ശബരിമലയിലെ സ്വര്‍ണപ്പാളികളില്‍ നാലര കിലോ എങ്ങനെ കുറഞ്ഞു?; അന്വേഷണത്തിന് ഉത്തരവിട്ട് ഹൈക്കോടതി

ശബരിമലയിലെ സ്വര്‍ണപ്പാളികളില്‍ നാലര കിലോ എങ്ങനെ കുറഞ്ഞു?; അന്വേഷണത്തിന് ഉത്തരവിട്ട് ഹൈക്കോടതി

കൊച്ചി: ശബരിമല സന്നിധാനത്തിലെ സ്വര്‍ണപ്പാളി പൊതിഞ്ഞ ദ്വാരപാലക ശില്‍പ്പങ്ങളുടെയും പീഠത്തിലെയും തൂക്കത്തിലെ കുറവില്‍ അന്വേഷണത്തിന് ഉത്തരവിട്ട് ഹൈക്കോടതി. നാലു കിലോ എവിടെപ്പോയെന്ന് കോടതി ചോദിച്ചു. ഇക്കാര്യത്തില്‍ വ്യക്തത വേണമെന്ന് ഹൈക്കോടതി അഭിപ്രായപ്പെട്ടു. ഇക്കാര്യത്തില്‍ ദേവസ്വം ചീഫ് വിജിലന്‍സ് ഓഫീസര്‍ അന്വേഷിക്കണമെന്നും ഹൈക്കോടതി ദേവസ്വം ബെഞ്ച് ഉത്തരവിട്ടു. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് അന്വേഷണവുമായി സഹകരിക്കണമെന്നും, എല്ലാ രേഖകളും ഉടന്‍ തന്നെ ദേവസ്വം ചീഫ് വിജിലന്‍സ് ഓഫീസര്‍ക്ക് കൈമാറണമെന്നും ഹൈക്കോടതി നിര്‍ദേശിച്ചിട്ടുണ്ട്.

പെട്രോളോ മറ്റോ ആണെങ്കില്‍ ആവിയായി പോകാമെന്ന് വിചാരിക്കാം. എന്നാല്‍ സ്വര്‍ണം പൊതിഞ്ഞ ചെമ്പുപാളികളുടെ ഭാരം എങ്ങനെ കുറയുമെന്ന് കോടതി ചോദിച്ചു. ഇക്കാര്യം നിസ്സാരമായി കാണാനാകില്ലെന്ന് ദേവസ്വം ബെഞ്ച് അഭിപ്രായപ്പെട്ടു. മൂന്നാഴ്ചയ്ക്കകം കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും ഹൈക്കോടതി ദേവസ്വം ചീഫ് വിജലന്‍സ് ഓഫീസര്‍ക്ക് ഇടക്കാല ഉത്തരവില്‍ നിര്‍ദേശം നല്‍കി. ഇക്കാര്യത്തില്‍ സത്യം വെളിച്ചം കാണട്ടെയെന്ന് കോടതി നിരീക്ഷിച്ചു. 1999 ല്‍ ദ്വാരപാലക ശില്പങ്ങള്‍ സ്വര്‍ണം പൊതിഞ്ഞതായി രേഖകളുണ്ട്. പിന്നെ എന്തിനാണ് 2019 ല്‍ വീണ്ടും സ്വര്‍ണം പൊതിയാന്‍ കൊണ്ടുപോയതെന്നും കോടതി നേരത്തെ ആരാഞ്ഞിരുന്നു.

ദ്വാരപാലക ശില്പങ്ങളും സ്വര്‍ണപ്പാളികളും പീഠവും 2019 ല്‍ അഴിച്ചെടുത്തപ്പോള്‍ 42. 8 കിലോ ഉണ്ടായിരുന്നു. ഇത് അറ്റകുറ്റപ്പണികള്‍ക്കായി ചെന്നൈയിലെ സ്മാര്‍ട്ട് ക്രിയേഷന്‍സില്‍ എത്തിച്ചശേഷം 38. 258 കിലോയായി കുറഞ്ഞു. ഇതിലാണ് ഹൈക്കോടതി വ്യക്തത തേടിയത്. സ്വര്‍ണപ്പാളികള്‍ക്ക് 25 കിലോ 400 ഗ്രാം ഭാരവും, രണ്ട് പീഠങ്ങള്‍ക്ക് 17 കിലോ 400 ഗ്രാം ഭാരം എന്നിങ്ങനെയാണ് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ഹാജരാക്കിയ രേഖകളിലുള്ളത്. ചെന്നൈയിലെ അറ്റകുറ്റപ്പണിക്ക് ശേഷം സ്വര്‍ണ്ണപ്പാളികള്‍ ഒന്നര മാസത്തിന് ശേഷമാണ് തിരിച്ചെത്തിക്കുന്നത്.

അറ്റകുറ്റപ്പണിയുമായി ബന്ധപ്പെട്ട മുഴുവന്‍ രേഖകളും ഹൈക്കോടതി വിളിച്ചു വരുത്തിയിരുന്നു. ഈ രേഖകള്‍ പരിശോധിച്ച ശേഷമാണ് ഹൈക്കോടതി ദേവസ്വം ബോര്‍ഡിനോട് ഇക്കാര്യത്തില്‍ വിശദാംശങ്ങള്‍ തേടിയത്. സ്വര്‍ണപ്പാളികള്‍ അറ്റകുറ്റപ്പണിക്കായി ചെന്നൈയില്‍ എത്തിക്കുമ്പോള്‍ ദേവസ്വം ഉദ്യോഗസ്ഥരാരും അനുഗമിച്ചില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. പിന്നീട് തിരുവാഭരണം കമ്മീഷണര്‍ തൂക്കം രേഖപ്പെടുത്തിയപ്പോഴാണ് നാലു കിലോയുടെ കുറവ് രേഖപ്പെടുത്തുന്നത്. ദ്വാരപാലകശില്പം പൊതിയാനായി രണ്ടു സെറ്റ് സ്വര്‍ണ പാളികള്‍ സ്‌ട്രോങ്ങ് റൂമില്‍ ഉണ്ടോയെന്നും, രണ്ടാമതൊരു സെറ്റ് ഉണ്ടെങ്കില്‍ അതേപ്പറ്റി കോടതിയെ അറിയിക്കാനും ദേവസ്വം ചീഫ് വിജിലന്‍സ് ഓഫീസര്‍ക്ക് കോടതി നിര്‍ദേശം നല്‍കിയിട്ടുണ്ട്.

സ്വർണ്ണപീഠം നിർമ്മിച്ച് നൽകി: സ്പോൺസർ

അതിനിടെ, ശബരിമല ദ്വാരപാലക ശില്‍പങ്ങള്‍ക്ക് സ്വർണ പീഠം കൂടി നിര്‍മിച്ച് നല്‍കിയിരുന്നതായി സ്‌പോണ്‍സര്‍ ഉണ്ണികൃഷ്ണന്‍ പോറ്റി വെളിപ്പെടുത്തിയിരുന്നു. മൂന്ന് പവന്‍ സ്വര്‍ണം ഉപയോഗിച്ചാണ് പീഠം തയ്യാറാക്കിയത്. ആദ്യമുണ്ടായിരുന്ന പീഠങ്ങളുടെ നിറം മങ്ങിയപ്പോഴാണ് പുതിയത് നിര്‍മിച്ചു നൽകിയത്. അളവിൽ വ്യത്യാസം ഉണ്ടെന്ന് ദേവസ്വം അറിയിച്ചു. വഴിപാടായി നൽകിയതിനാൽ തിരികെ ചോദിച്ചില്ല. പീഠം സ്ട്രോംഗ് റൂമില്‍ ഉണ്ടാകുമെന്നാണ് കരുതിയത്. എന്നാല്‍, പീഠം എവിടെയെന്നതില്‍ ഇപ്പോൾ വ്യക്തതയില്ല. വിജിലൻസ് അന്വേഷണം നടക്കട്ടെയെന്നും ഉണ്ണികൃഷ്ണൻ പോറ്റി വ്യക്തമാക്കി.

അമീബിക് മസ്തിഷ്ക ജ്വരം: നിയമസഭയിൽ അടിയന്തര പ്രമേയത്തിന് അനുമതി

അമീബിക് മസ്തിഷ്ക ജ്വരം: നിയമസഭയിൽ അടിയന്തര പ്രമേയത്തിന് അനുമതി

അമീബിക് മസ്തിഷ്‌ക ജ്വരം സംസ്ഥാനത്താകെ ഭീഷണിയാകുന്നുവെന്നു ചൂണ്ടിക്കാട്ടി പ്രതിപക്ഷം ഉന്നയിച്ച അടിയന്തരപ്രമേയം ചർച്ച ചെയ്യാൻ സർക്കാർ സമ്മതിച്ചു.

12 മണി മുതൽ രണ്ടു മണിക്കൂർ ആണ് ചർച്ച. അമീബിക് മസ്‌തിഷ്ക ജ്വരം ബാധിച്ച് ഈ വർഷം 19 പേരാണ് മരിച്ചത്. രോഗത്തിന്റെ ഉറവിടം കണ്ടെത്തുന്നതിൽ അധികൃതർക്കു വീഴ്‌ച സംഭവിച്ചുവെന്നാണ് പ്രതിപക്ഷം ആരോപിക്കുന്നത്.

തങ്കപ്പൻപിള്ള (79) അന്തരിച്ചു

തങ്കപ്പൻപിള്ള (79) അന്തരിച്ചു

കീഴാറ്റിങ്ങൽ കുളപ്പാടം വട്ടങ്ങാട്ട് വീട്ടിൽ കെഎസ്ആർടിസി റിട്ട:ജീവനക്കാരൻ തങ്കപ്പൻപിള്ള (79) അന്തരിച്ചു.

ഭാര്യ: സരസ്വതി അമ്മ
മക്കൾ: ദിനേശ്, ദിലീഷ് (യു എസ്), ദീപ്തി (അധ്യാപിക ബിസിവി സ്കൂൾ നെടുമങ്ങാട്), ദീപക്
മരുമക്കൾ: സുകന്യ (പിഡബ്ല്യുഡി), എൽ സൗമ്യാരാജൻ (യു എസ്), അരുൺ (ടാക്സ് പ്രാക്ടീഷണർ), കൃപ വിനോദ്
സഞ്ചയനം: ശനിയാഴ്ച 8.30ന്

ആറ്റിങ്ങലിന്റെ ഹരിതനിറവ്; മുഖ്യമന്ത്രിയുടെ പുരസ്കാരത്തിളക്കത്തിൽ ഗവ. ബോയ്സ് സ്കൂളിലെ പച്ചത്തുരുത്ത്

ആറ്റിങ്ങലിന്റെ ഹരിതനിറവ്; മുഖ്യമന്ത്രിയുടെ പുരസ്കാരത്തിളക്കത്തിൽ ഗവ. ബോയ്സ് സ്കൂളിലെ പച്ചത്തുരുത്ത്

ആറ്റിങ്ങൽ: കാലാവസ്ഥാ വ്യതിയാനത്തെ നേരിടാൻ വിദ്യാർത്ഥികളും അധ്യാപകരും കൈകോർത്തപ്പോൾ പിറന്നത് നാൽപ്പതിനം സസ്യങ്ങളുള്ള ജൈവവൈവിധ്യ തുരുത്ത്.
ഹരിത കേരളം മിഷന്റെ പച്ചത്തുരുത്ത് പദ്ധതിയിൽ മികച്ച മാതൃക തീർത്ത് ആറ്റിങ്ങൽ ഗവൺമെൻറ് മോഡൽ ബോയ്സ് വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂൾ. സ്കൂൾ വളപ്പിൽ തരിശായിക്കിടന്ന സ്ഥലത്ത് നിർമ്മിച്ച ‘നിറവ്’ എന്ന് പേരിട്ട പച്ചത്തുരുത്തിനാണ്, കാര്യക്ഷമവും മാതൃകാപരവുമായ നടത്തിപ്പിന് മുഖ്യമന്ത്രിയുടെ പച്ചത്തുരുത്ത് ജില്ലാതല പുരസ്കാരവും ഒന്നാം സ്ഥാനവും ലഭിച്ചത്.

കാലാവസ്ഥാ വ്യതിയാനത്തിനെതിരെ പ്രാദേശിക പ്രതിരോധ മാതൃകകൾ സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഹരിത കേരളം മിഷൻ പച്ചത്തുരുത്ത് ക്യാമ്പയിൻ വിഭാവനം ചെയ്തത്. ഈ ലക്ഷ്യം നെഞ്ചേറ്റി, സ്കൂളിലെ ഏഴ് സെൻറ് തരിശുഭൂമിയിലാണ് അധ്യാപകരുടെയും വിദ്യാർത്ഥികളുടെയും കൂട്ടായ പരിശ്രമത്തിന്റെ ഫലമായി മനോഹരമായ ജൈവവൈവിധ്യ ഉദ്യാനം പിറന്നത്. അയ്യങ്കാളി നഗര തൊഴിലുറപ്പ് പദ്ധതിയുടെ സാങ്കേതിക സഹായവും ഹരിത കേരളം മിഷന്റെ നേതൃത്വവും ഈ ഉദ്യമത്തിന് കരുത്തേകി.

വംശനാശഭീഷണി നേരിടുന്ന സസ്യങ്ങൾ ഉൾപ്പെടെ നാൽപ്പതോളം ഇനം സസ്യങ്ങളാണ് ഈ ഹരിത തുരുത്തിലുള്ളത്. ഫലവൃക്ഷങ്ങൾ, ഔഷധസസ്യങ്ങൾ, കുറ്റിച്ചെടികൾ, വള്ളിച്ചെടികൾ എന്നിവയാൽ സമ്പന്നമായ ‘നിറവ്’, പട്ടണത്തിന് നടുവിലൊരു ജൈവവൈവിധ്യ കലവറയായി മാറിക്കഴിഞ്ഞു. പച്ചത്തുരുത്തിന്റെ നിർമ്മാണത്തിൽ ഒതുങ്ങാതെ, അതിന്റെ കൃത്യമായ പരിപാലനവും സംരക്ഷണവും വിദ്യാർത്ഥികളും അധ്യാപകരും ചേർന്നാണ് പൂർണ്ണമായി നിർവഹിക്കുന്നത്.

നഗരമധ്യത്തിൽ വിദ്യാർത്ഥികളുടെയും അധ്യാപകരുടെയും പങ്കാളിത്തത്തോടെ ഒരു ഹരിത മാതൃക സൃഷ്ടിക്കാൻ കഴിഞ്ഞത് മറ്റു സ്ഥാപനങ്ങൾക്കും പ്രചോദനമാവുകയാണ്. ഈ മാതൃകാപരമായ ഉദ്യമമാണ് ഗവൺമെൻറ് മോഡൽ വി & എച്ച് എസ് എസ് ആറ്റിങ്ങലിനെ ഒന്നാം സ്ഥാനത്തിനും മുഖ്യമന്ത്രിയുടെ ജില്ലാതല പുരസ്കാരത്തിനും അർഹമാക്കിയത്.

കസ്റ്റമര്‍ കെയറില്‍ നിന്നെന്ന വ്യാജേന കോള്‍, ഇ-സിം ആക്ടിവേഷന്റെ പേരില്‍ തട്ടിപ്പ്, മുന്നറിയിപ്പ്

കസ്റ്റമര്‍ കെയറില്‍ നിന്നെന്ന വ്യാജേന കോള്‍, ഇ-സിം ആക്ടിവേഷന്റെ പേരില്‍ തട്ടിപ്പ്, മുന്നറിയിപ്പ്

കൊച്ചി: കസ്റ്റമര്‍ കെയറില്‍ നിന്നെന്ന വ്യാജേന ഇ-സിം കാര്‍ഡ് ആക്ടിവേഷന്റെ പേരില്‍ തട്ടിപ്പ് വ്യാപകമെന്ന് ഇന്ത്യന്‍ സൈബര്‍ ക്രൈം കോഡിനേഷന്‍ സെന്റര്‍. ഉപയോക്താവിന്റെ മൊബൈല്‍ നമ്പര്‍ കൈവശപ്പെടുത്തി അക്കൗണ്ടിലെ പണം തട്ടിയെടുക്കുന്നതാണ് രീതിയെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കി.

കസ്റ്റമര്‍ കെയറില്‍ നിന്നാണെന്ന വ്യാജേന ഫോണില്‍ വിളിച്ച് നിലവിലുള്ള ഫിസിക്കല്‍ സിം കാര്‍ഡ് സിം ഇ-സിമ്മായി (എംബഡഡ് സിം) മാറ്റാമെന്ന് അറിയിക്കും. സമ്മതിക്കുന്നവരോട് ഇ-സിം ആക്ടീവേഷന്‍ റിക്വസ്റ്റ് സ്വീകരിക്കാന്‍ ആവശ്യപ്പെടും. അപേക്ഷ സ്വീകരിക്കപ്പെടുന്നതോടെ നിലവിലുള്ള സിം കാര്‍ഡിന് നെറ്റ്വര്‍ക്ക് നഷ്ടമാകും. ഒപ്പം തട്ടിപ്പുകാരുടെ പക്കലുള്ള ഇ-സിം പ്രവര്‍ത്തനക്ഷമമാകും. ഇരകളുടെ നമ്പര്‍ തട്ടിപ്പ്കാരുടെ ഡിവൈസിലേക്ക് മാറ്റുന്നതോടെ കോളുകളും സന്ദേശങ്ങളും ഒടിപിയും നേരിട്ട് അവരിലേക്ക് പോകും.

ഈ ഒടിപികള്‍ ഉപയോഗിച്ച് ഇടപാടുകള്‍ അംഗീകരിക്കാനും പാസ് വേഡുകള്‍ റീ-സെറ്റ് ചെയ്യാനും പണം കൈക്കലാക്കാനും സാധിക്കും. കോളുകള്‍, മെസേജുകള്‍, ഒടിപി മുതലായവ തട്ടിപ്പുകാര്‍ക്ക് ലഭിക്കും. തുടര്‍ന്ന് ബാങ്ക് അക്കൗണ്ടിലെ പണം പിന്‍വലിക്കും.

പുതുതലമുറ ഫോണുകളില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന ഡിജിറ്റല്‍ സിം ആണ് ഇ-സിം(എംബെഡഡ് സിം). ഒരു സിം സ്ലോട്ട് മാത്രമുള്ള ഫോണില്‍ രണ്ട് ഫോണ്‍ നമ്പരുകള്‍ ഉപയോഗിക്കുന്നവര്‍ അതിലൊന്ന് ഇ-സിം ആക്കാന്‍ കഴിയും. എന്നാല്‍ ഇ-സിം സേവനങ്ങള്‍ക്ക് സേവനദാതാക്കളുടെ ഔദ്യോഗിക കസ്റ്റമര്‍ കെയര്‍ മാത്രം ഉപയോഗിക്കണമെന്നും മൊബൈല്‍ നെറ്റ്വര്‍ക്ക് നഷ്ടമായാല്‍ ഉടന്‍ ബാങ്കുമായി ബന്ധപ്പെട്ട് അക്കൗണ്ട് സുരക്ഷിതമാണെന്ന് ഉറപ്പുവരുത്തണമെന്നും സൈബര്‍ പൊലീസ് അറിയിച്ചു.