by Midhun HP News | Sep 9, 2025 | Latest News, കേരളം
കൊച്ചി: ദേശീയപാതയില്‍ പാലിയേക്കരയില്‍ ടോള്‍ പിരിവ് താല്‍ക്കാലികമായി നിര്‍ത്തിവെച്ച നടപടി ഹൈക്കോടതി നീട്ടി. സര്‍വീസ് റോഡിന്റെ അറ്റകുറ്റപ്പണി പൂര്‍ത്തിയായി വരുന്നതിനാല്‍ ടോള്‍ പിരിവ് പുനഃസ്ഥാപിക്കാന്‍ അനുവദിക്കണമെന്ന് കാട്ടി നാഷണല്‍ ഹൈവേ അതോറിറ്റി നല്കിയ ഹര്‍ജിയിലാണ് ഹൈക്കോടതി ഡിവിഷന് ബെഞ്ചിന്റെ ഉത്തരവ്. ഹര്‍ജി ഹൈക്കോടതി നാളെയും പരിഗണിക്കും.
ഇടപ്പള്ളി- മണ്ണുത്തി ദേശീയപാതയിലെ ഗതാഗതക്കുരുക്ക് പരിഗണിച്ചായിരുന്നു കഴിഞ്ഞമാസം നാലാഴ്ചത്തേയ്ക്ക് ടോള്‍ പിരിവ് ഹൈക്കോടതി തടഞ്ഞത്. ഈ സമയപരിധി അവസാനിക്കുന്ന പശ്ചാത്തലത്തിലാണ് നാഷണല്‍ ഹൈവേ അതോറിറ്റി നല്കിയ റിപ്പോര്‍ട്ട് ഹൈക്കോടതി പരിഗണിച്ചത്. മണ്ണുത്തി- ഇടപ്പള്ളി ദേശീയപാതയില്‍ പ്രധാനമായി നാലു ബ്ലാക്ക് സ്പോട്ടുകളാണ് ഉള്ളത്. ഇവിടെ ഇപ്പോഴും ഗതാഗതക്കുരുക്ക് രൂക്ഷമാണ്. ഈ പശ്ചാത്തലത്തിലാണ് ജനങ്ങള്‍ക്ക് ആശ്വാസമായി ടോള്‍ പിരിവ് വിലക്ക് ഹൈക്കോടതി നീട്ടിയത്.
വാദത്തിനിടെ ഗതാഗതക്കുരുക്ക് വിഷയത്തില്‍ എന്തുകൊണ്ട് കേന്ദ്രസര്‍ക്കാര്‍ ഇടപെടുന്നില്ല എന്ന് കോടതി ചോദിച്ചു. മുന്‍പ് ഇക്കാര്യത്തില്‍ ഒരു തീരുമാനമെടുക്കണമെന്ന് കേന്ദ്രസര്‍ക്കാരിനോട് കോടതി നിര്‍ദേശിച്ചിരുന്നു. ഇത് കണക്കിലെടുത്താണ് അന്ന് ടോള്‍ പിരിവ് കോടതി തടഞ്ഞത്. ഇക്കാര്യത്തില്‍ കേന്ദ്രത്തിന്റെ മറുപടിയും ഹൈക്കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. നിലവിലെ സ്ഥിതിഗതി വിലയിരുത്തി റിപ്പോര്‍ട്ട് നല്കാന് ജില്ലാ കലക്ടറോടും ഹൈക്കോടതി ആവശ്യപ്പെട്ടു. നാളെ ഹര്‍ജി പരിഗണിക്കുമ്പോള്‍ ഓണ്‍ലൈനായി ഹാജരാകാന്‍ കലക്ടറോട് ഹൈക്കോടതി നിര്‍ദേശിച്ചിട്ടുണ്ട്. വാദത്തിനിടെ ഗതാഗതക്കുരുക്കുമായി ബന്ധപ്പെട്ട് പൊലീസിന്റെ റിപ്പോര്‍ട്ടും കോടതി പരിശോധിച്ചു. അണ്ടര്‍പാസ് നിര്‍മ്മാണം നടക്കുന്ന സ്ഥലത്ത് അപകടം പതിവാണ് എന്നാണ് പൊലീസിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നത്. പൊലീസിന്റെ റിപ്പോര്‍ട്ട് അവഗണിക്കാന്‍ കഴിയില്ലെന്നും ഹൈക്കോടതി നിരീക്ഷിച്ചു.
by Midhun HP News | Sep 9, 2025 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: കെഎസ്ആര്‍ടിസിയുടെ പ്രതിദിന വരുമാനം സര്‍വകാല റെക്കോര്‍ഡില്‍. ഇന്നലെ മാത്രം 10.19 കോടി രൂപയുടെ കലക്ഷനാണ് കെഎസ്ആര്‍ടിസി നേടിയത്. ആദ്യമായാണ് കെഎസ്ആര്‍ടിസിയുടെ പ്രതിദിന കളക്ഷന്‍ 10 കോടി കടക്കുന്നത്.
ഓഗസ്റ്റില്‍ കെഎസ്ആര്‍ടിസിയുടെ ആകെ നഷ്ടത്തില്‍ നിന്ന് 10 കോടി രൂപ കുറയ്ക്കാനായി. കഴിഞ്ഞ ജൂലൈയില്‍ 60.12 കോടിയായിരുന്നു നഷ്ടമെങ്കില്‍ ഈ വര്‍ഷം അത് 50.2 കോടിയായി ചുരുങ്ങി. ബാങ്ക് കണ്‍സോര്‍ഷ്യത്തിന് ദിവസം 1.19 കോടി നല്‍കണം.
സ്ത്രീകളെയും കുടുംബങ്ങളെയും ഉള്‍പ്പെടെ കൂടുതല്‍ യാത്രക്കാരെ ആകര്‍ഷിക്കുക എന്നതാണ് കെഎസ്ആര്‍ടിസിയുടെ ലക്ഷ്യമെന്നും കെഎസ്ആര്‍ടിസി നഷ്ടം കുറച്ച് വരികയാണെന്നും ഗതാഗതമന്ത്രി കെ ബി ഗണേഷ്കുമാര് നേരത്തെ വ്യക്തമാക്കിയിരുന്നു. 8.40 കോടി രൂപ പ്രതിദിന കലക്ഷന്‍ കിട്ടിയാല്‍ കെഎസ്ആര്‍ടിസി ലാഭത്തിലാകുമെന്നും മന്ത്രി പറഞ്ഞു.
by Midhun HP News | Sep 9, 2025 | Latest News, ദേശീയ വാർത്ത
ഡല്‍ഹി : ഇന്ത്യയുടെ പുതിയ ഉപരാഷ്ട്രപതിയെ തെരഞ്ഞെടുക്കാനുള്ള വോട്ടെടുപ്പ് ഇന്ന് നടക്കും. ഭരണകക്ഷിയായ എന്‍ഡിഎയുടെ സ്ഥാനാര്‍ത്ഥിയായി മഹാരാഷ്ട്ര ഗവര്‍ണര്‍ സി പി രാധാകൃഷ്ണനും (67) പ്രതിപക്ഷ പാര്‍ട്ടികളുടെ സ്ഥാനാര്‍ത്ഥിയായി സുപ്രീംകോടതി മുന്‍ ജഡ്ജി ജസ്റ്റിസ് ബി സുദര്ശന് റെഡ്ഡി (79) യുമാണ് മത്സരിക്കുന്നത്.
രാവിലെ 10 മുതല്‍ വൈകീട്ട് അഞ്ചു വരെ പാര്‍ലമെന്റ് മന്ദിരത്തിലെ എഫ്- 101 മുറിയിലാണ് വോട്ടെടുപ്പ്. ലോക്സഭയിലെയും രാജ്യസഭയിലെയും അംഗങ്ങള്‍ക്കാണ് വോട്ടവകാശമുള്ളത്. നോമിനേറ്റഡ് അംഗങ്ങള്‍ക്കും വോട്ടവകാശമുണ്ട്. രഹസ്യബാലറ്റിലൂടെയാണ് വോട്ടിങ്ങ്. വോട്ടെടുപ്പ് അവസാനിച്ചശേഷം വൈകീട്ട് ആറു മണിക്ക് വോട്ടെണ്ണല്‍ ആരംഭിക്കും.
നിലവില്‍ 781 അംഗങ്ങളാണ് ആകെയുള്ളത്. ഇതില്‍ 391 വോട്ടു നേടുന്നയാള്‍ ഇന്ത്യയുടെ 15-ാമത് ഉപരാഷ്ട്രപതിയാകും. രാജ്യസഭയില്‍ 7 അംഗങ്ങളുള്ള ബിജെഡിയും 4 എംപിമാരുള്ള ബിആര്‍എസും ഒരു അംഗമുള്ള അകാലിദളും വോട്ടെടുപ്പില്‍ നിന്നും വിട്ടു നില്‍ക്കുമെന്ന് അറിയിച്ചിട്ടുണ്ട്. ഭരണകക്ഷിയായ എന്‍ഡിഎയ്ക്ക് ഇരുസഭകളിലുമായി 427 അംഗങ്ങളുണ്ട്.
എന്നാല്‍ രഹസ്യ ബാലറ്റ് പ്രകാരമുള്ള വോട്ടെടുപ്പില്‍, എംപിമാര്‍ക്ക് പാര്‍ട്ടി ലൈന്‍ മറികടന്ന് വോട്ടു ചെയ്യാനാകും. ഇത്തരം ക്രോസ് വോട്ടിങ്ങിലാണ് പ്രതിപക്ഷം പ്രതീക്ഷയര്‍പ്പിക്കുന്നത്. കഴിഞ്ഞ തവണ ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായിരുന്ന ജഗ്ദീപ് ധന്‍കര്‍ക്ക് ക്രോസ് വോട്ടിങ്ങിലൂടെ കൂടുതല്‍ വോട്ടു ലഭിച്ചിരുന്നു. പ്രതിപക്ഷത്തിന്, അതായത് കോണ്‍ഗ്രസ് നയിക്കുന്ന ഇന്ത്യാ സഖ്യത്തിന്, ജസ്റ്റിസ് സുദര്ശന് റെഡ്ഡിയെ പിന്തുണയ്ക്കുന്ന 12 ആം ആദ്മി പാര്‍ട്ടി എംപിമാരെ ഉള്‍പ്പെടുത്താതെ 315 വോട്ടുകള്‍ മാത്രമേയുള്ളൂ. എഎപിയില്‍ നേതൃത്വവുമായി ഇടഞ്ഞുനില്‍ക്കുന്ന രാജ്യസഭാ എംപി സ്വാതി മാലിവാള്‍ പാര്‍ട്ടി തീരുമാനത്തിനൊപ്പം നില്ക്കാനിടയില്ല. ഉപരാഷ്ട്രപതി പദവിയില്‍ രണ്ടുവര്‍ഷം ശേഷിക്കെ, ജഗ്ദീപ് ധന്‍കര്‍ അപ്രതീക്ഷിതമായി രാജിവെച്ചതിനെ തുടര്‍ന്നാണ് വോട്ടെടുപ്പ് വേണ്ടി വന്നത്.
by Midhun HP News | Sep 9, 2025 | Latest News, കേരളം
കൊല്ലം: കൊട്ടാരക്കരയില്‍ ട്രെയിനിന് അടിയില്‍പെട്ട് യുവതിയ്ക്ക് ദാരുണാന്ത്യം. കടയ്ക്കല്‍ പുല്ലുപണ ചരുവിളപുത്തെന്‍ വീട്ടില്‍ മിനി (42) ആണ് മരിച്ചത്
തിങ്കളാഴ്ച വൈകീട്ട് അഞ്ചരയോടെ കൊട്ടാരക്കര റെയില്‍വേ സ്റ്റേഷനിലായിരുന്നു സംഭവം. നഴ്സിങ് പഠനത്തിനായി മകളെ യാത്രയാക്കാനെത്തിയതായിരുന്നു മിനി. സേലത്ത് രണ്ടാം വര്‍ഷ നഴ്സിങ് വിദ്യാര്‍ഥിനിയാണ് മകള്‍ നിമിഷ. കോളജിലേക്ക് പോകുന്ന മകളെ വേളാങ്കണ്ണി ട്രെയിനില്‍ യാത്ര അയയ്ക്കാന്‍ ഭര്‍ത്താവ് ഷിബുവുമൊത്താണ് മിനി റെയില്‍വേ സ്റ്റേഷനില്‍ എത്തിയത്. മകളുടെ ബാഗുകളും മറ്റും ട്രെയിനിലെ സീറ്റിന് സമീപം വയ്ക്കാനായി മിനി ട്രെയിനിനുള്ളിലേക്ക് കയറിയിരുന്നു.
എന്നാല്‍ ബാഗ് വച്ച് മിനി പുറത്തിറങ്ങുന്നതിനു മുന്‍പേ ട്രെയിന്‍ മുന്നോട്ടു നീങ്ങി. ട്രെയിനില്‍ നിന്ന് പുറത്തിറങ്ങാനായി ഇവര്‍ വാതില്പടിയില് നിന്ന് പ്ലാറ്റ്ഫോമിലേക്ക് ചാടിയെങ്കിലും ട്രെയിനിന് അടിയില്‍ പെടുകയായിരുന്നു. തലയ്ക്ക് സാരമായി പരിക്കേറ്റ മിനിയെ കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.
by Midhun HP News | Sep 9, 2025 | Latest News, കേരളം
കോഴിക്കോട്: സംസ്ഥാനത്ത് ആശങ്ക വിതച്ച അമീബിക് മസ്തിഷ്കജ്വരത്തില് ആശ്വാസം. രോഗം ബാധിച്ച രണ്ടു കുട്ടികള്‍ രോഗമുക്തരായി ആശുപത്രി വിട്ടു. സഹോദരങ്ങളായ ആരവ് (7), അഭിജയ് (12) എന്നിവരാണ് മെഡിക്കല്‍ കോളജ് ആശുപത്രി വിട്ടത്. ഇവരുടെ സഹോദരി രോഗബാധയെ തുടര്‍ന്ന് മരിച്ചിരുന്നു.
രോഗലക്ഷണങ്ങള്‍ കാണിച്ചതിനെ തുടര്‍ന്ന് ആരവിനെയും നിരീക്ഷണത്തിനായി അഭിജയിനെയും മെഡിക്കല്‍ കോളജ് മാതൃശിശു സംരക്ഷണകേന്ദ്രത്തില്‍ പ്രവേശിപ്പിച്ചിരുന്നു. ശിശുരോഗ വിഭാഗം മേധാവി മോഹന്‍ദാസ് നായര്‍, ഡോ. എ എം ഷമീം, ഡോ ഫിജി, ജൂനിയര്‍ റസിഡന്റുമാരായ എച്ച് സിദ്ദലീങ്ങേഷ്, ഡോ അഞ്ജലി വര്‍ഗീസ് എന്നിവരടങ്ങിയ മെഡിക്കല്‍ സംഘമാണ് ചികിത്സയ്ക്ക് നേതൃത്വം നല്‍കിയത്.
രോഗം ബാധിച്ച 11 വയസ്സുള്ള പെണ്‍കുട്ടിയും 10 വയസ്സുള്ള ആണ്‍കുട്ടിയും മാതൃശിശുസംരക്ഷണ കേന്ദ്രത്തില്‍ ചികിത്സയിലുണ്ട്. ഇവരുടെ ആരോഗ്യനില തൃപ്തികരമാണെന്ന് പ്രിന്‍സിപ്പല്‍ കെ ജി സജീത് കുമാര്‍ പറഞ്ഞു. മന്ത്രി വീണാ ജോര്‍ജിന്റെ നിര്‍ദേശപ്രകാരം വിദേശത്തുനിന്നുമെത്തിച്ച വിലകൂടിയ മരുന്നുള്‍പ്പെടെ അഞ്ചുതരം മരുന്നുകളാണ് നല്‍കിവരുന്നതെന്നും അദ്ദേഹം പറഞ്ഞു.
Recent Comments