വീട്ടിലെ ദുരനുഭവങ്ങള്‍ ഇനി ധൈര്യപൂര്‍വം അറിയിക്കാം; എല്ലാ സ്‌കൂളുകളിലും ‘ഹെല്‍പ് ബോക്‌സ്’ സ്ഥാപിക്കുമെന്ന് മന്ത്രി

വീട്ടിലെ ദുരനുഭവങ്ങള്‍ ഇനി ധൈര്യപൂര്‍വം അറിയിക്കാം; എല്ലാ സ്‌കൂളുകളിലും ‘ഹെല്‍പ് ബോക്‌സ്’ സ്ഥാപിക്കുമെന്ന് മന്ത്രി

തിരുവനന്തപുരം: വീട്ടില്‍ ബന്ധുക്കളില്‍ നിന്ന് ദുരനുഭവങ്ങള്‍ നേരിടുന്ന സ്‌കൂള്‍ വിദ്യാര്‍ത്ഥികളെ കണ്ടെത്താനും അവര്‍ക്ക് സംരക്ഷണം നല്‍കാനും പൊതുവിദ്യാഭ്യാസ വകുപ്പ് പ്രത്യേക കര്‍മ്മപദ്ധതിക്ക് രൂപം നല്‍കുന്നതായി വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി. ഇതിന്റെ ഭാഗമായി, സ്‌കൂളുകളുടെയും വിദ്യാര്‍ത്ഥി സന്നദ്ധ സംഘടനകളുടെയും സഹായത്തോടെ കണക്കെടുപ്പ് നടത്തും. കുട്ടികള്‍ക്ക് സുരക്ഷിതമായി പരാതികള്‍ അറിയിക്കാന്‍ എല്ലാ സ്‌കൂളുകളിലും ‘ഹെല്‍പ് ബോക്‌സ്’ സ്ഥാപിക്കുമെന്നും മന്ത്രി അറിയിച്ചു.

ആലപ്പുഴ ചാരുംമൂടിലെ നാലാം ക്ലാസില്‍ പഠിക്കുന്ന ഒമ്പത് വയസ്സുകാരിയെ പിതാവും രണ്ടാനമ്മയും ചേര്‍ന്ന് ഉപദ്രവിക്കുന്നതിന്റെ കുറിപ്പ് പുറത്തു വന്നിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് മന്ത്രിയുടെ പുതിയ നിര്‍ദേശം. ആ കുട്ടിയുടെ കുറിപ്പ് വായിച്ചപ്പോള്‍ കണ്ണു നിറഞ്ഞുപോയെന്നും, ഈ മോളെ ഉപദ്രവിച്ചവര്‍ക്കെതിരെ ശക്തമായ നിയമനടപടി ഉണ്ടാകുമെന്ന് മന്ത്രി സൂചിപ്പിച്ചിരുന്നു. കുറ്റവാളികള്‍ക്ക് അര്‍ഹമായ ശിക്ഷ ലഭിക്കുകയും ഈ കുഞ്ഞിന് നീതി ലഭിക്കുകയും ചെയ്യുമെന്നും മന്ത്രി സമൂഹമാധ്യമക്കുറിപ്പില്‍ വ്യക്തമാക്കിയിരുന്നു.

മന്ത്രിയുടെ ഫെയ്‌സ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം:

വീട്ടില്‍ ബന്ധുക്കളില്‍നിന്ന് ദുരനുഭവങ്ങള്‍ നേരിടുന്ന സ്‌കൂള്‍ വിദ്യാര്‍ത്ഥികളെ കണ്ടെത്താനും അവര്‍ക്ക് സംരക്ഷണം നല്‍കാനും പൊതുവിദ്യാഭ്യാസ വകുപ്പ് പ്രത്യേക കര്‍മ്മപദ്ധതിക്ക് രൂപം നല്‍കുന്നു. ഇതിന്റെ ഭാഗമായി, സ്‌കൂളുകളുടെയും വിദ്യാര്‍ത്ഥി സന്നദ്ധ സംഘടനകളുടെയും സഹായത്തോടെ ഒരു കണക്കെടുപ്പ് നടത്തും.

കുട്ടികള്‍ക്ക് സുരക്ഷിതമായി പരാതികള്‍ അറിയിക്കാന്‍ എല്ലാ സ്‌കൂളുകളിലും ‘ഹെല്‍പ് ബോക്‌സ്’ സ്ഥാപിക്കും. ഹെഡ്മാസ്റ്റര്‍/ഹെഡ്മിസ്ട്രസ് ആയിരിക്കും ഇതിന്റെ ചുമതല വഹിക്കുക. ആഴ്ചയില്‍ ഒരിക്കലെങ്കിലും ഈ ബോക്‌സ് തുറന്ന് റിപ്പോര്‍ട്ടുകള്‍ വിലയിരുത്തി വിവരങ്ങള്‍ പൊതുവിദ്യാഭ്യാസ വകുപ്പിന് കൈമാറണം.

ഈ പദ്ധതിയുടെ വിശദാംശങ്ങള്‍ ഉടന്‍തന്നെ പുറത്തിറക്കും. കഴിഞ്ഞ ദിവസം പിതാവില്‍ നിന്നും രണ്ടാനമ്മയില്‍ നിന്നും ദുരനുഭവം നേരിട്ട നാലാം ക്ലാസ്സുകാരിയെ ആലപ്പുഴ ചാരുംമൂടിലെത്തി നേരില്‍ക്കണ്ട് ആവശ്യമായ സഹായങ്ങള്‍ ഉറപ്പാക്കും. കുട്ടികളുടെ സുരക്ഷ ഉറപ്പാക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണ്.

സി.പി.ഐ.എം ആറ്റിങ്ങൽ ഏരിയയിലെ വിവിധ ലോക്കല്‍ കമ്മിറ്റികളുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനവും യോഗവും നടത്തി

സി.പി.ഐ.എം ആറ്റിങ്ങൽ ഏരിയയിലെ വിവിധ ലോക്കല്‍ കമ്മിറ്റികളുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനവും യോഗവും നടത്തി

ഇന്ത്യൻ ഉൽപ്പന്നങ്ങളുടെ ഇറക്കുമതി തീരുവ 25 ശതമാനത്തിൽ നിന്ന് 50 ആക്കി ഉയര്‍ത്തിയ അമേരിക്കൻ പ്രസിഡന്റ് ഡൊണൾഡ് ട്രംപിന്റെ നടപടിയിൽ സി.പി.ഐ.എം ആറ്റിങ്ങൽ ഏരിയ യിലെ വിവിധ ലോക്കല്‍ കമ്മിറ്റികളുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനവും യോഗവും നടത്തി.

ആറ്റിങ്ങൽ വെസ്റ്റ് ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ പ്രതിഷേധ പ്രകടനവും യോഗവും ഏരിയ കമ്മിറ്റി അംഗം ആർ രാജു ഉദ്ഘാടനം ചെയ്തു.ഏരിയ കമ്മിറ്റി അംഗങ്ങളായ സി ദേവരാജൻ,സി.ജി വിഷ്ണുചന്ദ്രൻ,ലോക്കൽ കമ്മിറ്റി സെക്രട്ടറി അഡ്വ എൻ മോഹനൻ നായർ,ലോക്കൽക്കമ്മിറ്റി അംഗങ്ങളായ എസ് സതീഷ്കുമാർ,അജി,എസ് സുഖിൽ,പി സന്തോഷ്,അഡ്വ സജി,ജോയി,വേണുഗോപാൽ,വി വിശ്വംഭരൻ ,എസ് ഷീജ എന്നിവർ പങ്കെടുത്തു.

റെക്കോര്‍ഡ് കുതിപ്പിന് പിന്നാലെ സ്വര്‍ണവിലയില്‍ ഇടിവ്, പവന് 200 രൂപ കുറഞ്ഞു

റെക്കോര്‍ഡ് കുതിപ്പിന് പിന്നാലെ സ്വര്‍ണവിലയില്‍ ഇടിവ്, പവന് 200 രൂപ കുറഞ്ഞു

കൊച്ചി: റെക്കോര്‍ഡുകള്‍ ഭേദിച്ച കുതിപ്പിന് പിന്നാലെ സ്വര്‍ണവിലയില്‍ ഇടിവ്. പവന് 200 രൂപ കുറഞ്ഞ് വില 75,560 രൂപയിലെത്തി. ഗ്രാമിന് 25 രൂപയാണ് കുറഞ്ഞത്. ഒരു ഗ്രാം സ്വര്‍ണത്തിന്റെ ഇന്നത്തെ വില 9445 രൂപയാണ്. ഇന്നലെ ഒറ്റയടിക്ക് 560 രൂപ വര്‍ധിച്ചാണ് വില റെക്കോര്‍ഡിലെത്തിയത്.

കഴിഞ്ഞ മാസം 23ന് 75000 കടന്ന് റെക്കോര്‍ഡ് ഇട്ട സ്വര്‍ണവില പിന്നീടുള്ള ദിവസങ്ങളില്‍ താഴുന്ന കാഴ്ചയാണ് ദൃശ്യമായത്. 74000ല്‍ താഴെ പോയ സ്വര്‍ണവില പിന്നീട് വീണ്ടും ഉയരാന്‍ തുടങ്ങി.

ഈ മാസാദ്യം 73,200 രൂപയായിരുന്നു സ്വര്‍ണവില. ഒരാഴ്ചയ്ക്കിടെ 2500 രൂപയിലധികമാണ് വില കൂടിയത്. ഇന്ത്യയില്‍ നിന്നുള്ള ഇറക്കുമതിക്ക് അമേരിക്ക തീരുവ വര്‍ധിപ്പിച്ചത് അടക്കമുള്ള ഘടകങ്ങളാണ് സ്വര്‍ണവിലയെ സ്വാധീനിക്കുന്നത്.

വോട്ടര്‍ പട്ടിക പുതുക്കല്‍: അവധികള്‍ ഒഴിവാക്കി, തദ്ദേശസ്ഥാപനങ്ങള്‍ ഇന്നും നാളെയും പ്രവര്‍ത്തിക്കും

വോട്ടര്‍ പട്ടിക പുതുക്കല്‍: അവധികള്‍ ഒഴിവാക്കി, തദ്ദേശസ്ഥാപനങ്ങള്‍ ഇന്നും നാളെയും പ്രവര്‍ത്തിക്കും

തിരുവനന്തപുരം: വോട്ടര്‍ പട്ടിക പുതുക്കാനായി തദ്ദേശസ്ഥാപനങ്ങള്‍ ഇന്നും നാളെയും തുറന്നു പ്രവര്‍ത്തിക്കും. സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദ്ദേശപ്രകാരമാണ് രണ്ടാം ശനി, ഞായര്‍ അവധികള്‍ ഒഴിവാക്കിയത്. വോട്ടര്‍പട്ടികയില്‍ പേരു ചേര്‍ക്കുന്നതിനും ഭേദഗതി വരുത്തുന്നതിനുമുള്ള അപേക്ഷകളും ആക്ഷേപങ്ങളും സമര്‍പ്പിക്കുന്നതിനുള്ള അവസാന തീയതി 12 വരെയാണ് നീട്ടിയിരിക്കുന്നത്.

27.58 ലക്ഷം പേരാണ് ഇന്നലെ വൈകീട്ട് വരെ പേരു ചേര്‍ക്കാന്‍ അപേക്ഷിച്ചത്. തിരുത്തലിന് 10,559 ഉം സ്ഥാനമാറ്റത്തിന് 1.25 ലക്ഷത്തിലധികം അപേക്ഷകളും സമര്‍പ്പിച്ചു. 2025 ജൂലായ് 23ന് കരട് വോട്ടര്‍പട്ടിക പ്രസിദ്ധീകരിച്ചിരുന്നു. അപേക്ഷകളും ആക്ഷേപങ്ങളും സമര്‍പ്പിക്കാന്‍ ഏഴുവരെയാണ് സമയം അനുവദിച്ചിരുന്നത്. കരട് പട്ടിക എല്ലാ തദ്ദേശസ്ഥാപനങ്ങളിലും വില്ലേജ്, താലൂക്ക് ഓഫീസുകളിലും സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്റെ വെബ്സൈറ്റിലും പരിശോധനയ്ക്ക് ലഭിക്കും.

2025 ജനുവരി ഒന്നിനോ മുന്‍പോ 18 വയസ് പൂര്‍ത്തിയായവര്‍ക്ക് വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാം. അപേക്ഷകളും ആക്ഷേപങ്ങളും സമര്‍പ്പിക്കുന്നവരുടെ സൗകര്യം പരിഗണിച്ചാണ് പൊതുഅവധി ദിവസങ്ങള്‍ പ്രവൃത്തിദിനമാക്കാന്‍ നിര്‍ദ്ദേശം നല്‍കിയത്. ഈ ദിവസങ്ങളില്‍ ഓഫീസില്‍ ഹാജരാകുന്ന അപേക്ഷകര്‍ക്ക് ഹിയറിംഗിനും ഒഴിവാക്കുന്നതിനുള്ള ആക്ഷേപങ്ങള്‍ (ഫോം 5) നേരിട്ടു സ്വീകരിക്കുന്നതുമുള്‍പ്പെടെ വോട്ടര്‍പട്ടികപട്ടിക പുതുക്കലുമായി ബന്ധപ്പെട്ട എല്ലാ പ്രവൃത്തികള്‍ക്കും സൗകര്യമൊരുക്കണമെന്നാണ് നിര്‍ദേശം.

നാലാം ക്ലാസുകാരിയെ ക്രൂരമായി മര്‍ദിച്ച സംഭവം; പിതാവും രണ്ടാനമ്മയും പിടിയില്‍

നാലാം ക്ലാസുകാരിയെ ക്രൂരമായി മര്‍ദിച്ച സംഭവം; പിതാവും രണ്ടാനമ്മയും പിടിയില്‍

പത്തനംതിട്ട: നൂറനാട് ആദിക്കാട്ടുകുളങ്ങരയില്‍ നാലാം ക്ലാസുകാരിയെ ക്രൂരമായി മര്‍ദിച്ച പിതാവും രണ്ടാനമ്മയും പിടിയില്‍. രണ്ടാനമ്മ ഷെബീനയും പിതാവ് അന്‍സറുമാണ് പിടിയിലായത്. അന്‍സറിനെ പത്തനംതിട്ട കടമാംകുളത്തു നിന്നും ഷഫീനയെ കൊല്ലം ചക്കുവള്ളിയില്‍ നിന്നും പൊലീസ് പിടികൂടുകയായിരുന്നു. പെണ്‍കുട്ടിയെ ക്രൂരമായി മര്‍ദിച്ച സംഭവത്തില്‍ ബാലാവകാശ കമ്മീഷനും കേസെടുത്തിട്ടുണ്ട്.

സംഭവത്തില്‍ ഇടപെട്ട ബാലാവകാശ കമ്മീഷന്‍ ജില്ലാ ശിശുക്ഷേമ ഓഫീസറോടും നൂറനാട് എസ്എച്ച്ഒയോടും അന്വേഷണ റിപ്പോര്‍ട്ട് തേടിയിരുന്നു. കുട്ടിക്കു കൗണ്‍സലിങ് സേവനം ഉറപ്പു വരുത്താന്‍ ജില്ലാ ശിശുക്ഷേമ ഓഫീസര്‍ക്കു നിര്‍ദേശം നല്‍കിയിട്ടുണ്ട്. കുട്ടിയുടെ അസ്വസ്ഥത ശ്രദ്ധയില്‍പ്പെട്ട് അത് ചോദിച്ചപ്പോള്‍ കുട്ടി മര്‍ദന വിവരം തുറന്നുപറയുകയായിരുന്നു.

മര്‍ദന വിവരം അറിഞ്ഞ അധ്യാപികയാണ് പ്രധാന അധ്യാപകനെ വിവരം അറിയിച്ചത്. സ്‌കൂള്‍ ലീഡറായ പെണ്‍കുട്ടി രാവിലെ നടന്ന ചടങ്ങില്‍ പ്രസംഗിക്കുമ്പോഴാണ് അധ്യാപകരും പിടിഎ ഭാരവാഹികളും കവിളില്‍ അടിയേറ്റ പാടുകള്‍ കണ്ടത്. തുടര്‍ന്നാണ് കുറിപ്പു കണ്ടതും പൊലീസില്‍ വിവരം അറിയിച്ചതും.