by Midhun HP News | Sep 12, 2025 | Latest News, ജില്ലാ വാർത്ത
നഗരൂർ നന്ദായവനം സ്വദേശി സാബുവിനെ കൊലപ്പെട്ടുത്തിയ സംഭവത്തിലെ പ്രതിയെ കോടതി വെറുതെ വിട്ടു. നഗരൂർ നെടുമ്പറമ്പ് പുല്ലുവിള സ്വദേശി ബിജോയിയെയാണ് കോടതി വെറുതെ വിട്ടത്. 2014 ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. ബന്ധുവിന്റെ കല്യാണത്തിന് ബിയറിന് വേണ്ടിയുള്ള വഴക്കാണ് പ്രതിയെ കൊലപ്പെടുത്താൻ പ്രേരിപ്പിച്ചത്.
കിളിമാനൂർ പോലീസ് സർക്കിൾ ഇൻസ്പെക്‌ടറായിരുന്ന അമ്മിണിക്കുട്ടന്റെ പ്രാഥമിക അന്വേഷണത്തിലും ആറ്റിങ്ങൽ A.S.P ആയിരുന്ന ആദിത്യ IPSന്റെ അന്വേഷണത്തിലുമാണ് കേസിലെ പ്രതി ബിജോയ് കുറ്റക്കാരനല്ലെന്ന് കണ്ട് തിരുവനന്തപുരം ഒന്നാം അഡീഷണൽ സെഷൻസ് ജഡ്‌ജ് അനിൽകുമാർ വെറുതെ വിടാൻ ഉത്തരവിട്ടത്. പ്രതിയ്ക്ക് വേണ്ടി അഡ്വക്കേറ്റ് ഷാജി ചിറയിൻകീഴ് കോടതിയിൽ ഹാജരായി.
by Midhun HP News | Sep 12, 2025 | Latest News, കേരളം
കൊച്ചി: സംസ്ഥാനത്ത് ആദ്യമായി റോബോട്ടിക്-അസിസ്റ്റഡ് കൊറോണറി ആര്‍ട്ടറി ബൈപാസ് ഗ്രാഫ്റ്റിങ് (സിഎബിജി) ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തിയാക്കി ആസ്റ്റര്‍ മെഡ്സിറ്റി. ഗുരുവായൂര്‍ സ്വദേശിനിയായ 42 വയസ്സുകാരി നിഷ പുരുഷോത്തമനാണ് നൂതന ശസ്ത്രക്രിയയിലൂടെ സുഖം പ്രാപിച്ചത്. ശസ്ത്രക്രിയ കഴിഞ്ഞ് നാലാം ദിവസം തന്നെ നിഷയ്ക്ക് ആശുപത്രി വിടാനായി. ഹൃദ്രോഗ ചികിത്സയില്‍ കേരളം കൈവരിക്കുന്ന സുപ്രധാന മുന്നേറ്റമാണ് റോബോട്ടിക്-അസിസ്റ്റഡ് കൊറോണറി ആര്‍ട്ടറി ബൈപാസ് ഗ്രാഫ്റ്റിങ്.
ഗുരുതരമായ ട്രിപ്പിള്‍-വെസ്സല്‍ ഡിസീസ് എന്ന രോഗമാണ് നിഷയ്ക്ക് ഉണ്ടായിരുന്നത്. പ്രധാനപ്പെട്ട മൂന്ന് ഹൃദയധമനികളിലും ബ്ലോക്ക് ഉണ്ടാകുന്ന സാഹചര്യത്തില്‍ ഹൃദയം തുറന്നുള്ള ശസ്ത്രക്രിയ മാത്രമായിരുന്നു പോംവഴി. ഓപ്പണ്‍ ഹാര്‍ട്ട് സര്‍ജറിയുടെ ബുദ്ധിമുട്ടുകളും, വലിയ മുറിവും, ദീര്‍ഘകാലത്തെ വിശ്രമവും ഉള്‍പ്പെടെയാണ് മിനിമലി ഇന്‍വേസിവ് ശസ്ത്രക്രിയ തെരെഞ്ഞെടുക്കാന്‍ പ്രേരിപ്പിച്ചത്. റോബോട്ടിക് സഹായത്തോടെയുള്ള മിനിമലി ഇന്‍വേസിവ് ഡയറക്ട് കൊറോണറി ആര്‍ട്ടറി ബൈപാസ് ശസ്ത്രക്രിയയാണ് നിഷയ്ക്ക് ഏറ്റവും മികച്ചതും സുരക്ഷിതവുമാകുമെന്ന് ആസ്റ്റര്‍ മെഡ്‌സിറ്റിയിലെ ശസ്ത്രക്രിയാ സംഘം വിലയിരുത്തി. റോബോട്ടിക്ക് സാങ്കേതികവിദ്യയുടെ കൃത്യതയോടെ നടപ്പാക്കാന്‍ കഴിഞ്ഞത് വലിയ നേട്ടമായി. സങ്കീര്‍ണ്ണമായ ശസ്ത്രക്രിയകളില്‍ മികച്ച കൃത്യതയും നിയന്ത്രണവും വ്യക്തമായ കാഴ്ചയുമാണ് റോബോട്ടിക് സംവിധാനം ഡോക്ടര്‍മാര്‍ക്ക് നല്‍കുന്നത്.
നൂതനമായ ആരോഗ്യ സേവനങ്ങള്‍ ഇന്ത്യയിലെ ജനങ്ങളിലേക്ക് എത്തിക്കുക എന്നതാണ് ആസ്റ്റര്‍ ഏറ്റെടുത്തിരിക്കുന്ന ദൗത്യമെന്ന്” ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത്കെയര്‍ ചീഫ് ഓപ്പറേറ്റിംഗ് ഓഫീസര്‍ രമേശ് കുമാര്‍ പറഞ്ഞു. കേരളത്തിലെ ആദ്യത്തെ റോബോട്ടിക് അസിസ്റ്റഡ് കാര്‍ഡിയാക് ബൈപാസ് ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തിയാക്കിയത് അഭിമാനകരമായ ഒരു നാഴികക്കല്ലും ഹൃദയ പരിചരണത്തിലെ ഒരു വലിയ മുന്നേറ്റവുമാണ്. ഇത്തരം കണ്ടുപിടിത്തങ്ങള്‍ ശസ്ത്രക്രിയകളുടെ ഭാവിയെ പുനര്‍നിര്‍വചിക്കുമെന്നും സങ്കീര്‍ണ്ണമായ ചികിത്സാക്രമങ്ങള്‍ കൂടുതല്‍ സുരക്ഷിതവും എളുപ്പവുമാക്കുമെന്നും രമേശ് കുമാര്‍ പറഞ്ഞു. ഹൃദയ ശസ്ത്രക്രിയാരംഗത്ത് ഈ നേട്ടം ഒരു വലിയ മുന്നേറ്റമാണെന്ന് ആസ്റ്റര്‍ മെഡ്സിറ്റിയിലെ റോബോട്ടിക് കാര്‍ഡിയാക് സര്‍ജറി സീനിയര്‍ കണ്‍സള്‍ട്ടന്റ് ഡോ. എം.എം. യൂസഫ് പറഞ്ഞു.
”റോബോട്ടിക് ശസ്ത്രക്രിയയെക്കുറിച്ച് എനിക്ക് ആദ്യം ഭയമുണ്ടായിരുന്നു, ഡോക്ടര്‍മാര്‍ ധൈര്യം പകരുകയും അവസാനം വരെ കൂടെനില്‍ക്കുകയും ചെയ്തു” എന്ന് സര്‍ജറിക്ക് വിധേയയായ നിഷ പുരുഷോത്തമന്‍ പറഞ്ഞു.
ശസ്ത്രക്രിയകള്‍ക്ക് ശേഷം രോഗികള്‍ക്ക് വേഗത്തില്‍ സുഖം പ്രാപിക്കാന്‍ റോബോട്ടിക്-അസിസ്റ്റഡ് രീതി വളരെ അനുയോജ്യമാണ്. എന്നുമാത്രമല്ല, അതിലൂടെ രോഗികള്‍ക്ക് കാര്യമായ ഗുണങ്ങളും ലഭിക്കുന്നുണ്ട്. ചെറിയ മുറിവുകളിലൂടെ കൂടുതല്‍ മികച്ച ഫലം ലഭിക്കുന്നു എന്നതാണ് ഏറ്റവും പ്രധാനം. ശസ്ത്രക്രിയക്ക് ശേഷം ശരീരത്തില്‍ ഉണ്ടാകുന്ന പാടുകള്‍ കുറയ്ക്കാന്‍ കഴിയും. രോഗികള്‍ക്ക് വളരെ വേഗത്തില്‍ സാധാരണ ജീവിതത്തിലേക്ക് മടങ്ങിയെത്താനും സാധിക്കും. ശസ്ത്രക്രിയയ്ക്ക് ശേഷമുള്ള സങ്കീര്‍ണ്ണതകളും വേദനയും കുറയ്ക്കാനും ഈ സാങ്കേതികവിദ്യ സഹായകരമാണെന്നും അധികൃതര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
റോബോട്ടിക് കാര്‍ഡിയാക് സര്‍ജറി സീനിയര്‍ കണ്‍സള്‍ട്ടന്റ് ഡോ. എം.എം. യൂസഫിന്റെ നേതൃത്വത്തിലുള്ള കാര്‍ഡിയോവാസ്‌കുലാര്‍ തൊറാസിക് സര്‍ജറി വിഭാഗത്തിലെ സര്‍ജിക്കല്‍ ടീമാണ് അപൂര്‍വമായ ഈ ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തിയാക്കിയത്. കാര്‍ഡിയോവാസ്‌കുലാര്‍ തൊറാസിക് സര്‍ജറി സീനിയര്‍ കണ്‍സള്‍ട്ടന്റുമാരായ ഡോ. മനോജ് പി. നായര്‍, ഡോ. ജോര്‍ജ് വര്‍ഗ്ഗീസ് കുര്യന്‍, അസോസിയേറ്റ് കണ്‍സള്‍ട്ടന്റുമാരായ ഡോ. സബിന്‍ സാം, ഡോ. ജിഷ്ണു പള്ളിയാനി, അനസ്‌തേഷ്യോളജി, പെയിന്‍ മെഡിസിന്‍ ആന്‍ഡ് ക്രിട്ടിക്കല്‍ കെയര്‍ സര്‍വീസസ് വിഭാഗത്തിലെ സീനിയര്‍ കണ്‍സള്‍ട്ടന്റ് സുരേഷ് ജി. നായര്‍ എന്നിവരും സംഘത്തില്‍ ഉണ്ടായിരുന്നു.
by Midhun HP News | Sep 12, 2025 | Latest News, കേരളം
തൃശൂര്‍: കേരളത്തില്‍ എയിംസ് സ്ഥാപിക്കാന്‍ ഏറ്റവും അനുയോജ്യം ആലപ്പുഴയെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. കേരളത്തില്‍ എയിംസ് ഫോറന്‍സിക് സയന്‍സ് മെഡിക്കല്‍ ഇന്‍സ്റ്റ്യൂട്ട് തുടങ്ങാന്‍ 2016 മുതല്‍ ശ്രമിക്കുന്നുണ്ടെന്നും സുരേഷ് ഗോപി പ്രതികരിച്ചു. തൃശ്ശൂര്‍ മണ്ഡലത്തില്‍ സംഘടിപ്പിച്ച കലുങ്ക് സൗഹാര്‍ദ വികസന സംവാദത്തില്‍ പുള്ള് പാടത്തെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
എയിംസുമായി ബന്ധപ്പെട്ട കൃത്യമായ പദ്ധതി തന്റെ മനസിലുണ്ട്. കേന്ദ്ര ആരോഗ്യ മന്ത്രി ജെ പി നഡ്ഢയുമായി നിരന്തരം ആശയ വിനിമയം നടത്തുകയും ചെയ്യുന്നുണ്ട്. ആലപ്പുഴയാണ് എയിംസ് ഫോറന്‍സിക് സയന്‍സ് മെഡിക്കല്‍ ഇന്‍സ്റ്റ്യൂട്ട് തുടങ്ങാന്‍ യോഗ്യമായ പ്രദേശം. എന്നാല്‍ സംസ്ഥാന സര്‍ക്കാര്‍ ഇതിന് തയ്യാറല്ല. തൃശൂരില്‍ പദ്ധതി നടപ്പാക്കാനും ആവശ്യപ്പെടും. സംസ്ഥാനത്തിന് താത്പര്യം തിരുവനന്തപുരത്ത് എയിംസ് തുടങ്ങാനാണ്. ചോദിക്കുന്നിടത്ത് സ്ഥലം അനുവദിച്ചില്ലെങ്കില്‍ കേന്ദ്രം മറ്റ് വഴികള്‍ തേടും. കേന്ദ്രമന്ത്രി അമിത് ഷാ ഇക്കാര്യം പരിഗണിക്കുന്നുണ്ട്.
കേന്ദ്രം ചോദിക്കുന്നിടത്ത് സ്ഥലം തന്നില്ലെങ്കില്‍ പദ്ധതി തമിഴ്‌നാട്ടിലേക്ക് നിര്‍ദേശിക്കുമെന്നും സുരേഷ് ഗോപി പറഞ്ഞു. തമിഴ്‌നാട് മുഖ്യമന്ത്രി സ്റ്റാലിനെ വിളിച്ച് പൊള്ളാച്ചിയിലോ കോടാമ്പാക്കത്തോ എയിംസ് സ്ഥാപിക്കാന്‍ നിര്‍ദേശിക്കുമെന്നാണ് സുരേഷ് ഗോപിയുടെ പരാമര്‍ശം. ഇങ്ങോട്ടേക്ക് ആപ്പ് വെക്കുകയാണെങ്കില്‍ തിരിച്ച് ആപ്പ് കൊടുക്കാനും അറിയാമെന്നും സുരേഷ് ഗോപി മുന്നറിയിപ്പ് നല്‍കുന്നു.
by Midhun HP News | Sep 12, 2025 | Latest News, കേരളം
തിരുവനന്തപുരം: വാഹനത്തിലെ ഹസാര്‍ഡ് ലൈറ്റുകളെന്താണെന്നും അവയുടെ ഉപയോഗം എന്താണെന്നും എപ്പോഴൊക്കെയാണ് ഇത് പ്രവര്‍ത്തിപ്പിക്കേണ്ടതെന്നുമൊക്കെ പലര്‍ക്കും ഇപ്പോഴും നിശ്ചയമില്ല. വാഹനത്തിന്റെ നാല് ടേര്‍ണിങ് ഇന്‍ഡിക്കേറ്ററുകളും ഒരുമിച്ച് പ്രവര്‍ത്തിപ്പിക്കുന്നതിനെയാണ് ഹസാര്‍ഡ് വാര്‍ണിങ് ലൈറ്റ് എന്ന് പറയുന്നത്. വാഹനത്തിലെ ഡാഷ് ബോര്‍ഡിലുള്ള ചുവന്ന സ്വിച്ച് (Triangle symbol) ആണ് ഹസാര്‍ഡ് വാര്‍ണിങ് ലൈറ്റിനെ പ്രവര്‍ത്തിപ്പിക്കുന്നത്. എന്നാല്‍ ഇതിന്റെ പ്രാധാന്യം മനസിലാക്കാതെ ദുരുപയോഗം ചെയ്യുന്നവരുടെ എണ്ണം വര്‍ധിച്ച പശ്ചാത്തലത്തില്‍ മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ് കേരള പൊലീസ്.
‘യാത്രയ്ക്കിടെ റോഡില്‍ വാഹനം നിര്‍ത്തേണ്ട അടിയന്തര സാഹചര്യമുണ്ടായാല്‍ മാത്രം പുറകെ വരുന്ന വാഹനങ്ങള്‍ക്ക് സൂചന നല്‍കുന്നതിനാണ് ഹസാര്‍ഡ് വാര്‍ണിങ് ലൈറ്റ് ഉപയോഗിക്കേണ്ടത്. ലൈന്‍ മാറ്റം, തിരിവുകള്‍ തുടങ്ങിയ മറ്റ് അവസരങ്ങളില്‍ ഈ സിഗ്‌നല്‍ ഉപയോഗിക്കുന്നത് പുറകെ വരുന്ന വാഹനങ്ങളിലെ ഡ്രൈവര്‍മാര്‍ക്ക് ആശയക്കുഴപ്പമുണ്ടാക്കും. റോഡുകള്‍ ചേരുന്ന ജംഗ്ഷനുകളില്‍ നേരെ പോകുന്നതിലേക്കായി ചിലര്‍ ഹസാര്‍ഡ് വാര്‍ണിങ് ലൈറ്റ് ഉപയോഗിക്കാറുണ്ട്. അത് തെറ്റായ പ്രവണതയാണ്. തിരക്കുപിടിച്ച റോഡിലൂടെ ഒരു വാഹനത്തിന് പതിയെ പോകേണ്ട സാഹചര്യമുണ്ടായാല്‍ (ഭാരം കയറ്റിയ വാഹനങ്ങള്‍, മറ്റൊരു വാഹനത്തെ കെട്ടിവലിച്ചു കൊണ്ടുപോകുന്ന വാഹനങ്ങള്‍) ഹസാഡ് വാണിങ് പ്രവര്‍ത്തിപ്പിക്കാം.’- കേരള പൊലീസ് ഫെയ്‌സ്ബുക്കില്‍ കുറിച്ചു.
കുറിപ്പ്:
വാഹനത്തിലെ ഹസാര്‍ഡ് ലൈറ്റുകളെന്താണെന്നും അവയുടെ ഉപയോഗം എന്താണെന്നും എപ്പോഴൊക്കെയാണ് ഇത് പ്രവര്‍ത്തിപ്പിക്കേണ്ടതെന്നുമൊക്കെ പലര്‍ക്കും നിശ്ച്ചയമില്ല. വാഹനത്തിന്റെ നാല് ടേര്‍ണിംഗ് ഇന്‍ഡിക്കേറ്ററുകളും ഒരുമിച്ച് പ്രവര്‍ത്തിപ്പിക്കുന്നതിനെയാണ് ഹസാര്‍ഡ് വാര്‍ണിംഗ് ലൈറ്റ് എന്ന് പറയുന്നത്. വാഹനത്തിലെ ഡാഷ് ബോര്‍ഡിലുള്ള ചുവന്ന സ്വിച്ച് (Triangle symbol) ആണ് ഹസാര്‍ഡ് വാര്‍ണിംഗ് ലൈറ്റിനെ പ്രവര്‍ത്തിപ്പിക്കുന്നത്. എന്നാല്‍ നമ്മുടെ പൊതുനിരത്തുകളില്‍ കണ്ടുവരുന്ന തെറ്റിദ്ധാരണയുണ്ടാക്കുന്ന പ്രവണതയാണ് ഹസാര്‍ഡ് വാര്‍ണിംഗ് ലൈറ്റിന്റെ ദുരുപയോഗം.
യാത്രയ്ക്കിടെ റോഡില്‍ വാഹനം നിര്‍ത്തേണ്ട അടിയന്തര സാഹചര്യമുണ്ടായാല്‍ മാത്രം പുറകെ വരുന്ന വാഹനങ്ങള്‍ക്ക് സൂചന നല്‍കുന്നതിനാണ് ഹസാര്‍ഡ് വാര്‍ണിംഗ് ലൈറ്റ് ഉപയോഗിക്കേണ്ടത്. ലൈന്‍ മാറ്റം, തിരിവുകള്‍ തുടങ്ങിയ മറ്റ് അവസരങ്ങളില്‍ ഈ സിഗ്‌നല്‍ ഉപയോഗിക്കുന്നത് പുറകെ വരുന്ന വാഹനങ്ങളിലെ ഡ്രൈവര്‍മാര്‍ക്ക് ആശയക്കുഴപ്പമുണ്ടാക്കും. റോഡുകള്‍ ചേരുന്ന ജംഗ്ഷനുകളില്‍ നേരെ പോകുന്നതിലേക്കായി ചിലര്‍ ഹസാര്‍ഡ് വാര്‍ണിംഗ് ലൈറ്റ് ഉപയോഗിക്കാറുണ്ട്. അത് തെറ്റായ പ്രവണതയാണ്. അതുപോലെ നിരത്തുകളില്‍ ഹസാര്‍ഡ് വാര്‍ണിംഗ് ലൈറ്റ് പ്രവര്‍ത്തിപ്പിച്ച വാഹനത്തെ കണ്ടാല്‍ അത് നിര്‍ത്തിയിട്ടിരിക്കുകയാണെന്ന് മനസിലാക്കി വേണ്ട മുന്‍കരുതലുകള്‍ സ്വീകരിക്കുക.
തിരക്കുപിടിച്ച റോഡിലൂടെ ഒരു വാഹനത്തിന് പതിയെ പോകേണ്ട സാഹചര്യമുണ്ടായാല്‍ (ഭാരം കയറ്റിയ വാഹനങ്ങള്‍, മറ്റൊരു വാഹനത്തെ കെട്ടിവലിച്ചു കൊണ്ടുപോകുന്ന വാഹനങ്ങള്‍) ഹസാഡ് വാണിങ്ങ് പ്രവര്‍ത്തിപ്പിക്കാം. മോട്ടോര്‍ വാഹന നിയമപ്രകാരം വാഹനം ഓടിക്കുമ്പോള്‍ ഒരിക്കലും ഹസാഡ് ലൈറ്റ് പ്രവര്‍ത്തിപ്പിക്കരുത് അല്ലെങ്കില്‍ നിങ്ങളുടെ വാഹനംകെട്ടി വലിച്ചുകൊണ്ടു പോകുകയായിരിക്കണം. അതുപോലെ തന്നെ മഴയുള്ളപ്പോഴും, മൂടല്‍ മഞ്ഞുള്ളപ്പോഴും ഹസാഡ് പ്രവര്‍ത്തിപ്പിക്കരുത്.
by Midhun HP News | Sep 12, 2025 | Latest News, ജില്ലാ വാർത്ത
ന്യൂഡല്‍ഹി: 2024-25 സാമ്പത്തിക വര്‍ഷത്തെ ആദായ നികുതി റിട്ടേണ്‍ ഫയല്‍ ചെയ്യുന്നതിനുള്ള അവസാന തീയതി സെപ്റ്റംബര്‍ 15 ആണ്. നേരത്തെ ജൂലൈ 31 ആയിരുന്നത് വിവിധ കാരണങ്ങളാല്‍ നീട്ടുകയായിരുന്നു. പുതുക്കിയ സമയപരിധി അവസാനിക്കാന്‍ ദിവസങ്ങള്‍ മാത്രം ശേഷിക്കേ, നിരവധി കാരണങ്ങള്‍ ചൂണ്ടിക്കാട്ടി സമയപരിധി നീട്ടണമെന്ന ആവശ്യം വിവിധ കോണുകളില്‍ നിന്ന് ഉയരുന്നുണ്ട്.
ആദായനികുതി പോര്‍ട്ടലിലെ തകരാറുകള്‍, ഐടിആര്‍ പ്രോസസ്സിങ്ങിലെ കാലതാമസം, റീഫണ്ട് സ്റ്റാറ്റസ് അപ്ഡേറ്റുകളിലെ പ്രശ്നങ്ങള്‍ എന്നിവ ചൂണ്ടിക്കാട്ടി നിരവധി നികുതിദായകരും ചാര്‍ട്ടേഡ് അക്കൗണ്ടന്റുമാരുമാണ് സമയപരിധി നീട്ടണമെന്ന് ആവശ്യപ്പെടുന്നത്. കൂടുതല്‍ സമയം അനുവദിച്ചില്ലെങ്കില്‍ പലരും തെറ്റായ റിട്ടേണുകള്‍ ഫയല്‍ ചെയ്യാന്‍ സാധ്യതയുണ്ടെന്നും അവര്‍ വാദിക്കുന്നു.
ഇതുവരെ, 5.30 കോടിയിലധികം ഐടിആറുകള്‍ ഫയല്‍ ചെയ്തിട്ടുണ്ട്. അവസാന തീയതി വീണ്ടും നീട്ടുന്നതിനെക്കുറിച്ച് ആദായനികുതി വകുപ്പ് ഔദ്യോഗിക പ്രസ്താവനയൊന്നും പുറപ്പെടുവിച്ചിട്ടില്ല. ഈ വര്‍ഷം സര്‍ക്കാര്‍ ഇനിയും സമയപരിധി നീട്ടാന്‍ സാധ്യതയില്ലെന്നാണ് വിദഗ്ദ്ധര്‍ പറയുന്നത്. നിശ്ചിത സമയത്തിനകം ഐടിആര്‍ ഫയല്‍ ചെയ്തില്ലായെങ്കില്‍ ആദായനികുതി നിയമത്തിലെ സെക്ഷന്‍ 234എഫ് പ്രകാരമുള്ള പിഴകള്‍ക്ക് കാരണമാകും. കൂടാതെ റിട്ടേണ്‍ വൈകി സമര്‍പ്പിച്ചാല്‍ റീഫണ്ടുകളും വൈകിയേക്കാം.
Recent Comments