സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്‌ക ജ്വരം; മലപ്പുറം സ്വദേശിയായ 47കാരന് രോഗബാധ

സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്‌ക ജ്വരം; മലപ്പുറം സ്വദേശിയായ 47കാരന് രോഗബാധ

കോഴിക്കോട്: സംസ്ഥാനത്ത് ഒരാള്‍ക്ക് കൂടി അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു. മലപ്പുറം ചേലമ്പ്രം സ്വദേശിയായ 47 കാരനാണ് രോഗം സ്ഥീരീകരിച്ചത്. കടുത്ത പനി അടക്കമുള്ള രോഗലക്ഷണങ്ങളോടെ ഇയാള്‍ കഴിഞ്ഞ 20 ദിവസമായി കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്നു. ഇന്നലെ നടത്തിയ സിഎസ്എഫ് പരിശോധനയിലാണ് രോഗബാധ സ്ഥിരീകരിച്ചത്.

താമരശ്ശേരിയില്‍ അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് മരിച്ച ഒമ്പതു വയസ്സുകാരിയുടെ സഹോദരനായ എഴു വയസ്സുള്ള കുട്ടി അടക്കം നാലുപേരാണ് അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സയിലുണ്ടായിരുന്നത്. മലപ്പുറം സ്വദേശിയായ യുവിവിനും കൂടി രോഗം സ്ഥീരീകരിച്ചതോടെ രോഗബാധിതരുടെ എണ്ണം അഞ്ചായി. ഇതില്‍ മൂന്നു കുട്ടികള്‍ ഉള്‍പ്പെടുന്നു. ചികിത്സയിലുള്ള മൂന്നു മാസം പ്രായമുള്ള കുട്ടിയും 11 വയസ്സുകാരിയും വെന്റിലേറ്ററിലാണുള്ളത്.

വ്യാഴാഴ്ചയാണ് താമരശ്ശേരി ആനപ്പാറപ്പൊയില്‍ സനൂപിന്റെ മകള്‍ അനയ അമീബിക് മസ്തിഷ്‌കജ്വരം ബാധിച്ച് മരിച്ചത്. അമീബിക് മസ്തിഷ്‌ക ജ്വരം കൂടുതലായി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തില്‍ അടിയന്തര പ്രതിരോധ നടപടികള്‍ ആരോഗ്യവകുപ്പ് ഊര്‍ജ്ജിതമാക്കി. തദ്ദേശസ്ഥാപനങ്ങള്‍ കേന്ദ്രീകരിച്ച് ക്ലോറിനേഷന്‍ ഉള്‍പ്പെടെയുള്ള നടപടികളാണ് നടത്തി വരുന്നത്. ജലാശയങ്ങളില്‍ ഉള്‍പ്പെടെ കുളിക്കുന്നതില്‍ ജാഗ്രത വേണമെന്ന് അധികൃതര്‍ നിര്‍ദേശിച്ചു.

വിവാഹാലോചന നിരസിച്ചതില്‍ പ്രതികാരം, പെണ്‍കുട്ടിയുടെ വീട് ആക്രമിച്ചു, മൂന്ന് പേര്‍ പിടിയില്‍

വിവാഹാലോചന നിരസിച്ചതില്‍ പ്രതികാരം, പെണ്‍കുട്ടിയുടെ വീട് ആക്രമിച്ചു, മൂന്ന് പേര്‍ പിടിയില്‍

പാലക്കാട്: വിവാഹാലോചന നിരസിച്ചതിന്റെ പ്രതികാരമായി പെണ്‍കുട്ടിയുടെയും ബന്ധുക്കളുടെയും വീടുകള്‍ ആക്രമിച്ച സംഭവത്തില്‍ മൂന്നംഗ സംഘം പിടിയില്‍. ഒറ്റപ്പാലം അനങ്ങനടി പാവുക്കോണത്താണ് സംഭവം. തൃക്കടീരി ആറ്റാശ്ശേരി പടിഞ്ഞാറക്കര വീട്ടില്‍ മുഹമ്മദ് ഫാസില്‍ (20), കുറ്റിക്കോട് കോടിയില്‍ വീട്ടില്‍ മുഹമ്മദ് ഫവാസ് (21), വീരമംഗലം ചക്കാലക്കുന്നത്ത് വീട്ടില്‍ മുഹമ്മദ് സാദിഖ് (20) എന്നിവരെയാണ് ഒറ്റപ്പാലം പൊലീസ് അറസ്റ്റ് ചെയ്തത്.

ബുധനാഴ്ച രാത്രി എട്ടോടെയായിരുന്നു പാവുകോണത്ത് യുവാക്കള്‍ ആക്രമണം അഴിച്ചുവിട്ടത്. വിവാഹം ആലോചിച്ച പെണ്‍കുട്ടിയുടെയും ബന്ധുക്കളുടെയും വീടുകൾക്ക് നേരെ ആയിരുന്നു ആയുധങ്ങളുമായെത്തിയ യുവാക്കളുടെ ആക്രമണം. വീടുകളിലുണ്ടായിരുന്ന സ്ത്രീകളെയും കുട്ടികളെയും ഉപദ്രവിക്കാന്‍ ശ്രമിക്കുകയും ബന്ധുവിനെ തടഞ്ഞുനിര്‍ത്തി കൊല്ലുമെന്ന് ഭീഷണി മുഴക്കുകയും ചെയ്‌തെന്നാണ് പരാതി. വീടിനു മുന്നില്‍ നിര്‍ത്തിയിട്ട കാറിന്റെ ചില്ലുകള്‍ അടിച്ചുതകര്‍ത്തതായും പരാതിയില്‍ പറയുന്നു. പ്രതികളെ കോടതി റിമാന്‍ഡ് ചെയ്തു.

സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍കാര്‍ക്ക് ഓണ സമ്മാനം; രണ്ടു ഗഡു അനുവദിച്ചു, വിതരണം നാളെ മുതല്‍

സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍കാര്‍ക്ക് ഓണ സമ്മാനം; രണ്ടു ഗഡു അനുവദിച്ചു, വിതരണം നാളെ മുതല്‍

തിരുവനന്തപുരം: ഓണക്കാലത്തോടനുബന്ധിച്ച് സാമൂഹ്യസുരക്ഷ, ക്ഷേമനിധി പെന്‍ഷന്‍ ഗുണഭോക്താക്കള്‍ക്ക് രണ്ടു ഗഡു ക്ഷേമ പെന്‍ഷന്‍ അനുവദിച്ച് സംസ്ഥാന സര്‍ക്കാര്‍. ഇതിനായി 1679 കോടി അനുവദിച്ചതായി ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ അറിയിച്ചു.

62 ലക്ഷത്തോളം പേര്‍ക്കാണ് ഓണത്തിന് 3200 രൂപ വീതം ലഭിക്കുന്നത്. ഓഗസ്റ്റിലെ പെന്‍ഷന് പുറമെ ഒരു ഗഡു കുടിശിക കൂടിയാണ് അനുവദിച്ചത്. ശനിയാഴ്ച മുതല്‍ ഇത് ഗുണഭോക്താക്കള്‍ക്ക് ലഭിച്ചു തുടങ്ങും. 26.62 ലക്ഷം പേരുടെ ബാങ്ക് അക്കൗണ്ടില്‍ തുക എത്തും. മറ്റുള്ളവര്‍ക്ക് സഹകരണ ബാങ്കുകള്‍ വഴി വീട്ടിലെത്തി പെന്‍ഷന്‍ കൈമാറും. 8.46 ലക്ഷം പേര്‍ക്ക് ദേശീയ പെന്‍ഷന്‍ പദ്ധതിയിലെ കേന്ദ്ര വിഹിതം കേന്ദ്ര സര്‍ക്കാരാണ് നല്‍കേണ്ടത്. ഇതിനാവശ്യമായ 48.42 കോടി രൂപയും സംസ്ഥാനം മുന്‍കൂര്‍ അടിസ്ഥാനത്തില്‍ അനുവദിച്ചിട്ടുണ്ടെന്നും ധനമന്ത്രി അറിയിച്ചു. ഈ വിഹിതം കേന്ദ്ര സര്‍ക്കാരിന്റെ പിഎഫ്എംഎസ് സംവിധാനം വഴിയാണ് ഗുണഭോക്താക്കളുടെ ബാങ്ക് അക്കൗണ്ടിലേക്ക് ക്രെഡിറ്റ് ചെയ്യേണ്ടത്.

സ്‌കൂളുകളിൽ ആഘോഷ ദിവസങ്ങളിൽ ഇനി യൂണിഫോം വേണ്ട; പൊതുവിദ്യാഭ്യാസ വകുപ്പ് ഉത്തരവിറക്കി

സ്‌കൂളുകളിൽ ആഘോഷ ദിവസങ്ങളിൽ ഇനി യൂണിഫോം വേണ്ട; പൊതുവിദ്യാഭ്യാസ വകുപ്പ് ഉത്തരവിറക്കി

തിരുവനന്തപുരം: സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് ആഘോഷ ദിവസങ്ങളില്‍ യൂണിഫോം ധരിക്കേണ്ടതില്ലെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി. ഇതുസംബന്ധിച്ച് പൊതുവിദ്യാഭ്യാസ വകുപ്പ് ഉത്തരവിറക്കിയതായും മന്ത്രി അറിയിച്ചു.
ഓണം, ക്രിസ്തുമസ്, റംസാന്‍ തുടങ്ങിയ ആഘോഷങ്ങള്‍ക്ക് യൂണിഫോമില്‍ ഇളവ് നല്‍കണമെന്ന് നിരവധി വിദ്യാര്‍ഥികള്‍ ആവശ്യപ്പെട്ടിരുന്നുവെന്നും ഇത് ന്യായമാണെന്ന് ബോധ്യപ്പെട്ടതിനാലാണ് തീരുമാനമെന്നും ശിവന്‍കുട്ടി തന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു.

അമീബിക് മസ്തിഷ്‌കജ്വരം ജാഗ്രത വേണം

അമീബിക് മസ്തിഷ്‌കജ്വരം ജാഗ്രത വേണം

അമീബിക് മസ്തിഷ്‌ക ജ്വരം കേരളത്തില്‍ ആരോഗ്യത്തിന് ഭീഷണിയാവുകയാണ്. സംസ്ഥാനത്ത് രോഗബാധിതരുടെ എണ്ണത്തില്‍ അടുത്തിടെ വലിയ വര്‍ധനവ് രേഖപ്പെടുത്തിയത് ആശങ്കയുയര്‍ത്തുന്നതാണ്. 2025 ആഗസ്ത് വരെയുള്ള കണക്കുകള്‍ പ്രകാരം, സംസ്ഥാനത്ത് 20-ഓളം രോഗബാധ സംശയ കേസുകളും ആറ് മരണങ്ങളും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഇതില്‍ കോഴിക്കോട് ജില്ലയിലാണ് കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. 2016-2022 കാലഘട്ടത്തില്‍ കേരളത്തില്‍ ആകെ എട്ട് കേസുകള്‍ മാത്രമാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. എന്നാല്‍ 2023-ല്‍ മാത്രം 36 രോഗ ബാധകളും 9 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു. ഈ വര്‍ഷം കോഴിക്കോട് ജില്ലയില്‍ മാത്രം നിരവധി പേര്‍ക്ക് രോഗം സ്ഥി രീകരിക്കുകയും മരണങ്ങള്‍ സംഭവിക്കുകയും ചെയ്തിട്ടുണ്ട്. ഒരു മാസത്തിനിടെ ജില്ലയില്‍ മാത്രം മൂന്നു പേര്‍ക്കാണ് രോഗമുണ്ടായത്. ഒരു കുട്ടി മരിച്ചു. മൂന്നുമാസം പ്രായമായ കുഞ്ഞ് ചികിത്സയിലാണ്. ഒരു വയസ്സില്‍ താഴെയുള്ള കുഞ്ഞുങ്ങള്‍ക്ക് അസുഖം വരുന്നത് ആദ്യമായാണ് എന്നതും വളരെ ഗൗരവമര്‍ഹിക്കുന്നതാണ്.

രോഗം തിരിച്ചറിയുന്നതില്‍ വര്‍ധനവുണ്ടായതാണ് കേസുകളുടെ എണ്ണം കൂടാനുള്ള പ്രധാന കാരണമായി പറയപ്പെടുന്നത്. കൂടാതെ, കാലാവസ്ഥാ മാറ്റങ്ങളും പരിസ്ഥിതി മലിനീകരണവും രോഗം പടരുന്നതിന് കാരണമാകുന്നുണ്ടെന്ന് ആരോഗ്യ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. രോഗത്തിന് മരണ നിരക്ക് വളരെ കൂടുതലാണ്. അതിനാല്‍, പൊതുജനങ്ങള്‍ക്ക് രോഗത്തെക്കുറിച്ചും പ്രതിരോധ മാര്‍ഗങ്ങളെക്കുറിച്ചും അവബോധം നല്‍കേണ്ടത് അത്യാവശ്യമാണ്.

തലച്ചോറിനെ ബാധിക്കുന്ന അപൂര്‍വവും എന്നാല്‍ അതീവ ഗുരുതരവുമായ രോഗമാണിത്. നഗ്ലേറിയ ഫൗളേറി എന്നയിനം അമീബയാണ് രോഗത്തിന് കാരണം. ഈ അമീബയെ ‘മസ്തിഷ്‌കം ഭക്ഷിക്കുന്ന അമീബ’ (Braineating amoeba) എന്നും വിളിക്കാറുണ്ട്. കെട്ടിക്കിടക്കുന്നതും വൃത്തിയില്ലാത്തതുമായ ജലാശയങ്ങളിലാണ് സാധാരണയായി ഇവ കാണപ്പെടുന്നത്. കെട്ടിക്കിടക്കുന്ന വെള്ളത്തില്‍ മുങ്ങിക്കുളിക്കുകയോ, നീന്തുകയോ ചെയ്യുമ്പോള്‍ അമീബ അടങ്ങിയ വെള്ളം മൂക്കിലൂടെ തലച്ചോറിലെത്തുന്നതാണ് രോഗകാരണം. ശുദ്ധീകരിക്കാത്ത കുളങ്ങള്‍, തടാകങ്ങള്‍, നദികള്‍, ചുടുനീരുറവകള്‍ തുടങ്ങിയ സ്ഥലങ്ങളിലെ വെള്ളത്തിലൂടെയാണ് അമീബ പ്രധാനമായും മനുഷ്യശരീരത്തില്‍ പ്രവേശിക്കുന്നത്. മൂക്കിലെ ശ്ലേഷ്മ സ്തരങ്ങളിലൂടെ സഞ്ചരിച്ച് മസ്തിഷ്‌കത്തിലെത്തുന്ന അമീബ തലച്ചോറിലെ കോശങ്ങളെ നശിപ്പിക്കാന്‍ തുടങ്ങുന്നു. ഇത് മാരകമായ അണു ബാധയ്ക്ക് കാരണമാകുന്നു. രോഗാണു ശരീരത്തില്‍ പ്രവേശിച്ച് സാധാരണയായി ഒന്നു മുതല്‍ 9 ദിവസത്തിനുള്ളില്‍ രോഗലക്ഷണങ്ങള്‍ പ്രകടമാകും.

തുടക്കത്തില്‍ സാധാരണ പനി പോലെ തോന്നാമെങ്കിലും പിന്നീട് ഗുരുതരമായ ലക്ഷണങ്ങളിലേക്ക് മാറും. കടുത്ത തലവേദനയാണ് പ്രധാന ലക്ഷണങ്ങള്‍. ഉയര്‍ന്ന പനി, ഓക്കാനം, ഛര്‍ദ്ദി, കഴുത്ത് വേദന, സംവേദനക്ഷമത നഷ്ടപ്പെടുക, വെളിച്ചത്തിലേക്ക് നോക്കാന്‍ ബുദ്ധിമുട്ട് അനുഭവപ്പെടുക, ശരീരത്തിന് ബാലന്‍സ് നഷ്ടപ്പെടുക, അപസ്മാരം, ബോധക്ഷയം എന്നിവയും സംഭവിക്കുന്നു. രോഗം അതിവേഗം മൂര്‍ച്ഛിക്കുന്നു. ചികിത്സയില്ലാത്തപക്ഷം ദിവസങ്ങള്‍ക്കുള്ളില്‍ മരണം സംഭവിക്കാനുള്ള സാധ്യത വളരെ കൂടുതലാണ്. കിണര്‍ വെള്ളത്തില്‍ മാത്രം കുളിപ്പിച്ച ചെറിയ കുട്ടിക്ക് രോഗം വന്നതു സംബന്ധിച്ച് ആശങ്ക നിലനില്‍ക്കുന്നുണ്ട്. കുട്ടിയുടെ വീട്ടിലെ കിണര്‍ വെള്ളത്തില്‍ നടത്തിയ പരിശോധനയില്‍ അമീബയുടെ സാന്നിധ്യം കണ്ടെത്തിയിട്ടുണ്ട്. മൂന്ന് മാസം പ്രായമായ കുട്ടിക്കാണ് രോഗ ലക്ഷണങ്ങള്‍ ക ണ്ടത്. കുളിപ്പിക്കുന്നതിനിടെ വെള്ളം മൂക്കിലൂടെയോ മറ്റോ അകത്ത് പ്രവേശിച്ചതാവാനാണ് സാധ്യത. മെഡിക്കല്‍ കോളജിലെ മൈക്രോബയോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. ഏത് തരം അമീബയാണ് ബാധിച്ചത് എന്നറിയാന്‍ സ്രവം ചണ്ഡീഗഢിലെ വൈറോളജി ലാബിലേക്ക് അയച്ചിട്ടുണ്ട്. കിണറുകളിലെ വെള്ളം തണുപ്പുള്ളതും ഒഴുക്കുള്ളതുമായതിനാല്‍, ഈ അമീബയ്ക്ക് അവിടെ വളരാന്‍ അനുയോജ്യമായ സാഹചര്യമില്ല.

എന്നാല്‍, കിണറിനടുത്തുള്ള മലിനജലം കിണറിലേക്ക് കലരുകയോ, കിണര്‍ വളരെക്കാലം ഉപയോഗിക്കാതെ കിടന്ന് വെള്ളം കെട്ടിക്കിടക്കുകയോ ചെയ്താല്‍ അമീബയുടെ സാന്നിധ്യമുണ്ടാകാന്‍ സാധ്യതയുണ്ട്.
രോഗത്തിന് പ്രത്യേക ചികിത്സ ലഭ്യമല്ലാത്തതിനാല്‍ പ്രതിരോധമാണ് ഏറ്റവും പ്രധാനം. കെട്ടിക്കിടക്കുന്നതും വൃത്തിഹീനവുമായ വെള്ളത്തില്‍ കുളിക്കുന്നതും നീന്തുന്നതും ഒഴിവാക്കുക, മലിനജലവുമായി സമ്പര്‍ക്കത്തില്‍ വരുമ്പോള്‍ മൂക്ക്, ചെവി, കണ്ണ് തുടങ്ങിയ ഭാഗങ്ങളില്‍ വെള്ളം കയറാതെ ശ്രദ്ധിക്കുക, ശുദ്ധീകരിക്കാത്ത ജലസ്രോതസ്സുകളില്‍നിന്ന് വെള്ളം നേരിട്ട് ഉപയോഗിക്കുന്നത് ഒഴിവാക്കുക തുടങ്ങിയ കാര്യങ്ങളില്‍ ജാഗ്രത പുലര്‍ത്തുക മാത്രമാണ് രക്ഷ. കേരളത്തില്‍ അടുത്തിടെ രോഗം വ്യാപകമായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ട സാഹചര്യത്തില്‍, ആരോഗ്യവകുപ്പ് കര്‍ശന ജാഗ്രതാ നിര്‍ദേശങ്ങള്‍ പുറത്തിറക്കിയിട്ടുണ്ട്. പൊതു ജനങ്ങള്‍ വ്യക്തിപരമായ ശുചിത്വത്തിലും ചുറ്റുമുള്ള ജല സ്രോതസ്സുകളുടെ വൃത്തിയിലും അതീവ ശ്രദ്ധ പുലര്‍ത്തേണ്ടത് അത്യാവശ്യമാണ്.