by Midhun HP News | Aug 1, 2025 | Latest News, കേരളം
തിരുവനന്തപുരം: സംസ്ഥാനത്തെ മഴ മുന്നറിയിപ്പിൽ മാറ്റം. കേരളത്തിൽ അടുത്ത അഞ്ച് ദിവസം നേരിയ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. അടുത്ത അഞ്ച് ദിവസത്തെ മഴ സാധ്യത പ്രവചനത്തിൽ കാലാവസ്ഥ വകുപ്പ് വിവിധ ജില്ലകളിൽ യെല്ലോ അലർട്ടുകൾ പ്രഖ്യാപിച്ചു. ഇന്ന് ഒരു ജില്ലകളിലും പ്രത്യേക മഴ മുന്നറിയിപ്പുകൾ പ്രഖ്യാപിച്ചിട്ടില്ല. എന്നാൽ 14 ജില്ലകളിലും നേരിയ മഴ സാധ്യത നിലനിൽക്കുന്നുണ്ടെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു.
കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്ന് മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. കേരളത്തിൽ ഏറ്റവും കൂടുതൽ നാശനഷ്ടവും ജീവഹാനിയും ഉണ്ടാക്കുന്ന സംസ്ഥാന സവിശേഷ ദുരന്തമാണ് ശക്തമായ കാറ്റ്. ശക്തമായ കാറ്റിൽ മരങ്ങൾ കടപുഴകിയും ചില്ലകൾ ഒടിഞ്ഞു വീണും അപകടങ്ങൾ ഉണ്ടാകാനുള്ള സാധ്യതയുണ്ട്. കാറ്റും മഴയും ഉണ്ടാകുമ്പോൾ ഒരു കാരണവശാലും മരങ്ങളുടെ ചുവട്ടിൽ നിൽക്കാനോ വാഹനങ്ങൾ പാർക്ക് ചെയ്യാനോ പാടില്ല.
by Midhun HP News | Aug 1, 2025 | Latest News, കേരളം
തൃശൂര്‍: ഛത്തീസ്ഗഡില്‍ അറസ്റ്റിലായ കന്യാസ്ത്രീകളെ എത്രയും വേഗം മോചിപ്പിക്കണമെന്ന് സിബിസിഐ പ്രസിഡന്റും തൃശൂര്‍ അതിരൂപതാ മെത്രോപ്പോലീത്തയുമായ മാര്‍ ആന്‍ഡ്രൂസ് താഴത്ത്. അതിരൂപത ആസ്ഥാനത്ത് കുടിക്കാഴ്ചയ്‌ക്കെത്തിയ ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറോട് ഇക്കാര്യം ആവശ്യപ്പെട്ടതായി ആന്‍ഡ്രൂസ് താഴത്ത് മാധ്യമങ്ങളോട് പറഞ്ഞു. കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്തതില്‍ അമര്‍ഷവും വേദനയും ഉണ്ട്. പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയും ഇടപെട്ടതിന്റെ അടിസ്ഥാനത്തിലാണ് രാജീവ് ചന്ദ്രശേഖര്‍ തൃശൂര്‍ അതിരൂപതയില്‍ എത്തിയതെന്നും എല്ലാവിവരങ്ങളും അദ്ദേഹത്തെ അറിയിച്ചതായും ആന്‍ഡ്രൂസ് താഴത്ത് പറഞ്ഞു.
ഭരിക്കുന്ന പാര്‍ട്ടിയായതുകൊണ്ടാണ് ബിജെപിക്കാരുമായി ബന്ധപ്പെട്ടത്. സംഭവമുണ്ടയാതിന് പിന്നാലെ താന്‍ വിവരം രാജീവ് ചന്ദ്രശേഖറെ വിളിക്കുകയും അദ്ദേഹം ആവശ്യമായ സഹായം ചെയ്യുമെന്ന് അറിയിക്കുകയും ചെയ്തിരുന്നു. അതിന് പിന്നാലെ എംപിയെയും മറ്റ് രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികളെയും വിളിച്ചിരുന്നു. അവരും നല്ലരീതിയില്‍ ഇടപെട്ടു. തങ്ങള്‍ക്ക് രാഷ്ട്രീയമില്ലെന്നും ഇന്ത്യന്‍ പൗരന്‍മാര്‍ എന്ന നിലയില്‍ ജീവിക്കാന്‍ സ്വാതന്ത്ര്യം കിട്ടണമെന്നും സമീപകാലങ്ങളിലായി രാജ്യത്തെ വിവിധ സ്ഥലങ്ങളില്‍ ക്രിസ്ത്യാനികള്‍ക്ക് നേരെയുള്ള അക്രമങ്ങള്‍ രാജീവ് ചന്ദ്രശേഖറെ അറിയിച്ചതായും ആന്‍ഡ്രൂസ് താഴത്ത് പറഞ്ഞു. കഴിയുമെങ്കില്‍ ഇന്ന് തന്നെ കന്യാസ്ത്രീകളെ മോചിപ്പിക്കണമെന്നും നിയമപരമായ തടസങ്ങളുണ്ടെങ്കില്‍ മോചനം രണ്ടുദിവസം വൈകിയേക്കുമെന്നും അദ്ദേഹം പറഞ്ഞു.
സംഭവവുമായി ബന്ധപ്പെട്ട് ആറ് ദിവസങ്ങള്‍ക്ക് മുന്‍പ് മാര്‍ ആന്‍ഡ്രൂസ് സഹായം അഭ്യര്‍ഥിച്ച് വിളിച്ചിരുന്നതായി ബിജെപി അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു. അന്നുമുതല്‍ ഇന്നുവരെ അത് പരിഹരിക്കാനുമാണ് ശ്രമിച്ചത്. കഴിഞ്ഞ ദിവസം പ്രധാനമന്ത്രിയെയും അമിത്ഷായെയും കണ്ടിരുന്നു. അവര്‍ മോചനം ഉറപ്പുതന്നതായും ഛത്തീസ്ഗഡ് സര്‍ക്കാര്‍ ജാമ്യത്തെ എതിര്‍ക്കില്ലെന്ന് അറിയിക്കുകയും ചെയ്തിരുന്നു. ചിലര്‍ ഇതിനെ രാഷ്ട്രീയ വത്കരിക്കുകയാണ്. ബിജെപി ഇതില്‍ രാഷ്ട്രീയ മുതലെടുപ്പ് നടത്താനില്ല. അവരെ സഹായിക്കുന്നത് ജാതിയോ മതമോ വോട്ടോ നോക്കിയല്ലെന്നും രാജീവ് പറഞ്ഞു.
by Midhun HP News | Aug 1, 2025 | Latest News, ദേശീയ വാർത്ത
മുംബൈ: മഹാരാഷ്ട്ര നിയമസഭയിലിരുന്ന് മൊബൈലില്‍ റമ്മി കളിച്ച കൃഷിമന്ത്രിയെ വകുപ്പില്‍ നിന്നും മാറ്റി. മന്ത്രി മണിക് റാവു കോക്കാട്ടെയെ സ്‌പോര്‍ട്‌സ് വകുപ്പിലേക്കാണ് മാറ്റിയത്. നിയമസഭയില്‍ ചര്‍ച്ചകള്‍ നടക്കവെ അതിലൊന്നും ശ്രദ്ധിക്കാതെ മന്ത്രി മൊബൈലില്‍ റമ്മി കളിച്ചുകൊണ്ടിരുന്നതിന്റെ വീഡിയോ പുറത്തു വന്നത് സംസ്ഥാനത്ത് വിവാദമായിരുന്നു.
ഇതേത്തുടര്‍ന്ന് മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസും ഉപമുഖ്യമന്ത്രി അജിത് പവാറും തമ്മില്‍ കൂടിയാലോചിച്ച ശേഷമാണ്, മണിക് റാവു കോക്കാട്ടെയെ കൃഷി വകുപ്പില്‍ നിന്നും കായിക-യുവജന വകുപ്പിലേക്ക് മാറ്റാന്‍ തീരുമാനിച്ചത്. മന്ത്രി മൊബൈലില്‍ ഗെയിം കളിക്കുന്ന വിഡിയോ എന്‍സിപി എംഎല്‍എ രോഹിത് പവാര്‍ പുറത്തുവിട്ടിരുന്നു. മന്ത്രിക്ക് മറ്റു ജോലിയൊന്നും ഇല്ലാത്തതിനാലാണ് ഗെയിം കളിക്കാന്‍ സമയം കിട്ടുന്നതെന്ന് രോഹിത് പവാര്‍ ആരോപിച്ചിരുന്നു.
മണിക് റാവു കോക്കാട്ടെയ്ക്ക് പകരം ദത്താത്രേയ ഭരാനെയെ പുതിയ കൃഷിമന്ത്രിയായി നിയമിച്ചിട്ടുണ്ട്. അതേസമയം, മൊബൈലില്‍ റമ്മി കളിച്ചെന്ന ആരോപണം മന്ത്രി മണിക് റാവു കോക്കാട്ടെ നിഷേധിച്ചിട്ടുണ്ട്. മൊബൈലില്‍ വന്ന പോപ്-അപ്പ് ക്ലോസ് ചെയ്യാന്‍ ശ്രമിക്കുകയാണ് താന്‍ ചെയ്തത്. റമ്മി കളിച്ചെന്ന ആരോപണം തെളിയിച്ചാല്‍ മന്ത്രിസ്ഥാനം രാജിവെക്കാന്‍ തയ്യാറാണെന്നും മണിക് റാവു കോക്കാട്ടെ പറഞ്ഞു.
നേരത്തെ വിള ഇന്‍ഷുറന്‍സുമായി ബന്ധപ്പെട്ട് മന്ത്രി മണിക് റാവു കോക്കാട്ടെ നടത്തിയ പ്രസ്താവന വിവാദത്തിലായിരുന്നു. ഇന്നത്തെക്കാലത്ത് യാചകര്‍ പോലും ഒരു രൂപ സ്വീകരിക്കില്ല. എന്നാല്‍ സര്‍ക്കാര്‍ വെറും ഒരു രൂപയ്ക്ക് കര്‍ഷകര്‍ക്ക് വിള ഇന്‍ഷുറന്‍സ് നല്‍കി. എന്നാൽ ചിലര്‍ ഇത് ദുരുപയോഗം ചെയ്തുവെന്നും മണിക് റാവു കോക്കാട്ടെ അഭിപ്രായപ്പെട്ടു. കര്‍ഷകരെ അപമാനിച്ചെന്നുവെന്ന ആരോപണം ഉയര്‍ന്നതോടെ, തന്റെ വാക്കുകള്‍ തെറ്റായി വ്യാഖ്യാനിക്കുകയായിരുന്നുവെന്ന് മണിക് റാവു കോക്കാട്ടെ അഭിപ്രായപ്പെട്ടു.
by Midhun HP News | Aug 1, 2025 | ജില്ലാ വാർത്ത
തിരുവനന്തപുരം: കാർഷിക വികസന കർഷകക്ഷേമ വകുപ്പ് ഡയറക്ട്രേറ്റ് റിക്രിയേഷൻ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ വിരമിച്ച ജീവനക്കാർക്ക് അനുമോദനവും യാത്രയയപ്പും നൽകി.
വികാസ് ഭവനിലെ കൃഷി വകുപ്പ് ഡയറക്ട്രേറ്റിൽ നടന്ന അനുമോദന സമ്മേളനം കാർഷിക വികസന കർഷകക്ഷേമ വകുപ്പ് ഡയറക്ടർ ഡോ.ശ്രീറാം വെങ്കിട്ടരാമൻ ഐഎഎസ് ഉദ്ഘാടനം ചെയ്തു. സേവനത്തിൽ നിന്നും വിരമിച്ച ഫെയർ കോപ്പി സൂപ്രണ്ട് ഡോ.സാം എബനേസർ, സീനിയർ ക്ലർക്ക് കവിത.കെ എന്നിവർക്ക് കൃഷിവകുപ്പ് ഡയറക്ടർ ഡോ.ശ്രീറാം വെങ്കിട്ടരാമൻ ചടങ്ങിൽ ഉപഹാരം നൽകി ആദരിച്ചു. റിക്രിയേഷൻ ക്ലബ്ബ് പ്രസിഡന്റ് അജിത് ചാക്കോ അധ്യക്ഷത വഹിച്ചു.
by Midhun HP News | Aug 1, 2025 | Latest News, ജില്ലാ വാർത്ത
കൊല്ലം: യുവതിയെ ജോലിക്കുനിന്ന വീട്ടിലെത്തി ഭര്‍ത്താവ് കുത്തിക്കൊന്നു. കാസര്‍കോട് ബന്തടുക്ക സ്വദേശിനി രതി(36) ആണ് മരിച്ചത്. പനയം താന്നിക്കമുക്കിലാണ് സംഭവം. ഭര്‍ത്താവ് കല്ലുവാതുക്കല്‍ ജിഷാ ഭവനില്‍ ജിനുവിനെ പൊലീസ് പിടികൂടി.
ഇന്നലെ രാത്രി 10.30 ഓടെ വീടിന്റെ മതില്‍ ചാടിയെത്തിയ ജിനു രതിയെ ആക്രമിക്കുകയായിരുന്നു. കുത്തുകൊണ്ട യുവതി സംഭവസ്ഥലത്ത് തന്നെ കുഴഞ്ഞുവീണു. ജില്ലാ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. അഞ്ച് മാസമായി താന്നിക്കമുക്കിലുള്ള ഷാനവാസ് മന്‍സിലില്‍ ജോലിക്ക് നില്‍ക്കുകയായിരുന്നു യുവതി.
ബൈക്കിലാണ് ജിനു ഭാര്യ ജോലിക്ക് നില്‍ക്കുന്ന താന്നിക്കമുക്ക് ജംഗ്ഷനിലുള്ള വീടിന് മുന്നിലെത്തിയത്. കുത്തിയ ശേഷം ഇയാള്‍ ബൈക്കില്‍ തന്നെ രക്ഷപ്പെടുകയായിരുന്നു. തുടര്‍ന്ന് തിരച്ചിലിനൊടുവില്‍ ജിനുവിനെ ശൂനരാട് പൊലീസ് പിടികൂടി. സംഭവത്തില്‍ അഞ്ചാലുംമൂട് പൊലീസ് കേസെടുത്തു
Recent Comments