by Midhun HP News | Sep 12, 2025 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഇനി എമിഗ്രേഷൻ ക്ലിയറൻസ് 30 സെക്കൻഡിനുള്ളിൽ. നൂതന സംവിധാനം കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ ഉദ്ഘാടനം ചെയ്തു. കേരളത്തിൽ തിരുവനന്തപുരം, കൊച്ചി, കരിപ്പൂർ വിമാനത്താവളങ്ങളിൽ ഇ -ഗേറ്റ്സ് സൗകര്യം ലഭ്യം
കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള ബ്യൂറോ ഓഫ് എമിഗ്രേഷൻ നടപ്പിലാക്കുന്ന ‘ഫാസ്റ്റ് ട്രാക്ക് എമിഗ്രേഷൻ – ട്രസ്റ്റഡ് ട്രാവലർ പ്രോഗ്രാം (FTI-TTP) തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിലും സജ്ജമായി. നൂതന സംവിധാനം കേന്ദ്ര ആഭ്യന്തര, സഹകരണ മന്ത്രി ശ്രീ അമിത് ഷാ വെർച്വലായി ഉദ്ഘാടനം ചെയ്തു. പദ്ധതി യാത്രക്കാരുടെ സൗകര്യം വർദ്ധിപ്പിക്കുക മാത്രമല്ല, രാജ്യത്ത് സംഭവിക്കുന്ന മാറ്റങ്ങളെ അവർക്ക് പരിചയപ്പെടുത്താനുള്ള അവസരവും നൽകുന്നുവെന്ന് അമിത് ഷാ ചടങ്ങിൽ സംസാരിക്കവേ പറഞ്ഞു. പരമാവധി ആളുകൾക്ക് ഈ പരിപാടിയുടെ പ്രയോജനം ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ എല്ലാ സാങ്കേതിക സാധ്യതകളും പരിശോധിക്കണമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി കൂട്ടിച്ചേർത്തു. ഈ നേട്ടം കൈവരിക്കുന്നതിനായി, പാസ്‌പോർട്ടുകളും OCI കാർഡുകളും നൽകുന്ന സമയത്തു തന്നെ രജിസ്ട്രേഷൻ സാധ്യമാക്കാൻ ശ്രമിക്കണമെന്നും അദ്ദേഹം വ്യക്തമാക്കി. ഇനി എമിഗ്രേഷൻ ക്ലിയറൻസ് 30 സെക്കൻഡിനുള്ളിൽ സാധ്യമാകും.
തിരുവനന്തപുരത്തിനു പുറമെ കോഴിക്കോട്, ലഖ്‌നൗ, തിരുച്ചി, അമൃത്സർ എന്നിവിടങ്ങളിലും ഇന്ന് ഫാസ്റ്റ് ട്രാക്ക് ഇമിഗ്രേഷൻ – ട്രസ്റ്റഡ് ട്രാവലർ പ്രോഗ്രാമിന് കേന്ദ്ര മന്ത്രി തുടക്കം കുറിച്ചു. ഇ-ഗേറ്റ്സ് സൗകര്യം കൊച്ചി, ഡൽഹി, മുംബൈ, അഹമ്മദാബാദ്, കൊൽക്കത്ത, ചെന്നൈ, ബെംഗളൂരു, ഹൈദരാബാദ്, തുടങ്ങിയ എട്ട് വിമാനത്താവളങ്ങളിലും ഇതിനകം ലഭ്യമാണ്.
ഉദ്ഘാടനത്തോടനുബന്ധിച്ച് തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിൽ നടന്ന ചടങ്ങിൽ അരവിന്ദ് മേനോൻ ഐപിഎസ്, ഫോറിനേഴ്‌സ് റീജിയണൽ രജിസ്ട്രേഷൻ ഓഫീസ്, തിരുവനന്തപുരം വിമാനത്താവളത്തിലെ ചീഫ് എയർപോർട്ട് ഓഫീസർ രാഹുൽ ഭട്കോട്ടി എന്നിവർ സംസാരിച്ചു. ഐജി ശ്യാം സുന്ദർ ഐപിഎസ്, ഡിഐജി നിശാന്തിനി ഐപിഎസ് എന്നിവരും മറ്റ് ഉന്നത പൊലീസ് ഉദ്യോഗസ്ഥരും പങ്കെടുത്തു.
https://ftittp.mha.gov.in എന്ന ഓൺലൈൻ പോർട്ടൽ വഴിയാണ് FTI-TTP നടപ്പിലാക്കിയിരിക്കുന്നത്. ഈ പ്രോഗ്രാമിൽ ചേരുന്നതിന്, അപേക്ഷകർ അവരുടെ വിശദാംശങ്ങൾ പൂരിപ്പിച്ച് ആവശ്യമായ രേഖകൾ അപ്‌ലോഡ് ചെയ്തുകൊണ്ട് പോർട്ടലിൽ ഓൺലൈനായി രജിസ്റ്റർ ചെയ്യണം. രജിസ്റ്റർ ചെയ്ത അപേക്ഷകരുടെ ബയോമെട്രിക്സ് ഫോറിനേഴ്‌സ് റീജിയണൽ രജിസ്ട്രേഷൻ ഓഫീസിലോ (FRRO) അല്ലെങ്കിൽ വിമാനത്താവളം വഴി യാത്ര ചെയ്യുമ്പോഴോ ശേഖരിക്കും.
രജിസ്റ്റർ ചെയ്ത യാത്രക്കാർ എയർലൈൻ നൽകുന്ന ബോർഡിംഗ് പാസ് ഇ-ഗേറ്റിൽ സ്കാൻ ചെയ്യേണ്ടതുണ്ട്; ഒപ്പം പാസ്‌പോർട്ടും സ്കാൻ ചെയ്യണം. ആഗമനം, പുറപ്പെടൽ പോയിന്റുകളിൽ സ്ഥാപിച്ചിട്ടുള്ള ഇ-ഗേറ്റുകളിൽ യാത്രക്കാരന്റെ ബയോമെട്രിക്സ് പരിശോധിക്കും. പരിശോധന വിജയകരമായ ശേഷം, ഇ-ഗേറ്റ് യാന്ത്രികമായി തുറക്കുകയും എമിഗ്രേഷൻ ക്ലിയറൻസ് നൽകപ്പെടുകയും ചെയ്യുന്നു.
by Midhun HP News | Sep 12, 2025 | Latest News, ജില്ലാ വാർത്ത
ഓൾ ഇന്ത്യ ഫിലിം ഫെസ്റ്റിവലിൽ ചായമൻസ – അത്ഭുതങ്ങളുടെ മായൻ മികച്ച ഡോക്യുമെൻ്ററി ചിത്രത്തിനുള്ള പുരസ്കാരം നേടി. ആസാമിലെ ഗുവഹാത്തി ആസ്ഥാനമായ സിനിമാറ്റിക് ബ്രില്യൻസ് ഫിലിം അവാർഡിലാണ് (എ ഐ എഫ് എഫ്) മികച്ച ഡോക്യുമെൻ്ററിക്കുള്ള പുരസ്കാരം. പരിസ്ഥിതിവിഷയവുമായി ബന്ധപ്പെട്ട ഈ ഡോക്യുമെൻ്ററി
ചായമൻസ എന്ന സസ്യത്തിൻ്റെ പ്രത്യേകതളെകുറിച്ചുള്ളതാണ്.
എഴുത്തുകാരനും പത്രപ്രവർത്തകനുമായിരുന്ന സുനിൽ കൊടുവഴന്നൂരിൻ്റെ ആശയത്തിന് കവയിത്രി ബിന്ദു നന്ദനയാണ് സ്ക്രിപ്റ്റ് തയ്യാറാക്കി ഡോക്യുമെൻ്ററി സംവിധാനം ചെയ്തിരിക്കുന്നത്. ഗ്രീൻ ആപ്പിൾ ക്രിയേഷൻസിൻ്റെ ബാനറിൽ അക്ഷയനിധി,ബൈജു എസ് നായർ എന്നിവർ ചേർന്നാണ് ഡോക്യുമെൻ്ററി നിർമ്മിച്ചിരിക്കുന്നത്. എരുവ അനൂപ് എഡിറ്റിംഗ്, സങ്കേതിക സഹായം ആര്യൻ എസ് ബി നായർ, നിർമ്മാണ നിർവ്വഹണം ബി മുരളീധരൻ നായർ എന്നിവരാണ്.
by Midhun HP News | Sep 12, 2025 | Latest News, കേരളം
കൊച്ചി: കോര്‍പ്പറേഷന്‍ മുന്‍ കൗണ്‍സിലര്‍ ഗ്രേസി ജോസഫിന് കുത്തേറ്റു. ശരീരത്തില്‍ മൂന്ന് തവണ കുത്തേറ്റ ഗ്രേസിയെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മകനാണ് ഗ്രേസിയെ കുത്തി പരിക്കേല്‍പ്പിച്ചത്. ഗ്രേസിയുടെ ആരോഗ്യനില തൃപ്തികരമാണ്.
ഇന്നലെ രാത്രി 8 മണിയോടെയായിരുന്നു സംഭവം. കലൂരില്‍ ഗ്രേസി നടത്തിയിരുന്ന കടയില്‍ എത്തിയാണ് മകന്‍ ആക്രമിച്ചത്. മകനും ഗ്രേസിയുമായി വാക്കുതര്‍ക്കമുണ്ടായതായാണ് വിവരം. തര്‍ക്കത്തിനൊടുവില്‍ കത്തി കൊണ്ട് ഗ്രേസിയെ കുത്തുകയായിരുന്നു.
ഗ്രേസിയെ ആക്രമിച്ചതിന് ശേഷം മകന്‍ സംഭവസ്ഥലത്ത് നിന്ന് ഓടിരക്ഷപ്പെട്ടതായി പൊലീസ് അറിയിച്ചു. 2015-2020 കാലഘട്ടത്തില്‍ കതൃക്കടവ് ഡിവിഷനില്‍ നിന്നുള്ള കോണ്‍ഗ്രസ് കൗണ്‍സിലറായിരുന്നു ഗ്രേസി ജോസഫ്. സംഭവത്തില്‍ എറണാകുളം ടൗണ്‍ നോര്‍ത്ത് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
by Midhun HP News | Sep 12, 2025 | Latest News, കേരളം
പത്തനംതിട്ട: എഡിജിപി എം ആര്‍ അജിത് കുമാറിന്റെ ശബരിമലയിലെ വിവാദ ട്രാക്ടര്‍ യാത്ര മേലുദ്യോഗസ്ഥര്‍ക്ക് റിപ്പോര്‍ട്ട് ചെയ്തുവെന്ന സംശയത്തില്‍ പൊലീസ് ഉദ്യോഗസ്ഥന് സ്ഥലംമാറ്റം. പത്തനംതിട്ടയിലെ സ്റ്റേറ്റ് സ്‌പെഷല്‍ ബ്രാഞ്ച് ഡിവൈഎസ്പി ആര്‍ ജോസിനെയാണ് സ്ഥലംമാറ്റിയത്. ആലുവ റൂറല്‍ ഡിസിആര്‍പിയിലേക്കാണ് മാറ്റിയത്.
വിരമിക്കാന്‍ എട്ടുമാസം മാത്രം ശേഷിക്കെയാണ് സ്ഥലംമാറ്റം. ട്രാക്ടര്‍ യാത്ര ചോര്‍ത്തിയതിന് അജിത് കുമാറിന്റെ പ്രതികാര നടപടിയാണിതെന്നും ആരോപണം ഉയര്‍ന്നിട്ടുണ്ട്. നവഗ്രഹപൂജക്കാലത്താണ് എഡിജിപി എം ആര്‍ അജിത്കുമാര്‍ പമ്പയില്‍ നിന്ന് സന്നിധാനത്തേക്ക് ട്രാക്ടറില്‍ യാത്രചെയ്തത്. പമ്പയില്‍ നിന്നും ശബരിമല സന്നിധാനത്തേക്കും തിരിച്ചുമായിരുന്നു ട്രാക്ടര്‍ യാത്ര.
പമ്പ- സന്നിധാനം റൂട്ടില്‍ ചരക്കു നീക്കത്തിനു മാത്രമേ ട്രാക്ടര്‍ ഉപയോഗിക്കാവൂ എന്നും ഡ്രൈവര്‍ അല്ലാതെ മറ്റാരും വാഹനത്തില്‍ ഉണ്ടാകാന്‍ പാടില്ലെന്നും ഹൈക്കോടതി ഉത്തരവുണ്ട്. ഈ ഉത്തരവ് ലംഘിച്ചുകൊണ്ടായിരുന്നു അജിത് കുമാറിന്റെ ട്രാക്ടര്‍ യാത്ര. ട്രാക്ടര്‍ യാത്രയുടെ ദൃശ്യങ്ങള്‍ സഹിതം മാധ്യമങ്ങളില്‍ വാര്‍ത്തയായതോടെ സംഭവം വിവാദമായിരുന്നു.
പൊലീസിലെ ഉന്നത ഉദ്യോഗസ്ഥര്‍ക്കിടയിലെ ചേരിപ്പോരാണ് ട്രാക്ടര്‍യാത്രയുടെ വിവരങ്ങള്‍ ചോരാന്‍ കാരണമായതെന്നും ആക്ഷേപം ഉയര്‍ന്നിരുന്നു. സംഭവത്തില്‍ ഹൈക്കോടതി കടുത്ത അതൃപ്തി രേഖപ്പെടുത്തിയിരുന്നു. ട്രാക്ടര്‍ യാത്രയില്‍ ഹൈക്കോടതി അജിത് കുമാറിനെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിക്കുകയും ചെയ്തിരുന്നു.
by Midhun HP News | Sep 12, 2025 | Latest News, ദേശീയ വാർത്ത
ഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ 75-ാം ജന്മദിനം വന്‍ ആഘോഷമാക്കാനൊരുങ്ങി ബിജെപി. ഈ മാസം 17-നാണ് മോദിയുടെ ജന്മദിനം. ‘സ്വദേശി’, ‘ആത്മനിര്‍ഭര്‍ ഭാരത്’ എന്നീ പ്രമേയങ്ങളിലൂന്നി രണ്ടാഴ്ച നീളുന്ന പരിപാടിയാണ് ബിജെപി കേന്ദ്രനേതൃത്വം ലക്ഷ്യമിടുന്നത്. 17-ന് ആരംഭിച്ച് ഗാന്ധിജയന്തി ദിനമായ ഒക്ടോബര്‍ രണ്ട് വരെ നീളുന്ന പരിപാടികളാണ് ആസൂത്രണം ചെയ്തിട്ടുള്ളത്.
‘സേവ പഖ്വാഡ’ എന്ന പേരിലായിരിക്കും പരിപാടി നടത്തുക. കേന്ദ്രസര്‍ക്കാരും ബിജെപി ഭരിക്കുന്ന സംസ്ഥാന സര്‍ക്കാരുകളും വിവിധ പരിപാടികള്‍ മോദിയുടെ ജന്മദിനാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിക്കുമെന്ന് കേന്ദ്രമന്ത്രി ഭൂപേന്ദ്ര യാദവും ബിജെപി ജനറല്‍ സെക്രട്ടറി സുനില്‍ ബന്‍സലും അറിയിച്ചു.
ദീന്‍ ദയാല്‍ ഉപാധ്യായയുടെ ജന്മവാര്‍ഷികം സെപ്റ്റംബര്‍ 25-നും മുന്‍ പ്രധാനമന്ത്രി ലാല്‍ ബഹാദൂര്‍ ശാസ്ത്രിയുടെ ജന്മവാര്‍ഷികം ഗാന്ധിജയന്തി ദിനമായ ഒക്ടോബര്‍ രണ്ടിനുമാണ്. ഇവകൂടി കണക്കിലെടുത്താണ് ആഘോഷപരിപാടികള്‍ ഒരുക്കിയിരിക്കുന്നത്. തദ്ദേശീയ ഉത്പന്നങ്ങളുടെ പ്രചാരം ലക്ഷ്യമിട്ടുള്ള പ്രദര്‍ശനം, ‘വികസിത് ഭാരത്’ എന്ന വിഷയത്തില്‍ ചിത്രരചനാ മത്സരം, വൃക്ഷത്തൈ നടല്‍, രക്തദാനം, ആരോഗ്യപരിശോധനാ ക്യാമ്പുകള്‍, ശുചീകരണയജ്ഞം തുടങ്ങിയവ പരിപാടികളില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
Recent Comments