by Midhun HP News | Aug 16, 2025 | Latest News, കേരളം
ശബരിമല: താഴമണ്‍മഠം കണ്ഠരര് മഹേഷ് മോഹനര് ശനിയാഴ്ച മുതല്‍ ഒരുവര്‍ഷം ശബരിമല തന്ത്രി പദവി വഹിക്കും. ശബരിമലയുടെ താന്ത്രികാവകാശമുള്ള താഴമണ്‍ മഠത്തിലെ രണ്ടു കുടുംബങ്ങളില്‍ നിന്നുള്ളവരാണ് ഓരോ വര്‍ഷം വീതം ഈ പദവി വഹിക്കുന്നത്.

ശനിയാഴ്ച വൈകീട്ട് അഞ്ചിന് ചിങ്ങമാസ പൂജകള്‍ക്ക് നട തുറക്കുന്നത് കണ്ഠരര് മഹേഷ് മോഹനരുടെ സാന്നിധ്യത്തിലായിരിക്കും. ചിങ്ങമാസപ്പൂജകള്‍ പൂര്‍ത്തിയാക്കി ഓഗസ്റ്റ് 21ന് രാത്രി പത്തിന് നടയടയ്ക്കും. ചിങ്ങപ്പുലരിയില്‍ ഗണപതി ഹോമമാണ് അദ്ദേഹത്തിന്റെ ആദ്യചടങ്ങ്. പിന്നിട്ടവര്‍ഷം കണ്ഠരര് രാജീവര്‍ക്കായിരുന്നു താന്ത്രിക ചുമതല. അദ്ദേഹത്തിന്റെ മകന്‍ കണ്ണൂര്‍ ബ്രഹ്മദത്തനും സന്നിധാനത്തെ ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കിയിരുന്നു. അടുത്ത കര്‍ക്കിടകമാസ പൂജകള്‍ക്ക് നടതുറക്കുന്നതുവരെയാണ് കണ്ഠരര് മഹേഷ് മോഹനര് തന്ത്രി ചുമതലകള്‍ വഹിക്കുക. തുടര്‍ന്ന് കണ്ഠരര് രാജീവരും കണ്ഠരര് ബ്രഹ്മദത്തനും ചുമതലകളിലെത്തും.


by Midhun HP News | Aug 16, 2025 | Latest News, ദേശീയ വാർത്ത
കുവൈത്ത് സിറ്റി : കുവൈത്തിൽ വിഷമദ്യ ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം 23 ആയി ഉയർന്നു. 10 നേപ്പാൾ സ്വദേശികൾ ദുരന്തത്തിൽ മരിച്ചതായി എംബസി അറിയിച്ചു. കണ്ണൂർ സ്വദേശി പി സച്ചിന്റെ മരണം കഴിഞ്ഞ ദിവസം അധികൃതർ സ്ഥിരീകരിച്ചിരുന്നു. മൃതദേഹം ഇന്ന് രാവിലെ നാട്ടിലെത്തിച്ചു. 3 വർഷമായി കുവൈത്തിൽ ജോലി ചെയ്തു വരുക ആയിരുന്നു സച്ചിൻ.
അതേസമയം ചികിത്സയിലുണ്ടായിരുന്ന 5 മലയാളികൾ കൂടി മരിച്ചതായി റിപ്പോർട്ടുകളുണ്ട്. ഇക്കാര്യത്തിൽ ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല. മരിച്ചവരുടെ പേരുവിവരങ്ങൾ പുറത്ത് വിടുന്നതിൽ കുവൈത്ത് അധികൃതർ തയ്യാറായിട്ടില്ല. നിയന്ത്രണങ്ങൾ ഉള്ളതിനാൽ ഇന്ത്യൻ എംബസിയും മരിച്ചവരുടെ പേരുകൾ പ്രസിദ്ധീകരിച്ചിട്ടില്ല.

നേപ്പാൾ സ്വദേശികളായ 35 പേരാണ് വിഷമദ്യ ദുരന്തവുമായി ബന്ധപ്പെട്ട് ചികിത്സ തേടിയത്. ഇവരിൽ 10 പേർ മരിച്ചതായി കുവൈത്തിലുള്ള നേപ്പാൾ എംബസി അധികൃതർ സ്ഥിരീകരിച്ചു. കൂടുതൽ വിവരങ്ങൾക്ക് നേപ്പാൾ എംബസിയുടെ +96561008956 എന്ന വാട്സ്ആപ്പ് നമ്പറിൽ ബന്ധപ്പെടണമെന്ന് അധികൃതർ അറിയിച്ചു. എന്നാൽ സംഭവവുമായി ബന്ധപ്പെട്ട് 16 നേപ്പാൾ സ്വദേശികൾ മരിച്ചതായി ഫെഡറേഷൻ ഓഫ് നേപ്പാളി ജേർണലിസ്റ്റ് എന്ന സംഘടനാ രംഗത്ത് എത്തി. വിഷ മദ്യവുമായി ബന്ധപ്പെട്ട് കുവൈത്തിൽ മരിക്കുന്ന നേപ്പാൾ സ്വദേശികളുടെ എണ്ണം വർധിച്ചതായും പൗരന്മാർ ജാഗ്രത പുലർത്തണമെന്നും സംഘടനാ അഭ്യർത്ഥിച്ചു.
വിഷ മദ്യ ദുരന്തവുമായി ബന്ധപ്പെട്ട് 160 പേരാണ് ചികിത്സ തേടിയത്. ഇതിൽ 23 പേർ മരിച്ചതായും നിരവധിപ്പേർ ഇപ്പോഴും ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ തുടരുന്നതായും കുവൈത്ത് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.
ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ കുവൈത്തിൽ ആഭ്യന്തര മന്ത്രിയുടെ നേതൃത്വത്തിൽ വ്യപകമായി പരിശോധന നടത്തുന്നുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് വ്യാജമദ്യ നിര്‍മാണ കേന്ദ്രം നടത്തിപ്പുകാരായ രണ്ട് ഏഷ്യക്കാരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

വാരാന്ത്യ അവധിയിലേക്ക് കടക്കും മുൻപ് നടപടികൾ വേഗത്തിൽ പൂർത്തിയാക്കി കൂടുതൽ മൃതദേഹങ്ങൾ വിട്ടു നൽകാൻ കുവൈത്ത് അധികൃതർ നീക്കം തുടങ്ങിയിട്ടുണ്ട്.

by Midhun HP News | Aug 16, 2025 | Latest News, കേരളം
പണം കൊടുത്തില്ല, ലോട്ടറി ടിക്കറ്റ് കയ്യില്‍ കിട്ടിയതുമില്ല. എന്നിട്ടും ജയേഷ് കുമാറിന് കിട്ടിയത് ഒന്നാം സമ്മാനം.
കരണി സ്വദേശി നെല്ലുവായ് ജയേഷ് കുമാറിനാണ് കേരള സർക്കാരിന്റെ ധനലക്ഷ്മി ലോട്ടറി ടിക്കറ്റിന്റെ ഒന്നാം സമ്മാനമായ ഒരു കോടി രൂപ ലഭിച്ചത്. അതും കടമായി വാങ്ങിയ, ഫലപ്രഖ്യാപനം വരുമ്ബോഴും കയ്യില്‍ കിട്ടാത്ത ടിക്കറ്റിന്.

കല്‍പറ്റ – ബത്തേരി റൂട്ടിലോടുന്ന പൂക്കോട്ടില്‍ എന്ന സ്വകാര്യ ബസിലെ കണ്ടക്ടറാണ് ജയേഷ്. മിക്കപ്പോഴും ലോട്ടറി എടുക്കുന്ന സ്വഭാവം ഈ യുവാവിനുണ്ട്. കഴിഞ്ഞ ബുധനാഴ്ച്ച രാവിലെ കല്‍പറ്റ പുതിയ ബസ് സ്റ്റാൻഡിലെ അമ്മ ലോട്ടറി ഏജൻസിയിലെ ജീവനക്കാരോട് അഞ്ച് ടിക്കറ്റുകള്‍ മാറ്റിവെക്കാൻ ജയേഷ് പറഞ്ഞിരുന്നു. അതില്‍ ഒന്നായ DA 807900 ടിക്കറ്റിനാണു അന്നു തന്നെ നടന്ന നറുക്കെടുപ്പില്‍ ഒന്നാം സമ്മാനം അടിച്ചത്. ലോട്ടറി ഏജൻസിയിലെ ജീവനക്കാർ വിളിച്ചു പറഞ്ഞപ്പോഴാണ് ജയേഷും താനെടുത്ത ടിക്കറ്റിനാണ് സമ്മാനം അടിച്ചതെന്ന് അറിയുന്നത്.
ബുധനാഴ്ച്ച വൈകിട്ട് മൂന്നു മണിക്ക് ശേഷമാണ് ജയേഷിന് ലോട്ടറിക്കടയില്‍ നിന്ന് വിളിയെത്തിയത്. നിങ്ങള്‍ക്കു വേണ്ടി എടുത്തു വച്ച ടിക്കറ്റിനാണ് ഒന്നാം സമ്മാനമായ ഒരു കോടി ലഭിച്ചതെന്ന് പറഞ്ഞ് വിളിച്ചപ്പോഴാണ് ജയേഷിനും ടിക്കറ്റിനെക്കുറിച്ച് ഓർമ വന്നത്. പിന്നീട് ലോട്ടറി ഏജൻസി ഉടമ ആരോഷ് വിളിച്ചപ്പോഴാണ് ഒന്നാം സമ്മാനം തനിക്ക് തന്നെയാണ് അടിച്ചതെന്ന് മനസ്സിലായത്.

മിക്കപ്പോഴും ലോട്ടറി ടിക്കറ്റ് എടുക്കുന്നയാളാണു ജയേഷ് എന്ന് അമ്മ ലക്ഷ്മി പറഞ്ഞു. 9 സെന്റ് സ്ഥലമുള്ളതില്‍ പണി പൂർത്തീകരിക്കാത്ത ഒരു വീടാണുള്ളത്. ഈ പണം കിട്ടിയാല്‍ വീട് നന്നാക്കണം എന്നാണ് ആഗ്രഹമെന്നു ലക്ഷ്മി പറഞ്ഞു. കുറച്ച് സ്ഥലം വാങ്ങാനും ആലോചനയുണ്ടെന്നു ജയേഷ് പറഞ്ഞു. പതിവുപോലെ ബസില്‍ ജോലി തുടരാണ് തീരുമാനം. പരേതനായ നല്ലനാണ് അച്ഛൻ. ഒന്നാം സമ്മാനം അടിച്ച ലോട്ടറി കല്‍പറ്റയിലെ ബാങ്കില്‍ ഏല്‍പിച്ചു. കല്‍പറ്റ അമ്മ ലോട്ടറി ഏജൻസി പനമരം ദീപ്തി ലോട്ടറി ഏജൻസിയില്‍ നിന്നും എടുത്തു വിറ്റ ടിക്കറ്റാണിത്.

by Midhun HP News | Aug 16, 2025 | Latest News, ജില്ലാ വാർത്ത
കാസർകോടുള്ള കേരള കേന്ദ്ര സർവകലാശാലയിലും തിരുവനന്തപുരം ഗവൺമെന്റ് വിമൻസ് കോളേജിലും കാഞ്ഞിരംകുളം ഗവൺമെന്റ് കോളേജിലും വിവിധ വകുപ്പുകളിൽ ഗസ്റ്റ് അദ്ധ്യാപക ഒഴിവുകൾ.
കേന്ദ്രസർവകലാശാലയിലേക്ക് ഓഗസ്റ്റ് 22 വരെ അപേക്ഷിക്കാം. വനിതാകോളേജിൽ ഓഗസ്റ്റ് 20 ന് യോഗ്യതയുള്ളവർക്ക് നേരിട്ട് ഹാജരായി അഭിമുഖത്തിൽ പങ്കെടുക്കാം.

കേരള കേന്ദ്ര സര്‍വകലാശാല ഒഴിവുകള്‍
കാസര്‍കോട് കേരള കേന്ദ്ര സര്‍വകലാശാലയില്‍ വിവിധ വിഷയങ്ങളില്‍ ഗസ്റ്റ് ഫാക്കല്‍റ്റി ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ബയോളജി, കൊമേഴ്‌സ്, കമ്പ്യൂട്ടര്‍ സയന്‍സ്, ഇംഗ്ലീഷ്, ജിനോമിക് സയന്‍സ്, ജിയോളജി, ഇന്റര്‍നാഷണല്‍ റിലേഷന്‍സ് ആൻഡ് പൊളിറ്റിക്‌സ്, സംസ്‌കൃതം, യോഗ എന്നീ വിഷയങ്ങളില്‍ ഓരോ ഒഴിവ് വീതമാണുള്ളത്.
ബന്ധപ്പെട്ട വിഷയങ്ങളിലോ അനുബന്ധ വിഷയങ്ങളിലോ 55 ശതമാനം മാര്‍ക്കോടെയുള്ള ബിരുദാനന്തര ബിരുദമാണ് യോഗ്യത. യുജിസി നെറ്റ്/ അംഗീകൃത സ്ലെറ്റ്/ സെറ്റ് അല്ലെങ്കില്‍ യുജിസി മാനദണ്ഡപ്രകാരമുള്ള പിഎച്ച്ഡി എന്നിവ വേണം. താത്പര്യമുള്ളവര്‍ വെബ്സൈറ്റില്‍ നല്‍കിയിട്ടുള്ള നിര്‍ദ്ദിഷ്ട മാതൃകയില്‍ ബയോഡാറ്റ ഉള്‍പ്പെടെ est.teach@cukerala.ac.in എന്ന ഇമെയിലിലേക്ക് അപേക്ഷിക്കേണ്ടതാണ്. അവസാന തീയതി ഓഗസ്റ്റ് 22.
കൂടുതല്‍ വിവരങ്ങള്‍ക്ക്: www.cukerala.ac.in സന്ദര്‍ശിക്കുക.
ഗവൺമെന്റ് വിമൻസ് കോളേജ്
തിരുവനന്തപുരം ഗവൺമെന്റ് വിമൻസ് കോളേജിൽ ഹോം സയൻസ് ജനറൽ വിഭാഗത്തിൽ 2025-26 അദ്ധ്യയന വർഷത്തേക്കുള്ള ഗസ്റ്റ് അദ്ധ്യാപക നിയമനത്തിനായുള്ള അഭിമുഖം ഓഗസ്റ്റ് 20 ന് രാവിലെ 10 ന് നടത്തും. കോളേജ് വിദ്യാഭ്യാസ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടറുടെ മേഖലാ ഓഫീസുകളിൽ ഗസ്റ്റ് ലക്ചർമാരുടെ പാനലിൽ പേര് രജിസ്റ്റർ ചെയ്തിട്ടുള്ള ഉദ്യോഗാർത്ഥികൾ മാത്രം യോഗ്യത, ജനനതിയതി, മുൻപരിചയം ഇവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റ്, മേഖലാ ഓഫീസുകളിൽ രജിസ്റ്റർ ചെയ്തത് തെളിയിക്കുന്ന രേഖകൾ എന്നിവ സഹിതം അഭിമുഖത്തിന് കോളേജിൽ നേരിട്ട് ഹാജരാകണം.

കാഞ്ഞിരംകുളം ഗവൺമെന്റ് കോളേജ്
തിരുവനന്തപുരം കാഞ്ഞിരംകുളം ഗവൺമെന്റ് കോളേജിൽ മാത്തമാറ്റിക്‌സ് വിഷയത്തിൽ ഗസ്റ്റ് അദ്ധ്യാപകരെ 2026 മാർച്ച് 31 വരെ നിയമിക്കുന്നു. കോളേജ് വിദ്യാഭ്യാസ വകുപ്പ് കൊല്ലം ഡെപ്യൂട്ടി ഡയറക്ടറേറ്റിൽ ഗസ്റ്റ് ലക്ചറർ പാനലിൽ രജിസ്റ്റർ ചെയ്തിട്ടുള്ള അർഹരായ ഉദ്യോഗാർത്ഥികൾ അവരുടെ ബയോഡാറ്റ, യോഗ്യത സർട്ടിഫിക്കറ്റുകൾ എന്നിവ സ്‌കാൻ ചെയ്ത് knmcollege@gmail.com ലേയ്ക്ക് ഓഗസ്റ്റ് 18ന് വൈകിട്ട് അഞ്ചിന് മുമ്പ് അയയ്ക്കണം.

by Midhun HP News | Aug 16, 2025 | Latest News, കേരളം
കൊച്ചി: രാജ്യാന്തര ഭീകരസംഘടനയായ ഇസ്ലാമിക് സ്റ്റേറ്റില്‍ ചേര്‍ന്ന് പ്രവര്‍ത്തിച്ചതായി ആരോപിച്ചുള്ള യുഎപിഎ കേസില്‍ തൊടുപുഴ സ്വദേശി സുബഹാനി ഹാജയുടെ ജീവപര്യന്തം തടവുശിക്ഷ ഹൈക്കോടതി പത്തുവര്‍ഷം ഇളവ് ചെയ്തു. എന്‍ഐഎ സ്‌പെഷ്യല്‍ കോടതിയുടെ 2020 സെപ്റ്റംബര്‍ 25ലെ ശിക്ഷാ ഉത്തരവിനെതിരെ പ്രതി നല്‍കിയ അപ്പീല്‍ പരിഗണിച്ചാണ് ജസ്റ്റിസ് വി രാജ വിജയരാഘവന്‍, ജസ്റ്റിസ് കെവി ജയകുമാര്‍ എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചിന്റെതാണ് ഉത്തരവ്.

ഹര്‍ജിക്കാരന്‍ 2015ല്‍ തുര്‍ക്കി വഴി ഇറാഖിലെത്തി ഐഎസില്‍ ചേര്‍ന്നു പരിശീലനം നേടിയെന്നും പരിക്കേറ്റതിനാല്‍ യുദ്ധമുഖത്തനിന്നും പോരാടാന്‍ കഴിയാതെ വന്നതിനാല്‍ നാട്ടിലേക്ക് മടങ്ങണമെന്നും നിരന്തരം ആവശ്യപ്പെട്ടപ്പോള്‍ ഇറാഖിലെ തെരുവില്‍ ഉപേക്ഷിക്കപ്പെട്ടതിനെ തുടര്‍ന്ന് ഇന്ത്യയില്‍ തിരിച്ചെത്തിയതാണെന്നും പ്രോസിക്യൂഷന്‍ ആരോപിച്ചു.

2015 സെപ്റ്റംബറില്‍ ഇന്ത്യയില്‍ മടങ്ങിയെത്തി തമിഴ്‌നാട്ടില്‍ സെയില്‍സ്മാനായി ജോലി ചെയ്യവെ 2016 ഒക്ടോബര്‍ അഞ്ചിനാണ് എന്‍ഐഎ അറസ്റ്റ് ചെയ്തത്. ടൂറിസ്റ്റ് വിസയിലാണ് തുര്‍ക്കിയിലെത്തിയതെന്നും ഐഎസ് ബന്ധമാരോപിച്ചുള്ള കേസ് എന്‍ഐഎ കെട്ടിച്ചമച്ചതാണെന്നും പ്രതി അപ്പീലില്‍ വാദിച്ചു. എന്നാല്‍ കുറ്റകൃത്യം സംശയാസ്പദമായി തെളിയിക്കാന്‍ കഴിയുന്നുണ്ടെന്നും കോടതി വിലയിരുത്തി. ജി മെയില്‍, ഫെയ്‌സ്ബുക്ക് അക്കൗണ്ടുകളുടെ ഉടമസ്ഥത, 2015ലെ തുര്‍ക്കി സന്ദര്‍ശനം, ഇറാഖിലേക്ക് കടന്നത്, ഐഎസിനുവേണ്ടിയുള്ള ആയുധ പരിശീലനം, പോരാട്ടം ഒക്കെ തെളിയിക്കാനാകുന്നുണ്ട്.
എന്‍ഐഎ കോടതിയുടെ നിഗമനത്തില്‍ തെറ്റില്ല. ചെയ്ത കുറ്റം ഗൗരവമേറിയതാണെങ്കിലും 35ാം വയസ്സില്‍ ചെയ്തതാണെന്ന കാര്യം കോടതി പരിഗണിച്ചു. തിരിച്ചെത്തിയ ശേഷം കുറ്റകൃത്യങ്ങള്‍ നടത്തിയിട്ടില്ല. പ്രതിയുടെ മാനസാന്തരത്തിനും പരിവര്‍ത്തനത്തിനുമുള്ള സാധ്യത കണക്കിലെടുത്ത് ശിക്ഷയില്‍ ഇളവ് നല്‍കുകയാണെന്ന് കോടതി വ്യക്തമാക്കി.

Recent Comments