‘ആ വേര്‍തിരിവ് വേണ്ട’, ഹോസ്റ്റല്‍ ഡൈനിങ് ഹാളില്‍ വെജ് – നോണ്‍ വെജ് സീറ്റുകള്‍ അനുവദിക്കില്ലെന്ന് ഖരഗ്പൂര്‍ ഐഐടി

‘ആ വേര്‍തിരിവ് വേണ്ട’, ഹോസ്റ്റല്‍ ഡൈനിങ് ഹാളില്‍ വെജ് – നോണ്‍ വെജ് സീറ്റുകള്‍ അനുവദിക്കില്ലെന്ന് ഖരഗ്പൂര്‍ ഐഐടി

കൊല്‍ക്കത്ത: കോളജ് ഹോസ്റ്റലിലെ ഡൈനിങ് ഹാളില്‍ നടപ്പാക്കിയ വെജ്, നോണ്‍ വെജ് വിവേചനം അവസാനിപ്പിച്ച് ഖരഗ്പൂര്‍ ഐഐടി. ക്യാംപസിലെ ബി ആര്‍ അംബേദ്കര്‍ ഹോസ്റ്റലില്‍ നടപ്പാക്കിയ നിര്‍ദേശമാണ് പിന്‍വലിച്ചത്. അധികൃതര്‍ അറിയാതെയാണെന്ന് ഇത്തരം ഒരു നടപടി ഉണ്ടായതെന്ന് ഐഐടി ഡയറക്ടര്‍ സുമന്‍ ചക്രബര്‍ത്തി അറിയിച്ചു. വേര്‍തിരിവിന് ഏതിരെ വ്യാപക വിമര്‍ശനം ഉയര്‍ന്ന പശ്ചാത്തലത്തിലാണ് നടപടി.

ഡൈനിങ് ഹാളില്‍ വിദ്യാര്‍ത്ഥികളുടെ ഭക്ഷണ ശീലം അനുസരിച്ച് വേര്‍തിരിക്കുന്ന തരത്തിലുള്ള ഒരു നിയന്ത്രണങ്ങളും പാടില്ല. അത്തരം വേര്‍തിരിവുകള്‍ പ്രഖ്യാപിച്ചിട്ടുണ്ടെങ്കില്‍ അത് ഉടനടി പിന്‍വലിക്കണം എന്ന് നിര്‍ദേശിച്ചതായും ഐഐടി ഡയറക്ടര്‍ വ്യക്തമാക്കുന്നു. ഉന്നതമായ അക്കാദമിക് സ്ഥാപനത്തില്‍ വ്യക്തിയുടെ ഭക്ഷണ താത്പര്യങ്ങള്‍ അനുസരിച്ച് വേര്‍തിരിവ് ഏര്‍പ്പെടുത്തുന്നത് അംഗീകരിക്കാനാകില്ലെന്നും സെപ്റ്റംബര്‍ 8 ന് പുറത്തിറക്കിയ നോട്ടീസ് വ്യക്തമാക്കുന്നു. ഹോസ്റ്റലിലെ വിദ്യാര്‍ഥികള്‍ക്കുള്ള ഭക്ഷണം തയ്യാറാക്കുമ്പോഴും വിതരണം ചെയ്യുമ്പോഴും പ്രത്യക സൗകര്യങ്ങള്‍ ഏര്‍പ്പെടുത്താം. എന്നാല്‍ ഭക്ഷണം കഴിക്കുന്ന ഹാളില്‍ പ്രത്യേക ഇരിപ്പിടങ്ങള്‍ സജ്ജമാക്കരുതെന്നും ഹോസ്റ്റല്‍ വാര്‍ഡന്‍മാര്‍ക്ക് നല്‍കിയ നോട്ടീസില്‍ ഐഐടി അധികൃതര്‍ വ്യക്തമാക്കുന്നു.

ഖരഗ്പൂര്‍ ഐഐടിയിലെ ബി ആര്‍ അംബേദ്കര്‍ ഹോസ്റ്റലില്‍ ഓഗസ്റ്റ് 16 നാണ് ഭക്ഷണ ശീലത്തിന് അനുസരിച്ച് ഇരിപ്പിടങ്ങള്‍ തയ്യാറാന്‍ ശ്രമം നടന്നത്. ഇതിനെതിരെ വ്യാപക വിമര്‍ശനം ഉയര്‍ന്നിരുന്നു. എന്നാല്‍ സസ്യാഹാരികളായ ഒരു വിഭാഗം ഇതിനെതിരെ രംഗത്തെത്തുകയും ചെയ്തിരുന്നു. ഡൈനിംഗ് ഹാളില്‍ വെജിറ്റേറിയന്‍, നോണ്‍ വെജിറ്റേറിയന്‍ ഭക്ഷണങ്ങള്‍ വേര്‍തിരിക്കണമെന്നായിരുന്നു ഇവരുടെ ആവശ്യം.

സരോവരം വിജില്‍ തിരോധാനത്തില്‍ നിര്‍ണായക വഴിത്തിരിവ്; ചതുപ്പില്‍ നിന്നും മൃതദേഹാവശിഷ്ടങ്ങള്‍ ലഭിച്ചു

സരോവരം വിജില്‍ തിരോധാനത്തില്‍ നിര്‍ണായക വഴിത്തിരിവ്; ചതുപ്പില്‍ നിന്നും മൃതദേഹാവശിഷ്ടങ്ങള്‍ ലഭിച്ചു

കോഴിക്കോട്: കോഴിക്കോട് വെസ്റ്റ് ഹില്‍ സ്വദേശി വിജിലിന്റെ തിരോധാനത്തില്‍ നിര്‍ണായക വഴിത്തിരിവ്. വിജിലിന്റെ മൃതദേഹാവശിഷ്ടങ്ങള്‍ സരോവരത്തെ ചതുപ്പില്‍ നിന്നും കണ്ടെടുത്തു. മൃതദേഹം കെട്ടിത്താഴ്ത്തിയ കല്ലുകളും കണ്ടെത്തിയിട്ടുണ്ട്. വിജിലിന്റെ മൃതദേഹം പ്രദേശത്തെ ചതുപ്പില്‍ കല്ലില്‍ കെട്ടിതാഴ്ത്തിയെന്നായിരുന്നു സുഹൃത്തുക്കള്‍ പൊലീസിനോട് വെളിപ്പെടുത്തിയിരുന്നത്.

2019 മാര്‍ച്ച് 24 നാണ് വിജിലിനെ കാണാതാകുന്നത്. അന്നേദിവസം വിജില്‍ സുഹൃത്തുക്കളായ നിഖില്‍, ദീപേഷ്, രഞ്ജിത്ത് എന്നിവര്‍ക്കൊപ്പം സരോവരത്തെ സ്ഥലത്തെത്തിയിരുന്നു. അവര്‍ സ്ഥിരമായി ലഹരി ഉപയോഗിക്കുന്ന സ്ഥലമാണിത്. ഇവിടെ വെച്ച് ഇവര്‍ നാലുപേരും ചേര്‍ന്ന് എംഡിഎംഎ കുത്തിവെച്ചു. ഇതിനുശേഷം സ്ഥലത്ത് തളര്‍ന്നു കിടന്ന് ഉറങ്ങിയെന്നാണ് സുഹൃത്തുക്കള്‍ പൊലീസിനോട് പറഞ്ഞത്.

പിന്നീട് ഉണര്‍ന്നപ്പോള്‍ വിജില്‍ മാത്രം എഴുന്നേറ്റില്ല. തുടര്‍ന്ന് പരിശോധിച്ചപ്പോള്‍ വിജില്‍ മരിച്ചതായി മനസ്സിലാക്കി. പരിഭ്രമിച്ച് അവിടെ നിന്നും സ്ഥലംവിട്ടു. പിന്നീട് രണ്ടു ദിവസത്തിന് ശേഷം വീണ്ടും അവിടെയെത്തുകയും വിജിലിന്റെ മൃതദേഹം സ്ഥലത്തു ത്‌നനെ കെട്ടിത്താഴ്ത്തുകയും ചെയ്തുവെന്നാണ് പൊലീസിന്റെ പിടിയിലായ സുഹൃത്തുക്കള്‍ വെളിപ്പെടുത്തിയത്. ഇവരുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് പ്രദേശത്ത് പൊലീസ് തിരച്ചില്‍ ആരംഭിച്ചത്.

കഴിഞ്ഞ മാസം തുടങ്ങിയ തിരച്ചിലിനൊടുവിലാണ് മൃതദേഹാവശിഷ്ടങ്ങള്‍ ലഭിച്ചത്. കനത്ത മഴയെത്തുടര്‍ന്ന് ഏതാനും ദിവസങ്ങള്‍ പരിശോധന നിര്‍ത്തിവെച്ചിരുന്നു. പ്രദേശത്തെ വെള്ളക്കെട്ടാണ് തിരച്ചിലിന് പ്രതിബന്ധമായത്. കഴിഞ്ഞ ദിവസം പ്രതികളെ കസ്റ്റഡിയില്‍ വാങ്ങി നടത്തിയ തിരച്ചിലിലാണ് മൃതദേഹാവശിഷ്ടങ്ങള്‍ ലഭിക്കുന്നത്. കഴിഞ്ഞദിവസം വിജിലിന്റേതെന്ന് സംശയിക്കുന്ന ഷൂ ലഭിച്ചിരുന്നു. ലഭിച്ച മൃതദേഹാവശിഷ്ടങ്ങള്‍ വിജിലിന്റേതാണോ എന്നുറപ്പിക്കാന്‍ ഡിഎന്‍എ പരിശോധനയ്ക്ക് അയക്കുമെന്ന് പൊലീസ് സൂചിപ്പിച്ചു.

ഹൃദയവുമായി പാഞ്ഞ് നമ്മ മെട്രോ; പുതുജീവന്‍; അവയവ കൈമാറ്റം ഇതുരണ്ടാം തവണ

ബംഗളൂരു: ബംഗളൂരുവിലെ ഗതാഗതക്കുരുക്ക് ജീവന്‍ രക്ഷിക്കാന്‍ അവര്‍ക്ക് തടസമായില്ല. ആശുപത്രിയില്‍ ശസ്ത്രക്രിയക്കായി ഹൃദയം യഥാസമയം എത്തിക്കുന്നതിന് അവര്‍ക്ക് തുണയായത് നമ്മ മെട്രോയാണ്. നേരത്തെ നഗരത്തിലെ ഗതാഗതക്കുരുക്കിനെ മറികടന്ന് ഒരാശുപത്രിയില്‍ നിന്ന് മറ്റൊരു ആശുപത്രിയിലേക്ക് കരള്‍ എത്തിച്ച് മെട്രോ ചരിത്രം സൃഷ്ടിച്ചിരുന്നു.

സെപ്റ്റംബര്‍ 11 രാത്രിയാണ്, ശസ്ത്രക്രിയയ്ക്ക് ആവശ്യമായ ഹൃദയം യശ്വന്ത്പുരില്‍ നിന്ന് സൗത്ത് എന്‍ഡ് സര്‍ക്കിളിലുള്ള അപ്പോളോ ആശുപത്രിയില്‍ വെറും 20 മിനിറ്റിനുള്ളില്‍ എത്തിച്ചത്. ഈ കരുതല്‍ യാത്ര ഏകോപനത്തിന്റെയും സംഘാടനത്തിന്റെയും മികച്ച മാതൃകയായി. മെട്രോ കോച്ചില്‍ സുരക്ഷാ ജീവനക്കാരും ആവശ്യമായ ഡോക്ടര്‍മാരും ഉണ്ടായിരുന്നു.

യശ്വന്ത്പുരിലെ സ്പര്‍ശ് ആശുപത്രിയില്‍ നിന്ന് ഹൃദയം ആംബുലന്‍സില്‍ യശ്വന്ത്പൂര്‍ മെട്രോ സ്റ്റേഷനില്‍ എത്തിച്ചു. അവിടെ നിന്ന് മെട്രോയില്‍ യാത്ര തുടര്‍ന്നു. സൗത്ത് എന്‍ഡ് സര്‍ക്കിള്‍ സ്റ്റേഷനില്‍ ഇറക്കിയ ശേഷം, മറ്റൊരു ആംബുലന്‍സില്‍ അപ്പോളോ ആശുപത്രിയില്‍ എത്തിച്ചു. അത്യാഹിത ഘട്ടങ്ങളില്‍ പൊതുഗതാഗതം ഉപയോഗിച്ച് എങ്ങനെ ജീവന്‍ രക്ഷാ പ്രവര്‍ത്തനത്തിന് ഉപയോഗിക്കാമെന്നത് നമ്മ മെട്രോ വീണ്ടും തെളിയിച്ചിരിക്കുകയാണ്. ബംഗളൂരു നഗരത്തില്‍ ഗതാഗതക്കുരുക്ക് രൂക്ഷമായ സമയമായതുകൊണ്ടാണ് ഹൃദയം കൊണ്ടുപോകാന്‍ ആശുപത്രി അധികൃതര്‍ മെട്രോ യാത്ര തെരഞ്ഞെടുത്തത്.

തൃശൂരില്‍ സിപിഎമ്മിനെ കുരുക്കി ഡിവൈഎഫ്‌ഐ നേതാവിന്റെ ശബ്ദരേഖ

തൃശൂരില്‍ സിപിഎമ്മിനെ കുരുക്കി ഡിവൈഎഫ്‌ഐ നേതാവിന്റെ ശബ്ദരേഖ

തൃശൂര്‍: സിപിഎം നേതാക്കള്‍ക്കെതിരെ ഗുരുതര ആരോപണവുമായി ഡിവൈഎഫ്‌ഐ തൃശൂര്‍ ജില്ലാ സെക്രട്ടറി ശരത് പ്രസാദ്. പിരിവ് നടത്തിയാല്‍ ഏരിയാ സെക്രട്ടറിക്ക് പതിനായിരം രൂപ കിട്ടുമെന്നും പാര്‍ട്ടി ജില്ലാ കമ്മറ്റിയില്‍ എത്തിയാല്‍ ഒരുലക്ഷം രൂപവരെയാകുമെന്നും പറയുന്ന ഓഡിയോ സന്ദേശമാണ് പുറത്തുവന്നത്. ഡിവൈഎഫ്‌ഐ ജില്ലാ കമ്മിറ്റി അംഗവും സിപിഎം മണ്ണൂത്തി ഏരിയാ കമ്മിറ്റി അംഗവുമായ നിബിന്‍ ശ്രിനിവാസനോട് പറഞ്ഞ കാര്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്.

‘സിപിഐമ്മിന്റെ ജില്ലാ ലീഡര്‍ഷിപ്പിലുള്ള ആര്‍ക്കും സാമ്പത്തിക പ്രശ്‌നങ്ങളില്ല. പാര്‍ട്ടിയില്‍ ഒരുഘട്ടം കഴിഞ്ഞാല്‍ അവരുടെ ലെവല്‍ മാറും. ഞാന്‍ എസ്എഫ്‌ഐ ഏരിയാ സെക്രട്ടറിയായപ്പോള്‍ പിരിവ് നടത്തിയാല്‍ മാക്‌സിമം അയ്യായിരം കിട്ടുമായിരുന്നു. ജില്ലാ ഭാരവാഹിയായാല്‍ അത് ഇരുപത്തി അയ്യായിരമാകും. അത് ഒരു ലക്ഷമാകും. അവരൊക്കെ അവരുവരുടെ കാര്യം നോക്കാന്‍ നല്ല മിടുക്കന്‍മാരാണ്. കണ്ണേട്ടന് ഒക്കെ കോടാനുകോടികളുടെ സ്വത്തുണ്ട്. തൃശൂരില്‍ കപ്പലണ്ടി കച്ചവടം നടത്തിയ ആളാണ് ഇന്നുകാണുന്ന കോടികളുടെ സ്വത്ത് ഉണ്ടാക്കിയത്’- പുറത്തുവന്ന ശബ്ദരേഖയില്‍ പറയുന്നു. മുന്‍ മന്ത്രി എസി മൊയ്തീന്റെയും വര്‍ഗീസ് കണ്ടംകുളത്തിയുടെ പേര് ശബ്ദരേഖയിലുണ്ട്. എസി മൊയ്തീന് അപ്പര്‍ ക്ലാസ് ഡീല്‍ ആണെന്നാണ് പറയുന്നത്.

സിപിഎം നേതാക്കളുടെ സാമ്പത്തിക ഇടപാടുകളെ കുറിച്ചാണ് ശബ്ദരേഖയില്‍ പറയുന്നത്. കഴിഞ്ഞ ദിവസം സഹകരണസംഘങ്ങളിലെ അഴിമതിയെ കുറിച്ച് സംസാരിച്ചതിന്റെ ഭാഗമായി നിബിനെ ഏരിയാ കമ്മിറ്റിയില്‍ തരംതാഴ്ത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ഡിവൈഎഫ്‌ഐ ജില്ലാ ഭാരവാഹിയുടെ ശബ്ദരേഖ പുറത്തുവന്നത്. നിബിനും ശരത് പ്രസാദും തമ്മിലുള്ള സംഭാഷണമാണ് പുറത്തുവന്നത്.

തവനൂര്‍ സെന്‍ട്രല്‍ ജയിലിലെ ജയിലര്‍ തൂങ്ങിമരിച്ച നിലയില്‍

തവനൂര്‍ സെന്‍ട്രല്‍ ജയിലിലെ ജയിലര്‍ തൂങ്ങിമരിച്ച നിലയില്‍

മലപ്പുറം: തവനൂര്‍ സെന്‍ട്രല്‍ ജയില്‍ ഉദ്യോഗസ്ഥനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. അസിസ്റ്റന്റ് പ്രിസണ്‍ ഓഫീസര്‍ പാലക്കാട് ചിറ്റൂര്‍ സ്വദേശി എസ് ബര്‍സത്തിനെയാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്. 29 വയസ്സായിരുന്നു. ജയിലിന് സമീപത്തെ ക്വാട്ടേഴ്സില്‍ തൂങ്ങിമരിച്ച നിലയിലായിരുന്നു മൃതദേഹം.

ഏഴുമാസം മുമ്പാണ് ഇദ്ദേഹം തവനൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് സ്ഥലംമാറിയെത്തിയത്. വ്യാഴാഴ്ച പകല്‍ ഡ്യൂട്ടിയായിരുന്നു. ഇതിനു ശേഷം ജയിലിന് സമീപത്തുള്ള ക്വാട്ടേഴ്സിലേക്ക് പോകുകയായിരുന്നു. പിറ്റേന്ന് രാവിലെ ജോലിക്ക് എത്താത്തതിനെ തുടര്‍ന്ന് സഹപ്രവര്‍ത്തകര്‍ അന്വേഷിച്ച് എത്തിയപ്പോഴാണ്് തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തിയത്. തൂങ്ങി മരണത്തിന്റെ കാരണം എന്താണെന്നറിയില്ല. പൊലീസ് അന്വേഷണം ആരംഭിച്ചു.