കോളുകള്‍ മുന്‍കൂട്ടി സെറ്റ് ചെയ്യാം, പുതിയ അപ്‌ഡേറ്റുമായി വാട്‌സ്ആപ്പ്, എങ്ങനെ എന്നറിയാം

കോളുകള്‍ മുന്‍കൂട്ടി സെറ്റ് ചെയ്യാം, പുതിയ അപ്‌ഡേറ്റുമായി വാട്‌സ്ആപ്പ്, എങ്ങനെ എന്നറിയാം

ഡല്‍ഹി: കോള്‍ ഫീച്ചറില്‍ നിര്‍ണായക അപ്‌ഡേറ്റുമായി വാട്‌സ്ആപ്പ്. ഉപയോക്താക്കള്‍ക്ക് കോളുകള്‍ മുന്‍കൂട്ടി ഷെഡ്യൂള്‍ ചെയ്യാന്‍ കഴിയുന്നതാണ് പുതിയ ഫീച്ചര്‍. ജോലി സംബന്ധമായതോ അല്ലെങ്കില്‍ സുഹൃത്തുക്കളുമായി സംസാരിക്കുന്നതിനോ മുന്‍കൂട്ടി ഷെഡ്യൂള്‍ ചെയ്ത് ഒരേസമയം നിരവധി പേരെ ഗ്രൂപ്പ് കോളിനായി ക്ഷണിക്കാം. കൂടാതെ കോള്‍ തുടങ്ങുന്നതിന് മുമ്പ് വാട്‌സ്ആപ്പ് എല്ലാവരെയും ഓര്‍മ്മിപ്പിക്കുകയും ചെയ്യും. സംഭാഷണങ്ങള്‍ സുഗമവും കൂടുതല്‍ ആകര്‍ഷകവുമാക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.

ഗ്രൂപ്പ് കോളുകള്‍ മുന്‍കൂട്ടി പ്ലാന്‍ ചെയ്യാനും വ്യക്തികളെ ക്ഷണിക്കാനും കഴിയും. കോള്‍ ആരംഭിക്കാന്‍ പോകുമ്പോള്‍ എല്ലാവര്‍ക്കും ഒരു അറിയിപ്പ് ലഭിക്കും. കൂടാതെ കോളുകളില്‍ പുതുതായി ഇന്‍-കോള്‍ ഇന്ററാക്ഷന്‍ ടൂളുകള്‍ ലഭ്യമാണ്. ഇമോജികള്‍ ഉപയോഗിച്ച് സംസാരിക്കാനോ സന്ദേശങ്ങള്‍ കൈമാറുന്നതിനോ ഇതിലൂടെ സാധിക്കും.

കോള്‍സ് ടാബില്‍ കോളില്‍ ആരൊക്കെയാണ് പങ്കെടുക്കുന്നത് എന്നിവ കാണിക്കുന്നു, കൂടാതെ ഇന്‍വൈറ്റ് ലിങ്കുകള്‍ പങ്കിടാന്‍ സാധിക്കും. ലിങ്കിലൂടെ ആരെങ്കിലും പുതുതായി ജോയിന്‍ ചെയ്യുമ്പോള്‍ കോള്‍ ക്രിയേറ്റേഴ്‌സിന് അലേര്‍ട്ടുകളും ലഭിക്കും. എല്ലാ കോളുകളും എന്‍ഡ്-ടു-എന്‍ഡ് എന്‍ക്രിപ്ഷനിലൂടെ സുരക്ഷിതമാണ്. പുതിയ അപ്‌ഡേറ്റുകള്‍ ആഗോളതലത്തില്‍ ലഭ്യമായി തുടങ്ങി, വരും ദിവസങ്ങളില്‍ എല്ലാ ഉപയോക്താക്കളിലേക്കും ഇതെത്തുമെന്നാണ് റിപ്പോര്‍ട്ട്.

വാട്‌സ്ആപ്പില്‍ ഒരു കോള്‍ എങ്ങനെ ഷെഡ്യൂള്‍ ചെയ്യാം

വാട്‌സ്ആപ്പില്‍ കോള്‍ ഷെഡ്യൂള്‍ ചെയ്യാന്‍, ആപ്പ് തുറന്ന് കോള്‍സ് ടാബിലേക്ക് പോകുക. കോള്‍ ഐക്കണില്‍ ടാപ്പ് ചെയ്ത് നിങ്ങള്‍ക്ക് വിളിക്കേണ്ട കോണ്‍ടാക്റ്റ് അല്ലെങ്കില്‍ ഗ്രൂപ്പ് തെരഞ്ഞെടുക്കുക. കോള്‍ ഉടന്‍ ആരംഭിക്കുന്നതിന് പകരം, ഷെഡ്യൂള്‍ കോള്‍ ഓപ്ഷന്‍ തെരഞ്ഞെടുക്കുക. ഇവിടെ തീയതിയും സമയവും സെറ്റ് ചെയ്യുക, ഇത് വിഡിയോ കോളാണോ ഓഡിയോ കോളാണോ എന്ന് തെരഞ്ഞെടുക്കുക, സ്ഥിരീകരിക്കാന്‍ പച്ച ബട്ടണ്‍ ടാപ്പ് ചെയ്യുക. ഷെഡ്യൂള്‍ ചെയ്ത കോള്‍ നിങ്ങളുടെ കോള്‍ ലിസ്റ്റില്‍ ദൃശ്യമാകും.

അർഖം ഗ്രീൻ ക്യാമ്പസ് ഉദ്ഘാടനം ആഗസ്റ്റ് 17 ന്

അർഖം ഗ്രീൻ ക്യാമ്പസ് ഉദ്ഘാടനം ആഗസ്റ്റ് 17 ന്

തിരുവനന്തപുരം/കല്ലമ്പലം: പാലാംകോണം കേന്ദ്രമായി പ്രവർത്തിച്ചുവരുന്ന ദാറുൽ അർഖം അൽ ഹിന്ദിൻ്റെ മേൽനോട്ടത്തിൽ കല്ലമ്പലം ഒറ്റൂരിൽ ആഗസ്റ്റ് 17ന് ഗ്രീൻ ക്യാമ്പസ് പ്രവർത്തനമാരംഭിക്കും.

ആത്മീയ-ഭൗതിക വിദ്യാഭ്യാസ സമന്വയത്തിലൂടെ ധാർമിക മൂല്യങ്ങളെ ഉയർത്തിപ്പിടിക്കുന്ന സമൂഹസൃഷ്ടിയാണ് ഗ്രീൻ ക്യാമ്പസിൻ്റെ ലക്ഷ്യം.

തികച്ചും ഗ്രാമീണ അന്തരീക്ഷത്തിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഏറെ കുറവുള്ള ഒരു പ്രദേശം എന്ന നിലക്ക് നിർധനരായ ധാരാളം കുട്ടികൾക്ക് ഇതിൻ്റെ പ്രയോജനം ലഭിക്കും. കുറഞ്ഞ ചിലവിൽ ഭൗതികവും ആത്മീയവുമായ വിദ്യാഭ്യാസം ഒരു കുടക്കീഴിൽ നൽകുന്നു എന്നതാണ് ക്യാമ്പസിൻ്റെ പ്രത്യേകത.

സ്കൂൾ, ഹയർസെക്കൻഡറി, സ്കൂൾ ഓഫ് ഖുർആൻ, ശറഇയ്യ കോളേജ്, ഹിഫ്ള് കോളേജ്, വുമൺസ് ക്യാമ്പസ് എന്നിവ ക്യാമ്പസ്സിൽ സജ്ജമാക്കിയിട്ടുണ്ട്.

ഉച്ചക്ക് രണ്ടു മണി മുതൽ അർഖം ഫാമിലി മീറ്റും വൈകിട്ട് നാലു മണി മുതൽ ഉദ്ഘാടന സമ്മേളനവും നടക്കുമെന്ന് സംഘാടകസമിതി അറിയിച്ചു.

ലജ്നത്തുൽ ബൂഹൂസുൽ ഇസ്ലാമിയ ചെയർമാൻ കുഞ്ഞിമുഹമ്മദ് മദനി പറപ്പൂർ ഉദ്ഘാടനം ചെയ്യും. ദാറുൽ അർഖം പ്രിൻസിപ്പൽ അബ്ദുല്ലത്തീഫ് സുല്ലമി അധ്യക്ഷത വഹിക്കും.

വിസ്ഡം ഇസ്ലാമിക് ഓർഗനൈസേഷൻ സംസ്ഥാന പ്രസിഡണ്ട് പി. എൻ. അബ്ദുല്ലത്തീഫ് മദനി കെട്ടിയ സമുച്ചയത്തിൻ്റെ ഉദ്ഘാടനം നിർവഹിക്കും.

അടൂർ പ്രകാശ് എം.പി., വി. ജോയ് എം.എൽ.എ., എന്നിവർ മുഖ്യാതിഥികളായി പങ്കെടുക്കും.

വിസ്ഡം സംസ്ഥാന ജനറൽ സെക്രട്ടറി ടി. കെ. അഷ്റഫ്, ജാമിയ അൽ ഹിന്ദ് ഡയറക്ടർ ഫൈസൽ മൗലവി, തുടങ്ങി രാഷ്ട്രീയ-മത -സാംസ്കാരിക രംഗത്തെ ഉന്നതർ സംബന്ധിക്കും. ഷാർജ ഇന്ത്യൻ ഇസ്ലാഹി സെൻറർ പ്രസിഡണ്ട് ഹുസൈൻ സലഫി മുഖ്യപ്രഭാഷണം നിർവഹിക്കും.

സംസ്ഥാനത്ത് മഴ കനക്കുന്നു; 5 ജില്ലകളില്‍ ഓറഞ്ച്; ഒന്‍പത് ഇടത്ത് യെല്ലോ

സംസ്ഥാനത്ത് മഴ കനക്കുന്നു; 5 ജില്ലകളില്‍ ഓറഞ്ച്; ഒന്‍പത് ഇടത്ത് യെല്ലോ

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് തീവ്രമഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. എല്ലാ ജില്ലകളിലും ജാഗ്രതാ മുന്നറിയിപ്പ് നല്‍കി. അഞ്ച് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും മറ്റ് എല്ലായിടത്തും യെല്ലോ അലര്‍ട്ടുമാണ്.

ശനിയാഴ്ച എറണാകുളം, ഇടുക്കി, തൃശൂര്‍, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചത്. ബുധനാഴ്ച വരെ മഴ തുടരുമെന്നാണ് മുന്നറിയിപ്പില്‍ പറയുന്നത്. ഞായറാഴ്ച കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ തീവ്രമഴയ്ക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, ജില്ലകളില്‍ യെല്ല അലര്‍ട്ട് പ്രഖ്യാപിച്ചു.

തിങ്കളാഴ്ച കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും മലപ്പറും കോഴിക്കോട് വയനാട് ജില്ലകളില്‍ യെല്ലോ അലര്‍ട്ടുമാണ്. ചൊവ്വാഴ്ച കാസര്‍കോട് ജില്ലയില്‍ തീവ്രമഴ തുടരും. കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.

നദികളില്‍ യെല്ലോ അലര്‍ട്ട്

അപകടകരമായ രീതിയില്‍ ജലനിരപ്പ് ഉയരുന്നതിനാല്‍ വാമനപുരം, അച്ചന്‍കോവില്‍, ഭാരതപുഴ, ചാലക്കുടി നദികളില്‍ സംസ്ഥാന ജലസേചന വകുപ്പ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ഈ നദിയുടെ തീരത്തുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പില്‍ പറയുന്നു.

തിരുവനന്തപുരം : വാമനപുരം (മൈലമൂട് സ്റ്റേഷന്‍)

പത്തനംതിട്ട : അച്ചന്‍കോവില്‍ (കല്ലേലി & കോന്നി ഏഉ സ്റ്റേഷന്‍)

പാലക്കാട് : ഭാരതപുഴ (വണ്ടാഴി സ്റ്റേഷന്‍)

തൃശൂര്‍ :ചാലക്കുടി (വെറ്റിലപ്പാറ സ്റ്റേഷന്‍)

യാതൊരു കാരണവശാലും നദികളില്‍ ഇറങ്ങാനോ നദി മുറിച്ചു കടക്കാനോ പാടില്ല. തീരത്തോട് ചേര്‍ന്ന് താമസിക്കുന്നവര്‍ ജാഗ്രത പാലിക്കേണ്ടതാണ്. അധികൃതരുടെ നിര്‍ദേശാനുസരണം പ്രളയ സാധ്യതയുള്ളയിടങ്ങളില്‍ നിന്ന് മാറി താമസിക്കാന്‍ തയ്യാറാവണം.

“പാമ്പുകടിച്ചാൽ ആശുപത്രിയിൽ തന്നെയാണ് ചികിത്സ”; വർക്ക്ഷോപ്പ് സംഘടിപ്പിച്ചു

“പാമ്പുകടിച്ചാൽ ആശുപത്രിയിൽ തന്നെയാണ് ചികിത്സ”; വർക്ക്ഷോപ്പ് സംഘടിപ്പിച്ചു

തിരുവനന്തപുരം: പാമ്പ്‌ കടിയേറ്റൽ ആശുപത്രിയിൽ തന്നെയാണ് ചികിത്സ എന്ന വിഷയത്തിൽ വർക്ക്ഷോപ്പ് സംഘടിച്ചു. ഇന്ത്യൻ അസോസിയേഷൻ ഓഫ് പ്രിവന്റീവ് ആൻഡ് സോഷ്യൽ മെഡിസിൻ – കേരള സ്റ്റേറ്റ് ചാപ്റ്റർ, ഫൗണ്ടേഷൻ ഫോർ പീപ്പിൾ-സെൻട്രിക് ഹെൽത്ത് സിസ്റ്റംസുമായി സഹകരിച്ച്, വട്ടപ്പാറയിലുള്ള ശ്രീ ഉത്രാടം തിരുനാൾ അക്കാദമി ഓഫ് മെഡിക്കൽ സയൻസസിൽ ആണ് (എസ് യു ടി) പാമ്പുകടിയേറ്റാൽ വിഷബാധ തടയുന്നതിനെക്കുറിച്ചുള്ള ഏകദിന വർക്ക്‌ഷോപ്പ് സംഘടിപ്പിച്ചത്.

പ്രമുഖ ഡോക്ടറും ആരോഗ്യ നയ വിദഗ്ദ്ധനും ന്യൂഡൽഹിയിലെ ഫൗണ്ടേഷൻ ഫോർ പീപ്പിൾ-സെൻട്രിക് ഹെൽത്ത് സിസ്റ്റംസിന്റെ സ്ഥാപകനും ഡയറക്ടറുമായ ഡോ. ചന്ദ്രകാന്ത് ലഹരിയ (എംബിബിഎസ്, എംഡി, ഡിഎൻബി) ഉൾപ്പെടെയുള്ള വിദഗ്ധരാണ് പരിപാടി നയിച്ചത്. ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്ഒ), യുണിസെഫ്, ലോക ബാങ്ക് എന്നിവയുൾപ്പെടെ നിരവധി ദേശീയ, അന്തർദേശീയ സംഘടനകളുടെ ഉപദേഷ്ടാവായി ഡോ. ലഹരിയ സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഡോ. കാത്യായനി, ഡോ. കൃഷ്ണകുമാർ എം.കെ. തുടങ്ങിയവർ പങ്കെടുത്തു.

ഇന്ത്യയിലെ ഒരു പ്രധാന പൊതുജനാരോഗ്യ പ്രശ്‌നമായ പാമ്പുകടിയേറ്റ വിഷബാധ തടയൽ, നേരത്തെ തിരിച്ചറിയൽ, കൈകാര്യം ചെയ്യൽ എന്നിവയ്ക്കുള്ള തന്ത്രങ്ങളെക്കുറിച്ചുള്ള ഉൾക്കാഴ്ചയുള്ള സെമിനാറുകളും സംവേദനാത്മക ചർച്ചകളും പരിപാടിയിൽ ഉണ്ടായിരുന്നു. ഇത്തരം സംരംഭങ്ങൾ ആരോഗ്യ സംരക്ഷണ ദാതാക്കളെ ശക്തിപ്പെടുത്തുമെന്ന് സംഘാടകർ പ്രത്യാശ പ്രകടിപ്പിച്ചു.

മുറ്റമടിക്കുന്നതിനിടെ വൈദ്യുതി ലൈന്‍ പൊട്ടിവീണു, വടകരയില്‍ വീട്ടമ്മക്ക് ദാരുണാന്ത്യം

മുറ്റമടിക്കുന്നതിനിടെ വൈദ്യുതി ലൈന്‍ പൊട്ടിവീണു, വടകരയില്‍ വീട്ടമ്മക്ക് ദാരുണാന്ത്യം

കോഴിക്കോട്: സംസ്ഥാനത്ത് വീണ്ടും ഷോക്കേറ്റ് മരണം. വടകര തോടന്നൂരിലാണ് വൈദ്യുതി ലൈന്‍ വീട്ടുമുറ്റത്തേക്ക് പൊട്ടി വീണ് വീട്ടമ്മ മരിച്ചത്. തോടന്നൂര്‍ ആശാരികണ്ടി ഉഷയാണ് (53) മരിച്ചത്.

രാവിലെ മുറ്റമടിക്കുമ്പോള്‍ വൈദ്യുതി ലൈനിനോടൊപ്പം പൊട്ടിവീണ മരകൊമ്പില്‍ നിന്നാണ് ഷോക്കേറ്റത്. ഉഷയെ വടകര ജില്ല ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു. തൊട്ടടുത്ത പറമ്പിലെ മരം വൈദ്യുതി ലൈനില്‍ വീണ് വീട്ടുമുറ്റത്തേക്ക് പതിക്കുകയായിരുന്നു. ഉഷയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം വടകര ജില്ല ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.