by Midhun HP News | Sep 15, 2025 | Latest News, കേരളം
ഗുരുവായൂർ: റീലീസ് സിനിമയുടെ ടിക്കറ്റ് തീർന്നതിനെ തുടർന്ന് മറ്റൊരു തിയേറ്ററിലേക്ക് പോകാനുള്ള തിടുക്കത്തിൽ കുട്ടിയെ തിയേറ്ററിൽ മറന്നുവെച്ച് മാതാപിതാക്കൾ. രണ്ടാമത്തെ തിയേറ്ററിൽ കയറിയ അവർ ഇടവേള സമയം വരെ കുട്ടി ഒപ്പമില്ലെന്ന കാര്യം ശ്രദ്ധിച്ചതുമില്ല. ഗുരുവായൂരിൽ ശനിയാഴ്ച രാത്രിയായിരുന്നു സംഭവം.
സെക്കൻഡ് ഷോയ്ക്ക് ചാവക്കാടു ഭാഗത്തുനിന്ന് ട്രാവലറിൽ വന്ന സംഘത്തിലെ ഏഴുവയസ്സുള്ള കുട്ടിയെയാണ് കാണാതായത്. ഇവർ ആദ്യം ദേവകി തിയേറ്ററിലേക്കാണ് എത്തിയത്. ടിക്കറ്റ് കിട്ടില്ലെന്നായപ്പോൾ അവർ ഉടൻ പടിഞ്ഞാറെ നടയിലെ അപ്പാസ് തിയേറ്ററിലേക്ക് വെച്ചുപിടിച്ചു. എന്നാൽ കുട്ടി വണ്ടിയിൽ കയറിയില്ല.
ഗുരുവായൂർ: റീലീസ് സിനിമയുടെ ടിക്കറ്റ് തീർന്നതിനെ തുടർന്ന് മറ്റൊരു തിയേറ്ററിലേക്ക് പോകാനുള്ള തിടുക്കത്തിൽ കുട്ടിയെ തിയേറ്ററിൽ മറന്നുവെച്ച് മാതാപിതാക്കൾ. രണ്ടാമത്തെ തിയേറ്ററിൽ കയറിയ അവർ ഇടവേള സമയം വരെ കുട്ടി ഒപ്പമില്ലെന്ന കാര്യം ശ്രദ്ധിച്ചതുമില്ല. ഗുരുവായൂരിൽ ശനിയാഴ്ച രാത്രിയായിരുന്നു സംഭവം.
സെക്കൻഡ് ഷോയ്ക്ക് ചാവക്കാടു ഭാഗത്തുനിന്ന് ട്രാവലറിൽ വന്ന സംഘത്തിലെ ഏഴുവയസ്സുള്ള കുട്ടിയെയാണ് കാണാതായത്. ഇവർ ആദ്യം ദേവകി തിയേറ്ററിലേക്കാണ് എത്തിയത്. ടിക്കറ്റ് കിട്ടില്ലെന്നായപ്പോൾ അവർ ഉടൻ പടിഞ്ഞാറെ നടയിലെ അപ്പാസ് തിയേറ്ററിലേക്ക് വെച്ചുപിടിച്ചു. എന്നാൽ കുട്ടി വണ്ടിയിൽ കയറിയില്ല.
ഒപ്പമുള്ളവരെ കാണാതായപ്പോൾ തിയേറ്ററിന്റെ മുന്നിൽനിന്ന് കരഞ്ഞ കുട്ടി തിയേറ്റർ ജീവനക്കാരുടെ ശ്രദ്ധയിൽപ്പെട്ടു. കുട്ടിയോട് കാര്യം തിരക്കിയപ്പോഴാണ് കൂടെയുള്ളവർ മറ്റൊരു തിയേറ്ററിലേക്ക് പോയ വിവരമറിയുന്നത്. ട്രാവറിലാണ് തങ്ങൾ വന്നതെന്ന് കുട്ടി പറഞ്ഞു. അതുപ്രകാരം ജീവനക്കാർ അപ്പാസ് തിയേറ്ററിലേക്ക് വിളിച്ച് വിവരം പറഞ്ഞു. അപ്പോഴേയ്ക്കും സിനിമയുടെ ഇടവേള സമയം ആകാറായി.
സിനിമ നിർത്തിവെച്ച് തിയേറ്ററുകാർ കുട്ടി നഷ്ടപ്പെട്ട കാര്യം അനൗൺസ് ചെയ്തു. ട്രാവലറിൽ സിനിമ കാണാൻ വന്നിട്ടുള്ളവർ തങ്ങളെ ബന്ധപ്പെടണമെന്നും അതിലെ ഒരു കുട്ടി കൂട്ടം തെറ്റി മറ്റൊരു തിയേറ്ററിലുണ്ടെന്നുമായിരുന്നു അനൗൺസ്‌മെന്റ്. അതോടെ കുട്ടിയോടൊപ്പമുണ്ടായിരുന്നവർ തിരികെ ആദ്യത്തെ തിയേറ്ററിലെത്തി. അപ്പോഴേയ്ക്കും അവിടത്തെ ജീവനക്കാർ കുട്ടിയെ പോലീസിൽ ഏല്പിച്ചിരുന്നു. സ്റ്റേഷനിൽനിന്ന് കുട്ടിയെ കൈമാറി.
by Midhun HP News | Sep 15, 2025 | Latest News, ജില്ലാ വാർത്ത
വർക്കല: ഉണർവ്വ് കൂട്ടായ്മ ഓണാഘോഷ പരിപാടികൾ സംഘടിപ്പിച്ചു. വർക്കല എസ് എൻ കോളേജിലെ 82- 84 പ്രീഡിഗ്രി ബാച്ച് ആയ ഉണർവ്വ് കൂട്ടായ്മ സംഘടിപ്പിച്ച ഓണാഘോഷ പരിപാടി കോളേജ് ഓഡിറ്റോറിയത്തിൽ ആണ് അരങ്ങേറിയത്.
അത്തപ്പൂക്കളമിട്ടും ചെണ്ടമേളത്തിന്റെ അകമ്പടിയോടുകൂടിയും മാവേലിയെ എതിരേറ്റു. മാവേലി വേഷത്തിൽ മുഖ്യാതിഥിയായി എത്തിയത് നാവായിക്കുളം ഗവൺമെന്റ് ഹയർസെക്കൻഡറി സ്കൂളിലെ അധ്യാപകനായ സുൽജിത്ത് എസ് ജി ആണ്. തുടർന്ന് ഗാനമേളയും കലാപരിപാടികളും അരങ്ങേരി. ഉണർവിന്റെ പ്രസിഡന്റ് കെ കെ സജീവ് സ്വാഗതവും സെക്രട്ടറി ഗീത പി എസ് നന്ദിയും അറിയിച്ചു.
by Midhun HP News | Sep 15, 2025 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിന് മാസങ്ങള്‍ മാത്രം ശേഷിക്കെ, തിരുവനന്തപുരം മേയര്‍ ആര്യ രാജേന്ദ്രനു ലഭിച്ച വേള്‍ഡ് ബുക്ക് ഓഫ് റെക്കോഡ്‌സ് പുരസ്‌കാരത്തെ ചൊല്ലി സൈബിറടത്തില്‍ വിവാദം കൊഴുക്കുന്നു. സിപിഎം നേതാക്കളും പ്രവര്‍ത്തകരും ആര്യയെ അഭിനന്ദന പോസ്റ്റുകള്‍ കൊണ്ട് മൂടുമ്പോള്‍ എതിരാളികള്‍ പറയുന്നത് പണം കൊടുത്ത് വാങ്ങിയ അംഗീകാരം എന്നാണ്.
ലണ്ടനിലെ ‘വേള്‍ഡ് ബുക്ക് ഓഫ് റെക്കോര്‍ഡ്‌സ്’ എന്ന സംഘടനയാണ് ആര്യ രാജേന്ദ്രന് പുരസ്‌കാരം സമ്മാനിച്ചത്. കഴിഞ്ഞ ദിവസമാണ് ലണ്ടനിലെത്തി ആര്യ പുരസ്‌കാരം സ്വീകരിച്ചത്. കോര്‍പ്പറേഷന്റെ സുസ്ഥിര വികസന സംരംഭങ്ങളെ മുന്‍നിര്‍ത്തിയാണ് അവാര്‍ഡ്. ‘തിരുവനന്തപുരം നഗരസഭ നടപ്പാക്കിയ സുസ്ഥിര വികസന പ്രവര്‍ത്തനങ്ങള്‍ക്ക് യുകെ പാര്‍ലമെന്റില്‍ വേള്‍ഡ് ബുക്ക് ഓഫ് റെക്കോഡ്‌സ് സംഘടിപ്പിച്ച ചടങ്ങില്‍ സര്‍ട്ടിഫിക്കറ്റ് ഓഫ് എക്‌സലന്‍സ്, മേയര്‍ എന്ന നിലയില്‍ ഞാന്‍ ഏറ്റുവാങ്ങുകയാണ്. പ്രസ്ഥാനത്തിനും ജനങ്ങള്‍ക്കും ഈ പുരസ്‌കാരം സമര്‍പ്പിക്കുന്നു.’- പുരസ്‌കാരം ഏറ്റുവാങ്ങിയ ചിത്രം സഹിതം ആര്യാ രാജേന്ദ്രന്‍ ഫെയ്‌സ്്ബുക്കില്‍ കുറിച്ചു. അതിന് പിന്നാലെ മന്ത്രിമാര്‍ ഉള്‍പ്പടെയുള്ള സിപിഎം നേതാക്കളും പ്രവര്‍ത്തകരും ഈ ചിത്രം വ്യാപകമായി സാമൂഹിക മാധ്യമത്തില്‍ പങ്കുവച്ചു.
ഇന്ത്യാക്കാരന്‍ സ്ഥാപക പ്രസിഡന്റും സിഇഒയും ആയ സംഘടനയാണ് വേള്‍ഡ് ബുക്ക് ഓഫ് റെക്കോഡ്‌സ്. സംഘടന ബ്രിട്ടീഷ് പാര്‍ലമെന്റ് ഹാള്‍ വാടകയ്ക്ക് എടുത്തു നടത്തിയ ചടങ്ങിന് ഹൗസ് കോമന്‍സുമായി ഒരു ബന്ധവുമില്ലെന്ന ആരോപണമാണ് എതിരാളികള്‍ പങ്കുവയ്ക്കുന്നത്. പണം കൊടുത്ത് സംഘടിപ്പിച്ചെടുത്ത അവാര്‍ഡ് ആണിതെന്നും ഇവര്‍ സമര്‍ഥിക്കുന്നു.
വേള്‍ഡ് ബുക്ക് ഓഫ് റെക്കോര്‍ഡ്‌സില്‍ നിന്ന് ഓഗസ്റ്റ് 22-ന് ലഭിച്ച ക്ഷണക്കത്തിന്റെ അടിസ്ഥാനത്തില്‍ മേയറുടെ സന്ദര്‍ശനത്തിന് തദ്ദേശ സ്വയംഭരണ വകുപ്പ് ഔദ്യോഗിക അനുമതി നല്‍കിയിരുന്നു. പുത്തരിക്കണ്ടത്ത് ആറായിരത്തിലധികം കുട്ടികളെ ഉള്‍പ്പെടുത്തി സീഡ് ബോള്‍ ക്യാമ്പയിനാണ് അംഗീകാരത്തിന് അര്‍ഹമായതെന്നും മേയര്‍ക്ക് വിമാന യാത്രയ്ക്കുള്ള അനുമതിയും യാത്രാ ചെലവും നഗരസഭയുടെ ഫണ്ടില്‍ നിന്ന് അനുവദിക്കുകയും ചെയ്തിരുന്നു. അത്രയൊന്നും പ്രാധാന്യമില്ലാത്ത അന്താരാഷ്ട്ര പുരസ്‌കാരങ്ങള്‍ സ്വീകരിക്കാന്‍ വിദേശയാത്രകള്‍ക്കായി പൊതുപണം ചെലവാക്കുന്നത് ശരിയല്ലെന്നും ഭൂരിപക്ഷം പേരും പറയുന്നു. 2020ല്‍ ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ മേയര്‍ എന്ന റെക്കോര്‍ഡും ആര്യ സ്വന്തമാക്കിയിരുന്നു.
by Midhun HP News | Sep 15, 2025 | Latest News, കേരളം
കൊല്ലം: വിവാഹച്ചടങ്ങിൽ പങ്കെടുത്തു മടങ്ങിയ യുവതിയെ കടന്നു പിടിച്ച് സർക്കാർ ഉദ്യോഗസ്ഥന്റെ അതിക്രമം. കൊല്ലത്തെ ജൂനിയർ കോ ഓപറേറ്റീവ് ഇൻസ്പക്ടർ ആയ ചവറ തെക്കുംഭാഗം മുട്ടത്ത് തെക്കതിൽ സന്തോഷ് തങ്കച്ചൻ (38) ആണ് അറസ്റ്റിലായത്. കുണ്ടറ പൊലീസാണ് ഇയാളെ പിടികൂടിയത്. ഇന്നലെ ഉച്ചയ്ക്ക് 1.30നു ഇളമ്പള്ളൂരിലെ ഓഡിറ്റോറിയത്തിലാണ് സംഭവം.
സുഹൃത്തിന്റെ വിവാഹ ചടങ്ങിൽ പങ്കെടുത്ത ശേഷം പുറത്തേക്കിറങ്ങിയ യുവതിയെ മദ്യ ലഹരിയിലായിരുന്ന സന്തോഷ് കടന്നു പിടിക്കുകയായിരുന്നു. ഇതു ചോദ്യം ചെയ്ത യുവതിയുടെ ഭർത്താവിനെ ഇയാൾ അസഭ്യം പറഞ്ഞു. സംഭവം കണ്ടു നിന്നവർ ഇയാളെ തടഞ്ഞു നിർത്തി പൊലീസിനു കൈമാറുകയായിരുന്നു.
കസ്റ്റഡിയിൽ എടുത്ത ശേഷം വൈദ്യ പരിശോധനയ്ക്കായി താലൂക്ക് ആശുപത്രിയിൽ എത്തിച്ചപ്പോൾ സന്തോഷ് പൊലീസുകാരേയും ആക്രമിച്ചു. കുണ്ടറ സ്റ്റേഷനിലെ സിപിഒ റിയാസിനു പരിക്കേറ്റു. മുഖത്തും കൈയ്ക്കും പരിക്കേറ്റ റിയാസ് താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി. പൊതുസ്ഥലത്ത് സ്ത്രീയോട് അതിക്രമം കാണിച്ചതിനു പൊലീസുകാരെ ആക്രമിച്ചതിനും വെവ്വേറെ കേസുകൾ രജിസ്റ്റർ ചെയ്തതായി പൊലീസ് വ്യക്തമാക്കി.
by Midhun HP News | Sep 15, 2025 | Latest News, കേരളം
തിരുവനന്തപുരം: കേരളത്തില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇന്നുമുതല്‍ വ്യാഴാഴ്ച വരെ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യത. ജാഗ്രത പാലിക്കണമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
ഇടിമിന്നല്‍ അപകടകാരികളാണ്. അവ മനുഷ്യന്റെയും മൃഗങ്ങളുടെയും ജീവനും വൈദ്യുത-ആശയവിനിമയ ശൃംഖലകള്‍ക്കും വൈദ്യുത ചാലകങ്ങളുമായി ബന്ധിപ്പിച്ചിട്ടുള്ള വീട്ടുപകരണങ്ങള്‍ക്കും വലിയ നാശനഷ്ടം സൃഷ്ടിക്കുന്നുണ്ട്. അതിനാല്‍ ജാഗ്രതാനിര്‍ദേശങ്ങള്‍ പങ്കുവെച്ചിരിക്കുകയാണ് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി.
ജാഗ്രതാനിര്‍ദേശങ്ങള്‍:
ഇടിമിന്നലിന്റെ ആദ്യ ലക്ഷണം കണ്ടുകഴിഞ്ഞാല്‍ ഉടന്‍ തന്നെ സുരക്ഷിതമായ കെട്ടിടത്തിനുള്ളിലേക്ക് മാറുക. തുറസായ സ്ഥലങ്ങളില്‍ തുടരുന്നത് ഇടിമിന്നലേല്‍ക്കാനുള്ള സാധ്യത വര്‍ധിപ്പിക്കും.
ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുള്ള ഘട്ടത്തില്‍ ജനലും വാതിലും അടച്ചിടുക. വാതിലിനും ജനലിനും അടുത്ത് നില്‍ക്കാതെയിരിക്കുക. കെട്ടിടത്തിനകത്ത് തന്നെ ഇരിക്കുകയും പരമാവധി ഭിത്തിയിലോ തറയിലോ സ്പര്‍ശിക്കാതിരിക്കാന്‍ ശ്രമിക്കുകയും ചെയ്യുക.
ഗൃഹോപകരണങ്ങളുടെ വൈദ്യുതി ബന്ധം വിഛേദിക്കുക. വൈദ്യുതോപകരണങ്ങളുമായുള്ള സാമീപ്യം ഇടിമിന്നലുള്ള സമയത്ത് ഒഴിവാക്കുക.
ഇടിമിന്നലുള്ള സമയത്ത് ടെലഫോണ്‍ ഉപയോഗിക്കുന്നത് ഒഴിവാക്കണം. മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നത് കൊണ്ട് കുഴപ്പമില്ല.
അന്തരീക്ഷം മേഘാവൃതമാണെങ്കില്‍ തുറസായ സ്ഥലത്തും ടെറസിലും, കുട്ടികള്‍ ഉള്‍പ്പെടെ, കളിക്കുന്നത് ഒഴിവാക്കുക.
ഇടിമിന്നലുള്ള സമയത്ത് വൃക്ഷങ്ങളുടെ ചുവട്ടില്‍ നില്‍ക്കരുത്. വാഹനങ്ങള്‍ മരച്ചുവട്ടില്‍ പാര്‍ക്ക് ചെയ്യുകയുമരുത്.
ഇടിമിന്നലുള്ള സമയത്ത് വാഹനത്തിനകത്ത് തന്നെ തുടരുക. കൈകാലുകള്‍ പുറത്തിടാതിരിക്കുക. വാഹനത്തിനകത്ത് സുരക്ഷിതരായിരിക്കും. സൈക്കിള്‍, ബൈക്ക്, ട്രാക്ടര്‍ തുടങ്ങിയ വാഹനങ്ങളിലുള്ള യാത്ര ഇടിമിന്നല്‍ സമയത്ത് ഒഴിവാക്കുകയും ഇടിമിന്നല്‍ അവസാനിക്കുന്നത് വരെ സുരക്ഷിതമായ ഒരു കെട്ടിടത്തില്‍ അഭയം തേടുകയും വേണം.
മഴക്കാറ് കാണുമ്പോള്‍ തുണികള്‍ എടുക്കാന്‍ ടെറസിലേക്കോ, മുറ്റത്തേക്കോ ഇടിമിന്നലുള്ള സമയത്ത് പോകരുത്.
കാറ്റില്‍ മറിഞ്ഞു വീഴാന്‍ സാധ്യതയുള്ള വസ്തുക്കള്‍ കെട്ടി വെക്കുക.
ഇടിമിന്നലുള്ള സമയത്ത് കുളിക്കുന്നത് ഒഴിവാക്കുക. ടാപ്പുകളില്‍ നിന്ന് വെള്ളം ശേഖരിക്കുന്നതും ഒഴിവാക്കുക. പൈപ്പിലൂടെ മിന്നല്‍ മൂലമുള്ള വൈദ്യുതി സഞ്ചരിച്ചേക്കാം.
ഇടിമിന്നല്‍ ഉണ്ടാകുമ്പോള്‍ ജലാശയത്തില്‍ മീന്‍ പിടിക്കാനോ കുളിക്കാനോ ഇറങ്ങുവാന്‍ പാടില്ല. കാര്‍മേഘങ്ങള്‍ കണ്ട് തുടങ്ങുമ്പോള്‍ തന്നെ മത്സ്യബന്ധനം, ബോട്ടിങ് തുടങ്ങിയ പ്രവൃത്തികള്‍ നിര്‍ത്തി വച്ച് ഉടനെ അടുത്തുള്ള കരയിലേക്ക് എത്താന്‍ ശ്രമിക്കണം. ഇടിമിന്നലുള്ള സമയത്ത് ബോട്ടിന്റെ ഡെക്കില്‍ നില്‍ക്കരുത്. ചൂണ്ടയിടുന്നതും വലയെറിയുന്നതും ഇടിമിന്നലുള്ള സമയത്ത് നിര്‍ത്തി വയ്ക്കണം.
പട്ടം പറത്തുന്നത് ഒഴിവാക്കുക.
ഇടിമിന്നലുള്ള സമയത്ത് ടെറസിലോ മറ്റ് ഉയരമുള്ള സ്ഥലങ്ങളിലോ വൃക്ഷക്കൊമ്പിലോ ഇരിക്കുന്നത് അപകടകരമാണ്.
വളര്‍ത്തു മൃഗങ്ങളെ തുറസായ സ്ഥലത്ത് ഈ സമയത്ത് കെട്ടരുത്. അവയെ അഴിക്കുവാനും സുരക്ഷിതമായി മാറ്റി കെട്ടുവാനും മഴ മേഘം കാണുന്ന സമയത്ത് പോകരുത്. ഇത് നിങ്ങള്‍ക്ക് ഇടിമിന്നലേല്‍ക്കാന്‍ കാരണമായേക്കാം.
അടുത്തുള്ള കെട്ടിടത്തിലേക്ക് മാറാന്‍ സാധിക്കാത്ത വിധത്തില്‍ തുറസായ സ്ഥലത്താണെങ്കില്‍ പാദങ്ങള്‍ ചേര്‍ത്തുവച്ച് തല, കാല്‍ മുട്ടുകള്‍ക്ക് ഇടയില്‍ ഒതുക്കി പന്തുപോലെ ഉരുണ്ട് ഇരിക്കുക.
ഇടിമിന്നലില്‍നിന്ന് സുരക്ഷിതമാക്കാന്‍ കെട്ടിടങ്ങള്‍ക്കു മുകളില്‍ മിന്നല്‍ രക്ഷാ ചാലകം സ്ഥാപിക്കാം. വൈദ്യുതോപകരണങ്ങളുടെ സുരക്ഷക്കായി സര്‍ജ് പ്രൊട്ടക്ടര്‍ ഘടിപ്പിക്കാം.
Recent Comments