സ്വര്‍ണവില ഫസ്റ്റ് ഗിയറില്‍ തന്നെ, ഒറ്റയടിക്ക് വര്‍ധിച്ചത് 1680 രൂപ; വീണ്ടും 1,07,000ന് മുകളില്‍

സ്വര്‍ണവില ഫസ്റ്റ് ഗിയറില്‍ തന്നെ, ഒറ്റയടിക്ക് വര്‍ധിച്ചത് 1680 രൂപ; വീണ്ടും 1,07,000ന് മുകളില്‍

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും വര്‍ധിച്ചു. പവന് 1680 രൂപയാണ് വര്‍ധിച്ചത്. 1,07,440 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് ആനുപാതികമായി 210 രൂപയാണ് ഉയര്‍ന്നത്. 13,430 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. ഇന്നലെ പവന് 560 രൂപയാണ് വര്‍ധിച്ചത്.

ഒരിടവേളയ്ക്ക് ശേഷം അമേരിക്ക- ഇറാന്‍ സംഘര്‍ഷം കനത്തതോടെ എണ്ണവില കുതിച്ച് ഉയര്‍ന്നത് അടക്കമുള്ള വിഷയങ്ങളാണ് സ്വര്‍ണവിലയെ സ്വാധീനിക്കുന്നത്. എണ്ണവില വര്‍ധനയെ തുടര്‍ന്നുള്ള വിലക്കയറ്റ ആശങ്ക നിലനില്‍ക്കുമ്പോഴും അമേരിക്കന്‍ കേന്ദ്ര ബാങ്ക് പലിശ നിരക്കില്‍ മാറ്റം വരുത്തിയേക്കില്ല എന്ന റിപ്പോര്‍ട്ടുകളും സ്വര്‍ണവിലയില്‍ പ്രതിഫലിച്ചു. പലിശ നിരക്ക് വര്‍ധിപ്പിച്ചാല്‍ സ്വര്‍ണത്തിന്റെ ആകര്‍ഷണം കുറയാന്‍ സാധ്യതയുണ്ട്. ഇത് സ്വര്‍ണവിലയെ ബാധിച്ചേക്കാം.

വരും ദിവസങ്ങളിലും അന്താരാഷ്ട്ര വിപണിയിലെ ചലനങ്ങള്‍ക്കനുസരിച്ച് സംസ്ഥാനത്തെ വിലയില്‍ വ്യതിയാനങ്ങള്‍ തുടരാന്‍ സാധ്യതയുണ്ട്. ജനുവരി 29ന് രേഖപ്പെടുത്തിയ 1,31,160 രൂപയാണ് സ്വര്‍ണ വിലയിലെ റെക്കോര്‍ഡ്. ഡിസംബര്‍ 23നാണ് പവന്‍ വില ആദ്യമായി ഒരു ലക്ഷം കടന്നത്.

പെട്രോൾ ദേഹത്ത് ഒഴിച്ച് തീ കൊളുത്തിയ യുവതി മരിച്ചു

പെട്രോൾ ദേഹത്ത് ഒഴിച്ച് തീ കൊളുത്തിയ യുവതി മരിച്ചു

കല്ലമ്പലം: പെട്രോൾ ദേഹത്ത് ഒഴിച്ച് തീ കൊളുത്തിയ യുവതി മരിച്ചു. നാവായിക്കുളം കുടവൂർ കണ്ണത്തുകോണം കൈലാസത്തിൽ ശശിധരൻപിള്ളയുടെയും സ്നേഹലതയുടെയും മകളും മനോജിന്റെ ഭാര്യയുമായ വിദ്യ (37 -കൊച്ചുമോൾ) ആണ് മരിച്ചത്. വൈകുന്നേരം അഞ്ചോടെയാണ് സംഭവം. പനിയായി ആശുപത്രിയിൽ ചികിത്സയിലായിരുന്ന വിദ്യ നിർബന്ധ പൂർവ്വം ഡിസ്ചാർജ് വാങ്ങി വീട്ടിൽ വരികയും പെട്രോൾ ഇല്ലാതിരുന്ന വിദ്യയുടെ സ്കൂട്ടിയിൽ ഒഴിക്കുന്നതിനായി വാങ്ങി സൂക്ഷിച്ചിരുന്ന പെട്രോൾ ദേഹത്ത് ഒഴിച്ച് തീ കൊളുത്തുകയുമായിരുന്നു. ഉടൻതന്നെ സമീപത്തുള്ള ബന്ധുവും നാട്ടുകാരും ചേർന്ന് പാരിപ്പള്ളി മെഡിക്കൽകോളേജ് ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. 80 ശതമാനത്തോളം പൊള്ളലേറ്റ വിദ്യ രാത്രി 8.15 ഓടെ മരണത്തിന് കീഴടങ്ങി. സീമന്തപുരത്ത് വനിതാഹോട്ടൽ നടത്തിവരികയായിരുന്നു. കടബാധ്യതയാണ് ആത്മഹത്യയ്ക്ക് കാരണമെന്നാണ് പ്രാഥമിക നിഗമനം. മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം ഉച്ചയ്ക്ക് ഒന്നരയോടെ വീട്ടുവളപ്പിൽ സംസ്ക്കരിച്ചു. മക്കൾ: കാശിനാഥ്‌, ശിവാനി. കല്ലമ്പലം പൊലീസ് മേൽ നടപടികൾ സ്വീകരിച്ചു.

ബിരുദം മതി,പ്രവൃത്തി പരിചയം വേണ്ട ! ഐഎസ്ആർഒയിൽ 242 ഒഴിവുകൾ;ക്ലർക്ക്,അസിസ്റ്റന്റ്,സ്റ്റെനോഗ്രാഫർ തസ്തികകൾ

ബിരുദം മതി,പ്രവൃത്തി പരിചയം വേണ്ട ! ഐഎസ്ആർഒയിൽ 242 ഒഴിവുകൾ;ക്ലർക്ക്,അസിസ്റ്റന്റ്,സ്റ്റെനോഗ്രാഫർ തസ്തികകൾ

ഐഎസ്ആർഒയിൽ (ISRO) ജോലി നേടാൻ മികച്ച അവസരം. അസിസ്റ്റന്റ്, അപ്പർ ഡിവിഷൻ ക്ലർക്ക് (UDC), ജൂനിയർ പേഴ്സണൽ അസിസ്റ്റന്റ് (JPA), സ്റ്റെനോഗ്രാഫർ തസ്തികകളിലായി ആകെ 242 ഒഴിവുകളിലാണ് നിയമനം നടത്തുന്നത്. ബിരുദ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. എല്ലാ തസ്തികകൾക്കും കംപ്യുട്ടർ പരിജ്ഞാനം ആവശ്യമാണ്. കേരളത്തിൽ ഉൾപ്പെടെ ഒഴിവുകളുണ്ട്. വിശദമായ വിജ്ഞാപനം ഉടൻ തന്നെ പുറത്തിറക്കും. അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി ഓഗസ്റ്റ് 16.

കേന്ദ്രം തിരിച്ചുള്ള ഒഴിവുകൾ

അഹമ്മദാബാദ് – 60

ബെംഗളൂരു – 75

ഹാസൻ – 3

ഹൈദരാബാദ് – 15

മഹേന്ദ്രഗിരി – 9

ന്യൂഡൽഹി – 1

ശ്രീഹരിക്കോട്ട – 49

തിരുവനന്തപുരം – 30

തസ്തിക തിരിച്ചുള്ള ആകെ ഒഴിവുകൾ
അസിസ്റ്റന്റ് : 111 ഒഴിവുകൾ

ജൂനിയർ പേഴ്സണൽ അസിസ്റ്റന്റ്: 81 ഒഴിവുകൾ

അപ്പർ ഡിവിഷൻ ക്ലർക്ക് : 22 ഒഴിവുകൾ

സ്റ്റെനോഗ്രാഫർ : 10 ഒഴിവുകൾ

അപ്പർ ഡിവിഷൻ ക്ലർക്ക് – (സ്വയംഭരണ സ്ഥാപനങ്ങൾ) : 17 ഒഴിവുകൾ

സ്റ്റെനോഗ്രാഫർ – (സ്വയംഭരണ സ്ഥാപനങ്ങൾ) : 01 ഒഴിവ്

അസിസ്റ്റന്റ് / അപ്പർ ഡിവിഷൻ ക്ലർക്ക്
ഏതെങ്കിലും അംഗീകൃത സർവ്വകലാശാലയിൽ നിന്നുള്ള റെഗുലർ ബിരുദം.

കുറഞ്ഞത് 60% മാർക്ക് അല്ലെങ്കിൽ 6.32 CGPA (10 പോയിന്റ് സ്കെയിലിൽ) ഉണ്ടായിരിക്കണം.

ബിരുദ പഠനം ആ സർവ്വകലാശാല നിശ്ചയിച്ചിട്ടുള്ള ഏറ്റവും കുറഞ്ഞ നിശ്ചിത വർഷങ്ങൾക്കുള്ളിൽ തന്നെ പാസ്സായിരിക്കണം.

കംപ്യുട്ടർ ആപ്ലിക്കേഷനുകൾ കൈകാര്യം ചെയ്യാനുള്ള പ്രാവീണ്യം നിർബന്ധമാണ്.

പ്രവൃത്തി പരിചയം ആവശ്യമില്ല

ജൂനിയർ പേഴ്സണൽ അസിസ്റ്റന്റ് / സ്റ്റെനോഗ്രാഫർ
വിദ്യാഭ്യാസ യോഗ്യത

കുറഞ്ഞത് 60% മാർക്കോടെയോ 6.32 CGPA-യോടെയോ ഉള്ള ഏതെങ്കിലും ബിരുദം.

അല്ലെങ്കിൽ, കുറഞ്ഞത് 60% മാർക്കോടെയോ 6.32 CGPA-യോടെയോ ഉള്ള ഡിപ്ലോമ ഇൻ കൊമേഴ്സ്യൽ/സെക്രട്ടേറിയൽ പ്രാക്ടീസ്.

കോഴ്സുകൾ നിശ്ചിത കോഴ്സ് കാലാവധിക്കുള്ളിൽ തന്നെ പാസ്സായിരിക്കണം.

പ്രവൃത്തിപരിചയം

സ്റ്റെനോ-ടൈപ്പിസ്റ്റ് അല്ലെങ്കിൽ സ്റ്റെനോഗ്രാഫർ ആയി കുറഞ്ഞത് 1 വർഷത്തെ പ്രവൃത്തിപരിചയം ഉണ്ടായിരിക്കണം.

കൊമേഴ്സ്യൽ പ്രാക്ടീസ് ഡിപ്ലോമ (DCP/DCCP) ഉള്ളവരാണെങ്കിൽ, നാഷണൽ അപ്രന്റീസ്ഷിപ്പ് സ്കീം വഴി ലഭിച്ച ‘അപ്രന്റീസ്ഷിപ്പ് ട്രെയിനിങ് സർട്ടിഫിക്കറ്റ്’ 1 വർഷത്തെ പ്രവൃത്തിപരിചയത്തിന് പകരമായി പരിഗണിക്കും.

സാങ്കേതിക യോഗ്യതകൾ:

ഇംഗ്ലീഷ് സ്റ്റെനോഗ്രാഫിയിൽ മിനിറ്റിൽ കുറഞ്ഞത് 60 വാക്കുകൾ (60 w.p.m.) ടൈപ്പ് ചെയ്യാനുള്ള വേഗത നിർബന്ധമാണ്.

കംപ്യുട്ടർ ഉപയോഗിക്കാനുള്ള അറിവ് ഉണ്ടായിരിക്കണം.

ശമ്പളവും പ്രായപരിധിയും

ശമ്പളം: അടിസ്ഥാന ശമ്പളം 25,500 രൂപ പ്രതിമാസം. ഇതോടൊപ്പം DA, HRA, ട്രാൻസ്പോർട്ട് അലവൻസ്, മെഡിക്കൽ ആനുകൂല്യങ്ങൾ എന്നിവയും ലഭിക്കും.

പ്രായപരിധി (16.08.2026 അനുസരിച്ച്): പൊതുവിഭാഗത്തിന് (UR) പരമാവധി 28 വയസ്സ്. ഒ.ബി.സി വിഭാഗത്തിന് 31 വയസ്സും, എസ്.സി/എസ്.ടി വിഭാഗത്തിന് 33 വയസ്സും വരെ ഇളവ് ലഭിക്കും.

കൂടുതൽ വിവരങ്ങൾക്ക് വിജ്ഞാപനം സന്ദർശിക്കുക.

https://www.isro.gov.in/Careers.html

ഇന്ത്യയിൽ ആദ്യമായി ഡെങ്കപ്പനിക്കെതിരെ വാക്സിൻ, മൂന്ന് മാസത്തിന്റെ ഇവേളയിൽ രണ്ട് കുത്തിവയ്പ്പായി നൽകും

ഇന്ത്യയിൽ ആദ്യമായി ഡെങ്കപ്പനിക്കെതിരെ വാക്സിൻ, മൂന്ന് മാസത്തിന്റെ ഇവേളയിൽ രണ്ട് കുത്തിവയ്പ്പായി നൽകും

ന്യൂഡൽഹി: ഡെങ്കിപ്പനി പ്രതിരോധ രം​ഗത്ത് ഇന്ത്യയ്ക്ക് സുപ്രധാന നേട്ടം. രാജ്യത്ത് ആദ്യമായി ഡെങ്കിപ്പനിക്കെതിരായ വാക്സിന് ‍ഡ്ര​ഗ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യ അനുമതി നൽകി. ജപ്പാൻ കമ്പനിയായ തകെഡ ബയോഫാർമസ്യൂട്ടിക്കൽസ് നിർമിച്ച QDENGA (TAK-003) എന്ന വാക്സിനാണ് അനുമതി നൽകിയിരിക്കുന്നത്. 2027ന്റെ ആദ്യ പകുതിയോടെ വാക്സിൻ ഇന്ത്യയിൽ ലഭ്യമാകുമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്.

ഇവിടെ ക്ലിക്ക് ചെയ്യുക

QDENGA ക്ക് ഡെങ്കിപ്പനിക്ക് കാരണമാകുന്ന നാല് വൈറസ് വകഭേദങ്ങളെ (DENV-1, DENV-2, DENV-3 and DENV-4) പ്രതിരോധിക്കാൻ ശേഷിയുണ്ട്. നേരത്തെ ഡെങ്കിപ്പനി വന്നിട്ടുണ്ടോ എന്നത് പരിഗണിക്കാതെ തന്നെ വാക്സിൻ നൽകാമെന്നതാണ് ഇതിന്റെ പ്രത്യേകത. കൂടാതെ, വാക്സിൻ സ്വീകരിക്കുന്നതിന് മുമ്പ് പ്രത്യേക പരിശോധന (Pre-vaccination Screening) ആവശ്യമില്ല. യൂറോപ്യൻ യൂണിയൻ, യുകെ ഉൾപ്പെടെ നാൽപ്പതോളം രാജ്യങ്ങളിൽ ഇതിനോടകം വാക്സിന് അനുമതി ലഭിച്ചിട്ടുണ്ട്.

മൂന്ന് മാസത്തിന്റെ ഇടവേളയിൽ 0.5 മില്ലിലിറ്റർ വീതമുള്ള 2 ഡോസ് കുത്തിവെയ്പ്പ് രൂപത്തിലായിരിക്കും വാക്സിൻ നൽകുന്നത്. നാല് മുതൽ 60 വയസ് വരെയുള്ള കുട്ടികൾക്കും മുതിർന്നവർക്കും ഈ വാക്സിൻ ഉപയോഗിക്കാം. ഡെങ്കിപ്പനി വ്യാപകമായ എട്ട് രാജ്യങ്ങളിൽ നിന്നുള്ള 20,000 കുട്ടികളിലും മുതിർന്നവരിലും നാലര വർഷം നീണ്ട പരീക്ഷണത്തിൽ ഡെങ്കിപ്പനി ലക്ഷണങ്ങൾക്കെതിരെ വാക്സിൻ 84 ശതമാനം സംരക്ഷണം നൽകുന്നതായി കണ്ടെത്തി.

ഹൈദരാബാദ് ആസ്ഥാനമായ ബയോളജിക്കൽ ഇ ഫാർമ കമ്പനിയുമായി ചേർന്നാണ് ഇന്ത്യയിലെ നിർമാണം. 2030 ആകുമ്പോഴേക്കും പ്രതിവർഷം 10 കോടി ഡോസ് ഉത്പാദിപ്പിക്കുക എന്നതാണ് ലക്ഷ്യം. ഇതിൽ ബയോളജിക്കൽ ഇയുടെ സഹായത്തോടെ 5 കോടി ഡോസ് വരെ ഉത്പാദിപ്പിക്കാനാണ് പദ്ധതി.

ലോകത്തിലെ ഡെങ്കിപ്പനി കേസുകളിൽ ഏകദേശം മൂന്നിലൊന്ന് ഇന്ത്യയിലാണെന്നാണ് വിലയിരുത്തൽ. നഗരവത്കരണം, കാലാവസ്ഥാ വ്യതിയാനം, കൊതുകുകളുടെ വ്യാപനം എന്നിവ ഡെങ്കിപ്പനി വ്യാപനത്തിന് പ്രധാന കാരണങ്ങളായി തുടരുന്ന സാഹചര്യത്തിൽ ഈ വാക്സിൻ പൊതുജനാരോഗ്യ രംഗത്ത് വലിയ മുന്നേറ്റമാകുമെന്നാണ് പ്രതീക്ഷ. ഡെങ്കിപ്പനി വ്യാപകമായ പ്രദേശങ്ങളിൽ QDENGA ഉപയോഗിക്കണമെന്ന് ലോകാരോഗ്യ സംഘടന (WHO) ശുപാർശ ചെയ്തിട്ടുണ്ട്.

വാക്സിന് ലോകാരോഗ്യ സംഘടനയുടെ അംഗീകാരവും ലഭിച്ചിട്ടുണ്ട്. ഇതോടെ ഗുണനിലവാരം, സുരക്ഷ, ഫലപ്രാപ്തി എന്നിവ അന്താരാഷ്‌ട്ര നിലവാരം പുലർത്തുന്ന വാക്സിനായി ഇത് അംഗീകരിക്കപ്പെടുകയും യൂനിസെഫ് പോലുള്ള അന്താരാഷ്‌ട്ര ഏജൻസികൾക്ക് വാങ്ങാൻ യോഗ്യത നേടുകയും ചെയ്തിട്ടുണ്ട്.

‘കുട്ടി കഷ്ടപ്പെടരുത്’: സ്‌കൂള്‍ പ്രവേശനത്തിനായി വ്യാജ ജനനത്തീയതി നല്‍കിയ മാതാപിതാക്കള്‍ക്ക് 2 ലക്ഷം പിഴ ചുമത്തി ഡല്‍ഹി ഹൈക്കോടതി

‘കുട്ടി കഷ്ടപ്പെടരുത്’: സ്‌കൂള്‍ പ്രവേശനത്തിനായി വ്യാജ ജനനത്തീയതി നല്‍കിയ മാതാപിതാക്കള്‍ക്ക് 2 ലക്ഷം പിഴ ചുമത്തി ഡല്‍ഹി ഹൈക്കോടതി

ന്യൂഡല്‍ഹി: സ്‌കൂളില്‍ പ്രവേശിപ്പിക്കുന്ന സമയത്ത് തെറ്റായ ജനനത്തീയതി നല്‍കിയ മാതാപിതാക്കളുടെ പ്രവര്‍ത്തി കാരണം കുട്ടി കഷ്ടപ്പെടാന്‍ ഇടയാകരുതെന്ന് വ്യക്തമാക്കി വ്യാജ വിവരങ്ങള്‍ നല്‍കിയ മാതാപിതാക്കള്‍ക്ക് 2 ലക്ഷം രൂപ പിഴ ചുമത്തി ഡല്‍ഹി ഹൈക്കോടതി. വിദ്യാര്‍ത്ഥിയുടെ ജനനത്തീയതി സ്‌കൂള്‍ രേഖകളിലും പത്താം ക്ലാസ് സര്‍ട്ടിഫിക്കറ്റിലും തിരുത്തി നല്‍കാന്‍ സെന്റ് കൊളംബാസ് സ്‌കൂളിനോടും സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് സെക്കന്‍ഡറി എജ്യുക്കേഷനോടും ജസ്റ്റിസ് വികാസ് മഹാജന്‍ ആവശ്യപ്പെട്ടു.

കുട്ടിയുടെ ജനനത്തീയതിയുമായി ബന്ധപ്പെട്ട് ബോധപൂര്‍വ്വം തെറ്റായ വിവരങ്ങളും രേഖയും നല്‍കിയെന്ന് കോടതി കണ്ടെത്തിയതിനെത്തുടര്‍ന്ന് വിദ്യാര്‍ത്ഥിയുടെ മാതാപിതാക്കള്‍ക്ക് പിഴ ചുമത്തുകയായിരുന്നു. ഹര്‍ജിക്കാരന്റെ മാതാപിതാക്കള്‍ ചെയ്ത തെറ്റിന്റെ ഉത്തരവാദിത്തം പ്രവേശന സമയത്ത് നാല് വയസ്സ് മാത്രം പ്രായമുണ്ടായിരുന്ന, ഇപ്പോഴും പ്രായപൂര്‍ത്തിയാകാത്ത ഹര്‍ജിക്കാരനില്‍ ആരോപിക്കാന്‍ കഴിയില്ലെന്നും കോടതി നിരീക്ഷിച്ചു. 2014 ഏപ്രിലില്‍, കുട്ടിയുടെ ജനനത്തീയതി 2010 മാര്‍ച്ച് 23 ആണെന്ന് മാതാപിതാക്കള്‍ സാക്ഷ്യപ്പെടുത്തിയതിനെ തുടര്‍ന്നാണ് കിന്റര്‍ഗാര്‍ട്ടനില്‍ പ്രവേശനം ലഭിച്ചത്. 2009 ഏപ്രില്‍ 1-നും 2010 മാര്‍ച്ച് 31-നും ഇടയില്‍ ജനിച്ച കുട്ടികള്‍ക്ക് മാത്രമായിരുന്നു അന്ന് പ്രവേശനം. എന്നാല്‍ കുട്ടിയുടെ യഥാര്‍ത്ഥ ജനനത്തീയതി 2010 ഏപ്രില്‍ 23 ആയതിനാല്‍, പ്രവേശനം ലഭിക്കില്ലായിരുന്നു.

പിന്നീട്, 2011-ലെ ജനന സര്‍ട്ടിഫിക്കറ്റ്, ആധാര്‍ കാര്‍ഡ്, പാസ്പോര്‍ട്ട്, ആശുപത്രി രേഖകള്‍ എന്നിവയുടെ അടിസ്ഥാനത്തില്‍ ജനനത്തീയതി തിരുത്താന്‍ കുട്ടി അപേക്ഷ നല്‍കുകയായിരുന്നു. ജനനത്തീയതി തിരുത്തുന്നത് കുട്ടിയുടെ പ്രവേശനത്തെ അസാധുവാക്കുമെന്ന് സ്‌കൂള്‍ അധികൃതര്‍ വാദിച്ചു. വര്‍ഷങ്ങള്‍ക്ക് ശേഷം, മാതാപിതാക്കള്‍ കുട്ടിയുടെ പ്രായം ഒരു മാസം കുറച്ചു കാണിച്ചു എന്ന കാരണത്താല്‍ മാത്രം കെജി പ്രവേശനം റദ്ദാക്കാന്‍ കഴിയില്ലെന്ന് കോടതി വ്യക്തമാക്കി. നാല് ആഴ്ചയ്ക്കുള്ളില്‍ വിദ്യാര്‍ത്ഥിയുടെ ജനനത്തീയതി തിരുത്താന്‍ സ്‌കൂളിനും സി.ബി.എസ്.ഇക്കും കോടതി നിര്‍ദ്ദേശം നല്‍കി. പന്ത്രണ്ടാം ക്ലാസ് ബോര്‍ഡ് പരീക്ഷയ്ക്കായി പുതുക്കിയ ജനനത്തീയതി രജിസ്റ്റര്‍ ചെയ്യാനും സിബിഎസ്ഇയോട് ഉത്തരവിട്ടു. ഔദ്യോഗിക രേഖകളില്‍ വിദ്യാര്‍ത്ഥിയുടെ ജനനത്തീയതിയില്‍ ഉണ്ടാകുന്ന വ്യത്യാസങ്ങള്‍ ഇന്ത്യയിലും വിദേശത്തുമുള്ള കോളജുകളില്‍ അപേക്ഷിക്കുമ്പോള്‍ ഗുരുതരമായ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുമെന്നും കുട്ടിയുടെ വ്യക്തിത്വത്തെക്കുറിച്ച് സംശയങ്ങള്‍ ഉയര്‍ത്തുമെന്നും കോടതി ഓര്‍മ്മിപ്പിച്ചു. അനീതി കാണിച്ച മാതാപിതാക്കളെ ശിക്ഷിക്കാതെ വിടാന്‍ കഴിയില്ലെന്ന് കോടതി പറഞ്ഞു. ഇതിന്റെ അടിസ്ഥാനത്തിലാണ് പിഴ ചുമത്തിയത്.