‘കുളിക്കൂ, നഖം മുറിക്കു’ പരാമര്‍ശങ്ങള്‍ വൃത്തികേട്, പക്ഷേ സ്ത്രീകളുടെ അന്തസ്സിനെ കളങ്കപ്പെടുത്തുന്നില്ല: ഹൈക്കോടതി

‘കുളിക്കൂ, നഖം മുറിക്കു’ പരാമര്‍ശങ്ങള്‍ വൃത്തികേട്, പക്ഷേ സ്ത്രീകളുടെ അന്തസ്സിനെ കളങ്കപ്പെടുത്തുന്നില്ല: ഹൈക്കോടതി

കൊച്ചി: വ്യക്തി ശുചിത്വത്തെ കുറിച്ചുള്ള പരാമര്‍ശങ്ങള്‍ സ്ത്രീയുടെ അന്തസ്സിനെ കളങ്കപ്പെടുത്തുന്നതാണെന്ന് കണക്കാക്കാന്‍ കഴിയില്ലെന്ന് കേരള ഹൈക്കോടതി. എന്നാല്‍ ഒരാളോട് ‘കുളിക്കൂ, നഖം മുറിക്കു’ തുടങ്ങിയ പരാമര്‍ശങ്ങള്‍ നടത്തുന്നത് വൃത്തികേടാണെന്നും കോടതി ചൂണ്ടിക്കാട്ടി. ഡ്രൈവിങ് ടെസ്റ്റിനെത്തിയ യുവതിയോട് മോശമായി പെരുമാറിയെന്ന പരാതിയില്‍ രജിസ്റ്റര്‍ ചെയ്ത കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് എംവിഐയും നെടുമങ്ങാട് സ്വദേശിയുമായ അനസ് മുഹമ്മദ് എം സമര്‍പ്പിച്ച ഹര്‍ജിയിലാണ് കോടതിയുടെ പരാമര്‍ശം.

ലൈംഗിക ചുവയുള്ളതോ സ്ത്രീയുടെ മാന്യതയെ ബാധിക്കുന്ന വിധത്തിലോ അല്ലാതെ വ്യക്തിശുചിത്വത്തെയും സ്വഭാവത്തെയും കുറിച്ചുള്ള വാക്കുകള്‍ കൊണ്ടുള്ള അധിക്ഷേപം സ്ത്രീകളുടെ അന്തസ്സിനെ അപമാനിക്കുന്നതായി കണക്കാക്കില്ലെന്നാണ് കോടതിയുടെ നിരീക്ഷണം. ഡ്രൈവിങ് ടെസ്റ്റിനിടെ എംവിഐ യുവതിയുടെ നീണ്ട നഖങ്ങള്‍ ചൂണ്ടിക്കാട്ടി ഡ്രൈവിങ് ടെസ്റ്റിന് വന്നതാണോ എന്ന് ദേഷ്യത്തോടെ ചോദിക്കുകയും, ടെസ്റ്റിന് മുന്‍പ് ഇവരെ കുളിപ്പിക്കാന്‍ കൊണ്ടു പോകണമെന്ന് പറയുകയും ചെയ്‌തെന്നായിരുന്നു പരാതി. സദാചാരവിരുദ്ധരായ സ്ത്രീകളുടെ കുട്ടികള്‍ പല്ല് തേക്കാതെയും കുളിക്കാതെയും നഖം വെട്ടാതെയും ഡ്രൈവിംഗ് ടെസ്റ്റിന് വരുമെന്നും എംവി കുറ്റപ്പെടുത്തിയെന്നമായിരുന്നു ആക്ഷേപങ്ങള്‍. യുവതിയുടെ പരാതിയില്‍ എംവിഐക്ക് എതിരെ ഐപിസി 294(ബി), 509 എന്നീ വകുപ്പുകള്‍ പ്രകാരം കേസെടുക്കുകയും ചെയ്തു. ഈ കേസ് റദ്ദാക്കണം എന്നാവശ്യപ്പെട്ടാണ് എംവിഐ ഹൈക്കോടതിയെ സമീപിച്ചത്.

ഹര്‍ജി പരിഗണിച്ച കോടതി സംഭവം നടന്നത് ഒരു കാറിനുള്ളിലായതിനാല്‍ അതൊരു പൊതു സ്ഥലമായി കണക്കാകാന്‍ കഴിയില്ലെന്നും വിലയിരുത്തി. ഉദ്യോഗസ്ഥന്‍ നടത്തിയ പരാമര്‍ശം വൃത്തികെട്ടതായിരുന്നു. എന്നാല്‍ അവ സ്ത്രീയുടെ മാന്യതയെ അപമാനിക്കുന്നതോ പൊതുസ്ഥലത്ത് അശ്ലീല വാക്കുകള്‍ ഉപയോഗിക്കുന്നതോ ആയി ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ വിവിധ വകുപ്പുകള്‍ പ്രകാരം കുറ്റകൃത്യങ്ങളായി കണക്കാക്കാന്‍ കഴിയില്ലെന്നും ചൂണ്ടിക്കാട്ടി. തുടര്‍ന്ന് ഉദ്യോഗസ്ഥനെതിരെയുള്ള ക്രിമിനല്‍ നടപടികളും കോടതി റദ്ദാക്കി.

33.34 കോടിയുടെ പ്രവര്‍ത്തന ലാഭം; തുടർച്ചയായ മൂന്നാം വര്‍ഷവും നേട്ടത്തിലേക്ക് കുതിച്ച്‌ കൊച്ചി മെട്രോ

33.34 കോടിയുടെ പ്രവര്‍ത്തന ലാഭം; തുടർച്ചയായ മൂന്നാം വര്‍ഷവും നേട്ടത്തിലേക്ക് കുതിച്ച്‌ കൊച്ചി മെട്രോ

കൊച്ചി: കൊച്ചി മെട്രോ തുടര്‍ച്ചയായി മൂന്നാം വര്‍ഷവും പ്രവര്‍ത്തന ലാഭത്തില്‍. കഴിഞ്ഞ 2024- 25 സാമ്പത്തിക വര്‍ഷം 33.34 കോടി രൂപയുടെ പ്രവര്‍ത്തന ലാഭമാണ് മെട്രോ നേടിയത്. തൊട്ടുമുന്‍വര്‍ഷത്തേക്കാള്‍ 10.4 കോടി രൂപയുടെ വര്‍ധനയാണിത്. കൊച്ചി മെട്രോ സര്‍വ്വീസ് തുടങ്ങിയ 2017-18 കാലയളവില്‍ 24.19 കോടി രൂപ പ്രവര്‍ത്തന നഷ്ടമായിരുന്നു രേഖപ്പെടുത്തിയത്.

2018-19 കാലയളവില്‍ പ്രവര്‍ത്തന നഷ്ടം 5.70 കോടിയായി കുറഞ്ഞു. എന്നാൽ 2019- 20 വര്‍ഷം അത് 13.92 കോടിയായും 2020 – 21 ല്‍ 56.56 കോടിയായും ഉയര്‍ന്നു. 2021-22 കാലയളവില്‍ പ്രവര്‍ത്തന നഷ്ടം 34.94 കോടി രൂപയായിരുന്നു. 2022-23 സാമ്പത്തിക വര്‍ഷത്തിൽ മെട്രോ നഷ്ടത്തില്‍ നിന്ന് കമ്പനി പ്രവര്‍ത്തന ലാഭത്തിലെത്തി. ആ വര്‍ഷം 5.35 കോടി രൂപയുടെ ലാഭമാണ് നേടിയത്. 2023-24 കാലയളവില്‍ പ്രവര്‍ത്തന ലാഭം 22.94 കോടി രൂപയായി ഉയരുകയും ചെയ്തു.

ഇക്കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ കൊച്ചി മെട്രോ ആകെ 182.37 കോടി രൂപയുടെ വരുമാനമാണ് നേടിയത്. ഇതില്‍ ടിക്കറ്റില്‍ നിന്നുള്ള വരുമാനം 111.88 കോടി രൂപയാണ്. 55.41 കോടി രൂപയാണ് ടിക്കറ്റിതര വരുമാനം. കണ്‍സള്‍ട്ടന്‍സിയില്‍ നിന്ന് 1.56 കോടി രൂപയും നേടി. ഇതര മാര്‍ഗങ്ങളില്‍ നിന്ന് 13.52 കോടി രൂപയും വരുമാനം നേടി. അതേസമയം കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ പ്രവര്‍ത്തന ചിലവ് 149.03 കോടി രൂപയാണ്.

തുടര്‍ച്ചയായ വര്‍ഷങ്ങളിലെ പ്രവര്‍ത്തന ലാഭം കൊച്ചി മെട്രോയുടെ പ്രവര്‍ത്തന മികവിന്റെ പ്രതിഫലനമാണെന്ന് കെഎംആര്‍എല്‍ മാനേജിംഗ് ഡയറക്ടര്‍ ലോക്‌നാഥ് ബെഹ്‌റ പറഞ്ഞു. മികവാര്‍ന്ന രീതിയിലുള്ള ട്രെയിന്‍ ഓപ്പറേഷന്‍, യാത്രാസൗകര്യങ്ങളിലെ വര്‍ധന, കൂടുതല്‍ വരുമാന ഉറവിടങ്ങള്‍ കണ്ടെത്തുന്നതിലെ വൈവിധ്യവല്‍ക്കരണം, ടിക്കറ്റിതര വരുമാനം വര്‍ധിപ്പിക്കാനുള്ള പരിശ്രമം, തുടങ്ങിയവയിലൂടെയാണ് പ്രവര്‍ത്തനലാഭം ഓരോ വര്‍ഷവും വര്‍ധിപ്പിച്ചു കൊണ്ടുവരാന്‍ കഴിയുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

പദ്മനാഭസ്വാമി ക്ഷേത്രത്തിലെ ബി നിലവറ തുറക്കണം; നിര്‍ദേശവുമായി സര്‍ക്കാര്‍ പ്രതിനിധി, വീണ്ടും ചര്‍ച്ച

പദ്മനാഭസ്വാമി ക്ഷേത്രത്തിലെ ബി നിലവറ തുറക്കണം; നിര്‍ദേശവുമായി സര്‍ക്കാര്‍ പ്രതിനിധി, വീണ്ടും ചര്‍ച്ച

തിരുവനന്തപുരം: ശ്രീ പദ്മനാഭസ്വാമി ക്ഷേത്രത്തിലെ ബി നിലവറ തുറന്നു പരിശോധിക്കുന്ന വിഷയം വീണ്ടും ചര്‍ച്ചയാകുന്നു. ക്ഷേത്ര ഭരണസമിതിയിലെ സര്‍ക്കാര്‍ പ്രതിനിധി വേലപ്പന്‍ നായരാണ് ബി നിലവറ തുറക്കുന്നതിനെക്കുറിച്ച് ആലോചിക്കണമെന്ന് നിര്‍ദേശിച്ചത്. വ്യാഴാഴ്ച നടന്ന ക്ഷേത്ര ഭരണസമിതിയുടെയും ഉപദേശകസമിതിയുടെയും സംയുക്ത യോഗത്തിലാണ് ഈ നിര്‍ദേശം മുന്നോട്ടുവെച്ചത്. എന്നാല്‍ ഈ വിഷയത്തില്‍ കൂടുതല്‍ ചര്‍ച്ചയ്ക്ക് മറ്റ് അംഗങ്ങള്‍ തയ്യാറായില്ല.

നിലവറ തുറക്കണമോ വേണ്ടയോ എന്ന കാര്യം ഭരണസമിതി ആലോചിക്കണമെന്നാണ് യോഗത്തില്‍ വേലപ്പന്‍ നായർ ആവശ്യപ്പെട്ടത്. ബി നിലവറയുടെ കാര്യത്തില്‍ തീരുമാനമെടുക്കേണ്ടത് തന്ത്രിയുടെ സാന്നിധ്യത്തിലായിരിക്കണമെന്ന് മറ്റുള്ള അം​ഗങ്ങൾ ചൂണ്ടിക്കാട്ടി. തന്ത്രി തരണനല്ലൂര്‍ ഗോവിന്ദന്‍ നമ്പൂതിരി യോഗത്തില്‍ പങ്കെടുത്തിരുന്നില്ല. തന്ത്രി കൂടിയുള്ള യോഗത്തില്‍ വിഷയം ചര്‍ച്ചചെയ്യാമെന്ന് പറഞ്ഞ് നിർദേശം മാറ്റിവെച്ചു.

ബി നിലവറ തുറക്കുന്നത് ആചാര വിരുദ്ധമാണെന്നാണ് തിരുവിതാംകൂര്‍ രാജകുടുംബവും ക്ഷേത്ര തന്ത്രിയും സുപ്രീംകോടതിയില്‍ നിലപാട് അറിയിച്ചിരുന്നത്. ബി നിലവറ തുറക്കുന്നതു സംബന്ധിച്ച് നേരത്തേ തിരുവിതാംകൂര്‍ രാജകുടുംബം ദേവപ്രശ്‌നം നടത്തിയിരുന്നു. നിലവറ തുറക്കരുതെന്നാണ് ദേവപ്രശ്‌നത്തില്‍ തെളിഞ്ഞതെന്നും രാജകുടുംബം സുപ്രീംകോടതിയെ അറിയിച്ചിരുന്നു.

തുടര്‍ന്ന് പുതിയ ഭരണസമിതിയെ നിയോഗിച്ചപ്പോള്‍, ബി നിലവറ തുറക്കുന്ന കാര്യം പുതിയ സമിതിക്ക് തീരുമാനിക്കാമെന്ന് കോടതി ഉത്തരവിട്ടു. ഇതിന് പ്രത്യേക കാലാവധിയോ മറ്റു നിബന്ധനകളോ കോടതി നിർദേശിച്ചിരുന്നില്ല. വിവാദ വിഷയം വീണ്ടും ഉയര്‍ത്തിക്കൊണ്ടു വരുന്നതില്‍ ഭക്തരുടെ ഭാഗത്തു നിന്നും പ്രതിഷേധങ്ങളുയര്‍ന്നിട്ടുണ്ട്.

വിദ്യാര്‍ഥിക്ക് ക്ലാസ് മുറിയിൽ സഹപാഠിയുടെ ക്രൂരമര്‍ദനം

വിദ്യാര്‍ഥിക്ക് ക്ലാസ് മുറിയിൽ സഹപാഠിയുടെ ക്രൂരമര്‍ദനം

കല്ലമ്പലം:കല്ലമ്പലം കരവാരം വൊക്കേഷണൽ ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ വിദ്യാര്‍ഥിക്ക് ക്ലാസ് മുറിയിൽ സഹപാഠിയുടെ ക്രൂരമര്‍ദനം. പെണ്‍സുഹൃത്തിനെ കളിയാക്കിയതിന്‍റെ പേരില്‍ മര്‍ദിച്ചു എന്നാണ് പരാതി. സൈക്കിൾ ചെയിൻ ഉപയോഗിച്ചായിരുന്നു മര്‍ദനം. കല്ലമ്പലം കരവാരം വൊക്കേഷണൽ ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ രണ്ടാം വര്‍ഷ വിദ്യാര്‍ഥിക്കാണ് മര്‍ദനമേറ്റത്. സംഭവത്തില്‍ വിദ്യാര്‍ത്ഥിയുടെ വലതു കൈയ്ക്ക് പൊട്ടലേറ്റിട്ടുണ്ട്.

തലയ്ക്കും പരിക്കുണ്ട്. ഇന്നലെയാണ് ക്രൂരമായ സംഭവം ഉണ്ടായത്. നിലവില്‍ കുട്ടി കല്ലമ്പലത്ത് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവത്തില്‍ സ്കൂള്‍ അധികൃതര്‍ക്ക് വീഴ്ച പറ്റിയെന്നാണ് കുട്ടിയുടെ അമ്മ പറയുന്നത്. കുട്ടിയെ ഉപദ്രവിക്കുമെന്ന് മര്‍ദിച്ച കുട്ടി സഹപാഠിക്ക് ഫോണിൽ സന്ദേശം അയച്ചെന്നും അമ്മ ആരോപിക്കുന്നു. സംഭവത്തിന് മേൽ നടപടി സ്വീകരിച്ചിട്ടുണെന്നു സ്കൂൾ പ്രിൻസിപ്പാൾ അറിയിച്ചു.

സി. കൃഷ്ണപിള്ള (ബാബു) (78)  നിര്യാതനായി

സി. കൃഷ്ണപിള്ള (ബാബു) (78) നിര്യാതനായി

ആറ്റിങ്ങൽ: ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിന് സമീപം വി.ആർ.എ ലെയ്നിൽ അവിട്ടത്തിൽ (വി.ആർ.എ:24) (റിട്ടയേർഡ് തഹസിൽദാർ തിരുവനന്തപുരം) സി കൃഷ്ണപിള്ള (78) അന്തരിച്ചു.

ഭാര്യ: സി അംബികാ ദേവി (റിട്ടയേർഡ് റവന്യൂ ഡിപ്പാർട്ട്മെൻ്റ്).
മക്കൾ: എ.കെ മിനി (കേരള യൂണിവേഴ്സിറ്റി), എ.കെ റാണി (അഗ്രികൾച്ചറൽ ഓഫീസ്, തിരുവനന്തപുരം).
മരുമക്കൾ: ജെ.എസ് മനോജ് (കൈലാസ് അസോസിയേറ്റ്സ്), എസ് സന്തോഷ് (ഇറിഗേഷൻ ഡിപ്പാർട്ട്മെൻ്റ്).
സംസ്കാരം ഇന്നു ഉച്ചയ്ക്ക് ശേഷം 3 മണിക്ക് വീട്ടുവളപ്പിൽ.