by Midhun HP News | Aug 7, 2025 | Latest News, ദേശീയ വാർത്ത
ഡല്‍ഹി: ഔദ്യോഗിക വസതിയില്‍ നിന്നും വന്‍തോതില്‍ കണക്കില്‍പ്പെടാത്ത പണം കണ്ടെത്തിയ സംഭവത്തില്‍ ആഭ്യന്തര അന്വേഷണ സമിതി റിപ്പോര്‍ട്ട് ചോദ്യം ചെയ്ത് ജസ്റ്റിസ് യശ്വന്ത് വര്‍മ സമര്‍പ്പിച്ച ഹര്‍ജി സുപ്രീംകോടതി തള്ളി. ചീഫ് ജസ്റ്റിസായിരുന്ന സഞ്ജീവ് ഖന്ന സുപ്രീംകോടതി ചട്ടങ്ങളുടെ അടിസ്ഥാനത്തിലാണ് ആഭ്യന്തര അന്വേഷണ സമിതിയെ നിയോഗിച്ചത്. ഈ സമിതിയുടെ അന്വേഷണത്തോട് ജസ്റ്റിസ് യശ്വന്ത് വര്‍മ സഹകരിച്ചിരുന്നതുമാണ്. പിന്നീട് ഇപ്പോള്‍ റിപ്പോര്‍ട്ടിനെതിരെ ഹര്‍ജിയുമായി വന്നിട്ടുള്ളത് അംഗീകരിക്കാനാവില്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കി.
ജസ്റ്റിസുമാരായ ദീപാങ്കര്‍ ദത്ത, അഗസ്റ്റിന്‍ ജോര്‍ജ് മസീഹ് എന്നിവരടങ്ങിയ ബെഞ്ചാണ് ജസ്റ്റിസ് വര്‍മയുടെ ഹര്‍ജി പരിഗണിച്ചത്. സുപ്രീംകോടതി നിയോഗിച്ച മൂന്ന് ഹൈക്കോടതി ജഡ്ജിമാരടങ്ങുന്ന ആഭ്യന്തരസമിതിയുടെ നടപടികള്‍ നീതിയുക്തമല്ലെന്ന ജസ്റ്റിസ് വര്‍മയുടെ വാദം കോടതി തള്ളി. നടപടിക്രമത്തിന് നിയമപരമായ അംഗീകാരമുണ്ട്. അന്വേഷണ സമിതി സമാന്തരവും ഭരണഘടനാ വിരുദ്ധവുമായ ഒരു സംവിധാനമല്ലെന്നും ജസ്റ്റിസ് ദീപാങ്കര്‍ ദത്ത വിധിയില്‍ വ്യക്തമാക്കി.
ഔദ്യോഗിക വസതിയില്‍ പണം സൂക്ഷിച്ചതിന് തെളിവുണ്ടെന്നും ജഡ്ജി യശ്വന്ത് വര്‍മയോ, വര്‍മയുമായി ബന്ധപ്പെട്ടവരോ അറിയാതെ പണം വസതിയില്‍ സൂക്ഷിക്കാന്‍ ആകില്ലെന്നുമാണ് ചീഫ് ജസ്റ്റിസ് നിയോഗിച്ച അന്വേഷണ സംഘം കണ്ടെത്തിയത്. യശ്വന്ത് വര്‍മയ്ക്കെതിരെ നടപടിക്കും റിപ്പോര്‍ട്ടില്‍ ശുപാര്‍ശ ചെയ്തിരുന്നു. പഞ്ചാബ്-ഹരിയാന ഹൈക്കോടതി ചീഫ് ജസ്റ്റിസ് ഷീല്‍ നാഗു ചെയര്‍മാനായ മൂന്നംഗ സമിതിയാണ് ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്നയ്ക്ക് റിപ്പോർട്ട് നൽകിയത്. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ജസ്റ്റിസ് യശ്വന്ത് വർമയെ ഇംപീച്ച്‌മെന്റ് ചെയ്ത് പുറത്താക്കാൻ ചീഫ് ജസ്റ്റിസായിരുന്ന സഞ്ജീവ് ഖന്ന ശുപാർശ നൽകിയിരുന്നു.
ജസ്റ്റിസ് യശ്വന്ത് വര്‍മയുടെ വീട്ടില്‍ തീപിടിത്തം ഉണ്ടായപ്പോള്‍ തീ അണയ്ക്കാന്‍ വന്ന അഗ്‌നിരക്ഷാസേനയാണ് കണക്കില്‍പ്പെടാത്ത പണം കണ്ടെത്തിയത്. മാര്‍ച്ച് 14ന് രാത്രി തീപിടിത്തം നടന്നയിടത്തു നിന്ന് നോട്ടുകെട്ടുകള്‍ മാറ്റി. സിസിടിവി പ്രവര്‍ത്തിച്ചിരുന്നില്ല. 10 പേര്‍ പണം കണ്ടതായി മൊഴി നല്‍കി. ജസ്റ്റിസ് വര്‍മയും കുടുംബവും ജീവനക്കാരും പണം കണ്ടിട്ടില്ലന്ന് മൊഴിനല്‍കി. പ്രൈവറ്റ് സെക്രട്ടറിയുടെ മൊഴിയില്‍ വൈരുധ്യമുണ്ട്ജ. ജസ്റ്റിസ് യശ്വന്ത് വര്‍മയെ ഇംപീച്ച് ചെയ്യാന്‍ മതിയായ തെളിവുകള്‍ ഉണ്ടെന്നും അന്വേഷണ സമിതി റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. ആരോപണത്തെത്തുടർന്ന് ജസ്റ്റിസ് യശ്വന്ത് വർമയെ ഡൽഹി ഹൈക്കോടതിയിൽ നിന്നും അലഹാബാദ് ഹൈക്കോടതിയിലേക്ക് സ്ഥലംമാറ്റിയിരുന്നു.
by Midhun HP News | Aug 7, 2025 | Latest News, കേരളം
പൂ എടുക്കുന്ന ലാഘവത്തിലാണ് റോഷ്‌നി മുത്തശ്ശി തന്നെക്കാള്‍ ഭാരമുള്ള വേയ്റ്റ് പൊക്കി ചുറ്റുമുള്ളവരെ അതിശയിപ്പിക്കുന്നത്. വെറും രണ്ട് വര്‍ഷമേ ആയിട്ടുള്ളു റോഷ്‌നി ദേവി സാങ്വാന്‍ എന്ന 70-കാരി ജിമ്മില്‍ വര്‍ക്ക്ഔട്ട് തുടങ്ങിയിട്ട്. 60 കിലോ വരെ ഭാരം റോഷ്‌നി മുത്തശ്ശി പൊക്കും. ഇത് സോഷ്യല്‍മീഡിയയില്‍ അവര്‍ക്കൊരു പേരും നല്‍കി, ‘വേയ്റ്റ് ലിഫ്റ്റിങ് മുത്തശ്ശി’.
സന്ധിവാതത്തെ തുടർന്ന് ഡോക്ടർ നിർദേശിച്ച പ്രകാരം ഫിസിയോ തെറാപ്പി ചെയ്യുമ്പോഴാണ് ജിമ്മിൽ പോയാലോ എന്ന ഐഡിയ ഉണ്ടായതെന്ന് റോഷ്‌നി ദേവി സാങ്വാന്‍ പറയുന്നു. 68-ാം വയസിലാണ് റോഷ്‌നി ജിമ്മിൽ ചേർന്നത്. ഓരോ ദിവസം കഴിയുന്തോറും ആരോഗ്യം മെച്ചപ്പെടുന്നതായും കൂടുതല്‍ കരുത്തയാകുന്നതായും അനുഭവപ്പെട്ടുവെന്ന് അവര്‍ പറയുന്നു.
വ്യായാമം തന്റെ ആരോഗ്യം മെച്ചപ്പെടുത്തി. കൂടാതെ ദശലക്ഷക്കണക്കിന് പ്രായമായവരെ ജീവിതം തിരികെ കൊണ്ടുവരാൻ പ്രചോദനമാവുകയും ചെയ്തു. പ്രായമായവര്‍ക്ക് തീവ്ര വ്യായാമം സാധിക്കില്ലെന്ന പൊതുബോധത്തെയാണ് റോഷ്നി നീക്കിയത്. പഠനങ്ങളും ഇത് തെളിയിച്ചിട്ടുള്ളതാണ്. സമീപകാലത്ത് ജേണൽ ഓഫ് ഏജിംഗ് ആൻഡ് ഫിസിക്കൽ ആക്ടിവിറ്റിയിൽ പ്രസിദ്ധീകരിച്ച ഒരു പഠനത്തില്‍ മുമ്പ് വിശ്വസിച്ചിരുന്നതിൽ നിന്ന് വ്യത്യസ്തമായി, വ്യായാമം ചെയ്യുമ്പോള്‍ പ്രായമായവരിൽ പേശികൾക്ക് വലിയ കേടുപാടുകൾ സംഭവിച്ചിട്ടില്ലെന്ന് കണ്ടെത്തി. വേയ്റ്റ് ലിഫ്റ്റിങ്ങിന് ശേഷം പ്രായമായവരിൽ ചെറുപ്പക്കാരെ അപേക്ഷിച്ച് വളരെ കുറച്ച് പേശി വേദന മാത്രമേ ഉണ്ടായുള്ളുവെന്നും പഠനത്തില്‍ പറയുന്നു.
വെജിറ്റേറിയൻ ഡയറ്റിൽ നിന്ന് പ്രോട്ടീൻ
സസ്യാഹാരമാണ് കഴിക്കുന്നതെന്നതു കൊണ്ട് സസ്യാധിഷ്ടിത പ്രോട്ടീന്‍ ആണ് ഡയറ്റില്‍ അധികവും ഉള്‍പ്പെടുത്താറെന്ന് റോഷ്നി പറയുന്നു.
രാവിലെ കുറച്ച് ഓട്സ്, 10 ബദാം, 10 ഉണക്കമുന്തിരി ഒരുമിച്ച് മിക്സിൽ അടിച്ച് ഒരു പവർഫുൾ ഡ്രിങ്ക് കുടിക്കും.
ചോറും പരിപ്പും സലാഡും തൈരുമാണ് ഉച്ചഭക്ഷണം
വൈകുന്നേരം കുതിർത്ത ചെറുപയറിലേക്ക് പനീറും പച്ചമുളകും ചേർത്ത് കഴിക്കും.
ദിവസവും ഒരു ഗ്ലാസ് പാൽ നിർബന്ധമായും കുടിക്കാറുണ്ടെന്നും റോഷ്നി പറയുന്നു.
by Midhun HP News | Aug 7, 2025 | Latest News, കേരളം
ആലപ്പുഴ തോട്ടമുഖം പാലത്തിന് സമീപം കടയുടെ പൂട്ടു പൊളിച്ച് അകത്തു കയറിയ കള്ളന്‍ കൊണ്ടു പോയത് 30 കുപ്പി വെളിച്ചെണ്ണ. ആദ്യം കടയുടെ തറ തുരന്നു കയറാന്‍ ശ്രമിച്ചു. പരാജയപ്പെട്ടപ്പോള്‍ പൂട്ടുതല്ലിപ്പൊളിച്ച് അകത്തുകയറി. നേരെ കണ്‍മുന്നില്‍ക്കണ്ട വെളിച്ചെണ്ണ കുപ്പികള്‍ മുഴുവന്‍ ചാക്കിലാക്കി കള്ളന്‍ കടന്നു. ആലുവ തോട്ടുമുഖം പാലത്തിനു സമീപം പുത്തന്‍പുരയില്‍ അയൂബ് നടത്തുന്ന ‘ഷാ വെജിറ്റബിള്‍സ് ആന്‍ഡ് ഫ്രൂട്‌സ്’ കടയിലാണ് വെളിച്ചെണ്ണ മോഷണം നടന്നത്.
600 രൂപ വീതം വിലയുള്ള മുന്തിയ ഇനം 30 കുപ്പി വെളിച്ചെണ്ണ നഷ്ടപ്പെട്ടതിന്റെ വിഷമത്തിലാണു കടയുടമ. ഫ്രിജില്‍ നിന്നു സോഫ്റ്റ് ഡ്രിങ്ക് കുടിച്ചു ക്ഷീണമകറ്റിയ കള്ളന്‍ കടയില്‍ നിന്നു തന്നെ ഒരു ചാക്ക് സംഘടിപ്പിച്ചു. വെളിച്ചെണ്ണയ്‌ക്കൊപ്പം പത്ത് പായ്ക്കറ്റ് പാലും ഒരുപെട്ടി ആപ്പിളും മോഷണം പോയിട്ടുണ്ട്. ഇറങ്ങാന്‍ നേരത്ത് സിസിടിവി ക്യാമറ കണ്ടതോടെ അതിന്റെ കേബിളും അറുത്തു മുറിച്ചാണു സ്ഥലംവിട്ടത്.
by Midhun HP News | Aug 7, 2025 | Latest News, ജില്ലാ വാർത്ത
ഇടക്കോട് സർവീസ് സഹകരണ ബാങ്കിന്റെ ഓണക്കിറ്റ്ന്റെ വിപണന ഉദ്ഘാടനം ബാങ്ക് പ്രസിഡന്റ്
അഡ്വ:ദിലീപ്.വി .എൽ, ബാങ്ക് മുൻ സെക്രട്ടറി രാജീവ്. ബിയ്ക്ക് നൽകി നിർവഹിച്ചു. ബാങ്ക് ഭരണസമിതി അംഗങ്ങൾ, സെക്രട്ടറി, ജീവനക്കാർ, സഹകാരികൾ എന്നിവർ പങ്കെടുത്തു. പൊതു വിപണിയിൽ 1800 രൂപയ്ക്കു മുകളിൽ വിലയുള്ള 35ഇനം പലവ്യഞ്ജനങ്ങൾ അടങ്ങിയ കിറ്റ് 1499/-രൂപ മാത്രം.
by Midhun HP News | Aug 7, 2025 | Latest News, ദേശീയ വാർത്ത
ന്യൂഡല്‍ഹി: ഇന്ത്യയുടെ കയറ്റുമതി തീരുവ ഉയര്‍ത്തിയ യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനെതിരെ പരോക്ഷവിമര്‍ശനവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. കര്‍ഷകരുടെ താത്പര്യമാണ് രാജ്യത്തിന് പ്രധാനമെന്നും അതിനായി വലിയ വില നല്‍കേണ്ടിവന്നാലും കര്‍ഷകരുടെ താത്പര്യം ഉയര്‍ത്തുന്നതില്‍ രാജ്യം വിട്ടുവീഴ്ച ചെയ്യില്ലെന്നും മോദി പറഞ്ഞു. ഡല്‍ഹിയില്‍ എംഎസ് സ്വാമിനാഥന്‍ ശതാബ്ദി അന്താരാഷ്ട്ര സമ്മേളനത്തെ അഭിസംബോധന ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.
‘കര്‍ഷകരുടെ താല്‍പ്പര്യമാണ് ഞങ്ങളുടെ മുന്‍ഗണന. ഇന്ത്യ ഒരിക്കലും കര്‍ഷകരുടെയും ക്ഷീരകര്‍ഷകരുടെയും മത്സ്യത്തൊഴിലാളികളുടെയും താല്‍പ്പര്യങ്ങളില്‍ വിട്ടുവീഴ്ച ചെയ്യില്ല. ഇതിന് വലിയ വില നല്‍കേണ്ടിവരുമെന്ന് അറിയാം, എന്നാല്‍ അതിന് രാജ്യം തയ്യാറാണ്. കര്‍ഷകരുടെയും മത്സ്യത്തൊഴിലാളികളുടെയും ക്ഷീരകര്‍ഷകരുടെയും താത്പര്യം സംരക്ഷിക്കാന്‍ വ്യക്തിപരമായി എന്തുവിലയും നല്‍കാന്‍ തയ്യാറാണ്,’ ട്രംപ് താരിഫുകള്‍ ഉയര്‍ത്തിയതിന് മറുപടിയായി പ്രധാനമന്ത്രി പറഞ്ഞു.
ഹരിത വിപ്ലവത്തിന്റെ ശില്‍പിയായ എംഎസ് സ്വാമിനാഥന് ആദരാഞ്ജലികള്‍ അര്‍പ്പിച്ചുകൊണ്ട് പ്രധാനമന്ത്രി പറഞ്ഞു, ‘ഭക്ഷ്യസുരക്ഷയുടെ പാരമ്പര്യത്തില്‍ കെട്ടിപ്പടുക്കുക, നമ്മുടെ കാര്‍ഷിക ശാസ്ത്രജ്ഞരുടെ അടുത്ത അതിര്‍ത്തി എല്ലാവര്‍ക്കും പോഷകാഹാര സുരക്ഷ ഉറപ്പാക്കുക എന്നതാണ്.’ ഇന്ത്യ യുഎസിലേക്ക് വിവിധ കാര്‍ഷിക ഉല്‍പ്പന്നങ്ങള്‍ കയറ്റുമതി ചെയ്യുന്നു, ട്രംപിന്റെ താരിഫുകളുടെ ആഘാതം വഹിക്കാന്‍ പോകുന്ന മേഖലകളില്‍ ഒന്നാണിത്.
റഷ്യയില്‍ നിന്ന് ക്രൂഡ് ഓയില്‍ ഇറക്കുമതി ചെയ്യുന്നതിന് 25 ശതമാനം അധിക താരിഫ് ചുമത്താനുള്ള യുഎസ് തീരുമാനത്തിനെതിരെ ഇന്ത്യ രംഗത്തെത്തിയിരുന്നു. അമേരിക്കയുടെ നടപടി ‘അന്യായവും, നീതീകരിക്കാനാവാത്തതും, യുക്തിരഹിതവുമാണെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. രാജ്യതാല്‍പ്പര്യങ്ങള്‍ സംരക്ഷിക്കാന്‍ ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കുമെന്നും ഇന്ത്യ വ്യക്തമാക്കിയിരുന്നു. താരിഫ് കൂട്ടിയ ഉത്തരവില്‍ ട്രംപ് ഒപ്പുവെച്ചതായി വൈറ്റ് ഹൗസ് വൃത്തങ്ങള്‍ അറിയിച്ചതിന് പിന്നാലെയായിരുന്നു ഇന്ത്യയുടെ പ്രതികരണം. ഇന്ത്യക്ക് മേലുള്ള അമേരിക്കന്‍ താരിഫ് ഇതോടെ 50 ശതമാനമായി ഉയരും.
Recent Comments