നോയിഡ എയര്‍പോര്‍ട്ട് ഒക്ടോബര്‍ 30 ന് യാഥാര്‍ഥ്യമാകും

നോയിഡ എയര്‍പോര്‍ട്ട് ഒക്ടോബര്‍ 30 ന് യാഥാര്‍ഥ്യമാകും

നോയിഡ: നോയിഡ രാജ്യാന്തര വിമാനത്താവളം ഒക്ടോബര്‍ 30 ന് ഉദ്ഘാടനം ചെയ്യുമെന്നും 45 ദിവസത്തിനുള്ളില്‍ വിമാന സര്‍വീസുകള്‍ ആരംഭിക്കുമെന്ന് കേന്ദ്ര സിവില്‍ ഏവിയേഷന്‍ മന്ത്രി റാം മോഹന്‍ നായിഡു.

ഡല്‍ഹിയില്‍ നിന്ന് ഏകദേശം 75 കിലോമീറ്റര്‍ അകലെ ഉത്തര്‍പ്രദേശിലെ ഗൗതം ബുദ്ധ നഗര്‍ ജില്ലയിലെ ജെവാര്‍ പ്രദേശത്താണ് ഗ്രീന്‍ഫീല്‍ഡ് വിമാനത്താവളം. ഡല്‍ഹിയിലെ ഇന്ദിരാഗാന്ധി രാജ്യാന്തര വിമാനത്താവളത്തിന് ശേഷം ദേശീയ തലസ്ഥാന മേഖലയിലെ രണ്ടാമത്തെ അന്താരാഷ്ട്ര വിമാനത്താവളമാണിത്.

വിമാനത്താവളത്തിന്റെ ഉദ്ഘാടനം എത്രയും വേഗം നടക്കുന്നതിനായി ഞങ്ങള്‍ നടപടികള്‍ വേഗത്തിലാക്കാന്‍ ശ്രമിക്കുകയാണ്. ഉദ്ഘാടനം ഒക്ടോബര്‍ 30 ന് നടത്താനാണ് തീരുമാനിച്ചിരിക്കുന്നത്. 45 ദിവസത്തിനുള്ളില്‍ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുന്നത് കാണാം’ ഗാസിയാബാദിലെ ഹിന്‍ഡണ്‍ വിമാനത്താവളത്തില്‍ നടന്ന ഒരു പരിപാടിയില്‍ മന്ത്രി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

‘ജെവാര്‍ വിമാനത്താവളത്തില്‍ നിന്ന് സര്‍വീസ് നടത്തുന്നതില്‍ വിമാനക്കമ്പനികള്‍ ആവേശത്തിലാണ്, ആ മേഖലയില്‍ വലിയ സാധ്യതകളുണ്ടെന്ന് അവര്‍ കരുതുന്നു. എയര്‍ലൈനുകളുമായി നടക്കുന്ന ചര്‍ച്ചകളില്‍ നിന്ന് ജെവാര്‍ വിമാനത്താവളത്തില്‍ നിന്ന് ആദ്യ ഘട്ടത്തില്‍ കുറഞ്ഞത് 10 നഗരങ്ങളെയെങ്കിലും ബന്ധിപ്പിക്കുന്ന സര്‍വീസുകളുണ്ടാകുമെന്ന് പറയാന്‍ കഴിയും. യാത്രാ വിമാനങ്ങളേക്കാള്‍ ചരക്ക് പ്രവര്‍ത്തനങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്ന ഒരു തന്ത്രപ്രധാന വിമാനത്താവളം എന്ന നിലയില്‍ ഇതിന് കൂടുതല്‍ പ്രാധാന്യമുണ്ടാകുമെന്നും’ അദ്ദേഹം പറഞ്ഞു. ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ പൊതു-സ്വകാര്യ പങ്കാളിത്ത മാതൃകയിലാണ് വിമാനത്താവളം നിര്‍മ്മിക്കുന്നത്.

വൈസ് ചാന്‍സലര്‍ നിയമനം: കേസുകള്‍ക്ക് ചെലവായ തുക സര്‍വകലാശാലകള്‍ നല്‍കണം, കത്തയച്ച് ഗവര്‍ണര്‍

വൈസ് ചാന്‍സലര്‍ നിയമനം: കേസുകള്‍ക്ക് ചെലവായ തുക സര്‍വകലാശാലകള്‍ നല്‍കണം, കത്തയച്ച് ഗവര്‍ണര്‍

തിരുവനന്തപുരം: വൈസ് ചാന്‍സലര്‍ നിയമനവുമായി ബന്ധപ്പെട്ട് സുപ്രീംകോടതിയില്‍ നടത്തിയ കേസുകള്‍ക്ക് ചെലവായ തുക സര്‍വകലാശാലകള്‍ നല്‍കണമെന്ന് രാജ്ഭവന്‍. കേസ് നടത്താന്‍ പണം ചോദിച്ച് ഡിജിറ്റല്‍, സാങ്കേതിക സര്‍വകലാശാലകള്‍ക്ക് ഗവര്‍ണര്‍ രാജേന്ദ്ര ആർലേക്കർ കത്തയച്ചു.

കേസിന് ചെലവായ വക്കീല്‍ ഫീസ് നല്‍കാനാണ് സര്‍വകലാശാലകള്‍ക്ക് നിര്‍ദേശം നല്‍കിയത്. രണ്ട് സര്‍വകലാശാലകളും ചേര്‍ന്ന് 11 ലക്ഷം രൂപയാണ് നല്‍കേണ്ടത്. വിസി നിയമനവുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാരിനെതിിരെ സുപ്രിംകോടതിയില്‍ നല്‍കിയ കേസുകള്‍ക്കാണ് തുക ആവശ്യപ്പെട്ടത്. രാജ്ഭവന്‍ അയച്ച കത്തില്‍ രണ്ട് സര്‍വകലാശാലകളും 5.5 ലക്ഷം രൂപ വീതം നല്‍കണമെന്നാണ് ആവശ്യം. ഡിജിറ്റല്‍, സാങ്കേതിക സര്‍വകലാശാലകളുടെ താത്കാലിക വി സി നിയമനം ഹൈക്കോടതി റദ്ദാക്കിയതിനെതിരെയായിരുന്നു രാജ്ഭവന്‍ സ്വന്തം നിലയില്‍ സുപ്രീംകോടതിയെ സമീപിച്ചത്. ഈ കേസുമായി ബന്ധപ്പെട്ട തുകയാണ് ഇപ്പോള്‍ സര്‍വകലാശാലകള്‍ വഹിക്കണമെന്ന് ഗവര്‍ണര്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

സ്വര്‍ണവില 81,000ന് മുകളില്‍ തന്നെ

സ്വര്‍ണവില 81,000ന് മുകളില്‍ തന്നെ

കൊച്ചി: സംസ്ഥാനത്ത് റെക്കോര്‍ഡുകള്‍ ഭേദിച്ച് 82000 കടന്ന് കുതിച്ച സ്വര്‍ണവിലയില്‍ ഇന്നും ഇടിവ്. പവന് ഇന്ന് ഒറ്റയടിക്ക് 400 രൂപയാണ് കുറഞ്ഞത്. 81,520 രൂപയാണ് ഇന്നത്തെ സ്വര്‍ണവില. ഗ്രാമിന് 50 രൂപയാണ് കുറഞ്ഞത്. 10,190 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. ഇന്നലെ പവന് 160 രൂപയാണ് കുറഞ്ഞത്.

ചൊവ്വാഴ്ച 82,080 രൂപയായി ഉയര്‍ന്നാണ് ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന വില രേഖപ്പെടുത്തിയത്. ഈ മാസാദ്യം 77,640 രൂപയായിരുന്നു സ്വര്‍ണവില. ഈ മാസത്തെ ഏറ്റവും കുറഞ്ഞ വിലയും ഇതായിരുന്നു. പിന്നീട് ഓരോ ദിവസവും വില കൂടുന്നതാണ് ദൃശ്യമായത്. രാജ്യാന്തര വിപണിയിലെ സ്വര്‍ണ വിലയുടെ വര്‍ധനയാണ് വിലയില്‍ പ്രതിഫലിച്ചത്.

ഇന്ത്യയില്‍ നിന്ന് ഇറക്കുമതി ചെയ്യുന്ന ഉല്‍പ്പന്നങ്ങള്‍ക്ക് അമേരിക്ക 50 ശതമാനം തീരുവ ചുമത്തിയത് അടക്കമുള്ള ഘടകങ്ങളും സ്വര്‍ണവിലയെ സ്വാധീനിക്കുന്നുണ്ട്. സുരക്ഷിത നിക്ഷേപം എന്ന നിലയില്‍ കൂടുതല്‍ ആളുകള്‍ സ്വര്‍ണത്തിലേക്ക് തിരിഞ്ഞതാണ് സ്വര്‍ണവില ഉയരാന്‍ കാരണം.

ക്രിമിനല്‍ കേസുള്ള വിദ്യാര്‍ഥികള്‍ക്ക് പ്രവേശന വിലക്ക്; പ്രിന്‍സിപ്പല്‍മാര്‍ക്ക് നിര്‍ദേശം നല്‍കി കേരള സര്‍വകലാശാല

ക്രിമിനല്‍ കേസുള്ള വിദ്യാര്‍ഥികള്‍ക്ക് പ്രവേശന വിലക്ക്; പ്രിന്‍സിപ്പല്‍മാര്‍ക്ക് നിര്‍ദേശം നല്‍കി കേരള സര്‍വകലാശാല

തിരുവനന്തപുരം: ക്രിമിനല്‍ കേസുകളില്‍ ഉള്‍പ്പെട്ട വിദ്യാര്‍ഥികള്‍ക്ക് പ്രവേശന വിലക്ക് ഏര്‍പ്പെടുത്താന്‍ കേരള സര്‍വകലാശാല. ക്രിമിനല്‍ കേസുകളില്‍ ഉള്‍പ്പെട്ടവരോ പരീക്ഷകളില്‍ നിന്ന് ഡീബാര്‍ ചെയ്യപ്പെട്ടവരോ ആയ വിദ്യാര്‍ഥികള്‍ക്ക് കോളജുകളില്‍ പ്രവേശന വിലക്ക് ഏര്‍പ്പെടുത്തണമെന്ന് പ്രിന്‍സിപ്പല്‍മാര്‍ക്കു സര്‍വകലാശാല നിര്‍ദേശം നല്‍കി.

പഠനം ഉപേക്ഷിച്ചവര്‍ സംഘടനാ പ്രവര്‍ത്തനം ലക്ഷ്യം വച്ച് കോഴ്‌സുകളില്‍ പുനഃപ്രവേശനം നേടുന്നത് ശ്രദ്ധയില്‍പപെട്ട പശ്ചാത്തലത്തിലാണ് തീരുമാനം. ബിരുദ പ്രവേശനം നേടുന്ന വിദ്യാര്‍ഥികള്‍ കേസുകളില്‍പ്പെട്ടിട്ടില്ലെന്ന് സത്യവാങ്മൂലം നല്‍കണമെന്നും നിര്‍ദേശത്തിലുണ്ട്.

സത്യവാങ്മൂലം ലംഘിക്കുന്നവരുടെ പ്രവേശനം പ്രിന്‍സിപ്പല്‍മാര്‍ക്ക് റദ്ദാക്കാനാകും. എന്നാല്‍ ഇതുസംബന്ധിച്ച അന്തിമ തീരുമാനം കോളജ് കൗണ്‍സിലിനാണ്. വിസി ഡോ. മോഹനന്‍ കുന്നുമ്മലിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന സിന്‍ഡിക്കേറ്റ് ഉപസമിതിയാണ് തീരുമാനം എടുത്തത്. വാട്‌സാപ് വഴി കോപ്പിയടിച്ചതിനെത്തുടര്‍ന്ന് 3 വര്‍ഷത്തേക്ക് ഡീബാര്‍ ചെയ്യപ്പെട്ട വിദ്യാര്‍ഥി മറ്റൊരു വിഷയത്തില്‍ പുനഃപ്രവേശനം നേടിയത് കേരള സര്‍വകലാശാല റദ്ദാക്കിയിരുന്നു.

വ്യാജ ഓണ്‍ലൈന്‍ ട്രേഡിങ്: 25 കോടി പോയത് ഇരുപതോളം അക്കൗണ്ടുകളിലേക്ക്, കേസില്‍ കൂടുതല്‍ പ്രതികള്‍

വ്യാജ ഓണ്‍ലൈന്‍ ട്രേഡിങ്: 25 കോടി പോയത് ഇരുപതോളം അക്കൗണ്ടുകളിലേക്ക്, കേസില്‍ കൂടുതല്‍ പ്രതികള്‍

കൊച്ചി: വ്യാജ ഓണ്‍ലൈന്‍ ട്രേഡിങ്ങിലൂടെ യുവതിക്ക് 25 കോടി രൂപ നഷ്ടമായ സംഭവത്തില്‍ കൂടുതല്‍ പ്രതികളിലേക്ക് അന്വേഷണം. കേസില്‍ ഇന്നലെ അറസ്റ്റിലായ യുവതിയില്‍ നിന്ന് കൂടുതല്‍ പ്രതികളെ കുറിച്ച് പൊലീസിനു വിവരം ലഭിച്ചു.

കൊച്ചി കടവന്ത്ര സ്വദേശിയും ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനി ഉടമയുമായ യുവതിയില്‍ നിന്ന് 25 കോടി രൂപ തട്ടിയെടുത്ത കേസില്‍ കൊല്ലം അഞ്ചല്‍ സ്വദേശിനി ജി.സുജിതയെ (35) ആണ് സൈബര്‍ പൊലീസ് അറസ്റ്റ് ചെയ്തത്. തട്ടിപ്പുകാര്‍ പല സമയങ്ങളിലായി ഇരുപതോളം അക്കൗണ്ടുകളിലേക്കാണ് കടവന്ത്ര സ്വദേശിയെ കൊണ്ട് പണം അടപ്പിച്ചത്.

ഇതില്‍ ഒരു അക്കൗണ്ട് പാലാരിവട്ടം ഫെഡറല്‍ ബാങ്ക് ശാഖയില്‍ സുജിതയുടെ പേരിലുള്ളതാണ്. ഇവരുടെ സഹായത്തോടെയാണ് പണം വിദേശത്തേക്കു മാറ്റിയെന്നാണ് പൊലീസിന്റെ കണ്ടെത്തല്‍. ഈ സാമ്പത്തിക ഇടപാടുകള്‍ക്ക് യുവതിക്ക് കമ്മീഷന്‍ ലഭിച്ചിരുന്നതായും കണ്ടെത്തിയിട്ടുണ്ട്. ദിവസങ്ങളോളം നീണ്ട നിരീക്ഷണത്തിനും തെളിവെടുപ്പിനും ശേഷം സുജിതയെ ചോദ്യം ചെയ്തപ്പോള്‍ അവര്‍ കുറ്റം സമ്മതിച്ചതായി പൊലീസ് പറഞ്ഞു.

പ്രത്യേക അന്വേഷണ സംഘം ചൊവ്വാഴ്ച അറസ്റ്റ് രേഖപ്പെടുത്തിയ പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. ഈ കേസില്‍ ഉള്‍പ്പെട്ട മറ്റ് കൂട്ടാളികളെക്കുറിച്ചും മുഖ്യപ്രതികളെക്കുറിച്ചും പൊലീസിന് വിവരങ്ങള്‍ ലഭിച്ചിട്ടുണ്ടെന്നും കൂടുതല്‍ പേര്‍ ഉടന്‍ പിടിയിലായേക്കുമെന്നും പൊലീസ് പറഞ്ഞു.