വർക്കല പണയിൽ കടവ് പാലത്തിനു സമീപം ബൈക്കും കാറും കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം

വർക്കല പണയിൽ കടവ് പാലത്തിനു സമീപം ബൈക്കും കാറും കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം

പണയിൽ കടവ് നിന്നും വർക്കലയിലേക്ക് പോയ കാറും വർക്കലയിൽ നിന്ന് പണയിൽ കടവ് ഭാഗത്തേക്ക് പോയ സ്കൂട്ടിയുമാണ് കൂട്ടിയിടിച്ച് അപകടമുണ്ടായത്. വർക്കല കാപ്പിൽ സ്വദേശിയായ 35 വയസ്സുള്ള പ്രദീപിനെ വർക്കലയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. അകത്തുമുറി സ്വദേശിയായ 36 വയസ്സുള്ള ഷിബു ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിൽ ഗുരുതര പരിക്കുക്കുകളുടെ ചികിത്സയിൽ തുടരുകയാണ്.ഇടിയുടെ ആഘാതത്തിൽ സ്കൂട്ടറിന്റെ പിൻവശത്തിരുന്ന ഷിബു തെറിച്ച് റോഡരികിലുള്ള വീട്ടിൻ്റെ മതിലിനു മുകളിലൂടെ മറുവശത്ത് വീഴുകയായിരുന്നു.

നാളെ മുതല്‍ വീണ്ടും ശക്തമായ മഴ; നാലു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

നാളെ മുതല്‍ വീണ്ടും ശക്തമായ മഴ; നാലു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ബുധനാഴ്ച വരെ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടുകൂടിയ മഴയ്ക്കും ശക്തമായ മഴയ്ക്കും സാധ്യത. നാളെ മുതല്‍ വീണ്ടും കാലവര്‍ഷം സജീവമാകുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. ചൊവ്വാഴ്ച തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി ജില്ലകളില്‍ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് നിലനില്‍ക്കുന്നത്. ജാഗ്രതയുടെ ഭാഗമായി ഈ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.

ബുധനാഴ്ച പത്തനംതിട്ട, ഇടുക്കി ജില്ലകളിലും ശക്തമായ മഴയാണ് പ്രവചിക്കുന്നത്. ജാഗ്രതയുടെ ഭാഗമായി ഈ ജില്ലകളിലും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അര്‍ത്ഥമാക്കുന്നത്.

ഇടിമിന്നലോടുകൂടിയ മഴയ്‌ക്കൊപ്പം മണിക്കൂറില്‍ 30 മുതല്‍ 40 കിലോമീറ്റര്‍ വരെ വേഗത്തില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. അതിനാല്‍ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പില്‍ പറയുന്നു.

‘ഓണാഘോഷ ലഹരി’; മലയാളി കുടിച്ചു തീര്‍ത്തത് 920.74 കോടി രൂപയുടെ മദ്യം

‘ഓണാഘോഷ ലഹരി’; മലയാളി കുടിച്ചു തീര്‍ത്തത് 920.74 കോടി രൂപയുടെ മദ്യം

കൊച്ചി: ഓണക്കാലത്തെ മദ്യ വില്‍പനയില്‍ ഇത്തവണയും റെക്കോര്‍ഡിട്ട് കേരളം. 920.74 കോടി രൂപയുടെ മദ്യമാണ് ഓണം ആഘോഷ ദിനങ്ങളില്‍ കേരള സ്റ്റേറ്റ് ബിവറേജസ് കോര്‍പ്പറേഷന്‍ ലിമിറ്റഡ് (ബെവ്കോ) സംസ്ഥാനത്ത് വിറ്റഴിച്ചത്. 2024 ലെ അപേക്ഷിച്ച് 9.34 ശതമാനം വര്‍ധനയാണ് ഇത്തവണ ഉണ്ടായത്. 842.07 കോടി രൂപയുടെ മദ്യമായിരുന്നു 2024 ലെ ഓണക്കാലത്ത് വിറ്റഴിഞ്ഞത്.

ഉത്രാടം ദിനത്തിലാണ് സീസണിലെ ഏറ്റവും വലിയ മദ്യ വില്‍പ്പന നടന്നത്. 137.64 കോടി രൂപയാണ് ഉത്രാട ദിനത്തിലെ ബെവ്കോയുടെ വരുമാനം. കഴിഞ്ഞ വര്‍ഷം 126.01 കോടി രൂപയായിരുന്നു ഇത്. മുന്‍വര്‍ഷത്തേക്കാള്‍ 9.23 ശതമാനം വര്‍ധനയാണ് ഇത്തവണ നേടിയത്. തിരുവോണം ദിനത്തില്‍ ബെവ്കോ ഔട്ട്‌ലറ്റുകള്‍ തുറന്നിരുന്നില്ല. അവിട്ടം ദിനത്തില്‍ 94.36 കോടി രൂപയുടെ മദ്യവും വില്‍പന നടത്തി. 2024 ല്‍ 65.25 കോടി രൂപയായിരുന്നു അവിട്ടം ദിനത്തിലെ വില്‍പന.

ബെവ്‌കോയുടെ ആറ് ഷോപ്പുകളില്‍ ഒരു കോടിയിലധികം രൂപയുടെ വില്‍പ്പന ലഭിച്ചതായും സൂപ്പര്‍ പ്രീമിയം ഷോപ്പില്‍ മാത്രം 67 ലക്ഷം രൂപ വരുമാനം നേടിയതായും ബെവ്‌കോ മാനേജിങ് ഡയറക്ടര്‍ ഹര്‍ഷിത അട്ടലൂരി പറഞ്ഞു. കഴിഞ്ഞ വര്‍ഷത്തെ വില്‍പ്പനയേക്കാള്‍ അഞ്ചിരട്ടി കൂടുതലാണെന്നും ബെവ്‌കോ മാനേജിങ് ഡയറക്ടര്‍ പറയുന്നു.

ഓണക്കാലത്തെ മദ്യ വില്‍പനയിലെ ഉയര്‍ച്ച ബെവ്‌കോയുടെ വാര്‍ഷിക വരുമാനത്തെയും സ്വാധീനിക്കും. 2023 -24ല്‍ ഇത് 19,069.27 കോടി രൂപയുടെ മദ്യമാണ് കേരളത്തില്‍ ചെലവായത്. 2024-25ല്‍ 19,730.66 കോടി രൂപയായി ഈ കണക്ക് ഉയര്‍ന്നു. അതായത് 3.5 ശതമാനം വാര്‍ഷിക വളര്‍ച്ചയാണ് ബെവ്‌കോ നേടിയത്.

187 കോടി രൂപയുടെ വിറ്റുവരവ് നേടി കണ്‍സ്യൂമര്‍ഫെഡ്

ഓണം സീസണിലെ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന വില്‍പ്പനയാണ് ഇത്തവണ കണ്‍സ്യൂമര്‍ഫെഡിന് ഉണ്ടായത്. 187 കോടി രൂപയുടെ വിറ്റുവരവാണ് ഓണക്കാലത്ത് കണ്‍സ്യൂമര്‍ഫെഡ് നേടിയത്. 1,579 ഓണം മാര്‍ക്കറ്റുകളിലൂടെയും കേരളത്തിലുടനീളമുള്ള 164 ത്രിവേണി സൂപ്പര്‍മാര്‍ക്കറ്റുകളിലൂടെയുമാണ് കണ്‍സ്യൂമര്‍ഫെഡ് വിപണിയില്‍ ഇടപെട്ടത്. 13 അവശ്യവസ്തുക്കള്‍ സബ്‌സിഡി വിലയ്ക്ക് കണ്‍സ്യൂമര്‍ഫെഡിലൂടെ വിതരണം ചെയ്തു. മറ്റ് ദൈനംദിന ഉപയോഗ ഇനങ്ങള്‍ 10 മുതല്‍ 40 ശതമാനം വരെ കിഴിവോടെയും വില്‍പന നടത്തി. 110 കോടി രൂപയുടെ സാധനങ്ങള്‍ സര്‍ക്കാര്‍ സബ്സിഡി പദ്ധതി പ്രകാരം വിതരണം ചെയ്തിരുന്നു.

ടാറ്റയ്ക്കും മഹീന്ദ്രയ്ക്കും പിന്നാലെ ഹ്യുണ്ടായിയും; കാറുകള്‍ക്ക് 2.4 ലക്ഷം രൂപ വരെ വില കുറയും, ജിഎസ്ടി ആനുകൂല്യം ഉപഭോക്താക്കളിലേക്ക്

ടാറ്റയ്ക്കും മഹീന്ദ്രയ്ക്കും പിന്നാലെ ഹ്യുണ്ടായിയും; കാറുകള്‍ക്ക് 2.4 ലക്ഷം രൂപ വരെ വില കുറയും, ജിഎസ്ടി ആനുകൂല്യം ഉപഭോക്താക്കളിലേക്ക്

മുംബൈ: യാത്രാ വാഹനങ്ങളുടെ ജിഎസ്ടി നിരക്ക് കുറച്ചതിന്റെ പൂര്‍ണ്ണമായ ആനുകൂല്യം ഉപഭോക്താക്കള്‍ക്ക് കൈമാറാന്‍ തീരുമാനിച്ച് പ്രമുഖ വാഹന നിര്‍മ്മാതാക്കളായ ഹ്യുണ്ടായ് മോട്ടോര്‍ ഇന്ത്യ ലിമിറ്റഡും. ടാറ്റ മോട്ടോഴ്സ്, മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര, ടൊയോട്ട കിര്‍ലോസ്‌കര്‍ തുടങ്ങിയവയുടെ നിരയിലേക്കാണ് കൊറിയന്‍ കാര്‍ നിര്‍മ്മാതാക്കളും എത്തുന്നത്. പരിഷ്‌കരിച്ച ജിഎസ്ടി നിരക്ക് സെപ്റ്റംബര്‍ 22 മുതലാണ് പ്രാബല്യത്തില്‍ വരുന്നത്.

ജിഎസ്ടി നിരക്ക് കുറച്ചതിന്റെ പൂര്‍ണ്ണമായ ആനുകൂല്യം ഉപഭോക്താക്കള്‍ക്ക് കൈമാറുന്നത് യാഥാര്‍ഥ്യമായാല്‍ ഹ്യുണ്ടായിയുടെ വിവിധ മോഡലുകള്‍ക്ക് 60,640 മുതല്‍ 2.4 ലക്ഷം രൂപ വരെയാണ് വില കുറയുക. ഗ്രാന്‍ഡ് ഐ10 നിയോസിന് 73,808 രൂപയും ഓറയ്ക്കും വെര്‍ണയ്ക്കും യഥാക്രമം 78,465 രൂപയും 60,640 രൂപയും കുറവുണ്ടാകും. ഐ20 യുടെ വില 98,000 രൂപ വരെ കുറയുമെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.

എസ്യുവി വിഭാഗത്തില്‍, എക്സ്റ്ററിന്റെ വില 89,209 രൂപ വരെ കുറയും. വെന്യു, വെന്യു എന്‍ ലൈന്‍ എന്നിവയുടെ വില 1.19 ലക്ഷം മുതല്‍ 1.23 ലക്ഷം രൂപ വരെ കുറയും. ഹ്യുണ്ടായിയുടെ ഏറ്റവും ജനപ്രിയ മോഡലായ ക്രെറ്റയ്ക്ക് 72,145 രൂപ വരെ വിലക്കുറയുമെന്നും റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാണിക്കുന്നു. അല്‍കാസറിന് 75,376 രൂപ വരെ വിലക്കുറയും. ട്യൂസണിന് 2.40 ലക്ഷം രൂപ വരെ വിലക്കുറവ് ലഭിക്കും.

‘യാത്രാ വാഹനങ്ങളുടെ ജിഎസ്ടി കുറയ്ക്കാനുള്ള ഇന്ത്യാ ഗവണ്‍മെന്റിന്റെ പുരോഗമനപരവും ദീര്‍ഘവീക്ഷണത്തോടെയുള്ളതുമായ നീക്കത്തെ ഞങ്ങള്‍ ആത്മാര്‍ത്ഥമായി അഭിനന്ദിക്കുന്നു. ഈ പരിഷ്‌കാരം ഓട്ടോമോട്ടീവ് വ്യവസായത്തിന് ഒരു ഉത്തേജനം മാത്രമല്ല, വ്യക്തിഗത യാത്ര കൂടുതല്‍ താങ്ങാനാവുന്നതും ആക്സസ് ചെയ്യാവുന്നതുമാക്കി ദശലക്ഷക്കണക്കിന് ഉപഭോക്താക്കളെ ശാക്തീകരിക്കുന്നതിനുള്ള ശക്തമായ ഒരു ചുവടുവയ്പ്പു കൂടിയാണ്.”- ഹ്യുണ്ടായി മോട്ടോര്‍ ഇന്ത്യ ലിമിറ്റഡിന്റെ മാനേജിങ് ഡയറക്ടര്‍ അന്‍സൂ കിം പറഞ്ഞു.

ജിഎസ്ടി കൗണ്‍സില്‍ ചെറുകാറുകളുടെ ജിഎസ്ടി 28% ല്‍ നിന്ന് 18% ആയി കുറച്ചതിനെത്തുടര്‍ന്ന് ശനിയാഴ്ച നിരവധി കാര്‍ നിര്‍മ്മാതാക്കള്‍ വിലക്കുറവ് പ്രഖ്യാപിച്ചിരുന്നു. സ്പോര്‍ട്സ് യൂട്ടിലിറ്റി വാഹനങ്ങള്‍ (എസ്യുവികള്‍) ഉള്‍പ്പെടെയുള്ള പ്രീമിയം കാറുകള്‍ക്ക് 40 ശതമാനം ജിഎസ്ടി ആണ് ചുമത്താന്‍ പോവുന്നത്. നേരത്തെ ജിഎസ്ടി പ്ലസ് സെസ് അടക്കം 48% വരെ ചുമത്തിയിരുന്നു.

മഹീന്ദ്ര എസ്യുവികളുടെ വിലയില്‍ 1.01 ലക്ഷം രൂപ വരെ (താര്‍ 4WD) വില കുറയും. ടൊയോട്ട 3.49 ലക്ഷം രൂപ വരെയും (ഫോര്‍ച്യൂണര്‍) വിലക്കുറവ് പ്രഖ്യാപിച്ചിട്ടുണ്ട്. ടാറ്റ മോട്ടോഴ്സിന്റെ പാസഞ്ചര്‍ വാഹനങ്ങള്‍ക്ക് 1.55 ലക്ഷം രൂപ വരെയും (നെക്സോണ്‍) വിലക്കുറവ് ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.

സ്വര്‍ണവില; 79,000ന് മുകളില്‍ തന്നെ

സ്വര്‍ണവില; 79,000ന് മുകളില്‍ തന്നെ

കൊച്ചി: സംസ്ഥാനത്ത് റെക്കോര്‍ഡുകള്‍ ഭേദിച്ച് 80,000 തൊടുമെന്ന് തോന്നിപ്പിച്ച സ്വര്‍ണവിലയില്‍ ഇന്ന് നേരിയ ഇടിവ്. 80 രൂപ കുറഞ്ഞ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 79,480 രൂപയായി. ശനിയാഴ്ച 79,560 രൂപയായി ഉയര്‍ന്ന് സ്വര്‍ണവില പുതിയ ഉയരം കുറിച്ചിരുന്നു.

ഗ്രാമിന് ആനുപാതികമായി പത്തു രൂപ കുറഞ്ഞു. 9935 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. കഴിഞ്ഞ മാസം എട്ടിന് 75,760 രൂപയായിരുന്നു സ്വര്‍ണവില. പിന്നീട് 20-ാം തീയതി വരെയുള്ള കാലയളവില്‍ 2300 രൂപ താഴ്ന്ന ശേഷം തുടര്‍ന്നുള്ള ദിവസങ്ങളില്‍ സ്വര്‍ണവില തിരിച്ചുകയറുന്നതാണ് ദൃശ്യമായത്. ഈ മാസാദ്യം 77,640 രൂപയായിരുന്നു സ്വര്‍ണവില. ഈ മാസത്തെ ഏറ്റവും കുറഞ്ഞ വിലയും ഇതായിരുന്നു. പിന്നീടാണ് 79,000ലേക്ക് വിലയെത്തിയത്.

ഇന്ത്യയില്‍ നിന്ന് ഇറക്കുമതി ചെയ്യുന്ന ഉല്‍പ്പന്നങ്ങള്‍ക്ക് അമേരിക്ക 50 ശതമാനം തീരുവ ചുമത്തിയത് അടക്കമുള്ള ഘടകങ്ങളാണ് സ്വര്‍ണവിലയെ സ്വാധീനിക്കുന്നത്. ട്രംപ് നയത്തെ തുടര്‍ന്ന് ഇന്ത്യന്‍ ഓഹരി വിപണി ഇടിവിലാണ്. ഇതോടെ സുരക്ഷിത നിക്ഷേപം എന്ന നിലയില്‍ കൂടുതല്‍ ആളുകള്‍ സ്വര്‍ണത്തിലേക്ക് തിരിഞ്ഞതാണ് സ്വര്‍ണവില ഉയരാന്‍ കാരണം.