by Midhun HP News | Aug 26, 2025 | Latest News, ദേശീയ വാർത്ത
ഡല്‍ഹി: റഷ്യയില്‍ നിന്നും എണ്ണ വാങ്ങുന്നത് തുടരുമെന്ന് ഇന്ത്യ. ഇക്കാര്യത്തില്‍ ഒരു സമ്മര്‍ദ്ദത്തിനും വഴങ്ങില്ലെന്ന് ഇന്ത്യ വ്യക്തമാക്കി. കുറഞ്ഞ വിലയ്ക്ക് ആര് എണ്ണ നല്‍കിയാലും വാങ്ങും. പരിഗണിക്കുന്നത് വിപണിയിലെ സാഹചര്യമാണെന്നും റഷ്യയിലെ ഇന്ത്യന്‍ അംബാസഡര്‍ വിനയ് കുമാര്‍ പറഞ്ഞു.
റഷ്യയില്‍ നിന്നും കുറഞ്ഞ വിലയ്ക്കാണ് ഇന്ത്യയ്ക്ക് എണ്ണ ലഭിക്കുന്നത്. ദേശീയ താല്‍പ്പര്യവും സാമ്പത്തിക താല്‍പ്പര്യവുമാണ് ഇന്ത്യ പ്രധാനമായും പരിഗണിക്കുന്നത്. കുറഞ്ഞ വിലയ്ക്ക് എണ്ണ നല്‍കാന്‍ തയ്യാറുള്ള രാജ്യങ്ങളില്‍ നിന്നും എണ്ണ വാങ്ങും. ഇന്ത്യ- റഷ്യ ബന്ധം മുന്നോട്ടു പോകുമെന്നും വിനയ് കുമാര്‍ വ്യക്തമാക്കി.
റഷ്യയില്‍ നിന്നും ക്രൂഡോയില്‍ വാങ്ങുന്നുവെന്നതിന്റെ പേരില്‍ ഇന്ത്യയ്‌ക്കെതിരെ അമേരിക്ക ചുമത്തിയ 25 ശതമാനം അധിക തീരുവ നാളെ മുതല്‍ പ്രാബല്യത്തില്‍ വരാനിരിക്കെയാണ് വിനയ് കുമാറിന്റെ പ്രസ്താവന. അധിക തീരുവ കൂടി നിലവില്‍ വരുന്നതോടെ, ഇന്ത്യന്‍ ഉല്‍പ്പന്നങ്ങള്‍ക്കുമേല്‍ ട്രംപ് ഭരണകൂടം ചുമത്തുന്ന ആകെ അധികതീരുവ 50 ശതമാനത്തിലേക്ക് ഉയരും.

പുതിയ തീരുമാനം പ്രാബല്യത്തില്‍ വരുന്നതോടെ അമേരിക്ക ഏറ്റവും കൂടുതല്‍ ഇറക്കുമതി തീരുവ ചുമത്തുന്ന രാജ്യമായി ബ്രസീലിനൊപ്പം ഇന്ത്യയും മാറും. സ്വിറ്റ്സര്‍ലന്‍ഡ് 39 ശതമാനം, കാനഡ 35 ശതമാനം, ചൈന, ദക്ഷിണാഫ്രിക്ക 30 ശതമാനം, മെക്സിക്കോ 25 ശതമാനം എന്നീ രാജ്യങ്ങളാണ് ഉയര്‍ന്ന തീരുവ പട്ടികയില്‍ തൊട്ടുപിന്നാലെയുള്ളത്. യുക്രൈന്‍ യുദ്ധം അവസാനിപ്പിക്കാന്‍ റഷ്യയെ പ്രേരിപ്പിക്കുക ലക്ഷ്യമിട്ടാണ്, വ്യാപാര പങ്കാളിയായ ഇന്ത്യയ്ക്ക് മേല്‍ അധിക തീരുവ ചുമത്തുന്നതെന്നാണ് യുഎസ് വൈസ് പ്രസിഡന്റ് ജെ ഡി വാന്‍സ് വ്യക്തമാക്കിയത്. ഡല്‍ഹി വിലകുറഞ്ഞ റഷ്യന്‍ ക്രൂഡിന്റെ ഇറക്കുമതി വര്‍ദ്ധിപ്പിച്ചത് യുഎസുമായുള്ള ബന്ധത്തെ വഷളാക്കുകയും വ്യാപാര കരാര്‍ ചര്‍ച്ചകളെ ബാധിക്കുകയും ചെയ്തിട്ടുണ്ട്.


by Midhun HP News | Aug 26, 2025 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: സംസ്ഥാന സർക്കാരിൻ്റെ സൗജന്യ ഓണക്കിറ്റ് വിതരണം ഇന്ന് ആരംഭിക്കും. എ എ വൈ റേഷൻ കാർഡ് (മഞ്ഞ കാർഡ് ) ഉടമകൾക്കും ക്ഷേമ സ്ഥാപനങ്ങളിലെ അന്തേവാസികൾക്കുമാണ് സൗജന്യ ഓണക്കിറ്റ് ലഭിക്കുക. സൗജന്യ ഓണക്കിറ്റ് വിതരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരത്ത് ഭക്ഷ്യമന്ത്രി ജി ആർ അനിൽ നിർവഹിച്ചു. 14 സാധനങ്ങളടങ്ങിയ 6,03,291 ഭക്ഷ്യകിറ്റാണ് നൽകുക. 5,92,657 മഞ്ഞക്കാർഡുകാർക്ക് റേഷൻകട വഴിയാകും കിറ്റ് വിതരണം.
ക്ഷേമസ്ഥാപനത്തിലെ നാല് അന്തേവാസികൾക്ക് ഒരു കിറ്റ് എന്ന നിലയിലാണ് നൽകുക. ഇത്തരത്തിൽ 10,634 കിറ്റുകൾ നൽകും. സെപ്‌തംബർ നാലുവരെ കിറ്റ് വാങ്ങാവുന്നതാണെന്ന് ഭക്ഷ്യമന്ത്രി അറിയിച്ചു.
ഓണക്കാലത്ത് പിങ്ക് കാർഡുകാർക്ക് നിലവിലുള്ള വിഹിതത്തിനുപുറമെ അഞ്ചുകിലോ അരി നൽകും. നീലക്കാർഡിന് 10 കിലോയും വെള്ളക്കാർഡിന് 15 കിലോയും അരി നൽകും. കിലോയ്‌ക്ക് 10.90 രൂപ നിരക്കിലാണ് അരി ലഭ്യമാക്കുന്നത്.


ഓണക്കിറ്റിലെ ആവശ്യവസ്തുക്കൾ
പഞ്ചസാര
വെളിച്ചെണ്ണ
തുവര പരിപ്പ്
ചെറുപയർ പരിപ്പ്
വൻ പയർ
കശുവണ്ടി
മിൽമ നെയ്യ്
ഗോൽഡ് ടീ
പായസം മിക്‌സ്
സാമ്പാർ പൊടി
മുളകുപൊടി
മഞ്ഞൾപൊടി
മല്ലിപ്പൊടി
ഉപ്പ്

by Midhun HP News | Aug 26, 2025 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: സംസ്ഥാനത്തെ മെഡിസെപ് ആരോഗ്യ ഇന്‍ഷുറന്‍സ് കാര്‍ഡിലെ പോരായ്മകള്‍ പരിഹരിക്കാന്‍ നടപടി തുടങ്ങി. മെഡിസെപ് കാര്‍ഡിലെയും ആശുപത്രികളില്‍ നല്‍കുന്ന തിരിച്ചറിയല്‍ രേഖകളിലെയും വിവരങ്ങളില്‍ പൊരുത്തക്കേട് ഒഴിവാക്കാന്‍ ഗുണഭോക്താക്കള്‍ www.medisep.
തിരുത്തലുകളുണ്ടെങ്കിലോ, ആരെയെങ്കിലും നീക്കം ചെയ്യുകയോ പുതിയതായി ഉള്‍പ്പെടുത്തുകയോ വേണമെങ്കിലും അതിനുള്ള അപേക്ഷ സെപ്റ്റംബര്‍ 10ന് മുന്‍പ് ജീവനക്കാര്‍ ബന്ധപ്പെട്ട ഡിഡിഒമാര്‍ക്കും പെന്‍ഷന്‍/ കുടുംബ പെന്‍ഷന്‍കാര്‍ ബന്ധപ്പെട്ട ട്രഷറി ഓഫിസര്‍മാര്‍ക്കും സമര്‍പ്പിക്കണം. നവജാതശിശുക്കളെ ജനിച്ച് 90 ദിവസത്തിനുള്ളിലും വിവാഹം കഴിയുന്നവര്‍ പങ്കാളിയുടെ പേര് വിവാഹം കഴിഞ്ഞ് ഒരു മാസത്തിനുള്ളിലും പോര്‍ട്ടലിലെ ആശ്രിതരുടെ ലിസ്റ്റില്‍ ഉള്‍പ്പെടുത്തണം. തിരുത്തല്‍ വരുത്തി പ്രൊഫൈല്‍ അപ്‌ഡേറ്റ് ചെയ്ത് ഡിഡിഒമാര്‍ വെരിഫിക്കേഷന്‍ പൂര്‍ത്തിയാക്കിയ പ്രൊഫൈലുകളുടെ സ്റ്റേറ്റസ് റിപ്പോര്‍ട്ട് ഡൗണ്‍ലോഡ് ചെയ്തു സൂക്ഷിച്ച് മെഡിസെപ് കാര്‍ഡ് ലഭിക്കുമ്പോള്‍ ഒത്തുനോക്കണം.

അനുവദിച്ച സമയത്തിനുള്ളില്‍ തിരുത്തി, വെരിഫൈ ചെയ്ത ശേഷവും സാങ്കേതികപ്പിഴവു കാരണം മെഡിസെപ് കാര്‍ഡ് ഡൗണ്‍ലോഡ് ചെയ്യാന്‍ കഴിഞ്ഞില്ലെങ്കില്‍ 18000 425 1857 എന്ന ടോള്‍ഫ്രീ നമ്പറിലോ info.medisep @kerala.gov.in എന്ന മെയിലിലോ ബന്ധപ്പെടണമെന്നും അധികൃതര്‍ അറിയിച്ചു.

by Midhun HP News | Aug 26, 2025 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: ആര്യനാട് പഞ്ചായത്ത് വാർഡ് മെമ്പർ ജീവനൊടുക്കിയ നിലയിൽ. ആര്യനാട് – കോട്ടയ്ക്കകം വാർഡ് മെമ്പറായ ശ്രീജയാണ് മരിച്ചത്. രാവിലെ വീട്ടിൽ വെച്ച് ആസിഡ് കുടിക്കുകയായിരുന്നു. വീട്ടുകാർ ഉടൻ ആര്യനാട് പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സാമ്പത്തിക പ്രശ്നമാണ് ആത്മഹത്യക്ക് കാരണമെന്നാണ് പ്രാഥമിക നിഗമനം.
by Midhun HP News | Aug 26, 2025 | Latest News, ജില്ലാ വാർത്ത
കൊച്ചി: പൊന്നോണത്തിന്റെ വരവറിയിച്ചു കൊണ്ടുള്ള തൃപ്പൂണിത്തുറയിലെ അത്തച്ചമയ ഘോഷയാത്ര ഇന്ന് നടക്കും. ഇന്നലെ വൈകീട്ട് ഹില്‍പ്പാലസില്‍ നടന്ന ചടങ്ങില്‍ കൊച്ചി രാജകുടുംബ പ്രതിനിധിയില്‍ നിന്നും തൃപ്പൂണിത്തുറ നഗരസഭ ചെയര്‍പേഴ്സണ്‍ രമ സന്തോഷ് അത്തപ്പതാക ഏറ്റുവാങ്ങി. അത്തം നഗറായ തൃപ്പൂണിത്തുറ ബോയ്സ് സ്‌കൂള്‍ മൈതാനിയില്‍ ഇന്നു രാവിലെ 9 ന് മന്ത്രി എംബി രാജേഷ് അത്താഘോഷം ഉദ്ഘാടനം ചെയ്യും.

കെ ബാബു എംഎല്‍എ ചടങ്ങില്‍ അധ്യക്ഷനായിരിക്കും. മന്ത്രി പി രാജീവ് അത്തപ്പതാക ഉയര്‍ത്തും. നടന്‍ ജയറാം ഘോഷയാത്ര ഫ്ലാഗ് ഓഫ് ചെയ്യും. തുടര്‍ന്ന് 9.30 ന് അത്തം ഘോഷയാത്ര ആരംഭിക്കും. ആനയും അമ്പാരിയും നിശ്ചല ദൃശ്യങ്ങളും നിരക്കുന്ന വര്‍ണശഭലമായ കാഴ്ചകള്‍ക്കാകും നഗരം സാക്ഷിയാകുക. നഗരം ചുറ്റിയശേഷം ഉച്ചയ്ക്ക് രണ്ടുമണിയോടെ തിരികെ ബോയ്സ് ഹൈസ്‌കൂള്‍ മൈതാനിയിലേക്ക് ഘോഷയാത്ര എത്തിച്ചേരും.
വിവിധ ഇനങ്ങളിലായി മൂവായിരത്തിലധികം കലാകാരന്മാര്‍ ഘോഷയാത്രയില്‍ അണിനിരക്കും. രാവിലെ 10 മുതല്‍ പകല്‍ ഒന്നുവരെ സിയോണ്‍ ഓഡിറ്റോറിയത്തില്‍ അത്തപ്പൂക്കളമത്സരം നടക്കും. മൂന്നുമുതല്‍ രാത്രി പത്തുവരെ അത്തപ്പൂക്കള പ്രദര്‍ശനവും നടക്കും. വിവിധ കലാമത്സരങ്ങളും നടക്കും. അത്തച്ചമയ ഘോഷയാത്രയില്‍ പങ്കെടുക്കുന്ന കലാകാരന്മാര്‍ക്കും കാണികള്‍ക്കും ഒരുകോടി രൂപയുടെ ഇന്‍ഷുറന്‍സ് പരിരക്ഷ നാഷണല്‍ ഇന്‍ഷുറന്‍സ് കമ്പനിയുമായി ചേര്‍ന്ന് ഏര്‍പ്പെടുത്തിയിട്ടുണ്ട്.

തൃപ്പൂണിത്തുറയില്‍ ഗതാഗത നിയന്ത്രണം
അത്തച്ചമയ ഘോഷയാത്ര കണക്കിലെടുത്ത് തൃപ്പൂണിത്തുറയില്‍ രാവിലെ എട്ട് മണി മുതല്‍ വൈകിട്ട് മൂന്നു മണി വരെ ഗതാഗത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. സുരക്ഷാ ക്രമീകരണങ്ങള്‍ക്കായി 450 പൊലീസുകാരെയും വിന്യസിച്ചിട്ടുണ്ട്.

Recent Comments