തത്തിന്റെ സങ്കടങ്ങള്‍ അടക്കം മറന്ന് ഓണത്തിന്റെ ആഘോഷത്തില്‍ ഒത്തുകൂടാന്‍ എല്ലാവരും ശ്രമിക്കുകയാണ്. വലിയ ധനപ്രതിസന്ധിയിലൂടെ കടന്നുപോകുമ്പോഴും, അതിന്റെ ക്ഷീണമേല്‍പ്പിക്കാതെ സര്‍ക്കാര്‍ ജനങ്ങളുടെ കൂടെയുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഓണമായതുകൊണ്ട് അടുത്ത മാസം ഒന്നാം തീയതി നല്‍കേണ്ട ക്ഷേമപെന്‍ഷന്‍ നേരത്തെ കൊടുത്തു തുടങ്ങിയിരിക്കുകയാണ്. അതു വൈകിയെന്ന് പറയരുത്. മെസി വിവാദത്തില്‍ റിപ്പോര്‍ട്ട് ലഭിച്ചിട്ടുണ്ട്. അതു പരിശോധിച്ച് സര്‍ക്കാര്‍ തീരുമാനം ഉടന്‍ അറിയിക്കുന്നതാണ്. വീണയ്‌ക്കെതിരായ ഇഡി അന്വേഷണം മാധ്യമങ്ങളിലൂടെ അറിഞ്ഞു. അതില്‍ ബന്ധപ്പെട്ട ആളുകള്‍ പ്രതികരിക്കട്ടെ. ഒരു അന്വേഷണം നടക്കുമ്പോള്‍ മുഖ്യമന്ത്രി എന്ന നിലയില്‍ താന്‍ കമന്റ് പറയുന്നത് അനൗചിത്യമാണ്. എല്ലാം ജനങ്ങള്‍ കാണുന്നുണ്ടല്ലോ. അവര്‍ പറയുന്നതും പ്രവൃത്തിയും തമ്മിലുള്ള വ്യത്യാസം ജനങ്ങള്‍ വിലയിരുത്തട്ടെയെന്നും മുഖ്യമന്ത്രി പറഞ്ഞു.

ചിട്ടിപ്പണം നഷ്ടപ്പെട്ടത് മറച്ചുവെക്കാൻ കള്ളക്കഥ; വ്യാജമൊഴി നൽകിയ ആട്ടോ ഡ്രൈവർ അറസ്റ്റിൽ

ചിട്ടിപ്പണം നഷ്ടപ്പെട്ടത് മറച്ചുവെക്കാൻ കള്ളക്കഥ; വ്യാജമൊഴി നൽകിയ ആട്ടോ ഡ്രൈവർ അറസ്റ്റിൽ

കല്ലമ്പലം: ചിട്ടിപ്പണം നഷ്ടപ്പെട്ട വിവരം മറച്ചുവെക്കാൻ കള്ളക്കഥ മെനഞ്ഞ് പൊലീസിന് വ്യാജമൊഴി നൽകിയ ആട്ടോ ഡ്രൈവർ അറസ്റ്റിൽ. കൊല്ലം അഞ്ചാലുമൂട് കാഞ്ഞാവെളി ബംഗ്ലാവിൽ കിഴക്കതിൽ വീട്ടിൽ സലീമിനെ (49)യാണ് കല്ലമ്പലം പോലീസ് വ്യാഴാഴ്ച രാവിലെയോടെ അറസ്റ്റ് ചെയ്തത്.

ഓട്ടോ ഡ്രൈവർമാരുടെ കൂട്ടായ്മയുടെ നേതൃത്വത്തിൽ അത്തച്ചിട്ടി നടത്തിയിരുന്ന സലീമിന്റെ കൈവശമുണ്ടായിരുന്ന പണം ഓണത്തോടനുബന്ധിച്ച് ആഗസ്റ്റ് 20-ന് ചിട്ടി അംഗങ്ങൾക്ക് നൽകേണ്ടതായിരുന്നു. ആഗസ്റ്റ് 18-ന് 9,90,000 രൂപയോളം നഷ്ടപ്പെട്ടതോടെയാണ് സംഭവം മറച്ചുവെക്കാൻ ഇയാൾ കള്ളക്കഥ മെനഞ്ഞതെന്ന് പോലീസ് പറഞ്ഞു.

നീണ്ടകരയിൽനിന്ന് സി.എൻ.ജി. നിറച്ച് മടങ്ങുന്നതിനിടെ രാത്രി ഒൻപതോടെ നീണ്ടകര പാലത്തിന് സമീപത്തുനിന്ന് ഒരു യുവതിയും രണ്ട് യുവാക്കളും വർക്കലയിലേക്ക് പോകാൻ ഓട്ടോയിൽ കയറിയെന്നാണ് സലീം പൊലീസിന് മൊഴി നൽകിയത്. യാത്രയ്ക്കിടെ അപകടഭീതി തോന്നിയതിനെ തുടർന്ന് സുഹൃത്തിനെ വിളിച്ച് വിവരം അറിയിക്കുകയും ലൈവ് ലൊക്കേഷൻ പങ്കുവെക്കുകയും ചെയ്തെന്നും ഇയാൾ പറഞ്ഞു.

എന്നാൽ, സംഘത്തിലുണ്ടായിരുന്ന ഒരാൾ ഫോണിൽ ചാർജില്ലെന്ന വ്യാജേന ഫോൺ വാങ്ങി ലൈവ് ലൊക്കേഷൻ നീക്കം ചെയ്തതായും മൊഴിയിൽ പറഞ്ഞു. തുടർന്ന് 28-ാം മൈലിന് സമീപമെത്തിയപ്പോൾ പിൻസീറ്റിലുണ്ടായിരുന്നയാൾ തന്റെ കഴുത്തിലും തൊണ്ടയിലും മുറുക്കിപ്പിടിച്ചെന്നും മറ്റൊരാൾ ഓട്ടോയുടെ നിയന്ത്രണം ഏറ്റെടുത്തെന്നും സലീം പറഞ്ഞിരുന്നു. തുടർന്ന് തന്നെ ഓട്ടോയിൽനിന്ന് വലിച്ചിറക്കി മർദിച്ച് ബോധരഹിതനാക്കിയശേഷം ഓട്ടോയുമായി സംഘം കടന്നുകളഞ്ഞെന്നായിരുന്നു മൊഴി.

എന്നാൽ മൊഴിയിൽ സംശയം തോന്നിയ പൊലീസ് സംഘം സലീം പറഞ്ഞ വഴിയിലെയും 28-ാം മൈലിലെയും സി.സി.ടി.വി. ദൃശ്യങ്ങൾ പരിശോധിച്ചു. ശാസ്ത്രീയ അന്വേഷണത്തിൽ ഓട്ടോയിൽ സലീം മാത്രമാണ് ഉണ്ടായിരുന്നതെന്ന് വ്യക്തമായതോടെയാണ് കള്ളക്കഥ പൊളിഞ്ഞത്. തുടർന്ന് നടത്തിയ വിശദമായ ചോദ്യംചെയ്യലിൽ ഇയാൾ കുറ്റം സമ്മതിച്ചതായി പോലീസ് പറഞ്ഞു.പോലീസിനെ തെറ്റിദ്ധരിപ്പിക്കുകയും വ്യാജമൊഴി നൽകി അന്വേഷണത്തിന് സമയം നഷ്ടപ്പെടുത്തുകയും ചെയ്തതിനാണ് സലീമിനെതിരെ കേസെടുത്തത്. ജാമ്യം ലഭിക്കാവുന്ന വകുപ്പുകളാണ് ചുമത്തിയിട്ടുള്ളതെന്ന് പോലീസ് അറിയിച്ചു.