by Midhun HP News | Jul 21, 2026 | Latest News, കേരളം
കൊച്ചി: രാജ്യത്തെ പ്രമുഖ വിദ്യാഭ്യാസ സ്ഥാപനമായ ഐഐഎം കോഴിക്കോട് കൊച്ചിയിൽ പുതിയ യൂണിവേഴ്സിറ്റി സ്ഥാപിക്കാൻ പദ്ധതിയിടുന്നു. ഒരു ബിസിനസ് സ്കൂൾ എന്നതിനപ്പുറം വിവിധ വിഷയങ്ങളിൽ ബിരുദ പഠനത്തിന് അവസരമൊരുക്കുമായാണ് യൂണിവേഴ്സിറ്റി സ്ഥാപിക്കുന്നതിലൂടെ ലക്ഷ്യമിടുന്നത് എന്ന് ഐഐഎം കോഴിക്കോട് ഡയറക്ടർ ദേബാശിഷ് ചാറ്റർജി വ്യക്തമാക്കി. പദ്ധതി പ്രാരംഭ ഘട്ടത്തിലാണെന്നും, കൊച്ചിയിൽ അനുയോജ്യമായ സ്ഥലം കണ്ടെത്താനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.
” ഐഐഎം ഒരു സർവകലാശാലയാക്കി മാറ്റുകയാണ് എന്റെ കാഴ്ചപ്പാട്. പരമ്പരാഗത ബിസിനസ് സ്കൂളിനെക്കുറിച്ചല്ല ഞാൻ ചിന്തിക്കുന്നത്. പകരം വിവിധ വിഷയങ്ങൾ പഠിക്കുന്ന വിദ്യാർഥികൾ ഇവിടെ ഉണ്ടാകണം. മാനേജ്മെൻ്റ് പഠനമായിരിക്കും സർവകലാശാലയുടെ കാതൽ. എന്നാൽ അതോടൊപ്പം സൈക്കോളജി, ഡിജിറ്റൽ എന്റർപ്രൈസസ് തുടങ്ങിയ വിഷയങ്ങളും പഠിക്കാനുള്ള അക്കാദമിക് വേദിയായിരിക്കും കൊച്ചിയിലെ യൂണിവേഴ്സിറ്റി” ദേബാശിഷ് ചാറ്റർജി പറഞ്ഞു
വിവിധ വിഷയങ്ങളിൽ ബിരുദ കോഴ്സുകൾ ഉൾപ്പെടുത്തി ആകും യൂണിവേഴ്സിറ്റി ആരംഭിക്കുക. ഇത് മറ്റ് സർവകലാശാലകളുമായി മത്സരിക്കാനല്ലെന്നും അദ്ദേഹം വ്യക്തമാക്കി. ”ലോകത്തിന്റെ മാറുന്ന ആവശ്യങ്ങൾക്കനുസരിച്ച് ഉയർന്ന വിദ്യാഭ്യാസം വിദ്യാർഥികൾക്ക് ആവശ്യമാണ്. ആശയങ്ങൾ മാത്രം മുന്നോട്ടുവയ്ക്കുന്നതല്ല, യഥാർഥ സാഹചര്യങ്ങളിൽ ആവശ്യമായ അറിവും പ്രായോഗിക സമീപനവും വിദ്യാർഥികൾക്ക് നൽകുന്ന വിദ്യാഭ്യാസ സംവിധാനമാണ് ഐഐഎം ലക്ഷ്യമിടുന്നത്” അദ്ദേഹം പറഞ്ഞു.
” കൊച്ചിയിൽ പദ്ധതി നടപ്പിലാക്കാനായുള്ള സ്ഥലം കണ്ടെത്താനുള്ള നീക്കമാണ് ഇപ്പോൾ നടക്കുന്നത്. നിരവധി സ്ഥലങ്ങൾ പരിഗണനയിലുണ്ട്. ഇക്കാര്യത്തിൽ ബോർഡ് ആണ് അന്തിമ തീരുമാനമെടുക്കേണ്ടത്,” അദ്ദേഹം വ്യക്തമാക്കി. യൂണിവേഴ്സിറ്റിക്കായി സ്ഥലം തെരഞ്ഞെടുക്കുമ്പോൾ മികച്ച ഗതാഗത സൗകര്യമാണ് പ്രധാന മാനദണ്ഡങ്ങളിലൊന്ന്. വിദ്യാർഥികൾക്ക് ആവശ്യമായ സൗകര്യങ്ങൾ ലഭിക്കാൻ ബുദ്ധിമുട്ടുള്ള സ്ഥലത്ത് സർവകലാശാല സ്ഥാപിക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നില്ല. പരിശോധന നടത്തുന്ന സ്ഥലങ്ങളുടെ പട്ടികയിൽ ഇൻഫോപാർക്കും ഉൾപ്പെടുന്നുണ്ട് എന്നും ദേബാശിഷ് ചാറ്റർജി പറഞ്ഞു.
അടുത്തിടെ, കളമശ്ശേരിയിൽ ഐഐഎം കോഴിക്കോട് ക്യാംപസിന്റെ സെന്റർ ആരംഭിച്ചിട്ടുണ്ട്. നിലവിൽ ബാച്ചിലർ ഇൻ മാനേജ്മെന്റ് സ്റ്റഡീസ് (BMS), എക്സിക്യൂട്ടീവ് പോസ്റ്റ് ഗ്രാജുവേറ്റ് പ്രോഗ്രാം എന്നിവയാണ് ഇവിടെ പഠിപ്പിക്കുന്നത്. ഇപ്പോൾ 112 വിദ്യാർഥികളാണ് ബിരുദ കോഴ്സിലുള്ളത്. 22 സംസ്ഥാനങ്ങളിൽ നിന്നായി 80,000 പേർ താൽപര്യം പ്രകടിപ്പിച്ചെങ്കിലും, ഒടുവിൽ 112 പേർക്കാണ് പ്രവേശനം നൽകിയത്.
കൊച്ചിയിൽ വരാനിരിക്കുന്ന യൂണിവേഴ്സിറ്റിയിൽ 1,000 വിദ്യാർഥികൾക്ക് പഠിക്കാൻ സൗകര്യം ഒരുക്കുകയും അതിലൂടെ രാജ്യത്തെ ഏറ്റവും വലിയ മാനേജ്മെന്റ് ബിരുദ പഠന കേന്ദ്രങ്ങളിലൊന്നാക്കി മാറ്റുകയാണ് ലക്ഷ്യമെന്ന് ഡയറക്ടർ ദേബാശിഷ് ചാറ്റർജി പറഞ്ഞു.
by Midhun HP News | Jul 21, 2026 | Latest News, കേരളം
കോട്ടയം: യുഡിഎഫ് ഭരണത്തിലുള്ള പാലാ നഗരസഭയുടെ അധ്യക്ഷ ദിയ ബിനുവിനെതിരേ പ്രതിപക്ഷമായ ഇടതുപക്ഷം കൊണ്ടുവന്ന അവിശ്വാസപ്രമേയം പാസായി. ഇതോടെ പാലാ നഗരസഭയുടെ ഭരണം യുഡിഎഫിന് നഷ്ടമായി. എതിരില്ലാത്ത 17 വോട്ടിനാണ് പ്രമേയം പാസായത്. എൽഡിഎഫിലെ 12 പേർക്കു പുറമെ കോൺഗ്രസിലെ 4 അംഗങ്ങളും ഉപാധ്യക്ഷ മായാ രാഹുലും പ്രമേയത്തെ പിന്തുണച്ചു.
ലിസി കുട്ടി മാത്യു, ബിജു മാത്യൂസ്, ടോണി തൈപ്പറമ്പില്‍, രജിത പ്രകാശ്,എന്നിവരാണ് വിപ്പ് ലംഘിച്ച് അവിശ്വാസ പ്രമേയത്തെ പിന്തുണച്ച കോണ്‍ഗ്രസ് അംഗങ്ങള്‍. പാലായ്ക്ക് വേണ്ടിയുള്ള വികാരമാണ് അവിശ്വാസ പ്രമേയത്തില്‍ പ്രതിഫലിച്ചതെന്ന് വോട്ട് ചെയ്ത കോണ്‍ഗ്രസ് അംഗങ്ങള്‍ പറഞ്ഞു. സ്വതന്ത്രയായി വിജയിച്ച മായാ രാഹുലും അവിശ്വാസത്തെ പിന്തുണച്ചു.
നഗരസഭാധ്യക്ഷ ദിയാ ബിനു ഉള്‍പ്പെടുന്ന സ്വതന്ത്ര കൂട്ടായ്മയോട് കോണ്‍ഗ്രസ് കൗണ്‍സിലര്‍മാരും സ്വതന്ത്ര അംഗമായ ഉപാധ്യക്ഷ മായാ രാഹുലും ഇടഞ്ഞതോടെയാണ് പാലാ നഗരസഭയില്‍ ഭരണപക്ഷത്ത് വിള്ളലുണ്ടായത്. ഈ രാഷ്ട്രീയ സാഹചര്യം തങ്ങള്‍ക്കനുകൂലമാക്കാനുള്ള നീക്കങ്ങളുടെ ഭാഗമായാണ് ഇടതുപക്ഷം അവിശ്വാസ പ്രമേയം കൊണ്ടുവന്നത്. പാലാ നഗരസഭയില്‍ 26 അംഗങ്ങളാണുള്ളത്. 14 പേരുടെ പിന്തുണയാണ് അവിശ്വാസം പാസാകാന്‍ വേണ്ടിയിരുന്നത്.
എല്‍ഡിഎഫ് 12, യുഡിഎഫ് 14 എന്നിങ്ങനെയായിരുന്നു നഗരസഭയിലെ കക്ഷി നില കോണ്‍ഗ്രസ്- 6 കേരളാ കോണ്‍ഗ്രസ്- 3 സ്വതന്ത്ര മുന്നണി- 3 കെ.ഡി.പി.- 1, സ്വതന്ത്രയായി വിജയിച്ച മായാ രാഹുലിന്റെ പിന്തുണയും കൂടി ഉള്‍പ്പെടുന്നതായിരുന്നു യുഡിഎഫ്.
by Midhun HP News | Jul 21, 2026 | Latest News, ജില്ലാ വാർത്ത
ന്യൂഡല്‍ഹി:നീറ്റ് പരീക്ഷയില്‍ ചോദ്യപേപ്പര്‍ ചോര്‍ത്തിയവരെ ജയിലില്‍ അടയ്ക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. എന്‍ഡിഎ പാര്‍ലമെന്ററി യോഗത്തിലാണ് മോദിയുടെ പരാമര്‍ശം. വിദ്യാര്‍ഥികളുടെ താല്പര്യങ്ങള്‍ സംരക്ഷിക്കുന്നതിനും പരീക്ഷകളില്‍ സുതാര്യതയും ഉത്തരവാദിത്തവും ഉറപ്പാക്കുന്നതിനും സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്ന് പ്രധാനമന്ത്രി യോഗത്തില്‍ പറഞ്ഞു.
പരീക്ഷയിലെ ക്രമക്കേടിന് ഉത്തരവാദികളായവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. വിദ്യാര്‍ഥികളുടെ ഭാവിയെ തകര്‍ക്കുന്നതൊന്നും സര്‍ക്കാര്‍ അനുവദിക്കില്ല. നീറ്റ് പരീക്ഷയിലെ ക്രമക്കേടുകള്‍ക്ക് ഉത്തരവാദികളായവര്‍ക്ക് കഠിനമായ ശിക്ഷ നല്‍കുമെന്നും അവരെ ജയിലിലടയ്ക്കുമെന്നും മോദി പറഞ്ഞു.
എന്‍ഡിഎയോഗത്തില്‍ നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ച ചര്‍ച്ച ചെയ്തതായി പാര്‍ലമെന്ററി കാര്യമന്ത്രി കിരണ്‍ റിജിജു പറഞ്ഞു. അതേസമയം, ജന്തര്‍ മന്തറില്‍ നേരിട്ടെത്തി ചര്‍ച്ചക്ക് കേന്ദ്രസര്‍ക്കാര്‍ തയ്യാറാകണമെന്ന് സിജെപി ആവശ്യപ്പെട്ടു. കേന്ദ്രമന്ത്രിമാര്‍ക്കോ കേന്ദ്ര സര്‍ക്കാരിന്റെ പ്രതിനിധികള്‍ക്കോ പൊലീസിനോ ചര്‍ച്ചയില്‍ പങ്കെടുക്കാം. നേരത്തെ കേന്ദ്രമന്ത്രി ജെപി നഡ്ഡയുമായി സിജെപി പ്രവര്‍ത്തകര്‍ ചര്‍ച്ച നടത്തിയിരുന്നു. എന്നാല്‍ നഡ്ഡയുമായുള്ള ചര്‍ച്ച വെറുതെ സമയം കളഞ്ഞെന്നും കൂടിയാലോചന നടത്തി തീരുമാനം പറയാമെന്നു പറഞ്ഞ് നഡ്ഡ കബളിപ്പിച്ചെന്നും സിജെപി ആരോപിച്ചു. സമരം അവസാനിപ്പിക്കണമെന്നായിരുന്നു മന്ത്രിയുടെ അഭ്യര്‍ഥന. എന്നാല്‍ ആവശ്യങ്ങള്‍ അംഗീകരിക്കുന്നതുവരെ പിന്മാറില്ലെന്നു സിജെപി നേതാക്കള്‍ വ്യക്തമാക്കി.
by Midhun HP News | Jul 21, 2026 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: കോറോ ഹെൽത്തിലെ കൊച്ചി, കോഴിക്കോട് ഓഫീസുകളിൽ നിന്ന് കൂട്ടപിരിച്ചുവിടലിന് വിധേയമാക്കപ്പെട്ട ജീവനക്കാർക്ക് അഞ്ചുമാസത്തെ ശമ്പളം കൂടി നൽകാൻ തീരുമാനം. തൊഴിൽ വകുപ്പ് മന്ത്രി ബിന്ദു കൃഷ്ണയുടെ അധ്യക്ഷതയിൽ തിരുവനന്തപുരത്ത് സെക്രട്ടറിയേറ്റ് അനക്സ് ഹാളിൽ നടത്തിയ ചർച്ചയിലാണ് ധാരണയായത്. ഇതോടെ നേരത്തെ നൽകിയ രണ്ട് മാസത്തേത് ഉൾപ്പെടെ ഏഴുമാസത്തെ ശമ്പളം ജീവനക്കാർക്ക് ലഭിക്കും. ഈ മാസം 26ന് മുൻപ് തന്നെ ഉറപ്പുനൽകിയ തുക കമ്പനി കൈമാറുമെന്ന് മന്ത്രി ബിന്ദു കൃഷ്ണ അറിയിച്ചു.
തൊഴിൽ നഷ്ടപ്പെട്ട ജീവനക്കാർക്ക് മറ്റ് ഇടങ്ങളിൽ ജോലിയിൽ പ്രവേശിക്കുന്നതിന് വേണ്ട എക്സ്പീരിയൻസ് സർട്ടിഫിക്കറ്റ്, റിലീവിംഗ് ലെറ്റർ ഉൾപ്പെടെയുള്ള മറ്റ് രേഖകളും നൽകുമെന്നും മന്ത്രി പറഞ്ഞു. കോറോ ഹെൽത്തിന്റെ ഭാഗത്ത് നിന്നും ഉണ്ടായത് മനുഷ്യത്വ രഹിതമായ നടപടിയായിരുന്നുവെന്ന് മന്ത്രി ബിന്ദു കൃഷ്ണ ചർച്ചയിൽ പറഞ്ഞു.
കോറോയുടെ അടച്ചുപൂട്ടിയ സ്ഥാപനങ്ങൾ തുറന്ന് പ്രവർത്തിപ്പിച്ച് മുഴുവൻ ജീവനക്കാർക്കും തൊഴിൽ ഉറപ്പാക്കണം എന്ന നിർദ്ദേശം മന്ത്രി മുന്നോട്ടുവച്ചു. കമ്പനി തുറന്നു പ്രവർത്തിക്കുന്നതിന് വേണ്ട സഹായവും ഉറപ്പു നൽകി. എന്നാൽ കേരളത്തിലെ പ്രവർത്തനവുമായി മുന്നോട്ടു പോകാൻ കമ്പനിയുടെ സാങ്കേതിക കാരണങ്ങൾ മൂലം കഴിയില്ല എന്ന് കോറോ ഹെൽത്ത് ഇന്ത്യ ഹെഡ് യോഗത്തിൽ അറിയിച്ചു. തുടർന്ന് മന്ത്രി ബിന്ദു കൃഷ്ണ ജീവനക്കാരുടെ പ്രതിനിധികളുമായും, തൊഴിലാളി യൂണിയൻ പ്രതിനിധികളുമായും സംസാരിച്ച് ഒത്തുതീർപ്പ് ധാരണ തയ്യാറാക്കി കമ്പനി അധികൃതരെ അറിയിച്ചു.
മുൻകൂട്ടി നോട്ടീസ് നൽകാതെ കമ്പനിയുടെ പ്രവർത്തനം അവസാനിപ്പിച്ചത് നിയമവിരുദ്ധമാണെന്ന് മന്ത്രി പറഞ്ഞു. ചർച്ചകൾക്ക് ഒടുവിൽ നിലവിൽ കമ്പനി നൽകിയ രണ്ട് മാസം കൂടാതെ അഞ്ച് മാസത്തെ ശമ്പളവും മറ്റ് ആനുകൂല്യങ്ങളും കൂടി ജീവനക്കാർക്ക് നൽകണമെന്ന മന്ത്രി ബിന്ദു കൃഷ്ണയുടെ നിർദ്ദേശം കോറോ ഹെൽത്ത് അധികൃതർ അംഗീകരിച്ചു. ഇതിന്റെ ഭാഗമായി ത്രികക്ഷി ധാരണ പത്രവും തയ്യാറാക്കി.
അഡീഷണൽ ലേബർ കമ്മീഷണർ, കോറോ ഹെൽത്തിന്റെ ഔദ്യോഗിക പ്രതിനിധി, തൊഴിലാളികളുടെ പ്രതിനിധി എന്നിവരെ ഉൾപ്പെടുത്തിയാണ് ധാരണപത്രം ഉണ്ടാക്കിയത്. മന്ത്രി ബിന്ദു കൃഷ്ണ നടത്തിയ ചർച്ചയിലെ തീരുമാനത്തിൽ ജോലി നഷ്ടപ്പെട്ട ജീവനക്കാർ സംതൃപ്തി അറിയിച്ചു. കിട്ടാവുന്നതിൽ ഏറ്റവും നല്ല പരിഹാരമാണ് മന്ത്രിയുടെ നേതൃത്വത്തിൽ ലഭ്യമാക്കിയത് എന്ന് ജീവനക്കാർ പറഞ്ഞു. കോറോ ഹെൽത്തിൽ നിന്ന് ജോലി നഷ്ടപ്പെട്ടവർക്ക് മറ്റിടങ്ങളിൽ തൊഴിൽ ലഭ്യമാക്കാൻ കഴിയുമോ എന്നത് സർക്കാർ പരിശോധിക്കുമെന്ന് മന്ത്രി ബിന്ദു കൃഷ്ണ അറിയിച്ചു.
by Midhun HP News | Jul 21, 2026 | Latest News, കേരളം
തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ തിരുവോണം ബംബർ 2026 ഭാഗ്യക്കുറിക്ക് ആവേശകരമായ തുടക്കം. വിൽപ്പന ആരംഭിച്ച ആദ്യ ദിനമായ ഇന്നലെ (ജൂലൈ 20) തന്നെ 8,72,540 ടിക്കറ്റുകളാണ് വിറ്റഴിഞ്ഞത്. കഴിഞ്ഞ വർഷം (2025) ആദ്യ ദിനത്തിൽ 3,17,850 ടിക്കറ്റുകളാണ് വിറ്റഴിഞ്ഞത്. ഇതുമായി താരതമ്യം ചെയ്യുമ്പോൾ ഇത്തവണ ആദ്യ ദിനത്തിൽ തന്നെ 5,54,690 ടിക്കറ്റുകളുടെ വർധനവാണ് രേഖപ്പെടുത്തിയത്. ആദ്യ ഘട്ടമായി 20 ലക്ഷം ടിക്കറ്റുകളാണ് വില്പനയ്ക്കായി ലഭ്യമാക്കിയിട്ടുള്ളത്.
ജനങ്ങളിൽ നിന്ന് ലഭിക്കുന്ന മികച്ച സ്വീകരണവും വിശ്വാസവുമാണ് ഈ നേട്ടത്തിന് പിന്നിലെ പ്രധാന കാരണമെന്ന് ഭാഗ്യക്കുറി വകുപ്പ് ഡയറക്ടർ അഞ്ജു കെ എസ് അറിയിച്ചു. സംസ്ഥാനത്തുടനീളമുള്ള അംഗീകൃത ഭാഗ്യക്കുറി ഏജന്റുമാരും വിൽപ്പനക്കാരും നടത്തുന്ന സജീവ പ്രവർത്തനങ്ങളും വിൽപ്പന വർധിക്കാൻ സഹായകമായതായി വകുപ്പ് വിലയിരുത്തി. പൊതുജനങ്ങൾ അംഗീകൃത ഭാഗ്യക്കുറി ഏജന്റുമാരിൽ നിന്നോ വിൽപ്പനക്കാരിൽ നിന്നോ മാത്രം ടിക്കറ്റുകൾ വാങ്ങണമെന്നും ടിക്കറ്റിന്റെ സുരക്ഷാ സവിശേഷതകളും ക്യു.ആർ. കോഡും പരിശോധിച്ച് ഉറപ്പുവരുത്തണമെന്നും ഡയറക്ടർ അറിയിച്ചു.
Recent Comments