by Midhun HP News | Sep 8, 2025 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: സംസ്ഥാന അദ്ധ്യാപക അവാർഡുകൾ പ്രഖ്യാപിച്ചു. 22 പേരാണ് പുരസ്കാരത്തിന് അർഹരായത്. എൽപി, യുപി, ഹൈസ്‌കൂൾ വിഭാഗങ്ങളിൽ അഞ്ചുപേർ വീതവും ഹയർ സെക്കൻഡറിയിൽ നാലുപേരും വിഎച്ച്എസ്ഇയിൽ മൂന്നു പേരും പുരസ്‌കാരത്തിന് അർഹരായി.
പാഠ്യ-പാഠ്യേതര രംഗങ്ങളിലെ പ്രവർത്തനം പരിഗണിച്ചും, മാതൃക ക്ലാസ് അവതരണം, അഭിമുഖം എന്നിവയിലെ പ്രകടനം എന്നിവ വിലയിരുത്തിയാണ് സംസ്ഥാന അവാർഡ് ജേതാക്കളെ തെരഞ്ഞെടുത്തതെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി അറിയിച്ചു.

സെപ്റ്റംബർ 10ന് വൈകിട്ട് 2.30-ന് തിരുവനന്തപുരം ടാഗോർ തിയേറ്ററിൽ വച്ച് പുരസ്കാരം വിതരണം ചെയ്യും.
എൽ പി വിഭാഗം ജേതാക്കൾ
1. ബീന ബി., പി.ഡി. ടീച്ചർ- ഗവൺമെന്റ് എൽ പി സ്‌കൂൾ, പാട്ടത്തിൽ, തിരുവനന്തപുരം
2. ബിജു ജോർജ്ജ്, പ്രഥമാദ്ധ്യപകൻ- സെന്റ് തോമസ് എൽ പി എസ്, കോമ്പയാർ, ഇടുക്കി
3. സെയ്ദ് ഹാഷിം കെ. – വി എൽ പി എസ് ടി.എ യു പി സ്‌കൂൾ, കുന്നുമ്മൽ, മലപ്പുറം.
4. ഉല്ലാസ് കെ.,എൽ പി എസ് ടി (സീനിയർ ഗ്രേഡ്)- ഗവൺമെന്റ് മുഹമ്മദൻസ് എച്ച് എസ് എൽ പി എസ്, ആലപ്പുഴ
5 വനജകുമാരി- കെ എൽ പി എസ് ടി എ യുപി സ്‌കൂൾ കുറ്റിക്കോൽ, കാസർഗോഡ്
യു പി വിഭാഗം ജേതാക്കൾ
1.അജിത എസ്.,യു പി എസ് ടി-പ്രബോധിനി യു.പി.എസ്., വക്കം, തിരുവനന്തപുരം
2. സജിത്ത് കുമാർ വി.കെ., പി ഡി ടീച്ചർ (യു.പി.എസ്.എ.)- മധുസൂദനൻ തങ്ങൾ സ്മാരക ഗവൺമെന്റ് യു.പി. സ്‌കൂൾ മട്ടന്നൂർ, കണ്ണൂർ
3.സൈജൻ ടി., ടി. യു. പി. എസ്. ടി.- ഗവൺമെന്റ് വി. എച്ച്. എസ്. എസ്., അയ്യന്തോൾ, തൃശ്ശൂർ
4.അഷ്‌റഫ് മോളയിൽ, യു.പി.എസ്.ടി. ഗവ. എം.യു.പി.എസ്. അരീക്കോട്, മലപ്പുറം
5. മുഹമ്മദ് മുസ്തഫ ടി. പി. പി.ഡി. ടീച്ചർ ഗവ. യു.പി. സ്‌കൂൾ പുറത്തൂർ, മലപ്പുറം
സെക്കൻഡറി വിഭാഗം ജേതാക്കൾ
1.ഗിരീഷ് പി.എച്ച്.എസ്.ടി. ഗണിതം- കെ.എ.എച്ച്.എച്ച്.എസ്.എസ്., കോട്ടോപ്പാടം, പാലക്കാട്
2. സജിമോൻ വി. പി.,ഫിസിക്കൽ എഡ്യുക്കേഷൻ ടീച്ചർ- സി.കെ. മെമ്മോറിയൽ ഹയർ സെക്കൻഡറി സ്‌കൂൾ, കോരുത്തോട്, കോട്ടയം
3 വിൻസി വർഗ്ഗീസ്, ഹെഡ്മിസ്ട്രസ്സ്, സേക്രട്ട് ഹാർട്ട് സി.ജി.എച്ച്.എസ്.എസ്., തൃശ്ശൂർ
4.സജിത് കുമാർ പി. എം. എച്ച്.എസ്.ടി.മലയാളം- ഗവ. എച്ച്.എസ്.എസ്., മമ്പറം, ആയിത്തറ, കണ്ണൂർ
5.പ്രശാന്ത് എം., എച്ച്.എസ്.ടി. എസ്.ഐ. – എച്ച്.എസ്.എസ്., ഉമ്മത്തൂർ, കോഴിക്കോട്
ഹയർസെക്കൻഡറി വിഭാഗം ജേതാക്കൾ
1. കൊച്ചനുജൻ എൻ., എച്ച്.എസ്. എസ്.ടി. ഹിസ്റ്ററി (സീനിയർ) ഗവൺമന്റ് എച്ച്.എസ്.എസ്., കുലശേഖരപുരം, കൊല്ലം
2. സുധീർ എം. പ്രിൻസിപ്പാൾ, ഗവൺമെന്റ് എച്ച്.എസ്.എസ്., കൊടകര, തൃശ്ശൂർ
3. രാധീഷ്‌കുമാർ എൻ, ജി.എച്ച്.എസ്. എസ്.ടി. (സെലക്ഷൻ ഗ്രേഡ്) എസ്. എൻ. ട്രസ്റ്റ്‌സ് എച്ച്.എസ്.എസ്., പള്ളിപ്പാടം, ആലപ്പുഴ
4. നൗഫൽ. എ, പ്രിൻസിപ്പാൾ- ഗവൺമെന്റ് എച്ച്.എസ്.എസ്. കിളിമാനൂർ, തിരുവനന്തപുരം
വൊക്കേഷണൽ ഹയർ സെക്കൻഡറി വിഭാഗം ജേതാക്കൾ
1. ബിജു കെ. എസ്., നോൺ വൊക്കേഷണൽ ടീച്ചർ, കെമിസ്ട്രി- ഗവൺമെന്റ് വി.എച്ച്.എസ്.എസ്., ചോറ്റാനിക്കര, എറണാകുളം
2. ഷൈനി ജോസഫ്, വൊക്കേഷണൽ ടീച്ചർ ഇൻ എം.ആർ.ആർ.ടി.വി.- ടി.ടി.ടി.എം. വി.എച്ച്.എസ്.എസ്., വടശ്ശേരിക്കര, പത്തനംതിട്ട
3. ഷൈജിത്ത് ബി. റ്റി. വൊക്കേഷണൽ ടീച്ചർ ഇൻ കംപ്യൂട്ടർ ആപ്ലിക്കേഷൻ – ഗവൺമെന്റ് വി.എച്ച്.എസ്.എസ്. (ബോയ്‌സ്), കൊട്ടാരക്കര, കൊല്ലം.

by Midhun HP News | Sep 8, 2025 | Latest News, കേരളം
കാസര്‍കോട്: ഭര്‍തൃവീട്ടിലെ കിടപ്പുമുറിയില്‍ നവവധുവിനെ തൂങ്ങിമരിച്ച നിലയില്‍. മേല്‍പ്പറമ്പ് അരമങ്ങാനം ആലിങ്കാല്‍തൊട്ടിയില്‍ വീട്ടില്‍ രഞ്‌ജേഷിന്റെ ഭാര്യ കെ നന്ദനയെയാണ് (21) മരിച്ചത്. പെരിയ ആയംപാറ വില്ലാരംപെതിയിലെ കെ രവിയുടെയും സീനയുടെയും ഏകമകളായ നന്ദനയെ ഞായറാഴ്ച ഉച്ചയ്ക്കായിരുന്നു മരിച്ചനിലയില്‍ കണ്ടെത്തിയത്. ഏപ്രില്‍ 26ന് ആയിരുന്നു കമിതാക്കളായിരുന്ന നന്ദനയുടെയും രഞ്‌ജേഷിന്റെയും വിവാഹം.
ഞായറാഴ്ച രാവിലെ അമ്മ സീനയ്ക്ക് നന്ദന താന്‍ മരിക്കാന്‍ പോവുകയാണെന്ന സന്ദേശം അയച്ചിരുന്നു. ഇതിന് പിന്നാലെ രഞ്‌ജേഷിന്റെ വീട്ടുകാരെ ബന്ധപ്പെട്ട് കുടുംബം വിവരം അറിയിച്ചിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് നന്ദനയെ തുങ്ങിയ നിലയില്‍ കണ്ടെത്തിയത്. മുറി തുറക്കാതിരുന്നതോടെ വീട്ടുകാര്‍ വാതില്‍ പൊളിച്ചാണ് അകത്തുകയറിയത്.
യുവതിയുടെ മരണത്തില്‍ മേല്‍പറമ്പ് പൊലീസ് കേസെടുത്തു. ആര്‍ഡിഒ ബിനു ജോസഫ്, എസ്‌ഐ കെഎന്‍ സുരേഷ് കുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ ഇന്‍ക്വസ്റ്റ് നടത്തി. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി കാസര്‍കോട് ജനറല്‍ ആശുപത്രിയിലേക്കു മാറ്റി.
by Midhun HP News | Sep 8, 2025 | Latest News, കേരളം
മലപ്പുറം: സംസ്ഥാനത്ത് അമീബിക് മസ്തിഷ്‌കജ്വരം ബാധിച്ച് വീണ്ടും മരണം. വണ്ടൂര്‍ സ്വദേശി ശോഭനയാണ്(56) മരിച്ചത്. രോഗം ബാധിച്ച് ഒരു മാസത്തിനിടെ അഞ്ചാമത്തെ മരണമാണിത്.
അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് ഇക്കഴിഞ്ഞയാഴ്ചയും ഒരു മരണം റിപ്പോര്‍ട്ട് ചെയ്തിരുന്നു. വയനാട് ബത്തേരി സ്വദേശിയായ രതീഷ് ആണ് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മരിച്ചത്. കോഴിക്കോട് ഓമശ്ശേരി സ്വദേശിയായ ദമ്പതികളുടെ മൂന്ന് മാസം പ്രായമുള്ള കുഞ്ഞും മലപ്പുറം കണ്ണമംഗലം ചേറൂര്‍ കാപ്പില്‍ കണ്ണേത്ത് റംല(52)യും കോഴിക്കോട് താമരശ്ശേരി സ്വദേശിയായ ഒമ്പത് വയസ്സുകാരി അനയയും സമീപ ദിവസങ്ങളില്‍ മരിച്ചിരുന്നു.
കെട്ടിക്കിടക്കുന്ന വെള്ളത്തില്‍ മുങ്ങിക്കുളിക്കുന്നവരിലും നീന്തുന്നവരിലും വളരെ അപൂര്‍വമായി ഉണ്ടാകുന്ന രോഗബാധയാണ് അമീബിക് മസ്തിഷ്‌ക ജ്വരം. നേഗ്ലെറിയ ഫൗലേറി, അക്കാന്ത അമീബ, സാപ്പിനിയ, ബാലമുത്തിയ വെര്‍മമീബ എന്നീ അമീബ വിഭാഗത്തില്‍പ്പെട്ട രോഗാണുക്കള്‍ തലച്ചോറിനെ ബാധിക്കുമ്പോഴാണ് രോഗം ഉണ്ടാകുന്നത്. മൂക്കിനേയും മസ്തിഷ്‌കത്തേയും വേര്‍തിരിക്കുന്ന നേര്‍ത്ത പാളിയിലുള്ള സുഷിരങ്ങള്‍ വഴിയോ കര്‍ണ പടലത്തിലുണ്ടാകുന്ന സുഷിരം വഴിയോ അമീബ തലച്ചോറിലേക്ക് കടക്കുകയും മെനിഞ്ചോ എന്‍സെഫലൈറ്റിസ് ഉണ്ടാക്കുകയും ചെയ്യുന്നു. 97 ശതമാനത്തിലധികം മരണനിരക്കുള്ള രോഗമാണിത്.
മനുഷ്യരില്‍നിന്നു മനുഷ്യരിലേക്ക് ഈ രോഗം പകരില്ല. വെള്ളത്തിലിറങ്ങുമ്പോള്‍ അടിത്തട്ടിലെ ചെളിയിലുള്ള അമീബ വെള്ളത്തില്‍ കലങ്ങുകയും മൂക്കിലൂടെ ശരീരത്തില്‍ പ്രവേശിക്കുകയും ചെയ്യുന്നു. അണുബാധ ഉണ്ടായാല്‍ ഒന്ന് മുതല്‍ ഒന്‍പത് ദിവസങ്ങള്‍ക്കുള്ളില്‍ രോഗലക്ഷണങ്ങള്‍ പ്രകടമാകും.
by Midhun HP News | Sep 8, 2025 | Latest News, കേരളം
തൃശൂര്‍: തൃശൂരില്‍ ഇന്ന് പുലിയിറക്കം. നാടന്‍ ചെണ്ടകളുടെയും പെരുമ്പറകളുടെയും വന്യതാളത്തില്‍ അരമണികുലുക്കി കുടവയര്‍ കുലുക്കി പുലിക്കൂട്ടം ഇന്ന് നഗരഹൃദയം കീഴടക്കും. വിശ്വപ്രസിദ്ധമായ പുലികളിക്ക് ഇനി മണിക്കൂറുകള്‍ മാത്രം.
വെളിയന്നൂര്‍ ദേശം, കുട്ടന്‍കുളങ്ങര ദേശം, യുവജനസംഘം വിയ്യൂര്‍, ശങ്കരംകുളങ്ങരദേശം, അയ്യന്തോള്‍ ദേശം, ചക്കാമുക്ക് ദേശം, സീതാറാം മില്‍ ദേശം, നായ്ക്കനാല്‍ ദേശം, പാട്ടുരായ്ക്കല്‍ദേശം എന്നീ ടീമുകളാണ് പങ്കെടുക്കുക. പുലിവേഷത്തിനുള്ള പെയിന്റരയ്ക്കല്‍ കഴിഞ്ഞു. പുലിച്ചമയ പ്രദര്‍ശനം നഗരത്തില്‍ പലപുലിമടകളിലായി തുടര്‍ന്നുവരികയാണ്. പതിവില്‍ നിന്ന് വ്യത്യസ്തമായി പുലിവരയ്ക്കും ചമയ പ്രദര്‍ശനത്തിനും ഇത്തവണ സമ്മാനമുണ്ട്.
പുലിക്കളിക്ക് 50 ലക്ഷം രൂപയുടെ ഇന്‍ഷുറന്‍സ് കോര്‍പറേഷന്‍ ഉറപ്പുവരുത്തിയിട്ടുണ്ട്. പുലിക്കളി സംഘങ്ങള്‍ക്ക് ധനസഹായമായി 3,12,500 രൂപ വീതം നല്‍കും. മുന്‍കൂറായി ഓരോ ടീമിനും 1,56,000 രൂപ കൈമാറി. ഇന്ന് 4.30ന് സ്വരാജ് റൗണ്ടിലെ തെക്കെഗോപുരനടയില്‍ വെളിയന്നൂര്‍ ദേശം സംഘത്തിന് മേയര്‍ എം.കെ. വര്‍ഗീസിന്റെ അധ്യക്ഷതയില്‍ ജില്ലയിലെ മന്ത്രിമാരും എംഎല്‍എമാരും സംയുക്തമായി ഫ്‌ളാഗ്ഓഫ് ചെയ്യുന്നതോടെ പുലിക്കളിക്ക് തുടക്കമാകും. നടുവിലാല്‍ ഗണപതിക്ക് തേങ്ങയുടച്ച് പുലികള്‍ സ്വരാജ് റൗണ്ട് ലക്ഷ്യമാക്കി നീങ്ങും. പുലിക്കളി മഹോത്സവത്തിനോടനുബന്ധിച്ച് ഇന്ന് ഉച്ചയ്ക്ക് ശേഷം തൃശൂര്‍ താലൂക്ക് പരിധിയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സര്‍ക്കാര്‍ ഓഫിസുകള്‍ക്കും സഹകരണ സംഘങ്ങള്‍ ഉള്‍പ്പെടെ നെഗോഷ്യബിള്‍ ഇന്‍സ്ട്രുമെന്റ് ആക്ട് പ്രകാരമുള്ള സ്ഥാപനങ്ങള്‍ക്കും കലക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന്‍ പ്രാദേശിക അവധി പ്രഖ്യാപിച്ചിട്ടുണ്ട്.
by Midhun HP News | Sep 8, 2025 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: ഓണം വാരാഘോഷ സമാപന ഘോഷയാത്രയോടനുബന്ധിച്ച് നാളെ ഉച്ചയ്ക്ക് ശേഷം തിരുവനന്തപുരം നഗരത്തില്‍ പ്രാദേശിക അവധി. സര്‍ക്കാര്‍, അര്‍ദ്ധ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കുമാണ് അവധി ബാധകം. തിരുവനന്തപുരം നഗരപരിധിയിലെ സ്ഥാപനങ്ങള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും മാത്രമായിരിക്കും അവധി ബാധകമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു.
ഓണം വാരാഘോഷ സമാപന ഘോഷയാത്ര ചൊവ്വാഴ്ച വൈകീട്ട്
സംസ്ഥാന സര്‍ക്കാരിന്റെ ഓണം വാരാഘോഷ സമാപനം കുറിച്ചുള്ള സാംസ്‌കാരിക ഘോഷയാത്ര ചൊവ്വാഴ്ച വെള്ളയമ്പലത്തു നിന്ന് ആരംഭിച്ച് കിഴക്കേകോട്ടയില്‍ അവസാനിക്കുമെന്ന് മന്ത്രി വി ശിവന്‍കുട്ടി അറിയിച്ചു. ചൊവ്വാഴ്ച വൈകീട്ട് 4ന് വെള്ളയമ്പലത്തെ മാനവീയം വീഥിയില്‍ ഗവര്‍ണര്‍ രാജേന്ദ്ര അര്‍ലേക്കര്‍ ഫ്‌ലാഗ് ഓഫ് ചെയ്യും. ഘോഷയാത്രയുടെ വരവ് അറിയിച്ചുകൊണ്ട് 51 കലാകരന്മാര്‍ ശംഖനാദം മുഴക്കും. തുടര്‍ന്ന് വാദ്യോപകരണമായ കൊമ്പ്, ടൂറിസം മന്ത്രി പി എ മുഹമ്മദ് റിയാസ് മുഖ്യ കലാകാരന് കൈമാറിക്കൊണ്ട് സാംസ്‌കാരിക ഘോഷയാത്രയുടെ താളമേളങ്ങള്‍ക്ക് തുടക്കം കുറിക്കും.
ആയിരത്തില്‍പരം കലാകാരന്മാര്‍ അവതരിപ്പിക്കുന്ന സാംസ്‌കാരിക കലാരൂപങ്ങളുടെ അകമ്പടിയോടെ അറുപതോളം ഫ്ളോട്ടുകളും ഘോഷയാത്രയില്‍ അണിനിരക്കും. സംസ്ഥാന സര്‍ക്കാരിന്റെ വികസന പ്രവര്‍ത്തനങ്ങളെ ചിത്രീകരിച്ചുകൊണ്ട് വിവിധ വകുപ്പുകള്‍ തയാറാക്കുന്ന അറുപതോളം ഫ്‌ലോട്ടുകള്‍ ഘോഷയാത്രയുടെ പ്രത്യേകതയാണ്. കൂടാതെ 91 ദൃശ്യ-ശ്രവ്യ കലാരൂപങ്ങളും കരസേനനയുടെ ബാന്‍ഡ് സംഘവും ഘോഷയാത്രയ്ക്ക് നിറവേകും. ‘നാനാത്വത്തില്‍ ഏകത്വം’ എന്ന പ്രമേയം മുന്‍നിര്‍ത്തി ഝാര്‍ഖണ്ഡ്, ഉത്തര്‍പ്രദേശ്, മധ്യപ്രദേശ്, മഹാരാഷ്ട്ര, ആന്ധ്രാപ്രദേശ്, തെലങ്കാന, കര്‍ണാടക, തമിഴ്നാട് എന്നിവിടങ്ങളില്‍ നിന്നുള്ള ഗ്രാമീണ കലാരൂപങ്ങളും ഘോഷയാത്രയില്‍ ഒത്തുചേരും.
കേരളീയ പൈതൃകവും, സിനിമയും, സാഹിത്യവും, സ്ത്രീശാക്തീകരണവും, സ്ത്രീ സുരക്ഷയും, ആരോഗ്യശീലങ്ങളും, ശാസ്ത്ര സാങ്കേതിക വിദ്യയും, വിവിധ തരത്തിലുള്ള ജീവ സുരക്ഷാ സന്ദേശങ്ങളും ഫ്‌ലോട്ടുകളുടെ വിഷയങ്ങളായി അവതരിപ്പിക്കപ്പെടും. കാണികളില്‍ വിജ്ഞാനവും വിസ്മയവും കൗതുകവുമുണര്‍ത്തുന്നതുമായ ഈ സാംസ്‌കാരിക ഘോഷയാത്ര ഒരു പോയിന്റ് കടക്കാന്‍ ഉദ്ദേശം ഒന്നര മണിക്കൂര്‍ വേണ്ടിവരുമെന്ന് കണക്കാക്കുന്നു. ആനുകാലിക പ്രാധാന്യമുള്ളതും കഴിയുന്നത്ര കൃത്രിമത്വം ഒഴിവാക്കിയുള്ളതുമായ ഫ്‌ലോട്ടുകളാണ് തിരഞ്ഞെടുക്കപ്പെട്ടിട്ടുള്ളത്. ഗ്രീന്‍ പ്രോട്ടോകോള്‍ പാലിച്ചുകൊണ്ടാണ് ഫ്‌ലോട്ടുകള്‍ വിഭാവനം ചെയ്തിരിക്കുന്നത്. പബ്ലിക് ലൈബ്രറിക്ക് മുന്നില്‍ ഘോഷയാത്ര വീക്ഷിക്കുന്നതിന് ഒരുക്കിയിട്ടുള്ള വിവിഐപി പവലിയന് മുന്നിലും യൂണിവേഴ്സിറ്റി കോളജിന് മുന്‍വശത്തെ വിഐപി പവലിയന് മുന്നിലും മ്യൂസിയം ഗേറ്റിന് സമീപത്തെ പ്രത്യേക സ്റ്റേജിലും കലാരൂപങ്ങള്‍ അവതരിപ്പിക്കും.
ഗവര്‍ണര്‍, മുഖ്യമന്ത്രി, മന്ത്രിമാര്‍, വിശിഷ്ടവ്യക്തികള്‍, സാംസ്‌കാരിക നായകന്മാര്‍, മാധ്യമപ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ ഘോഷയാത്ര വീക്ഷിക്കാന്‍ എത്തുമെന്ന് പ്രതീക്ഷിക്കുന്നു. കൂടാതെ വിദേശ വിനോദ സഞ്ചാരികള്‍ക്ക് ഘോഷയാത്ര വീക്ഷിക്കുന്നതിനായി വിവിഐപി പവലിയനു സമീപമായി പ്രത്യേക പവലിയനും ഒരുക്കും. ഉച്ചയ്ക്ക് ശേഷം നഗരത്തില്‍ ഗതാഗത നിയന്ത്രണം ഉണ്ടായിരിക്കുമെങ്കിലും കാണികളായി എത്തുന്നവര്‍ക്ക് ഘോഷയാത്ര വീക്ഷിക്കുന്നതിനു വേണ്ടി ക്രമീകരണം ഒരുക്കുമെന്നും മന്ത്രി അറിയിച്ചു.
Recent Comments