by Midhun HP News | Sep 3, 2025 | Latest News, കേരളം
കൊച്ചി: മൂക്കില്‍നിന്ന് വെള്ളമൊലിക്കുന്ന സിഎസ്എഫ് (സെറിബ്രോ സ്പൈനല്‍ ഫ്‌ലൂയിഡ്) റൈനോറിയ അസുഖമുള്ളവരില്‍ അമീബിക് മസ്തിഷ്‌ക ജ്വരം എളുപ്പത്തില്‍ വരാന്‍ സാധ്യതയെന്ന് ആരോഗ്യ വിദഗ്ധര്‍. അമീബിക് മസ്തിഷ്‌ക ജ്വരത്തിന് ചികിത്സ തേടിയവരില്‍ മൂന്നുപേര്‍ക്ക് സിഎസ്എഫ് റൈനോറിയ ഉണ്ട്. മരിച്ച സ്ത്രീക്കും ഇതേ രോഗാവസ്ഥയുണ്ടായിരുന്നു എന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.
ജലദോഷമുണ്ടാകുമ്പോള്‍ വരുന്ന സ്രവത്തില്‍നിന്ന് വ്യത്യസ്തമായി വെള്ളത്തിന് സമാനമായ രീതിയിലാണ് സിഎസ്എഫ് റൈനോറിയ ബാധിച്ചവരുടെ മൂക്കിലൂടെ ഒഴുകുക. തുമ്മലോ അനുബന്ധ ബുദ്ധിമുട്ടുകളോ ഉണ്ടാവില്ല. മൂക്കിനുള്ളില്‍ അരിപ്പ പോലെ സംരക്ഷിക്കുന്ന ഭാഗമാണ് ക്രിബ്രിഫോം പ്ലേറ്റ്. ദുര്‍ബലമായ ഇൗ ഭാഗം പൊട്ടുന്നതുവഴിയാണ് സെറിബ്രോ സ്പൈനല്‍ ഫ്‌ലൂയിഡ് പുറത്തേക്ക് ഒഴുകുന്നത്. ഇതുവഴി അമീബ പോലുള്ള അണുക്കള്‍ എളുപ്പത്തില്‍ അകത്തേയ്ക്ക് പ്രവേശിക്കാന്‍ സാധ്യതയുണ്ടെന്നും ആരോഗ്യ വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കി.
വാഹനാപകടങ്ങളിലോ മറ്റോ ആ ഭാഗത്ത് പരിക്കേല്‍ക്കുന്നവരില്‍ ക്രിബ്രിഫോം പ്ലേറ്റ് പൊട്ടി സിഎസ്എഫ് (സെറിബ്രോ സ്പൈനല്‍ ഫ്‌ലൂയിഡ്) റൈനോറിയ വരാന്‍ സാധ്യതയുണ്ട്. ഇതുള്ളവരില്‍ മെനിഞ്ചൈറ്റിസ് വരാനും സാധ്യതയേറെയാണ്. ഇത്തരം അസുഖമുള്ളവര്‍ ചികിത്സ തേടി ശസ്ത്രക്രിയയിലൂടെ ക്രിബ്രിഫോം പ്ലേറ്റിന്റെ പ്രശ്നങ്ങള്‍ പരിഹരിക്കണമെന്ന് ആരോഗ്യ വിദഗ്ധര്‍ വ്യക്തമാക്കുന്നു.
by Midhun HP News | Sep 3, 2025 | Latest News
കുവൈത്ത് സിറ്റി: കുവൈത്തിലെ വിഷമദ്യ ദുരന്തത്തിൽ മരിച്ചവരുടെ അവയവങ്ങൾ നിരവധി പേരുടെ ജീവൻ രക്ഷിച്ചതായി അധികൃതർ. സംഭവത്തിൽ മസ്തിഷ്ക മരണം സംഭവിച്ച 10 പേരുടെ അവയവങ്ങൾ നിരവധി ആളുകളിലേക്ക് മാറ്റി വെയ്ക്കുക ആയിരുന്നു. ഒരു ദേശിയ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ കുവൈത്ത് അവയവ മാറ്റിവെക്കൽ കേന്ദ്രം ചെയർമാൻ ഡോ.മുസ്തഫ അൽ മൗസവിയാണ് ഇക്കാര്യം വ്യക്തമാക്കിയത്.

മദ്യ ദുരന്തത്തിന് പിന്നാലെ 20 പേരെയാണ് തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചത്. ഇതിൽ മസ്തിഷ്ക മരണം സംഭവിച്ചവരും ഹൃദയാഘാതം വന്നവരുമുണ്ടായിരുന്നു. മസ്തിഷ്ക മരണം സംഭവിച്ചവരുടെ കുടുംബങ്ങളുമായി ബന്ധപ്പെടുകയും അവയവദാനത്തിനായി അനുമതി തേടുകയും ചെയ്തു. 12 പേരുടെ ബന്ധുക്കളായാണ് ബന്ധപ്പെട്ടത്. ഇതിൽ 10 പേരുടെ കുടുംബം അനുമതി നൽകി. 20 വൃക്കകൾ, മൂന്ന് ഹൃദയങ്ങൾ, നാല് കരളുകൾ, രണ്ട് ശ്വാസകോശങ്ങൾ എന്നിവ മസ്തിഷ്ക മരണം സംഭവിച്ചവരിൽ നിന്ന് ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തു.

ഇതിൽ ഹൃദയങ്ങളും വൃക്കകളും കുവൈത്തിൽ തന്നെയുള്ള രോഗികളിൽ മാറ്റിവച്ചു. ഹൃദയം മാറ്റിവെക്കൽ ശസ്ത്രക്രിയകൾ വിജയകരമായി പൂർത്തിയാക്കിയതായി അധികൃതർ വ്യക്തമാക്കി.രാജ്യത്ത് കരൾ മാറ്റിവെക്കൽ ചികിൽസ താൽക്കാലികമായി നിർത്തിവച്ചിരിക്കുന്നത് കൊണ്ട് കുവൈത്തി രോഗികളുടെ ശസ്ത്രക്രിയകൾക്കായി കരളുകൾ അബൂദബിയിലേക്ക് അയച്ചതായും ഡോ.മുസ്തഫ അൽ മൗസവി പറഞ്ഞു.
കുവൈത്തിൽ വിഷ മദ്യം കഴിച്ചു 160 പേരാണ് ചികിത്സ തേടിയത്. ഇതിൽ 23 പേർ മരിക്കുകയും 21 പേർക്ക് കാഴ്ച നഷ്ടമാകുകയും ചെയ്തിരുന്നു. ഇതിന്റെ പശ്ചാത്തലത്തിൽ രാജ്യത്തുടനീളം വ്യാപക പരിശോധനയാണ് അധികൃതർ നടത്തി വരുന്നത്. ലഹരി മരുന്നുമായി ബന്ധപെട്ട കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ട 729 പേരെയാണ് ഈ വർഷം നാടുകടത്തിയത്. വിവിധ കേസുകളിലായി 823 പ്രതികളെയും പിടികൂടിയിട്ടുണ്ട്. ലഹരിയുമായി ബന്ധപ്പെട്ട കേസുകളിൽ ശക്തമായ നടപടികൾ തുടർന്നും സ്വീകരിക്കുമെന്നും അധികൃതർ വ്യക്തമാക്കി.

by Midhun HP News | Sep 3, 2025 | Latest News, കേരളം
തൃശൂര്‍: കേന്ദ്രമന്ത്രി സുരേഷ് ഗോപിക്ക് തിരുവനന്തപുരത്തും വോട്ടുണ്ടെന്ന് കോണ്‍ഗ്രസ് നേതാവ് അനില്‍ അക്കര. തദ്ദേശ തെരഞ്ഞെടുപ്പിനായുള്ള പുതുക്കിയ വോട്ടര്‍ പട്ടികയിലും സുരേഷ് ഗോപിക്ക് തിരുവനന്തപുരത്താണ് വോട്ടുള്ളത്. ശാസ്തമംഗലത്തെ 41 ആം വാര്‍ഡിലാണ് സുരേഷ് ഗോപിക്കും കുടുംബത്തിനും വോട്ടുള്ളതെന്നും അനില്‍ അക്കര പറഞ്ഞു.

സുരേഷ് ഗോപി തിരുവനന്തപുരത്തെ സ്ഥിര താമസക്കാരനാണെന്നാണ് ഇതു വ്യക്തമാക്കുന്നത്. പതിറ്റാണ്ടുകളായി തിരുവനന്തപുരത്താണ് താമസിക്കുന്നത്. കഴിഞ്ഞ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ജയിക്കാനായി, തൃശൂരിലാണ് സ്ഥിരതാമസമെന്ന അസത്യപ്രസ്താവന നല്‍കി വോട്ടു ചേര്‍ക്കുകയായിരുന്നുവെന്ന് ഇതോടെ തെളിഞ്ഞതായും അനില്‍ അക്കര പറഞ്ഞു.

നേരത്തെ സുരേഷ് ഗോപിയുടെ വോട്ടുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് നേതാവ് ടി എന്‍ പ്രതാപന്‍ നേരത്തെ സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് പരാതി നല്‍കിയിരുന്നു. ഇതിന്റെ അന്വേഷണം നടന്നുകൊണ്ടിരിക്കുന്നതിനിടെയാണ്, തദ്ദേശ തെരഞ്ഞെടുപ്പിനുള്ള പുതിയ വോട്ടര്‍ പട്ടിക സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രസിദ്ധീകരിക്കുന്നത്. ഇതില്‍ ശാസ്തമംഗലത്താണ് സുരേഷ്‌ഗോപിക്കും കുടുംബത്തിനും സഹോദരങ്ങള്‍ക്കും വോട്ടുള്ളതെന്ന് കോണ്‍ഗ്രസ് പറയുന്നു.

by Midhun HP News | Sep 3, 2025 | Latest News, കേരളം
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴ. ഇന്ന് ആറ് ജില്ലകളിലാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ അലര്‍ട്ട് പുറപ്പെടുവിച്ചിരിക്കുന്നത്. തൃശൂര്‍, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് മുന്നറിയിപ്പുള്ളത്. ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദ്ദത്തിന്റെ സ്വാധീന ഫലമയാണ് ശക്തമായ മഴ.
ന്യൂനമര്‍ദ്ദത്തിന്റെ സ്വാധീനഫലമായി വരുംദിവസങ്ങളില്‍ വടക്കന്‍ കേരളത്തിലാണ് കൂടുതല്‍ മഴ ലഭിക്കാന്‍ സാധ്യത. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അര്‍ത്ഥമാക്കുന്നത്.

കേരള തീരത്തും കര്‍ണാടക – ലക്ഷദ്വീപ് തീരങ്ങളിലും ഇന്നും നാളെയും മത്സ്യബന്ധനത്തിനു പോകാന്‍ പാടില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. കൂടാതെ കേരള തീരത്ത് മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വരെയും ചില അവസരങ്ങളില്‍ 60 കിലോമീറ്റര്‍ വരെയും വേഗതയില്‍ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ട്.

02 മുതല്‍ 04 വരെ കര്‍ണാടക – ലക്ഷദ്വീപ് തീരങ്ങളില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വരെയും ചില അവസരങ്ങളില്‍ 60 കിലോമീറ്റര്‍ വരെയും വേഗതയില്‍ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചിരുന്നു.

by Midhun HP News | Sep 3, 2025 | Latest News, കേരളം
ആലപ്പുഴ: ഡല്‍ഹിയില്‍ മലയാളി മെയില്‍ നഴ്‌സ് കുഴഞ്ഞു വീണ് മരിച്ചു. ഡല്‍ഹിയില്‍ ജോലി കഴിഞ്ഞു മടങ്ങുമ്പോഴായിരുന്നു സംഭവം. തണ്ണീര്‍മുക്കം പഞ്ചായത്ത് എട്ടാം വാര്‍ഡ് വെളിയമ്പ്ര കല്യാണിച്ചിറ വീട്ടില്‍ വി.വിഷ്ണു (32) ആണ് മരിച്ചത്. ഡല്‍ഹി മാക്‌സ് സൂപ്പര്‍ സ്‌പെഷ്യല്‍റ്റി ആശുപത്രിയിലെ ജോലി കഴിഞ്ഞു തിങ്കളാഴ്ച ഉച്ചയ്ക്ക് ഓട്ടോറിക്ഷയില്‍ താമസസ്ഥലത്തേക്കു പോകുകയായിരുന്നു വിഷ്ണു.
ഓട്ടോ ഡ്രൈവര്‍ ഉടന്‍ വിഷ്ണുവിനെ ഡോ. റാം മനോഹര്‍ ലോഹ്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും വഴിമധ്യേ മരിച്ചു. വിജയന്‍, രത്‌നവല്ലി ദമ്പതികളുടെ മകനായ വിഷ്ണു അവിവാഹിതനാണ്. സഹോദരങ്ങള്‍: വിജേഷ്, വിനു. സംസ്‌കാരം ഇന്നു രാവിലെ 10നു വീട്ടുവളപ്പില്‍.



Recent Comments