ബലാത്സംഗക്കേസ്: ഒളിവില്‍ പോയ വേടനായി തിരച്ചില്‍, കേരളത്തിന് പുറത്തേക്കും അന്വേഷണം വ്യാപിപ്പിച്ച് പൊലീസ്

ബലാത്സംഗക്കേസ്: ഒളിവില്‍ പോയ വേടനായി തിരച്ചില്‍, കേരളത്തിന് പുറത്തേക്കും അന്വേഷണം വ്യാപിപ്പിച്ച് പൊലീസ്

കൊച്ചി: ബലാത്സംഗക്കേസില്‍ റാപ്പര്‍ ഹിരണ്‍ദാസ് മുരളി എന്ന വേടനായി അന്വേഷണം വ്യാപിപ്പിച്ച് പൊലീസ്. ഇതര സംസ്ഥാനങ്ങള്‍ കേന്ദ്രീകരിച്ച് അന്വേഷണം ശക്തമാക്കാനാണ് പൊലീസിന്റെ തീരുമാനം. വേടന്‍ കേരളത്തില്‍ ഇല്ലെന്ന് പൊലീസിന് വിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇതര സംസ്ഥാനങ്ങളിലേക്കും അന്വേഷണം വ്യാപിപ്പിക്കുന്നത്.

യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിലെടുത്ത ബലാത്സംഗ കേസില്‍ മുന്‍കൂര്‍ ജാമ്യത്തിനായി റാപ്പര്‍ വേടന്‍ ഹൈക്കോടതിയെ സമീപിച്ചിരുന്നു. എന്നാല്‍ മുന്‍കൂര്‍ ജാമ്യപേക്ഷ പരിഗണിക്കുന്നത് വരെ കാത്തിരിക്കേണ്ടതില്ലെന്ന തീരുമാനത്തിലാണ് പൊലീസ്. തൃക്കാക്കര എസിപിയുടെ നേതൃത്വത്തില്‍ രണ്ട് സംഘങ്ങളായി തിരിഞ്ഞാണ് വേടനായി അന്വേഷണം നടത്തുന്നത്.

കോട്ടയം സ്വദേശിനിയായ യുവ ഡോക്ടറായിരുന്നു വേടനെതിരെ പരാതിയുമായി രംഗത്തെത്തിയിരുന്നത്. 2021 ഓഗസ്റ്റ് മുതല്‍ 2023 മാര്‍ച്ച് വരെ വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ചു എന്നായിരുന്നു പരാതി. രണ്ട് വര്‍ഷത്തിനിടെ ലഹരിയടക്കം ഉപയോഗിച്ച് ആറ് തവണ പലയിടങ്ങളില്‍വെച്ച് പീഡിപ്പിച്ചുവെന്നും യുവതി പരാതിയില്‍ പറഞ്ഞിരുന്നു.

ഇക്കാര്യങ്ങളൊക്കെ അറിയുന്ന സുഹൃത്തുക്കളുടെ പേരും യുവതിയുടെ മൊഴിയിലുണ്ട്. അതേസമയം, വേടനുമായി യുവതിയുടെ സാമ്പത്തിക ഇടപാടുകള്‍ പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. കേസില്‍ സാക്ഷികളുടെ മൊഴികള്‍ രേഖപ്പെടുത്തുന്നത് ആരംഭിച്ചതായാണ് പൊലീസ് പറയുന്നത്.

2 ലക്ഷം വരെ സ്റ്റൈപ്പന്‍ഡ്, 10 ാം ക്ലാസുകാര്‍ക്കും അവസരം; ഇന്റേണ്‍ഷിപ്പ് വാഗ്ദാനം ചെയ്ത് ഇന്ത്യന്‍ സിഇഒ

2 ലക്ഷം വരെ സ്റ്റൈപ്പന്‍ഡ്, 10 ാം ക്ലാസുകാര്‍ക്കും അവസരം; ഇന്റേണ്‍ഷിപ്പ് വാഗ്ദാനം ചെയ്ത് ഇന്ത്യന്‍ സിഇഒ

പ്രതിമാസം 1 ലക്ഷം മുതല്‍ 2 ലക്ഷം രൂപ വരെ സ്റ്റൈപ്പന്‍ഡ് വാഗ്ദാനം ചെയ്യുന്ന ഇന്റേണ്‍ഷിപ്പ് അവസരവുമായി സിദ്ധാര്‍ത്ഥ് ഭാട്ടിയ. ജൗരവ അകയുടെ സഹസ്ഥാപകനും സിഇഒയുമാണ് സിദ്ധാര്‍ത്ഥ്. ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടിലാണ് ഇക്കാര്യം അദേഹം വ്യക്തമാക്കിയത്.

എഐ എന്‍ജിനീയര്‍, ‘ഗ്രോത്ത് മജീഷ്യന്‍’ എന്നീ തസ്തികകളിലാണ് ഒഴിവുകള്‍. ഹൈസ്‌കൂള്‍ വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെ എല്ലാവര്‍ക്കും ഈ തസ്തികകളിലേക്ക് അപേക്ഷിക്കാം. ഇതിന് ഔദ്യോഗിക ബിരുദത്തിന്റെ ആവശ്യമില്ല. അപേക്ഷാ രീതിയും തികച്ചും വ്യത്യസ്തമാണ്. താല്‍പ്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ ഭാട്ടിയയുടെ പോസ്റ്റിന് താഴെ തങ്ങളുടെ കഴിവും താല്‍പ്പര്യവും പ്രകടിപ്പിച്ച് നേരിട്ട് കമന്റ് ചെയ്യണം.

ഇന്റേണ്‍ഷിപ്പുകള്‍ പൂര്‍ണ്ണമായും റിമോട്ട് ആയതിനാല്‍ ഇന്ത്യയിലുടനീളമുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് സൗകര്യപ്രദമായി ജോലി ചെയ്യാം. അപേക്ഷിക്കാന്‍, താത്പര്യമുള്ളവര്‍ സിഇഒ സിദ്ധാര്‍ത്ഥ് ഭാട്ടിയയുടെ ലിങ്ക്ഡ്ഇന്‍ പോസ്റ്റിന് താഴെ, എന്തുകൊണ്ട് തങ്ങളെ തെരഞ്ഞെടുക്കണമെന്നും ജൗരവ അകയില്‍ ജോലി ചെയ്യുന്നതില്‍ തങ്ങള്‍ക്കുള്ള ആവേശം എന്താണെന്നും വിശദീകരിച്ച് കമന്റ് ചെയ്താല്‍ മതി. മറ്റുള്ളവരെ നിര്‍ദ്ദേശിക്കാനും അദ്ദേഹം പോസ്റ്റില്‍ പറയുന്നുണ്ട്.

പോസ്റ്റ് വൈറലാക്കുകയും ലിങ്ക്ഡ്ഇന്‍ ഉപയോക്താക്കളില്‍ നിന്ന് വലിയ ശ്രദ്ധ നേടുകയും ചെയ്തു. കമന്റ് ബോക്സ് ഉദ്യോഗാര്‍ത്ഥികളുടെ അപേക്ഷകള്‍ കൊണ്ട് നിറഞ്ഞിരിക്കുകയാണ്.

‘അഞ്ച് മിനിറ്റ് ഇടവേള; നിയമലംഘനം ആവര്‍ത്തിച്ചാല്‍ പിടിച്ചെടുക്കണം’; സ്വകാര്യ ബസ്സുകളുടെ മരണപ്പാച്ചിലില്‍ കര്‍ശന നടപടി വേണമെന്ന് ഹൈക്കോടതി

‘അഞ്ച് മിനിറ്റ് ഇടവേള; നിയമലംഘനം ആവര്‍ത്തിച്ചാല്‍ പിടിച്ചെടുക്കണം’; സ്വകാര്യ ബസ്സുകളുടെ മരണപ്പാച്ചിലില്‍ കര്‍ശന നടപടി വേണമെന്ന് ഹൈക്കോടതി

കൊച്ചി:നഗരത്തിലെ സ്വകാര്യ ബസ്സുകളുടെ മരണപ്പാച്ചിലില്‍ കര്‍ശന നടപടി സ്വീകരിക്കണമെന്ന് ഹൈക്കോടതി. നിയമലംഘനത്തിന് കനത്ത പിഴ ചുമത്തണമെന്നും ആവര്‍ത്തിച്ചാല്‍ പിഴത്തുക വര്‍ധിപ്പിക്കണമെന്നും കോടതി നിര്‍ദേശിച്ചു. വീണ്ടും ആവര്‍ത്തിച്ചാല്‍ വാഹനങ്ങള്‍ പിടിച്ചെടുക്കണം. ഇക്കാര്യത്തില്‍ നിലപാട് അറിയിക്കാനും സര്‍ക്കാരിനോട് കോടതി നിര്‍ദേശിച്ചു.

ബസുകളുടെ സമയക്രമത്തില്‍ മാറ്റം വരുത്തണമെന്നും അത് കാലഘട്ടത്തിന്റെ ആവശ്യമാണെന്നും കോടതി ചൂണ്ടിക്കാട്ടി. സമയക്രമം പാലിക്കാന്‍ ബസുകള്‍ മരണപ്പാച്ചില്‍ നടത്തുകയാണെന്നും ഔദ്യോഗിക വാഹനത്തില്‍ പോകുന്നതിനിടെ സ്വകാര്യ ബസുകള്‍ തന്നെയും വേട്ടയാടിയിട്ടുണ്ടെന്നും ജസ്റ്റിസ് അമിത് റാവല്‍ പറഞ്ഞു. നഗരപ്രദേശങ്ങളില്‍ അഞ്ചു മിനിറ്റും ഗ്രാമ പ്രദേശങ്ങളില്‍ 10 മിനിറ്റും ബസ്സുകള്‍ക്കിടയില്‍ ഇടവേള വേണമെന്ന് കോടതി അഭിപ്രായപ്പെട്ടു.

ബസുകളുടെ നിയമലംഘനങ്ങളില്‍ പതിനായിരത്തിലേറെ കേസുകള്‍ എടുത്തിട്ടുണ്ടെന്നും 18 ലക്ഷത്തിലേറെ പിഴ ചുമത്തിയിട്ടുണ്ടെന്നും സര്‍ക്കാര്‍ അറിയിച്ചു. കൊച്ചിയില്‍ കഴിഞ്ഞ ദിവസങ്ങളില്‍ സ്വകാര്യ ബസുകളുടെ അമിതവേഗത കാരണം രണ്ട് യുവാക്കള്‍ മരണപ്പെട്ടിരുന്നു. ഈ സാഹചര്യത്തിലായിരുന്നു വിഷയം കോടതി പരിഗണിച്ചത്. കൊച്ചി നഗരത്തില്‍ ഗോവിന്ദ് എസ് ഷേണായി എന്ന വിദ്യാര്‍ഥിയും കളമശേരിയില്‍ സ്വിഗ്ഗി ജീവനക്കാരനായ മുഹമ്മദ് സലിം എന്നയാളുമാണ് മരിച്ചത്.

വിമാനത്തിനുള്ളിൽ പവർ ബാങ്ക് ഉപയോഗിക്കുന്നത് വിലക്കി എമിറേറ്റ്‌സ് എയർലൈൻസ്

വിമാനത്തിനുള്ളിൽ പവർ ബാങ്ക് ഉപയോഗിക്കുന്നത് വിലക്കി എമിറേറ്റ്‌സ് എയർലൈൻസ്

ദുബൈ: വിമാനത്തിനുള്ളിൽ പവർ ബാങ്ക് ഉപയോഗിക്കുന്നത് പൂർണമായും നിരോധിക്കാൻ തീരുമാനിച്ചതായി എമിറേറ്റ്‌സ് എയർലൈൻസ്. ഈ വർഷം ഒക്ടോബർ 1 മുതൽ ഈ തീരുമാനം നിലവിൽ വരും. 100 വാട്ട് ഹവേഴ്സ് (watt hours) താഴെ ശേഷിയുള്ള ഒരു പവർ ബാങ്ക് മാത്രമേ കൈവശം വയ്ക്കാൻ അനുമതി നൽകുമെങ്കിലും വിമാനത്തിൽ അത് ഉപയോഗിക്കാൻ അനുവദിക്കില്ലെന്ന് അധികൃതർ വ്യക്തമാക്കി.

ഇനി മുതൽ വിമാനത്തിനുള്ളിൽ വെച്ച് പവർ ബാങ്ക് ചാർജ് ചെയ്യാനും അനുവദിക്കില്ല. പവർ ബാങ്കിൽ അതിന്റെ വാട്ട് ഹവേഴ്സ് അടക്കമുള്ള വിവരങ്ങൾ രേഖപ്പെടുത്തിയിരിക്കണം. അല്ലെങ്കിൽ അത് വിമാനത്തിനുള്ളിൽ പ്രവേശിപ്പിക്കാൻ അനുവദിക്കില്ല. പവർ ബാങ്കുകൾ സീറ്റ് പോക്കറ്റിലോ മുന്നിലുള്ള സീറ്റിന്റെ അടിയിലുള്ള ബാഗിലോ വയ്ക്കണമെന്നും അധികൃതർ വ്യക്തമാക്കി.

ലിഥിയം-അയൺ അല്ലെങ്കിൽ ലിഥിയം-പോളിമർ ബാറ്ററികളാണ് പവർ ബാങ്കുകളിൽ പ്രധാനമായും ഉപയോഗിക്കുന്നത്. ഇവ ഉപയോഗിച്ച് അമിതമായി ചാർജ് ചെയ്യുമ്പോൾ പവർ ബാങ്കുകൾ തീപിടിക്കാനോ,പൊട്ടിത്തെറിക്കാനോ സാധ്യത ഉണ്ടെന്ന് നേരത്തെ കണ്ടെത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പുതിയ നിയന്ത്രണങ്ങൾ കൊണ്ട് വരുന്നതെന്നും അധികൃതർ അറിയിച്ചു.

15000 രൂപയില്‍ താഴെ വില, 7000mAh ബാറ്ററി, 24 മണിക്കൂര്‍ വീഡിയോ പ്ലേബാക്ക്; പോക്കോയുടെ എം7 പ്ലസ് ലോഞ്ച് ബുധനാഴ്ച

15000 രൂപയില്‍ താഴെ വില, 7000mAh ബാറ്ററി, 24 മണിക്കൂര്‍ വീഡിയോ പ്ലേബാക്ക്; പോക്കോയുടെ എം7 പ്ലസ് ലോഞ്ച് ബുധനാഴ്ച

മുംബൈ: പ്രമുഖ സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മ്മാതാക്കളായ ഷവോമിയുടെ സബ് ബ്രാന്‍ഡായ പോക്കോയുടെ പുതിയ ഫോണ്‍ ആയ എം7 പ്ലസ് ഫൈവ് ജി ബുധനാഴ്ച ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കും. എം7 ഫൈവ് ജി സീരീസില്‍ പുതിയ മോഡല്‍ ആയാണ് ഇത് അവതരിപ്പിക്കുക.

നിലവിലുള്ള പോക്കോ എം7 ഫൈവ് ജി, എം7 പ്രോ ഫൈവ് ജി മോഡലുകള്‍ക്കൊപ്പമാണ് പുതിയ മോഡല്‍ അവതരിപ്പിക്കാന്‍ പോകുന്നത്. ലോഞ്ചിന് മുന്നോടിയായി, പോക്കോ പുതിയ ഫോണിന്റെ നിരവധി ഫീച്ചറുകള്‍ പങ്കുവെച്ചിട്ടുണ്ട്. സിലിക്കണ്‍ കാര്‍ബണ്‍ സാങ്കേതികവിദ്യയെ അടിസ്ഥാനമാക്കിയുള്ള 7,000mAh ബാറ്ററിയാണ് ഇതില്‍ സജ്ജീകരിച്ചിരിക്കുന്നത്. 7,000mAh ബാറ്ററി സെഗ്മെന്റിലെ ഏറ്റവും സ്ലിം ഫോണാണിതെന്നാണ് കമ്പനി അവകാശപ്പെടുന്നത്. വലിയ ബാറ്ററിക്ക് പുറമേ, റിവേഴ്സ് ചാര്‍ജിങ്ങിനെ ഫോണ്‍ പിന്തുണയ്ക്കും. ഈ സവിശേഷത ഉപയോക്താക്കളെ ഈ ഫോണ്‍ ഉപയോഗിച്ച് മറ്റ് സ്മാര്‍ട്ട്ഫോണുകള്‍ ചാര്‍ജ് ചെയ്യാന്‍ സഹായിക്കും.

വില ഔദ്യോഗികമായി വെളിപ്പെടുത്തിയിട്ടില്ലെങ്കിലും 15000 രൂപയില്‍ താഴെയായിരിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. ഇ-കോമേഴ്സ് പ്ലാറ്റ്ഫോം വഴിയായിരിക്കും ഇതിന്റെ വില്‍പ്പന. 144Hz റിഫ്രഷ് റേറ്റുള്ള 6.9 ഇഞ്ച് ഡിസ്പ്ലേ ആയിരിക്കാം ഫോണില്‍. ക്വാല്‍കോമിന്റെ സ്നാപ്ഡ്രാഗണ്‍ 6s Gen 3 ചിപ്സെറ്റാണ് ഇതിന് കരുത്ത് പകരുക. ഫോണില്‍ 50MP പ്രൈമറി സെന്‍സറുള്ള ഡ്യുവല്‍ റിയര്‍ കാമറ സജ്ജീകരണവും സെല്‍ഫികള്‍ക്കും വീഡിയോ കോളുകള്‍ക്കുമായി 8MP ഫ്രണ്ട് ഫേസിങ് കാമറയും പ്രതീക്ഷിക്കുന്നു. ഒറ്റ ചാര്‍ജില്‍ 12 മണിക്കൂര്‍ വരെ നാവിഗേഷന്‍, 24 മണിക്കൂര്‍ വീഡിയോ പ്ലേബാക്ക്, 27 മണിക്കൂര്‍ സോഷ്യല്‍ മീഡിയ ഉപയോഗം, 144 മണിക്കൂര്‍ വരെ ഓഫ്ലൈന്‍ മ്യൂസിക് പ്ലേബാക്ക് എന്നി സേവനങ്ങള്‍ക്ക് ഉതകുംവിധമായിരിക്കും പുതിയ ഫോണ്‍.