കർണാടകയിൽ മലയാളി നഴ്സിംഗ് വിദ്യാർത്ഥികൾ സഞ്ചരിച്ച ബസ് അപകടത്തിൽപ്പെട്ട് രണ്ടു മരണം, 26 പേർക്ക് പരിക്ക്

കർണാടകയിൽ മലയാളി നഴ്സിംഗ് വിദ്യാർത്ഥികൾ സഞ്ചരിച്ച ബസ് അപകടത്തിൽപ്പെട്ട് രണ്ടു മരണം, 26 പേർക്ക് പരിക്ക്

ബെം​ഗളൂരു: കർണാടകയിലെ ചിത്രദു‍ർഗയിലുണ്ടായ ബസ് അപകടത്തിൽ രണ്ടു പേർ മരിച്ചു. 26 പേർക്ക് പരിക്ക്. മലയാളി നഴ്സിംഗ് വിദ്യാർത്ഥികൾ ഉൾപ്പെട്ട സംഘം സഞ്ചരിച്ച ബസ് ആണ് അപകടത്തിൽപ്പെട്ടത്. പരിക്കേറ്റവരിൽ 19 പേർ മലയാളി വിദ്യാർത്ഥിനികളാണ്. ബസിന്റെ ഡ്രൈവർ ഗുരുപ്രസാദും ക്ലീന‌ർ ശങ്കറുമാണ് മരിച്ചത്.

ഗോവയിൽ നിന്ന് ബെംഗളൂരുവിലേക്ക് വന്ന ബസ് ആണ് അപകടത്തിൽപ്പെട്ടത്. ദേശീയപാത 48ൽ അയ്മംഗല പൊലീസ് സ്റ്റേഷന്റെ പരിധിയിലാണ് അപകടമുണ്ടായത്. ബന്നാർഘട്ട റോഡിലെ യൂണിവേഴ്സൽ നഴ്സിംഗ് കോളേജ് വിദ്യാർത്ഥികളാണ് ബസ്സിലുണ്ടായിരുന്നത്.

സ്വര്‍ണവില കുതിക്കുന്നു, പവന് 880 രൂപ കൂടി; ഈ മാസത്തെ ഉയര്‍ന്ന നിരക്കില്‍

സ്വര്‍ണവില കുതിക്കുന്നു, പവന് 880 രൂപ കൂടി; ഈ മാസത്തെ ഉയര്‍ന്ന നിരക്കില്‍

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വലിയ മുന്നേറ്റം തുടരുന്നു. വെള്ളിയാഴ്ച 22 കാരറ്റ് സ്വര്‍ണം പവന് 880 രൂപ വര്‍ധിച്ച് 1,17,680 രൂപയിലും, ഗ്രാമിന് 110 രൂപ കൂടി 14,710 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്. കഴിഞ്ഞ ദിവസം ഒറ്റയടിക്ക് 3,000 രൂപയിലധികം വര്‍ധിച്ചതിന് പിന്നാലെയുണ്ടായ ഈ കുതിപ്പ് ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കിലേക്കാണ് സ്വര്‍ണവിലയെ എത്തിച്ചിരിക്കുന്നത്.

ഒരു പവന് 1,17,680 രൂപയാണ് ഇന്നത്തെ നിരക്ക്. ഇതിനുപുറമെ പണിക്കൂലിയും ജിഎസ്ടിയും കൂടി നല്‍കുമ്പോള്‍ ആഭരണ വില വീണ്ടും ഉയരും. പണിക്കൂലി 10 ശതമാനവും, 3 ശതമാനം ജിഎസ്ടിയും (പണിക്കൂലിയുടെ നികുതിയടക്കം) കണക്കാക്കിയാല്‍, ഒരു പവന്‍ സ്വര്‍ണാഭരണം വാങ്ങാന്‍ 1.33 ലക്ഷം രൂപ വരെ ചെലവായേക്കാം.

രാജ്യാന്തര വിപണിയിലെ മാറ്റങ്ങളാണ് സ്വര്‍ണവിലയുടെ കുതിപ്പിന് കാരണം. അന്താരാഷ്ട്ര തലത്തില്‍ സ്വര്‍ണവില ഔണ്‍സിന് 4,500 ഡോളര്‍ കടന്നിരിക്കുകയാണ്. ഡോളര്‍ ദുര്‍ബലമായതും ബോണ്ട് ആദായത്തിലുണ്ടായ കുറവും സ്വര്‍ണത്തിന് കരുത്തേകി. സാമ്പത്തിക നിയന്ത്രണങ്ങളില്‍ ഇളവുകള്‍ ഉണ്ടായേക്കുമെന്ന പ്രതീക്ഷ സ്വര്‍ണത്തിലുള്ള നിക്ഷേപ താല്പര്യം വര്‍ധിപ്പിച്ചു. യുഎസ് ഫെഡറല്‍ റിസര്‍വിന്റെ പണപ്പെരുപ്പ ആശങ്കകളും സ്വര്‍ണ വിപണിയെ സ്വാധീനിക്കുന്നുണ്ട്.

ക്രിമിനൽ കേസിൽ 22 വർഷം പ്രതി! മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം ഒടുവിൽ ‘കുറ്റവിമുക്തൻ’

ക്രിമിനൽ കേസിൽ 22 വർഷം പ്രതി! മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം ഒടുവിൽ ‘കുറ്റവിമുക്തൻ’

ഡൽഹി: ക്രിമിനൽ കേസിൽ നിന്നു 22 വർഷത്തിനു ശേഷം കുറ്റവിമുക്തനായി മുൻ ഇന്ത്യൻ ക്രിക്കറ്റ് താരവും വഡോദര സ്വദേശിയുമായ ജേക്കബ് മാർട്ടിൻ. 2004ൽ ചുമത്തപ്പെട്ട കേസുകളിൽ നിന്നാണ് മോചനം. ഡൽഹി പട്യാല ഹൗസ് കോടതിയാണ് മുൻ താരത്തെ കുറ്റവിമുക്തനാക്കിയത്.

യുകെ ഇമ്മി​ഗ്രേഷൻ വ്യാജ സ്റ്റാംപിങ്, യാത്ര ക്രമീകരണങ്ങൾ, സാമ്പത്തിക ഇടപാടുകൾ എന്നിവയുമായി ബന്ധപ്പെട്ട് ജേക്കബ് മാർട്ടിനെതിരായ ആരോപണങ്ങൾ തെളിയിക്കാൻ കഴിഞ്ഞില്ല. സാമ്പത്തിക ഇടപാടുകളെക്കുറിച്ചോ അജ്‍വ സ്പോർട്സ് ക്ലബിന്റെ ഉടമസ്ഥതയോ നിയന്ത്രണമോ സംബന്ധിച്ച വിശ്വസനീയ തെളിവുകളൊന്നുമില്ലെന്നും കോടതി നിരീക്ഷിച്ചു. സാക്ഷികൾക്കൊന്നും ആരോപണങ്ങളെ സാധൂകരിക്കാനും കഴിഞ്ഞില്ലെന്നും കോടതി വ്യക്തമാക്കി.

വലം കൈയൻ ബാറ്ററായ ജേക്കബ് മാർട്ടിൽ ഇന്ത്യയ്ക്കായി 10 ഏകദിന മത്സരങ്ങൾ കളിച്ചിട്ടുണ്ട്. 22.57 ശരാശരിയിൽ അദ്ദേഹം 158 റൺസ് നേടുകയും ചെയ്തു.

വിധി കേട്ട ശേഷം മാർട്ടിൻ മാധ്യമങ്ങളോട് പ്രതികരിച്ചു.

‘2004ൽ എന്റെ നേതൃത്വത്തിൽ യുകെയിൽ ക്രിക്കറ്റ് പോരാട്ടങ്ങൾക്കായി പോയിരുന്നു. ആ ടീമിലെ എല്ലാവരും മത്സര ശേഷം നാട്ടിലേക്ക് തിരിച്ചെത്തി. എന്നാൽ ഒരു താരം മാത്രം അന്ന് യുകെയിൽ തന്നെ തുടർന്നു. അദ്ദേഹത്തിന്റെ വിസയ്ക്ക് 6 മാസ കാലവധിയുണ്ടായിരുന്നു. എന്നാൽ അദ്ദേഹം 6 മാസത്തിനു ശേഷവും അവിടെ തങ്ങി. മറ്റൊരാളുടെ സഹായത്തോടെ വ്യാജ സ്റ്റാംപിങും നടത്തി. പിന്നീട് ഈ വിസയുമായി ഇന്ത്യയിലേക്ക് മടങ്ങുന്നതിനിടെ താരത്തെ ഐജിഐ വിമാനത്താവളത്തിൽ പിടികൂടി. ചോദ്യം ചെയ്തു.’

‘അന്വേഷണം തുടങ്ങിയ ഘട്ടത്തിലൊന്നും എന്റെ പേര് എഫ്ഐആറിൽ പോലും ഇല്ലായിരുന്നു. പിടിക്കപ്പെട്ട താരത്തെ ചോദ്യം ചെയ്തതിനു ശേഷമാണ് അവർ ഈ കേസിലെ എന്റെ സാന്നിധ്യം തിരിച്ചറിഞ്ഞത്. അന്താരാഷ്ട്ര ക്രിക്കറ്റ് താരമെന്ന നിലവിലെ അവർ അനാവശ്യമായി എന്നെ കേസിലേക്ക് വലിച്ചിഴയ്ക്കുകയായിരുന്നു. ഈ 22 വർഷത്തിനിടെ ബിസിസിഐയിൽ നിന്നു പോലും ഒരു മറുപടിയും എനിക്കു കിട്ടിയിട്ടില്ല. റെയിൽവേയിലുണ്ടായിരുന്നു ജോലി പോലും എനിക്ക് നഷ്ടപ്പെട്ടു. 22 വർഷത്തിനു ശേഷം ഞാൻ നിരപരാധി ആണെന്ന അനുകൂല വിധി ജീവിതത്തിലെ വലിയ യു ടേൺ ആണ്’- മുൻ താരം വ്യക്തമാക്കി.

ഐഎസ്ആര്‍ഒ മുന്‍ ചെയര്‍മാന്‍ എസ് സോമനാഥിന് റിസര്‍വ് ബാങ്ക് ബോര്‍ഡില്‍ നിയമനം

ഐഎസ്ആര്‍ഒ മുന്‍ ചെയര്‍മാന്‍ എസ് സോമനാഥിന് റിസര്‍വ് ബാങ്ക് ബോര്‍ഡില്‍ നിയമനം

ഡല്‍ഹി: ഇന്ത്യന്‍ സ്‌പെയ്‌സ് റിസര്‍ച്ച് ഓര്‍ഗനൈസേഷന്‍ (ഐഎസ്ആര്‍ഒ) മുന്‍ ചെയര്‍മാന്‍ ഡോ. എസ് സോമനാഥിനെ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ (ആര്‍ബിഐ) സെന്‍ട്രല്‍ ബോര്‍ഡിലേക്ക് നിയമിച്ചു. 2025 ജനുവരിയില്‍ ഐഎസ്ആര്‍ഒയില്‍ നിന്ന് വിരമിച്ച സോമനാഥിനെ, സെന്‍ട്രല്‍ ബോര്‍ഡിലെ പാര്‍ട്ട് ടൈം, നോണ്‍-ഒഫീഷ്യല്‍ ഡയറക്ടറായാണ് നിയമിച്ചിരിക്കുന്നത്. ഓഗസ്റ്റ് 20 മുതല്‍ നാല് വര്‍ഷത്തേക്കാണ് നിയമനമെന്ന് ആര്‍ബിഐ ഔദ്യോഗിക വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി.

ബഹിരാകാശ ഗവേഷണ രംഗത്ത് വിവിധ തലങ്ങളില്‍ പ്രവര്‍ത്തിച്ചിട്ടുള്ള സോമനാഥ്, ഇസ്രോയില്‍ നിന്ന് വിരമിച്ച ശേഷം ബെംഗളൂരുവിനടുത്തുള്ള ചാണക്യ സര്‍വകലാശാലയുടെ ചാന്‍സലറായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഇതോടൊപ്പം, വ്യവസായി ആനന്ദ് മഹീന്ദ്രയെ റിസര്‍വ് ബാങ്ക് ബോര്‍ഡില്‍ നോണ്‍-ഒഫീഷ്യല്‍ ഡയറക്ടറായി വീണ്ടും നിയമിച്ചു. നാല് വര്‍ഷത്തേക്കാണ് അദ്ദേഹത്തിന്റെ കാലാവധി.

ഇന്ത്യന്‍ ഓഡിറ്റ് ആന്‍ഡ് അക്കൗണ്ട്‌സ് സര്‍വീസിലെ റിട്ടയേഡ് ഉദ്യോഗസ്ഥ രേവതി അയ്യര്‍, ആര്‍ഐഎസ് തിങ്ക്ടാങ്ക് ഡയറക്ടര്‍ ജനറല്‍ സച്ചിന്‍ ചതുര്‍വേദി എന്നിവരെയും റിസര്‍വ് ബാങ്ക് ബോര്‍ഡില്‍ നിയമിച്ചു. ഡെപ്യൂട്ടി സിഎജി പദവി വഹിച്ചിരുന്നയാളാണ് രേവതി അയ്യര്‍. ഗവര്‍ണര്‍ സഞ്ജയ് മല്‍ഹോത്ര, ഡെപ്യൂട്ടി ഗവര്‍ണര്‍മാരായ ജെ സ്വാമിനാഥന്‍, പൂനം ഗുപ്ത, എസ്സി മുര്‍മു, രോഹിത് ജയിന്‍, സാമ്പത്തികകാര്യ സെക്രട്ടറി അനുരാധ ഠാക്കൂര്‍, ഫിനാന്‍ഷ്യല്‍ സര്‍വീസ് സെക്രട്ടറി സഞ്ജയ് ലോഹ്യ എന്നിവരും ആര്‍ബിഐ സെന്‍ട്രല്‍ ബോര്‍ഡിന്റെ ഭാഗമാണ്.

കുല മാത്രമല്ല, ഇലയിലുമുണ്ട് കോടികളുടെ ലാഭം; വാഴ കര്‍ഷകര്‍ക്ക് സുവര്‍ണാവസരം

കുല മാത്രമല്ല, ഇലയിലുമുണ്ട് കോടികളുടെ ലാഭം; വാഴ കര്‍ഷകര്‍ക്ക് സുവര്‍ണാവസരം

ഒരിക്കലെങ്കിലും വാഴക്കൃഷി ചെയ്യാത്ത കര്‍ഷകര്‍ നമ്മുടെ നാട്ടില്‍ ഉണ്ടാകില്ല. കേരളത്തിലെ കാലാവസ്ഥയും ഭൂപ്രകൃതിയും വാഴക്കൃഷിക്ക് അത്രയും അനുയോജ്യമാണ്. എന്നാല്‍ ഉദ്ദേശിച്ച വില കിട്ടിയില്ലെന്ന കാരണത്താല്‍ പിന്നീട് വാഴക്കൃഷി നടത്താത്ത നിരവധി കര്‍ഷകര്‍ നമുക്കിടയിലുണ്ടാകും. എന്നാല്‍ വാഴക്കായ വില്‍ക്കുന്നതിനപ്പുറം, വാഴയിലയുടെ വിപണി സാധ്യത മനസ്സിലാക്കാന്‍ എത്ര മലയാളികള്‍ തയ്യാറായിട്ടുണ്ടാകും? ഓണക്കാലത്ത് വാഴയിലയ്ക്കു വന്ന വന്‍ ഡിമാന്‍ഡും വിപണിയിലെ ആ വലിയ സാധ്യത തുറന്നു കാണിക്കുകയാണ്.

മലയാളിയുടെ എക്കാലത്തെയും പ്രിയപ്പെട്ട ആഘോഷമാണ് ഓണം. ഓണസദ്യ രുചികളുടെ മഹാമേളയാണെങ്കില്‍, അതു വിളമ്പാനുള്ള വേദി തൂശനിലയാണെന്നതാണ് അതിന്റെ ഏറ്റവും വലിയ പ്രത്യേകത. ചിങ്ങം പിറന്നതോടെ വിവാഹങ്ങളും സ്ഥാപനങ്ങളിലെ ഓണാഘോഷങ്ങളും സജീവമായതോടെ വാഴയിലയ്ക്ക് വിപണിയില്‍ ആവശ്യക്കാര്‍ ഏറിയിരിക്കുകയാണ്. എന്നാല്‍ തനിനാടന്‍ ശൈലിയിലുള്ള ഓണസദ്യയ്ക്ക് ഇന്നും നമ്മള്‍ തമിഴ്‌നാട്ടിലെ ഇലകളെയാണ് ആശ്രയിക്കുന്നത്.

കിഴക്കന്‍ മേഖലയിലെ നാടന്‍ കര്‍ഷകര്‍ വാഴയില ഒന്നിന് 5 മുതല്‍ 7 രൂപ വരെ നിരക്കിലാണ് വില്‍ക്കുന്നത്. 100 ഇല അടങ്ങിയ ഒരു കെട്ടിന് 1000 രൂപ മുതല്‍ 1500 രൂപ വരെയാണ് നിലവിലെ വില. നഗരങ്ങളില്‍ വാഴയില വില തോന്നുംപടിയാണ്. ഉത്രാടം അടുക്കുന്നതോടെ വില ഇനിയും കുത്തനെ ഉയരാനാണ് സാധ്യത. നാടന്‍ ഇലകള്‍ ലഭ്യമാണെങ്കിലും മേന്മയുള്ള വടിവൊത്ത നാക്കിലകള്‍ക്കായി കോയമ്പത്തൂര്‍, തൂത്തുക്കുടി, തഞ്ചാവൂര്‍, തെങ്കാശി, തിരുനെല്‍വേലി തുടങ്ങിയ സ്ഥലങ്ങളെയാണ് കേരളം ആശ്രയിക്കുന്നത്.

വിദേശ വിപണിയിലെ സുവര്‍ണാവസരം

മലയാളികള്‍ എവിടെയുണ്ടോ, അവിടെ ഓണാഘോഷവുമുണ്ട്. വിദേശമലയാളികള്‍ക്കായി കേരളത്തിലെ മൂന്ന് വിമാനത്താവളങ്ങളില്‍ നിന്ന് മാത്രം 2 കോടി രൂപയുടെ വാഴയിലയാണ് കയറ്റുമതി ചെയ്യുന്നത്. തമിഴ്‌നാട്ടിലെ കമ്പം, തേനി, തിരുനെല്‍വേലി എന്നിവിടങ്ങളില്‍ കൃഷി ചെയ്യുന്ന കദളിവാഴയുടെ ഇലകളാണ് ഒന്നാംകിട ഉല്‍പന്നമായി കയറ്റുമതി ചെയ്യുന്നത്. ഒരു കിലോഗ്രാമില്‍ 70-80 ഇലകള്‍ ഉണ്ടാകും. വിദേശ വിപണിയില്‍ ഇതിന് 800 മുതല്‍ 1100 രൂപ വരെ ലഭിക്കും (ഒരു ഇലയ്ക്ക് ഏകദേശം 10 മുതല്‍ 13 രൂപ വരെ). പശ്ചിമേഷ്യന്‍ സംഘര്‍ഷം കാരണം കാര്‍ഗോ നിരക്ക് ഇരട്ടിയോളമായിട്ടും, വിദേശത്തെ ഹോട്ടലുകളിലും മലയാളികളുടെ വീടുകളിലും വാഴയിലയ്ക്കുള്ള ഡിമാന്‍ഡ് കുറഞ്ഞിട്ടില്ല.

പരമ്പരാഗതമായി സദ്യ വിളമ്പാന്‍ ഉപയോഗിക്കുന്ന തൂശനിലയ്ക്ക് മികച്ച ആരോഗ്യ ഗുണങ്ങളുമുണ്ട്. വാഴയിലയില്‍ അടങ്ങിയിരിക്കുന്ന ക്ലോറോഫില്‍, ആന്റിഓക്സിഡന്റ്, ആന്റിമൈക്രോബയല്‍ ഗുണങ്ങളുള്ള സസ്യസംയുക്തങ്ങള്‍ എന്നിവ ഭക്ഷണത്തിന് ഗുണകരമാണ്. ഓണം കഴിഞ്ഞാലും കേരളത്തിലെ റസ്‌റ്റോറന്റുകളില്‍ വാഴയിലയ്ക്ക് ഡിമാന്‍ഡ് ഒട്ടും കുറയുന്നില്ല. നാടന്‍ ഭക്ഷണം കഴിക്കാന്‍ താല്‍പര്യപ്പെടുന്നവര്‍ നഗരങ്ങളിലും വാഴയില കിട്ടാന്‍ ആഗ്രഹിക്കുന്നുണ്ട്. അതിനാല്‍ത്തന്നെ വര്‍ഷം മുഴുവനും ആവശ്യക്കാരുള്ള ഉല്‍പ്പന്നമായി വാഴയില മാറുന്നു.

നമ്മുടെ നാട്ടില്‍ ആവശ്യത്തിന് വാഴയില ലഭ്യമല്ലാത്തതിനാല്‍ കോടികളാണ് അയല്‍ സംസ്ഥാനങ്ങളിലേക്ക് ഒഴുകുന്നത്. ഈ സാഹചര്യത്തില്‍ വാഴയില ഉത്പാദനത്തെ ലക്ഷ്യമിട്ടുള്ള വാഴക്കൃഷി കേരളത്തിലെ കര്‍ഷകര്‍ക്ക് വലിയ ലാഭം സമ്മാനിക്കുന്ന ഒന്നായി മാറ്റാന്‍ സാധിക്കും. നാടന്‍ വാഴക്കൃഷിയെ വാഴയില ഉത്പാദനത്തിനായി വാണിജ്യാടിസ്ഥാനത്തില്‍ വികസിപ്പിച്ചാല്‍ കര്‍ഷകര്‍ക്ക് മികച്ച വരുമാനം നേടിക്കൊടുക്കാന്‍ ഈ മേഖലയ്ക്ക് സാധിക്കുമെന്ന് സാരം.