ജൈനമ്മ തിരോധാനത്തില്‍ വഴിത്തിരിവ് ; സെബാസ്റ്റ്യന്റെ കാറില്‍ നിന്നും നിര്‍ണായക തെളിവുകള്‍ കണ്ടെത്തി

ജൈനമ്മ തിരോധാനത്തില്‍ വഴിത്തിരിവ് ; സെബാസ്റ്റ്യന്റെ കാറില്‍ നിന്നും നിര്‍ണായക തെളിവുകള്‍ കണ്ടെത്തി

കോട്ടയം: ഏറ്റുമാനൂര്‍ ജൈനമ്മ തിരോധനാക്കേസില്‍ നിര്‍ണ്ണായക തെളിവുകള്‍ അന്വേഷണ സംഘത്തിന് ലഭിച്ചു. പ്രതി സെബാസ്റ്റ്യന്റെ കാറില്‍ നിന്നും കത്തി, ചുറ്റിക, ഡീസല്‍ കന്നാസ്, പേഴ്‌സ് തുടങ്ങിയവ കണ്ടെത്തി. ക്രൈംബ്രാഞ്ച് സംഘം ഇന്നലെ രാത്രി നടത്തിയ പരിശോധനയിലാണ് കേസില്‍ നിര്‍ണായകമാകുന്ന തെളിവുകള്‍ ലഭിച്ചത്. സെബാസ്റ്റ്യന്റെ ഭാര്യയുടെ വീട്ടില്‍ പാര്‍ക്ക് ചെയ്തിരുന്ന കാറില്‍ നിന്നാണ് നിര്‍ണായക വസ്തുക്കള്‍ കണ്ടെടുത്തത്.

പിടിച്ചെടുത്ത 20 ലിറ്റര്‍ കന്നാസില്‍ ഡീസല്‍ വാങ്ങിയിരുന്നതായി സെബാസ്റ്റ്യന്‍ പൊലീസിനോട് സമ്മതിച്ചിട്ടുണ്ട്. കണ്ടെടുത്ത വസ്തുക്കള്‍ കൊലപാതകത്തിന് ഉപയോഗിച്ചിരുന്നതാണോ എന്ന് സ്ഥിരീകരിക്കാനായി ശ്‌സ്ത്രീയ പരിശോധനയ്ക്ക് അയക്കും. കേസില്‍ തുടക്കം മുതലേ സെബാസ്റ്റ്യന്‍ അന്വേഷണത്തോട് സഹകരിക്കുന്നില്ലെന്ന് പൊലീസ് സൂചിപ്പിച്ചിരുന്നു. കഴിഞ്ഞ ഏഴു ദിവസമായി കോട്ടയം ക്രൈംബ്രാഞ്ച് സെബാസ്റ്റിയനെ ചോദ്യം ചെയ്തുവരികയാണ്. ഇന്നലെ വീണ്ടും കസ്റ്റഡി അപേക്ഷ നീട്ടി നല്‍കണമെന്ന് ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചിരുന്നു. ഇതേത്തുടര്‍ന്ന് ഏഴു ദിവസം കൂടി സെബാസ്റ്റ്യനെ ക്രൈംബ്രാഞ്ച് കസ്റ്റഡിയില്‍ വിട്ടു നല്‍കിയിട്ടുണ്ട്. ജൈനമ്മ തിരോധാനക്കേസില്‍ സെബാസ്റ്റിയന് പങ്കുണ്ടെന്ന നിഗമനത്തിലാണ് അന്വേഷണം മുന്നോട്ടു പോകുന്നത്. കേസില്‍ പരമാവധി ശാസ്ത്രീയ തെളിവുകള്‍ ശേഖരിക്കാനാണ് പൊലീസ് പരിശ്രമിക്കുന്നത്.

മോഷണത്തിനിടെ മൊബൈല്‍ഫോണ്‍ ഭണ്ഡാരത്തില്‍ വീണു, തൂമ്പ കൊണ്ട് തല്ലിപ്പൊളിക്കാന്‍ ശ്രമം; കള്ളന്‍ പിടിയില്‍

മോഷണത്തിനിടെ മൊബൈല്‍ഫോണ്‍ ഭണ്ഡാരത്തില്‍ വീണു, തൂമ്പ കൊണ്ട് തല്ലിപ്പൊളിക്കാന്‍ ശ്രമം; കള്ളന്‍ പിടിയില്‍

കൊച്ചി: മോഷണ ശ്രമത്തിനിടെ അബദ്ധത്തില്‍ ആളുടെ മൊബൈല്‍ ഫോണ്‍ ഭണ്ഡാരത്തിലേക്ക് വീണു. ഫോണെടുക്കാന്‍ തൂമ്പ ഉപയോഗിച്ച് ഭണ്ഡാരം തല്ലിത്തകര്‍ക്കാന്‍ ശ്രമിച്ചു. ശബ്ദം കേട്ട് നാട്ടുകാരെത്തിയതോടെ മോഷ്ടാവ് പിടിയിലായി.

ആരക്കുഴ സെയ്ന്റ് മേരീസ് മേജര്‍ ആര്‍ക്കി എപ്പിസ്‌കോപ്പല്‍ പള്ളിയിലാണ് സംഭവം. മൂവാറ്റുപുഴ വെള്ളൂര്‍ക്കുന്നം സ്വദേശി മുരളി (46) ആണ് പിടിയിലായത്. ബുധനാഴ്ച പുലര്‍ച്ചെയാണ് കാന്തം ഉപയോഗിച്ച് മലേക്കുരിശുപള്ളിയുടെ താഴെയും പള്ളിയുടെ മുന്‍ഭാഗത്തുമുള്ള ഭണ്ഡാരങ്ങളില്‍ നിന്നും പണം കവര്‍ന്നത്. ഇതിനിടെയാണ് അബദ്ധത്തില്‍ മൊബൈല്‍ ഫോണ്‍ ഭണ്ഡാരത്തിലേക്ക് വീണത്. നാട്ടുകാരെത്തി പിടികൂടിയ മോഷ്ടാവിനെ പൊലീസിന് കൈമാറി. അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

എംസിസി നീറ്റ് യുജി അലോട്ട്മെന്റ് 2025: സമയക്രമം പുതുക്കി; ആദ്യ അലോട്ട്മെന്റ് നാളെ

എംസിസി നീറ്റ് യുജി അലോട്ട്മെന്റ് 2025: സമയക്രമം പുതുക്കി; ആദ്യ അലോട്ട്മെന്റ് നാളെ

ന്യൂഡൽഹി: നാഷണൽ എലിജിബിലിറ്റി കം എൻട്രൻസ് ടെസ്റ്റ്-അണ്ടർ ഗ്രാജ്വേറ്റ് ( നീറ്റ് യുജി ) 2025 അടിസ്ഥാനമാക്കി നടത്തുന്ന അഖിലേന്ത്യാ അലോട്ട്മെന്റിന്റെ സമയക്രമം പുതുക്കി. മെഡിക്കൽ കൗൺസലിങ് കമ്മിറ്റി പുതുക്കിയ സമയക്രമം mcc.nic.in -ൽ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്. ആദ്യ റൗണ്ടിലേക്കുള്ള ചോയ്‌സ് ഫില്ലിങ് ഇതിനകം പൂർത്തിയായി. ആദ്യ റൗണ്ട് അലോട്ട്മെന്റ് ഓഗസ്റ്റ് ഒൻപതിന് പ്രഖ്യാപിക്കും. കോളജ് റിപ്പോർട്ടിങ്ങിന് ഒൻപതു മുതൽ 18 വരെ അവസരമുണ്ടാകും.

രണ്ടാംറൗണ്ട് നടപടികൾ 21-ന് തുടങ്ങും. പുതിയ രജിസ്‌ട്രേഷൻ (ബാധകമെങ്കിൽ) 26-ന് ഉച്ചയ്ക്ക് 12 വരെ ചെയ്യാം. തുക അടയ്ക്കൽ 26-ന് വൈകീട്ട് മൂന്നു വരെയാണ്. ചോയ്‌സ് ഫില്ലിങ് 22 മുതൽ 26-ന് രാത്രി 11.55 വരെയും ചെയ്യാം. ലോക്കിങ് 26-ന് വൈകീട്ട് നാലുമുതൽ അന്ന് രാത്രി 11.55 വരെ. രണ്ടാം അലോട്‌മെന്റ് ഫലം 29-ന് പ്രസിദ്ധീകരിക്കും. റിപ്പോർട്ടിങ് സൗകര്യം 30 മുതൽ സെപ്‌റ്റംബർ അഞ്ചുവരെയാണ്.

റൗണ്ട് മൂന്നിന്റെ അലോട്ട്മെന്റ് നടപടികൾ ഒൻപതിന് തുടങ്ങും. രജിസ്‌ട്രേഷൻ/തുക അടയ്ക്കൽ (ബാധകമെങ്കിൽ) 14 വരെയാണ്. ചോയ്‌സ് ഫില്ലിങ് 10 മുതൽ 14 വരെ. ലോക്കിങ് സൗകര്യം 14-ന്, സീറ്റ് അലോട്ട്മെന്റ് ഫലം 17-ന് പ്രസിദ്ധീകരിക്കും. റിപ്പോർട്ടിങ് 18 മുതൽ 25 വരെയായിരിക്കും.

ഓൺലൈൻ സ്‌ട്രേ വേക്കൻസി റൗണ്ട് നടപടികൾ 30-ന് തുടങ്ങും. ഒക്ടോബർ രണ്ടിന് വൈകീട്ട് മൂന്നുവരെ രജിസ്‌ട്രേഷൻ. രണ്ടിന് വൈകീട്ട് ആറുവരെ പേമെന്റ്. ചോയ്‌സ് ഫില്ലിങ് 30 മുതൽ ഒക്ടോബർ മൂന്നിന് രാവിലെ എട്ടുവരെ. ലോക്കിങ് സൗകര്യം രണ്ടിന് രാത്രി എട്ടുമുതൽ മൂന്നിന് രാവിലെ എട്ടുവരെ. ഫലം നാലിന് പ്രഖ്യാപിക്കും. അഞ്ചിനും 10-നും ഇടയിൽ സ്ഥാപനതല റിപ്പോർട്ടിങ് നടത്തണം.

സംസ്ഥാനതല അലോട്ട്മെന്റ്

സംസ്ഥാനങ്ങളിലെ ആദ്യ അലോട്ട്മെന്റ് നടപടികൾ ഓഗസ്റ്റ് ഒൻപതുമുതൽ 18 വരെയുള്ള കാലയളവിലായിരിക്കും. സംസ്ഥാന തല ആദ്യ അലോട്ട്മെന്റ് അടിസ്ഥാനമാക്കിയുള്ള പ്രവേശനം 24-നകം നേടണം. രണ്ടാംറൗണ്ട് അലോട്ട്മെന്റ് നടപടികൾ 27 മുതൽ സെപ്‌റ്റംബർ അഞ്ചുവരെയാണ്. രണ്ടാം അലോട്ട്മെന്റ് അടിസ്ഥാനമാക്കിയുള്ള പ്രവേശനം സെപ്‌റ്റംബർ 11-നകം നേടണം. മൂന്നാം റൗണ്ട് അലോട്ട്മെന്റ് നടപടികൾ 15 മുതൽ 25 വരെയായിരിക്കും.

സംസ്ഥാനത്ത് റെക്കോര്‍ഡ് തിരുത്തി സ്വര്‍ണവിലയുടെ കുതിപ്പ് തുടരുന്നു

സംസ്ഥാനത്ത് റെക്കോര്‍ഡ് തിരുത്തി സ്വര്‍ണവിലയുടെ കുതിപ്പ് തുടരുന്നു

കൊച്ചി: സംസ്ഥാനത്ത് റെക്കോര്‍ഡ് തിരുത്തി സ്വര്‍ണവിലയുടെ കുതിപ്പ് തുടരുന്നു. ഇന്ന് ഒറ്റയടിക്ക് 560 രൂപ വര്‍ധിച്ചതോടെയാണ് ഇന്നലത്തെ റെക്കോര്‍ഡ് ഉയരമായ 75,200 മറികടന്ന് സ്വര്‍ണവില പുതിയ ഉയരം കുറിച്ചത്. നിലവില്‍ 75,760 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് ആനുപാതികമായി 70 രൂപയാണ് വര്‍ധിച്ചത്. 9470 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.

കഴിഞ്ഞ മാസം 23ന് 75000 കടന്ന് റെക്കോര്‍ഡ് ഇട്ട സ്വര്‍ണവില പിന്നീടുള്ള ദിവസങ്ങളില്‍ താഴുന്ന കാഴ്ചയാണ് ദൃശ്യമായത്. 74000ല്‍ താഴെ പോയ സ്വര്‍ണവില കഴിഞ്ഞ ദിവസം മുതലാണ് വീണ്ടും ഉയരാന്‍ തുടങ്ങിയത്.

ഈ മാസാദ്യം 73,200 രൂപയായിരുന്നു സ്വര്‍ണവില. ഒരാഴ്ചയ്ക്കിടെ 2500 രൂപയിലധികമാണ് വില കൂടിയത്. ഇന്ത്യയില്‍ നിന്നുള്ള ഇറക്കുമതിക്ക് അമേരിക്ക തീരുവ വര്‍ധിപ്പിച്ചത് അടക്കമുള്ള ഘടകങ്ങളാണ് സ്വര്‍ണവിലയെ സ്വാധീനിക്കുന്നത്.

അവനവഞ്ചേരി പോസ്റ്റ് ഓഫീസിന് സ്വന്തമായുള്ള കെട്ടിടം എന്ന സ്വപ്നം അടൂർ പ്രകാശ് എം. പി യിലൂടെ യാഥാർത്ഥ്യമാകുന്നു

അവനവഞ്ചേരി പോസ്റ്റ് ഓഫീസിന് സ്വന്തമായുള്ള കെട്ടിടം എന്ന സ്വപ്നം അടൂർ പ്രകാശ് എം. പി യിലൂടെ യാഥാർത്ഥ്യമാകുന്നു

ആറ്റിങ്ങൽ: സ്വന്തമായി പോസ്റ്റാഫീസിന് സ്ഥലം ഉണ്ടെങ്കിലും പതിറ്റാണ്ടുകളായി വാടകകെട്ടിടങ്ങൾമാറി മാറി പ്രവർത്തിച്ചിരുന്ന അവനവഞ്ചേരി പോസ്റ്റ് ഓഫീസ് കെട്ടിടത്തിന് അടൂർ പ്രകാശ് എം. പി യിലൂടെ ശാപമോക്ഷം.
1984-89 ൽ ചിറയിൻകീഴ് എം.പിയായിരുന്ന തലേക്കുന്നിൽ ബഷീറിന്റെ കാലഘട്ടത്തിലാണ് വാടക കെട്ടിടത്തിൽ പ്രവർത്തിച്ചിരുന്ന അവനവഞ്ചേരി പോസ്റ്റ് ഓഫീസ് കെട്ടിടത്തിന് പുതിയകെട്ടിടം നിർമിക്കാൻ സ്വന്തമായി സ്ഥലം അനുവദിച്ചത്.

അദ്ദേഹത്തിന്റെ കാലഘട്ടത്തിനുശേഷം ആറ്റിങ്ങൽ മണ്ഡലത്തിൽ മാറിമാറി വന്ന ഒരു എം.പി പോലും സ്വന്തമായി സ്ഥലം കൈവശമുള്ള പോസ്റ്റ് ഓഫീസിന് പുതിയ കെട്ടിടം അനുവദിക്കുവാൻ കഴിഞ്ഞില്ല. അടൂർ പ്രകാശ് ആദ്യമായി ആറ്റിങ്ങൽ ലോകസഭ എംപി ആകുമ്പോൾ പ്രദേശത്തെ കോൺഗ്രസ് പ്രവർത്തകർ പോസ്റ്റ് ഓഫീസിന് പുതിയ കെട്ടിടം വേണമെന്നുള്ള ജനങ്ങളുടെ പൊതു വികാരം അദ്ദേഹത്തിന്റെ ശ്രദ്ധയിൽപ്പെടുത്തിയിരുന്നു.

എന്നാൽ കഴിഞ്ഞ ടേമിൽ വർക്കല പോസ്റ്റ് ഓഫീസ് കെട്ടിടത്തിനായിരുന്നു അദ്ദേഹം തുക അനുവദിച്ചത്. തുടർന്ന് അവനവഞ്ചേരി മേഖലയിലെ കോൺഗ്രസ് പ്രവർത്തകർ ആയിരത്തിൽപ്പരം പൊതു ജനങ്ങളിൽനിന്ന് ഒപ്പ് സമാഹരണം നടത്തുകയും എം. പി യ്ക്കു നൽകുകയും ചെയ്തു. തുടർന്ന് അടൂർ പ്രകാശ് എം പി പോസ്റ്റ് ഓഫീസിന് ഏറ്റെടുത്ത സ്ഥലം സന്ദർശിക്കുകയും കെട്ടിടത്തിന്റെ ആവശ്യകതയെക്കുറിച്ച് മനസ്സിലാക്കുകയും പോസ്റ്റാഫീസിന് സ്വന്തമായി കെട്ടിടത്തിന് തുക അനുവദിക്കാമെന്ന് പ്രവർത്തകർക്കും, ജനങ്ങൾക്കും ഉറപ്പുനൽകുകയും ചെയ്തു.

ഡൽഹിയിലെത്തിയ അദ്ദേഹം കേന്ദ്രമന്ത്രിയ്ക്ക് പുതിയ കെട്ടിടത്തിനായി നിവേദനം നൽകുകയും ഇതിനായി പരിശ്രമങ്ങൾ ആരംഭിക്കുകയും ചെയ്തു. കഴിഞ്ഞദിവസം അവനവഞ്ചേരി പോസ്റ്റ് ഓഫീസിനു പുതിയ കെട്ടിടം അനുവദിച്ചു എന്നുള്ള അറിയിപ്പ് ആറ്റിങ്ങലിലെ എം.പി ഓഫീസിൽ നിന്ന് ലഭിക്കുകയായിരുന്നു. ഇതോടെ സ്വന്തമായി വസ്തു ഉണ്ടായിട്ടും കൂടിയ വാടകകൊടുത്ത് അവനവഞ്ചേരി ഗ്രാമം മുക്കിൽ പ്രവർത്തിച്ചിരുന്ന അവനവഞ്ചേരി പോസ്റ്റ് ഓഫീസിന് സ്വന്തമായുള്ള കെട്ടിടം എന്ന സ്വപ്നം അടൂർ പ്രകാശ് എം. പി യിലൂടെ യാഥാർത്ഥ്യമാവുകയായിരുന്നു.