വീട്ടുവരാന്തയിലെ ഗ്രില്ലില്‍ നിന്നും ഷോക്കേറ്റു; കണ്ണൂരില്‍ അഞ്ചു വയസ്സുകാരന്‍ മരിച്ചു

വീട്ടുവരാന്തയിലെ ഗ്രില്ലില്‍ നിന്നും ഷോക്കേറ്റു; കണ്ണൂരില്‍ അഞ്ചു വയസ്സുകാരന്‍ മരിച്ചു

കണ്ണൂര്‍: കണ്ണൂര്‍ കോളാരി കുംഭംമൂലയില്‍ അഞ്ചു വയസ്സുകാരന്‍ ഷോക്കേറ്റ് മരിച്ചു. അല്‍ മുബാറക് ഹൗസില്‍ മുഹിയുദ്ദീനാണ് മരിച്ചത്. വീട്ടുവരാന്തയിലെ ഗ്രില്‍സില്‍ പിടിപ്പിച്ചിരുന്ന ഡെക്കറേഷന്‍ ലൈറ്റിൽ നിന്ന് ഷോക്കേല്‍ക്കുകയായിരുന്നു.

ഇന്നലെ രാത്രി എട്ടു മണിയോടെയാണ് അപകടമുണ്ടായത്. വീട്ടുവരാന്തയിലെ ഗ്രില്ലിന് മുകളില്‍ പിടിച്ചുകയറുന്നതിടെ മിനിയേച്ചര്‍ ലൈറ്റിന്റെ വയറില്‍ നിന്ന് ഷോക്കേല്‍ക്കുകയായിരുന്നു. തെറിച്ചു വീണ കുട്ടിയെ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഉളിയില്‍ മജ്‌ലിസ് പ്രീ സ്‌കൂള്‍ വിദ്യാര്‍ഥിയാണ്. അസ്മാര്‍ മദനിയാണ് പിതാവ്. ആയിഷയാണ് മാതാവ്. കുട്ടിയുടെ മൃതദേഹം തലശ്ശേരി ​സർക്കാർ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.

ഓണക്കിറ്റ് വിതരണവും പാലിയേറ്റീവ് ഉപകരണങ്ങളുടെ ഏറ്റുവാങ്ങലും സംഘടിപ്പിക്കുന്നു

ഓണക്കിറ്റ് വിതരണവും പാലിയേറ്റീവ് ഉപകരണങ്ങളുടെ ഏറ്റുവാങ്ങലും സംഘടിപ്പിക്കുന്നു

തോട്ടയ്ക്കാട് കടുവയിൽ സൗഹൃദ റസിഡൻസ് അസോസിയേഷന്റെയും പാലിയേറ്റീവ് കെയർ യൂണിറ്റിന്റെയും ആഭിമുഖ്യത്തിൽ ഓണക്കിറ്റ് വിതരണവും പാലിയേറ്റീവ് ഉപകരണങ്ങളുടെ ഏറ്റുവാങ്ങലും സംഘടിപ്പിക്കുന്നു.
പരിപാടിയിൽ വർക്കല ഡെപ്യൂട്ടി സൂപ്രണ്ട് ഓഫ് പോലീസ് ബി ഗോപകുമാർ ഓണസമ്മാന വിതരണം നിർവഹിക്കും. ഡോക്ടർ അജയൻ പനയറ ഓണ സന്ദേശം നൽകും. മണമ്പൂർ ഗ്രാമപഞ്ചായത്ത് സെക്രട്ടറി സന്തോഷ് കുമാർ ജെ മികച്ച വിദ്യാർഥികൾക്കുള്ള പുരസ്കാര വിതരണവും നടത്തും.

കൈരളി ഗ്രന്ഥശാലയുടെ ആഭിമുഖ്യത്തിൽ ‘ഓർമ്മയിലെ ഞാൻ’ എന്ന പുസ്തകം പ്രകാശനം ചെയ്തു

കൈരളി ഗ്രന്ഥശാലയുടെ ആഭിമുഖ്യത്തിൽ ‘ഓർമ്മയിലെ ഞാൻ’ എന്ന പുസ്തകം പ്രകാശനം ചെയ്തു

കൈരളി ഗ്രന്ഥശാലയുടെ ആഭിമുഖ്യത്തിൽ ഭരണസമിതി അംഗവും അധ്യാപികയുമായ ഷീജു ജോയ് രചിച്ച ‘ഓർമ്മയിലെ ഞാൻ’ എന്ന പുസ്തകത്തിന്റെ പ്രകാശന കർമ്മം നടന്നു. നാവായിക്കുളം ഫാർമേഴ്‌സ് സഹകരണസംഘം ഹാളിൽ പ്രശസ്ത കവിയും പ്രഭാഷകനുമായ ഏഴാച്ചേരി രാമചന്ദ്രൻ പുസ്തക പ്രകാശനം നടത്തി. പ്രശസ്ത നോവലിസ്റ്റ് ജി ആർ ബിലഹരി പുസ്തകം സ്വീകരിച്ചു. കൈരളി സെക്രട്ടറി എം ഗോപാലകൃഷ്ണൻ പുസ്തകം പരിചയപ്പെടുത്തി. ചടങ്ങിൽ കൈരളി പ്രസിഡന്റ് വി രാധാകൃഷ്ണൻ അധ്യക്ഷനായി. കൈരളി ജോയിൻറ്റ് സെക്രട്ടറി പ്രസാദ് ബി കെ, ജി എസ് സുനിൽ, വിജയകുമാർ തുടങ്ങിയവർ പങ്കെടുത്തു.

വിദേശവിദ്യാര്‍ഥികളുടെ വിസാകാലയളവ് പരിമിതപ്പെടുത്താന്‍ യുഎസ് നീക്കം, താമസ സമയം നിയന്ത്രിക്കും

വിദേശവിദ്യാര്‍ഥികളുടെ വിസാകാലയളവ് പരിമിതപ്പെടുത്താന്‍ യുഎസ് നീക്കം, താമസ സമയം നിയന്ത്രിക്കും

വാഷിങ്ടണ്‍: വിദേശ വിദ്യാര്‍ഥികള്‍, എക്‌സ്‌ചേഞ്ച് വിസിറ്റര്‍മാര്‍, വിദേശ മാധ്യമപ്രവര്‍ത്തകര്‍ എന്നിവര്‍ക്ക് വിസകാലയളവ് പരിമിതപ്പെടുത്താനൊരുങ്ങി യുഎസ്. നിര്‍ദിഷ്ട നിയമം പ്രാബല്യത്തില്‍വന്നാല്‍ വിദേശവിദ്യാര്‍ഥികള്‍ക്കും മാധ്യമപ്രവര്‍ത്തകര്‍ക്കും യുഎസില്‍ താമസിക്കാന്‍ കഴിയുന്ന സമയം നിയന്ത്രിതമാകുമെന്ന് യുഎസ് ആഭ്യന്തര സുരക്ഷാവകുപ്പ് അറിയിച്ചു.

പുതിയ നിയമപ്രകാരം യുഎസില്‍ പഠിക്കുന്ന കോഴ്‌സിന്റെ കാലാവധി തീരുന്നതുവരെമാത്രമേ വിദ്യാര്‍ഥികള്‍ക്ക് രാജ്യത്ത് താമസിക്കാന്‍ സാധിക്കുകയുള്ളൂ. ഇത് നാലുവര്‍ഷത്തില്‍ കൂടരുതെന്നും വ്യവസ്ഥയുണ്ട്. നിശ്ചിത കാലയളവുകളില്‍ വിസ പുതുക്കേണ്ടിയും വരും. എഫ്, ജെ വിസ ഉടമകള്‍ക്ക് അവരുടെ പ്രോഗ്രാമിന്റെ ദൈര്‍ഘ്യം അനുസരിച്ച് പരമാവധി നാല് വര്‍ഷംവരെ താമസിക്കാന്‍ അനുവദിക്കും. ബിരുദതല എഫ് 1 വിദ്യാര്‍ഥികള്‍ക്ക് കോഴ്‌സിനിടയില്‍ പ്രോഗ്രാം മാറ്റുന്നതിന് നിയന്ത്രണങ്ങളുണ്ടാകും. പഠനം പൂര്‍ത്തിയാക്കിയ ശേഷം എഫ് 1 വിദ്യാര്‍ഥികള്‍ക്കുള്ള ഗ്രേസ് പിരീഡ് 60 ദിവസത്തില്‍നിന്ന് 30 ദിവസമായി കുറയ്ക്കും.

വിദേശത്തുനിന്നുള്ള മാധ്യമപ്രവര്‍ത്തകര്‍ക്ക് യുഎസില്‍ പ്രവേശനം അനുവദിക്കുന്ന ‘ഐ’ വിസകളുടെ കാലാവധിയും പുതിയ നിയമപ്രകാരം പരിമിതപ്പെടും. ഇവര്‍ക്ക് യുഎസില്‍നിന്നുകൊണ്ട് വാര്‍ത്തകള്‍ റിപ്പോര്‍ട്ടു ചെയ്യാനുള്ള കാലയളവ് 240 ദിവസത്തേക്ക് പരിമിതപ്പെടുത്താനാണ് പുതിയ നിയമം ശുപാര്‍ശചെയ്യുന്നത്.എച്ച്1ബി വിസ പ്രോഗ്രാം, ഗ്രീന്‍ കാര്‍ഡുകള്‍ എന്നിവയില്‍ മാറ്റങ്ങള്‍ വരുത്താന്‍ പോകുന്നുവെന്ന് യുഎസ് വാണിജ്യ സെക്രട്ടറി ഹോവാര്‍ഡ് ലുട്‌നിക്ക് പറഞ്ഞതിന് പിന്നാലെയാണ്, വിദേശ വിദ്യാര്‍ഥികള്‍ക്കുള്ള എഫ് 1, എക്‌സ്‌ചേഞ്ച് വിസിറ്റര്‍മാര്‍ക്കുള്ള ജെ 1 വിസകളിലും മാറ്റങ്ങള്‍ കൊണ്ടുവരുന്നത്.

സംസ്ഥാനത്തെ സ്കൂളുകൾ ഇന്ന് അടയ്ക്കും; ഓണാവധി സെപ്റ്റംബർ 7 വരെ

സംസ്ഥാനത്തെ സ്കൂളുകൾ ഇന്ന് അടയ്ക്കും; ഓണാവധി സെപ്റ്റംബർ 7 വരെ

തിരുവനന്തപുരം: സംസ്ഥാനത്തെ സ്‌കൂളുകള്‍ ഓണാവധിക്കായി ഇന്ന് അടയ്ക്കും. ഇന്നു നടക്കുന്ന ഓണാഘോഷങ്ങള്‍ കഴിഞ്ഞാണ് വിദ്യാലയങ്ങള്‍ അടയ്ക്കുന്നത്. ഓണാവധി കഴിഞ്ഞ് സെപ്റ്റംബര്‍ എട്ടിനാണ് വീണ്ടും സ്‌കൂളുകള്‍ തുറക്കുക. ഓണാവധി വെട്ടിച്ചുരുക്കാന്‍ സര്‍ക്കാര്‍ നീക്കമെന്ന പ്രചാരണം വ്യാജമാണെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി വ്യക്തമാക്കി. സ്‌കൂളുകളില്‍ ഓണപ്പരീക്ഷ കഴിഞ്ഞദിവസം പൂര്‍ത്തിയായിരുന്നു. സ്‌കൂള്‍ തുറന്ന് ഏഴു ദിവസത്തിനകം ഓണപ്പരീക്ഷയുടെ ഫലം പ്രഖ്യാപിക്കും.

അഞ്ചു മുതല്‍ 9 വരെ ക്ലാസുകളില്‍ ഓരോ വിഷയത്തിനും 30 ശതമാനം മാര്‍ക്ക് ലഭിക്കാത്തവര്‍ക്ക് അടുത്ത മാസം രണ്ടാഴ്ച സെപ്ഷല്‍ ക്ലാസ് നടത്തും. കുട്ടികളുടെ മാനസികാരോഗ്യം മെച്ചപ്പെടുത്താനും ലഹരിവ്യാപനം തടയാനുമായി അധ്യാപകര്‍ക്ക് മൂന്നു തലങ്ങളിലായി കൗണ്‍സിലിങ് പരിശീലനം നല്‍കുമെന്നും വിദ്യാഭ്യാസമന്ത്രി അറിയിച്ചു.