നടുറോഡില്‍ മാധവ് സുരേഷും കോണ്‍ഗ്രസ് നേതാവും തമ്മില്‍ തര്‍ക്കം

നടുറോഡില്‍ മാധവ് സുരേഷും കോണ്‍ഗ്രസ് നേതാവും തമ്മില്‍ തര്‍ക്കം

തിരുവനന്തപുരം: തിരുവനന്തപുരത്ത് നടുറോഡില്‍ മാധവ് സുരേഷും കോണ്‍ഗ്രസ് നേതാവും തമ്മില്‍ തര്‍ക്കം. കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ മകന്‍ വാഹനം തടഞ്ഞ് ബോണറ്റില്‍ അടിച്ചു. സംഭവവുമായി ബന്ധപ്പെട്ട് മാധവ് സുരേഷിനെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. ഇന്നലെ രാത്രി 11.15നാണ് സംഭവം. മാധവ് സുരേഷിനെ രാത്രി തന്നെ വിട്ടയക്കുകയും ചെയ്തു.

ശാസ്തമംഗലത്തെ കെപിസിസി ഓഫീസിനടുത്ത് വെച്ചാണ് സംഭവം നടന്നത്. കോണ്‍ഗ്രസ് നേതാവ് വിനോദ് കൃഷ്ണയുടെ വാഹനമാണ് തടഞ്ഞത്. ഇതിനെ തുടര്‍ന്ന് റോഡില്‍ വലിയ ഗതാഗത തടസ്സമുണ്ടായി. മാധവ് സുരേഷ് ലഹരിയിലായിരുന്നു എന്ന് വിനോദ് കൃഷ്ണ പൊലീസില്‍ പരാതി നല്‍കി. ഇതിനെ തുടര്‍ന്ന് മാധവ് സുരേഷിനെ മ്യൂസിയം പോലീസ് സ്റ്റേഷനിലെത്തിച്ചു. ബ്രെത്ത് അനലൈസര്‍ വെച്ച് പരിശോധന നടത്തി. മദ്യപിച്ചിട്ടില്ലാത്തതിനാല്‍ പറഞ്ഞുവിട്ടു. തന്റെ വാഹനത്തിലിടിച്ചു എന്നായിരുന്നു വാഹനം തടയാനുള്ള കാരണമായി മാധവ് സുരേഷ് പറഞ്ഞത്.

ആറ്റിങ്ങൽ ശ്രീ മഹാഗണപതി ക്ഷേത്രത്തിലെ വിനായക ചതുർത്തി മഹോത്സവം 26ന്

ആറ്റിങ്ങൽ ശ്രീ മഹാഗണപതി ക്ഷേത്രത്തിലെ വിനായക ചതുർത്തി മഹോത്സവം 26ന്

ആറ്റിങ്ങൽ ശ്രീ മഹാഗണപതി ക്ഷേത്രത്തിലെ വിനായക ചതുർത്തി മഹോത്സവം 26ന് ആരംഭിക്കും. വിനായക ചതുർത്തി മഹോത്സവത്തോടനുബന്ധിച്ച് ചൊവ്വാഴ്ച (26.8.2025) വൈകുന്നേരം 6 മണി മുതൽ അശ്വതി എ. ജെ & പാർട്ടി (ഡാൻസ് വിത്ത് മി) അവതരിപ്പിക്കുന്ന പ്രോഗ്രാം ഉണ്ടായിരിക്കും. രാത്രി 8 മണി മുതൽ ഓൾഡ് മെലഡീസ് ആറ്റിങ്ങലിന്റെ കരോക്കെ ഗാനമേളയും നടക്കും.

രണ്ടാം ദിവസം (27.8.2025) ബുധനാഴ്ച ഉച്ചയ്ക്ക് 12.15 ന് അന്നദാനസദ്യ, വൈകുന്നേരം 7. 30 മുതൽ സെവൻസ്നോട്ട്സ് ഓർക്കസ്ട്രയുടെ ഗാനമേളയും അരങ്ങേറും.

തിരുവനന്തപുരത്ത് ബസ്സിൽ സഞ്ചരിക്കുക എന്നത് പ്രത്യേക അനുഭവം: മോഹൻലാൽ

തിരുവനന്തപുരത്ത് ബസ്സിൽ സഞ്ചരിക്കുക എന്നത് പ്രത്യേക അനുഭവം: മോഹൻലാൽ

തിരുവനന്തപുരത്ത് ബസ്സിൽ സഞ്ചരിക്കുക എന്നത് ഒരു പ്രത്യേക അനുഭവമാണെന്ന് നടൻ മോഹൻലാൽ. തിരുവനന്തപുരത്ത് കെ.എസ്.ആർ.ടി.സി എക്‌സ്‌പോയുടെ ഭാഗമായി സംഘടിപ്പിച്ച ‘ഓർമ്മ എക്‌സ്പ്രസ്സ്’ പരിപാടിയിൽ പങ്കെടുക്കുകയായിരുന്നു അദ്ദേഹം.

കോളേജിൽ പഠിക്കുന്ന കാലത്താണ് കൂടുതലായി ബസ്സിൽ സഞ്ചരിച്ചിട്ടുള്ളത്. അന്ന് ഇന്നത്തേതുപോലെയുള്ള ബസ്സുകൾ ഒന്നുമില്ലായിരുന്നു. ട്രാൻസ്‌പോർട്ട് സൗകര്യങ്ങൾ ഇന്ന് വളരെ മെച്ചപ്പെട്ടിട്ടുണ്ട്. അത്തരം സൗകര്യങ്ങൾ സംസ്ഥാനത്ത് കൊണ്ടുവരാൻ സർക്കാരിനും ഗതാഗത വകുപ്പ് മന്ത്രി കെ. ബി. ഗണേഷ് കുമാറിനും സാധിച്ചു എന്നാണ് മനസ്സിലാകുന്നതെന്ന് മോഹൻലാൽ പറഞ്ഞു. ഗണേഷ് കുമാർ കെ.എസ്.ആർ.ടി.സിക്ക് വേണ്ടി ഒരുപാട് കാര്യങ്ങൾ ചെയ്യുന്നുണ്ട്. ഇനിയും കൂടുതൽ കാര്യങ്ങൾ ചെയ്യാൻ ഏവരുടെയും സഹകരണം ഉണ്ടാകണം. ഒരു നാട്ടിലെ യാത്രാസൗകര്യങ്ങൾ മെച്ചപ്പെടുന്നതിനനുസരിച്ച് ആ നാട് ഒരുപാട് മുന്നോട്ടുപോകുമെന്ന് മോഹൻലാൽ കൂട്ടിച്ചേർത്തു.

പ്രത്യേകം സജ്ജമാക്കിയിരുന്ന പഴയ കെ.എസ്.ആർ.ടി.സി ബസിന്റെ ചവിട്ടുപടിയിൽ ഗണേഷ് കുമാറും മോഹൻലാലും ഒരുമിച്ച് നിന്ന് പഴയകാല ബസ് യാത്രാ ഓർമ്മകൾ പുതുക്കി. അതിനുശേഷം പുതിയ വോൾവോ ബസിൽ കയറി ആധുനിക സൗകര്യങ്ങൾ മനസ്സിലാക്കി.

കെ.എസ്.ആർ.ടി.സി എക്‌സ്‌പോയുടെ ഭാഗമാണ് ‘ഓർമ്മ എക്‌സ്പ്രസ്സ്’ സംഘടിപ്പിക്കുന്നത്. ആദ്യ യാത്രയിൽ സംവിധായകൻ പ്രിയദർശനും നടന്മാരായ മണിയൻപിള്ള രാജുവും നന്ദുവും ഉൾപ്പെടെയുള്ളവർ മന്ത്രി ഗണേഷ് കുമാറിനൊപ്പം സഞ്ചരിച്ചു.

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇന്ന് ഇടിവ്

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇന്ന് ഇടിവ്

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇന്ന് ഇടിവ്. 15 രൂപയുടെ കുറവാണ് ഗ്രാമിന് ഉണ്ടായത്. പവന് 120 രൂപ കുറഞ്ഞതോടെ ഒരു പവന്‍ സ്വര്‍ണ്ണത്തിന്റെ വില 73,720 രൂപയായി മാറി. അതേസമയം, വരും ദിവസങ്ങളില്‍ സ്വര്‍ണവില ഉയരുമെന്നാണ് പ്രവചനം. ആഗോള വിപണിയിലും സ്വര്‍ണവിലയില്‍ ഇടിവുണ്ടായിട്ടുണ്ട്. സ്‌പോട്ട് ഗോള്‍ഡ് വിലയില്‍ 0.3 ശതമാനം ഇടിവാണ് ഉണ്ടായത്. ഔണ്‍സിന് 3,337.95 ഡോളറായാണ് വില കുറഞ്ഞത്. യു.എസ് ഗോള്‍ഡ് ഫ്യൂച്ചര്‍ നിരക്ക് 0.2 ശതമാനം ഇടിഞ്ഞ് 3,386.50 ഡോളറായി കുറഞ്ഞു.

യു.എസ് ഡോളര്‍ ഇന്‍ഡക്‌സ് 0.4 ശതമാനം ഉയര്‍ന്നു. ആഗോള വിപണിയില്‍ വില കുറയാനുള്ള പ്രധാന കാരണം ഇതാണ്. എന്നാല്‍, ഇത് വരും ദിവസങ്ങളില്‍ സ്വര്‍ണം ഇറക്കുമതി ചെയ്യുന്ന രാജ്യങ്ങളില്‍ മഞ്ഞലോഹത്തിന്റെ വില ഉയരുന്നതിന് ഇടയാക്കിയേക്കും.

‘യജമാനരല്ല’, ഓഫീസിലെത്തുന്നവര്‍ പ്രകോപനപരമായി പെരുമാറിയാലും ക്ഷമ കൈവെടിയരുത്; സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ ഓര്‍മ്മിപ്പിച്ച് ഹൈക്കോടതി

‘യജമാനരല്ല’, ഓഫീസിലെത്തുന്നവര്‍ പ്രകോപനപരമായി പെരുമാറിയാലും ക്ഷമ കൈവെടിയരുത്; സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ ഓര്‍മ്മിപ്പിച്ച് ഹൈക്കോടതി

കൊച്ചി: ജനങ്ങളെ മറക്കുന്ന ഉദ്യോഗസ്ഥര്‍, ജനാധിപത്യത്തിന്റെ ലക്ഷ്യം തന്നെയാണു മറക്കുന്നതെന്ന് ഹൈക്കോടതി. സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ മനുഷ്യത്വത്തോടെ പെരുമാറിയില്ലെങ്കില്‍ തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരുകള്‍ പരാജയമാകും. ബ്യൂറോക്രാറ്റുകള്‍ ജനാധിപത്യത്തിന്റെ സേവകരാണ്, യജമാനരല്ലെന്നും കോടതി ഓര്‍മിപ്പിച്ചു.

തഹസില്‍ദാരുടെ ഓഫിസില്‍ ബഹളം വച്ചെന്നും ഫയല്‍ പിടിച്ചുവാങ്ങി ജോലി തടസ്സപ്പെടുത്തിയെന്നും ആരോപിച്ചുള്ള കേസില്‍ കൊല്ലം പട്ടത്താനം സ്വദേശി മണിലാലിനെ കുറ്റവിമുക്തനാക്കിക്കൊണ്ടാണു ജസ്റ്റിസ് പി വി കുഞ്ഞികൃഷ്ണന്‍ ഇക്കാര്യം വ്യക്തമാക്കിയത്. ഭരണപരമായ തീരുമാനങ്ങള്‍ കേവലം കടലാസില്‍ ഒതുങ്ങുന്നതല്ല, ജീവിതത്തെ ബാധിക്കുന്നതാണെന്നും കോടതി വ്യക്തമാക്കി.

ജനങ്ങളാല്‍ തെരഞ്ഞെടുക്കപ്പെട്ടവര്‍ ഭരിക്കുന്നു എന്നതില്‍ ഒതുങ്ങുന്നതല്ല, ജനാധിപത്യത്തിന്റെ വിജയം. ഉദ്യോഗസ്ഥരുടെ മനുഷ്യത്വപരമായ നിലപാട് ആ ഭരണത്തെ എങ്ങനെ പിന്തുണയ്ക്കുന്നു എന്നതും പ്രധാനമാണ്. അപേക്ഷകളില്‍ നിയമപരമായി മാത്രം തീരുമാനമെടുക്കാന്‍ വിധിക്കപ്പെട്ട സര്‍ക്കാര്‍ ഉദ്യോഗസ്ഥരും പെരുമാറ്റത്തില്‍ മനുഷ്യത്വം കാത്തുസൂക്ഷിക്കണം. ഓഫിസിലെത്തുന്നവര്‍ പ്രകോപനപരമായി പെരുമാറിയാലും ക്ഷമ കൈവെടിയരുതെന്നും കോടതി ഓര്‍മ്മിപ്പിച്ചു.

2020 ലാണ് കേസിനാധാരമായ സംഭവം നടന്നത്. മണിലാലിന്റെ ഭാര്യാപിതാവു സ്ഥലം പോക്കുവരവു ചെയ്യാന്‍ അപേക്ഷ നല്‍കിയെങ്കിലും സാങ്കേതിക കാരണങ്ങളാല്‍ തഹസില്‍ദാര്‍ അനുവദിച്ചില്ല. പിന്നീട് താലൂക്ക് ഓഫിസിലെ അദാലത്തില്‍ മറ്റൊരാളുടെ സാന്നിധ്യം അനുവദനീയമല്ലെന്നു പറഞ്ഞ് ഹിയറിങ്ങിനു വിസമ്മതിച്ചു. അതോടെ മണിലാല്‍ പ്രകോപിതനായി ക്ലാര്‍ക്കിന്റെ പക്കല്‍ നിന്നു ഫയല്‍ പിടിച്ചുവാങ്ങി മേശപ്പുറത്ത് ഇട്ടെന്നും കസേര നിലത്തടിച്ചെന്നുമായിരുന്നു പരാതി.

അസഭ്യം പറഞ്ഞതിനും ആക്രമിച്ചതിനും ജോലി തടസ്സപ്പെടുത്തിയതിനുമാണ് പൊലീസ് കുറ്റപത്രം നല്‍കിയത്. വിടുതല്‍ ഹര്‍ജിയില്‍ കൊല്ലം മജിസ്‌ട്രേട്ട് കോടതി രണ്ടു വകുപ്പുകള്‍ ഒഴിവാക്കിയെങ്കിലും ജോലി തടസ്സപ്പെടുത്തിയതിനു വിചാരണ നേരിടാന്‍ നിര്‍ദേശിച്ചതു ചോദ്യം ചെയ്താണു ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത്. ബാങ്ക് മാനേജരായ ഹര്‍ജിക്കാരന്‍ ഇത്തരം പെരുമാറ്റം ഒഴിവാക്കേണ്ടതായിരുന്നുവെന്നും ഉദ്യോഗസ്ഥര്‍ അനുഭാവപൂര്‍വം പെരുമാറിയിരുന്നെങ്കില്‍ ഒഴിവാക്കാമായിരുന്ന സംഭവമായിരുന്നു ഇതെന്നുമാണ് ഹൈക്കോടതി പറഞ്ഞത്.