മിസ് യൂണിവേഴ്‌സ് ഇന്ത്യ കിരീടം മാനിക വിശ്വകര്‍മ്മയ്ക്ക്

മിസ് യൂണിവേഴ്‌സ് ഇന്ത്യ കിരീടം മാനിക വിശ്വകര്‍മ്മയ്ക്ക്

ഡല്‍ഹി: മിസ് യൂണിവേഴ്‌സ് ഇന്ത്യ 2025 കിരീടം മാനിക വിശ്വകര്‍മ്മ കരസ്ഥമാക്കി. രാജസ്ഥാന്‍ സ്വദേശിനിയാണ്. ജയ്പൂരില്‍ നടന്ന ഫൈനല്‍ മത്സരത്തിലാണ് മാനിക വിശ്വകര്‍മ്മ കിരീടം സ്വന്തമാക്കിയത്.

ഉത്തര്‍പ്രദേശ് സ്വദേശിനി തന്യ ശര്‍മ്മ ആദ്യ റണ്ണറപ്പായി. ഹരിയാന സ്വദേശികളായ മേഹക് ദിംഗ്ര, അമിഷി കൗഷിക് എന്നിവര്‍ രണ്ടും മൂന്നും റണ്ണര്‍ അപ്പുകളായി തെരഞ്ഞെടുക്കപ്പെട്ടു.

വിജയിയായ മാനിക വിശ്വകര്‍മ്മ ഈ വര്‍ഷം നവംബറില്‍ തായ് ലന്‍ഡില്‍ വെച്ചു നടക്കുന്ന 74-ാമത് മിസ് യൂണിവേഴ്‌സ് സൗന്ദര്യ മത്സരത്തില്‍ ഇന്ത്യയ്ക്കു വേണ്ടി രംഗത്തിറങ്ങിറങ്ങും. റിയ സിന്‍ഹയായിരുന്നു 2024 ലെ മിസ് യൂണിവേഴ്‌സ് ഇന്ത്യയായി തെരഞ്ഞെടുക്കപ്പെട്ടിരുന്നത്.

വിദ്യാര്‍ഥിയുടെ കര്‍ണപുടം അടിച്ചുതകര്‍ത്ത സംഭവം; ഹെഡ്മാസ്റ്റര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ്, വകുപ്പുതല നടപടിക്കും സാധ്യത

വിദ്യാര്‍ഥിയുടെ കര്‍ണപുടം അടിച്ചുതകര്‍ത്ത സംഭവം; ഹെഡ്മാസ്റ്റര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ്, വകുപ്പുതല നടപടിക്കും സാധ്യത

കാസര്‍കോട്: കുണ്ടംകുഴിയില്‍ അടിയേറ്റ് വിദ്യാര്‍ഥിയുടെ കര്‍ണപുടം തകര്‍ന്ന സംഭവത്തില്‍ ഹെഡ്മാസ്റ്റര്‍ക്കെതിരെ പൊലീസ് കേസ്. ഹെഡ്മാസ്റ്റര്‍ എം അശോകനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് പൊലീസ് കേസെടുത്തത്. സംഭവത്തില്‍ ഡെപ്യൂട്ടി ഡയറക്ടറുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ അശോകനെതിരെ വകുപ്പുതല നടപടിയും സ്വീകരിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.

കഴിഞ്ഞ ദിവസം തെറ്റ് സംഭവിച്ചതായി ഹെഡ്മാസ്റ്റര്‍ ഏറ്റുപറഞ്ഞിരുന്നു. പിടിഎ യോഗത്തില്‍ അധ്യാപകന്‍ തെറ്റ് സമ്മതിച്ചതായി അറിയിക്കുകയായിരുന്നു. കുട്ടിക്ക് ചികിത്സ സഹായം വാഗ്ദാനം ചെയ്തതായും അടിച്ചപ്പോള്‍ ലക്ഷ്യം തെറ്റുകയായിരുന്നുവെന്നും അധ്യാപകന്‍ യോഗത്തില്‍ അറിയിച്ചു. അതിനിടെ വിദ്യാര്‍ഥിക്ക് അധ്യാപകന്റെ മര്‍ദനത്തില്‍ പരിക്കേറ്റ സംഭവത്തില്‍ കര്‍ശന നടപടിയെടുക്കുമെന്നാണ് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി പറഞ്ഞത്. വിദ്യാര്‍ഥികളുടെ ഭാഗത്ത് നിന്ന് തെറ്റുണ്ടായാല്‍ നിയമംനോക്കി മാത്രമേ ശിക്ഷിക്കാവൂ എന്നും ഒരു കാരണവശാലും കുട്ടികളെ ഉപദ്രവിക്കുന്ന നിലയുണ്ടാകാന്‍ പാടില്ലെന്നും മന്ത്രി പറഞ്ഞു. നേരത്തെ സംഭവത്തില്‍ ബാലാവകാശ കമ്മീഷന്‍ സ്വമേധയാ കേസെടുത്തിരുന്നു.

കുണ്ടംകുഴി ഗവ.ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ 10-ാം ക്ലാസ് വിദ്യാര്‍ഥിക്കാണ് അധ്യാപകന്റെ ക്രൂരമര്‍ദനമേറ്റത്. ഓഗസ്റ്റ് 11നായിരുന്നു സംഭവം. സ്‌കൂള്‍ അസംബ്ലിക്കിടെ വികൃതി കാണിച്ചെന്ന് ആരോപിച്ചാണു മര്‍ദിച്ചതെന്നും മറ്റു വിദ്യാര്‍ഥികള്‍ക്കൊപ്പം നിന്ന കുട്ടിയുടെ മുഖത്തടിക്കുകയും വലതുചെവിയില്‍ പിടിച്ചു പൊക്കുകയുമായിരുന്നെന്ന് കുട്ടിയുടെ മാതാപിതാക്കള്‍ ആരോപിച്ചു.

വിദ്യാര്‍ഥിയെ ബേഡകം താലൂക്ക് ആശുപത്രിയിലെത്തിച്ചപ്പോള്‍ ഡോക്ടര്‍മാര്‍ വിദഗ്ധ ചികിത്സ നിര്‍ദേശിച്ചു. തുടര്‍ന്ന്, കാസര്‍കോട്ടെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു നടത്തിയ പരിശോധനയിലാണ് വലതുചെവിക്കു കേള്‍വിക്കുറവുണ്ടെന്നും കര്‍ണപുടം പൊട്ടിയെന്നും കണ്ടെത്തി. കുട്ടിയെ ശസ്ത്രക്രിയയ്ക്കു വിധേനമാക്കണമെന്നാണു ഡോക്ടര്‍മാരുടെ നിര്‍ദേശം.

കട്ടന്‍ ചായ കുടിക്കുമ്പോള്‍ രുചി വ്യത്യാസം, വിഷം കലര്‍ത്തി ടാപ്പിങ് തൊഴിലാളിയെ കൊല്ലാന്‍ ശ്രമം; യുവാവ് പിടിയില്‍

കട്ടന്‍ ചായ കുടിക്കുമ്പോള്‍ രുചി വ്യത്യാസം, വിഷം കലര്‍ത്തി ടാപ്പിങ് തൊഴിലാളിയെ കൊല്ലാന്‍ ശ്രമം; യുവാവ് പിടിയില്‍

മലപ്പുറം: വണ്ടൂരില്‍ കട്ടന്‍ ചായയില്‍ വിഷം കലര്‍ത്തി ടാപ്പിങ് തൊഴിലാളിയെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ യുവാവ് പിടിയില്‍. കാരാട് വടക്കുംപാടം സ്വദേശി സുന്ദരനെ കൊല്ലാന്‍ ശ്രമിച്ച കേസില്‍ കളപ്പാട്ടുക്കുന്ന് തോങ്ങോട്ട് വീട്ടില്‍ അജയിയെ വണ്ടൂര്‍ പൊലീസ് അറസ്റ്റു ചെയ്തു. വ്യക്തി വൈരാഗ്യമാണ് ഇതിന് പിന്നിലെന്നാണ് പൊലീസ് പറയുന്നത്.

ഓഗസ്റ്റ് പത്തിനും പതിനാലിനുമായിരുന്നു കേസിന് ആസ്പദമായ സംഭവം. ടാപ്പിങ് തൊഴിലാളിയാണ് സുന്ദരന്‍. പുലര്‍ച്ചെ തന്നെ ബൈക്കില്‍ ടാപ്പിങ്ങിന് പോകും. ജോലിക്കിടയില്‍ കുടിക്കാന്‍ ഫ്‌ലാസ്‌കില്‍ കട്ടന്‍ ചായ കരുതാറുണ്ട്. ഇത് ബൈക്കില്‍ തന്നെയാണ് പതിവായി വെക്കാറുണ്ടായിരുന്നത്. കഴിഞ്ഞ ദിവസങ്ങളില്‍ ചായ കുടിക്കുമ്പോള്‍ രുചി വ്യത്യാസവും അസ്വസ്ഥതയും അനുഭവപ്പെട്ടു. സംശയം തോന്നി പൊലീസില്‍ പരാതിപ്പെട്ടു. ഒടുവില്‍ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് അജയിയുടെ പങ്ക് തെളിഞ്ഞത്.

പൊലീസ് വിളിച്ച് ചോദ്യം ചെയ്തപ്പോഴാണ് വിഷം കലര്‍ത്തിയ കാര്യം അജയ് സമ്മതിച്ചത്. രണ്ടു തവണ വിഷം കലര്‍ത്തിയതായി പ്രതി വ്യക്തമാക്കി. വ്യക്തിവൈരാഗ്യമാണ് കാരണം എന്നാണ് അജയ് പറഞ്ഞത്. അറസ്റ്റിന് ശേഷം പെരിന്തല്‍മണ്ണ കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

തൊടുപുഴയില്‍ റബര്‍ തോട്ടത്തില്‍ അജ്ഞാത മൃതദേഹം; സമീപം രണ്ടു വിഷക്കുപ്പികളും കറി കത്തിയും, അന്വേഷണം

തൊടുപുഴയില്‍ റബര്‍ തോട്ടത്തില്‍ അജ്ഞാത മൃതദേഹം; സമീപം രണ്ടു വിഷക്കുപ്പികളും കറി കത്തിയും, അന്വേഷണം

തൊടുപുഴ: തൊടുപുഴ ന്യൂമാന്‍ കോളേജിന് സമീപത്തെ റബര്‍ തോട്ടത്തില്‍ അജ്ഞാത മൃതദേഹം. മൃതദേഹത്തിന് സമീപത്ത് നിന്ന് രണ്ട് വിഷക്കുപ്പികളും കറി കത്തിയും ഒരു സഞ്ചിയില്‍ വസ്ത്രങ്ങളും കണ്ടെത്തി. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.

ഇന്നലെ ഉച്ചയ്ക്ക് സമീപത്തെ കെട്ടിടത്തില്‍ വാടകയ്ക്ക് താമസിക്കുന്ന വിദ്യാര്‍ഥികളാണ് തോട്ടത്തില്‍ മൃതദേഹം കണ്ടത്. തുടര്‍ന്ന് തൊടുപുഴ പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു. തുടര്‍ന്ന് പൊലീസ് നടത്തിയ പരിശോധനയിലാണ് മൃതദേഹത്തിന് സമീപത്ത് നിന്ന് രണ്ട് വിഷക്കുപ്പികളും കറി കത്തിയും ഒരു സഞ്ചിയില്‍ വസ്ത്രങ്ങളും കണ്ടെത്തിയത്.

50 വയസ് പ്രായം തോന്നിക്കുന്ന പുരുഷന്റേതാണ് മൃതദേഹം. ആത്മഹത്യയാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം പോസ്റ്റ്‌മോര്‍ട്ടത്തിനായി മൃതദേഹം തൊടുപുഴ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.

ഏഷ്യാ കപ്പ്: സഞ്ജുവിന്റെ സ്ഥാനം ഉറപ്പാകുമോ? നയിക്കാന്‍ സൂര്യ എത്തുമോ?; ടീമിന്റെ പ്രഖ്യാപനം നാളെ

ഏഷ്യാ കപ്പ്: സഞ്ജുവിന്റെ സ്ഥാനം ഉറപ്പാകുമോ? നയിക്കാന്‍ സൂര്യ എത്തുമോ?; ടീമിന്റെ പ്രഖ്യാപനം നാളെ

ഏഷ്യാ കപ്പിനുള്ള ഇന്ത്യന്‍ ടീമിന്റെ പ്രഖ്യാപനം നാളെ നടക്കും. മലയാളി വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ സഞ്ജു സാംസണ്‍ ടീമിലിടം ഉറപ്പിക്കുമോയെന്നത് ആരാധകരെ കാത്തിരിപ്പിലാണ്. ടി20 റാങ്കിംഗില്‍ ഒന്നാം സ്ഥാനത്തുള്ള അഭിഷേക് ശര്‍മയോടൊപ്പം സഞ്ജുവാണ് ഇന്ത്യയുടെ ഇന്നിംഗ്സ് ആരംഭിക്കാനുള്ള സാധ്യത കൂടുതലെന്ന് റിപ്പോര്‍ട്ടുകളുണ്ട്.

ഫിറ്റ്‌നസ് ടെസ്റ്റ് വിജയിച്ച സൂര്യകുമാര്‍ യാദവാണ് ടൂര്‍ണമെന്റില്‍ ഇന്ത്യയെ നയിക്കുമെന്ന് ഉറപ്പായി. അടുത്ത മാസം ഒന്‍പത് മുതല്‍ യുഎഇയില്‍ നടക്കുന്ന ടി20 ഫോര്‍മാറ്റ് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യ ഗ്രൂപ്പ് എയില്‍ ആണ്. പാകിസ്താന്‍, യുഎഇ, ഒമാന്‍ എന്നിവര്‍ ഇന്ത്യയുടെ ഗ്രൂപ്പിലുണ്ട്.

ടീം പ്രഖ്യാപനത്തില്‍ സര്‍പ്രൈസുകള്‍ ഉണ്ടാകാമെന്ന സൂചനകള്‍ ശക്തമാണ്. ഇന്ത്യയുടെ പ്രധാന പേസര്‍ ജസ്പ്രീത് ബുംറ സ്‌ക്വാഡില്‍ ഇടം പിടിക്കാമെന്ന വാര്‍ത്ത ക്രിക്കറ്റ് ലോകത്ത് ചര്‍ച്ചയായി. ബിസിസിഐ സെലക്ടര്‍മാരുമായി നേരിട്ട് സംസാരിച്ച ബുംറ, ടൂര്‍ണമെന്റില്‍ കളിക്കാന്‍ സന്നദ്ധത അറിയിച്ചിട്ടുണ്ടെന്നാണ് വിവരം.

ആദ്യം ഇന്ത്യയുടെ ടെസ്റ്റ് ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്ലിന് സ്‌ക്വാഡില്‍ സ്ഥാനം ഉറപ്പായെന്ന റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ ഏറ്റവും പുതിയ സൂചനകള്‍ പ്രകാരം ഗിലും യശസ്വി ജയ്‌സ്വാളും ടീമിലുണ്ടാകില്ല. ഭാവിയിലെ താരങ്ങളായി കണക്കാക്കപ്പെടുന്ന ഇവര്‍ ഇപ്പോള്‍ ടി20 പദ്ധതികളില്‍ ഉള്‍പ്പെടുന്നില്ലെന്ന് വ്യക്തമാകുന്നു. ഇടംകൈ ഓപ്പണര്‍ ജയ്‌സ്വാളിനെ ടി20യില്‍നിന്ന് മാറ്റി ടെസ്റ്റില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് തീരുമാനിച്ചതെന്ന റിപ്പോര്‍ട്ടുകളും പുറത്തുവന്നു.