by Midhun HP News | Aug 1, 2025 | Latest News
തിരുവനന്തപുരം: മെഡിക്കൽ കോളേജിലെ യൂറോളജി വിഭാഗത്തിൽ ആവശ്യമായ ചികിത്സാ ഉപകരണങ്ങൾ ലഭ്യമല്ലെന്ന വിവരം പുറത്തറിയിച്ചതിന് നടപടി നേരിടുന്ന യൂറോളജി വിഭാഗം മേധാവി ഡോ. ഹാരിസ് ചിറക്കൽ മെഡിക്കൽ കോളേജ് സൂപ്രണ്ടിനും ആശുപത്രി വികസന സമിതിക്കും സെക്രട്ടറിക്കും നൽകിയ കത്തുകൾ പുറത്ത്. മൂത്രാശയ ചികിത്സയ്ക്ക് ആവശ്യമായ ഉപകരണങ്ങൾ ഇല്ലാത്തതിനാൽ രോഗികൾക്ക് കൃത്യമായ ചികിത്സ നൽകാൻ കഴിയുന്നില്ലെന്നാണ് കത്തുകളിൽ ഡോ. ഹാരിസ് ചൂണ്ടിക്കാട്ടുന്നത്. രോഗികൾക്ക് മറ്റു ആശുപത്രികളെ ആശ്രയിക്കേണ്ടി വരുന്ന സാഹചര്യം ഒഴിവാക്കാൻ അടിയന്തരമായി ഉപകരണങ്ങൾ വാങ്ങണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു. കഴിഞ്ഞ മാർച്ചിലും ജൂണിലുമായാണ് ഡോ. ഹാരിസ് കത്തുകൾ നൽകിയത്.
അതേസമയം, ആരോഗ്യ വകുപ്പിന്റെ കാരണം കാണിക്കൽ നോട്ടീസിന് ഡോ. ഹാരിസ് ചിറക്കൽ ഉടൻ മറുപടി നൽകും. തെളിവുകൾ സഹിതം ആരോഗ്യ സെക്രട്ടറിക്ക് നേരിട്ട് മറുപടി നൽകാനാണ് നീക്കം. ഉപകരണം ഉണ്ടായിട്ടും ശസ്ത്രക്രിയ മുടക്കിയെന്നതടക്കമുള്ള ആരോപണങ്ങൾ ഉന്നയിച്ചാണ് ഡോ. ഹാരിസിന് മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർ നോട്ടീസ് നൽകിയത്. എന്നാൽ മറ്റൊരു ഡോക്ടർ സ്വന്തം നിലയിൽ വാങ്ങി വെച്ചിരുന്ന ഉപകരണമാണ് ശസ്ത്രക്രിയക്ക് ഉപയോഗിച്ചതെന്നാണ് ഡോ.ഹാരിസ് ചൂണ്ടിക്കാട്ടുന്നത്.
തെറ്റായ കാര്യങ്ങൾ പ്രചരിപ്പിച്ചു, സർക്കാരിനെ അപകീർത്തിപ്പെടുത്തി എന്നും നോട്ടീസിൽ ഉണ്ട്. ഡോ.ഹാരിസിന്റെ മറുപടിക്ക് ശേഷമായിരിക്കും നടപടിയിൽ അന്തിമ തീരുമാനം. നേരത്തെ വിദഗ്ദ്ധ സമിതി റിപ്പോർട്ടിൽ ഡോ. ഹാരിസിനെതിരെ നടപടി ശുപാർശ ചെയ്തിരുന്നില്ല. നടപടി വേണ്ടെന്നായിരുന്നു ആരോഗ്യവകുപ്പിന്റെ ആദ്യ തീരുമാനം. സാങ്കേതിക നടപടികളുടെ ഭാഗമായാണ് നോട്ടീസ് എന്നാണ് വകുപ്പ് വിശദീകരണം.
by Midhun HP News | Aug 1, 2025 | Latest News, ജില്ലാ വാർത്ത
കൊച്ചി: അമ്മ സംഘടനയുടെ പ്രസിഡന്‍റ് സ്ഥാനത്തേക്കുള്ള മത്സരം ശ്വേതാ മേനോനും ദേവനും തമ്മിൽ. മറ്റെല്ലാവരും മറ്റെല്ലാവരും പത്രിക പിൻവലിച്ചു. വൈസ് പ്രസിഡന്‍റ് സ്ഥാനത്തേക്കുള്ള മത്സരത്തിൽ നിന്ന് നവ്യാ നായരും പിന്മാറിയിട്ടുണ്ട്. മറ്റു താരങ്ങൾ പലരും പിൻമാറിയ സാഹചര്യത്തിലാണ് താനും പിൻമാറിയതെന്ന് നവ്യ പറഞ്ഞു. നാസർ ലത്തീഫ്, ജയൻ ചേർത്തല, ലക്ഷ്മിപ്രിയ, ആശ അരവിന്ദ് എന്നിവരാണ് മത്സര രംഗത്തുള്ളത്.
അതേസമയം, അൻസിബ ഹസൻ ജോയിന്റ് സെക്രട്ടറി സ്ഥാനത്ത് എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു. ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് രവീന്ദ്രനും കുക്കൂ പരമേശ്വരനും തമ്മിലാണ് മത്സരം. അനൂപ് ചന്ദ്രനും ഉണ്ണി ശിവപാലും തമ്മിൽ ട്രഷറർ സ്ഥാനത്തേക്കും മൽസരം നടക്കും. ഓഗസ്റ്റ് 15നാണ് തെരഞ്ഞെടുപ്പ്.
അമ്മയുടെ തെരഞ്ഞെടുപ്പില്‍ നിന്ന് പിന്മാറിയതായി നടന്‍ ബാബുരാജ് ഇന്ന് സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചിരുന്നു. ആരോപണ വിധേയനായ ബാബുരാജ് ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് മത്സരിക്കരുതെന്ന് കൂടുതല്‍ താരങ്ങള്‍ ആവശ്യപ്പെടുകയായിരുന്നു. ഇതിന് പിന്നാലെ ആയിരുന്നു ബാബു രാജിന്‍റെ പിന്മാറ്റം. അമ്മ സംഘടനയുടെ പ്രവർത്തനങ്ങളിൽ നിന്ന് താൻ എന്നേക്കുമായി പിന്മാറുകയാണെന്നും ബാബുരാജ് അറിയിച്ചിട്ടുണ്ട്.
‘വിഴുപ്പലക്കാൻ താൽപര്യമില്ലാത്തതിനാൽ അമ്മ സംഘടനയുടെ പ്രവർത്തനങ്ങളിൽ നിന്ന് ഞാൻ എന്നെന്നേക്കുമായി പിന്മാറുകയാണെന്ന് ഇതിനാൽ അറിയിക്കുന്നു. ഈ തീരുമാനം ആരെയും ഭയന്നിട്ടല്ല. കഴിഞ്ഞ എട്ട് വർഷക്കാലം അമ്മ സംഘടനയിൽ പ്രവർത്തിച്ച എനിക്ക് പീഡന പരാതികളും അപവാദങ്ങളും മാത്രമാണ് സമ്മാനമായി ലഭിച്ചത്. അംഗങ്ങളിൽ നിന്ന് ലഭിച്ച ചാനൽ ഉപദേശങ്ങൾ എൻ്റെ ഹൃദയത്തിൽ മരണം വരെ സൂക്ഷിക്കും. എന്നെ മത്സരത്തിലൂടെ തോൽപ്പിക്കാമായിരുന്നു. അതായിരുന്നല്ലോ ജനാധിപത്യപരമായ രീതി. എന്നാൽ, ഇത് എനിക്ക് താങ്ങാൻ കഴിയുന്നതിലും അപ്പുറമാണ്’, എന്നായിരുന്നു ബാബുരാജ് സോഷ്യല്‍ മീഡിയയില്‍ കുറിച്ചിരുന്നു.
by Midhun HP News | Aug 1, 2025 | Latest News, കേരളം
തിരുവനന്തപുരം: സംസ്ഥാനത്തെ സ്കൂളുകളിൽ പുതിയ ഉച്ചഭക്ഷണ മെനു ഇന്ന് മുതൽ നിലവിൽ വരും. ലെമൺ റൈസ്, ടൊമാറ്റോ റൈസ് തുടങ്ങി പുതിയ വിഭവങ്ങൾ ഉൾപ്പെടുന്ന മെനു നിർബന്ധമായും നടപ്പാക്കണം എന്നാണ് വിദ്യാഭ്യാസ വകുപ്പിന്‍റെ നിർദ്ദേശം. എന്നാൽ പരിഷ്കരിച്ച മെനു നടപ്പാക്കാനുള്ള സാമ്പത്തിക സഹായം കൂടി സർക്കാർ
അനുവദിക്കണമെന്നാണ് അധ്യാപകരുടെ ആവശ്യം.
ആഴ്ചയില്‍ ഒരുദിവസം വെജിറ്റബിള്‍ ഫ്രൈഡ് റൈസ്, ലെമണ്‍ റൈസ്, വെജിറ്റബിള്‍ ബിരിയാണി, ടൊമാറ്റോ റൈസ്, കോക്കനട്ട് റൈസ് എന്നിവയില്‍ ഏതെങ്കിലുമൊന്ന് ഉണ്ടാകും. റൈസുകളോടൊപ്പം പുതിന, ഇഞ്ചി, നെല്ലിക്ക, പച്ചമാങ്ങ ഇവ ചേര്‍ത്ത ചമ്മന്തിയും വേണമെന്ന് നിർദേശമുണ്ട്. മറ്റ് ദിവസങ്ങളില്‍ റാഗിയോ മറ്റ് ചെറുധാന്യങ്ങളോ ഉപയോഗിച്ചുണ്ടാക്കുന്ന പായസമോ വ്യത്യസ്തവിഭവങ്ങളോ ഒരുക്കും.
ഒന്നുമുതല്‍ എട്ടുവരെയുള്ള ക്ലാസുകളിലെ കുട്ടികളാകും ഉച്ചഭക്ഷണത്തിന് അർഹരാകുക. കുട്ടികളില്‍ ശരിയായ പോഷണത്തിന്റെ കുറവുമൂലം 39 ശതമാനം വിളര്‍ച്ചയും 38 ശതമാനം അമിതവണ്ണവും കാണുന്നുവെന്ന കണ്ടെത്തലിനെത്തുടര്‍ന്നാണ് പുതിയ വിഭവങ്ങള്‍ സര്‍ക്കാര്‍ നിര്‍ദേശിച്ചത്.
by Midhun HP News | Aug 1, 2025 | Latest News, ജില്ലാ വാർത്ത
നടൻ കെപിഎസി രാജേന്ദ്രൻ അന്തരിച്ചു. വൃക്ക സംബന്ധമായ അസുഖങ്ങളെ തുടർന്ന് ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ‘നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി’ ഉൾപ്പടെ കെപിഎസിയുടെ പ്രധാന നാടകങ്ങളിലെ സാന്നിധ്യമായിരുന്നു. ഫ്ളവേഴ്സ് ചാനലിലെ ഉപ്പും മുളകും പരിപാടിയിൽ പടവലം കുട്ടൻപിള്ളയുടെ കഥാപാത്രത്തിലൂടെയാണ് ശ്രദ്ധേയനായത്.
സ്‌കൂള്‍ നാടകങ്ങളിലൂടെ കലാംരംഗത്തേക്ക് ചുവട് വെച്ച അദ്ദേഹം കേരളത്തിലെ ഒട്ടുമിക്ക നാടക ട്രൂപ്പുകളുടെയും ഭാഗമായിരുന്നു. കെപിഎസി നാടക സമിതിക്കൊപ്പം 40 വർഷം പ്രവർത്തിച്ചു. സൂര്യസോമ, ചങ്ങനാശേരി നളന്ദാ തീയേറ്റേഴ്‌സ്, ഗീഥാ ആര്‍ട്ട്‌സ് ക്ലബ്ബ് എന്നീ ട്രൂപ്പുകളിലും അദ്ദേഹം അഭിനയിച്ചിട്ടുണ്ട്.
by Midhun HP News | Aug 1, 2025 | Latest News, ജില്ലാ വാർത്ത
മംഗലപുരം: മംഗലപുരം പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ മോഹന ചന്ദ്രന്റെ പതിനൊന്നാമത് ചരമവാർഷിക ദിനത്തിൽ അനുസ്മരണ സമ്മേളനവും സി മോഹന ചന്ദ്രൻ സ്മാരക പുരസ്കാര സമർപ്പണവും എൻ. പീതാംബരക്കുറുപ്പ് എക്സ് എം പി നിർവഹിച്ചു.
സമ്മേളനത്തിൽ ജനപ്രതിനിധി ആയില്ലെങ്കിലും ജനമനസ്സുകളിൽ ഇന്നും ജീവിക്കുന്ന നേതാവാണ് സി മോഹന ചന്ദ്രനെന്നും തിരുവനന്തപുരം ജില്ലയിലെ കോൺഗ്രസ് പ്രസ്ഥാനത്തിന് മുതൽക്കൂട്ടായിരുന്നു മോഹന ചന്ദ്രൻ എന്നും പ്രതിസന്ധിഘട്ടങ്ങളിൽ മുന്നണി പോരാളിയായി കോൺഗ്രസ് പ്രവർത്തകരോടൊപ്പം നിന്ന ജനകീയ നേതാവായിരുന്നു മോഹനചന്ദ്രൻ എന്നും പീതാംബരക്കുറുപ്പ് സമ്മേളനം ഉദ്ഘാടനം ചെയ്തുകൊണ്ട് പറഞ്ഞു.
ഈ വർഷത്തെ മോഹന ചന്ദ്രൻ സ്മാരക പുരസ്കാരം ആകാശവാണി മുൻ അസിസ്റ്റന്റ് ഡയറക്ടറും പിന്നണി ഗായകനുമായ ജി ശ്രീറാമിനും, കർമ്മ ശ്രേഷ്ഠ പുരസ്കാരം ദേശീയ കായിക വേദി സംസ്ഥാന പ്രസിഡന്റും, കായിക വകുപ്പ് മുൻ അസിസ്റ്റന്റ് ഡയറക്ടറുമായ നജുമുദീനും അദ്ദേഹം സമർപ്പിച്ചു.
വിദ്യാഭ്യാസ പുരസ്കാരം സസ്യ ശാസ്ത്ര ബിരുദാനന്ദ ബിരുദത്തിൽ മൂന്നാം റാങ്കും യുവസസ്യ ശാസ്ത്രജ്ഞയ്ക്കുള്ള തിയോസ് അവാർഡും നേടിയ മുരുക്കുംപുഴ സ്വദേശി ശ്രുതി കൃഷ്ണനും, മാതൃകാ പൊതുപ്രവർത്തകനുള്ള അഡ്വ. വൈ നഹാസ് മെമ്മോറിയൽ പുരസ്കാരം വക്കം സുകുമാരനും സിഎംപി സംസ്ഥാന സെക്രട്ടറി സി പി ജോൺ സമർപ്പിക്കുകയും അനുസ്മരണ പ്രഭാഷണം നടത്തുകയും ചെയ്തു. കായിക പുരസ്കാരം നാഷണൽ ജൂനിയർ അക്വാട്ടിക് ചാമ്പ്യൻഷിപ്പിൽ വെങ്കലമെഡൽ നേടിയ വൃന്ദ ആർഎസിനും, സർവീസ് പെൻഷൻ കാരെയും മുതിർന്ന കോൺഗ്രസ് നേതാക്കളെയും ഭാരവാഹികളെയും പൊതുജന്യരോഗ വിദഗ്ധൻ ഡോക്ടർ എസ് എസ് ലാലിനേയും ആദരിച്ചു.
രാവിലെ മുരുക്കുംപുഴയിൽ മോഹനചന്ദ്രന്റെ ചായ ചിത്രത്തിൽ കെ മോഹനൻ കുമാർ എക്സ് എം എൽ എയുടെ നേതൃത്വത്തിൽ പുഷ്പാർച്ചന നടത്തി. അഡ്വക്കേറ്റ് സി മോഹന ചന്ദ്രൻ കൾച്ചറൽ ഫോറത്തിന്റെ നേതൃത്വത്തിൽ പ്രസിഡന്റ് എ നൗഷാദിന്റെ അദ്ധ്യക്ഷതയിൽ നടന്ന അനുസ്മരണ സമ്മേളനത്തിൽ പ്രൊഫസർ തോന്നക്കൽ ജമാൽ, കെ എസ് അജിത്, ബി എസ് അനൂപ്, എസ് കൃഷ്ണകുമാർ, വി കെ രാജു, എം എസ് നൗഷാദ്, അഡ്വ അൽത്താഫ്, അഡ്വ. എസ്. ഹാഷിം, മഹിൻ എം കുമാർ, പുതുകരീ പ്രസന്നൻ, പങ്ങപ്പാറ അശോകൻ, മാടൻവിള നൗഷാദ്, ഉദയ കുമാരി, കെ പി ലൈല, വസന്ത കുമാരി, അജിത മോഹൻദാസ്, കുന്നുംപുറം വാഹിദ്, എ ആർ നിസാർ, ലതീഷ് കരൂർ തുടങ്ങിയവർ അനുസ്മരണ പ്രഭാഷണം നടത്തി, സ്വാഗത സംഘം ചെയർമാൻ കൈലാത്തുക്കോണം അനിൽ സ്വാഗതവും ജനറൽ കൺവീണർ എ മൻസൂർ കൃതജ്ഞതയും രേഖപ്പെടുത്തി.
Recent Comments