by Midhun HP News | Aug 7, 2025 | Latest News, കേരളം
കൊച്ചി: എറണാകുളം ജില്ലാ കലക്ടറായി ജി പ്രിയങ്ക ഐഎഎസ് ഇന്ന് ചുമതലയേല്‍ക്കും. പൊതുവിദ്യാഭ്യാസ ഡയറക്ടറായി സ്ഥാനം മാറി പോകുന്ന എന്‍എസ്‌കെ ഉമേഷിന് പകരമാണ് പ്രിയങ്ക എറണാകുളം കലക്ടറാകുന്നത്. പാലക്കാട് ജില്ലാ കലക്ടര്‍ പദവിയില്‍ നിന്നാണ് പ്രിയങ്ക മെട്രോ ജില്ലയുടെ ഭരണ തലപ്പത്തെത്തുന്നത്.
കര്‍ണാടക സ്വദേശിയാണ് ജി പ്രിയങ്ക. മുമ്പ് കോഴിക്കോട് സബ് കലക്ടര്‍, സാമൂഹിക നീതി വകുപ്പ് ഡയറക്ടര്‍, വനിത ശിശു ക്ഷേമ ഡയറക്ടര്‍ തുടങ്ങിയ പദവികള്‍ വഹിച്ചിട്ടുണ്ട്. എറണാകുളം ജില്ല കലക്ടറാകുന്ന മൂന്നാമത്തെ വനിതയാണ് പ്രിയങ്ക. മലയാളിയല്ലാത്ത ആദ്യ വനിതാ കലക്ടറുമാണ്. ഡോ. എം ബീനയും ഡോ. രേണു രാജുമാണ് മുമ്പ് ജില്ല ഭരിച്ച വനിതാ കലക്ടര്‍മാര്‍.
ഐഎഎസ് നേടുന്നതിന് മുമ്പ് ബി ടെക് ( ഇലക്ട്രോണിക്‌സ് ആന്റ് കമ്യൂണിക്കേഷന്‍ ) ബിരുദവും പബ്ലിക് മാനേജ്‌മെന്റിലും പല്ബിക് അഡ്മിനിസ്‌ട്രേഷനിലും ബിരുദാനന്തര ബിരുദവും കരസ്ഥമാക്കിയിട്ടുണ്ട്. പാലക്കാട് കലക്ടറായിരിക്കെ പ്രിയങ്ക അട്ടപ്പാടിയിലെ 193 ഊരുകളില്‍ നേരിട്ടെത്തി, വകുപ്പുമേധാവികളെ അവിടെയെത്തിച്ച്, നാട്ടുകാരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ‘തുണൈ’ എന്ന പേരില്‍ പദ്ധതി ആവിഷ്‌കരിച്ചത് ഏറെ ശ്രദ്ധ നേടിയിരുന്നു.
by Midhun HP News | Aug 7, 2025 | Latest News, ദേശീയ വാർത്ത
ബംഗളൂരു: ഇരുചക്ര വാഹന യാത്രയ്ക്കിടെ ഗതാഗത നിയമലംഘനം നടത്തിയതിന് 18,500 രൂപ പിഴയടച്ച് കര്‍ണാടക ഉപമുഖ്യമന്ത്രി ഡികെ ശിവകുമാര്‍. ബംഗളൂരുവിലെ ആര്‍ടി നഗര്‍ പൊലീസ് സ്റ്റേഷനില്‍ നേരിട്ടെത്തി പിഴയടച്ചതായി ട്രാഫിക് പൊലീസ് അറിയിച്ചു. ഹെല്‍മറ്റ് ഇല്ലാതെ വാഹനമോടിക്കുക, ഡ്രൈവിങ്ങിനിടെ മൊബൈല്‍ ഉപയോഗം തുടങ്ങി വിവിധ ഗതാഗത നിയമലംഘനങ്ങള്‍ വാഹന ഉടമയ്‌ക്കെതിരെ നേരത്തെ ചുമത്തിയിരുന്നു.
ഇരുചക്ര വാഹനത്തില്‍ സഞ്ചരിച്ച് ബംഗളൂരുവിലെ ഹെബ്ബാള്‍ മേല്‍പ്പാലത്തിലെ നിര്‍മാണ പുരോഗതി വിലയിരുത്തുകയായിരുന്നു ഡികെ ശിവകുമാറും മന്ത്രി ബൈരതിയും. സണ്‍ ഗ്ലാസ് വെച്ച്, ഷാള്‍ പുതച്ച്, ഹെല്‍മെറ്റ് ധരിച്ച് വണ്ടിയോടിച്ചുപോകുന്ന ദൃശ്യം ശിവകുമാര്‍ എക്സില്‍ പങ്കുവെച്ചിരുന്നു.
വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായതോടെ മന്ത്രിക്കെതിരെ ഗതാഗത നിയമലംഘനത്തില്‍ പിഴ ചുമത്തണമെന്ന് നിരവധി പേര്‍ ആവശ്യപ്പെട്ടു. സംസ്ഥാനത്തെ സാധാരണക്കാര്‍ക്ക് ഒരു നിയമവും മന്ത്രിമാര്‍ക്ക് മറ്റൊരു നിയമവുമാണോയെന്നും ബിജെപിയും ആരോപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ശിവകുമാര്‍ പിഴ അടച്ചത്.
by Midhun HP News | Aug 6, 2025 | Latest News, ജില്ലാ വാർത്ത
സംവിധായകൻ അടൂർ ഗോപാലകൃഷ്ണനും ഗായകൻ യേശുദാസിനുമെതിരെ അധിക്ഷേപ പരാമർശവുമായി നടൻ വിനായകൻ. ഫെയ്സ്ബുക്ക് പോസ്റ്റിൽ ഇരുവരുടേയും പേര് എടുത്ത് പറഞ്ഞുകൊണ്ടാണ് നടന്റെ അധിക്ഷേപം. യേശുദാസിന്റെ ചിത്രവും പങ്കുവെച്ചിട്ടുണ്ട്. കുറിപ്പിന്റെ പേരിൽ ഒട്ടേറെ പേരാണ് വിനായകനെ വിമർശിച്ചുകൊണ്ട് രംഗത്തെത്തിയിരിക്കുന്നത്.
പട്ടികജാതി- വർഗ വിഭാഗങ്ങളിലെ സംവിധായകരെയും വനിതാ സംവിധായകരെയും അധിേക്ഷപിക്കും വിധം സിനിമാ കോൺക്ലേവിൽ അടൂർ ഗോപാലകൃഷ്ണൻ നടത്തിയ പ്രസ്താവന വിവാദമായിരുന്നു.
സർക്കാർ സഹായത്തോടെ സിനിമയെടുക്കുന്ന പട്ടികജാതി- വർഗ വിഭാഗങ്ങളിലെ സംവിധായകർക്കും സ്ത്രീ സംവിധായകർക്കും നിർബന്ധമായും വിദഗ്ധരുടെ കീഴിൽ കുറഞ്ഞത് മൂന്നു മാസം തീവ്രപരിശീലനം നൽകണമെന്നായിരുന്നു പരാമർശം. ഇതിന് പിന്നാലെ പ്രമുഖരടക്കം ഒട്ടേറെപ്പേർ അടൂരിനെ വിമർശിച്ചുകൊണ്ട് രംഗത്തെത്തിയിരുന്നു. നേരത്തെ, ഇന്ത്യൻ രാഷ്ട്രീയത്തിലെ പ്രമുഖരെ അധിക്ഷേപിച്ചു കൊണ്ട് സമാനമായ അധിക്ഷേപ കുറിപ്പ് പങ്കുവെച്ചതിന് വിനായകനെതിരേ വ്യാപക പ്രതിഷേധം ഉയര്‍ന്നിരുന്നു.
by Midhun HP News | Aug 6, 2025 | Latest News, ജില്ലാ വാർത്ത, മരണം
കല്ലമ്പലം: തോട്ടയ്ക്കാട് സൗഹൃദ റെസിഡന്റ്‌സ് അസോസിയേഷൻ -എ -55 വത്സല വിലാസത്തിൽ – മംഗലത്തു പരേതനായ ഗംഗാധാര കുറുപ്പിന്റെ ഭാര്യ രാജമ്മ അമ്മ (98) നിര്യാതയായി.
മക്കൾ: പരേതനായ പീതാംബര കുറുപ്പ്, ലളിതമ്മ, മുരളീധരക്കുറുപ്പ്, വിജയകുമാരൻ നായർ (റിട്ട: ഉദ്യോഗസ്ഥൻ, വിദ്യാഭ്യാസ വകുപ്പ്), വത്സല കുമാരി (റിട്ട : ഉദ്യോഗസ്ഥ, മൃഗ സംരക്ഷണ വകുപ്പ്), ഭുവനേന്ദ്രൻ കുറുപ്പ് (റിട്ട : പി. എസ്. സി. ഉദ്യോഗസ്ഥൻ), ലീനാ കുമാരി (മോളി).
മരുമക്കൾ: പരേതനായ ഭാസ്കര കുറുപ്പ്, രമണി, ലളിതാഭായി അമ്മ, പരേതനായ രാധാകൃഷ്ണ പിള്ള, മിനി കുമാരി, സോമശേഖരൻ നായർ (ജോയിന്റ് സെക്രട്ടറി,സൗഹൃദ റെസിഡന്റ്‌സ് അസോസിയേഷൻ)
by Midhun HP News | Aug 6, 2025 | Latest News, ദേശീയ വാർത്ത
ഉത്തരകാശിയിലെ മിന്നൽ പ്രളയത്തിൽ കാണാതായ മലയാളികൾ സുരക്ഷിതർ. ഗംഗോത്രിക്ക് സമീപം കുടുങ്ങിയ ഇവരെ രക്ഷാപ്രവർത്തന സംഘം കണ്ടെത്തുകയായിരുന്നു. നിലവിൽ ഇവരെ ഇൻഡോ-ടിബറ്റൻ ബോർഡർ പൊലീസിന്റെ (ഐടിബിപി) ക്യാമ്പിലേക്ക് മാറ്റിയിട്ടുണ്ട്.
ഹരിദ്വാറിൽ നിന്ന് ഗംഗോത്രിയിലേക്ക് പോവുകയായിരുന്ന 28 പേരടങ്ങുന്ന സംഘത്തെ ബന്ധപ്പെടാനാകുന്നില്ലെന്ന് ബന്ധുക്കൾ ആശങ്ക പ്രകടിപ്പിച്ചിരുന്നു. എന്നാൽ ഇപ്പോൾ ഇവർ സുരക്ഷിതരാണെന്നാണ് സൈന്യം മുഖേന ബന്ധുക്കൾക്ക് ലഭിച്ച പ്രാഥമിക വിവരം.
കേരളത്തിൽ നിന്നുള്ള എട്ട് പേരും മുംബൈയിൽ നിന്നുള്ള മലയാളികളായ 20 പേരുമാണ് സംഘത്തിലുണ്ടായിരുന്നത്. തൃപ്പുണ്ണിത്തുറ, കായംകുളം, തിരുവനന്തപുരം എന്നിവടങ്ങളിൽ നിന്നുള്ള എട്ട് പേരും ബന്ധുക്കളാണ്. തൃപ്പുണ്ണിത്തുറ സ്വദേശിയായ നാരായണൻ നായരും ഭാര്യ ശ്രീദേവിയും അവരുടെ ബന്ധുക്കളുമാണ് എട്ടംഗ സംഘത്തിലുള്ളത്. ഗംഗോത്രിയിലേക്ക് പോകുന്ന വഴിക്ക് ഇവർ വീടുമായി ബന്ധപ്പെട്ടിരുന്നുവെന്ന് സംഘാംഗങ്ങളുടെ ബന്ധുക്കൾ വ്യക്തമാക്കിയിരുന്നു. ഇവരെ കണ്ടെത്തി സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിയത് വലിയ ആശ്വാസമാണ് നൽകുന്നതെന്ന് ബന്ധുക്കൾ വ്യക്തമാക്കി.
മോശം കാലാവസ്ഥ രക്ഷാപ്രവർത്തനത്തിന് വലിയ വെല്ലുവിളിയാണ് ഉയർത്തുന്നത്. ഇതുവരെ 130 പേരെയാണ് ഇവിടെ നിന്ന് രക്ഷപ്പെടുത്തിയത്. നിരവധി പേർ ഇപ്പോഴും കുടുങ്ങിക്കിടക്കുന്നതായി സംശയിക്കുന്നു. രക്ഷാപ്രവർത്തനം ഊർജിതമായി തുടരുന്നുണ്ട്. മുഖ്യമന്ത്രി പുഷ്കർ സിങ് ധാമി ദുരന്തമേഖലയിൽ ആകാശനിരീക്ഷണം നടത്തി സ്ഥിതിഗതികൾ വിലയിരുത്തി.
Recent Comments